TMJ
searchnav-menu
post-thumbnail

Outlook

വെനിസ്വേല: അമേരിക്കയുടെ കാപട്യത്തിന്റെ നീണ്ട ചരിത്രത്തെ അവഗണിക്കുന്നു

03 Jan 2026   |   5 min Read
എറിക് റോസ്

രോ ആരോപണങ്ങളും ഓരോ കുറ്റസമ്മതമാണ്. വെനിസ്വേല ഒരു "നാർക്കോ-സ്റ്റേറ്റ്" (മയക്കു മരുന്ന് രാജ്യം) ആയി മാറിയെന്നും, "കൂട്ട നശീകരണായുധം" എന്ന് മുദ്രയടിച്ച ഫെന്റനൈൽ (Fentanyl) അമേരിക്കയിലേക്ക് പ്രവഹിക്കുക വഴി വെനിസ്വേല ഭീകരത കയറ്റുമതി ചെയ്യുന്നുവെന്നും ഡൊണാൾഡ് ട്രംപ് ഭരണകൂടം ആവർത്തിക്കുന്നത് ഇതിനെ 100 ശതമാനവും ശരിവയ്ക്കുന്നു. വെനിസ്വേലയിൽ നിന്ന് ഫലത്തിൽ ഒരു ഫെന്റനൈലും അമേരിക്കയിലേക്ക് പ്രവേശിക്കുന്നില്ല. അതിനാൽ ആരോപണം തെറ്റാണെന്ന് മാത്രമല്ല, സുതാര്യമായും രാഷ്ട്രീയമായും വ്യാജവുമാണ്. 

ട്രംപ് ഭരണകൂടത്തിന്റെ മയക്കുമരുന്ന് വിരുദ്ധ യുദ്ധത്തിന്റെ കാപട്യം വെളിവാക്കാൻ ഈ ഒരൊറ്റ സംഭവം മതിയാകും. 2024-ൽ ഒരു അമേരിക്കൻ ഫെഡറൽ കോടതി മയക്കുമരുന്ന് കടത്ത് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മുൻ ഹോണ്ടുറാൻ പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിന് ട്രംപ് അടുത്തിടെ മാപ്പ് നൽകിയതാണ് അത്. വാഷിംഗ്ടണിന്റെ സൈനിക ഘടനയിൽ ഒരു തന്ത്രപരമായ സഖ്യകക്ഷിയായി ദീർഘകാലമായി കണക്കാക്കപ്പെട്ടിരുന്ന ഒരു ഭരണകൂടത്തിന് ഹെർണാണ്ടസ് നേതൃത്വം നൽകി. "നാർക്കോ-സ്റ്റേറ്റ്" എന്ന ലേബൽ പ്രയോഗിക്കുന്നത് വസ്തുതകൾക്കനുസരിച്ചല്ല, മറിച്ച് അമേരിക്കൻ സാമ്രാജ്യത്വ ശക്തിയുടെ മാറിക്കൊണ്ടിരിക്കുന്ന താൽപ്പര്യങ്ങൾക്കനുസരിച്ചാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.

ജുവാൻ ഒർലാൻഡോ ഹെർണാണ്ടസ് | PHOTO : WIKI COMMONS
വിശാലമായ ചരിത്ര പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ വെനിസ്വേലക്ക് എതിരായ ആരോപണം കൂടുതൽ അപഹാസ്യമാവുന്നു. പതിറ്റാണ്ടുകളായി, മയക്കുമരുന്ന് കടത്ത് സുഗമമാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഏറ്റവും ശക്തരായ സംഭരണകൂട ശക്തികൾ വാഷിംഗ്ടണിന്റെ എതിരാളികളല്ല, മറിച്ച് വാഷിംഗ്ടൺ തന്നെയാണ്. ശീതയുദ്ധത്തിലും, മയക്കുമരുന്നിനെതിരായ യുദ്ധം എന്നറിയപ്പെടുന്ന കാലഘട്ടത്തിലും, അമേരിക്ക, എല്ലാറ്റിനുമുപരി സിഐഎ വഴി, മയക്കുമരുന്ന് കടത്തൽ ഭൗമരാഷ്ട്രീയ മുൻഗണനകൾക്കും, പരിഗണനകൾക്കും അനുസൃതമായി നിരന്തരം നടന്നിരുന്നു. നാർക്കോ-നെറ്റ്‌വർക്കുകൾ അമേരിക്കൻ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നിടത്തോളം അവ അവിഘ്നം തുടർന്നു. 

