TMJ
searchnav-menu
post-thumbnail

Outlook

വെനിസ്വേല: വിഭവങ്ങൾക്കുമേലുള്ള അധികാരക്രമം

10 Jan 2026   |   8 min Read
അരവിന്ദ് വി എസ്

ആക്രമണത്തിൽ ആഹ്ലാദിക്കുന്ന വെനിസ്വേലക്കാർ

ലോകത്തെ ഞെട്ടിച്ചുകൊണ്ട് യു.എസ്.എ വെനിസ്വേലയെ ആക്രമിക്കുകയും രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരിക്കുന്നു. മഡുറോ അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഈ ആക്രമണത്തിന് അമേരിക്ക മുതിർന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ ആക്രമണങ്ങൾക്ക് പതിറ്റാണ്ടുകൾക്ക് ശേഷം വെനിസ്വേലയുടെ പരമാധികാരത്തിന് നേരെ യു.എസ്.എ നടത്തിയ ആക്രമണത്തിനും അട്ടിമറിക്കും ശേഷം സവിശേഷമായ ചില സംഭവങ്ങൾ നടന്നു. 

മറ്റു രാജ്യങ്ങളിൽ കുടിയേറിയ വെനിസ്വേലൻ അഭയാർത്ഥികൾ അമേരിക്കൻ ആക്രമണത്തിൽ ആഹ്ലാദ പ്രകടനം നടത്തിയതായിരുന്നു അത്. സ്വരാജ്യത്തിന് നേരെ അമേരിക്ക ആക്രമണം നടത്തുമ്പോഴും കോളനി വത്കരിക്കുമ്പോഴും എങ്ങനെയാണ് അഭയാർത്ഥികൾക്ക് ഇത്തരം ഒരു ആഹ്ലാദപ്രകടനം നടത്താനാകുക എന്ന ചോദ്യം നിർണായകമാണ്. ശക്തമായ ദേശസാത്കരണത്തിൽ പ്രതിഷേധമുണ്ടായിരുന്ന രാജ്യത്തെ വരേണ്യ വർഗമാണ് മറ്റു രാഷ്ട്രങ്ങളിലേക്ക് കുടിയേറിയതെന്നും അവരാണ് ഈ അമേരിക്കൻ ആക്രമണത്തിൽ ആഹ്ലാദിക്കുന്നതെന്നും വാദങ്ങളുണ്ട്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ലാറ്റിഫുണ്ടോ എന്ന ഭൂവിതരണ വ്യവസ്ഥയിൽ ഭൂവിഭവത്തിന്റെ അധിക പങ്കും ചില വിഭാഗങ്ങളുടെ കൈകളിൽ മാത്രം ആയിരുന്നു. വെളുത്ത വംശജരുടെയും, അവരും തദ്ദേശീയരുമായി ഇടകലർന്നു രൂപപ്പെട്ട മെസ്റ്റിസോ വിഭാഗത്തിൽപെട്ട താരതമ്യേന വെളുത്ത നിറമുള്ള വിഭാഗങ്ങളുടെയും ഉടമസ്ഥതയിൽ ആയിരുന്നു ഭൂമിയുടെ മുഖ്യ പങ്കും. 1960 ൽ റോമിലോ ബെറ്റൻകോർട്ടിന്റെ നേതൃത്വത്തിൽ ചെറിയ തോതിൽ ഭൂവിതരണം സംഭവിച്ചെങ്കിലും 1990 കളോടെ ശക്തമായ കയ്യേറ്റം വീണ്ടും ഭൂരഹിതരെ ആമസോൺ, ആന്റിസ് വനങ്ങളുടെ ഓരങ്ങളിലേക്ക് തള്ളിവിട്ടു. പിന്നീട് 2001 ൽ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ വീണ്ടും മിഷൻ സാമോറ എന്ന ഭൂമി പിടിച്ചടക്കൽ നടത്തി ലാറ്റിഫുണ്ടോ സിസ്റ്റം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലവത്തായിരുന്നില്ല. 

