
കേരള രാഷ്ട്രീയത്തിലെ ശബ്ദഘോഷങ്ങൾ
ഇതുവരെ കാണാത്ത വിധം അപരിചിതവും അവിചാരിതവുമായ വഴികളിലൂടെയാണ് കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ സഞ്ചാരപഥം. മൾട്ടി പാർട്ടി സംവിധാനമാണെങ്കിലും അവയെല്ലാം ചേർന്ന് രണ്ട് മുന്നണികളായി ഇടത്, വലത് എന്നിങ്ങനെ ദ്വിമുഖ സ്വഭാവത്തിൽ സഞ്ചരിച്ചിരുന്ന കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുകയാണ്. നിർണ്ണായക ഇടപെടലുകൾ നടത്തിയിരുന്ന മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള പാർട്ടികൾ ഉണ്ടെങ്കിലും സിപിഎമ്മും കോൺഗ്രസുമാണ് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്നത്. സമീപകാലത്ത് ബിജെപി കേരളത്തിൽ സജീവമായതോടെയാണ് ഇതിന് മാറ്റം വരുന്നത്. ദ്വിമുഖ സ്വഭാവത്തിൽ നിന്നും കേരള രാഷ്ട്രീയം ത്രിമുഖത്വത്തിലേക്ക് നീങ്ങുകയാണ്. ബിജെപി ഇതുവരെ കേരള രാഷ്ട്രീയ ചർച്ചകളിൽ പരിഗണിക്കപ്പെടുന്ന ഘടകമായിരുന്നില്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ സാന്നിധ്യം കേരള സമൂഹത്തിന്റെ ഇതേവരെയുള്ള മനോഭാവത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയെ എങ്ങനെ സ്വാധീനിക്കുമെന്നും ഉള്ളതിന്റെ സൂചനകൾ പ്രകടമാക്കി. ഇതോടൊപ്പമാണ് മുമ്പ് കണ്ടിട്ടില്ലാത്ത വിധം കരിയറിസവും നിക്ഷിപ്ത താൽപര്യങ്ങളും കേരള രാഷ്ട്രീയത്തിൽ പിടി മുറുക്കുന്നത്. സ്വന്തം കരിയറിനെ കുറിച്ച് ഉൽക്കണഠാകുലരായ എക്സിക്യുട്ടിവ് സ്വഭാവക്കാർ കേരള രാഷ്ട്രീയത്തിൽ ജീവിതം നിക്ഷേപിച്ച് ഡിവിഡൻറ്റിന് വേണ്ടി കാത്തിരിക്കുകയാണ്. കക്ഷ്യാതീതമായാണ് കേരള രാഷ്ട്രീയത്തിൽ കരിയറിസം കടന്നുകയറുന്നത്. സാന്നിധ്യം തെളിയിക്കാനുള്ള ശ്രമത്തിലാണെല്ലാവരും. എങ്ങനെയെങ്കിലും ഒരു പൊസിഷൻ. അതിന് വേണ്ടിയുള്ള വെടിക്കെട്ടുകൾ. ഈ അവസ്ഥ ഓർമിപ്പിക്കുന്നത് -it is a tale told by an idiot, full of sound and fury, signifying nothing.” എന്ന ഷേക്സ്പിയറിന്റെ ഉപമയാണ്. കഴമ്പില്ലാത്ത, ശബ്ദഘോഷങ്ങൾ കൊണ്ട് നിറഞ്ഞ ഒരു വിഡ്ഡികഥ. അദ്ദേഹം പറഞ്ഞത് ജീവിതത്തെയാണ് ഉപമിച്ചത്. ഇവിടെ ഇങ്ങനെ മാറ്റം- ജനങ്ങളെ വിഡ്ഡികളാക്കുന്നതാണ് കേരള രാഷ്ട്രീയം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും സ്വയം ന്യായീകരണങ്ങളും മാത്രം; കഴമ്പും കാര്യവുമുള്ളതൊന്നുമില്ല. എല്ലാം പ്രചാരണം മാത്രം. എല്ലാവരും ന്യായീകരണത്തൊഴിലാളികൾ. ജൈവസ്വഭാവം നഷ്ടപ്പെട്ട് യാന്ത്രികമായ ഒന്നായി മാറിയിരിക്കുകയാണ് കേരള രാഷ്ട്രീയം.
കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്താനും സ്വകാര്യസർവ്വകലാശാലകൾ അനുവദിക്കാനുമുള്ള സർക്കാരിന്റെ നീക്കവും അതിനോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണവും കേരള രാഷ്ട്രീയം പോകുന്ന വഴിയുടെ പ്രകൃതം സൂചിപ്പിക്കുന്നതാണ്. ഒരു ഗവൺമെന്റിന്റെ കീഴ്മേൽ മറിയലിനോട് ഞങ്ങൾ ഇത് നേരത്തെ പറഞ്ഞതല്ലേ എന്ന പ്രതികരണത്തോടെ പ്രതിപക്ഷം രാഷ്ട്രീയ ചർച്ച അവസാനിപ്പിക്കുന്നു. ഒരേ നിലപാടിൽ നിന്ന് കൊണ്ടാണ് ഇപ്പോൾ എല്ലാ രാഷ്ട്രീയ പക്ഷങ്ങളും പ്രവർത്തിക്കുന്നത്. കഥ ഒന്ന് തന്നെ, നടിക്കുന്നവർക്കും അവരുടെ ശബ്ദത്തിനും മാത്രമാണ് മാറ്റം. അതിനിടയിലാണ് വ്യത്യസ്തമായ ഒരു സ്ക്രിപ്റ്റുമായി ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുഖമായ ബിജെപി കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കൃത്യമായ ലക്ഷ്യത്തോടെ വ്യക്തമായ അജണ്ടകളുമായി നീങ്ങുന്ന ബിജെപിക്ക് കേരള പ്രൊജക്ട് തന്നെ ഉണ്ടെന്നാണ് കരുതേണ്ടത്. ഡൽഹി വിജയത്തിന് ശേഷം തെന്നിന്ത്യയിൽ കേരളത്തിലാണ് അവർ ശ്രദ്ധ ഊന്നുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരള രാഷ്ട്രീയത്തെ ഇനി കാണേണ്ടത് എന്ന് തോന്നുന്നു.REPRESENTATIVE IMAGE | WIKI COMMONS
കേരള രാഷ്ട്രീയത്തിലെ ഒന്നാം പാർട്ടിയായ സിപിഎമ്മിനെ തുടർഭരണം എത്തിച്ചിരിക്കുന്നത് ഒരു ഉന്മത്താവസ്ഥയിലാണ്. സർക്കാർ ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുകയും പാർട്ടി അപ്രസക്തമാകുകയും ചെയ്ത അവസ്ഥ. ഇതോടെ സർക്കാരിനെ ന്യായീകരിക്കാനുളള നെറ്റ്‌വർക്കിങ് നടത്താനുളള സംവിധാനമായി പാർട്ടി മാറുകയും പാർട്ടി പ്രവർത്തനം മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള നിയോഗമായി തീരുകയും ചെയ്തു. സാമൂഹികമായ ഉൾവിളിയിൽ നിന്ന് ഉയർന്നു വരേണ്ട ഇത്തരം പ്രവർത്തനങ്ങൾ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലം ലഭിക്കുന്ന ഒന്നായി തീർന്നു. അതോടെ സംഭവിച്ചത് കേരള രാഷ്ട്രീയത്തിന് ഉണ്ടായിരുന്ന സാമൂഹികവും ജൈവികമായ സ്വഭാവം നഷ്ടപ്പെട്ടുവെന്നതാണ്.
