TMJ
searchnav-menu
post-thumbnail

Outlook

മാതൃഭാഷക്ക് വേണ്ടിയുള്ള പോരാളിയായ വി എസ്

22 Jul 2025   |   4 min Read
വിഷ്ണുരാജ് തുവയൂർ

വി എസ് അച്യുതാനന്ദൻ ഇനിയൊരാൾക്കും അനുകരിക്കാനാവാത്ത എന്നല്ല, ആഗ്രഹിക്കാൻ പോലുമാവാത്തവിധം വൈവിധ്യമാർന്ന രാഷ്ട്രീയജീവിതം പൂർത്തിയാക്കിയാണ് പൊതുമണ്ഡലത്തിൽനിന്ന് മടങ്ങുന്നത്. സ്വാതന്ത്ര്യപൂർവകാലത്ത് ജന്മിമാരോടും നാട്ടുരാജാക്കന്മാരോടും സർ സി പിയുടെ പട്ടാളത്തിനോടും തോക്കിനോടും ഏറ്റുമുട്ടുമ്പോഴുള്ള അതേ വിപ്ലവ ഊർജം എഴുപത്തിയെട്ടാം വയസ്സിൽ പ്രതിപക്ഷനേതാവെന്ന നിലയിലും തുടർന്നും കൈയേറ്റക്കാരോടും സ്ത്രീവിരുദ്ധരോടും സൂക്ഷിക്കാൻ വി എസിനായി. അധികാരം വേട്ടയാടിയിരുന്ന തൊഴിലാളി/സംഘടനാപ്രവർത്തനകാലത്തും അധികാരം കൈപ്പിടിയിലുണ്ടായിരുന്ന മുഖ്യമന്ത്രിക്കാലത്തും നിലപാടുകളിലുറച്ചുനിൽക്കാൻ കഴിയുന്ന അധികമാളുകളെ രാഷ്ട്രീയകേരളം പരിചയിച്ചിട്ടില്ല. 

1930കളുടെ അവസാനത്തോടെ രാഷ്ട്രീയജീവിതം തുടങ്ങിയ വി എസിന് പുതുകാലത്തിൻ്റെ രാഷ്ട്രീയത്തോടും നിരന്തരം സംവദിക്കാനായിട്ടുണ്ട്. സ്ക്രീനിൽ നമ്മുടെ സൂപ്പർതാരങ്ങൾ ആടിത്തിമിർത്ത അഴിമതിക്കെതിരേയും അനീതിക്കെതിരേയുമുള്ള പോരാട്ടങ്ങളെ സാമൂഹികജീവിതത്തിൽ അതിനെക്കാൾ ശക്തമായി ജീവിച്ചുകാണിച്ചൊരാൾ എന്ന നിലയിൽ 90's കിഡ്സിനും അതിനുശേഷമുള്ള തലമുറയ്ക്കും വി എസിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ ജനപ്രിയമായ മുഖമാകും ഏറെ പരിചിതം. അദ്ദേഹം കൈകൊടുത്ത പോരാട്ടങ്ങൾ, അതിനെ അച്ചടി-ദൃശ്യമാധ്യമങ്ങൾ പ്ലെയ്സ് ചെയ്ത വിധമൊക്കെ ബിജിയെമ്മിട്ടിറക്കുന്ന ഏതൊരു സൂപ്പർതാര ഡയലോഗുകളെയും അപ്രസക്തമാക്കും വിധം മാസ്മരികമായിരുന്നു. 'മൂന്നാർ മുറ' എന്ന് മാധ്യമങ്ങൾ വിളിച്ച (മനോരമയാണെന്നാണ് ഓർമ്മ) മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ എന്തൊരാവേശമായിരുന്നു പൊതുസമൂഹത്തിലുണ്ടാക്കിയത്. പാർട്ടിയിൽ നിന്നും ഘടകകക്ഷികളിൽനിന്നും നേരിട്ട എതിർപ്പുകളെയൊക്കെ അവഗണിച്ച് 'പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കുന്നുണ്ട്' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വി എസിൻ്റെ മാസ് ഓറ സമാനതകളില്ലാത്തതാണ്. പെമ്പിളൈ ഒരുമ സമരത്തിലും അതിനുമുൻപ് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരത്തിലും എൻഡോസൾഫാൻ വിരുദ്ധ സമരത്തിലും ആറന്മുള വിമാനത്താവള സമരത്തിലുമടക്കം കേരളത്തിലുടനീളം രൂപപ്പെട്ട ചെറുതും വലുതുമായ ജനകീയസമരങ്ങളിലെ ആവേശവും ഊർജവുമാകാൻ അക്കാലത്തും എക്കാലത്തും വി എസിനായി. വി എസിനൊപ്പമെത്താൻ ഒരാളും ശ്രമിച്ചിട്ടില്ല, ഒരാൾക്കും ആവതുമില്ല.