ദേശസാത്കരണനയങ്ങളിൽപെട്ടു ആഭ്യന്തര വിപണിയിലും സ്വത്തുടമസ്ഥയിലും ഇടപെടാൻ കഴിയാതെ വന്ന ഈ ഭൂ അധികാരമുള്ള വംശീയ വരേണ്യർ അമേരിക്കൻ അക്രമണത്തോടെ ഇനി വിപണി തങ്ങളുടെ സ്വകാര്യ നിക്ഷേപത്തിന് കൂടി തുറന്ന് കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. എന്നിരുന്നാലും ഇത്തരമൊരു സാമൂഹിക സംഭവത്തിന് പ്രധാന്യങ്ങൾ ഏറെയാണ്. അതുകൊണ്ട് തന്നെ വികസന സൂചികകളിൽ ആ രാജ്യം എവിടെ നിൽക്കുന്നു എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
സൗദി അറേബ്യയെക്കാൾ അധികം ക്രൂഡ് ഓയിൽ സമ്പത്തുള്ള രാഷ്ട്രമാണ് വെനിസ്വേല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഏകദേശം 300 ബില്യൺ ബാരലുകളോളം വരുമിത് എന്നാണ് കണക്കാക്കപ്പെടുന്നത്. അത്തരമൊരു രാഷ്ട്രം തീർച്ചയായും വികസന സൂചികകളിൽ ഉയർന്നു നിൽക്കേണ്ടത് തന്നെയാണ്. അത്തരമൊരു രാഷ്ട്രം മാനുഷിക വികസന സൂചികകളിൽ 121 മത് സ്ഥാനത്താണ് നിലനിൽക്കുന്നത്. 0.709 എന്ന നിരക്കിൽ അത്ര മോശമല്ലാത്ത വികസന സൂചിക അവർക്കുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ അവരുടെ വികസന സൂചികകകളിൽ വർധനയുമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഇത്രമാത്രം ക്രൂഡ് ഓയിൽ വിഭവം ശേഖരമായി ഉണ്ടായിട്ടുപോലും എന്തുകൊണ്ട് അത് വികസനത്തിൽ പ്രതിഫലിച്ചില്ല എന്ന സംശയം ന്യായമുള്ളതാണ്. വികസന സൂചികകൾ പരിഗണിക്കുമ്പോൾ സമാനമായി ഓയിൽ വിഭവം ലഭ്യമായ രാജ്യങ്ങളെക്കാൾ വളരെ പിന്നിൽ ആയിരിക്കുമ്പോൾ അതിന് പ്രാധാന്യമേറുന്നു. വിശേഷിച്ചും ഏഴു മില്യൺ ജനങ്ങളോളം അവിടെ നിന്നും അഭയാർത്ഥികളായി മറ്റു രാഷ്ട്രങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്നും 20 ശതമാനത്തോളം ജനങ്ങൾ പോഷകാഹാരക്കുറവ് നേരിടുകയും ചെയുന്നുണ്ട് എന്ന വസ്തുതകൾ പരിഗണിക്കുമ്പോഴും. 20 മില്യൺ ജനങ്ങൾ ഇത്തരത്തിൽ മറ്റു രാഷ്ട്രങ്ങളിൽ അഭയാർഥിത്വം സ്വീകരിച്ചു എന്ന് അനൗദ്യോഗികമായി കണക്കാക്കപ്പെടുന്നു. ഈ സാഹചര്യം മനസ്സിലാകണമെങ്കിൽ വെനിസ്വേലയുടെ സമ്പദ് വ്യവസ്ഥയുടെ സ്വഭാവം എന്താണെന്ന് മനസിലാക്കേണ്ടി വരും. 