ഇതിനോടകം പൂർത്തീകരിച്ച് കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനങ്ങളിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. പൊലീസിനും ചില ചെറിയ ഭരണപരമായ വീഴ്ചകൾക്കുമെതിരായുള്ള വിമർശനങ്ങളല്ലാതെ പാർട്ടി നിലപാടുകളെയും സമീപനങ്ങളെയും വിശദമായി സമീപിക്കുന്ന ചർച്ചകൾ ഒരിടത്തും ഉണ്ടായതായി കേട്ടില്ല. സ്വയം വിമർശനപരമായ സമീപനം പാർട്ടിക്ക് നഷ്ടപ്പെടുകയും ന്യായീകരണാത്മകത അടിമുടി ഗ്രസിക്കുകയും ചെയ്തു. ഈ പാർട്ടിക്ക് ഒരു തെറ്റും പറ്റുന്നേയില്ല എന്നാണ് ജനം ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. തെറ്റ് പറ്റാത്തതും അബദ്ധം പിണയാത്തതുമായ പ്രസ്ഥാനമായി എങ്ങനെയാണ് സിപിഎം മാറിയത് എന്ന് അമ്പരന്നുപോകും. സിപിഎമ്മിന്റെ കാര്യങ്ങളിൽ മുഴുവൻ ഈ ‘തെറ്റ്പറ്റാ പ്രതിഭാസ ബോധം’ ഭക്തിയിലധിഷ്ഠിതമായ ഒരു തരം അനുഷ്ഠാനപരത സൃഷ്ടിച്ചിരിക്കുന്നു. മുൻകാലങ്ങളിലെ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിജ്ഞാബദ്ധതക്ക് പകരം വെച്ചിരിക്കുന്നത് വ്യക്തിയോടുള്ള ഭക്തിയാണ്. അത് തന്നെ, പാർട്ടിയോടുള്ള ഭക്തിയുമല്ല; മറിച്ച് ഭരണാധികാര കേന്ദ്രത്തോടാണ് ഭക്തി. പാർട്ടിയുടെയും ഭരണത്തിന്റെയും അധികാരകേന്ദ്രങ്ങൾ ഒന്നായിരുന്നെങ്കിൽ അത്തരം ഭക്തിക്ക് എന്തെങ്കിലും ന്യായം കണ്ടെത്താമായിരുന്നു. ഇവിടെ രണ്ടും രണ്ടായിരിക്കേയാണ് ഭരണത്തിന്റെ അധികാര കേന്ദ്രത്തോട് ഭക്തി മൂക്കുന്നത്. ഇത് സിപി എമ്മിനെ പോലൊരു പാർട്ടി ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയം, പ്രത്യയശാസ്ത്രം ഇല്ലാതാക്കിയിരിക്കുകയാണ്.
പ്രത്യയശാസ്ത്രത്തിന്റെ അപ്രത്യക്ഷമാകൽ കേരളത്തിലെ സിപിഎമ്മിനെ ഒരു പ്രത്യേക ഘടനയിലേക്ക് എത്തിച്ചിട്ടുള്ളതായി കാണാനാകും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നാമമാത്രമായാണെങ്കിലും നിലനിൽക്കുന്ന സിപിഎമ്മിന്റെ ഒരു സ്വഭാവവും കേരളത്തിലെ പാർട്ടിക്കില്ല. പാർട്ടിക്ക് മാത്രമല്ല, വർഗ്ഗ-ബഹുജന സംഘടനകൾക്കും. കേരളത്തിലെ പാർട്ടി എസ്റ്റാബ്ളിഷ്മെന്റ് അത്രമാത്രം ശക്തമായതിനാലാവാം ഈ വേറിട്ട ലൈൻ. ഇത് കേരള പാർട്ടിക്ക് വേറൊരു വ്യക്തിത്വം നൽകിയിട്ടുണ്ട്. ഫെഡറൽ സ്വഭാവത്തിലാണ് കാര്യങ്ങൾ പോകുന്നത്. എല്ലാവർക്കും അറിയാവുന്നത് പോലെ ദീർഘകാലം പാർട്ടി സെക്രട്ടറി ആയി അധികാരം പ്രയോഗിച്ച പിണറായി വിജയൻ പാർട്ടിക്ക് ലഭിച്ച ഭരണത്തിന്റെ അധിപൻ ആയതോടെയാണ് ഈ ഫെഡറൽ സ്വഭാവം പാർട്ടി ആർജിക്കുന്നത്. പാർട്ടി അധികാരത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രിയുടെ അധികാരം എന്ന നില വന്നു. ഇത് പാർട്ടിയുടെ നിയന്ത്രണത്തിൽ ഭരണം എന്നത് മാറി ഭരണത്തിന്റെ നിയന്ത്രണത്തിൽ പാർട്ടി എന്ന നില രൂപപ്പെടുത്തി. ഭരണവും പാർട്ടിയും ഒന്നാണെന്ന അവസ്ഥ സ്വയം വിമർശനങ്ങൾ ഇല്ലാതാക്കുകയും ശാസനങ്ങൾ മാത്രമാകുകയും ചെയ്തു. കുറച്ച് കാലമായുള്ള പാർട്ടി സെക്രട്ടറിയുടെ അഭിപ്രായങ്ങൾ ഓർമ്മിച്ച് നോക്കൂ-ഭരണത്തെ ന്യായീകരിക്കുകയല്ലാതെ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയപ്രശ്നങ്ങൾ ആ വായിൽ നിന്ന് പുറത്തേക്ക് വന്നിട്ടുണ്ടോ? താനൊരു പ്രത്യശാസ്ത്ര വിശാരദൻ ആണെന്ന് വരുത്തിത്തീർക്കാനുള്ള ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയുടെ ശ്രമങ്ങൾ ദുരന്തമായി കലാശിച്ചതാണ് അനുഭവം.
