TMJ
searchnav-menu
post-thumbnail

Outlook

വി എസ് - സമരകേരളത്തിൻ്റെ നിത്യയുവത്വം

23 Jul 2025   |   3 min Read
സിദ്ധാർത്ഥ് കെ

പ്രൈമറി ക്ലാസിൽ പഠനം നിർത്തി തുന്നൽത്തൊഴിലും കയർത്തൊഴിലും കൊണ്ട് ജീവിതം കൂട്ടിപ്പിടിക്കുകയായിരുന്ന വി എസിൻ്റെ ട്രേഡ് യൂണിയൻ സംഘാടനശേഷി കണ്ടെത്തുന്നത് സഖാവ് പി കൃഷ്ണപിള്ളയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പോലെ ഒരു സമരനൂറ്റാണ്ട് ജീവിച്ച ഈ നേതാവിനെ ഉരുവംകൊള്ളിച്ചതിൽ അത്തരമൊരു കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്ന് കാണണം. മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് കടന്നപ്പോൾ കുട്ടനാട്ടിൽ പാർട്ടി ചുമതല നൽകിയതും കൃഷ്ണപിള്ള തന്നെ. പിന്നീടയാൾ കേരളത്തിൻ്റെ ഫിദൽ കാസ്ട്രോയെന്ന വിളികേൾപ്പിക്കുമെന്ന് പ്രതീക്ഷിക്കാൻ, അന്ന് കാസ്‌ട്രോയും വിപ്ലവയൗവനം ജീവിച്ച് തുടങ്ങിയിട്ടല്ലേ ഉണ്ടാകുകയുള്ളൂ.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പുന്നപ്രയിലും വയലാറിലും സംഘടിച്ച കർഷകത്തൊഴിലാളികളുടെ ക്യാമ്പുകളിൽ പലതും വി എസിൻ്റെ നേതൃത്വത്തിൽ മികച്ചുനിന്നു. പത്രോസും ചന്ദ്രാനന്ദനും തോമസുമൊക്കെ നയിക്കുന്ന പോരാട്ടത്തിൽ വി എസും അനിവാര്യഘടകമായിരുന്നു. സമരഭൂമിയിൽ നിന്ന് പാർട്ടി നിർദ്ദേശിച്ച് പൂഞ്ഞാറിലേക്ക് ഒളിവിൽ പോയ വി എസ്, സർ സി പിയുടെ പോലീസിനാൽ പിടിക്കപ്പെട്ട് കടുത്ത നരനായാട്ടിനാണ് വിധേയനായത്. മരിച്ചുവെന്ന് കരുതി പാലാ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിന്ന്, ബയണറ്റിനാൽ തുള വീണ കണങ്കാലുമായി തിരികെ വന്നയാളാണ് വിഎസ്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
യൂണിവേഴ്സിറ്റി ക്ലാസ്മുറികളിൽ കുത്തിയിരുന്ന് പഠിച്ചിട്ടല്ല, ഉടമവർഗത്തിൽ നിന്ന് ഭൂമിയടക്കം മുഴുവൻ ഉൽപാദനോപാധികളും പിടിച്ചെടുക്കാനുള്ള പ്രയോഗങ്ങളെ പിന്തുടർന്ന് തന്നെയാണ്, വി എസ് എന്ന ഏഴാം ക്ലാസുകാരൻ സിദ്ധാന്തത്തെ സ്വായത്തമാക്കിയത്. അതുകൊണ്ടാണ്, മാർക്സോളജിസ്റ്റുകൾക്ക് ആൾക്കൂട്ടഘോഷണമായും അരാജകപ്രവണതകളായും വ്യാഖ്യാനിച്ച് നിൽക്കാൻ കഴിയുന്ന വൈകാരികമുദ്രാവാക്യങ്ങൾക്കിടയിലേക്ക് സുരക്ഷിതമായി മുങ്ങാംകുഴിയിട്ട്, വിജയത്തിനൊപ്പം നീന്തിത്തുടിക്കുന്നവനായി വി എസ് എന്ന മാർക്സിസ്റ്റ് സ്വയം മാറിയിരുന്നത്. 