REPRESENTATIVE IMAGE | WIKI COMMONS
വി എസിൻ്റെ ശരികൾ അദ്ദേഹം 1940കൾ മുതലിങ്ങോട്ട് നടത്തിയ തൊഴിലാളി സമരങ്ങളിലും സംഘടനാപ്രവർത്തനങ്ങളിലും നേതൃപരമായും അല്ലാതെയും വഹിച്ച പദവികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മൂർച്ചകൂട്ടിയെടുത്തതാണ്. അതൊരു സ്വാഭാവിക രൂപപ്പെടലാണ്. ടി കെ ഹംസയെ, ഹംസ പണ്ട് വിളിച്ച 'കാലൻ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോവാത്തൂ' എന്ന ഒറ്റ മുദ്രാവാക്യം ഓർമ്മിപ്പിക്കുന്നതിലൂടെ അടിച്ചിരുത്താനും ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളിയെ 'ഹെലികോപ്റ്ററിൽ പറന്നു നടന്ന് വിഷം തുപ്പുന്നവൻ' എന്ന് നിശിതമായി വിമർശിക്കാനും വി എസിനാകുന്നത് ദീർഘമായൊരു രാഷ്ട്രീയസമരചരിത്രത്തിൻ്റെ പിൻബലമുള്ളതുകൊണ്ടാണ്. 
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിൽ 'പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ച കേൾക്കുമ്പോൾ ജനാധിപത്യകേരളം തന്നെയാണോ ഇതെന്ന് ന്യായമായും സംശയിച്ചുപോകാം. സംസ്ഥാന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമെല്ലാം ഭയഭക്തി ബഹുമാനങ്ങളോടെ പറയുന്നത് മഹാരാജാവിനോട് ചോദിച്ചേ എന്തും ചെയ്യൂ എന്നാണ്. കേരളം 1950 ജനുവരി 26ന് പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമായെന്നത് മറന്നുകൊണ്ടാണവർ തലേക്കെട്ടഴിച്ച് വാപൊത്തി കുനിഞ്ഞ് നിന്ന് സംസാരിക്കുന്നത്' - എന്ന് വി എസിന് പറയാനാവുന്നതും ജനാധിപത്യത്തിലുള്ള അദ്ദേഹത്തിൻ്റെ വലിയ ബോധ്യത്തിൽ നിന്നാണ്. 

നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പരിഗണനകളിലേക്ക് പരിസ്ഥിതി, സ്ത്രീ, വർഗീയവിരുദ്ധത, അഴിമതിവിരുദ്ധത തുടങ്ങിയ ഉള്ളടക്കങ്ങളെ ജാഗ്രതയോടെ ചേർത്തുവയ്ക്കാൻ വി എസിനായി. 
ബീഫ്/പശുവിവാദത്തിലൂടെ സംഘപരിവാർ ചില അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ ഡയലോഗ് കേരളം കേട്ടത്: 'പശു നിങ്ങളുടെ അമ്മയാണെങ്കിൽ കാളയാണോ നിങ്ങടെ അച്ഛൻ' - ഒരുപക്ഷേ, വി എസിനുമാത്രം പറയാനാവുന്ന ഒന്ന്. കേരളത്തിൻ്റെ രാഷ്ട്രീയ-ഭരണചരിത്രം അത്രമേൽ അഴിമതിമുക്തമല്ലെന്നിരിക്കേ, അഴിമതിക്കേസിൽ ഒരു മുൻമന്ത്രിയെ ജയിലിലടപ്പിച്ചതും വി എസാണല്ലോ. ബാലകൃഷ്ണപിള്ളയ്ക്കെതിരായ നിയമപോരാട്ടം പോലൊന്ന് ഇനി കേരളത്തിൽ നമ്മുടെ മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങളോ, ഏതെങ്കിലുമൊരു നേതാവോ നടത്തുമെന്ന് കരുതാനാവില്ല. 