എം വി ഗോവിന്ദനും പിണറായി വിജയനും | PHOTO: WIKI COMMONS
പാർട്ടി സെക്രട്ടറി മാത്രമല്ല, കേരളത്തിൽ നിന്നുള്ള പി ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളുമെല്ലാം ഈ മേൽക്കോയ്മക്ക് അറിഞ്ഞോ അറിയാതെയോ വഴങ്ങേണ്ടുന്ന നിലയായി എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത- പി ബി അംഗമായ എം എ ബേബിയെ നാം കേട്ടിട്ട് കാലമെത്രയായി. താൻ തുടങ്ങിവെച്ച കിഫ്ബി കുഴപ്പത്തിലായപ്പോൾ ന്യായീകരണത്തിന് വന്നപ്പോഴാണ് ദീർഘകാലത്തിന് ശേഷം ഡോ.തോമസ് ഐസക്കിന്റെ ശബ്ദം കേരളം കേട്ടത്. ഇ പി ജയരാജൻ, പി ജയരാജൻ, പിണറായിയെ അനുകൂലിക്കുന്ന എം വി ജയരാജൻ എന്നിവരുടെ അവസ്ഥകൾ താരതമ്യം ചെയ്യൂ. സുരേഷ് കുറുപ്പ് പാർട്ടിയുടെ മുഖ്യധാരയിൽ നിന്ന് തന്നെ പുറത്തായില്ലേ! രണ്ടാം പിണറായി മന്ത്രി സഭ ഉണ്ടാക്കിയപ്പോൾ പാർട്ടി മന്ത്രിമാരെ തീരുമാനിക്കുന്നതിന് പകരം പാർട്ടിയുടെ നിയമസഭാകക്ഷി നേതാവ് അല്ലേ മന്ത്രിമാരെ തീരുമാനിച്ചത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ പറയാനാവും.
ഇപ്പറഞ്ഞതൊന്നും ഉറക്കത്തിൽ കണ്ടതല്ല-കേരളത്തിലെ പാർട്ടി അണികളിൽ നല്ലൊരു വിഭാഗത്തിന്റെ ഉള്ളിലിരിപ്പാണ്. എന്തുകൊണ്ടാണ് ഇതിനെതിരേ ശബ്ദം ഉയരാത്തത് എന്ന് ഈ കുറിപ്പ് എഴുതാനുള്ള ശ്രമത്തിനിടയിൽ അവരിൽ പലരോടും ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം അങ്ങനെ ചെയ്താൽ ഇതിനകത്ത് ഉണ്ടാവില്ല എന്നാണ്. ഒരു ബദൽ എന്താണ് എന്ന് അവർ ചോദിക്കുന്നു. ജനങ്ങൾ അകന്നുപോയ ഒരു പാർട്ടിയാണ് ഇന്ന് കേരളത്തിൽ അവശേഷിക്കുന്നത്. പാർട്ടി നേതൃത്വം നൽകുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷികൾ പോലും ഈ നിലയിലാണ്. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ മന്ത്രിമാരുടെ ശബ്ദം എപ്പോഴാണ് കേൾക്കാറുള്ളത്. സ്വയം റദ്ദായിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ് സിപിഐ.
