TMJ
searchnav-menu
post-thumbnail

Outlook

സതീശ സ്വപ്‌നങ്ങള്‍ മങ്ങി; സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരും

09 Dec 2024   |   3 min Read
ശ്രീകുമാർ മനയിൽ

ടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. കേരളത്തിലെ കെപിസിസിക്ക് യുവനേതൃത്വം അനിവാര്യമാണെന്ന മുറവിളികള്‍ക്കിടക്കാണ് 77 വയസുകഴിഞ്ഞ കെ സുധാകരന്‍ ഇനിയും ഒന്നര വര്‍ഷം കൂടി കെപിസിസിയുടെ തലപ്പത്ത് തുടരട്ടെ എന്ന നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും കെ സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഹൈക്കമാന്‍ഡിലെ രണ്ടാമനായ കെ സി വേണുഗോപാല്‍ അതിന് ബുദ്ധിപൂര്‍വ്വം തടയിട്ടു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഉജ്വല വിജയം സതീശന്റെയും അദ്ദേഹത്തെ പിന്തുണക്കുന്ന യുവനിരക്കും വലുതായ ആത്മവിശ്വാസമാണ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. അതിന്റെ വെളിച്ചത്തിലാണ് കെ സുധാകരനെ മാറ്റിക്കൊണ്ടുള്ള ഒരു കെപിസിസി പുനസംഘടന വേണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടതും. എന്നാല്‍ സതീശന്‍- ഷാഫി സംഘത്തിന്റെ കയ്യിലേക്ക് സംഘടനയെ വിട്ടുകൊടുത്താലുണ്ടാകുന്ന അപകടത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ പലരും കെ സി വേണുഗോപാലിനോട് ആശങ്ക പ്രകടിപ്പിച്ചു. വി ഡി സതീശന്‍ തന്റെ തലക്ക് മുകളിലൂടെ കാര്യങ്ങള്‍ നടത്തുന്നുവെന്ന അതൃപ്തി കെസി വേണുഗോപാലിന്  നേരത്തെ തന്നെയുണ്ട്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരനായ കെപിസിസി അധ്യക്ഷന്‍ എന്ന ആശയത്തെ മുളയിലേ നുള്ളാന്‍ കെസി വേണുഗോപാലും തിരുമാനിച്ചു. അതോടെയാണ് സതീശന്റെ ആഗ്രഹം നടപ്പാകാതെ പോയത്.

കെപിസിസിക്ക് യുവനേതൃത്വം അനിവാര്യമാണെന്ന കാര്യത്തില്‍ ചില ജാംബവാന്‍ നേതാക്കള്‍ക്കൊഴിച്ച് ആര്‍ക്കും തര്‍ക്കമില്ല. നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് വിഡി സതീശനെപ്പോലെയുള്ളരാള്‍ നിലകൊള്ളുമ്പോള്‍  അദ്ദേഹത്തെക്കാള്‍ കുറച്ചുകൂടി ചെറുപ്പമായ ഒരു നേതാവ് കെപിസിസിയുടെ തലപ്പത്തുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് പുതിയ കരുത്തും, പ്രതിഛായയും നല്‍കുമെന്ന് വിശ്വസിക്കുന്നവര്‍  കോണ്‍ഗ്രസിനകത്തും പുറത്തുമുണ്ട്. 1972 ല്‍  32ാം വയസില്‍ എ കെ ആന്റെണി കെപിസിസി അധ്യക്ഷനായ കാര്യമാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അന്ന് 53 വയസുണ്ടായിരുന്ന കെ കരുണാകരന്‍  നിയമസഭാ കക്ഷി നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്നു. 53 വയസുള്ള സീനിയര്‍ നേതാവ് നിയമസഭാ കക്ഷിയെയും 32 വയസുള്ള പുതുമുഖം കെപിസിസിയെയും നയിക്കാന്‍ അന്നുണ്ടായിരുന്നതാണ് അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയത്. കേരളത്തില്‍  ഇന്നുകാണുന്ന കോണ്‍ഗ്രസിനെ രൂപപ്പെടുത്തിയെടുത്തത് എഴുപതുകളിലെ കരുണാകരന്‍- ആന്റണി ദ്വന്ദമായിരുന്നു. 1978 ല്‍ ഇന്ദിരാഗാന്ധിക്കെതിരെ നിലപാട് കൈക്കൊണ്ട്  കോണ്‍ഗ്രസിനെ പിളര്‍ത്തി ആന്റണി പാര്‍ട്ടിക്ക് പുറത്തേക്ക് പോയില്ലായിരുന്നുവെങ്കില്‍ 67 ന് ശേഷം കേരളത്തിലൊരു സിപിഎം ഭരണം എന്നത്  സ്വപ്നമായി അവശേഷിക്കുമായിരുന്നു എന്നാണ് തലമുറ മാറ്റം വേണമെന്ന് ചിന്തിക്കുന്നവരുടെ വാദം.

