
വോട്ടർ പട്ടിക തട്ടിപ്പും, എസ്ഐആറും, ഡീലിമിറ്റേഷനും സംഘപരിവാർ ആയുധങ്ങൾ
ഏഴടിയോളം കനത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകളുപയോഗിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനം സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്ന വലിയ ജനാധിപത്യ ധ്വംസനങ്ങൾ എന്താണ് എന്ന വിവരങ്ങൾ പുറത്ത് എത്തിച്ചിരിക്കുകയാണ്. ഡിജിറ്റലൈസ് ചെയ്യാൻ കഴിയാത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ ആറു മാസത്തോളം സമയമെടുത്ത് നേരിട്ട് സൂക്ഷ്മ പരിശോധന നടത്തിയാണ് രാഹുൽ ഗാന്ധിയുടെ ടീം ഈ വിവരങ്ങൾ ക്രോഡീകരിച്ചത്.
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് തന്നെ ജനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നായിരുന്നു ഈ വെളിപ്പെടുത്തലുകൾ. മലബാർ ജേർണലിൽ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപെട്ട് മുൻപ് പ്രസിദ്ധീകരിച്ച രണ്ടു വാദങ്ങളെ കൂടി ചേർത്തുവച്ചുകൊണ്ട് പരിശോധിക്കുമ്പോഴേ ഈ പ്രശ്നങ്ങളുടെ പൂർണമായ സങ്കീർണത മനസിലാകുകയുള്ളു. അതാണ് ഈ ലേഖനം ചർച്ച ചെയുവാൻ ഉദ്ദേശിക്കുന്നത്.
രാഹുൽ ഗാന്ധി | PHOTO: WIKI COMMONS
രാജ്യത്തെ ഏത് സംവിധാനത്തിനാണ് ഈ പ്രശ്നത്തിൽ ഇടപെടാനും നീതിയുക്തമായ പരിഹാരം കാണാനും സാധിക്കുക എന്നുള്ള ചോദ്യങ്ങളിലേക്കും ഈ അവസ്ഥയിൽ കടക്കേണ്ടി ഇരിക്കുന്നു. രാഹുൽ ഗാന്ധിയുടെ പത്ര സമ്മേളനത്തിന് ശേഷം നിലവിൽ ബിഹാറിലെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ(SIR) എന്ന വോട്ടർ പട്ടിക പുതുക്കൽ നടപടിക്ക് എതിരെ പ്രതിപക്ഷമായ ഇന്ത്യ മുന്നണി, കേന്ദ്ര തലത്തിൽ പാർലമെന്റിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ തലസ്ഥാനത്തേക്ക് ആഗസ്ത് 11ന് പ്രതിഷേധ മാർച്ച് നടത്തുകയാണ്.
ജനകീയ മുന്നേറ്റങ്ങൾക്ക് ഉപരി വ്യവസ്ഥിതിയിൽ കോടതിക്കും നീതി ന്യായ വ്യവസ്ഥയ്ക്കും ഈ പ്രശ്നത്തിൽ എങ്ങനെ ഇടപെടാൻ കഴിയും? ഏത് രീതിയിൽ അത് സാധ്യമാണ്? ഈ ചോദ്യങ്ങൾ ഇപ്പോൾ പ്രധാനമാണ്.
സുപ്രീം കോടതി | PHOTO: WIKI COMMONS
രാഹുൽ ഗാന്ധിയുടെ പത്ര സമ്മേളനം
പ്രധാനമായും രാഹുൽ ഗാന്ധി ഉന്നയിച്ച വാദങ്ങൾ കർണാടകയിലെയും മഹാരാഷ്ട്രയിലെയും ലോകസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടർ പട്ടികകളിൽ സംഭവിച്ച തിരിമറികളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന് അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാകാതിരിക്കാൻ ഉണ്ടാക്കുന്ന തടസ്സങ്ങളെക്കുറിച്ചുമായിരുന്നു.