സമ്പദ് വ്യവസ്ഥ

19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഓയിൽ സമ്പത്ത് കണ്ടെത്തുവോളം രാജ്യം ഒരു കാർഷിക മേഖലയിൽ കേന്ദ്രീകരിച്ച ഒന്നായിരുന്നു. സ്പാനിഷ് യൂറോ വംശീയ വിഭാഗവും, മുൻപ് സൂചിപ്പിച്ച മെസ്റ്റിസോ വിഭാഗത്തിന്റെയും ഉടമസ്ഥതയിൽ ആയിരുന്നു ഭൂവിഭവത്തിന്റെ മുഖ്യപങ്കും. തദ്ദേശീയരും, ആഫ്രിക്കൻ വംശജരും ഈ പ്ലാന്റേഷനുകളിൽ തൊഴിലാളികളായും ഭൂരഹിതരായും നിലനിന്നു. 300 വർഷങ്ങളേറെയായി നീണ്ടുനിന്ന സ്പാനിഷ് ഭരണം അവസാനിച്ചു 1811 ഓടെ രാജ്യം സ്വാതന്ത്രമായെങ്കിലും അത് ഗ്രാൻ കൊളമ്പിയ എന്ന സഖ്യത്തിൽ നിന്ന് പൂർണമായും സ്വതന്ത്ര പരമാധികാര രാഷ്ട്രമാകുന്നത് 1830 ലാണ്. എന്നിരുന്നാലും 1920 കളോടെ ഓയിൽ വിഭവം കണ്ടെത്തിയത് വിദേശ കുത്തകകളെ വീണ്ടും രാജ്യത്തെ മാർക്കറ്റിനകത്തേക്ക് എത്തിച്ചു. 1975 വരെ ഈ ചൂഷണം നിർബാധം തുടർന്നു. അക്കാലം വരെ കാർഷിക സമ്പദ് വ്യവസ്ഥയിൽ കേന്ദ്രീകരിച്ച രാഷ്ട്രം പതുക്കെ അതിന്റെ സ്വഭാവം മാറ്റത്തിന് വിധേയമാക്കി പൂർണമായും ഒരു പെട്രോൾ സമ്പദ് വ്യവസ്ഥയായി അത് പരിണമിച്ചു. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാൽ 1975 ആയപ്പോൾ സർക്കാർ പെട്രോളിയം ദേശസാത്കരിച്ചു. അതോടെ പട്രോളെയോ ഡി വെനിസ്വേല. എസ്.എ (PDVSA) എന്ന പൊതുമേഖലാ സ്ഥാപനം ആരംഭിക്കുകയും ഈ മേഖലയിൽ വിദേശ സ്വാകാര്യ നിക്ഷേപം പൂർണമായും അവസാനിപ്പിക്കുകയും ചെയ്തു. 1920 കൾ മുതൽ ശക്തമായിരുന്ന വിദേശ കമ്പനികളുടെ ആധിപത്യം ഇതോടെ അവസാനിച്ചു. പിന്നീട് 1994 ഓടെ വീണ്ടും നയസമീപനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും സ്വകാര്യ- പൊതുമേഖലാ പങ്കാളിത്തത്തോടെയും ഉത്പാദനത്തിനും വികസനത്തിനും ഊന്നൽ നൽകികൊണ്ട് ഈ മേഖലയിൽ വിദേശ നിക്ഷേപങ്ങൾ വീണ്ടും സ്വീകരിക്കപ്പെട്ടിരുന്നു. പ്രവർത്തനത്തിലും, ലാഭക്കച്ചവടത്തിലും കൃത്യമായി കരാറുകളോടെയാണ് ഇത് ആരംഭിച്ചത്. എണ്ണ ശുദ്ധീകരണത്തിനും വിതരണത്തിനും അക്കാലത്ത് സ്വകാര്യ മൂലധനം സ്വീകരിക്കപ്പെട്ടിരുന്നു. ഈ നയങ്ങൾ തന്നെ ഹ്യൂഗോ ഷാവേസിന്റെ ഭരണം വന്നതോടെ 2001 ൽ വീണ്ടും വിദേശ നിക്ഷേപം തടയുകയും ദേശസാൽക്കരണം തുടരുകയും ചെയ്തു.

2001 ൽ നിലവിൽ വന്ന ഹൈഡ്രോകാർബൺ നിയമം അനുസരിച്ചു എല്ലാ പങ്കാളിത്ത കമ്പനികളിലും 51% ഓഹരികൾ PDVSA ക്ക് ഉണ്ടായിരിക്കണം എന്ന നിബന്ധന വന്നു. 2005 മുതൽ 2007 വരെ ഈ പങ്കാളിത്ത കമ്പനികളിൽ പല കരാറുകളും പുതുക്കുകയും പ്രവർത്തന കരാറുകൾ ദേശസാത്കരണത്തിന്റെ ഭാഗമായി നിർബന്ധിതമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ യു.എസ്.എ പലപ്പോഴും PDVSA കമ്പനിക്കെതിരെ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. 2019 ജനുവരിയിൽ ഈ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തിരുന്നു. വിദേശ നിക്ഷേപകരെ തടയുക, അമേരിക്കൻ പൗരന്മാരെ നിക്ഷേപത്തിൽ നിന്ന് തടയുക, PDVSA ആസ്തികൾ തടയുക എന്നീ പ്രവർത്തനങ്ങൾ അമേരിക്കയുടെ ഭാഗത്തു നിന്നുമുണ്ടായി. ഷെവറോൺ എന്ന ഒരേയൊരു കമ്പനിക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുകൾ ഉണ്ടായിരുന്നത്. എന്നാൽ അമേരിക്കയുടെ ഈ നിയന്ത്രണങ്ങൾക്ക് പുറമെ ആഭ്യന്തര നടപടികളും രാജ്യത്തെ ദുർബലപ്പെടുത്തുന്നതിൽ പങ്കു വഹിച്ചിരുന്നു. അത് വിഭവങ്ങളുടെ വിതരണവും കാർഷിക, വ്യാവസായിക ഉല്പാദനമേഖലകളുടെ ക്ഷയത്തിലുമാണ് കലാശിച്ചത്. അതെങ്ങനെ സംഭവിച്ചു എന്നതും പരിശോധിക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്.