ഐക്യകേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിനെ വിജയിപ്പിച്ച് തോട്ടം തൊഴിലാളിയുടെ സ്വപ്നം സാർത്ഥകമായത് വി എസിൻ്റെ സംഘടനാപാടവം കൂടിയാണ്. കുറേക്കൂടി മുതിർന്നപ്പോൾ ഏത് കാറ്റിലും ഉലയാതെ പാർട്ടിയെ കാക്കുന്ന കപ്പിത്താനായി. എ കെ ജി വിടവാങ്ങിയ, രാഘവൻ കലഹിച്ച, സിപിഐഎം വലിയ വെല്ലുവിളികൾ നേരിട്ട എൺപതുകളിൽ, ഒരു പതിറ്റാണ്ടിലേറെ വി എസ് പാർട്ടിയെ നയിച്ചു. പിന്നീട് കലഹിച്ചവരെയൊക്കെ കൂടെ നിർത്തിയാണ് വി എസ് മുന്നോട്ട് പോയിരുന്നത്. ഏറ്റവുമിഷ്ടപ്പെടുന്നതിനോട് ഏറ്റവും ആത്മാര്‍ഥമായി പിണങ്ങണമെന്ന യുക്തി വി എസിനോളം മറ്റൊരു മാർക്സിസ്റ്റിൽ കണ്ടെത്തണമെങ്കിൽ ഗൗരിയമ്മയുടെ അടുത്ത് ചെല്ലേണ്ടിവരും.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
മൂന്നാറിലെ പെമ്പിളൈകൾക്ക് കരുത്തായി വി എസ് വന്ന് കസേരയിട്ടിരുന്നത് എ കെ ജിയെ അനുസ്മരിപ്പിച്ചുകൊണ്ടാണ്. മതികെട്ടാനിലും പൂയംകുട്ടിയിലും മറയൂരിലും വി എസ് മുറുകെപ്പിടിച്ച ക്ലാരിറ്റി, അന്താരാഷ്ട്ര ഉടമ്പടികളേക്കാൾ ബലമുള്ളതാണ്. സിൻഡിക്കേറ്റ് കൂട്ടി വിമർശനം കേട്ടവർ, അവരുടെ പണിയെടുത്തത് അത്തരം സമരങ്ങളെ റൊമാന്റിക് ചരക്ക് മാത്രമാക്കി വിൽപ്പനയ്ക്ക് വയ്ക്കാനാകണം. തൂക്കിക്കൊല്ലാൻ നിന്നാൽ ആരാച്ചാർക്ക് ഒരു മുഴം കയറും കച്ചവടം ചെയ്യാൻ മുതിരുന്നവരെ, പരിഹസിക്കാനല്ല, അടവുപരമായി ഉപയോഗിക്കാൻ തന്നെയാണ് വി എസ് തീരുമാനിച്ചത്. പ്രസ്ഥാനമാകുന്ന കപ്പലിന് മുന്നിൽ മഞ്ഞുമലയാവാനും പുറത്തേക്ക് ലൈഫ് ബോട്ട് ഇറക്കാനും ഇതേ സിൻഡിക്കേറ്റ് നിർബന്ധിച്ചിട്ടുണ്ടാകണം. അത് മുടക്കാനുള്ള പണിയും വി എസിന് അറിയാത്തതല്ലല്ലോ. സംഘടനാശരീരവും വി എസിന്റെ ടാക്ടിക്കൽ വഴിയും തമ്മിലുള്ള കൺവേർജൻസ് പോയിന്റ് പലപ്പോഴും അകലെയായത് അതുകൊണ്ടൊക്കെയായിരിക്കാം. 

