വൈക്കം സത്യഗ്രഹം: ‘വരിക വരിക സഹജരേ’യും പാണാവള്ളി കൃഷ്ണന്‍ വൈദ്യരും
സമര തീഷ്ണത ഗാനങ്ങളില്‍ ആലേഖനം ചെയ്യപ്പെടുകയും അത് തലമുറകളുടെ സംഘ സ്മൃതികളുടെ ഭാഗമാകുകയും ചെയ്യുക എന്നത് എല്ലാ വലിയ പോരാട്ടങ്ങളിലും മുദ്രചാര്‍ത്തപ്പെടുന്ന ഒന്നാണ്. ഏത് ഭൂതലത്തിലും അത് കാണാം. 'വരിക വരിക സഹജരേ' എന്നത് അത്തരത്തിലുള്ള ഒരു ഗാനമാണ്. സംഘര്‍ഷഭരിതമായ കാലം അതിന്റെ ആത്മാവിനെ അടയാളപ്പെടുത്തിവെച്ച ഒന്ന്. വൈക്കം സത്യഗ്രഹ കാലത്തും പില്‍ക്കാലത്ത് സിവില്‍ നിയമ ലംഘനത്തിന്റെ സമയത്തും സമരഭൂമിയില്‍ ധീരദേശാഭിമാനികള്‍ അണിയണിയായി പാടിപ്പോയ സമരഗാനം. ഒരു നൂറ്റാണ്ടിനിപ്പുറവും ആ ഗാനം മലയാളികളുടെ സിരകളെ ത്രസിപ്പിക്കുന്നു. അവരുടെ സ്വാതന്ത്രേച്ഛയുടെ വലിയ അടയാളപ്പെടുത്തലായി കാലപ്രവാഹത്തില്‍ അനുയാത്ര ചെയ്യപ്പെടുന്നു. എത്രവലിയ സമരങ്ങള്‍ കടന്നുപോന്ന ജനതയാകുന്നു നമ്മളെന്ന് അത് ഓര്‍മ്മപ്പെടുത്തുന്നു.
1924 ല്‍ ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ സമരഗാനമായിട്ടാണ് 'വരിക വരിക സഹജരേ' എന്നാരംഭിക്കുന്ന പടപ്പാട്ട് എഴുതപ്പെടുന്നതെങ്കിലും 1930 ല്‍ ഉപ്പുസത്യഗ്രഹ കാലത്ത് രചിക്കപ്പെട്ട 'വരിക വരിക സഹജരേ'യാണ് ഇക്കാല മലയാളികള്‍ക്ക് കൂടുതല്‍ പരിചിതം. ആദ്യ ഗാനത്തിന്റെ കര്‍ത്താവ് പാണാവള്ളി കൃഷ്ണന്‍ വൈദ്യരായിരുന്നുവെങ്കില്‍ കൂടുതല്‍ പ്രസിദ്ധം ഉപ്പു സത്യഗ്രഹ കാലത്ത് അംശി നാരായണ പിള്ള എഴുതിയതാകുന്നു. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏടുകളില്‍ ഒന്നായ വൈക്കം സത്യഗ്രഹത്തിന്റെ സുവര്‍ണ്ണജൂബിലിയിലേക്ക് കടന്നുകഴിഞ്ഞ വേളയില്‍ ഈ രചനകളുടേയും പശ്ചാത്തലത്തിലേക്കുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം.
ജയില്‍ മോചിതരായ സത്യാഗ്രഹികള്‍ കെ പി കേശവമേനോന്‍, ടി കെ മാധവന്‍ എന്നിവരോടൊപ്പം
1924 മാര്‍ച്ച് 30ന് ആരംഭിച്ച വൈക്കം സത്യഗ്രഹം 1925 നവംബര്‍ 23വരെ നീണ്ടു. മഹാത്മാഗാന്ധി ആവിഷ്‌ക്കരിച്ച സത്യഗ്രഹം എന്ന സമരമാര്‍ഗ്ഗത്തിന്റെ ആദ്യത്തെ പ്രധാനപരീക്ഷണശാല എന്ന നിലയിലും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ സവിശേഷമായ ഏട് എന്ന നിലയിലും വൈക്കം സത്യഗ്രഹത്തിനുള്ള പ്രാധാന്യം ഏറെയാണ്. ഗാന്ധിജിയും നാരായണ ഗുരുവും തന്തൈപ്പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരും കെ.പി. കേശവമേനോനും ടി.കെ. മാധവനും കെ. കേളപ്പനും അടക്കം ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യം വൈക്കം സത്യഗ്രത്തിലുണ്ടായി. ലോകമെങ്ങുമുള്ള സാമൂഹ്യശാസ്ത്രജ്ഞരും ചിന്തകരും വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. പല പാഠങ്ങളും പാഠാന്തരങ്ങളും അതേക്കുറിച്ച് ഉണ്ടായിട്ടുണ്ട്. സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും വിവിധ സാമൂഹിക സംഘടനകളും പ്രസ്ഥാനങ്ങളും സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വാര്‍ഷികചാരണത്തിനായി പലതരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്.
വൈക്കം സത്യഗ്രഹം വലിയ ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും വേദിയായിരുന്നു. ഒട്ടേറെ വെല്ലുവിളികളും മറ്റും സമരകാലത്ത് നേരിടേണ്ടിവന്നിരുന്നു. മഹാപ്രളയത്തെ വരെ അവഗണിച്ചുകൊണ്ട് സമര്‍പ്പിതചിത്തരായ സമരഭടന്മാര്‍ നടത്തിയ സമരം കേരള ചരിത്രത്തിലെ സമ്മോഹനമായ അധ്യായമാകുന്നു. സമരത്തിന്റെ നാള്‍വഴികള്‍ കുറിയ്ക്കപ്പെടുമ്പോള്‍ പതിവ് പറഞ്ഞുപോകുന്ന പേരുകള്‍ക്കപ്പുറം കാലം കുഴിച്ചുമൂടിയ ഒട്ടേറെ മഹാമനീഷികള്‍ അതിനായി ആയുസ്സും വപുസ്സും നല്‍കി പ്രവര്‍ത്തിച്ചിരുന്നു. സമര ചരിത്രവുമായി ബന്ധിപ്പിച്ച് കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നവരെ കാര്യമായി ആരും അനുസ്മരിക്കാറുമില്ല. അത്തരത്തിലൊരാളാണ് 'വരിക വരിക സഹജരേ...' എന്നാരംഭിക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ സമരത്തിന്റെ പടപ്പാട്ടും 'ശിവശംഭോ ശംഭോ'എന്നാരംഭിക്കുന്ന സമരക്കാര്‍ക്കായുള്ള പ്രാര്‍ത്ഥനാ ഗീതവും രചിച്ച പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍. കാലവും ചരിത്രവും വേണ്ടവണ്ണം തിരിച്ചറിയാതെയും അംഗീകരിക്കാതേയും പോയ ഒരാള്‍.
പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തിരുവിതാംകൂറിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി സി. കൃഷ്ണന്‍ വൈദ്യരെന്നും പാണാവള്ളി കൃഷ്ണന്‍ വൈദ്യരെന്നും അറിയപ്പെട്ട, ഇന്ത്യയിലുടനീളം തന്റെ ചികിത്സാ പ്രാഗത്ഭ്യം പടര്‍ത്തിയ, വിപുലമായ ശിഷ്യസമ്പത്തിനുടമയായ പഴയ കരപ്പുറത്തെ പ്രതിഭ. ദേശാന്തര പ്രസിദ്ധനായ ആയുര്‍വ്വേദചികിത്സകന്‍, വൈദ്യഗ്രന്ഥകാരന്‍, സാമൂഹിക പരിഷ്‌ക്കര്‍ത്താവ്, ശ്രീമൂലം പ്രജാസഭാംഗം, വാഗ്മി, എഴുത്തുകാരന്‍ എന്നു തുടങ്ങി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും ഗണനീയവും രേഖപ്പെടുത്തപ്പെടേണ്ടതുമാണ്. ചികിത്സകനെന്നും വൈദ്യഗ്രന്ഥകാരനെന്നും ഉളള നിലയില്‍ കൃഷ്ണന്‍ വൈദ്യര്‍ നല്‍കിയ സംഭാവനകള്‍ ഒന്നു മാത്രം മതി അദ്ദേഹത്തിന്റെ യശസ്സ് ചിരകാലം നിലനില്‍ക്കാന്‍ എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം അതിനപ്പുറത്തേക്ക് വളര്‍ന്നിരുന്നുവെങ്കില്‍പ്പോലും.
സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക വേളകളിലൊക്കെ 'വരിക വരിക സഹജരേ' എന്നാരംഭിയ്ക്കുന്ന ചിര പ്രതിഷ്ഠിതമായ പടപ്പാട്ടിനെക്കുറിച്ചും അതിന്റെ രചയിതാവായി കൃതഹസ്തനായ സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായ അംശി നാരായണപിള്ളയെക്കുറിച്ചും പല മാധ്യമങ്ങളും എഴുതുകയും പ്രക്ഷേപണം നടത്തുകയും ചെയ്തുവരാറുണ്ട്. തീര്‍ച്ഛയായും അനുസ്മരിക്കപ്പടേണ്ട, ആദരിക്കപ്പെടേണ്ട ഉന്നത വ്യക്തിത്വത്തിന് ഉടമയാണ് അംശി. അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലങ്ങളുമാണ്. സിവില്‍ നിയമലംഘന കാലത്ത് രചിക്കപ്പെട്ട 'വരിക വരിക സഹജരേ'യുടെ രചയിതാവ് അംശി നാരായണപിള്ള തന്നെയാണെങ്കിലും അതിനും മുന്‍പേ വൈക്കം സത്യഗ്രഹത്തിന്റെ സമരഗാനമായി പാണാവള്ളി കൃഷ്ണന്‍ വൈദ്യരാല്‍ 'വരിക വരിക സഹജരേ' എന്നാരംഭിക്കുന്ന പടപ്പാട്ട് രചിക്കപ്പെട്ടിരുന്നുവെന്നും അത് കേരളക്കര ഒന്നാകെ ഏറ്റുചൊല്ലിയിരുന്നുവെന്നുമുള്ളത് പേരിനുപോലും ആരും ഓര്‍മ്മിച്ചു കാണുന്നില്ലെന്നത് ഖേദകരം തന്നെയാണ്. വൈക്കം സത്യഗ്രഹത്തിന്റെ സമരഗാനവും അംശിയാണ് എഴുതിയതെന്നു വിശ്വസിച്ചുവരുന്നവരേയും വാദിക്കുന്നവരേയും കാണാറുമുണ്ട്. അതുകൊണ്ട് കൂടിയാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്. 1924 ഏപ്രില്‍ ഒന്നിനാരംഭിച്ച് 1925 നവംബര്‍ 23 വരെയായിരുന്നു വൈക്കം സത്യഗ്രഹം. സിവില്‍ നിയമലംഘന സമരമാകട്ടെ 1930 ലും.
അംശി നാരായണ പിള്ള എഴുതിയവരിക വരിക സഹജരേ പടയാളിയുടെ പാട്ടുകള്‍ എന്ന പുസ്‌കതത്തിന്റെ ഓപ്പണിംഗ് പേജ്
അംശി നാരാണയപിള്ളയെപ്പോലെ ആകെ മലയാളി കൃഷ്ണന്‍ വൈദ്യരെ തിരിച്ചറിഞ്ഞിട്ടുമില്ല. ചില്ലറ അപവാദങ്ങളൊഴിച്ചാല്‍ ഇക്കാലത്തെ മാധ്യമങ്ങളൊന്നും കാര്യമായി കൃഷ്ണന്‍ വൈദ്യരുടെ സംഭാവനകളെ അനുസ്മരിക്കാന്‍ ശ്രമിച്ചും കാണുന്നില്ല. എന്തിന് അദ്ദേഹത്തിന്റെ ജന്മദേശമായ പാണാവള്ളിയില്‍പ്പോലും എത്രപേര്‍ ഓര്‍മ്മിക്കുന്നുണ്ടാകും എന്ന് അറിയില്ല. പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ വരിക വരിക സഹജരേ.... എന്നു തുടങ്ങുന്ന പടപ്പാട്ടും അംശി നാരായണ പിള്ളയാല്‍ വിരചിതമായ പാട്ടും ആദ്യവരി ഒഴിച്ചാല്‍ ഭിന്നമാണെന്ന് ഇരുരചനകളും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അതായത് ഇത്തരത്തില്‍ രണ്ടു ഗാനങ്ങള്‍ അക്കാലത്ത് രചിക്കപ്പെടുകയും പ്രസിദ്ധമാകുകയും ചെയ്തിരുന്നുവെന്ന് അനുമാനിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട്. അതിന് ആധാരമായ വസ്തുതകളാണ് ചുവടെ കൊടുക്കുന്നത്.
പാണാവള്ളിയും അംശിയും ചില സാക്ഷ്യങ്ങള്‍
വരിക വരിക സഹജരേ... എന്നു തുടങ്ങുന്ന വൈക്കം സത്യഗ്രഹത്തിന്റെ സമരഗാനം പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എഴുതിയാണെന്ന് കാര്യം തിരു-കൊച്ചി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന സി. കേശവന്‍ ആത്മകഥയായ 'ജീവിതസമര'ത്തിലും പുതുപ്പള്ളി രാഘവന്‍ ആത്മകഥയായ 'വിപ്ലവസ്മരണകളി'ലും സി.ആര്‍. കേശവന്‍ വൈദ്യരുടെ ജീവചരിത്ര രചനയായ 'വൈദ്യന്റെ കഥ'യിലും എംജി സര്‍വകലാശാലയ്ക്കുവേണ്ടി പ്രഫ. പി.സി. മേനോനും പി.കെ. ഹരികുമാറും എഡിറ്റ് ചെയ്ത 'വൈക്കം സത്യഗ്രഹരേഖകള്‍' എന്ന പുസ്തകത്തിലും വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള ഒട്ടേറെ ചരിത്രപുസ്തകങ്ങളിലും 1977ല്‍ പ്രസിദ്ധീകരിച്ച വൈക്കം സത്യഗ്രഹ സ്മാരക ഗ്രന്ഥത്തിലും സ്മരണികകളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിലേക്ക് ഒന്നൊന്നായി നമുക്ക് വരാം.
സി കേശവന്റെ 'ജീവിതസമര'ത്തിന്റെ അറുപത്തിയൊന്‍പത് മുതല്‍ എഴുപത്തി മൂന്നുവരെയുള്ള അദ്ധ്യായങ്ങള്‍ വൈക്കം സത്യാഗ്രഹത്തെ പരാമര്‍ശിക്കുന്നു. പുസ്തകത്തിന്റെ എഴുപത്തി ഒന്നാമത്തെ അദ്ധ്യായത്തില്‍ വൈക്കം സത്യഗ്രഹത്തിനായി പിടിയരി പിരിക്കുന്നതിലടക്കമുള്ള സി. കേശവന്റേയും കൂട്ടാളികളുടേയും പങ്കാളിത്തത്തെക്കുറിച്ച് വിശദമായി രേഖപ്പെടുത്തുന്നതിനിടെ പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ സമരഗാനത്തെക്കുറിച്ച് എഴുതിയിട്ടുള്ളത് കാണുക:
സി കേശവന്‍
'' സംഘം ചേര്‍ന്ന് പാട്ടുംപാടിപ്പോയാണ് പിടിയരിപ്പിരിവ്. അന്ന് ഞങ്ങള്‍ നടത്തിയ മീറ്റിംഗുകള്‍ക്ക് കണക്കും കൈയുമില്ല. എനിക്കന്ന് പ്രസംഗമില്ല. ആവേശം കൊള്ളിക്കുന്ന പടപ്പാട്ടുകള്‍പാട്ടുകള്‍ പാടി ഈ സംഘങ്ങളെ നയിക്കുന്നത് ഞാനായിരുന്നു. പ്രസംഗക്കാര്‍ ദാമോദരന്‍ മുതലായവര്‍ ആയിരുന്നു. അന്നത്തെ പാട്ടുകളില്‍ വളരെ പ്രചാരത്തില്‍ ഇരുന്ന ഒന്നു രണ്ടെണ്ണം ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്.
''വരിക വരിക സഹജരേ
പതിതരില്ല മനുജരില്‍
എന്നിങ്ങനെ തുടങ്ങി,
സഹനശക്തി സഹനസമര
കുലിശമെന്നതോര്‍ക്കണം
നിഹനിക്കുന്ന നിലയില്‍പ്പോലും
നിലയില്‍ നിന്നു മാറൊല''
എന്നവസാനിക്കുന്ന ഒരു സമരഗാഥ ഉണ്ടായിരുന്നു. പാണാവള്ളിയില്‍ കൃഷ്ണന്‍ വൈദ്യര്‍ എഴുതി സി.വി. തിരുത്തിയ ഒരു പാട്ടായിരുന്നു അത്. അതുപോലെ തന്നെ അവരുടെ കര്‍തൃത്വത്തില്‍പ്പെട്ട വേറൊരു പാട്ടായിരുന്നു,
''നരനായിങ്ങനെ ജനിച്ചു കേരളക്കരയില്‍
തീണ്ടുള്ള നരകത്തില്‍
നരകത്തില്‍ നിന്നെന്നെ കരകേറ്റീടേണം
തിരുവയ്ക്കം വാഴും ശിവശംഭോ''
എന്നത്. ഏറ്റവും ഹൃദയസ്പര്‍ശകമാംവിധം ഈ പാട്ടുകള്‍ പാടാന്‍ എനിക്കുകഴിഞ്ഞിരുന്നു. ഏറ്റുപാടാനും പലരും ഉണ്ടായിരുന്നു.''
തൊട്ടടുത്ത എഴുപത്തി രണ്ടാം അധ്യായത്തില്‍ ഗാന്ധിജിയുടെ തിരുവനന്തപുരം ലോ കോളജ് സന്ദര്‍ശന സമയത്ത് ഇതേ ഗാനങ്ങള്‍ ആലപിക്കുന്ന കാര്യം പരാമര്‍ശിക്കുന്നത് കാണുക.'അദ്ദേഹത്തിന്റെ തിരുവനന്തപുരം പരിപാടിയില്‍ ലോക്കോളജ് സന്ദര്‍ശനവും ഉള്‍പ്പെട്ടിരുന്നു. കാലത്ത് ഒന്‍പതു മണിക്കോ മറ്റോ ലോക്കോളജില്‍ വരുമെന്നായിരുന്നു പ്രോഗ്രാം. ഗാന്ധിജിയുടെ വരവ് സമയത്ത് ഉണ്ടായില്ല. ഒരു വലിയ സദസ് സന്നിഹിതമായിട്ടുണ്ട്. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും പിന്നേയും കാത്തിരിക്കേണ്ടിവരും, എന്നറിവായതോടെ ഒരു മുട്ടുശാന്തിക്ക് യോഗം പ്രവര്‍ത്തകര്‍ എന്നെ പ്ലാറ്റുഫാറത്തില്‍ പിടിച്ചുകയറ്റി-പാടുന്നതിന്. ഞാന്‍ രണ്ടു പാട്ടു പാടി. ഒന്ന് വരിക വരിക സഹജരെ എന്നതും മറ്റേത് നരനായിങ്ങനെ എന്നതും ആയിരുന്നു. ആദ്യത്തെ ഗാനം ആരുടേയും രക്തം തിളയ്ക്കുന്ന തരത്തില്‍ പാടി. മലയാള സാഹിത്യത്തിലെ ആദ്യത്തെ 'സൈനികഗാനം' അതാണെന്നാണ് എനിക്കു തോന്നുന്നത്. ഓരോ ശീലുകളും ഞാന്‍ ആവര്‍ത്തിച്ച് ചൊല്ലാന്‍ നിര്‍ബന്ധിതനായി.