REPRESENTATIVE IMAGE | PHOTO : WIKI COMMONS
ക്ഷേമ പ്രവർത്തനങ്ങളും സമ്പദ് വ്യവസ്ഥയും

കാർഷിക വൃത്തിയിൽ നിന്നും ഓയിൽ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം പതുക്കെ പരിണമിച്ചത് ഭൂമിയെ ചരക്കുവത്കരിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിരുന്നു. ഇതോടുകൂടി വളരെ പെട്ടെന്ന് തന്നെ തദ്ദേശീയരായ സമുദായങ്ങൾ ഭൂമിക്ക് വേണ്ടിയും ഓയിൽ വിഭവത്തിന് വേണ്ടിയുമുള്ള ശക്തമായ മത്സരത്തിൽ സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിപ്പിക്കപ്പെട്ടു. അതും രാജ്യത്തിന്റെ വരുമാനം ഓയിൽ സമ്പദ് വ്യവസ്ഥയിൽ മാത്രം കേന്ദ്രീകരിപ്പിച്ചതും നഗരങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്കിനെ ശക്തമാക്കി. മറ്റു ഉല്പാദന മേഖലകളിൽ സർക്കാർ ചെലവുകൾ വെട്ടിച്ചുരുക്കി. അതോടൊപ്പം സിമന്റ്, സ്റ്റീൽ, വൈദ്യുതി, ടെലി കമ്മ്യൂണിക്കേഷൻ എന്നീ മേഖലകൾ സർക്കാർ ശക്തമായി ദേശസാത്കരിച്ചത് വീണ്ടും ഈ മേഖലകൾ വളരുന്നതിന് തടസം നിന്നു. 1000 ത്തോളം സ്ഥാപനങ്ങളാണ് 2007 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുത്തത്. 

എന്നാൽ ഓയിൽ വരുമാനം സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിലേക്ക് ഒഴുക്കുന്നതിൽ ഹ്യൂഗോ ഷാവേസ് നടത്തിയ ഇടപെടലുകൾ വളരെ ഗുണകരമായ മാറ്റങ്ങൾ ജനജീവിതത്തിൽ പ്രതിഫലിപ്പിച്ചു എന്നുള്ളത് വസ്തുത തന്നെയാണ്. ഒരുപക്ഷേ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തിന്റെ മാനുഷിക വികസന സൂചികകളിൽ ഉണ്ടായ വളർച്ച അത് തെളിയിക്കുകയും ചെയ്യുന്നുണ്ട്. “മിഷൻ ബാരിയോ അജൻഡ്രോ” എന്ന പദ്ധതി വഴി പ്രാഥമിക ആരോഗ്യ മേഖല ഈ കാലഘട്ടത്തിൽ ശക്തമായി വികസിച്ചിരുന്നു. ഇതോടെ ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിനായി. “മിഷൻ മാർസെല” എന്ന പൊതു വിതരണ സംവിധാന പദ്ധതി ശക്തമാക്കിയത് വലിയ തോതിൽ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിനും പട്ടിണി ഗണ്യമായി കുറക്കുന്നതിനും സഹായിച്ചു. “മിഷൻ റോബിൻസൺ” എന്ന പദ്ധതി വഴി പൊതുവിദ്യാഭ്യാസ മേഖല ശക്തിയാകുന്നതിനും യുനെസ്കോ 2005 ൽ “നിരക്ഷര രഹിത” രാജ്യമായി വെനിസ്വേലയെ പ്രഖ്യാപിക്കുന്നതിലും കലാശിച്ചു. “മിഷൻ വിവിയേണ്ട” എന്ന പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങളെ സർക്കാർ നിർമിത പാർപ്പിടങ്ങളിൽ പുനരധിവസിപ്പിക്കാനും കഴിഞ്ഞത് സർക്കാരിന്റെ ശക്തമായ ക്ഷേമ പ്രവർത്തനങ്ങളെ ലോകത്തിന് കാണിച്ചുകൊടുത്തു. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാൽ മുൻപ് സൂചിപ്പിച്ചതു പോലെ ഓയിൽ സമ്പദ് വ്യവസ്ഥയിൽ മാത്രമായി ആഭ്യന്തര വരുമാനം കേന്ദ്രീകരിപ്പിച്ചതും ആഭ്യന്തര ചെലവുകൾ ബഹുഭൂരിപക്ഷവും ക്ഷേമ പ്രവർത്തനങ്ങളിലേക്ക് മാത്രം കേന്ദ്രീകരിപ്പിച്ചതും മറ്റു ഉല്പാദന കാർഷിക സേവന മേഖലകളെ ക്ഷയിപ്പിക്കുന്നതിന് കാരണമായി. ഈ മേഖലകളിൽ നിന്ന് രാജ്യത്ത് വരുമാനം കുറഞ്ഞു വന്നു. ഇത് അപകടകരമായ ഫലങ്ങൾ ഉണ്ടാക്കിയത് ആഭ്യന്തര നാണയത്തിന്റെ മൂല്യം വർധിക്കുകയും ഇറക്കുമതി വർധിച്ചപ്പോഴും പിന്നീട് വർഷങ്ങൾക്ക് ശേഷം, ആഗോളമായി ക്രൂഡ് ഓയിൽ വില കൂപ്പുകുത്തിയപ്പോഴാണ്. 