1980-കളിൽ ഇത് കൂടുതൽ പ്രകടമായി. സ്വദേശത്തും വിദേശത്തും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. റൊണാൾഡ് റീഗന്റെ കീഴിൽ ശീതയുദ്ധത്തിന്റെ തീവ്രത ഈ ദശകത്തിൽ രൂക്ഷമായി. കമ്മ്യൂണിസ്റ്റ് "മുന്നേറ്റങ്ങൾ" നിയന്ത്രിക്കുക മാത്രമല്ല, പിന്നോട്ടടിക്കണമെന്നും റീഗൻ ഭരണകൂടം തീർച്ചയാക്കി. അധികാരമേറ്റ ശേഷം, റീഗൻ അത് ആഗോളതലത്തിൽ ആരംഭിച്ചു, സോവിയറ്റ് സ്വാധീനം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം ഇടപെട്ടു. മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങളെക്കാൾ കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് സ്ഥിരമായ പ്രാധാന്യം ലഭിച്ചതിനാൽ, മയക്കുമരുന്ന് കടത്തിനെതിരെ കണ്ണടയ്ക്കുക എന്നത് ഈ കുരിശുയുദ്ധത്തിന്റെ ഒരു കേന്ദ്ര സവിശേഷതയായി മാറി.

റൊണാൾഡ് റീഗൻ | PHOTO : WIKI COMMONS
കാർട്ടറും ആത്മവിശ്വാസ പ്രതിസന്ധിയും

റീഗന്റെ ഉയർച്ച ഹ്രസ്വവും എന്നാൽ അർത്ഥവത്തായതുമായ ഒന്നായിരുന്നു. വാട്ടർഗേറ്റിന്റെയും വിയറ്റ്നാം യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ, രാഷ്ട്രീയ സ്ഥാപനങ്ങളിലുള്ള അമേരിക്കക്കാരുടെ വിശ്വാസം അഗാധമായി തകിടം മറിഞ്ഞരിന്നു. സാമ്പത്തിക സ്തംഭനാവസ്ഥ, പണപ്പെരുപ്പം, 1973-ലെ ഒപെക് എണ്ണ ഉപരോധത്തിന്റെ പ്രതിധ്വനികൾ എന്നിവ അമേരിക്കൻ സ്വപ്നത്തിന്റെ പ്രത്യയശാസ്ത്ര കാതലായ അനന്തമായ സാമ്പത്തിക വളർച്ചയിലേക്കുള്ള ചലനാത്മകതയുടെ വാഗ്ദാനം തകരുകയാണെന്ന് വ്യാപകമായ ധാരണ പ്രബലമായി.  

അമേരിക്ക അതിന്റെ സാമ്പത്തിക വാഗ്ദാനം നിറവേറ്റുന്നതിൽ പരാജയപ്പെടുക മാത്രമല്ല, അത് സംരക്ഷിക്കുമെന്ന് അവകാശപ്പെട്ട ജനാധിപത്യ മൂല്യങ്ങൾ വളരെക്കാലമായി ഉപേക്ഷിച്ചുവെന്നതും അവഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമായി. 1975-ൽ, ആഗോള ദക്ഷിണ മേഖലയിൽ (ഗ്ലോബൽ സൗത്ത്) പതിറ്റാണ്ടുകളായി അറിയപ്പെട്ടിരുന്ന ഒരു കാര്യം ചർച്ച് കമ്മിറ്റി തുറന്നുകാട്ടി: അമേരിക്ക ഒരു ആഗോള ജനാധിപത്യ വിരുദ്ധശക്തിയായി പ്രവർത്തിക്കുന്ന, അട്ടിമറികളും, കൊലപാതകങ്ങളും സംഘടിപ്പിക്കുന്ന (സ്വദേശത്തും വിദേശത്തും) ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അട്ടിമറിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുടെ അഭിലാഷങ്ങളെക്കാൾ അമേരിക്കൻ മൂലധനത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്ന രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന ശക്തിയാണെന്ന് തെളിയിക്കുന്നതായിരിന്നു ചർച്ച് കമ്മിറ്റി റിപ്പോർട്ട്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
1977-ൽ ജിമ്മി കാർട്ടർ വന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ വേരൂന്നിയതല്ല, മറിച്ച് മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയിൽ വേരൂന്നിയ ഒരു പുതിയ വിദേശനയം കാർട്ടർ വാഗ്ദാനം ചെയ്തു. അങ്ങനെ ചെയ്യുന്നതിലൂടെ, ശീതയുദ്ധ യാഥാസ്ഥിതികതയെ അടിസ്ഥാനമാക്കിയുള്ള നയത്തെ അദ്ദേഹം തന്റെ വാചാടോപത്തിലെങ്കിലും തകർത്തു. ഓരോ ഇടതുപക്ഷ പ്രസ്ഥാനവും ഉടനടി അമേരിക്കൻ ഇടപെടൽ ആവശ്യപ്പെടുന്ന ഒരു ക്രെംലിൻ പ്രതിനിധിയാണെന്ന വിശ്വാസത്തെ ആദ്യമായി ഒരു പ്രസിഡന്റ് പരസ്യമായി വെല്ലുവിളിച്ചു.