''തടിയിലുള്ള ഡിപിഡബ്ലിയു ലിപികള്‍ മാച്ചു കളകിലും
നെടിയഭിത്തി പണികഴിച്ചു വഴിയടച്ചുകളകിലും
മനമിടിഞ്ഞു പിന്നിലോട്ടൊരടികള്‍ മാറിടാതെ നാം
നിനവുചെയ്ത വഴിയിലേക്കു ത്വരിതമങ്ങു കേറണം
ജയജയേതി ഗാന്ധി കീജേ വിളികള്‍ ഉലകം നിറയട്ടെ''
എന്നിങ്ങനെ ആ ഗാനം അവസാനിച്ചപ്പോള്‍ ഉണ്ടായ ഹര്‍ഷാരവം ഇപ്പോഴും എന്റെ കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നുണ്ട്. 'നരനായിങ്ങനെ' എന്ന ഗാനം വലുതായ ശോകരസം കലര്‍ത്തി തിരുവയ്ക്കത്തപ്പനോടുള്ള ഹൃദയഭേദകമായ ഒരു പ്രാര്‍ത്ഥനാരൂപത്തില്‍ ഞാന്‍ ചൊല്ലി. അതും വളരെ ഫലിച്ചുവെന്ന് എനിക്ക് തീര്‍ത്തുപറയാം. അപ്പോഴേക്കും ഗാന്ധിജിയുടെ വരവായി.' ഇത്തരത്തില്‍ വളരെ വിശദമായി തന്നെ ഈ ഗാനങ്ങളെ സി. കേശവന്‍ പരാമര്‍ശിച്ചിട്ടുണ്ട്( പുറം 228-232). 'ജീവിതസമരം' പ്രസിദ്ധീകൃതമാകുന്നത് 1945 ലാണ്. അതു മുതല്‍ ഇക്കാലം വരെ ഒട്ടേറെ പതിപ്പുകള്‍ ആ പുസ്തകത്തിനുണ്ടായി. അതിലെല്ലാം ഈ ഭാഗങ്ങള്‍ കൊടുത്തിട്ടുമുണ്ട്. ആരും സി.കേശവന്‍ ചൂണ്ടിക്കാണിച്ചതിന്റെ ആധികാരികതയെ ചോദ്യം ചെയ്തതായും കാണുന്നില്ല. അംശി നാരായണ പിള്ളയുടെ ജീവിതകാലത്ത് തന്നെ ഈ പുസ്തകത്തിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിരുന്നുവെന്നതും ശ്രദ്ധേയമാകുന്നു. അംശി അന്തരിക്കുന്നത് 1981 ഡിസംബര്‍ ഒന്‍പതിനായിരുന്നു.
വസ്തുതകളുടേയും രേഖകളുടേയും മാത്രം അടിസ്ഥാനത്തില്‍ ഏതൊരു അക്കാദമീഷ്യനെക്കാളും കൃത്യതയോടെ ചരിത്ര രചനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പുതുപ്പള്ളി രാഘവന്‍. സ്വാതന്ത്ര്യ പൂര്‍വ്വകാലത്തെ കേരള ചരിത്രത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ നല്‍കുന്ന വെളിച്ചം എടുത്തുപറയേണ്ടതാണ്. അദ്ദേഹം അഞ്ചു വോള്യങ്ങളിലായി രചിച്ച ' വിപ്ലവസ്മരണകള്‍' എന്ന ആത്മകഥാ ഗ്രന്ഥം തന്നെ വലിയ ചരിത്രരേഖ കൂടിയാകുന്നു. പാണാവള്ളി കൃഷ്ണന്‍ വൈദ്യരെക്കുറിച്ചും അംശി നാരായണപിള്ളയെക്കുറിച്ചും പുതുപ്പള്ളി ആത്മകഥയില്‍ പല ഇടങ്ങളിലായി പ്രതിപാദിക്കുന്നുണ്ട്. ഇരുവരും രചിച്ച ' വരിക വരിക സഹജരേ...'ക്കുറിച്ചും വ്യക്തമായി പറയുന്നുമുണ്ട്. 'വിപ്ലവസ്മരണ'കളുടെ ആദ്യ വോള്യത്തില്‍ വൈക്കം സത്യഗ്രഹത്തിന്റെ സമരഗാനമായ 'വരിക വരിക സഹജരേ' രചിച്ചത് പാണാവള്ളി കൃഷ്ണന്‍ വൈദ്യരാണെന്ന കാര്യം നിസ്സംശയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'വൈക്കം സത്യഗ്രഹം' എന്ന അദ്ധ്യായത്തില്‍ അദ്ദേഹം എഴുതുന്നു:
പുതുപ്പള്ളി രാഘവന്‍
'' അന്നൊക്കെ ഞങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും പുതുപ്പള്ളിയില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് പൊതുയോഗം കൂടും. വൈകിട്ടാണ് സാധാരണ യോഗം നടത്താറ്. ഞങ്ങള്‍ ചെറിയൊരു ജാഥയായിട്ടാണ് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്ക് പോവുക. പാട്ടുംപാടി താളത്തില്‍ അടിവെച്ചുള്ള ആ പോക്കും ആവേശകരമായിരുന്നു. സത്യഗ്രഹികള്‍ക്കും സമ്മേളനങ്ങളിലും പാടുന്നതിന് പാണാവള്ളി കൃഷ്ണന്‍ വൈദ്യന്‍ എഴുതിയ,
''വരിക വരിക സഹജരേ
പതിതരില്ല മനുജരില്‍''
എന്നും
'നരനായിങ്ങനെ ജനിച്ചു കേരള-
ക്കരയില്‍ തീണ്ടുള്ള നരകത്തില്‍
കരകാണാതേ വീണുഴലും ഞങ്ങളെ
കരകേറ്റീടേണം ശിവശംഭോ!'
എന്നും
'വൈക്കത്തെ റോഡില്‍ നടപ്പാത-
വര്‍ണ്ണഹിന്ദുക്കളെ ശുദ്ധിയാക്കാന്‍,
കുന്നും കുശുമ്പും ശമിപ്പാന്‍
ശാന്തി എന്നും മനസ്സിലുദിപ്പാന്‍,
ദേശാഭിമാനിയായ്ത്തീരാന്‍
ജാതി ഗര്‍വ്വുകളൊക്കെ ശമിപ്പാന്‍-''
എന്നും തുടങ്ങുന്ന പാട്ടുകളാണ് ഞങ്ങള്‍ പാടിയിരുന്നത്.'' ഈ പാട്ടുകള്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക സംഘം സെക്രട്ടറി വി.ആര്‍. നാണുവാണ് സമ്പാദിച്ച് കൊണ്ടുവന്നിരുന്നതെന്നും വിദ്യാന്‍ ഓച്ചിറ അച്യുതന്‍ സാറാണ് അത് നല്ല ഈണത്തില്‍ ചൊല്ലാന്‍ പഠിപ്പിച്ചതെന്നും അവ ലഘുലേഖപോലെ തന്നെ അച്ചടിച്ച് വിതരണം ചെയ്തിരുന്നുവെന്നും പുതുപ്പള്ളി തുടര്‍ന്നു വിശദീകരിക്കുന്നു. അന്ന് നാട്ടിലെ ആളുകളുടെ നാവിന്‍ തുമ്പിലെല്ലാം ഈ പാട്ടുകള്‍ തുള്ളിക്കളിച്ചിരുന്നുവെന്നും അവ ഞാറ്റുപാട്ടായി ഞാറു നടന്ന സ്ത്രീകള്‍ പാടിയിരുന്നുവെന്നും കൂടി പുതുപ്പള്ളി എഴുതുന്നുണ്ട്. (പുറം 62)
പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ വരിക വരിക സഹജരെക്കുറിച്ച് എഴുതിയിട്ടുള്ള പുതുപ്പള്ളി അതേ പുസ്തകത്തില്‍ തന്നെ 1930ലെ സിവില്‍ നിയമലംഘന സമരകാലത്ത് കാലത്ത് അംശി നാരായണപിള്ള എഴുതിയ ഗാനത്തെക്കൂടി പരാമര്‍ശിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നു.
' മറ്റൊരാളെക്കൂടി അനുസ്മരിക്കാതെ മുന്നോട്ട് പോകുന്നത് അത്ര ശരിയായിരിക്കില്ല. കേരളത്തെ ഒരു കാലത്ത് ആവേശഭരിതമാക്കിയ,
'' വരിക വരിക സഹജരേ
വരിക സഹന സമരമായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍നയട്ക്കു പോക നാം.
കണ്‍തുറന്നു നോക്കുവിന്‍
കൈകള്‍ കോര്‍ത്തിറങ്ങുവിന്‍
കപടകുടിലഭരണകൂടമി-
ക്ഷണം തകര്‍ക്ക നാം.