വി എസ് അച്യുതാനന്ദൻ | PHOTO : WIKI COMMONS
കിളിരൂർ, സൂര്യനെല്ലി, ഐസ്ക്രീം പാർലർ കേസുകളിൽ ഇടപെട്ട് സ്ത്രീവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കങ്ങളെ പൊളിക്കാൻ വി എസിന് ഒരുപരിധിവരെ കഴിയുന്നുണ്ട്. മതികെട്ടാനും മൂന്നാറുമടക്കമുള്ള ഓപ്പറേഷനുകളിലൂടെ പരിസ്ഥിതിയുടെ രാഷ്ട്രീയത്തെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ദൈനംദിന പ്രവർത്തനഘടനയ്ക്കകത്തേക്ക് അദ്ദേഹം ചേർത്തുവെച്ചു. സമാനതകളില്ലാത്തവിധം ക്രൂരമായി ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും അതിനുശേഷം അദ്ദേഹത്തെ കുലംകുത്തിയെന്ന് ആക്ഷേപിച്ചപ്പോഴും ജനാധിപത്യകേരളത്തിൻ്റെ സ്വരവും മുഖവുമായി ടി പിയുടെ കുടുംബത്തിനൊപ്പം നിൽക്കാൻ വി എസ് ശ്രദ്ധിച്ചു. അതുകൊണ്ടാണ് വി എസിന് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് 
'പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്...' -എന്ന് കെ കെ രമ എംഎൽഎ അനുസ്മരണക്കുറിപ്പ് എഴുതുന്നത്.
പാർട്ടിയിലെ വി എസ്/പുറത്തെ വി എസ് എന്ന ബൈനറി രൂപപ്പെടുത്തപ്പെടുകയും അത് ജനപ്രിയമാവുകയും ചെയ്തെങ്കിലും അതിനെപ്പറ്റി പലവിധ ചർച്ചകളും സംവാദങ്ങളും സംഭാഷണങ്ങളും വിഭാഗീയതയും വെട്ടിനിരത്തലുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും വി എസ് കമ്യൂണിസ്റ്റായി തുടങ്ങി, കമ്യൂണിസ്റ്റായി തുടർന്നു, കമ്യൂണിസ്റ്റായി ജീവിതം പൂർത്തിയാക്കി എന്ന് നിസ്സംശയം പറയാം.

വ്യക്തിപരമായ വി എസ് അനുഭവംകൂടി പങ്കുവയ്ക്കട്ടെ. വി എസിനൊപ്പം തെരുവിൽ, സമരസന്ദർഭങ്ങളിൽ പലവട്ടം പങ്കാളിയാകാനും അദ്ദേഹം ഉദ്ഘാടനം ചെയ്ത ഉപവാസ സമരത്തിൽ അധ്യക്ഷനാവാനും കഴിഞ്ഞത് ദീർഘകാലത്തിനിപ്പുറവും ഊർജം നൽകുന്നൊരു ഓർമ്മയാണ്. മാതൃഭാഷാവകാശം മനുഷ്യാവകാശമാണെന്ന രാഷ്ട്രീയമുദ്രാവാക്യമുയർത്തി മലയാള ഐക്യവേദിയും വിദ്യാർഥിമലയാളവേദിയും ഐക്യമലയാള പ്രസ്ഥാനവും നടത്തിയ സമരങ്ങളിൽ വി എസ് പങ്കാളിയായിട്ടുണ്ട്. അക്കാലയളവിൽ പലതവണ ഐക്യവേദി സുഹൃത്തുക്കൾക്കൊപ്പം വി എസിനെ കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട്.


