
വോട്ടർപട്ടിക പരിഷ്ക്കരണമോ ശുദ്ധീകരണമോ?
വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം പല തരത്തിലുള്ള വ്യാഖ്യാനങ്ങൾക്കും സംശയങ്ങൾക്കും കാരണമാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഇത്തരമൊരു തീവ്രപരിഷ്കരണത്തിനു പ്രേരകമായിത്തീർന്ന ഘടകം? ഏതാണ്ട് രണ്ടു പതിറ്റാണ്ടു മുമ്പാണ് ഇങ്ങനെയൊരു തീവ്രപരിഷ്കരണ പ്രക്രിയ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയത്. അന്നു ധാരാളം സമയമെടുത്ത് രേഖകൾ കൃത്യമായി പൊതുസമൂഹത്തിനു ലഭ്യമാക്കിക്കൊണ്ടാണ് ഈ പ്രക്രിയ നടപ്പാക്കിയത് എന്ന് മാധ്യമങ്ങളും അനുഭവസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. വളരെ ധൃതി പിടിച്ചാണ് പരിഷ്കരണ നടപടികൾ കമ്മീഷൻ നടപ്പിലാക്കുന്നത്. അതേക്കുറിച്ചുള്ള പരാതികൾ പലപ്പോഴും അവഗണിച്ചു തള്ളുന്നു. പ്രതിപക്ഷ കക്ഷികൾക്ക് തങ്ങളുടെ പരാതികളും വാദമുഖങ്ങളും ഉന്നയിക്കാൻ അവസരം നൽകുന്നു പോലുമില്ല. എന്തിന്, ഏതാനും ആഴ്ചകൾക്കുള്ളിൽ സമയബന്ധിതമായി ഈ ജോലികൾ ചെയ്‌തു തീർക്കാൻ കഴിയാതെ പ്രാദേശിക ഉദ്യോഗസ്ഥർ പരിഭ്രാന്തരായി ഉന്നയിക്കുന്ന പരാതികൾ പോലും കമ്മീഷൻ കേട്ടതായി നടിക്കുന്നില്ല. ഡസൻ കണക്കിന് ഉദ്യോഗസ്ഥർ ജോലി സമ്മർദ്ദം താങ്ങാനാകാതെ ഇതിനകം ആത്മഹത്യ ചെയ്‌തു കഴിഞ്ഞു. കേരളം മുതൽ ഉത്തർ പ്രദേശ് വരെ പ്രതിപക്ഷത്തെയും മുഖ്യ ഭരണകക്ഷിയിലേയും നേതാക്കൾ നയിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം ആത്മഹത്യാ വാർത്തകൾ വന്നിട്ടുണ്ട്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാൽ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനെക്കാൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെട്ടത് സുപ്രീം കോടതിയാണെന്നു ആർക്കും വ്യക്തമായി കാണാവുന്ന കാര്യമായിരുന്നു. ബിഹാറിൽ തീവ്ര പരിഷ്കരണം നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷ കക്ഷികൾ മാത്രമല്ല, രാജ്യത്തെ വിവിധ പൊതുസമൂഹ സംഘടനകളും നിയമവിദഗ്ധരും അതിലെ അപാകതകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. വോട്ടർ പട്ടികയിൽ പേര് നിലനിർത്താനായി കമ്മിഷൻ അംഗീകരിച്ചു പുറത്തുവിട്ട പട്ടികയിൽ ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഉണ്ടായിരുന്നില്ല. മറിച്ചു ജനന സർട്ടിഫിക്കറ്റ് പോലെ പൊതുവിൽ അപൂർവവും കണ്ടെത്താൻ പ്രയാസവുമായ രേഖകളാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
വോട്ടർ പട്ടിക പരിഷ്കരണം ഒരു പൗരത്വ പരിശോധനാ സംവിധാനമായി മാറുകയാണോ എന്ന സംശയമാണ് അതെല്ലാം അങ്കുരിപ്പിച്ചത്. എൻ.ആർ.സി പോലെ കേന്ദ്രസർക്കാർ നേരത്തെ കൊണ്ടുവന്ന പൗരത്വ പരിശോധനാ സംവിധാനങ്ങൾ ശക്തമായ എതിർപ്പു മൂലം നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിരുന്നില്ല. അതിനാൽ പുതിയ വോട്ടർപട്ടിക പരിഷ്കരണം അത്തരമൊരു നീക്കം പിൻവാതിൽ വഴി കൊണ്ടുവരുന്നതിന്റെ ലക്ഷണമായി രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും പ്രതിപക്ഷ പാർട്ടികളും കണക്കാക്കി. അതിൽ അവരെ കുറ്റം പറയാനും കഴിയില്ല. കാരണം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് കമ്മീഷൻ ആവശ്യപ്പെട്ട രേഖകളല്ല പ്രാഥമികമായി വേണ്ടത്. മറിച്ചു അവ പൗരത്വ പരിശോധനയ്ക്കു അനിവാര്യമാണ് താനും. അതോടെ കമ്മീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് എന്ന തോന്നൽ ശക്തിപ്പെട്ടു.