ബ്രിട്ടനെ വിരട്ടുവിന്‍
ചട്ടമൊക്കെ മാറ്റുവിന്‍!''
എന്നിങ്ങനെ തുടങ്ങുന്ന ആ ആവേശം കൊള്ളിക്കുന്ന മാര്‍ച്ചിംഗ് സോങ്ങിന്റെ കര്‍ത്താവാണ് അദ്ദേഹം-അംശി പി നാരായണ പിള്ള.''(പുറം 110-111).അംശിയെക്കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങള്‍ പുതുപ്പള്ളി നല്‍കുന്നുണ്ട്.
അതായത് 'വരിക വരിക സഹജരേ...' എന്നാരംഭിക്കുന്ന രണ്ടു പടപ്പാട്ടുകള്‍ അക്കാലത്ത് പ്രചുരപ്രചാരത്തില്‍ ഉണ്ടായിരുന്നു. അവയെ പുതുപ്പള്ളി കൃത്യമായി തന്റെ ആത്മകഥയില്‍ ഓര്‍ത്തെടുക്കുകയും രണ്ടിന്റേയും കര്‍ത്താക്കളെ അനുസ്മരിക്കുകയും ചെയ്തിട്ടുണ്ട്. വരിക വരിക സഹജരേ എന്നാരംഭിക്കുന്നത് ഒഴിച്ചാല്‍ ഇരു ഗാനങ്ങളുടേയും മറ്റു ഭാഗങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാണ്, അവയുടെ രചനാ പശ്ചാത്തലവും വ്യത്യസ്തമാണ്, അവയുടെ പ്രമേയത്തിന്റെ ഊന്നലും ഭിന്നമാകുന്നു. അവ എഴുതപ്പെട്ടതും ഏതാനും വര്‍ഷങ്ങളുടെ ഇടവേളയില്‍ ആയിരുന്നു.
കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ വരിക വരിക സഹജരേ എന്നാരംഭിക്കുന്ന വൈക്കം സത്യഗ്രഹഗാനമാണ് ആദ്യം രചിക്കപ്പെട്ടതെന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം സിവില്‍ നിയമലംഘനത്തിന്റെ കാലത്ത് രചിക്കപ്പെട്ടതാണ് അംശി നാരായണ പിള്ളയുടെ ഗാനം. 1930ല്‍ ഉപ്പു സത്യഗ്രഹത്തിന് തിരുവനന്തപുരത്ത് നിന്നും കാല്‍നടയായി പോയ അംശിയും പൊന്നറ ശ്രീധറും എന്‍.പി. കുരുക്കളും ഈ ഗാനം ആലപിയ്ക്കുകയുണ്ടായി. സര്‍ക്കാര്‍ ഗാനം നിരോധിച്ചുവെന്ന് മാത്രമല്ല, അംശിയെ അഞ്ചര മാസത്തോളം വിയ്യൂര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. അംശിയുടെ രചനയാണ് പില്‍ക്കാലത്ത്, വിശേഷിച്ചും സ്വാതന്ത്ര്യ പൂര്‍വ്വ കാലത്ത് പ്രചുരപ്രചാരം നേടിയതെന്നും അനുമാനിക്കണം. അതിനു പ്രധാന കാരണം സ്വാതന്ത്ര്യ സമരവുമായി നേരിട്ട് ബന്ധപ്പെടുന്നതായിരുന്നു അംശിയുടെ തലമുറകളെ ആവേശം കൊള്ളിച്ച രചന എന്നതുതന്നെയാകാം. എന്നാല്‍ പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടെ രചനയുടെ ഉദ്ദേശം മറ്റൊന്നായിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ വിശദീകരിക്കുന്നതും ആ സമരത്തില്‍ ആവേശപൂര്‍വ്വം ജനങ്ങളെ അണിനിരത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു വൈദ്യരുടെ രചന. അംശിയ്ക്കും ബോധേശ്വരനും ഒക്കെ പില്‍ക്കാലത്ത് ഇത്തരം ഗാനങ്ങള്‍ രചിയ്ക്കാന്‍ പ്രചോദനം സൃഷ്ടിക്കുക എന്നൊരു ദൗത്യം കൂടി പാണാവള്ളി അറിയാതെയെങ്കിലും ഏറ്റെടുത്തിരുന്നതായും പില്‍ക്കാല ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ 'വരിക വരിക സഹജരേ... എന്നാരംഭിക്കുന്ന രണ്ട് ഗാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പ്രസിദ്ധമായിരുന്നതായി സ്വാതന്ത്ര്യ സമര സേനാനി കെ.കെ. കുഞ്ചുപിള്ളയുടെ മകളും സോഷ്യലിസ്റ്റ് നേതാവായിരുന്ന എന്‍.ശ്രീകണ്ഠന്‍ നായരുടെ സഹധര്‍മ്മിണിയുമായ കെ. മഹേശ്വരിയമ്മയുടെ ആത്മകഥയായ ' മഹാമേരുക്കളുടെ നിഴലില്‍' എന്ന പുസ്തകത്തിലും പറയുന്നുണ്ട്. കെ. കെ. കുഞ്ചുപിള്ള ഇവ പാടി നടന്നിരുന്നതായും അമ്പലപ്പുഴ സ്വദേശിനിയായ മഹേശ്വരിയമ്മ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലവര്‍ഷം 1114ലെ നിയമലംഘന സമരകാലത്തെ അനുസ്മരിക്കുന്ന ഭാഗത്ത് അവര്‍ എഴുതുന്നു:
'' അന്ന് സമര ഗാനങ്ങള്‍ ചുരുക്കമായിരുന്നു. ആകെ ഒന്നു രണ്ടു കവിതകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. വരിക വരിക സഹജരേ... എന്നാരംഭിക്കുന്ന ഒരു ഗാനമാണ് ആദ്യമായി പ്രചാരത്തില്‍ വന്നത്. കമ്യൂണിസ്റ്റ് നേതാവായിരുന്ന സി.ജി. സദാശിവന്റെ അച്ഛന്‍ പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ വൈക്കം സത്യാഗ്രഹകാലത്ത് എഴുതിയതാണ് ഈ ഗാനം. അതിനു സമാന്തരമായി അംശിനാരായണ പിള്ള സ്റ്റേറ്റ് കോണ്‍ഗ്രസിനുവേണ്ടി ഒരു മാര്‍ച്ചിങ് സോങ്ങ് എഴുതി..''(പുറം 19)(സി.ജി. സദാശിവന്റെ അച്ഛന്‍ എന്നത് മഹേശ്വരിയമ്മയുടെ ധാരണപ്പിശകാണ്, സി.ജി. സദാശിവന്റെ പിതാവ് സി. ഗോവിന്ദന്‍ വൈദ്യരുടെ ജ്യേഷ്ഠസഹോദരനാണ് പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍. 1952ലും 54 ലും തിരുക്കൊച്ചിയിലും 1957ല്‍ കേരള നിയമസഭയിലും അംഗമായിരുന്ന സി.ജി. സദാശിവന്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ നടുനായകത്വം വഹിച്ചവരില്‍ പ്രമുഖനാണ്.)
സി.ആര്‍. കേശവന്‍ വൈദ്യരുടെ ജീവിത കഥയായ 'വൈദ്യരുടെ കഥ' എന്ന പുസ്തകത്തിലും കൃഷ്ണന്‍ വൈദ്യര്‍ സത്യഗ്രഹികള്‍ക്കായി എഴുതിയ ഗാനങ്ങളായ 'വരിക വരിക സഹജരേ' യും എന്നാരംഭിക്കുന്നതും 'ശിവശംഭോ ശംഭോ'യും എടുത്തുചേര്‍ത്തിട്ടുണ്ട്. സി.ആര്‍. കേശവന്‍ വൈദ്യര്‍ വൈക്കം സത്യഗ്രഹത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ 'സത്യഗ്രഹക്യാമ്പില്‍' എന്ന ഉപശീര്‍ഷകത്തിലുള്ള ഭാഗത്ത് ഏതൊക്കെ ഘട്ടത്തിലാണ് ഓരോ ഗാനവും ആലപിച്ചിരുന്നതെന്നതൊക്കെ കേശവന്‍ വൈദ്യര്‍ വിശദീകരിച്ചിട്ടുണ്ട്. ജാഥയായി പോകുമ്പോഴായിരുന്നു വരിക വരിക സഹജരെ എന്നത് ആലപിച്ചിരുന്നത്. സമരഭടന്മാര്‍ തീണ്ടല്‍പ്പലകയ്ക്കു സമീപത്ത് നിലയുറപ്പിയ്ക്കുന്ന ഘട്ടത്തിലാണ് പ്രാര്‍ത്ഥനാഗാനം ആലപിച്ചിരുന്നത്. (പുറം 32-35)
''മരണത്തേക്കാളും ഭയമാകും തീണ്ടല്‍-
പ്പലക നില്‍ക്കുന്ന നില കണ്ടാല്‍,
അവയെല്ലാം നീക്കീട്ടവമാനം ഭൂമി-
ക്കൊഴിവാക്കിടേണം ശിവശംഭോ ശംഭോ!
ഭഗവാന്റെ ദാസപ്പടിവിട്ടങ്ങോട്ട്
വിടകൊള്ളുവാനുള്ള മടികൊണ്ട്
തിരുമുമ്പില്‍ വന്ന് ഭജനം ചെയ്യുന്നു
തിരുവൈക്കത്തപ്പാ ശിവശംഭോ!'