ഈ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന അധികാര വിരുദ്ധ വികാരത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി സർക്കാർ ഭസ്മീകരിക്കപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷമായ ഐക്യജനാധിപത്യമുന്നണി ഉറപ്പിച്ചുകഴിഞ്ഞു. അപ്പോൾ മുഖ്യമന്ത്രി ആകാനുള്ള തിക്കിതിരക്കൽ ആണ് അവിടെ. പഴയ മട്ടിലുള്ള ഗ്രൂപ്പ് കോൺഗ്രസിൽ ഇല്ലാതായി. വ്യക്തിപരമായ കൾട്ടുകളും കരിഷ്മയും വെച്ചുള്ള പുതിയ തരം കളികളാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇപ്പോൾ. കഴിഞ്ഞ തവണ മുഖ്യമന്ത്രി ആകുമെന്ന് മനസ്സിലുറപ്പിക്കുകയും ചുണ്ടിന് തൊട്ടടുത്ത് വെച്ച് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും വഴുതിപ്പോകുകയും ചെയ്ത രമേശ് ചെന്നിത്തല സൗമ്യതയുടെ രാഷ്ട്രീയം എന്ന അക്കൗണ്ടിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിച്ഛായ പുനഃസ്ഥാപനം തകർക്കുകയാണ്. സമർഥമായ പി ആറിലൂടെ എൻഎസ്എസ്, എസ്എൻഡിപി, സഭകൾ, സമുദായങ്ങൾ മുതലായവയുമായി ഹൃദയബന്ധം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹം രമേശ് ജി ആയി സാന്നിധ്യം ഉറപ്പാക്കുന്നു.
രമേശ് ചെന്നിത്തല | PHOTO: WIKI COMMONS
പ്രതിപക്ഷ നേതാവ് ആയതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്വാഭാവിക സ്ഥാനാർഥി എന്ന കണക്ക് കൂട്ടലിൽ കാര്യങ്ങൾ നീക്കിയിരുന്ന വി ഡി സതീശൻ ചെന്നിത്തലയുടെ റീലോഞ്ചിംഗോടെ അസ്വസ്ഥനായി. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആയുള്ള മന്ത്രിസഭയിൽ ധനകാര്യമന്ത്രി പദം സ്വപ്നം കണ്ടിരുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് ആയത് യാദൃശ്ചികമായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തുടക്കത്തിൽ ഉണ്ടായിരുന്ന ഹൃദയബന്ധം തകർന്ന് നിൽക്കുന്ന പ്രതിപക്ഷ നേതാവിന്റെ മുമ്പിൽ ചെന്നിത്തല ഉണ്ടായിരുന്നില്ല. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ചുമതലയും മറ്റുമായി ഉയർന്ന് പോയ ചെന്നിത്തല കേരള ഓപ്പറേഷൻസ് ആരംഭിച്ചത് സതീശനെ സംബന്ധിച്ചെങ്കിലും അപ്രതീക്ഷിതമായിരുന്നു. അതോടെ സാമൂഹിക മാധ്യമങ്ങളിൽ സതീശനും സജീവമായി. സമർഥനായ സംഘാടകൻ, തിരഞ്ഞെടുപ്പ് വിദഗ്ദൻ, വായനക്കാരൻ, പ്രഭാഷകൻ എന്നൊക്കെയുള്ള നിലകളിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ജനഹൃദയങ്ങളിൽ ആഴ്ത്തിയിറക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. അങ്ങനെയൊരു പിആർ സഹായത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രി ആകാമെന്നുള്ള പ്രതീക്ഷയിലാണ് സതീശൻ.