ഓയിൽ വിലയിടിവും ആഭ്യന്തര വിപണിയുടെ തകർച്ചയും 

ക്രൂഡ് ഓയിൽ ഉത്പന്നങ്ങളുടെ കച്ചവടം രാജ്യത്തിന് വിദേശ വരുമാനം വർധിപ്പിക്കുന്നതിന് കാരണമായിരുന്നു. ഇത് രാജ്യത്തിന്റെ ആഭ്യന്തര നാണയത്തിന്റെ മൂല്യം വർധിപ്പിക്കുകയും അതോടുകൂടി വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ കുതിപ്പ് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില തകർന്നത് രാജ്യത്തിന് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. 

അതിന് കാരണമായത് മൂന്ന് പ്രധാന മാറ്റങ്ങളാണ്. യു,എസ്.എ യിൽ ചില സവിശേഷമായ പാറക്കെട്ടുകളിലെ ധാതു വിഭവങ്ങളിൽ നിന്നും തരം തിരിച്ചെടുക്കുന്ന ഷെയിൽ ഓയിൽ ഉത്പാദനം വർധിച്ചു. സമാനമായി അക്കാലത്ത് പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളുടെ സംഘടന Organization of the Petroleum Exporting Countries (OPEC) ഉത്പാദനം വർധിപ്പിച്ചതും ക്രൂഡ് ഓയിൽ ലഭ്യത വർധിപ്പിച്ചു. യൂറോപ്പിലും ഉത്തര അമേരിക്കയിലും ഇന്ധനത്തിന്റെ ആവശ്യകത കുറയുകയും ചൈനയുടെ ആഭ്യന്തര വിപണി താഴോട്ട് പോയതും ചേർന്ന് വലിയ രീതിയിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നതിൽ കലാശിച്ചു. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ക്രൂഡ് ഓയിൽ വില ഉയർന്നു നിന്ന കാലത്ത് വെനിസ്വേലയിൽ ആഭ്യന്തര വരുമാനം ശക്തമാകുകയും അവരുടെ നാണയമായ ബൊളിവറിന്റെ മൂല്യം വർധിക്കുകയും ചെയ്തിരുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ വലിയ രീതിയിൽ വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതിയിലാണ് ഇത് അവസാനിച്ചത്. മൂല്യം കുറഞ്ഞ വിദേശ ഉത്പന്നങ്ങൾ ക്രമാതീതമായി ഇറക്കുമതി ചെയ്തത് ആഭ്യന്തര വിപണിയെ വളരെ പതുക്കെ ശിഥിലമാക്കിയിരുന്നു. ആഭ്യന്തര ഉത്പന്നങ്ങളുടെ വില വർധിക്കുകയും മുൻ നടപടികളിലൂടെ ശോഷിച്ച ഉല്പാദന, കാർഷിക മേഖലയുടെ ശോഷണം ശക്തമാകുകയും ചെയ്തിരുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ രാജ്യത്ത് സൃഷ്ടിച്ചു. അതോടോപ്പം ക്രൂഡ് ഓയിൽ വില ആഗോളമായി ഇടിഞ്ഞപ്പോൾ രാജ്യത്തിന് പിടിച്ചു നിൽക്കാൻ മറ്റു വരുമാന മാർഗങ്ങൾ ഇല്ലാതാക്കുകയും കടം വർധിക്കുകയും ചെയ്തു. എന്നാൽ അതോടുകൂടി അക്കാലം വരെ മുന്നോട്ട് പോയ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസം നേരിടുകയും രാജ്യം ആഭ്യന്തരമായ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുകയും ചെയ്തു.