എന്ന കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചുകൊണ്ടാണ് 1924 നവംബര്‍ ഒന്നിന് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നിന്നും മന്നത്ത് പദ്മനാഭന്‍ കമാന്‍ഡര്‍ ഇന്‍ ചീഫായ സവര്‍ണ്ണ ജാഥ, തിരുവിതാംകൂര്‍ ആരംഭിച്ചത്. ഇക്കാര്യവും പുതുപ്പള്ളി രാഘവന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തില്‍ പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ക്ക് വലിയ പങ്കാളിത്തം ഉള്ളതായും അദ്ദേഹം ആവേശ പൂര്‍വ്വം പങ്കെടുത്തതായും അനുമാനിക്കാന്‍ കൂടുതല്‍ കാര്യങ്ങളുണ്ട്.
1924 മെയ് ആറു മുതല്‍ എട്ടു വരെ വൈക്കത്ത് നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ 21-ാം വാര്‍ഷിക യോഗത്തില്‍ കൃഷ്ണന്‍ വൈദ്യര്‍ ആവേശം കൊള്ളിക്കുന്ന ഒരു പ്രസംഗം നടത്തുകയുണ്ടായി. ലബ്ദ്ധപ്രതിഷ്ഠനായ പ്രഭാഷകനേയും ശൈലിവല്ലഭനായ എഴുത്തുകാരനേയും ഉള്‍ക്കാഴ്ചയുള്ള സാമൂഹിക ചിന്തകനേയും അതില്‍ക്കാണാം. കുമാരനാശാന്‍ ആയിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷന്‍. പ്രസംഗത്തില്‍ നിന്നുമുള്ള ഒരു ഭാഗം കാണുക:
'പരിഷ്‌കൃത ഭരണരീതി കൊണ്ട് മാതൃകാ സംസ്ഥാനമെന്ന് പേര്‍ സമ്പാദിച്ച ധര്‍മ്മരാജ്യത്തിലെ ധര്‍മ്മനീതികളുടെ വൈലക്ഷണ്യം പരിഷ്‌കൃതലോകത്തെ ആസകലം വൈക്കത്തെ സത്യഗ്രഹ സംരംഭം മൂലം ഇപ്പോള്‍ വിസ്മയഭരിതമാക്കിതീര്‍ത്തിരിക്കുമെന്നുള്ളതിന് വല്ല സംശയവുമുണ്ടോ? എന്തിന്റെ നേരെയാണ് ഭാരത മഹാജന സംഭയുടേയും തിരുവിതാംകൂറിലെ ഏറ്റവും ശക്തിയേറിയ നായരീഴവ സമുദായങ്ങളുടേയും ഏകോപിച്ചുള്ള ഒരു സത്യഗ്രഹ സമരം? ഒരു ഹിന്ദു രാജ്യമെന്നു പ്രസിദ്ധിയുള്ള തിരുവിതാംകൂറിലെ ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും ഗവര്‍മ്മെണ്ടു ഖജനാവിലെ പണം കൊണ്ടുണ്ടാക്കി, ആ വക പണം കൊണ്ടുതന്നെ സംരക്ഷിച്ചുപോരുന്ന പബ്ലിക്ക് റോഡില്‍ക്കൂടി വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രതിരോധിച്ച് നില്‍ക്കുന്നതും അദ്വൈതികളുടെ മഹാമായ പോലെ എന്തെന്നു മനസ്സിലാക്കാന്‍ പ്രയാസമേറിയതുമായ അയിത്തത്തിന്റെ നേരെ. എന്താണീ അയിത്തം? അതു രൂപമുള്ളതല്ല. ഗന്ധമുള്ളതല്ല. ശബ്ദസ്പര്‍ശരസങ്ങളുള്ളതുമല്ല. അത് പഞ്ചേന്ദ്രീയങ്ങള്‍ക്കു വിഷയമല്ല. മനസ്സിനു വിഷയമല്ല. ബുദ്ധിക്കു വിഷയമല്ല. ആത്മാവിനു വിഷയമല്ല. അത് വെട്ടിയാല്‍ മുറിയില്ല. ചുട്ടാല്‍ വേവില്ല. പിടിച്ചാല്‍ കിട്ടില്ല. കുത്തിയാല്‍ കീറില്ല. അതിന്റെ നേരെ ഒരു യുദ്ധം ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള യുദ്ധ സബ്രദായങ്ങളില്‍വച്ച് ഏറ്റവും ശക്തിയേറിയതെന്ന് സര്‍വ്വസമ്മതമായ സത്യഗ്രഹയുദ്ധം!....ഒരു ഗവര്‍മെണ്ടിന് ആ ഗവര്‍മെണ്ടിന്റെ പണം ചെലവുചെയതുണ്ടാക്കിയ റോഡില്‍ക്കൂടി ആ ഗവര്‍മെണ്ടിന്റെ പ്രജകളെ നടത്തുവാന്‍ ത്രാണിയില്ലാതെ വന്നാല്‍ അതില്‍പ്പരം ലജ്ജാവഹമായ ഒരവസ്ഥയുണ്ടോ? എന്തൊരു ധര്‍മ്മം സ്ഥാപിക്കുവാനും എന്തൊരു നീതിയെ നിലനിര്‍ത്താനും എന്തൊരു രാജാധികാരത്തെ പുലര്‍ത്താനും എന്തൊരു നാഗരീകതയെ സംസ്ഥാപനം ചെയ്യുവാനുമാണ് ഗവര്‍മെണ്ട് തങ്ങളുടെ സര്‍വ്വശക്തികളും ഇപ്പോള്‍ എടുത്ത് പ്രയോഗിക്കുന്നത്? ''
ഇ വി രാമസ്വാമി നായ്ക്കര്‍
വൈക്കം സത്യഗ്രഹത്തില്‍ പ്രാമാണികമായ സ്ഥാനം പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ക്ക് ഉണ്ടായിരുന്നു. തന്തൈ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരെ വൈക്കം സത്യഗ്രഹകാലത്ത് അറസ്റ്റ് ചെയ്തു അരൂക്കുറ്റിയിലുള്ള ജയിലില്‍ അടയ്ക്കുകയുണ്ടായി. ജയില്‍ മോചിതനായ തന്തൈ പെരിയോര്‍ക്ക് പാണാവള്ളിയില്‍ കൃഷ്ണന്‍ വൈദ്യരുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. തുടര്‍ന്ന് വൈദ്യരുടെ വസതിയില്‍ താമസിച്ച അദ്ദേഹത്തിന് കാണുന്നതിനായി വീട്ടില്‍ വെച്ച് കഥകളി നടത്തുകയും ഉണ്ടായി. ഇതിനുശേഷമാണ് തന്തൈപെരിയോര്‍ വൈക്കത്തേയ്ക്ക് പോയത്. മൂലൂര്‍ പത്മനാഭപ്പണിക്കര്‍ക്ക് വൈക്കം സത്യഗ്രാഹത്തിലെ വിശേഷങ്ങള്‍ അറിയിക്കാനായി ബന്ധുവായ കൊച്ചിക്കച്ചാന്നാര്‍ അയച്ച് കത്ത് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. തന്തൈ പെരിയോരെ സ്വീകരിക്കാനായി പോകുന്ന വഴിയില്‍ പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടെ വസതിയില്‍ താമസിച്ച കാര്യവും മറ്റും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായിക്കരെ ഘോഷയാത്രയായി കൂട്ടികൊണ്ടുവരുന്ന കാര്യവും കത്തില്‍ കാണാം. പ്രഫ. സഹൃദയന്‍ തമ്പി എഴുതിയ 'മായാത്ത ഓര്‍മ്മകള്‍ സരസ കവി മൂലൂര്‍' എന്ന പുസ്തകത്തില്‍ ഈ കത്ത് എടുത്തുചേര്‍ത്തിട്ടുണ്ട്.