ഇതിനിടയിൽ വേറൊരാൾ തക്കം പാർത്ത് നിൽക്കുന്നുണ്ട്-ദേശീയതലത്തിൽ കോൺഗ്രസിനെ ഒരു വഴിക്കെത്തിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു തർക്കം വന്നാൽ ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ ഒന്നാം നമ്പർ കുടുംബത്തിന്റെ താൽപ്പര്യപ്രകാരം ഡൽഹിയിൽ നിന്നും എയർ ഡ്രോപ് ചെയ്യപ്പെടാനുള്ള സാധ്യതകളിലാണ് ഇദ്ദേഹത്തിന്റെ കണ്ണ്. ഫേസ് ബുക്കിന് പുറത്താണ് അദ്ദേഹത്തിന്റെ കളി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരു നല്ല ശതമാനം എംഎൽഎമാരെ തനിക്ക് അനുകൂലമാക്കി എടുക്കുകയാണ് അദ്ദേഹത്തിന്റെ പദ്ധതി. അതിന് വേണ്ടി പല ജില്ലകളിൽ നേതൃസ്ഥാനത്ത് എഐസിസി അധികാരം ഉപയോഗിച്ച് തന്റെ സ്വന്തക്കാരെ നിയമിച്ചുകൊണ്ടിരിക്കുകയാണ് കെ സി വേണുഗോപാൽ. അടുത്തിടെ തൃശൂർ ഡിസിസി പ്രസിഡന്റായി ജോസഫ് ടാജറ്റ് നിയമിക്കപ്പെട്ടത് അതിനൊരുദാഹരണമാണ്. പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീകണ്ഠൻ കെ സിക്കൊപ്പമാണ്. പാർട്ടി ഭാരവാഹികളുടെ പുനഃസംഘടന പൂർത്തിയാകുന്നതോടെ അദ്ദേഹം തന്റെ നെറ്റ് വർക്കിംഗ് റെഡിയാക്കിയിരിക്കും എന്നാണ് വിശ്വസ്തർ പറയുന്നത്. സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതും എഐസിസിയാണ്. അനാരോഗ്യം എന്ന ആരോപണത്തിന് വിധേയനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പകരക്കാരനെ കണ്ടെത്താതെ വയ്യ. ആ പേര് വരുന്നതോടെ കോൺഗ്രസിൽ അടുത്ത പുകിൽ ഉടലെടുക്കും. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വേണുഗോപാലിനെതിരേ പരാതി ഉയർന്നിട്ടും ഗാന്ധി കുടുംബത്തിലെ പിടി മൂലം ഒരു പരിക്കും പറ്റാതെ നിൽക്കുന്ന ആളാണ് ഇദ്ദേഹം.
കോൺഗ്രസിന്റെ കേരളത്തിലെ പ്രവർത്തനം നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിനായുള്ള പ്രൊഫൈൽ നിർമ്മാണമാണ്. ജനങ്ങൾക്കിടയിലല്ല നേതാക്കന്മാർ നിൽക്കുന്നത്. സാമൂഹ്യ മാധ്യമ റീലുകളിലാണ്. എല്ലാം പ്രചരണാത്മകമാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് പോലും റീലുകളിലൂടെയാണ്. ഷാഫി പറമ്പിലാണ് എല്ലാവരുടേയും മാതൃക. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയാണ് സംസാരം.
രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും | PHOTO: WIKI COMMONS
ഇതിനിടയിൽ ഐക്യജനാധിപത്യമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് കടുത്ത ആശങ്കയിലാണ്. കാരണം, കോൺഗ്രസിൽ ആരെയും അവർക്ക് വിശ്വാസമില്ല. ഒന്നല്ലെങ്കിൽ വേറൊരു ഘട്ടത്തിൽ ഇപ്പറഞ്ഞ മൂന്ന് കോൺഗ്രസ് നേതാക്കന്മാരും ആർഎസ്എസ് മനസ് പ്രകടമാക്കിയിട്ടുണ്ട്. ഇത് ലീഗിന് ആധിയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പരമാവധി എംഎൽഎമാരെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അവർ. ഒരു നിർണ്ണായകഘട്ടത്തിൽ മുഖ്യമന്ത്രിപദം പോലും ചോദിക്കാൻ ലീഗ് മടിക്കില്ല എന്നൊരു പക്ഷമുണ്ട്. അതേ, യുഡിഎഫിൽ മുഖ്യമന്ത്രി പദകാംക്ഷികളുടെ അയ്യര്കളിയാണ്.
പിണറായി സർക്കാരിനെതിരേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന അധികാര വിരുദ്ധ വികാരത്തിന്റെയും സെൽഫ് മാർക്കറ്റിംഗിനായി കോൺഗ്രസിനുള്ളിൽ നടക്കുന്ന കലാപത്തിന്റെയും ഇടയിൽ തങ്ങളുടെ സൂചി എത്രത്തോളം കടത്താമെന്നതാണ് ബിജെപിയുടെ നോട്ടം. ഇത്രയും കാലം സംസ്ഥാനത്ത് അധികാരം കിട്ടുന്നതിനേക്കാൾ ഡൽഹിയിലെ അധികാരത്തിന്റെ ഫലം കൊയ്യുക എന്നതായിരുന്നു കേരള ബിജെപിയുടെ അജണ്ട. പരസ്പരം പരാജയപ്പെടുത്തുന്നതിൽ കേരളത്തിലെ ബിജെപി നേതാക്കളെ പോലെ മിടുക്കന്മാരില്ല. എന്നാൽ, കേന്ദ്രഭരണത്തിന്റെ പ്രയോജനങ്ങൾ തങ്ങളിലേക്ക് എത്തിക്കുന്നതിൽ അവർ സമർഥരുമാണ്.