മൈക്കും സ്പീക്കറുമില്ലാതെ നീട്ടിയും കുറുക്കിയും വർത്തമാനം പറഞ്ഞ് കുട്ടനാട്ടിലെ കയർത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും അണിച്ചേർത്തതാണ് വി എസ് എക്സ്പീരിയൻസ്. വി എസ് പ്രസംഗിക്കുന്നുവെന്ന ബാനർ വലിച്ചുകെട്ടിയത് ഏത് ഘടകമായാലും, ഒരു ദിനത്തിൻ്റെ കൂലികളഞ്ഞ് വന്നിരിക്കുന്ന തൊഴിലാളി, ഓരോ വരിക്കും കൈയടിച്ചുകൊണ്ടിരുന്ന കാലം. നീട്ടിയും കുറുക്കിയും വി എസ് മൂർച്ച കൂട്ടിയ അതേ ഭാഷയിൽ വിമർശനമേറ്റുവാങ്ങാത്ത രാഷ്ട്രീയക്കാർ കുറവായിരിക്കും. അഴിമതിക്കേസിൽ ആർ ബാലകൃഷ്ണപിള്ളയും, കോഴയാരോപണത്തിൽ വെള്ളാപ്പള്ളിയും കലാപാന്തരീക്ഷത്തിൽ ആന്റണിയും ബാർക്കോഴ, സോളാർ കേസ് വിഷയങ്ങളിൽ കെ എം മാണിയും ഉമ്മൻ ചാണ്ടിയും വിഎസിന്റെ പരിഹാസച്ചൂടറിഞ്ഞു. ഉൾപ്പാർട്ടി സമരത്തിലും വി എസിന്റെ കരുത്ത് ഭാഷ തന്നെയായിരുന്നു. ഗോർബച്ചേവ് മുതൽ അമൂൽപുത്രൻ വരെ വിവിധ സാഹിത്യപ്രയോഗങ്ങൾ രൂപപ്പെട്ടു. കാളയാണോ നിങ്ങളുടെ അച്ഛനെന്ന് ചോദിച്ച് പശുസംരക്ഷകരുടെ ചോര പൊടിച്ചതാകണം എക്കാലത്തേയും ക്ലാസിക്. അതുകൊണ്ട് ഇനിയുള്ള ഇൻസ്റ്റാക്കാലവും വി എസ് തഗുകൾ മിസ് ചെയ്യുന്നുണ്ടാകുമെന്നുറപ്പാണ്. പക്ഷേ ലതികാ സുഭാഷടക്കമുള്ള സ്ത്രീകൾ വി എസിൽ നിന്ന് നേരിട്ട ആക്ഷേപം ക്രൂരമായിപ്പോയെന്നതും പറയാതെ വയ്യ.

സഖാവ് വി എസ് അച്യുതാനന്ദൻ | PHOTO : WIKI COMMONS
ആക്ഷേപം കൊള്ളിക്കുന്ന ഭാഷയും ആവേശം കൊള്ളിക്കുന്ന ഭാഷയും മാത്രമല്ല വിഎസിന്റെ രാഷ്ട്രീയശരീരം സ്വായത്തമാക്കിയിരുന്നത്. എം എൻ വിജയനും ടി പി ചന്ദ്രശേഖരനും ഏറ്റവും ഉയരത്തിൽ വാഴ്ത്തപ്പെട്ടത് വി എസിന്റെ നാവ് കൊണ്ടാണ്. വയസ്സനെന്ന പരിഹാസത്തിന് തലകുനിക്കാത്ത യൗവനമെന്ന തിരുമുമ്പ് കവിത സ്വന്തം പേരിൽ വിളക്കിച്ചേർത്തതും വി എസിന്റെ നാവ് തന്നെ. 2007ൽ പിണറായി വിജയനൊപ്പം പൊളിറ്റ് ബ്യൂറോയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ വി എസ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്- "പാർട്ടി മാതാപിതാക്കളെയും ഗുരുക്കന്മാരെയും പോലെയാണ്. ചില തെറ്റിന് ശിക്ഷിക്കും, ആ ശിക്ഷ ഞങ്ങൾ തെറ്റുതിരുത്തലിന്റെ ഭാഗമായി സന്തോഷപൂർവ്വം സ്വീകരിക്കും."