കൊച്ചിക്കച്ചാന്നാര്‍ മൂലൂരിനെ മാരാരാ ചിറ്റപ്പനവര്‍കള്‍ക്ക് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് 10.11.99 ല്‍ വൈക്കത്ത് നിന്നും എഴുതിയ കത്ത് ആരംഭിക്കുന്നത്. കാണുക:
''...മിസ്റ്റര്‍ നായിക്കരെ എട്ടാം തിയതി നാലു മണിക്കു വിട്ടു. എതിരേല്‍ക്കുന്നതിന് ഞങ്ങള്‍ പോയിരുന്നു. പാണാവള്ളില്‍ വൈദ്യന്റെ വീട്ടില്‍ രാത്രി താമസിച്ചു. ഇന്നലെ ദിവസം 11 മണിക്ക് ഞങ്ങള്‍ ഇവിടെ വന്നുചേര്‍ന്നു. ഇവിടെ നിന്നും എതിരേല്‍ക്കാന്‍ പോയിരുന്നവര്‍ കെ. ദിയ കുഞ്ഞുകൃഷ്ണന്‍ വക്കീല്‍, അവര്‍കള്‍, സത്യവ്രതസ്വാമികള്‍, മി: ചാന്നാര്‍, ഭാര്യ , ഞാന്‍, ലക്ഷ്മി, മിസ്സിസ് നായിക്കര്‍, കൊച്ചമ്മ, ദേശീയഗാനം പാടാവുന്ന അഞ്ചെട്ടു വാളണ്ടിയേഴ്‌സ് കൊടി മുതലായതോടെ ഇവിടെ നിന്നും പുറപ്പെട്ട് പാണാവള്ളില്‍ കൃഷ്ണന്‍വൈദ്യരുടെ വസതിയില്‍ ചേര്‍ന്നു. ഞങ്ങള്‍ ആഹാരാദികള്‍ കഴിച്ച് അവിടെ നിന്നും രണ്ട് ബോട്ടും മറ്റു ഓടിവള്ളങ്ങളുമായി പുറപ്പെട്ട് കൃത്യസമയത്ത് ചെന്നുചേര്‍ന്നു. അഞ്ചര മണിക്ക് പാണാവള്ളില്‍ ബോട്ട് ചേര്‍ന്നു. അരൂക്കുറ്റിയില്‍ നിന്നും കരമാര്‍ഗ്ഗം ഘോഷയാത്ര തുടര്‍ന്നു. അധികം ആളുകളും ആറു മണിയോടെ പ്രസ്തുത സ്ഥലത്ത് ചെന്നു. രാത്രി പാണാവള്ളിയില്‍ താമസിച്ചു. ഇന്നലെ ദിവസം 11 മണിയോടെ ആശ്രമത്തില്‍ ചെന്നു. 4 മണി മുതല്‍ ബോട്ടുകടവില്‍ പ്രസംഗം തുടങ്ങി. രാത്രി 8 മണികഴിഞ്ഞ് ആശ്രമത്തില്‍ ചെന്നു.സവിസ്തരം റിപ്പോര്‍ട്ടില്‍ വായിക്കാം.''( പുറം-48-49)
കെ.പി കേശവമോനോന്റെ സംശയം
പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ വരിക വരിക സഹജരേ ടി.കെ. മാധവന്റെ പത്രാധിപത്യത്തിലുള്ള ദേശാഭിമാനിയിലും പിന്നീട് വിവേകോദയത്തിലും അച്ചടിച്ച് വന്നിരുന്നതായി സാംസ്‌കാരിക ചരിത്രകാരനായ ജി. പ്രീയദര്‍ശനന്‍ ഇതെഴുതുന്നയാളോട് പറഞ്ഞിട്ടുണ്ട്. അത് പ്രസിദ്ധീകരിച്ചുവന്ന ദേശാഭിമാനിയുടെ പ്രതി ജി. പ്രീയദര്‍ശനന്റെ പക്കല്‍ ഉണ്ടായിരുന്നുതാനും. ഒരിയ്ക്കല്‍ വൈക്കം സത്യഗ്രഹത്തിന്റെ സമരഗാനത്തിന്റെ കര്‍തൃത്വം സംബന്ധിച്ച് ചിലര്‍ സംശയം ഉന്നയിക്കുന്നതായി മാതൃഭൂമി പത്രാധിപരായിരുന്ന കെ. പി. കേശവ മേനോന്‍ സി. ആര്‍. കേശവന്‍ വൈദ്യരോട് പറഞ്ഞു. അക്കാര്യം കേശവന്‍ വൈദ്യര്‍ പ്രീയദര്‍ശനെ അറിയിക്കുകയും ചെയ്തു. സംശയം ദൂരീകരിക്കുന്നതിനായി തന്റെ പക്കലുണ്ടായിരുന്ന ദേശാഭിമാനിയുടെ പ്രതി കേശവന്‍ വൈദ്യര്‍ക്ക് കൈമാറി. അത് കേശവന്‍ വൈദ്യര്‍ കോഴിക്കോട്ട് പോയപ്പോള്‍ കേശവമേനോന് നേരിട്ടുനല്‍കുകയും ചെയ്തു. അങ്ങനെയാണ് അന്ന് സംശയ നിവര്‍ത്തി വരുത്തിയതെന്നും ജി. പ്രീയദര്‍ശനന്‍ പറയുകയുണ്ടായി.
ജി പ്രീയദര്‍ശനന്‍ തന്നെ കായിക്കര പി.എം. ഗോവിന്ദന്‍ വൈദ്യരെക്കുറിച്ച് എഴുതിയ ' അഭിനവ വാഗ്ഭടന്‍ കായിക്കര പി.എം. ഗോവിന്ദന്‍ വൈദ്യര്‍' എന്ന പുസ്തകത്തില്‍ പാണാവള്ളി കൃഷ്ണന്‍ വൈദ്യരെക്കുറിച്ച് ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. വൈദ്യരുടെ ബഹുവിധങ്ങളായ സംഭാവനകളെ വിലയിരുത്തവെ വൈക്കം സത്യഗ്രഹത്തില്‍ അദ്ദേഹം വഹിച്ച പങ്കും ജി. പ്രീയദര്‍ശനന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കാണുക:
കെ പി കേശവമേനോന്‍ | Image: Wikipedia
'ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തില്‍ ഒരു ധര്‍മ്മഭടനായി വൈദ്യര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് ധര്‍മ്മഭടന്മാര്‍ ആവേശപൂര്‍വ്വം പാടിയിരുന്ന' വരിക വരിക സഹജരേ! പതിതരില്ല മനുജരില്‍' എന്നാരംഭിക്കുന്ന സുപ്രസിദ്ധ സത്യാഗ്രഹ സൈനികഗാനം രചിച്ചു വൈക്കം സത്യഗ്രഹ സമരത്തിന് അദ്ദേഹം ശക്തിചൈതന്യങ്ങള്‍ പകര്‍ന്നു.'' കൃഷ്ണന്‍ വൈദ്യരുടെ രചനയും അദ്ദേഹം പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. പില്‍ക്കാലത്ത് ആവേശഭരിതങ്ങളായ ഇത്തരം ഗാനങ്ങള്‍ രചിക്കാന്‍ അംശി നാരായണ പിള്ള, ബോധേശ്വരന്‍ തുടങ്ങിയ നമ്മുടെ കവികള്‍ക്ക് ഈ സംഘഗാനം ആണ് പ്രചോദനം നല്‍കിയതെന്ന കാര്യവും പ്രീയദര്‍ശനന്‍ തുടര്‍ന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സി. കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ ഗാനം
വരികവരിക സഹജരെ
പതിതരില്ല മനുജരില്‍
ഒരു പിതാവിനുല്‍ഭവിച്ച
തനയരാണ് നമ്മളീ
കരമണച്ചു കരളുറച്ചു
പെരുവഴിക്കു പോക നാം.
ഒരുവനുള്ളതല്ല രാജ-
വീഥി നമ്മള്‍ നല്‍കിടും
കരമെടുത്ത് പണി നടത്തി
അതു നമുക്കു പൊതുവിലാം.
കുറവ, പറയ പുലയരാദി,
പ്രജകള്‍ മനുജരല്ലയോ?
കുറവര്‍ക്കു പറവതെല്ലാം
കൂടില ബുദ്ധിയല്ലയോ?
വയല്‍ കിളച്ചു കളപറിച്ചു
വിളവെടുക്കും വൃത്തിയാല്‍
തടികറുത്ത മനുജരെല്ലാം
പതിതരായി മാറിപോല്‍.
ഉപകരിക്കുമവരെയേവ-
മപഹസിച്ചിടും -ജനം
വിപതിതാഗ്രഗണ്യരാകുമ-
പര ജന്‍മമേന്തിയാല്‍.
തടിയിലുള്ള ഡി.പി.ഡബ്ല്യൂ
ലിപികള്‍ മാച്ചുകളകിലും
നെടിയഭിത്തി പണികഴിച്ചു
വഴിയടച്ചുകളച്ചുകളകിലും.
മനമിടിഞ്ഞു പിന്നിലോട്ട്
അടികള്‍ മാറിടാതെ നാം
നിനവുചെയ്ത നിലയിലേയ്ക്കു
ത്വരിതമങ്ങു കേറണം.
സഹനശക്തി സഹനസമര
കലിശമെന്നെതോര്‍ക്കണം
നിഹനിക്കും നിലയില്‍ പോലും
നിലയില്‍ നിന്നു മാറൊലാ.
ജയജയേതി ഗാന്ധി കീ ജെയ്
വിളികലുലകം നിറയട്ടേ!
സഹനസമര വിജയലാഭ
മഖിലസുഖദമാവട്ടേ!
(വസ്തിപ്രദീപത്തിന്റെ രണ്ടാം പതിപ്പിന്റെ മുഖവുര, 1977ല്‍ പ്രസിദ്ധീകരിച്ച വൈക്കം സത്യഗ്രഹ സ്മാരക ഗ്രന്ഥം, എംജി സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച വൈക്കം സത്യഗ്രഹ രേഖകള്‍ തുടങ്ങിയ പുസ്തകങ്ങള്‍, സുവനീറുകള്‍ തുടങ്ങിയവ അവലംബം)
അംശി നാരായണ പിള്ള എഴുതിയ ഗാനം
വരിക വരിക സഹജരേ!
വലിയ സഹന സമരമായ്
കരളുറച്ചുകൈകള്‍കോര്‍ത്തു
കാല്‍നടയ്ക്കു പോക നാം
കണ്‍തുറന്നു നോക്കുവിന്‍
കൈകള്‍ കോര്‍ത്തിറങ്ങുവിന്‍
കപട കുടില ഭരണകൂടമി-
ക്ഷണം തകര്‍ക്ക നാം.
ബ്രിട്ടനെ വിരട്ടുവിന്‍
ചട്ടമൊക്കെ മാറ്റുവിന്‍
ദുഷ്ടനീതി വിഷ്ടപത്തി-
ലൊട്ടുമേ നിലച്ചിടാ.
വിജയമെങ്കില്‍ വിജയവും
മരണമെങ്കില്‍ മരണവും
ഭയവിഹീനമഖിലജനവു
മാഗ്രഹിച്ചിറങ്ങണം.
എത്രനളടിമായായ് കിട
ക്കണം സഖാക്കളേ!
പുത്രപൗത്രരെങ്കിലും
സ്വതന്ത്രരായ് വരേണ്ടയോ?