2024ലെ ലോകസഭാ തിരഞ്ഞടുപ്പ് കേരള ബിജെപിയുടെ പരിഗണനകൾ മാറ്റിച്ചു. ഈ തിരഞ്ഞെടുപ്പിൽ കിട്ടിയ ഒരു സീറ്റും 19.21 ശതമാനം വോട്ടും കേരളത്തിന്റെ നിലവിലുള്ള രാഷ്ട്രീയ സന്തുലിതത്വം തെറ്റിക്കാമോ എന്ന ബിജെപി ദേശീയ നേതൃത്വം നടത്തിയ പരീക്ഷണത്തിന്റെ ഫലമായിരുന്നു- അമിത് ഷാ ഓപ്പറേഷൻ. ബാലികേറാമല ആയിരുന്ന കേരളത്തിൽ 19.21 ശതമാനം വോട്ട് ചില്ലറ കാര്യമല്ല. 11 നിയമസഭ മണ്ഡലങ്ങളിൽ ബിജെപിയുടെ ലോക സഭ സ്ഥാനാർഥികളാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും പത്ത് അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ടിന്റെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തുമാണ്. ഈ കണക്കുകൾ ബിജെപിയുടെ കേരളമോഹങ്ങൾക്ക് ചിറക് നൽകുന്നുണ്ട്. ജില്ല കമ്മിറ്റികളുടെ എണ്ണം ഇരട്ടിപ്പിച്ച് പരമാവധി ആളുകൾക്ക് പ്ലേസ്മെന്റ് നൽകി ബിജെപി സൂക്ഷ്മതല രാഷ്ട്രീയം കളിക്കുന്നത് വെറുതേയല്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിനും പത്തിനും ഇടയിൽ സീറ്റുകളുടെ സ്വപ്നത്തിലാണ് ബിജെപി. തങ്ങളുടെ രാഷ്ട്രീയ വളർച്ചയിലല്ല, കേരള മനസ്സിൽ ഹിന്ദുത്വത്തിന്റെ വളർച്ചയിലാണ് സംഘപരിവാർ പ്രതീക്ഷ വെക്കുന്നത്. ഇക്കുറിയത്തെ കുംഭമേളക്ക് പോയ മലയാളികളുടെ എണ്ണം നോക്കിയാൽ മതി, കേരളത്തിൽ ഹിന്ദുത്വത്തിന്റെ വളർച്ച അറിയാൻ. മധ്യവർഗ്ഗ ഹിന്ദു കുടുംബങ്ങളിൽ കുംഭമേളയിലെ സന്യാസിമാർ കൾട്ടായി കഴിഞ്ഞു. റീലുകളിൽ നിറഞ്ഞാടിയ സുന്ദരി യോഗിനി ചഞ്ചൽ നാഥിന് കേരളത്തിലും ആരാധകവൃന്ദമായിക്കഴിഞ്ഞു. കേരളത്തിലെ രണ്ട് മുൻ പ്രമുഖ എസ്എഫ്ഐക്കാർ അഘോരി സന്യാസ വഴിയിലേക്ക് തിരിഞ്ഞും അതിലൊരാൾ മഹാമണ്ഡലേശ്വറായതും കേരളത്തിൽ ഹിന്ദുത്വ പ്രചാരണത്തിന് കൊഴുപ്പേകും. കുംഭമേള കൾട്ട് ഉപയോഗിച്ച് കേരളത്തിൽ ഹിന്ദുത്വ അജണ്ട ഒന്നു കൂടി ഊട്ടിയുറപ്പിക്കും.