കാർട്ടർ പറഞ്ഞതുപോലെ, “ഒരുകാലത്ത് നമ്മോടൊപ്പം ചേർന്ന ഏതൊരു സ്വേച്ഛാധിപതിയെയും സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിച്ച കമ്മ്യൂണിസത്തെക്കുറിച്ചുള്ള അമിതമായ ഭയത്തിൽ നിന്ന് നമ്മൾ ഇപ്പോൾ മുക്തരാണ്,” “വളരെ വർഷങ്ങളായി, നമ്മുടെ എതിരാളികളുടെ വികലവും തെറ്റായതുമായ തത്വങ്ങളും തന്ത്രങ്ങളും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ചിലപ്പോൾ അവരുടെ സ്വന്തം മൂല്യങ്ങൾക്കായി നമ്മുടെ സ്വന്തം മൂല്യങ്ങൾ ഉപേക്ഷിക്കുന്നു” എന്ന് സമ്മതിച്ചു. വാഷിംഗ്ടൺ, “തീ ഉപയോഗിച്ച് തീയോട് പോരാടി, തീ വെള്ളം കൊണ്ട് കെടുത്തുന്നതാണ് നല്ലതെന്ന് ഒരിക്കലും കരുതിയിരുന്നില്ല” എന്ന് അദ്ദേഹം സമ്മതിച്ചു.

അമേരിക്കൻ വിദേശനയത്തിന്റെ തെറ്റായ ഊന്നലിനെ മാത്രമല്ല, ഒരു പരിധിവരെ മുതലാളിത്തത്തെയും കാർട്ടർ വിമർശിച്ചു. യാഥാസ്ഥിതികർ അതിനെ പരിഹാസത്തോടെ പ്രതികരിച്ചു, കാർട്ടർ തിരിച്ചറിഞ്ഞ ആഴമേറിയ ഘടനാപരമായ പ്രശ്‌നങ്ങളെ നേരിടാൻ അമേരിക്കൻ വ്യവസ്ഥാപിത നേതൃത്വം തയ്യാറായിരുന്നില്ല. 

ജിമ്മി കാർട്ടർ | PHOTO : WIKI COMMONS
റീഗൻ റോൾബാക്ക്

ഈ പ്രതികരണത്തെ അടിസ്ഥാനമാക്കി റീഗൻ രംഗത്തെത്തി. കാർട്ടർ പ്രതിനിധാനം ചെയ്തതെല്ലാം അദ്ദേഹം നിരസിച്ചു. നിക്കരാഗ്വയിലെ സാൻഡിനിസ്റ്റ വിപ്ലവം, ഇറാൻ ബന്ദി പ്രതിസന്ധി, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം എന്നിവയുൾപ്പെടെ നിരവധി വിദേശനയ പാളിച്ചകൾക്ക് കാർട്ടർ നേതൃത്വം നൽകി. റീഗൻ അത് മുതലാക്കി. കാർട്ടറെ ദുർബലനും നിഷ്കളങ്കനും അമേരിക്കൻ ശക്തിയോടും അമേരിക്കൻ ജീവിതരീതിയോടും വേണ്ടത്ര പ്രതിബദ്ധതയില്ലാത്തവനുമായി ചിത്രീകരിച്ചു. അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