കെ.സുധാകരനും വി.ഡി.സതീശനും | PHOTO: WIKI COMMONS
വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, പി സി ചാക്കോ, എന്‍ രാമകൃഷ്ണന്‍, എ സി ഷണ്‍മുഖദാസ് , വി എം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എം ഹസന്‍ തുടങ്ങിയവരൊക്കെ ആ യുവനിരയുടെ  ഭാഗമായി വന്നതായിരുന്നു.  ഇവര്‍ക്ക് ബദലായാണ് 70 കളുടെ അവസാനം  ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം ഐ ഷാനവാസ്, പന്തളം സുധാകരന്‍ എന്നിവരെ കരുണാകരന്‍ കൈപിടിച്ചുയര്‍ത്തിയത്. ഇവരാണ്  നാല് ദശാബ്ദത്തോളം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പില്‍ മുതല്‍ ഹൈബി ഈഡന്‍വരെയുള്ളവരുടെ പേരുകള്‍ കോണ്‍ഗ്രസിനുള്ളില്‍ പറഞ്ഞു കേട്ടു. എന്നാല്‍ കെ സുധാകരന്‍ തുടരട്ടെ എന്ന തീരുമാനം എടുത്തതോടെ കോണ്‍ഗ്രസിനുള്ളിലെ വലിയൊരു വിഭാഗം നിരാശരായി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം കോണ്‍ഗ്രസിലെ യുവനിരയുടെ സംഭാവനയായിരുന്നു. അവരുടെ കൂട്ടായ്മയും രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ചതിലുള്ള ചടുലതയും സഹവര്‍ത്തിത്വവുമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നില്‍.  രാഹുല്‍മാങ്കൂട്ടത്തിലിനെ  പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ സുധാകരനും, കെസി വേണുഗോപാലിനും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വിഡി സതീശനും ഷാഫി പറമ്പിലും നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്  രാഹുല്‍ അവിടെ സ്ഥാനാര്‍ത്ഥിയായി വന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോട് കൂടി കേരളത്തിലെ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും യുവതലമുറയിലേക്ക് കൈമാറേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

REPRESENTATIVE IMAGE | WIKI COMMONS
സിപിഎമ്മില്‍ പിണറായിക്ക് ശേഷം ആര് എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. തികഞ്ഞ നേതൃശൂന്യതയാണ് പിണറായിക്കുശേഷം സിപിഎമ്മിനെ കാത്തിരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിലാകട്ടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയായി വലിയ ഒരു നേതൃനിര ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. കെപിസിസി അധ്യക്ഷനായി യുവനേതാവിനെ അവരോധിക്കുന്നതിലൂടെ സിപിഎം നേരിടുന്ന നേതൃ ദാരിദ്ര്യം പരമാവധി മുതലെടുക്കാമെന്നും കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ കണക്ക് കൂട്ടുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായിട്ട് പത്തുവര്‍ഷമാകുന്നു. 2021 ല്‍ ഭരണം കിട്ടിയില്ലെങ്കില്‍ അതോടെ  യുഡിഎഫും കോണ്‍ഗ്രസും തകരുമെന്നാണ്  പൊതുവെ കരുതപ്പെട്ടിരുന്നത്. അതു സംഭവിക്കാതിരുന്നത് ആ പാര്‍ട്ടിയില്‍ സന്ദര്‍ഭോചിതമായി ഉയര്‍ന്ന് വന്ന പുതു തലമുറ നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണെന്നാണ് പുതുതലമുറക്കാരുടെ വാദം. കോണ്‍ഗ്രസിനുള്ളിലെ പതിവ് പടലപ്പിണക്കങ്ങള്‍ക്കും, ഗ്രൂപ്പ് വടംവലികള്‍ക്കും ജനറേഷന്‍ ഗ്യാപ്പിന്റെ മേമ്പൊടി ചേര്‍ക്കുന്നതിനപ്പുറം ഈ അവകാശവാദങ്ങളുടെ രാഷ്ട്രീയ പ്രസക്തി ഭാവിയിലാണ് തെളിയുക.








#outlook
Leave a comment