ഗതഭയം ചരിക്ക നാം
ഗരുഢതുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക
സഹഗമിക്ക ധീരരേ!
ബ്രിട്ടനുള്ള ദംഷ്ട്രമേറ്റു
ഭാരതാംബ കേഴുമി
മട്ടിലും മടിച്ചിരിക്ക
യോഗ്യമോ സഖാക്കളേ?
ആയിരക്കണക്കിനിന്നു
നേതൃജനതയൊക്കയും
പോയിടുന്നു ജേലില്‍ നമ്മ
ളിപ്പോഴും വെളിക്കുതാന്‍.
എത്രപേര്‍ രണത്തിലാണ്ടു
മൃത്യുവേറ്റിടുന്നു നാം
തത്രചെന്നു സത്യയുദ്ധ
മിക്ഷണം ജയിക്കണം.
വെടികളടികളിടികളൊക്കെ
വന്നുമേത്തുകൊള്ളുകില്‍
പൊടിതുടച്ചുചിരി ചിരിച്ചു
മാറുകാട്ടി നില്‍ക്കണം.
നമ്മളെപ്പിടിച്ചു കൊണ്ടു
ജേലിലാക്കു മെങ്കിലാ
നന്മ ചെയ്തതിന്നു നമ്മള്‍
നന്ദിവാക്കു ചൊല്ലണം.
വൈസറായി വന്നുനിന്നു
വലിയ തോക്കുവെയ്ക്കിലും-
വൈമനസ്യമെന്നിയേ
വരിഞ്ഞു നെഞ്ഞു കാട്ടണം.
ശക്തിയില്ല തോക്കുമില്ല
യെങ്കിലും കരങ്ങളില്‍
രക്തമുള്ള നാള്‍വരെ
നമുക്ക് യുദ്ധമാടണം.
ചത്തു ചത്തു നിത്യ
ജേലിലെന്തിനാണിരിപ്പതി-
ങ്ങുത്തരം മരിച്ചുപോകി
ലത്രയും സ്വതന്ത്രരാം.
തത്ര തോക്കു കുന്തമീട്ടി
യൊന്നുമില്ലെങ്കിലും
ശത്രുതോറ്റു മണ്ടിടുന്ന-
തെത്രയെത്ര യത്ഭുതം!
തീയര്‍ പുലയരാദിയായ-
സാധുജനതയെബ്ബലാല്‍
തീയിലിട്ടു വാട്ടിടുന്ന
ദുഷ്ടരോടെതിക്കണം.
കള്ളുവിറ്റു കാശുനേടി
കപ്പലില്‍ കടത്തുമീ
ക്കൊള്ളയൊക്കെ നിര്‍ത്തണം
നമുക്കുപോകണം ക്ഷണം.
ഉപ്പുനാം കുറുക്കണം
ആരുവന്നെതിര്‍ക്കിലും
അല്പവും കൊടുത്തിടാതെ
കോപിയാതെ നില്ക്കണം.
പണ്ടു വണ്ടിയിലടച്ചു
കൊന്ന രക്തമൊക്കെ മല്‍-
മുണ്ടിലുണ്ട് കണ്ടിടാന്‍
നമുക്ക് കണ്ണ് കെട്ടുപോയ്.
ദക്ഷിണേന്ത്യയില്‍ പ്രസിദ്ധ
നേപ്പളാണ് കേരളം
ഇക്ഷിതിയിലുള്ള നമ്മള്‍
ഗൂര്‍ക്കരാണതോര്‍ക്കണം.
('വരിക വരിക സഹജരേ! പടയാളിയുടെ പാട്ടുകള്‍' എന്ന പുസ്തകത്തില്‍ നിന്നും)
സിവില്‍ നിയമലഘന സമരകാലത്താണ് എഴുതപ്പെട്ടതെന്ന് സൂചിപ്പിക്കുന്ന കുറിപ്പും അംശിയുടെ പുസ്തകത്തില്‍ കവിതയ്‌ക്കൊപ്പം കൊടുത്തിട്ടുമുണ്ട്. കവിതയുടെ ഫുട് നോട്ട് ഇങ്ങനെ: ' 1930ലെ ഉപ്പുസത്യഗ്രഹകാലത്ത് തിരുവനന്തപുരത്തുനിന്നും കാല്‍നടയായിപ്പോയ കവിയും പൊന്നറ, കുരുക്കള്‍ എന്നിവരും വഴിനീളെപാടി നടന്നത്-മൂന്നു സര്‍ക്കാരും നിരോധിച്ചത്-ഇന്നും ആജ്ഞ പിന്‍വലിച്ചിട്ടില്ല. ഈ കവി ഈ ഗാനത്തിനുവേണ്ടി വിയ്യൂര്‍ ജയിലില്‍ തടവുകാരനായി 1930ല്‍ അഞ്ചര മാസം കഴിച്ചിരുന്നു. അതിഭയങ്കരമായിരുന്നു ബ്രിട്ടന്റെ നിരോധന ഹസ്തം.'' ഇത്രമേല്‍ ധീരമായ ജീവിതം നയിച്ച അംശിയെ തന്നെ വേണ്ട വിധത്തില്‍ പില്‍ക്കാലം ഓര്‍മ്മിയ്ക്കുന്നുണ്ടോയെന്നു സംശയമാണ്. പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടെ കാര്യത്തില്‍ അത്രപോലും ഓര്‍ത്തെടുക്കലുകള്‍ ഉണ്ടായില്ലെന്നതാണ് വാസ്തവം.
പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടെ സ്മരണാര്ത്ഥം അദ്ദേഹത്തിന്റെ മരണശേഷം 1952ല്‍ അദ്ദേഹത്തിന്റെ ജന്മദേശമായ പാണാവള്ളി പൂച്ചാക്കലില്‍ പ്രവര്ത്തനം ആരംഭിച്ച സികെവി ആശുപത്രി
സ്വാതന്ത്ര്യാനന്തര കാലത്ത് നമ്മുടെ സാംസ്‌ക്കാരിക ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ നിന്നും പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എന്തൊക്കെയോ കാരണങ്ങളാല്‍ അകന്നുവെന്ന് വേണം അനുമാനിക്കാന്‍. മലയാള വര്‍ഷം 1053 തുലാം 30ന് ജനിച്ച കൃഷ്ണന്‍ വൈദ്യര്‍ 1112 മേടം 15-ാം തിയതി മരണമടഞ്ഞു. കൃഷ്ണന്‍ വൈദ്യരുടെ ജീവചരിത്ര ഗ്രന്ഥം രചിക്കപ്പെടാതെ പോയതും പില്‍ക്കാലത്തെ ആയൂര്‍വ്വേദ ചരിത്രകാരന്മാരടക്കം അദ്ദേഹത്തിന്റെ സംഭാവനകളെ വേണ്ടവണ്ണം അനുസ്മരിക്കാതിരുന്നതും പ്രാന്തവല്‍ക്കരണത്തിന്റെ ആക്കം കൂട്ടി. കൃഷ്ണന്‍ വൈദ്യരുടെ ശിഷ്യന്മാരില്‍ ചിലര്‍ അദ്ദേഹത്തെക്കുറിച്ച് ജീവചരിത്ര രചനയ്ക്ക് ഒരുമ്പെട്ടുവെങ്കിലും അവയും പല കാരണങ്ങളാല്‍ മുടങ്ങിപ്പോയി. വസ്തിപ്രദീപത്തിന്റെ ആദ്യ പതിപ്പ് മലയാള വര്‍ഷം 1108ല്‍ എറണാകുളത്തെ സഹോദരന്‍ പ്രസ്സില്‍ നിന്നും അച്ചടിച്ചിറക്കിയെങ്കിലും അതിന്റെ അടുത്ത പതിപ്പ് ഉണ്ടായത് 1988ലാണ്. നീണ്ട ഇടവേള അതിനുണ്ടായി. കൃഷ്ണന്‍ വൈദ്യരുടെ സ്മരണാര്‍ത്ഥം പൂച്ചാക്കലില്‍ പ്രവര്‍ത്തിയ്ക്കുന്ന സികെവി എന്ന ആയുര്‍വ്വേദ ആശുപത്രി ഏറെ പേരുകേട്ടതാണ്. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഒക്കെ അടക്കമുള്ള പ്രമുഖര്‍ അവിടെ ചികിത്സയ്ക്ക് എത്താറുണ്ടെങ്കിലും ആ ആശുപത്രി കൃഷ്ണന്‍ വൈദ്യരുടെ സ്മരണാര്‍ത്ഥം ആരംഭിച്ചതാണെന്ന കാര്യം കാര്യമായി ആരും ഓര്‍മ്മിക്കാറില്ല.