1981-ൽ റീഗൻ അധികാരമേറ്റപ്പോൾ, സ്വദേശത്ത് നിയന്ത്രണമില്ലാത്ത മുതലാളിത്തവും, വിദേശത്ത് തീവ്രവാദ വിരുദ്ധവുമായ ഇടപെടലുമെന്ന വാഗ്ദാനം പിന്തുടരാൻ അദ്ദേഹം ഒരു ജനവിധി അവകാശപ്പെട്ടു, സൈനിക ബജറ്റ് അഭൂതപൂർവമായ തലങ്ങളിലേക്ക് ഉയർത്തി. എന്നിരുന്നാലും, കാര്യങ്ങൾ എളുപ്പമായിരുന്നില്ല. "വിയറ്റ്നാം സിൻഡ്രോം" എന്ന് മുദ്രകുത്തപ്പെട്ട വിദേശ ഇടപെടലിനെക്കുറിച്ചുള്ള പൊതുജന സംശയം അവയിൽ ഉണ്ടായിരുന്നു, ഇത് ആഗോളതലത്തിൽ അമേരിക്കൻ സൈനിക പ്രാധാന്യം പുനഃസ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് വെല്ലുവിളിയായി.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാൽ, പൊതുജനവികാരമോ, ജനാധിപത്യ നിയന്ത്രണങ്ങളോ, നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങളോ തന്റെ ലക്ഷ്യങ്ങളെ തടസ്സപ്പെടുത്താൻ റീഗൻ അനുവദിച്ചില്ല. ഇറാൻ-കോൺട്ര അഫയറിൽ ഇത് കുപ്രസിദ്ധമായ നിലയിൽ വ്യക്തമായി.ലെബനനിലെ അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ ഹിസ്ബുള്ളയെ സ്വാധീനിക്കുന്നതിനും, നിക്കരാഗ്വയിലെ കോൺട്രാസിനെ പിന്തുണയ്ക്കുന്നതിന് പണം സ്വരൂപിക്കുന്നതിനും വേണ്ടി ഇറാഖുമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു ഇറാന് ആയുധങ്ങൾ വിൽക്കുന്ന നടപടി അതായിരുന്നു. രണ്ടും നിയമവിരുദ്ധമായിരുന്നു: 1982-ലെ ബൊളാൻഡ് ഭേദഗതിയിലൂടെ കോൺട്രാസിനുള്ള സഹായം കോൺഗ്രസ് നിരോധിച്ചിരുന്നു. ഇറാനിലേക്കുള്ള ആയുധ വിൽപ്പനയും അമേരിക്കൻ നിയമത്തിന് എതിരായിരിന്നു.

മയക്കുമരുന്ന് കടത്തുകാരും "സ്വാതന്ത്ര്യ സമര സേനാനികളും"

റീഗൻ രാഷ്ട്രീയ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ച മറ്റൊരു രീതി സഖ്യകക്ഷികളെ മയക്കുമരുന്ന് കടത്തിൽ ഏർപ്പെടാൻ പ്രാപ്തരാക്കുന്നതായിരിന്നു. രഹസ്യ പ്രോക്സി യുദ്ധങ്ങളിൽ "സ്വാതന്ത്ര്യ സമര സേനാനികൾക്ക്" ധനസഹായം നൽകുന്ന ഈ തന്ത്രം പുതിയതായിരുന്നില്ല. തദ്ദേശീയരെ പുറത്താക്കുന്നതിൽ മദ്യത്തിന്റെ പങ്ക് മുതൽ ചൈനയിലേക്ക് ബ്രിട്ടൻ നിർബന്ധിതമായി കറുപ്പ് കയറ്റുമതി ചെയ്യുന്നത് വരെ, ഭൗമരാഷ്ട്രീയ നിയന്ത്രണം ഏകീകരിക്കാൻ സാമ്രാജ്യത്വ ശക്തികൾ വളരെക്കാലമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു.

അമേരിക്കയ്ക്ക് ഇത് അഭൂതപൂർവമായ കാര്യമായിരുന്നില്ല. വിയറ്റ്നാമിലെ അമേരിക്കൻ യുദ്ധസമയത്ത്, അമേരിക്കൻ ഇന്റലിജൻസ് പ്രാദേശിക കടത്തുകാരെ പിന്തുണയ്ക്കുന്നതിനായി നിലവിലുള്ള ഒരു പ്രാദേശിക മയക്കുമരുന്ന് വ്യാപാരം ആഗോളതലത്തിൽ വലുതാക്കാൻ പ്രാപ്തരാക്കി. ചരിത്രകാരനായ ആൽഫ്രഡ് മക്കോയ് തെളിയിച്ചതുപോലെ, ഇത് സുവർണ്ണ ത്രികോണത്തെ (ഗോൾഡൻ ട്രയാങ്കിൾ) ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപ്പാദന മേഖലയാക്കി മാറ്റാൻ സഹായിച്ചു. കണക്കുകൾ സൂചിപ്പിക്കുന്നത് തെക്കുകിഴക്കൻ ഏഷ്യയിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈനികരിൽ 25% വരെ ചില യൂണിറ്റുകളിൽ ഹെറോയിൻ ഉപയോഗിച്ചിരുന്നുവെന്നും ആയിരക്കണക്കിന് ആളുകൾ വാഷിംഗ്ടണിന്റെ പങ്കാളിത്തത്തോടെ ലഹരിക്ക് അടിമകളായി നാട്ടിലേക്ക് മടങ്ങിയെന്നുമാണ്.