ഈയൊരു അന്തരീക്ഷത്തിലാണ് സുപ്രീംകോടതി പട്ടികപരിഷ്കരണ വിഷയത്തിൽ ഇടപെടുന്നത്. ആധാർ അടക്കമുള്ള രേഖകൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആധാരമായി അംഗീകരിക്കാൻ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ അവസരത്തിൽ തന്നെയാണ് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിഷയവുമായി ബന്ധപ്പെട്ടു മൂന്നു പ്രധാന മാധ്യമ സമ്മേളനങ്ങൾ നടത്തിയത്. ഇന്ത്യയിലെ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായും ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും അതേസമയം ലക്ഷക്കണക്കിന് വ്യാജവോട്ടർമാരെ തിരുകിക്കയറ്റുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ബംഗളുരു ലോകസഭാ മണ്ഡലത്തിലെ മഹാദേവപുരം നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളാണ് അദ്ദേഹം പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിച്ചത്. മാസങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിൽ കൃത്യമായ പേരുകളും വിലാസവും നൽകി ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു ഗൗരവമുള്ള ഒരു പ്രതികരണവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.
തുടർന്ന് കർണാടകയിലെ അലാന്ദ് നിയമസഭാ മണ്ഡലത്തിലെ അട്ടിമറി സംബന്ധിച്ചും ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം നൽകിയ വ്യാപകമായ അട്ടിമറികളെ കുറിച്ചും പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിച്ചു. അതെല്ലാം കോടതിയുടെ മുന്നിൽ ഉന്നയിക്കപ്പെടേണ്ട തർക്കങ്ങൾ എന്ന യാന്ത്രികമായ ന്യായീകരണമാണ് കമ്മീഷൻ കൈക്കൊണ്ടത്.