ബഹുമുഖ പ്രതിഭയായ പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ വൈക്കം സത്യഗ്രഹ ഗാനങ്ങള്‍ രചിച്ചിരുന്നില്ലെങ്കില്‍ക്കൂടി കൂടി ഓര്‍മ്മിയ്ക്കപ്പെടേണ്ട വ്യക്തിത്വമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് പാണാവള്ളിയുടെ ചികിത്സപ്പെരുമ തെക്കേ ഇന്ത്യയില്‍ മാത്രമല്ല, രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വരെ എത്തിയിരുന്നു. ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ മകന്‍ യശ്വന്ത് ചികിത്സയ്ക്കായി കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍ എത്തിയതും മാസങ്ങള്‍ താമസിച്ചതും 1920 കളില്‍ വലിയ വാര്‍ത്തയായിരുന്നു. കൃഷ്ണന്‍ വൈദ്യരുടെ മരണാനന്തരം 1937 ജൂലൈ ഏഴിന് കേരള കൗമുദി പത്രം പ്രസിദ്ധീകരിച്ച അനുസ്മരണ ലേഖനത്തില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. അടുത്തിടെ മാധ്യമം വാരികയിലും മലയാള മനോരമ സണ്‍ഡെ സപ്ലിമെന്റിലും അംബേദ്ക്കറുമായി ബന്ധപ്പെട്ട് കൃഷ്ണന്‍ വൈദ്യരെ അനുസ്മരിക്കുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ വസ്തിപ്രദീപത്തിന്റെ കവര്‍ പേജ്
പഞ്ചകര്‍മ്മ ചികിത്സയില്‍ നിപുണനായിരുന്ന കൃഷ്ണന്‍ വൈദ്യര്‍ രചിച്ച 'വസ്തിപ്രദിപം' എന്ന ഗ്രന്ഥം ഇത് സംബന്ധിച്ചുണ്ടായ ആദ്യഗ്രന്ഥങ്ങളില്‍ ഒന്നായി ആയുര്‍വ്വേദ ചരിത്രകാരന്മാരും ഗവേഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പണ്ഡിതന്മാരായ വൈദ്യന്മാര്‍ പോലും ചെയ്യാന്‍ മടിച്ചിരുന്ന വസ്തിചികിത്സയെ കൂടുതല്‍ ജനകീയമാക്കുന്നതിന് ഏറെ സംഭവനകള്‍ കൃഷ്ണന്‍ വൈദ്യര്‍ ചെയ്തിട്ടുണ്ട്. കാന്തോപദേശം, സ്‌നേഹപാനവിധി എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. നാരായണ ഗുരുവിന്റെ സന്തതസഹചരായും ഗൃഹസ്ഥശിഷ്യനുമായിരുന്ന കൃഷ്ണന്‍ വൈദ്യര്‍ ഗുരുവിന്റെ അന്ത്യകാലത്ത് ഒരു വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഒപ്പം താമസിക്കുകയും ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം നാരായണ ഗുരുവിന്റെ എല്ലാ ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യരുടെ ചികിത്സാമികവും മറ്റു സംഭാവനകളും കണക്കിലെടുത്ത് നാരായണ ഗുരു വൈദ്യര്‍ക്ക് പട്ടും പവനും നല്‍കി ആദരിക്കുകയുമുണ്ടായി. ഗുരുവിന് വസ്തിചികിത്സയ്ക്കുപയോഗിച്ച വെള്ളിയില്‍ തീര്‍ത്ത വസ്തിയന്ത്രം അദ്ദേഹത്തിന്റെ ചെറുമോനായ ഡോ. വി.ആര്‍. സുരേഷ് സൂക്ഷിച്ചുപോരുന്നു. കൃഷ്ണന്‍ വൈദ്യര്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച പാണാവള്ളിയിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലായിരുന്നു നാരായണ ഗുരു അവസാനമായി വിഗ്രഹപ്രതിക്ഷ്ഠ നടത്തിയതെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ശ്രീകണ്‌ഠേശ്വരത്തെ വൈദ്യരുടെ വസതിയില്‍ നാരായണഗുരു സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. ആലുവ അദ്വൈതാശ്രമം, എറണാകുളം എസ്എന്‍വി സദനം തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുടെ തുടക്കാരില്‍ ഒരാളിയിരുന്നു അദ്ദേഹം.
തന്തൈ പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍, കുമാരനാശാന്‍, അയ്യങ്കാളി, സി.വി. കുഞ്ഞിരാമന്‍, മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍ എന്നു തുടങ്ങി അക്കാലത്തെ പ്രമുഖരുമായൊക്കെ കൃഷ്ണന്‍ വൈദ്യര്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തി. അവരൊക്കെതന്നെ പാണാവള്ളിയില്‍ അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അയ്യങ്കാളിക്കും കുമാരനാശനും കെ.എം. മാമന്‍ മാപ്പിള അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം ശ്രീമൂലം പ്രജാസഭാംഗമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്തു. 1914, 1915, 1916, 1924, 1931 എന്നി വര്‍ഷങ്ങളിലാണ് അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നത്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് അയ്യങ്കാളിയെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് പാണാവള്ളിയില്‍ വലിയ സംവാദങ്ങള്‍ക്കും മറ്റും കൃഷ്ണന്‍ വൈദ്യര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. മലയാളം, സംസ്‌കൃതം, ഹിന്ദി, തമിഴ്, ഇംഗ്‌ളീഷ് എന്നീ ഭാഷകളില്‍ അദ്ദേഹം നിഷ്ണാതനായിരുന്നു. ചിത്രമെഴുത്ത്, സ്വര്‍ണ്ണപ്പണി, മരപ്പണി, ഇരുമ്പുപണി തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടിയ അദ്ദേഹം ഓട്ടുകമ്പനി, നെയ്ത്തുശാല, വര്‍ക്ക്‌ഷോപ്പ്, കയര്‍ഫാക്ടറി, സോപ്പുഫാക്ടറി തുടങ്ങിയ നടത്തി. ചന്ദ്രിക എന്ന പേരില്‍ ആദ്യം സോപ്പ് നിര്‍മാണം നടത്തി വിപണനം നടത്തിയതും കൃഷ്ണന്‍ വൈദ്യരായിരുന്നു. വൈദ്യമഞ്ജരി, ധന്വന്തരി, ദേശാഭിമാനി, മലയാളരാജ്യം തുടങ്ങി അക്കാലത്തെ പ്രധാന പ്രസിദ്ധീകരണങ്ങളിലൊക്കെ വൈദ്യ സംബന്ധവും സാമൂഹി വിഷയങ്ങളില്‍ ഊന്നിയുള്ളതുമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇത്തരത്തില്‍ ബഹുമുഖ പ്രതിഭയായിരുന്ന പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടെ ജീവിതവും സംഭാവനകളും കൂടുതല്‍ പഠനങ്ങള്‍ക്ക് സമകാലിക സമൂഹം വിധേയമാക്കേണ്ടതുണ്ട്.
( കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനാണ് പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടെ കുടുംബാംഗമായ ലേഖകന്‍. കൃഷ്ണന്‍ വൈദ്യരെക്കുറിച്ച് പ്രസിദ്ധീകരണത്തിന് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കുന്നു)
അവലംബം:
1. വസ്തിപ്രദീപം- സി. കൃഷ്ണന്‍ വൈദ്യര്‍, പാണാവള്ളി, രണ്ടാം പതിപ്പ്, പ്രസാധനം: സി.കെ. രാഘവന്‍ വൈദ്യര്‍, 1989
2. വരിക വരിക സഹജരേ തൊട്ടു പടയാളിയുടെ പാട്ടുകള്‍-അംശി നാരായണ പിള്ള, മഹാത്മാലയം, അംശി, തേങ്ങാപ്പട്ടണം
3. പരേതനായ പാണാവള്ളി കൃഷ്ണന്‍ വൈദ്യന്‍, ജീവചരിത്ര സംഗ്രഹം, കേരള കൗമുദി, 1937 ജൂലൈ നാല്, പുറം 11
4. ജീവിതസമരം- സി. കേശവന്‍, ഡിസി ബുക്‌സ് കോട്ടയം
5. വിപ്ലവസ്മരണകള്‍-പുതുപ്പള്ളി രാഘവന്‍, വോള്യം ഒന്ന്, എസ്പിസിഎസ്, കോട്ടയം
6. മഹാമേരുക്കളുടെ നിഴലില്‍-.കെ.മഹേശ്വരിയമ്മ, ഡിസി ബുക്‌സ്, കോട്ടയം
7. വൈദ്യരുടെ കഥ-ഐ.എം.വേലായുധന്‍, കറന്റ് ബുക്‌സ്, തൃശൂര്‍
8. വൈക്കം സത്യാഗ്രഹ രേഖകള്‍-എഡി. പ്രഫ. പി.സി. മേനോന്‍, പി.കെ ഹരികുമാര്‍, എംജി സര്‍വ്വകലാശാല, കോട്ടയം
9. വൈക്കം സത്യഗ്രഹം-ഇ. രാജന്‍, മാതൃഭൂമി, കോഴിക്കോട്
10. വൈക്കം സത്യഗ്രഹ സ്മാരക ഗ്രന്ഥം, എഡിറ്റര്‍: സുകുമാരന്‍ മൂലേക്കാട്ട്, സത്യഗ്രഹ കനക ജൂബിലിയാനന്തരം പ്രസിദ്ധീകരിച്ചത്, 1977
11. വൈക്കം സത്യാഗ്രഹം ഒരു ഇതിഹാസ സമരം-സുകുമാരന്‍ മൂലേക്കാട്ട്, സദ്ഭാവന ട്രസ്റ്റ്, തിരുവനന്തപുരം
12. അഭിനവ വാഗ്ഭടന്‍ കായിക്കര പി.എം. ഗോവിന്ദന്‍ വൈദ്യര്‍- ജി. പ്രിയദര്‍ശനന്‍, കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, വര്‍ക്കല
13. മായാത്ത ഓര്‍മ്മകള്‍ സരസ കവി മൂലൂര്‍-പ്രഫ. സഹൃദയന്‍ തമ്പി, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം
14. പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍-ജി. പ്രീയദര്‍ശനന്‍, ഭാഷാപോഷിണി, സെപ്റ്റംബര്‍, 2019
15. ഡോ. കുറ്റിക്കാട്ട് ചന്ദ്രശേഖരന്‍ ശിവഗിരി തീര്‍ത്ഥാടന കനകജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ആയൂര്‍വ്വേദ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം