.jpg)
എൻഡോസൾഫാൻ വിരുദ്ധ സമരത്തിന് ശക്തിപകർന്ന വി എസ്
വി എസ് അച്യുതാനന്ദനുമായി ഞാൻ ബന്ധപ്പെടുന്നത് കാസർഗോഡ് എൻഡോസൾഫാൻ പ്രശ്നത്തെ പറ്റി സംസാരിക്കാനും അതിനൊരു പരിഹാരം ഉണ്ടാക്കുവാനുമാണ്. എൻഡോസൾഫാൻ വിഷയത്തിൽ 2010ൽ മാത്രമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടാവുന്നത്. ഏതാണ്ട് 1999 മുതൽ ഈ പ്രശ്നത്തിൽ ഞാൻ ഇടപെടുന്നുണ്ട്. ഇത്തരം സംഗതികൾ നിരന്തരമായി പഠിച്ചുകൊണ്ടിരുന്ന കാലവുമായിരുന്നു അത്. മാത്രമല്ല, എൻഡോസൾഫാൻ വിരുദ്ധ സമിതിയിലെ ആളുകളോട് നമ്മൾ പറഞ്ഞിരുന്നത് ഇന്ത്യൻ ഭരണഘടനയിലെ മനുഷ്യാവകാശങ്ങളുടെ അംഗീകാരം ഉണ്ടായാൽ മാത്രമേ ഐക്യരാഷ്ട്ര സഭ (United Nations) അംഗീകരിച്ച കാര്യങ്ങൾ നടപ്പിലാവുകയുള്ളൂ. അതിനാലത് ഏത് രീതിയിൽ വാങ്ങാം എന്നുള്ളത് പഠിക്കേണ്ട കാര്യമാണെന്നും, എന്താണ് അതിന്റെ രീതിയെന്നും എല്ലാവരുമായി ഞാൻ വിശദമായി സംസാരിച്ചിരുന്നു.
2005-06 കാലഘട്ടത്ത്, കാസർഗോഡ് ഗവൺമെന്റ് കോളേജിൽ വച്ചാണ്. ഒരു ദിവസം, അന്നത്തെ ഇടതുപക്ഷ സർക്കാർ അധികാരമേറ്റെടുത്ത ശേഷം ആദ്യ നിയമസഭ സമ്മേളനം നടക്കുമ്പോൾ, കാസർഗോഡ് ജില്ലയിൽ നിന്നുള്ള എംഎൽഎ എന്റെ അടുത്ത് വന്നു. “ഞാൻ മഞ്ചേശ്വരത്ത് ജയിച്ചത് അയ്യായിരത്തോളം വോട്ടുകളിൽ കൂടുതൽ നേടിയിട്ടാണ്. അതിന് കാരണം എൻഡോസൾഫാൻ രോഗികൾക്ക് ഞാൻ ചില ഉറപ്പുകൾ കൊടുത്തിരുന്നു. എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് അസംബ്ലിയിൽ എനിക്കിതിനെക്കുറിച്ച് സംസാരിക്കണം. അതിനൊരു സബ്മിഷൻ കൊടുക്കണം. എന്താണ് സബ്മിഷനിൽ കൊടുക്കേണ്ടത്?”, എന്നോട് ചോദിച്ചു.
അന്ന് എനിക്കറിയാവുന്ന ഒരു കാര്യമുണ്ടായിരുന്നു, കാസർഗോഡ് കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടറുടെ അടുത്ത് നിന്ന് ഞാൻ മനസ്സിലാക്കിയ കാര്യം. അതായത് മരണമടഞ്ഞ 52 ആളുകളുടെ ലിസ്റ്റ് അവിടെ തയ്യാറായിട്ടുണ്ട് എന്നുള്ളതാണ് ആ വിവരം. ഇങ്ങനെ ഒരു ലിസ്റ്റ് ഉള്ള കാര്യം ഞാൻ എംഎൽഎയെ അറിയിച്ചു, മരിച്ചവരുണ്ടോ എന്ന് ചോദിച്ചാൽ ആ ലിസ്റ്റ് പുറത്ത് വരുമെന്ന് ഞാൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുമിത്രാധികൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അത് സഹായകമാകും. അന്ന് അങ്ങനെയെ പറ്റുമായിരുന്നുള്ളൂ. അസംബ്ലിയിൽ ഇത് ഉയർത്തിയാൽ, അത് സഭാ രേഖകളിൽ വരും, മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും, അപ്പോൾ ദുരിതാശ്വാസനിധിയിൽ നിന്നോ മറ്റോ സർക്കാരിന് അവരെ സഹായിക്കാനാകും. അത് ചോദ്യമാക്കിയിട്ട് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയി.
REPRESENTATIVE IMAGE | WIKI COMMONS
പിറ്റേ ദിവസം ‘ഉത്തരദേശം’ പത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു. അസംബ്ലിയിൽ കുഞ്ഞമ്പു എംഎൽഎ എൻഡോസൾഫാൻ മൂലം ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന സബ്മിഷൻ കൊടുത്തു എന്ന്. അത് വലിയൊരു പ്രശ്നമായി, കാരണം അന്നത്തെ കൃഷിമന്ത്രി പറഞ്ഞത് ആരും മരിച്ചിട്ടില്ല എന്നായിരുന്നു. മരിച്ചവരുടെ ലിസ്റ്റ് കാസർഗോഡ് കളക്ടറേറ്റിൽ ഉണ്ടാവുകയും, അത് തിരുവനന്തപുരത്ത് എത്തിച്ചേരാതിരിക്കുകയും ചെയ്തത് ഒരു പരാജയമായിരുന്നു. ഇത് വലിയ വാർത്തയായി. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണം എന്ന് എൻഡോസൾഫാൻ വിരുദ്ധ സമിതിയുടെ ആളെന്ന നിലയിൽ ഞാൻ നാരായണൻ പെരിയ എന്ന സമിതി പ്രസിഡന്റിനോട് പറഞ്ഞു. ഇതിന് നമ്മൾ ഒന്നും ചെയ്യണ്ട എന്നും, ഇതൊക്കെ അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 52 ആളുകൾ മരിച്ചുവെന്ന് കളക്ടറേറ്റിൽ വിവരമുള്ളപ്പോൾ സഭാരേഖകളിൽ അതില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ഞാൻ വാദിച്ചു. അങ്ങനെ കുറച്ച് നേരം ഞങ്ങൾ തർക്കിച്ചു.
അവിടുന്നിറങ്ങി നടക്കുമ്പോൾ, ’നരജീവിതങ്ങൾക്കൊരു സ്വർഗ്ഗം’ എന്ന എന്റെ ഡോക്യുമെന്ററിയിൽ സംസാരിച്ച ബാലകൃഷ്ണൻ എന്ന പരിഷത്തിന്റെ ഒരു ഭാരവാഹി എനിക്ക് നേരെ വരുന്നുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഞാൻ ബാലകൃഷ്ണനോട് പറഞ്ഞു. എന്തെങ്കിലും ഇതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്തു. "മാഷിന്റെ കയ്യിൽ ഒരു പേനയില്ലേ, മാഷിന് ഒരു കുറിപ്പെഴുതിക്കൂടെ?”, ബാലകൃഷ്ണൻ എന്നോട് ചോദിച്ചു.
ആ രാത്രി മുഴുവൻ ഞാൻ ഉറക്കമിളച്ചു, പഴയ ഡോക്യുമെന്റുകളും ഫയലുകളുമെല്ലാം പരതി, ഒരു ലേഖനം എഴുതി. രാവിലെ ഞാൻ അത് മാതൃഭൂമിയിലെ കമൽറാം സജീവിന് അയച്ചു. നിങ്ങൾ ഇത് എടുക്കുന്നില്ലെങ്കിൽ, മറ്റേതെങ്കിലും മാസികയ്ക്ക് കൊടുക്കണമെന്ന് കൂടി ഞാൻ അവരോട് ആവശ്യപ്പെട്ടു. പിറ്റേ ദിവസം, അദ്ദേഹം എന്നെ വിളിച്ചു. ലേഖനം കിട്ടിയിട്ടുണ്ട് എന്നും, ഇക്കാര്യം എഡിറ്റോറിയൽ ബോർഡിന് മുമ്പിൽ അവതരിപ്പിച്ചതിന് ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നും അറിയിച്ചു. ലേഖനം വീക്കിലിയിൽ കവർസ്റ്റോറി ആയിട്ട് പ്രസിദ്ധീകരിക്കുന്നതായി അടുത്ത ദിവസം അദ്ദേഹം വിളിച്ചറിയിച്ചു, അതെനിക്ക് ആശ്വാസം നൽകി.
REPRESENTATIVE IMAGE | WIKI COMMONS
പറഞ്ഞത് പോലെ അത് പ്രസിദ്ധീകരിച്ചു വരികയും, അസംബ്ലിയിൽ അത് വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. മരിച്ചിട്ടില്ല എന്ന് പറഞ്ഞ അസത്യം, ഉദ്യോഗസ്ഥന്മാർ ശരിയായ കാര്യങ്ങൾ സർക്കാരിനെ ബോധിപ്പിക്കാത്തതാണെന്ന് വ്യക്തമായി. സഭാരേഖകളിൽ നിന്നും തെറ്റായ വിവരം നീക്കം ചെയ്യാനുള്ള നടപടികളും ഉണ്ടായി. ഇതിന്റെ ഫലമായി എൻഡോസൾഫാൻ വിഷയത്തിൽ ആദ്യത്തെ ആനുകൂല്യം ലഭിച്ചു. വി എസ് അച്യുതാനന്ദൻ അന്ന്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചിട്ട്, എന്നെയും കൂടെ പങ്കാളിയാക്കിക്കൊണ്ട് മരിച്ചവരുടെ ഒരു ലിസ്റ്റ്, ശാസ്ത്രീയമായ രീതിയിൽ തന്നെ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം എന്നെ കൂട്ടിക്കൊണ്ട് പോവാൻ കോളേജിലേക്ക് ഒരു കാർ വരികയും, ഇതിൽ നിന്നുമിറങ്ങിയ ആളുകൾ ജില്ലാ പഞ്ചായത്തിൽ നിന്നാണ്, പ്രസിഡന്റ് കൂട്ടിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടിട്ട് വന്നതാണെന്നും അറിയിച്ചു. അതിന്റെ പേപ്പർ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ ഇല്ലെന്ന് പറയുകയും, കോളേജ് പ്രിൻസിപ്പലിന്റെ നിർദ്ദേശിച്ചതനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യപ്രകാരം ഒരു കാർ വന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയാണെന്ന് ഒരു കടലാസിൽ എഴുതി കൊടുത്തിട്ട് പോയി.
ജില്ലാ പഞ്ചായത്തിൽ എത്തിയ ശേഷം, അവിടെ ഹാളിൽ രണ്ട് നിരകളിലായിട്ട് നിരവധി ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ ഇരിക്കുന്നുണ്ടായിരുന്നു. ഇയാൾ കാരണമാണ് നമ്മൾ മീറ്റിംഗ് വിളിക്കാൻ ഇടയായത് എന്നും, ഇപ്പോൾ മരിച്ചവരുടെ ലിസ്റ്റ് ഉണ്ടാക്കാൻ ഇദ്ദേഹത്തെ കൂടി ഇരുത്തിക്കൊണ്ട് വേണം എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചെന്നും സുഖകരമല്ലാത്ത രീതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നെ പരിചയപ്പെടുത്തി. “മരിച്ചവരുടെ ലിസ്റ്റ് ഉണ്ടാക്കാൻ നമ്മളുടെ കയ്യിൽ എവിടുന്നാണ് ലിസ്റ്റ്, ആരുടെയെങ്കിലും കയ്യിലുണ്ടോ?”, അദ്ദേഹം ചോദിച്ചു. 52 ആളുകൾ മരിച്ചുപോയതിന്റെ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ മറുപടി നൽകി. “എവിടുന്നാണ് ലിസ്റ്റ് എന്ന് ചോദിച്ച നിങ്ങൾക്ക് ഇപ്പോൾ ലിസ്റ്റ് കിട്ടിയില്ലേ!?”, ഞാൻ പറഞ്ഞു. അതിനെനിക്ക് അവിടെ ഇരുന്നവരിൽ നിന്ന് പ്രോത്സാഹനവും ലഭിച്ചു. നമ്മൾ പ്രതികരിക്കുമ്പോൾ, ആളുകൾ അതിനെ വിലകുറച്ച് കാണുമ്പോഴുണ്ടാവുന്ന അപകർഷതാ ബോധത്തെ ഇല്ലായ്മ ചെയ്യാൻ ഇത്തരം അനുഭവങ്ങൾ സഹായിക്കും.
രണ്ട്-മൂന്ന് ദിവസത്തിന് ശേഷം, എന്നോട് ഒന്നും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ നാരായണൻ പെരിയ, ഡോക്ടർ മോഹൻ കുമാർ എന്നിവരെയെല്ലാം ഇരുത്തിക്കൊണ്ട്, 15-20 കൊല്ലം മുമ്പൊക്കെ മരിച്ചുപോയവരുടെ റിപ്പോർട്ട് എടുത്ത്, ഇതിൽ ഒരു മാനദണ്ഡം വച്ച് എൻഡോസൾഫാൻ മൂലം മരണമടഞ്ഞ 144 പേരുടെ ലിസ്റ്റ് ഞങ്ങൾ ഉണ്ടാക്കി. അത് എത്രയും വേഗം തിരുവനന്തപുരത്തെത്തിക്കുകയും, ഉടൻ തന്നെ വി എസ്, ദുരിതാശ്വാസനിധിയിൽ നിന്നും സഹായം മരിച്ചവരുടെ കുടുംബങ്ങൾക്ക് കൊടുക്കാൻ നിർദ്ദേശം നൽകി. 50,000 രൂപയായിരുന്നു അത്. നിയമപരമായി വന്ന ആദ്യ പ്രതികരണം. ധനസഹായം പ്രഖ്യാപിക്കാനായി വി എസ് കാസർഗോഡിലേക്ക് വന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
പ്രതിപക്ഷത്തിരുന്ന കാലഘട്ടത്തിൽ വി എസ് രോഗികളെ സന്ദർശിക്കുകയും, അവർക്കായി വേണ്ട ഇടപെടലുകൾ നടത്തുംമെന്നും പറഞ്ഞിരുന്നു. ആ ഇടപെടലിന്റെ ആദ്യത്തെ സ്വരമാണ് കുഞ്ഞമ്പു എംഎൽഎയിൽ നിന്ന് വന്നത്. അതിന്റെ തെറ്റായ ഇടപെടൽ അസംബ്ലിയിൽ കാണുകയും ചെയ്തു. ആ തെറ്റ് തിരുത്തിയ നടപടിയായിരുന്നു കാസർഗോഡ് വന്നുള്ള വി എസിന്റെ ധനസഹായം പ്രഖ്യാപനം. സഹായങ്ങളുടെ രണ്ടാം ഘട്ടത്തിനായി താൻ വീണ്ടും വരുമെന്നും, തെറ്റായ പ്രഖ്യാപനം നടത്തിയ കൃഷി മന്ത്രിയെക്കൊണ്ട് മാപ്പ് പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞ പോലെ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹവും കൃഷിമന്ത്രിയും കാസർഗോഡ് എത്തി. കളക്റ്ററേറ്റിന്റെ അടുത്ത് ഒരു പൊതുവേദിയിൽ, മരിച്ച രോഗികളുടെ ബന്ധുമിത്രാധികളെ മുന്നിലിരുത്തി, വേദിയിൽ നിന്ന് താഴെ വന്ന് വി എസ്, ധനസഹായത്തിന്റെ ചെക്കുകൾ അവർക്ക് കൈമാറി.
അന്ന് ഈ 144 പേരിൽ എല്ലാവർക്കും ധനസഹായം നൽകി. ധനസഹായം നൽകാനുള്ള സാഹചര്യം ഉണ്ടാക്കിയത് വില്ലേജ് ഓഫീസർമാർ വീടുകളിൽ പോയി അന്വേഷണം നടത്തി കൃത്യമായ വിവരം ശേഖരിച്ചിട്ടാണ്. അതിൽ പ്രത്യേകത ഉള്ള മറ്റൊരു കാര്യം ഉണ്ടായിരുന്നു. വാടി നഗർ എന്ന സ്ഥലത്ത് ഏതോ ഒരു കുടുംബത്തിൽ ഒരു കുട്ടി മാത്രമേ ജീവിച്ചിരിപ്പുള്ളൂ. അച്ഛൻ എൻഡോസൽഫാൻ ബാധിച്ചു മരിച്ചു. അതിന്റെ അവകാശി ആ കുട്ടി മാത്രമാണ്. ആ കുട്ടിക്കുള്ള പണം എന്ത് ചെയ്യണമെന്ന് വില്ലേജ് ഓഫീസർമാർ കളക്ടറോട് ചോദിക്കുന്നതെല്ലാം ഞാൻ മീറ്റിംഗിൽ കേട്ടിട്ടുണ്ടായിരുന്നു. കുട്ടി പ്രായപൂർത്തി ആവുന്ന വരെ അത് കളക്ടറുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു. എന്നാൽ ആ കുട്ടിയുടെ പേര് കുൽക്കർണി എന്നാണ്. ആ പേര് കാസർഗോഡ് ഉണ്ടാവണമെങ്കിൽ ഉത്തരേന്ത്യയിൽ നിന്നുള്ളവരാവണം ഉണ്ടാവണം.
കെ മാധവനെല്ലാം മോറാർജി സമുദായത്തിൽ ഉള്ളവർ ഇവിടെ ബേക്കൽ കോട്ടയുടെ അടുത്ത് ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പക്ഷെ ഞാൻ ഒരിക്കലും കുൽക്കർണി എന്നൊരുപേര് കാസർഗോഡ് ഉണ്ടെന്ന് കരുതിയിരുന്നില്ല. കാസർഗോഡിന്റെ നിഗൂഢമായ ചില കാര്യങ്ങൾ വരെ ഇതിലൂടെ പുറത്തുവന്നിരുന്നു. ആ കുട്ടിക്ക് വേണ്ടി കളക്ടറുടെ പേരിൽ പൈസ ഡെപ്പോസിറ്റ് ചെയ്ത കാര്യം എനിക്കറിയാമായിരുന്നു. ഈ 144 പേർക്കും പൈസ കിട്ടി കഴിഞ്ഞതോടെ ആളുകൾ നമ്മളോട് ചോദിക്കുന്നത് മരിച്ചവർക്ക് ഇങ്ങനെ കിട്ടിയിട്ട് എന്താ കാര്യമെന്നാണ്. എൻഡോസൽഫാൻ രോഗികൾക്ക് ആദ്യമായി പെൻഷൻ കൊണ്ടുവന്നത് വി എസ് ആണ്. 400 രൂപയാണ് അന്നത്തെ പെൻഷൻ. അപ്പോൾ തന്നെ ആളുകൾക്ക് സംശയം ഉണ്ട് ഈ ചെറിയ പൈസകൊണ്ട് എന്താണ് കാര്യമെന്ന്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കാസർഗോഡ് ഉൾഗ്രാമങ്ങളിലൊക്കെ വളരെ ചുരുങ്ങിയ ചെലവിൽ ജീവിക്കാൻ കഴിയും. അങ്ങനെ ഒരു സ്ഥലത്ത് ഒരു മാസത്തിൽ അവർക്ക് 400 രൂപ പെൻഷൻ കിട്ടുമ്പോൾ, അത് വളരെ വലുതാണ്. നമ്മൾ അവിടെ ചെന്ന് അവരുടെ വീടുകൾ എല്ലാം കണ്ടുകഴിയുമ്പോൾ നമുക്ക് മനസ്സിലാവും, ആ 400 രൂപയ്ക്ക് വലിയ വിലയുണ്ടെന്ന്. പക്ഷെ, അന്നത്തെ പ്രശ്നം എന്ന് പറയുന്നത് ആളുകൾക്ക് അത് പറഞ്ഞ മനസ്സിലാക്കി കൊടുക്കാൻ കഴിയുന്നില്ല എന്നുള്ളതാണ്. ആ പെൻഷനാണിപ്പോൾ 2,000 ആയി മാറിയിരിക്കുന്നത്. ഈ സർവീസ് സംഘടനകളിൽ ഓരോ വർഷവും ഉണ്ടാവുന്ന ഇൻക്രിമെന്റ് പോലുള്ള സംഗതി പെൻഷൻ പോലുള്ളവയിലും ഉണ്ട് എന്ന മനസ്സിലാക്കിയത് കൊണ്ടാണ് 400 എങ്കിൽ 400 എന്ന തുകയോട് നമ്മൾക്ക് വലിയ എതിർപ്പില്ലാതിരുന്നത്. അത് 4,000 ആവാൻ ഭരണതലത്തിൽ തന്നെ സാധ്യത ഉണ്ട് എന്ന് അറിയുന്നത് കൊണ്ടാണ് അതിന് സമ്മതിച്ചത്.
അന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടിലാത്തതിനാൽ അതുവരെ എങ്ങനെ കാര്യങ്ങൾ പോകുമെന്ന ഒരു നിശ്ചലമായ അവസ്ഥ ഉണ്ടായിരുന്നു. മാത്രമല്ല ജില്ലാ പഞ്ചായത്തിൽ ഒരു സെൽ ഉണ്ടാക്കിയെങ്കിലും അവർ കണ്ടെത്തിയ രോഗികളെ സഹായിക്കാം എന്നുള്ള സാധ്യതയും ആദ്യം പറഞ്ഞിരുന്നു, എന്നാൽ അതൊന്നും നടന്നില്ല. അപ്പോഴാണ് വി എസ് തന്റെ മുഖ്യമന്ത്രി ദുരിദാശ്വാസ നിധിയിൽ നിന്നും ധനസഹായം കൊടുക്കാൻ തീരുമാനമാക്കിയത്.
REPRESENTATIVE IMAGE | WIKI COMMONS
പിന്നീട് 2010ൽ ജസ്റ്റിസ് ബാലകൃഷ്ണൻ വന്ന് രോഗികളെയും, ഡോക്യുമെന്ററിയും എല്ലാം കണ്ടിട്ടാണ് തീരുമാനമെടുത്തത്. 6,000 രോഗികൾ അന്ന് തന്നെ ഉണ്ടായിരുന്നു. ഒരു സ്ഥലത്ത് ഇത്രയും രോഗികൾ ഉള്ളത് കൊണ്ട് തന്നെ, അദ്ദേഹം മെഡിക്കൽ റിപ്പോർട്ടുമെല്ലാം എടുത്ത് കൊണ്ട്, എൻഡോസൾഫാൻ മൂലമാണ് അതെല്ലാം, മറ്റൊരു രോഗവുമല്ല എന്ന് പ്രഖ്യാപിച്ചു. അത് വരെയുള്ള സമയം, തുടക്കത്തിൽ പ്രഖ്യാപിച്ച 400 രൂപ പെൻഷനും, രണ്ടാമത് ദുരിതാശ്വാസ നിധിയിൽ നിന്നെടുത്ത പണവും ആളുകൾക്ക് വലിയൊരു ആശ്വാസമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായമായത് കൊണ്ട്, ഭരണഘടന ഒന്നും നോക്കാൻ നിൽക്കാതെ, പെട്ടെന്ന് തന്നെ ആശ്വാസനിധി വി എസ് പ്രഖ്യാപിച്ച് ആളുകൾക്ക് നൽകി. യുക്തിയുടെ ഭാഗമായ ഒരു നീക്കമായിരുന്നു അത്. അങ്ങനെയാണ് വി എസ് എന്ന വലിയ മനുഷ്യൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത്. മാനുഷികത കൈമുതലാക്കിയ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കാര്യങ്ങളാണ് കാസർഗോഡ് പ്രവർത്തിച്ചത്. അതിന്റെ തുടർച്ചയാണ് നമ്മൾ ഇപ്പോൾ സുപ്രീം കോടതിയിൽ നിന്ന് ആറായിരത്തിലധികം പേർക്ക് 5 ലക്ഷം രൂപ ആശ്വാസധനം നേടാൻ സഹായകമായത്.
വി എസ് അച്യുതാനന്ദൻ എന്ന ഭരണാധികാരി പകർന്നുനൽകിയ നിശ്ചയദാർഢ്യം പിന്നീട് പല പ്രവർത്തനങ്ങൾക്കും ഞങ്ങൾക്ക് പ്രചോദനം ആയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വി എസ് എന്ന വലിയ ദീപശിഖ നമ്മളെ വിട്ട് പോവുകയില്ല. അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവാൻ, അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആളുകൾ ഇനിയും വരും.