അതിനുമുമ്പ് ഒരിക്കലും മന്ത്രിയാകാതെ, ആദ്യമായി മുഖ്യമന്ത്രിക്കസേരയിൽ മന്ത്രിസഭയെ കണ്ടയാളാണ് വി എസ് അച്യുതാനന്ദൻ. 1965ൽ സ്വന്തം നാട്ടിൽ തോറ്റ് തുടങ്ങിയതാണ് പാർലമെന്ററി ഇടപെടൽ. പാർട്ടി ജയിക്കുമ്പോൾ തോൽക്കുകയും പാർട്ടി തോൽക്കുമ്പോൾ ജയിക്കുകയും ചെയ്യുന്നതിനെ പലപ്പോഴും യാദൃച്ഛികതയായി വിലയിരുത്തുകയാകണം. 1996ൽ മാരാരിക്കുളത്തെ തോൽവിയും 2006ലും 2011ലും മലമ്പുഴയിലെ വിജയവും മറ്റുള്ളവരെ ബാധിച്ചിട്ടുണ്ടെങ്കിലും അച്യുതാനന്ദനെ അത്രയേറെ ബാധിച്ചിരിക്കാൻ വഴിയില്ല. തോൽക്കുംതോറും ജയിക്കുന്നയാളായും ജയിക്കുംതോറും മുന്നോട്ടുകുതിക്കുന്നവനായും മാറുകയായിരുന്നു വി എസ്. 

വി എസ് അച്യുതാനന്ദനും പിണറായി വിജയനും | PHOTO : WIKI COMMONS
തിരുത്തിന്റെ സാധ്യത ഏറ്റവുമാഴത്തിൽ നമ്മൾ പ്രയോഗിച്ചുകണ്ടത് വി എസിന്റെ രാഷ്ട്രീയപ്രയോഗത്തിലൂടെയാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോരാനും തെനാലിയിൽ കൺവെൻഷൻ സംഘടിപ്പിക്കാനും അദ്ദേഹം മുമ്പിലുണ്ടായിരുന്നു. പാർട്ടിയിലും പാടത്തും നടത്തിയ വെട്ടിനിരത്തലും, ആശയസമരത്തിന്റെ തിരുത്തൽ സാധ്യതകൾ തേടുന്ന അച്യുതാനന്ദൻ ഇടപെടലുകളായി വ്യാഖ്യാനിക്കപ്പെട്ടു.

മാർക്സിസ്റ്റ് പാർട്ടി പടുത്തുയർത്തിയ അവസാനത്തെ മനുഷ്യൻ ജീവിതത്തിൽ നിന്നിറങ്ങിപ്പോയി ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്. വാർധക്യക്കിടക്കയിലായാലും എഴുന്നേറ്റുവന്ന് സാധാരണക്കാരുടെ സമരാവശ്യത്തിനുമുമ്പിൽ തീയൂതിപ്പെരുക്കുന്ന പ്രകമ്പനം തീർക്കുന്നയാളുടെ നഷ്ടം അപരിഹാര്യം തന്നെയാകും. ഫ്യൂഡലിസത്തിനെതിരെ പോരാടിത്തുടങ്ങിയ വി എസ് ഫാസിസം കടുക്കുമ്പോൾ കൂടുതൽ തെളിമയോടെ വർത്തമാനം പറയാൻ ബാക്കിയുണ്ടാകില്ലെന്നറിയാം. എന്നിരുന്നാലും, വി എസ് കൂടി അണിച്ചേർന്ന് സൃഷ്ടിച്ചെടുത്ത, സമരകേരള പാരമ്പര്യം പകരുന്ന ഇമ്യൂണിറ്റി നമ്മെ മുന്നോട്ട് നടത്തുക തന്നെ ചെയ്യും.


#outlook
Leave a comment