വി എസ് അച്യുതാനന്ദൻ കെ കെ രമയോടൊപ്പം | PHOTO : WIKI COMMONS
ഒരിക്കൽ സുഹൃത്തുകളായ രൺജിത്തിനും സജുവേട്ടനും സുരേഷ് പുത്തൻപറമ്പിലിനുമൊപ്പം കൻ്റോൺമെൻ്റ് ഹൗസിലെത്തി മാതൃഭാഷയുമായി ബന്ധപ്പെട്ട വിദ്യാർഥിമലയാളവേദി നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യാൻ എത്തണമെന്ന് അഭ്യർഥിച്ചത് ഓർമ്മയിലെത്തുന്നു. ഞങ്ങളെയെല്ലാവരെയും കേട്ട്, ഞങ്ങൾ നൽകിയ കത്ത് വിശദമായി ഉറക്കെ വായിച്ചശേഷം ദീർഘമായി സംസാരിച്ചത് വ്യക്തിപരമായി വലിയ ഓർമ്മയാണ്. ഉപവാസത്തിന് ഉദ്ഘാടകനായി വി എസ് എത്തുകയും ചെയ്തു. മാതൃഭാഷയ്ക്കുവേണ്ടി നടന്ന പോരാട്ടങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ ശബ്ദമാകാൻ വി എസ് ശ്രദ്ധിച്ചിരുന്നു. അത്തരമൊരു സമരവേദിയിൽവെച്ചാണ് ഡോ. പി പവിത്രൻ എഴുതിയ 'മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം' എന്ന പുസ്തകം വി എസ് പ്രകാശനം ചെയ്യുന്നതും.

യോജിപ്പുകൾ മാത്രമുള്ളൊരാൾ എന്ന സങ്കല്പം ജനാധിപത്യവിരുദ്ധമാണെന്നാണ് വ്യക്തിപരമായ തോന്നൽ. അതിനാൽത്തന്നെ വി എസിനോട് യോജിപ്പും വിയോജിപ്പുമുണ്ട്. പക്ഷേ, പലതരം വിയോജിപ്പുകൾ തുടരുമ്പോഴും കേരളത്തെ ജീവിക്കാൻകൊള്ളുന്നൊരു രാഷ്ട്രീയ ഇടമാക്കി മാറ്റിത്തീർക്കാൻ അദ്ദേഹം വഹിച്ച പങ്ക് കണ്ടില്ലെന്നുനടിക്കാനാവില്ല. അധികാരത്തെ അഹങ്കാരമാക്കാതെ, തന്റെ ദീർഘസമരപാരമ്പര്യത്തെ ഒറ്റുകൊടുക്കാതെ വലിയപദവികളിൽ വിജയകരമായി തുടരുന്നവർ അധികമില്ല. വി എസ് സമരഭരിതമായ നൂറ്റാണ്ടുജീവിതമാണ് പൂർത്തിയാക്കുന്നത്. സമൂഹമെന്നനിലയിൽ നമ്മെ ചലിപ്പിച്ചുനിർത്തിയവരിൽ പ്രധാനിയായ വലിയ മനുഷ്യന് വിട!

വി എസ് അച്യുതാനന്ദൻ | PHOTO : WIKI COMMONS
മഹാത്മാഗാന്ധിയെപ്പറ്റി ‘ഗാന്ധി ഒരു നീണ്ട ജീവിതമാസ്വദിച്ചു. ഇപ്പോൾ ഊർജസ്വലമായൊരു മരണാന്തരജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്' എന്ന് 1988ൽ ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ അധ്യാപകനായിരുന്ന കാലത്തെ ഒരോർമ്മ പങ്കുവെച്ചുകൊണ്ട് ചരിത്രകാരൻ രാമചന്ദ്രഗുഹ എഴുതുന്നുണ്ട്. ഗാന്ധിയെയും വി എസിനെയും താരതമ്യപ്പെടുത്തിയതല്ലെങ്കിലും സജീവമായൊരു മരണാനന്തരജീവിതം കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ, ജനകീയസമരങ്ങളിൽ, അഴിമതിവിരുദ്ധ പോരാട്ടങ്ങളിൽ, സ്ത്രീമുന്നേറ്റങ്ങളിൽ, വർഗീയവിരുദ്ധ സമരങ്ങളിൽ വി എസിനുണ്ടാകും എന്നത് ഉറപ്പാണ്. 

'ജീവിക്കുന്നൂ ഞങ്ങളിലൂടെ' എന്നതൊരു മുദ്രാവാക്യമല്ലാതാകുന്ന സന്ദർഭമാകുമത്.




#outlook
Leave a comment