ഇതാണ് പിന്നീട് ശക്തമായ ജനകീയ സമരങ്ങളിലും മുന്നേറ്റങ്ങളിലും കലാശിച്ചത്. എന്നാൽ അതിനെ അഭിസംബോധന ചെയ്യാനോ പ്രശ്ന പരിഹാരത്തിനായി നയങ്ങളെ മാറ്റുവാനോ ഭരണകൂടത്തിന് കഴിയാതെ വന്നു. ഹ്യൂഗോ ഷാവേസിന് ശേഷം വന്ന മഡുറോ ജനകീയ പ്രക്ഷോഭത്തെയും അഭയാർത്ഥി പ്രവാഹത്തെയും അഭിസംബോധന ചെയ്യാതെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിനും തയ്യാറായി. ഇതുകൂടി മുൻപ് സൂചിപ്പിച്ച അഭയാർഥികളുടെ ആഹ്ലാദ പ്രകടനങ്ങൾക്ക് പ്രധാന കാരണമായിട്ടുണ്ട്. എന്നാൽ നവ കോളനീകരണവും വിഭവക്കൊള്ളയും എന്താണെന്ന് പരിശോധിക്കാതെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ യഥാർത്ഥ സാമൂഹിക സ്വഭാവവും മാതൃകയും മനസിലാക്കാൻ കഴിയുകയില്ല.

REPRESENTATIVE IMAGE | PHOTO :WIKI COMMONS
വിഭവങ്ങളുടെ മേലുള്ള അധികാരക്രമം

കേരളത്തിലെ ദളിത് ആദിവാസി കോളനികളെയും സങ്കേതങ്ങളെയും എപ്പോഴും മലയാള സിനിമകളും സീരിയലുകളും ചിത്രീകരിച്ചത് മദ്യപാന്മാരുടെയും പൈശാചികരുടെയും അസാന്മാർഗിക പ്രവർത്തികളുടെയും കേന്ദ്രങ്ങൾ ആയിട്ടാണ്. ഇത്തരം ചിത്രമാണ് കേരളത്തിലെ പോലീസ് വകുപ്പും നിരന്തരം ഈ സങ്കേതങ്ങൾക്ക് ചാർത്തികൊടുക്കാൻ ശ്രമിക്കുന്നത്. ലാറ്റിൻ അമേരിക്കൻ ലോക ക്രമം പരിശോധിക്കുമ്പോഴും അന്തർദേശീയ തലത്തിൽ നമുക്ക് ഇതിന് സമാനമായ മാതൃകകൾ കണ്ടെത്താനാകും.

നർക്കോസ്‌ ആൻഡ് നർക്കോസ്‌ : ന്യൂ മെക്സിക്കോ, എൽ ചാപോ, ബ്രേക്കിങ് ബാഡ്, ബെറ്റർ കോൾ സോൾ, ദി വയർ എന്നിവയും തുടങ്ങി അനേകം അനേകം നാർക്കോ ഷോണരിൽ പുറത്തുവന്ന മുഴുവൻ 
മയക്കുമരുന്ന് മാഫിയയുമായി ബന്ധപെട്ടു ചിത്രീകരിക്കപ്പെട്ട നാർകോസ് ഫ്രാഞ്ചൈസിയിലെ എല്ലാ സീരീസുകളും സിനിമകളും ലാറ്റിനമേരിക്കയിലെയും അമേരിക്കയിലെയും ലോകത്തെ സവിശേഷ രീതിയിലാണ് ചിത്രീകരിച്ചത്. അത് അമേരിക്കൻ പോലീസിനെ രക്ഷകരായും അമേരിക്കൻ ഗവൺമെന്റിനെ നിലപാട് മാറാത്ത കരുത്തരായ വ്യവസ്ഥിതിയായും ചിത്രീകരിക്കുന്നതായിരുന്നു മിക്കപ്പോഴും. അപരിഷ്കൃതരും അക്രമണകാരികളുമായി ലാറ്റിൻ അമേരിക്കൻ ജനതയെ ചിത്രീകരിച്ചപ്പോൾ അത് അമേരിക്കയെ സ്വപ്നതുല്യമായും ലാറ്റിൻ അമേരിക്കൻ ലഹരി മാഫിയയുടെ ഇരയായ വിപണിയായും ചിത്രീകരിച്ചു. അതിൽ ഏറ്റവും സവിശേഷമായത് ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിലെ സർക്കാരുകളെ അത് വളരെ എളുപ്പം അഴിമതിക്ക് വഴിപ്പെടുന്ന നീചരായിട്ടാണ് ചിത്രീകരിച്ചത് എന്നതാണ്. ചില വ്യക്തികൾക്ക് വളരെ എളുപ്പത്തിൽ നിയന്ത്രിക്കാവുന്ന സംവിധാനം ആയിട്ടാണ് അത് വരച്ചു കാട്ടപ്പെട്ടത്. 