വാസ്തവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ ഉത്തരവാദിത്വമുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന പ്രതികരണമാണോ ലഭിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. കാരണം ഭരണഘടനാ സ്ഥാപനങ്ങളെ സംബന്ധിച്ച് അവയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ഇന്ന് ഇന്ത്യയിലെ ഇലക്ഷൻ കമ്മിഷൻ ഗുരുതരമായ ഒരു വിശ്വാസ്യതാ പ്രതിസന്ധി
നേരിടുന്നുണ്ട് എന്ന കാര്യം മറച്ചു വെക്കാനാവില്ല. അതിന്റെ ഉത്തരവാദികൾ ആരാണ്? പ്രതിപക്ഷത്തിനെ മാത്രമാണ് കമ്മിഷൻ അധികൃതർ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത്. എന്നാൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ചില വിഷയങ്ങളിൽ കമ്മിഷൻ പിന്നീട് തിരുത്തലുകൾ വരുത്താൻ നിർബന്ധിതമായി എന്ന സത്യവും നിലനിൽക്കുന്നു. അതായതു ചില അവസരങ്ങളിലെങ്കിലും പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഭംഗ്യന്തരേണ അംഗീകരിക്കേണ്ടി വരികയുണ്ടായി.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
അതിനാൽ നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ഇലക്ഷൻ കമ്മിഷൻ ചില അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതിൽ പ്രധാനം, വോട്ടർപട്ടിക തയ്യാറാക്കുന്നതിലും അതിന്റെ കാലാനുസൃതമായ പരിഷ്കരണത്തിലും നിർബന്ധമായും സുതാര്യത ഉറപ്പാക്കാൻ കമ്മിഷന് കഴിയണം. നിലവിലുള്ള സംവിധാനത്തിൽ കമ്മിഷൻ അതിന്റെ പ്രവർത്തനങ്ങളിൽ ഒട്ടും സുതാര്യത പ്രകടിപ്പിക്കുന്നില്ല. ഉദാഹരണത്തിന് കമ്മിഷന്റെ വെബ്സൈറ്റ് ദുരുപയോഗം ചെയ്‌തു സ്വകാര്യ ഏജൻസികൾക്ക് വോട്ടർമാരെ ഒഴിവാക്കാനും ആളുകളെ ചേർക്കാനും കഴിയുമെന്ന് അലന്ദ് മണ്ഡലത്തിലെ അനുഭവങ്ങൾ തെളിയിച്ചു. മണ്ഡലത്തിന് പുറത്തുള്ള ഒരു സ്വകാര്യ ഏജൻസി ഒരു വ്യക്തിയുടെ രേഖകൾ ചേർക്കാൻ 85 രൂപ വീതം കൈപ്പറ്റിയാണ് വ്യാജ വോട്ടർമാരെ ചേർത്തത് എന്ന് കർണാടകയിലെ ഔദ്യോഗിക അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പതിനായിരക്കണക്കിന് വോട്ടർമാരെ അങ്ങനെ തിരുകിക്കയറ്റി. ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു. അടുത്ത തവണ തട്ടിപ്പ് കണ്ടെത്തി വ്യാജന്മാരെ ഒഴിവാക്കിയപ്പോൾ അദ്ദേഹം തോറ്റു. കേസ് വന്നപ്പോൾ അതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടു കൊണ്ട് കർണാടക ക്രൈം ബ്രാഞ്ച് കമ്മിഷനുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും മറുപടി നൽകാൻ തയ്യാറായില്ല എന്ന് ദി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്തുകൊണ്ട് കർണാടകയിലെ അനേഷണവുമായി കമ്മീഷൻ സഹകരിച്ചില്ല എന്നതൊരു ഗുരുതരമായ വിഷയമാണ്. അവിടെ ഭരിക്കുന്നത് കോൺഗ്രസ്സ് പാർട്ടിയാണ് എന്നൊരു ഉത്തരം മാത്രമാണ് നേരെചൊവ്വേ ചിന്തിക്കുന്നവർക്ക് ലഭിക്കാനിടയുള്ളത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഏറ്റവും പ്രധാന ഘടകം അതിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന ആശങ്കയാണ്. ഭരണഘടന കമ്മിഷനു വലിയ അധികാരങ്ങളാണ് വകവെച്ചു നൽകിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ വോട്ടെടുപ്പിന്റെ സ്വതന്ത്രവും സുതാര്യവുമായ സ്വഭാവം നിലനിർത്താനും അതു ലോകസമൂഹത്തിനു മുന്നിൽ ബോധ്യപ്പെടുത്താനുമുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് അതാതു രാജ്യത്തെ തെരഞ്ഞെടുപ്പ് നിയന്ത്രണ സംവിധാനങ്ങളിലാണ്. ഇന്ത്യയിൽ 1952ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പു മുതൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ കഴിവും സ്വതന്ത്രസ്വഭാവവും തെളിയിച്ചിട്ടുമുണ്ട്. രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്ന പുസ്തകം സ്വാതന്ത്ര്യത്തിനു ശേഷമുള്ള സമകാല ഇന്ത്യയുടെ ചരിത്രമാണ്. അതിൽ ഒരു അധ്യായം മുഴുക്കെ അദ്ദേഹം ചെലവഴിക്കുന്നത് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും നടന്ന ആദ്യ തെരഞ്ഞെടുപ്പും അതിന്റെ നടത്തിപ്പിനായി അന്നത്തെ ഇലക്ഷൻ കമ്മീഷണർ സുകുമാർ സെൻ നടത്തിയ തയ്യാറെടുപ്പുകളും വർണിക്കാനാണ്. വളരെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് അന്നത്തെ തെരഞ്ഞെടുപ്പു നടത്തിയത്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയത്താണ് അന്ന് വോട്ടെടുപ്പ് നടത്തിയത്. പല മണ്ഡലങ്ങളും ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. ഇന്നത്തെപ്പോലെ വോട്ടിംഗ് യന്തങ്ങൾ നിലവിലില്ല. അതിനാൽ വോട്ടിംഗ് പ്രക്രിയയും വോട്ടെണ്ണലും വിജയിയെ പ്രഖ്യാപിക്കലുമൊക്കെ വളരെ സമയമെടുക്കുന്നതും സങ്കീർണവും വിഷമകരവുമായ ഒരു ഏർപ്പാടായിരുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാൽ അന്നത്തെ തെരഞ്ഞെടുപ്പിൽ തന്നെ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും ചൈതന്യവും ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ രാജ്യം പൂർണമായും വിജയിക്കുകയുണ്ടായി എന്നാണ് രാമചന്ദ്ര ഗുഹ വിലയിരുത്തുന്നത്. പിൽക്കാലത്തു കോൺഗ്രസ്സ് ഭരണത്തിൽ തന്നെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യത സംബന്ധിച്ച ആശങ്കകൾ ഉയർന്നു. എന്നാൽ ടി എൻ ശേഷൻ പദവി ഏറ്റെടുത്ത ശേഷം ഇന്ത്യയിലെ മുഖ്യധാരാ പാർട്ടികളെ അദ്ദേഹം മുൾമുനയിൽ നിർത്തി. കമ്മിഷന്റെ ശക്തിയും അധികാരവും രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ വിജയം നേടി.
എന്നാൽ പിന്നീട് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ അധികാര കേന്ദ്രങ്ങൾ കൈകടത്തുന്ന പ്രവണത ഏറിവന്നു. കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി അംഗമാകണം എന്നൊരു വിധി കോടതി പുറപ്പെടുവിച്ചെങ്കിലും മോദി സർക്കാർ അതിനെ മറികടന്നു കേന്ദ്ര മന്ത്രിസഭയിലെ അംഗത്തെ നിയമനാധികാരികളിൽ ഉൾപ്പെടുത്തി. അതിന്റെ ആത്യന്തികഫലം കമ്മിഷൻ കേന്ദ്രസർക്കാരിന്റെ ഒരു ഏജൻസിയെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങി എന്നതാണ്.
ഇത് ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ ഉയർത്തുന്നുണ്ട്. കമ്മിഷന്റെ വിശ്വാസ്യത ശക്തിപ്പെടുത്താതെ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തൽ അസാധ്യമാണ്. അതേപോലെ ഗൗരവമുള്ള ഒരു പ്രശ്നമാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ സംഭവിച്ച തകർച്ചയും. ഇന്ന് സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (എസ്‌ഐആർ) എന്ന പേരിൽ അറിയപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം യഥാർത്ഥ വോട്ടർമാരെ വെട്ടിമാറ്റി വ്യാജന്മാരെ തിരുകിക്കയറ്റാനുള്ള ഒരു നീക്കമല്ല എന്ന് ജനങ്ങൾ വിശ്വസിക്കണം എങ്കിൽ കമ്മിഷൻ അതിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തിയേ മതിയാകൂ.