വ്യാജ വിലാസത്തിൽ ആളുകളെ പട്ടികയിൽ ചേർക്കൽ, മേൽവിലാസത്തിൽ ഇല്ലാത്ത ആളുകളെ തിരുകി കയറ്റൽ, ഒരേ വോട്ടർക്ക് പല മണ്ഡലത്തിൽ വോട്ട് ചേർക്കൽ, പുതിയ വോട്ടർമാരെ ചേർക്കാൻ ഉപയോഗിക്കുന്ന ഫോം 6 ദുരുപയോഗം ചെയ്യൽ എന്നിങ്ങനെ നാല് വ്യത്യസ്തമായ രീതിയിൽ ഈ അട്ടിമറി സംഭവിക്കുന്നു എന്ന് രാഹുൽ ഗാന്ധിയും ഗവേഷകരും കണ്ടെത്തി. രാഹുൽ ഗാന്ധി പത്രസമ്മേളനത്തിനിടെ | PHOTO: WIKI COMMONS
ഇത്തരത്തിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിനും ഇടയിൽ ഒരു കോടി പുതിയ വോട്ടർമാരെ ചേർത്തു എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അവസാന അഞ്ചു മാസങ്ങൾ കൊണ്ട് കഴിഞ്ഞ അഞ്ചു വർഷത്തിൽ ചേർത്തതിനെക്കാൾ അധികം വോട്ടർമാരെ പട്ടികയിൽ ചേർത്തു. മഹാരാഷ്ട്രയിലെ വോട്ടിംഗ് ശതമാനം വൈകിട്ട് 5 മണിക്ക് 58.22% ആയിരുന്നെങ്കിൽ രാത്രിയോടെ അത് 66.05% ആയി ഉയർന്നു. കുറഞ്ഞ സമയം കൊണ്ട് ഏകദേശം 76 ലക്ഷം വോട്ടുകളുടെ വർധനയാണ് ഉണ്ടായത്. ബാംഗ്ലൂർ സെൻട്രലിലെ മഹാദേവപുരയിൽ 6.5 ലക്ഷം വോട്ടുകളിൽ 1 ലക്ഷം വ്യാജ വോട്ടുകൾ ആണെന്ന് രാഹുൽ ഗാന്ധി കണ്ടെത്തി. സമാനമായി മഹാദേവപുരയിൽ 11,965 തവണ വോട്ടർമാർ ഇരട്ട രജിസ്ട്രേഷൻ ചെയ്തു. മഹാദേവപുരയിൽ 40,009 വ്യാജ വിലാസങ്ങൾ സംഘം കണ്ടെത്തി. മഹാദേവപുരയിൽ 33,692 പുതിയ വോട്ടർ രജിസ്ട്രേഷനുകളിൽ ഫോം 6 ദുരുപയോഗം ചെയ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ 5,000 വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. മഹാരാഷ്ട്രയിൽ മൊത്തം 40 ലക്ഷം വ്യാജ വോട്ടുകൾ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ അനുസരിച്ചു 2009 മുതൽ 2024 വരെ മഹാരാഷ്ട്രയിൽ 1.85 കോടി പുതിയ വോട്ടർമാർ പട്ടികയിൽ ചേർക്കപ്പെട്ടു.