റീഗന്റെ കീഴിൽ, അത്തരം ഏർപ്പാടുകൾ തീവ്രമായി. "മയക്കുമരുന്നിനെതിരായ യുദ്ധം" എന്ന ബാനറിൽ ഭരണകൂടം സ്വദേശത്ത് ശിക്ഷാപരമായ മയക്കുമരുന്ന് വിരുദ്ധ പോലീസിംഗ് ആക്രമണാത്മകമായി വികസിപ്പിച്ചപ്പോൾ, മയക്കുമരുന്ന് കൃഷിയും, ഗതാഗതവും അത് പരോക്ഷമായി സുഗമമാക്കുകയും ചെയ്തു, അത് ശീതയുദ്ധ മുൻഗണനകൾക്ക് സഹായകമായി. റീഗൻ കാലഘട്ടത്തിലെ ഏറ്റവും രക്തരൂക്ഷിതമായ രണ്ട് പ്രോക്സി യുദ്ധങ്ങളിലാണ് ഈ ചലനാത്മകത ഏറ്റവും കൂടുതൽ ദൃശ്യമായത്: സോവിയറ്റ്-അഫ്ഗാൻ യുദ്ധം, നിക്കരാഗ്വയിലെ കോൺട്രാ യുദ്ധം.1979-ലെ സോവിയറ്റ് അഫ്ഗാനിസ്ഥാൻ അധിനിവേശത്തിനുശേഷം, വിയറ്റ്നാമിൽ അമേരിക്ക

കുടുങ്ങിയ പോലെ സോവിയറ്റുകളെ കുടുക്കാൻ അമേരിക്ക കോടിക്കണക്കിന് ഡോളർ മുജാഹിദീനുകൾക്ക് നൽകി, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രഹസ്യ ഓപ്പറേഷൻ നടത്തി. ഈ നയം ഗണ്യമായ "തിരിച്ചടി" ഉണ്ടാക്കുമെന്ന് അന്ന് വ്യക്തമായിരുന്നു, ഫലം സങ്കൽപ്പിച്ചതിലും വളരെ മോശമായിരുന്നു, പക്ഷേ സോവിയറ്റുകളെ തളർത്താനുള്ള അവസരം ഉപേക്ഷിക്കാൻ റീഗൻ തയ്യാറല്ലായിരുന്നു.

സോവിയറ്റ് വിരുദ്ധ കലാപത്തെ നിലനിർത്താനുള്ള അമേരിക്കൻ പിന്തുണയുടെ വ്യാപ്തിയെ, രാഷ്ട്രമീമാംസകനായ മഹ്മൂദ് മംദാനി "അമേരിക്കൻ ജിഹാദ്" എന്ന് വിശേഷിപ്പിക്കാൻ കാരണമായി. എന്നാൽ പണത്തിന്റെയും ആയുധങ്ങളുടെയും ഒഴുക്കിന് മയക്കുമരുന്ന് കടത്ത് സഹായകമായി. യുദ്ധത്തിന് മുമ്പ്, അഫ്ഗാനിസ്ഥാനിലെ ഹെറോയിൻ ഉത്പാദനം നിസ്സാരമായിരുന്നു. 1989 ആയപ്പോഴേക്കും, അഫ്ഗാൻ-പാകിസ്ഥാൻ വിതരണ പാതകൾ ആഗോള വിപണികളിൽ ആധിപത്യം സ്ഥാപിച്ചു. സിഐഎയ്ക്കും മയക്കുമരുന്ന് പണത്തിനും പ്രാപ്തമാക്കിയ ഒരു വിനാശകരമായ ആഭ്യന്തര യുദ്ധത്തിനും സാഹചര്യങ്ങൾ സൃഷ്ടിച്ചു, അത് ഒടുവിൽ 1996-ൽ താലിബാനെ അധികാരത്തിലെത്തിച്ചു.