വിഭവങ്ങൾക്ക് വേണ്ടിയുള്ള അധികാരമുള്ള കൂട്ടങ്ങളുടെ മത്സരങ്ങളെ വിജയിപ്പിച്ചുകൊടുക്കുന്നതിൽ ഇത്തരം നന്മ തിന്മ ധ്വന്ഥങ്ങളുള്ള കഥകൾ എപ്പോഴും അന്തരീക്ഷത്തിൽ ലഭ്യമായിരിക്കുകയും അത് പൊതുബോധത്തിന്റെ ഭാഗമാകുകയും ചെയ്യും. ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള അധികാര ക്രമം ഈ മാതൃകകളിൽ കൂടി ബന്ധിപ്പിക്കപ്പെട്ടതും നയങ്ങളാൽ ഉറപ്പിക്കപ്പെട്ടതുമാണ്. അതിനെയാണ് നവ മുതലാളിത്തം എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നത്. അതിന്റെ വികസന സിദ്ധാന്തങ്ങൾ തെക്കുകിഴക്കൻ രാഷ്ട്രങ്ങൾ സമ്പത്തുള്ള രാഷ്ട്രങ്ങളോളം വികസിച്ചവ അല്ലെന്നും യൂറോപ്യൻ മോഡൽ വ്യവസായ വിപ്ലവ വികസനത്തിലൂടെ കടന്നു പോകുക മാത്രമാണ് അതിന് പരിഹാരം എന്നും സങ്കല്പിച്ചു. അതിന് വടക്ക് പടിഞ്ഞാറൻ സമ്പന്ന കോളോണിയൽ രാഷ്ട്രങ്ങളുടെ സാമ്പത്തിക സാങ്കേതിക സഹായവും ആവശ്യമാണെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികളിലൂടെ നയ സമ്മേളനങ്ങൾ ഉണ്ടാക്കി.

18 - 19 നൂറ്റാണ്ടുകൾക്കും അതിന് മുൻപും നിലനിന്ന കോളനിവത്കരണത്തിൽ നിന്നും വ്യത്യസ്തമായി ആധുനിക കാലഘട്ടത്തിൽ വിഭവങ്ങളും മനുഷ്യ അധ്വാനവും സ്വാംശീകരിക്കാൻ ഇതുവഴി ചില സമ്പന്ന രാഷ്ട്രങ്ങൾക്ക് കഴിയുന്നുണ്ട് എന്ന് സാമൂഹിക ശാസ്ത്രജ്ഞർ കണ്ടെത്തി. എ ജി ഫ്രാങ്കിനെ പോലെയുള്ള ശാസ്ത്രജ്ഞർ എക്കണോമിക് കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്ക എന്ന 1960 കളിലെ ആധുനികവൽക്കരണ നയങ്ങളെ ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിമർശിച്ചിരുന്നു. സമ്പത്തുള്ള വിദേശ രാഷ്ട്രങ്ങളുടെ സഹായത്തോടെ വ്യവസായവത്കരണത്തിനായുള്ള യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നത് സ്വരാജ്യത്തെ വരേണ്യരെ ശക്തരാക്കുവാൻ മാത്രമേ സഹായിക്കുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിഭവങ്ങളും സമ്പത്തും വിദേശ സമ്പദ് ശക്തികളായ കേന്ദ്രങ്ങളിലേക്ക് ഒഴുക്കുന്ന സാറ്റലൈറ്റുകളായ വ്യവസ്ഥകളായി വ്യവസായ നഗരങ്ങൾ മാറുമെന്നും ആധുനികവത്കരണം എന്നത് സമ്പത്തുള്ള രാഷ്ട്രങ്ങളിലേക്ക് വിഭവങ്ങളും മനുഷ്യാധ്വാനവും ഒഴുക്കുന്ന കേന്ദ്ര - അച്ചുതണ്ടു ബന്ധങ്ങൾ ലോക ക്രമത്തിൽ രൂപപ്പെടുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. സാമ്പത്തിക ശക്തികളുടെ സഹായത്തോടെ വ്യവസായവത്കരണത്തിലൂടെ ദക്ഷിണ കിഴക്കൻ രാഷ്ട്രങ്ങളെ വികസിപ്പിക്കാനുള്ള  ആധുനികവൽക്കരണ നയങ്ങൾ സമ്പദ് ശക്തികളോട് ആശ്രയത്വം സൃഷ്ടിക്കാനേ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിലെ വിഭവങ്ങളും വിപണിയും വിദേശ സമ്പദ് ശക്തികൾക്ക് തുറന്നു കൊടുക്കുന്നതിനെതിരെയുള്ള വിമർശനം കൂടി ആയിരുന്നു ഇത്. 