നിലവിൽ രാഹുൽ ഗാന്ധി പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം വിവരങ്ങളുടെ പരിശോധന തടസപെടുത്താൻ ശ്രമിക്കുന്നു എന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ മറച്ചുവയ്ക്കുവാൻ ശ്രമിച്ചുകൊണ്ടാണ് അവർ ഇത് ചെയുന്നത്. ഈ അന്വേഷണങ്ങളുടെ ഭാഗമായ മഹാരാഷ്ട്ര വോട്ടർ പട്ടിക ഡിജിറ്റൽ വിവരങ്ങളായി നൽകാൻ അവർ വിസമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം തിരഞ്ഞെടുപ്പ് ഫലത്തിനെകുറിച്ചു പരാതികൾ ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസർമാർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇത്തരം നടപടികൾ രാഹുൽ ഗാന്ധി വ്യക്തമാക്കിയ സംശയങ്ങൾ ശരിവയ്ക്കുന്നതായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് വിരുദ്ധമായി പല മണ്ഡലങ്ങളിലും പ്രവചനാതീതമായ രീതിയിൽ സംഘപരിവാറിന് വിജയം ഉണ്ടായതാണ് ഈ പരിശോധനകളിലേക്ക് നേതൃത്വത്തെ എത്തിക്കാൻ കാരണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാഹുൽ ഗാന്ധി പത്ര സമ്മേളനത്തിനിടെ | PHOTO: WIKI COMMONS
മുസ്ലിങ്ങളും ദളിതരും ബീഹാർ വോട്ടർ പട്ടികയും
ഈ അഭിമുഖത്തിൽ വിശദീകരിക്കാത്ത മറ്റൊരു വസ്തുത കൂടി തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സൂചിപ്പിച്ചിരുന്നു. അത് വോട്ടർ ലിസ്റ്റിൽ നിന്നും ആളുകളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ബീഹാർ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് 2025 ആഗസ്ത് 5ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സമർപ്പിക്കേണ്ട രേഖകളുമായി ബന്ധപ്പെട്ട കർശന നയങ്ങളും, പട്ടിക പുതുക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും അതിന്റെ സുതാര്യതയെ സംബന്ധിച്ചും പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളെ വിശദീകരിക്കുന്നതായിരുന്നു ലേഖനം.
ഈ പ്രശ്നങ്ങൾ വളരെ അധികം ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കും എന്ന വിമർശനങ്ങൾ മുൻപേ ഉയർന്നിരുന്നു. തുടർന്ന് ബീഹാറിലെ 8.3 ശതമാനം വോട്ടർമാർ, അതായത് ഏകദേശം 65 ലക്ഷം വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ച് ഒരു ദിവസം കഴിഞ്ഞ് ജൂലൈ 27ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിരുന്നു. എന്നാൽ വോട്ടർമാരുടെ വിവരങ്ങളോ നിയമസഭാ മണ്ഡലം അനുസരിച്ചുള്ള ഇതിന്റെ കണക്കുകളോ അവർ പുറത്തു വിട്ടില്ല. ഇതിൽ ബഹുഭൂരിപക്ഷവും മുസ്ലിം ദളിത് സ്ത്രീ വോട്ടർമാരാണ് എന്നതായിരുന്നു പ്രസ്തുത ലേഖനത്തിൽ മറ്റു മാധ്യമങ്ങളെ ഉദ്ദരിച്ചുകൊണ്ട് മലബാർ ജേർണലിൽ സൂചിപ്പിച്ചത്. സീമഞ്ചൽ മേഖലയിലെ അരാറിയ, കിഷൻജംഗ്, പുർണിയ, കാട്ടിഹാർ എന്നീ ജില്ലകളിലും സീതമർഹി, കിഴക്കൻ ചമ്പാരൻ ജില്ലകളിലുമാണ് ഏറ്റവും കൂടുതൽ ആളുകൾ പട്ടികയിൽ നിന്ന് പുറത്തായത്. 2011 സെൻസസ് പ്രകാരം ഇവിടെ എല്ലാം മുസ്ലിം ജനസംഖ്യ കൂടുതലായിരുന്നു. ഇവിടങ്ങളിലെ ദളിത് ജനസംഖ്യ കൂടി പരിശോധിച്ചപ്പോൾ ഈ മാതൃക അവർത്തിക്കപ്പെടുന്നതായി കാണാൻ കഴിഞ്ഞു.