മഹ്മൂദ് മംദാനി | PHOTO : WIKI COMMONS
ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ മരണത്തിനും നാശത്തിനും ഇന്ധനം നൽകി. അവിടെ ദശലക്ഷക്കണക്കിന് അഫ്ഗാൻ സിവിലിയന്മാരുടെ ജീവൻ നഷ്ടമായി. വിയറ്റ്-അഫ്ഗാൻ ജിഹാദിനിടെ, അമേരിക്കൻ തെരുവുകളിൽ ലഭ്യമായ ഹെറോയിന്റെ 60 ശതമാനവും ഈ മേഖലയിൽ നിന്നായി. അനന്തരഫലങ്ങൾ ഉടനടിയും കഠിനവുമായിരുന്നു. ആ സമയത്ത് വൈറ്റ് ഹൗസിലെ മയക്കുമരുന്ന് നയ ഉപദേഷ്ടാവ് സമ്മതിച്ചതുപോലെ, ന്യൂയോർക്ക് നഗരത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളിൽ 77 ശതമാനം വർദ്ധനവ് ഉണ്ടായി.

സമാനമായ യുക്തി മധ്യ അമേരിക്കയിലും ഉയർന്നുവന്നു. കോൺട്രാസിന് പണം ആവശ്യമായിരുന്നു, കൊക്കെയ്ൻ ശൃംഖലകൾ അത് നൽകി. ഇറാൻ-കോൺട്രായുടെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്തതും ഈ ബന്ധങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതുമായ കെറി കമ്മിറ്റി 1989-ൽ കോൺട്രാസ് മയക്കുമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ടതിന് ഗണ്യമായ തെളിവുകളുണ്ടെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അവരെ ഇടപെടലില്ലാതെ പ്രവർത്തിക്കാൻ അനുവദിച്ചുവെന്നും വ്യക്തമാക്കി.

കെറി കമ്മിറ്റി റിപ്പോർട്ട് | PHOTO : WIKI COMMONS
“മയക്കുമരുന്നിനെതിരായ യുദ്ധ”ത്തിന്റെ പരാജയങ്ങൾ

വെനിസ്വേലയുമായുള്ള യുദ്ധത്തിന് കാരണമായി ട്രംപ് മയക്കുമരുന്നിനെ ഉപയോഗിക്കുന്നത് അവിശ്വസനീയമാണ്. തന്ത്രപരമായ ലക്ഷ്യങ്ങൾക്കായി മയക്കുമരുന്ന് കടത്തിൽ അമേരിക്ക പങ്കാളിയായതിന്റെ അല്ലെങ്കിൽ പുലർത്തിയ നിസ്സംഗത ദീർഘകാല ചരിത്രത്തിന്റെ ഭാഗമായതിനാൽ ട്രംപിന്റെ നടപടി പ്രഹസനമായി മാറുന്നു. പതിറ്റാണ്ടുകളായി, വാഷിംഗ്ടൺ മയക്കുമരുന്നുകളെ പൊതുജനാരോഗ്യ വെല്ലുവിളിയായിട്ടല്ല, മറിച്ച് ഒരു രാഷ്ട്രീയ ഉപകരണമായിട്ടാണ് കണക്കാക്കുന്നത്, “മയക്കുമരുന്നിനെതിരായ യുദ്ധം” ഒരിക്കലും മയക്കുമരുന്നുകളുടെ വിൽപ്പനയോ ഉപയോഗമോ തടയുന്നതിനോ അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനോ ഉള്ളതായിരുന്നില്ല. പകരം, അത് അമേരിക്കൻ ശക്തിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു സംവിധാനമായി പ്രവർത്തിച്ചിട്ടുണ്ട്. ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കും, മയക്കുമരുന്ന് കടത്തിനും സൗകര്യമൊരുക്കുന്നവർ എന്ന നിലയിൽ അമേരിക്കക്ക് മറ്റ് രാജ്യങ്ങളെ വിശ്വസനീയമായി അപലപിക്കാൻ കഴിയില്ലെന്ന് ഈ ചരിത്രം വ്യക്തമാക്കുന്നു.

എറിക് റോസ് മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ ഗവേഷകനാണ്. റൂട്ട്സ് ആക്ഷൻ എഡ്യൂക്കേഷൻ ഫണ്ട് സ്പോൺസർ ചെയ്യുന്ന ദേശീയ ടീച്ച്-ഇൻ നെറ്റ്‌വർക്കിന്റെ കോർഡിനേറ്ററാണ് അദ്ദേഹം.




#outlook
Leave a comment