REPRESENTATIVE IMAGE | WIKI COMMONS
സംസ്ഥാന സമ്മേളനം കഴിയുന്നതോടെ സിപിഎം തിരഞ്ഞെടുപ്പ് മോഡിലേക്ക് എത്തും. ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ്. പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും. പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിലവിലുള്ള സെക്രട്ടറി തുടരാനാണ് സാധ്യത. കമ്മിറ്റികൾ പുതുരക്തവും യുവരക്തവും കൊണ്ട് നിറക്കും. ഭക്തിയും കൂറും തന്നെയായിരിക്കും മാനദണ്ഡം. സ്ഥാനാർഥി നിർണ്ണയത്തിൽ മുഖ്യമന്ത്രി പിണറായി തന്നെയാവും നിർണ്ണായകം. അദ്ദേഹം പക്ഷെ, മത്സരിക്കില്ല. കാരണം, മൂന്നാമതൊരു തവണ കൂടി ആ മുഖം സഹിക്കാൻ വോട്ടർമാർ തയ്യാറാവില്ല എന്ന് പാർട്ടി മനസിലാക്കിയിട്ടുണ്ട്. പുതിയത് ഒരു ക്രിസ്ത്യൻ മുഖമാവും. കാരണം, മുസ്ലിം ലീഗ് നിർണ്ണായക ശക്തിയാവുന്ന ഒരു സംവിധാനത്തിന് ക്രിസ്ത്യൻ വോട്ടുകൾ മുമ്പത്തേത് പോലെ വീഴീല്ല. വരുന്നത് യുഡിഎഫ് മന്ത്രിസഭ ആണെങ്കിൽ ലീഗിന് നാലിൽ കുറയാത്ത മന്ത്രിമാരും അതിന്റെ സന്നാഹങ്ങളുമുണ്ടാവും. ഇതിനെ ബാലൻസ് ചെയ്യാൻ കേരള കോൺഗ്രസ് ഇല്ല; കെ എം മാണിയെപ്പോലൊരു നേതാവുമില്ല. ഇത് ഗവൺമെന്റിൽ ലീഗിന്റ അപ്രമാദിത്വം വർധിപ്പിക്കും. അതുകൊണ്ട് തന്നെ ലീഗ് ഇല്ലാത്ത ഒരു ഗവൺമെന്റാണ് ക്രിസ്ത്യൻ വോട്ട് മാനേജർമാർ ലക്ഷ്യമിടുന്നത്. അവർ അതിന് ബദൽ കാണുന്നത് ഇടതുപക്ഷത്തിലാണ്. ഇടതുപക്ഷത്ത് മുസ്ലിം മന്ത്രിമാർ ഉണ്ടാകുന്നത് ആ സുമുദായത്തിന് അപ്രമാദിത്വം നൽകില്ല.
പരസ്പരം തോൽപ്പിക്കാനുള്ള കോൺഗ്രസിന്റെ ത്വരയും അദൃശ്യമാണെങ്കിലും വികസിക്കാനിടയുള്ള നടേ സൂചിപ്പിച്ച ക്രിസ്ത്യൻ-മുസ്ലിം വൈരുധ്യവും ഒരു മൂന്നാമൂഴം ഇടതുപക്ഷ മുന്നണിക്ക് ലഭിക്കാനുള്ള സാധ്യത തുറക്കുന്നതായി സിപിഎം കണക്ക് കൂട്ടുന്നതായാണ് മനസ്സിലാകുന്നത്. ബിജെപി ദീർഘകാല പദ്ധതിയിലാണ്. ഇത്തവണ കിട്ടുന്നത് ലാഭം എന്നാണ് അവരുടെ നോട്ടം. ഒരു തവണ കുടി ഇടതുപക്ഷം അധികാരത്തിൽ വന്നാൽ കേരളത്തിലും കോൺഗ്രസിന്റെ തകർച്ച പൂർണ്ണമാവും. ക്ഷമയുടെ ഉറഞ്ഞ രൂപമായ സംഘ പരിവാർ കാത്തിരിക്കാൻ തയ്യാറാണ്. പിന്നീടുള്ള സംസ്ഥാന ഭരണമാണ് അവരുടെ പദ്ധതി.
ഇതെല്ലാം കേരളത്തിന്റെ രാഷ്ട്രീയത്തിനുണ്ടായിരുന്ന അതുല്യത നഷ്ടപ്പെടുത്തുകയാണ്. ആ പ്രക്രിയയുടെ പൂർത്തീകരണത്തിന് വേണ്ടി ശബ്ദഘോഷങ്ങൾ വർധിക്കാനാണിട. കഴെമ്പാന്നും ഇല്ലാത്ത ശബ്ദഘോഷങ്ങൾ.