ആകെ മൊത്തം സ്ത്രീ വോട്ടർമാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ദക്ഷിണ ബിഹാറിലെ രാജ്‌പൂരിലും, ബ്രഹ്മാപൂരിലും, കൈമുർ ജില്ലയിലും, ബക്സരിലും വലിയ തോതിൽ സ്ത്രീകൾ പട്ടികയിൽ നിന്ന് പുറത്തായി. ഇത്തരത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പരമ്പരാഗതമായി സംഘപരിവാറിന് വിരുദ്ധമായി വോട്ട് ചെയ്തുവരുന്ന സമുദായങ്ങളെ പുറത്താക്കുന്ന ഒരു പ്രവർത്തനവും സമാന്തരമായി നടന്നുപോരുന്നുണ്ട്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഡീലിമിറ്റേഷനും സംഘപരിവാർ താല്പര്യവും
ബീഹാർ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷന് സമാനമായി കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന മറ്റൊരു നയമാണ് പാർലമെന്റ് മണ്ഡലങ്ങളുടെ പുനഃക്രമീകരണം അഥവാ ഡീലിമിറ്റേഷൻ. 2011ന് ശേഷം നിലവിൽ സെൻസസ് നടത്താത്തത് കൊണ്ട് മണ്ഡലങ്ങളുടെ പുനർനിർണയം കാര്യക്ഷമം ആകില്ലെന്നും ജനസംഖ്യ നിയന്ത്രണം മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അവരുടെ മണ്ഡലങ്ങളുടെ എണ്ണത്തിൽ കുറവുകൾ സംഭവിക്കാൻ സാധ്യത ഉണ്ടെന്നും ചൂണ്ടികാണിക്കപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ വിഷയത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടത്തപെടുകയാണെങ്കിൽ സംഘപരിവാറിന് വിജയ സാധ്യതകളുള്ള ഹിന്ദി ഹൃദയ ഭൂമിയിൽ കൂടുതൽ മണ്ഡലങ്ങൾ ലഭിക്കുമെന്ന് അവർ വാദിച്ചു. ബിഹാറും ഉത്തർപ്രദേശും അടക്കം പല സംസ്ഥാനങ്ങളിലും ജനങ്ങളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 75000 ജനങ്ങൾക്ക് ഒരു പാർലമെന്റ് അംഗം എന്ന നിലക്കായിരുന്നു നയം. ചില റിപോർട്ടുകൾ പ്രകാരം ഉത്തർപ്രദേശിൽ 80 മണ്ഡലങ്ങളിൽ നിന്നും 128 മണ്ഡലങ്ങൾ ആയും ബിഹാറിൽ 40ൽ നിന്ന് 70 മണ്ഡലങ്ങൾ ആയും ഉയരാനുള്ള സാധ്യതയും ചൂണ്ടികാണിക്കപ്പെടുന്നു. നിലവിൽ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ എന്നീ സംസ്ഥാങ്ങളിലാണ് ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ. ഈ മേഖലയിൽ നിന്നുമാത്രം 240 മണ്ഡലങ്ങളിൽ അവർ വിജയിച്ചിട്ടുണ്ട്. അത് ഏകേദശം പാർലമെന്റിലെ ആകെ അംഗങ്ങളുടെ 44.17% വരും. കാശ്മീരിലെ സവിശേഷ അധികാരം എടുത്തുകളഞ്ഞ് മണ്ഡലങ്ങൾ പുനഃക്രമീകരിച്ചത് കശ്മീരിലെ ഹിന്ദു പ്രാതിനിധ്യം പാർലമെന്റിൽ വർധിപ്പിക്കുന്ന രീതിയിൽ ആയിരുന്നു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
വോട്ടർ പട്ടിക തട്ടിപ്പും കോടതിയും
ഹിന്ദി ഹൃദയ ഭൂമിയിൽ മണ്ഡലങ്ങളുടെ എണ്ണം കൂടുകയും, വോട്ടർ പട്ടികയിൽ നിന്നും ലക്ഷകണക്കിന് മുസ്ലിങ്ങളെയും ദളിതരെയും സ്ത്രീകളെയും പുറത്താക്കുകയും രാഹുൽ ഗാന്ധി കണ്ടെത്തിയത് പോലെ വോട്ടർ പട്ടികയിൽ തട്ടിപ്പ് നടത്തി ലക്ഷകണക്കിന് കള്ള വോട്ടർമാരെ തിരുകി കയറ്റുക കൂടി ചെയുമ്പോൾ സംഘപരിവാറിനെ ജനാധിപത്യപരമായി അതിജീവിക്കുക എന്നുള്ളത് രാജ്യത്ത് അസാധ്യമായി തീരും.