എ ജി ഫ്രാങ്ക് | PHOTO : WIKI COMMONS
ഇന്ത്യക്കകത്തും ഇതിന് സമാനമായ മാതൃകകൾ സംഭവിച്ചിരുന്നു. 1990 കളിലെ നവ ഉദാര വൽക്കരണ നയങ്ങളിൽ ഭൂമി കമ്പോള വത്കരിക്കപ്പെട്ടപ്പോൾ അക്കാലം വരെ ഭൂമി കൈവശം വച്ചനുഭവിച്ച ഒരു വരേണ്യ വർഗത്തിന് വികസന കുതിപ്പ് നേടാൻ സാധിക്കുകയും ദുർബലർ ഭൂ അവകാശത്തിൽ നിന്ന് കൂടുതൽ പുറത്തുപോകുകയും ചെയ്തു. തുടർന്ന് നടന്ന വ്യവസായവൽക്കരണ ശ്രമങ്ങളിൽ ഭൂമിയും ജലവും കടലും ധാതു വിഭവങ്ങളും അടക്കമുള്ള എല്ലാ വിഭവങ്ങളും വിപണിയും വിദേശ ശക്തികൾക്ക് തുറന്നുകൊടുത്തപ്പോൾ ചൂഷണം നേരിട്ടത് ഇവയുടെ ഓരങ്ങളിൽ താമസിച്ച ദളിത് ആദിവാസി വിഭാഗങ്ങളാണ്. പ്ലാച്ചിമടയിൽ അമേരിക്കൻ കമ്പനിയായ കൊക്കകോളയുടെ ജല ചൂഷണത്തിനെതിരെ ആദിവാസികൾക്ക് സമരം ചെയ്യേണ്ടി വന്നത് അങ്ങനെയാണ്. ശക്തമായ സമരത്തിൽ അവസാനം കമ്പനിക്ക് പ്രവർത്തനവും അവസാനിച്ചു പോകേണ്ടി വന്നു. സമാനമായി രാജ്യമൊട്ടാകെ ഇത്തരം സമരങ്ങൾ ആക്കാലത്ത് നടന്നിരുന്നു.

വെനിസ്വേലയിലെ പെട്രോൾ വിഭവവും ചൂഷണവും

തീർച്ചയായും അമേരിക്ക ഇപ്പോൾ നടത്തിയ ആക്രമണത്തിലും വെനിസ്വേലയിലെ പെട്രോൾ വിഭവം തന്നെയാണ് കാരണം എന്നതിൽ തർക്കമില്ല. വെനിസ്വേലയിലെ ഭൂരഹിതരായ തദ്ദേശീയരുടെ മനുഷ്യ അധ്വാനം ചൂഷണം ചെയ്തു അവിടെയുള്ള ക്രൂഡ് ഓയിൽ വിഭവം ലോക പെട്രോളിയം മാർക്കറ്റിലേക്ക് എത്തിക്കുക എന്നുള്ളത് തന്നെയാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. എന്നാൽ ഈ വ്യവസായവൽക്കരണ ശ്രമത്തിൽ വിദേശത്തേക്ക് കുടിയേറിയ രാജ്യത്തെ വരേണ്യരായ മുൻപ് സൂചിപ്പിച്ച വംശീയ വിഭാഗങ്ങൾക്ക് എന്ത് ലാഭം സ്വായത്തമാക്കാൻ കഴിയും എന്ന് ചോദിച്ചാൽ അത് സംശയകരമായ ഉത്തരങ്ങളായിരിക്കും നൽകുക. എന്നാലും നിലവിൽ ലഭ്യമായ ഭൂവിഭവം അവരുടെ സാമ്പത്തിക സ്വപ്നങ്ങളെ സഹായിക്കാതിരിക്കുകയില്ല എന്നുള്ളത് വാസ്തവം തന്നെയാണ്.




#outlook
Leave a comment