ഇതിനെ നേരിടാൻ പ്രാഥമികമായി ജനകീയ പ്രതിരോധം ഉയരണം എങ്കിൽ പോലും കോടതി ഇടപെടൽ കൂടി അനിവാര്യമാണ്. നിലവിൽ തന്നെ ബീഹാർ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷനുമായി ബന്ധപെട്ട് കോടതി നിലവിൽ ആധാർ കാർഡും റേഷൻ കാർഡും തിരിച്ചറിയൽ രേഖകളായി കണക്കാക്കാൻ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപെട്ടിട്ടുണ്ടായിരുന്നു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരുടെ പ്രത്യേക പട്ടിക പ്രസിദ്ധീകരിക്കണം എന്ന് നിയമപരമായി നിഷ്കർഷ ഇല്ലെന്ന് ആഗസ്ത് 11ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. സുപ്രീം കോടതി ആഗസ്ത് 12നും 13നും കേസിൽ വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ കഴിയുമെങ്കിൽ കോടതിക്കാണ് അതിന് സാധ്യമാകുക. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനപരമായ സ്ഥാപനമാണ്. ഭരണഘടനപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ അത് ഇടപെടുകയാണെങ്കിൽ സുപ്രീം കോടതിക്ക് അത്തരം പ്രശ്നത്തിൽ ഇടപെടാൻ സാധിക്കും. റിറ്റുകളും, പൊതു താല്പര്യ ഹർജികളും കോടതിക്ക് പരിഗണിക്കുകയും ഹൈകോടതികളിൽ നിന്നുള്ള ഹർജികൾ സ്വീകരിക്കുകയും ചെയാം. എന്നാൽ കോടതികൾ പോലും സംഘപരിവാർ ഹിന്ദുത്വവത്കരിക്കുന്നത് ചൂണ്ടികാണിക്കപ്പെടുന്നു. കഴിഞ്ഞ ജഡ്ജിമാരെ നിയമിക്കുവാനുള്ള കോളേജിയത്തിന്റെ ശുപാർശകൾ വൈകിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ജൂലൈ 25ന് സുപ്രീം കോടതി വിമർശിച്ചിരുന്നു. 2023ൽ തന്നെ ജഡ്ജിമാരെ നിയമിക്കുന്നതിൽ സംഘപരിവാർ ഇടപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് സുപ്രീം കോടതി ഇടപെട്ട് നിയമം റദ്ധാക്കുകയാണ് ഉണ്ടായത്. സർക്കാരിനെ അന്ന് കോടതി ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഈ അടുത്ത ദിവസങ്ങളിൽ മഹാരാഷ്ട്രയിലെ ബിജെപി വക്താവ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പട്ടത് വിവാദങ്ങൾ ഉയർത്തിയിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിലെ സുപ്രീം കോടതി വാദം കേൾക്കലിൽ എന്ത് സംഭവിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രതീക്ഷ.
റഫറൻസ്
https://www.facebook.com/watch/live/?mibextid=rS40aB7S9Ucbxw6v&ref=watch_permalink&v=1650547595626906
https://www.newindianexpress.com/nation/2025/Jun/26/demand-not-tenable-ec-rejects-congress-plea-for-machine-readable-maharashtra-voters-list
https://www.ndtv.com/india-news/election-commission-to-poll-officers-destroy-cctv-footage-of-process-after-45-days-8713891
https://themalabarjournal.com/post/tmj-outlook-bihar-voter-list-update-and-those-excluded-from-it-aravind-v-s
https://themalabarjournal.com/post/tmj-outlook-lok-sabha-constituency-delimitation-and-south-indian-rights-aravind-vs
https://m.economictimes.com/news/elections/assembly-elections/bihar/bihar-polls-law-doesnt-require-sharing-list-of-people-missing-from-electoral-rolls-eci-tells-sc/amp_articleshow/123231982.cms
https://www.deccanherald.com/india/bihar-sir-law-does-not-require-to-share-separate-list-of-electors-excluded-from-draft-rolls-ec-tells-supreme-court-3674595
https://lawchakra.in/supreme-court/supreme-court-collegium-vs-centre/
https://www.bbc.com/news/world-asia-india-64372672
https://www.indiatoday.in/india/story/ex-bjp-spokesperson-appointed-bombay-high-court-judge-is-this-first-such-case-2767252-2025-08-06


