TMJ
searchnav-menu
post-thumbnail

Outlook

വഖഫ് നിയമ ഭേദഗതി മുനമ്പം പ്രശ്‌നവുമായി മാത്രം ബന്ധപ്പെട്ടതല്ല

20 May 2025   |   11 min Read
അരവിന്ദ് വി എസ്

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇസ്ലാമിക ധര്‍മസ്ഥാപനങ്ങളാണ് വഖഫ്. ആധുനിക സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു വഖഫ് ഒരു സങ്കീര്‍ണ്ണമായ സാമ്പത്തിക- സാമൂഹിക വ്യവസ്ഥയായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.

വഖഫ് എന്നാല്‍ ഏതെങ്കിലും വ്യക്തി അയാളുടെ ഏതെങ്കിലും സ്ഥാവര ജംഗമ സ്വത്തുക്കള്‍ പുണ്യമോ മതപരമോ ജീവകാരുണ്യമോ ആയി മുസ്ലീം നിയമം അംഗീകരിച്ച ഏതെങ്കിലും ആവശ്യത്തിനായി സ്ഥിരമായി സമര്‍പ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. വഖഫ് സമര്‍പ്പിച്ച ഒരു സ്വത്ത് പിടിച്ചെടുക്കാനോ വില്‍പ്പന നടത്താനോ, അല്ലെങ്കില്‍ അനന്തരാവകാശത്തിലൂടെ നേടിയെടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല എന്നതാണ് സങ്കല്‍പം.

വഖഫ് സ്ഥാപനങ്ങള്‍ ജീവകാരുണ്യത്തിന്റെ പ്രവര്‍ത്തന മൂലധനമായി മാത്രമല്ല, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ഉത്തേജകമായും പ്രവര്‍ത്തിക്കുന്നുവെന്ന് സമകാലിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ മുസ്ലീം ജനസമൂഹത്തിന്റെ വിദ്യാഭ്യാസം നിലവാരം, ആരോഗ്യ സംരക്ഷണ സൂചികകള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന തോത് എന്നിവ ഉയര്‍ത്തുന്നതില്‍ വഖഫ് ബോര്‍ഡുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, താഴെത്തട്ടിലെ സാമൂഹിക വികസന പരിപാടികള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിലൂടെ, വഖഫ് സ്ഥാപനങ്ങള്‍ ദശലക്ഷക്കണക്കിന് വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്.

Rajya Sabha passes Waqf Amendment Bill, 2025 a day after Lok Sabha nod |  Latest News India - Hindustan Timesരാജ്യസഭയില്‍ വഖഫ് ഭേദഗതി ബില്‍ 2025 അവതരിപ്പിക്കുന്നു | PHOTO: WIKI COMMONS
ഇന്തോനേഷ്യയിലും, മലേഷ്യയിലും, പടിഞ്ഞാറന്‍ ആഫ്രിക്കയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സാമൂഹിക വികസനത്തില്‍ പുരോഗതി ഉണ്ടാക്കുവാന്‍ വഖഫ് ഇടപെടലുകള്‍ സ്ഥാനം വഹിച്ചിട്ടുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഇന്തോനേഷ്യയില്‍ മതപരവും അല്ലാതെയുമുള്ള വിദ്യാഭ്യാസവും, വ്യക്തിത്വ വികസനവും നേടുന്നതിന് ലക്ഷ്യമാക്കി നടത്തുന്ന ''പോണ്ടോക് പെസാന്‍ട്രെന്‍'' എന്ന ഇസ്ലാമിക ബോര്‍ഡിങ് സ്‌കൂളുകള്‍ വഖഫ് ബോര്‍ഡിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് (Habibulloh, 2023). വിദ്യഭ്യാസസ്ഥാപനങ്ങളുടെ കുറവുകളുള്ള ബംഗ്ലാദേശിലെ ഉള്‍ഗ്രാമങ്ങളില്‍ വഖഫ് അധിഷ്ഠിത സംരംഭങ്ങള്‍ പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് (Nabi et al., 2019). നൈജീരിയയിലെ വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വഖഫ് സ്ഥാപനങ്ങള്‍ സംഭാവനകള്‍ നല്‍കിയത് അവിടത്തെ പിന്നോക്ക ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സഹായിച്ചിട്ടുണ്ട് (Muhammad et al., 2024).

വഖഫിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ Sustainable Development Goals 4-മായി യോജിച്ചു പോകുന്നവയാണ് എന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മേഖലക്കും അതിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും ധനസഹായം നല്‍കുന്നതിലൂടെ വഖഫ് അധിഷ്ഠിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ച ഈ ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് (Judijanto et al., 2024) (Zawawi et al., 2023). ഇന്തോനേഷ്യയില്‍, ആശുപത്രികളും ക്ലിനിക്കുകളും അടക്കം നിര്‍മിച്ചുകൊണ്ട് വഖഫ് ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഇടപെടുന്നുണ്ട്. ഇവിടങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ സേവനങ്ങള്‍ നല്‍കുന്നതിലും ഇവ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് (Masruroh et al., 2024) (Laila et al., 2024). രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും, ബോധവത്കരണ പ്രവര്‍ത്തനങ്ങളും അടക്കം പൊതുജനാരോഗ്യ പരിപാടികള്‍ ശക്തമാക്കുന്നതിനും വഖഫ് ഇടപെടുന്നു. ഉദാഹരണത്തിന്, ഫിലിപ്പീന്‍സില്‍, പൊതുജന ആരോഗ്യ സംവിധാനങ്ങള്‍ കുറവായ ബാങ്സമോറോ വിഭാഗത്തിന് വേണ്ടി ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വഖഫ് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് (LAMPATAN, 2023). ആരോഗ്യ സംരക്ഷണത്തില്‍ അടക്കം അടിയന്തര സാഹചര്യങ്ങളില്‍ സഹായം നല്‍കാനുള്ള വഖഫിന്റെ പങ്ക് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, COVID-19 പകര്‍ച്ചവ്യാധിയുടെ സമയത്ത്, ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യുന്നതിലും, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പലയിടത്തും വഖഫ് സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു (Iskandar et al., 2023).

ലോകമൊട്ടുക്കും എങ്ങനെയാണ് പല മേഖലയിലെയും വഖഫ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സാമൂഹിക വികസനത്തില്‍ ഇടപെടുന്നത് എന്ന് ഇത്തരം അനേകം സാമൂഹ്യശാസ്താ ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്.

File:Thawalib Parabek Juli 2022.jpg - Wikimedia CommonsREPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യന്‍ സാഹചര്യം

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പഠനമായ 2006 ലെ 'സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്' അനുസരിച്ചു ഇന്ത്യയില്‍ 4.9 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വഖഫുകളുണ്ട്. ഈ സ്വത്തുക്കള്‍ക്ക് കീഴിലുള്ള മൊത്തം വിസ്തീര്‍ണ്ണം ഏകദേശം ആറ് ലക്ഷം ഏക്കറാണെന്ന് കണക്കാക്കപ്പെടുന്നു (Rasool, T. 2017). കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യക്കകത്തെ മുസ്ലിം ജനവിഭാഗം അനുഭവിക്കുന്ന പിന്നോക്കാവസ്ഥ ചൂണ്ടികാണിക്കപ്പെട്ടു. മറ്റു സമുദായികവിഭാഗങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെക്കാള്‍ ജീവിത നിലവാരത്തിന്റെ തോതില്‍ അവര്‍ പിന്നോക്കമാണെന്നും അധികാര പങ്കാളിത്തത്തിന്റെ തോതില്‍ വളരെ കുറഞ്ഞ പങ്കാണ് സമുദായത്തിന് ലഭ്യമായിട്ടുള്ളതെന്നും കണ്ടെത്തപ്പെട്ടു. എന്നാല്‍ വഖഫ് പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ ജീവിത നിലവാരം മെച്ചപെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ അവസരങ്ങള്‍, ആരോഗ്യ സുരക്ഷാ സേവനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍, വായ്പ സേവനങ്ങള്‍ എന്നിവയില്‍ ഇടപെട്ടുകൊണ്ട് ജനങ്ങളുടെ ജീവിത നിലവാരത്തെ ഉയര്‍ത്താനും തൊഴിലവസരങ്ങള്‍ ഉത്പാദിപ്പിക്കാനും വഖഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്.  ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ വികസനത്തെ ഉയര്‍ത്തുന്നതില്‍ വഖഫ് ബോര്‍ഡുകള്‍ ശക്തമായ സാന്നിധ്യമാണ്. ചരിത്രത്തിലുടനീളം പ്രൈമറി സ്‌കൂളുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വരെ സ്ഥാപിക്കാനും പരിപാലിക്കാനും വഖഫ് ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് അറിവും തൊഴില്‍ നൈപുണ്യവും നല്‍കികൊണ്ട് സമുദായത്തിന്റെ മനുഷ്യ മൂലധന വികസനത്തിന് ഈ സ്ഥാപനങ്ങള്‍ കാരണമാകുന്നുണ്ട് എന്ന കണ്ടെത്തപ്പെട്ടിട്ടുണ്ട് (Khan, 2018) (Awalluddin, 2023). അധ്യാപകരുടെ വേതനം, അടിസ്ഥാന സൗകര്യ വികസനം അതിന്റെ പരിപാലനം, പഠന സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവുകള്‍ വഹിക്കാന്‍ വഖഫ് ഫണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. വിദ്യാഭാസം നേടുന്നതിന് ചിലവ് കുറവായതുകൊണ്ട് സമൂഹത്തിലെ കീഴ്ത്തട്ടിലുള്ളവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലെ അവസരങ്ങളെ ആശ്രയിക്കാന്‍ കഴിഞ്ഞിരുന്നു. അതോടൊപ്പം സ്‌കോളര്‍ഷിപ്പുകള്‍, സബ്‌സിഡികള്‍, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ നല്‍കുന്നതിലൂടെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാന്‍ വഖഫ് പ്രാപ്തമാക്കി (Khan, 2018)(Shaikh, Z. H. & Sarea, A. H. (2020)(Awalluddin, 2023).

ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും വഖഫ് സമ്പത്ത് ഉപയോഗിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ പലപ്പോഴും ദരിദ്രര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ നല്‍കിപ്പോരുന്നു. ഇത് സമുദായത്തിന്റെ ആരോഗ്യ നിലവാര സൂചികകളിലെ കുറവ് പരിഹരിക്കുന്നു (Conteh et al., 2020) (Rofiqoh et al., 2020). എന്നിരുന്നാലും രാജ്യത്തു നിലനില്‍ക്കുന്ന അസഹിഷ്ണുതയും ഭൂമി കയ്യേറ്റവും ഭരണ നിര്‍വഹണത്തിലെ അപാകതകളും വഖഫ് ബോര്‍ഡുകള്‍ രാജ്യത്ത് നേരിടുന്ന പ്രശ്‌നങ്ങളാണ്.

REPRESENTATIVE IMAGE | WIKI COMMONS
വഖഫ് ബോര്‍ഡ് നിയമ ഭേദഗതി

ഇന്ത്യയിലെ വഖഫ് സ്വത്തുക്കള്‍ ഇതുവരെ 2013ല്‍ ഭേദഗതി ചെയ്ത 1995ലെ വഖഫ് നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നുണ്ടായിരുന്നത്. വഖഫ് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ എന്നിവ വഖഫ് ബോര്‍ഡിന്റെ ഭരണ നിര്‍വഹണത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപദേശക സമിതിയാണ് കേന്ദ്ര വഖഫ് കൗണ്‍സില്‍. ഓരോ സംസ്ഥാനത്തും/കേന്ദ്രഭരണ പ്രദേശങ്ങളിലും വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ സ്ഥാപനങ്ങളാണ് സംസ്ഥാന വഖഫ് ബോര്‍ഡുകള്‍.വഖഫ് സ്വത്തുക്കളുടെ രേഖകളും സാധനങ്ങളും സൂക്ഷിക്കുക. ഈ സ്വത്തുക്കളുടെ ശരിയായ ഉപയോഗവും വരുമാനവും ഉറപ്പാക്കുക, വഖഫ് ഭൂമികളെ കയ്യേറ്റത്തില്‍ നിന്ന് സംരക്ഷിക്കുക, പള്ളികള്‍, ദര്‍ഗകള്‍, മദ്രസകള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്നിവയാണ് ഇവയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വഖഫ് നിയമപ്രകാരം സ്ഥാപിതമായ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളാണ് വഖഫ് ട്രൈബ്യൂണലുകള്‍. ഒരു വസ്തു വഖഫ് ആണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കുക, വ്യക്തികളും വഖഫ് ബോര്‍ഡുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, സ്വത്തുക്കളുടെ തെറ്റായ നടത്തിപ്പ്, ഭൂമി കയ്യേറ്റങ്ങള്‍, കുടിയാന്മാരുടെ തര്‍ക്കങ്ങള്‍, അനധികൃത കൈമാറ്റം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇടപെടുക പരിഹരിക്കുക എന്നിവയാണ് ഇവയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍. ഈ ട്രിബുണലുകള്‍ സിവില്‍ കോടതികളുടെ അധികാര പരിധിക്ക് പുറത്തായതുകൊണ്ട് അവിടെ നിന്നുള്ള തീരുമാനങ്ങളുടെ മേലുള്ള അപ്പീലുകള്‍ ഹൈക്കോടതികളിലാണ് പരിഗണിക്കപ്പെടുക.

വഖഫ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും സുതാര്യത കൊണ്ടുവരാനുമായി എന്ന് സൂചിപ്പിച്ചുകൊണ്ട് പുതിയ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. ഈ ബേദഗതി ബില്‍ ലോക സഭ പാസാക്കുകയും ചെയ്തു. ബില്‍ രാജ്യസഭ പാസാക്കിയതിന് ശേഷം രാഷ്ട്രപതി അംഗീകരിച്ചു കഴിഞ്ഞാല്‍ അത് നിയമമായി മാറും. വഖഫ് ബോര്‍ഡിന്റെയും ട്രിബുണലിന്റെയും അധികാരങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ഈ നിയമം കാരണമാകും. പുതിയ നിയമം അനുസരിച്ചു അഞ്ചു വര്‍ഷമെങ്കിലും ഇസ്ലാമിക വിശ്വാസിയായി തുടര്‍ന്ന് ആളുകള്‍ക്ക്  മാത്രമേ വഖഫ് പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളു. പിന്തുടര്‍ച്ചാവകാശം അവസാനിക്കുമ്പോള്‍ സ്വത്തുക്കള്‍ വഖഫ് നല്‍കുകയാണെങ്കില്‍ ദാതാവിന്റെ സ്ത്രീകള്‍ അടക്കമുള്ള പിന്തുടര്‍ച്ച ലഭിക്കേണ്ടവര്‍ക്ക് അവരുടെ അവകാശം നിഷേധിക്കാന്‍ കാരണമാകരുത്.

Govt may bring Bill to amend Waqf law: What are Waqf boards? What are the  proposed changes? – FirstpostREPRESENTATIVE IMAGE | WIKI COMMONS
സര്‍ക്കാര്‍ സ്വത്ത് വഖഫ് ആയി കണക്കാക്കില്ല. സര്‍ക്കാര്‍ ഭൂമി വഖഫ് ഭൂമി ആണെന്ന് തര്‍ക്കം ഉണ്ടാകുന്ന പക്ഷം ഉടമസ്ഥാവകാശത്തിന്മേല്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തും.  ഒരു സ്വത്ത് വഖഫ് ആണോ എന്ന് അന്വേഷിച്ച് കണ്ടെത്താനുള്ള അധികാരം വഖഫ് ബോര്‍ഡിനു നല്‍കുന്ന 40-ാം വകുപ്പ് നിയമത്തില്‍ നിന്നും റദ്ദാക്കും. മുന്‍ നിയമം അനുസരിച്ചു വഖഫ് സര്‍വേ ചെയ്യുന്നതിന് ഒരു സര്‍വേ കമ്മീഷണറെയും അഡീഷണല്‍ കമ്മീഷണര്‍മാരെയും നിയമിക്കാന്‍ കഴിയുമായിരുന്നു. നിലവില്‍ ഇത്തരം സര്‍വേ അടത്താനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കും നല്‍കുന്നു. തീര്‍പ്പാക്കാത്ത തര്‍ക്കങ്ങള്‍ അതാത് സംസ്ഥാന റവന്യൂ നിയമങ്ങള്‍ അനുസരിച്ച് നടത്തും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും വഖ്ഫ് ബോര്‍ഡുകളെയും ഉപദേശിക്കുന്ന സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്ലിനു അതിനുള്ളിലെ പ്രാതിനിധ്യത്തിനും മാറ്റമുണ്ടാകും. ഈ നിയമപ്രകാരം വഖഫിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് കൌണ്‍സിലിന്റെ എക്‌സ്-ഒഫീഷ്യോ ചെയര്‍പേഴ്‌സണ്‍. പുതിയ നിയമപ്രകാരം സെന്റര് വഖഫ് കൗണ്‍സിലിലേക്ക് നിയമിക്കപ്പെടുന്ന എംപിമാര്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ അമുസ്ലിങ്ങളുമാകാം. അതോടൊപ്പം  പുതിയ ഈ സമിതിയില്‍  രണ്ട് അമുസ്ലിങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ് എന്ന വ്യവസ്ഥയുണ്ട്. 1995ലെ നിയമം അനുസരിച്ചു ഈ സമിതിയില്‍ എല്ലാവരും മുസ്ലിങ്ങളും കുറഞ്ഞത് രണ്ട് പേര് സ്ത്രീകളുമായിരിക്കണം എന്ന് നിഷ്‌കര്ഷയുണ്ട്.

സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്കും പുതിയ നിയമം അനുസരിച്ചു മാറ്റമുണ്ട്. മുസ്ലീങ്ങളുടെ ഇലക്ടറല്‍ കോളേജുകളില്‍ നിന്ന് പരമാവധി രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു: എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംസ്ഥാനങ്ങളില്‍ നിന്ന് വഖഫ് ബോര്‍ഡുകളില്‍ ഉള്‍പ്പെടും. ഈ പട്ടികയില്‍ നിന്നും മുസ്ലീം അല്ലാത്ത ഒരാളെ സംസ്ഥാന സര്‍ക്കാറിന് നാമനിര്‍ദ്ദേശം ചെയുവാന്‍ കഴിയും. ബോര്‍ഡില്‍ രണ്ട് അമുസ്ലീം അംഗങ്ങള്‍ ഉണ്ടാകണം. ഷിയാ, സുന്നി, മുസ്ലീങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് ഓരോ അംഗമെങ്കിലും ഉണ്ടായിരിക്കണം. സംസ്ഥാനത്ത് പ്രാതിനിധ്യം ഉണ്ടെങ്കില്‍ ബോറ, അഗാഖാനി സമുദായങ്ങളില്‍ നിന്ന് ഓരോ അംഗവും ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും സ്ത്രീകളായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. രണ്ട് മുസ്ലീം അംഗങ്ങള്‍ സ്ത്രീകളായിരിക്കണമെന്ന് ബില്‍ പറയുന്നു.

Brij Lal on X: "Attending Joint Parliamentary Committee meeting on the Waqf (Amendment) Bill-2024 at Hotel Marriat Lucknow. #Waqf @blsanthosh @JPNadda @PMOIndia @narendramodi @BJPCentralMedia @BJPLive @myogiadityanath @myogioffice @BJP4UP @NaMo4PM ...REPRESENTATIVE IMAGE | WIKI COMMONS
വഖഫുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ ട്രൈബ്യൂണലുകള്‍ രൂപീകരിക്കണം. ട്രൈബ്യൂണലുകളുടെ ചെയര്‍മാന്‍ ക്ലാസ്-1, ജില്ലാ, സെഷന്‍സ് അല്ലെങ്കില്‍ സിവില്‍ ജഡ്ജിക്ക് തുല്യമായ റാങ്കിലുള്ള ജഡ്ജിയായിരിക്കണം. മറ്റ് അംഗങ്ങളില്‍ ഒരു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് തുല്യമായ ഒരു സംസ്ഥാന ഉദ്യോഗസ്ഥന്‍ ആയിരിക്കും. മുസ്ലീം നിയമ പണ്ഡിതന്‍ ആയിരിക്കണം.

പുതിയ ബില്‍ ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ക്ക് അന്തിമത്വം നല്‍കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ക്കെതിരെ 90 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. വഖഫ് രജിസ്ട്രേഷന്‍, വഖഫ് അക്കൗണ്ടുകളുടെ പ്രസിദ്ധീകരണം, വഖഫ് ബോര്‍ഡുകളുടെ നടപടിക്രമങ്ങളുടെ പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ബില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. നിയമപ്രകാരം, സംസ്ഥാന സര്‍ക്കാരിന് ഏത് ഘട്ടത്തിലും വഖഫ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ കഴിയും. സിഎജി അല്ലെങ്കില്‍ നിയുക്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇവ ഓഡിറ്റ് ചെയ്യാന്‍ ബില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു.

സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയോ വഖഫ് വരുമാനത്തിന്റെയോ 15 ശതമാനത്തില്‍ കൂടുതല്‍ ഷിയ വഖഫ് ആണെങ്കില്‍ സുന്നി, ഷിയ വിഭാഗങ്ങള്‍ക്കായി പ്രത്യേക വഖഫ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിയമം അനുവദിക്കുന്നു. അഗാഖാനി, ബോറ വിഭാഗങ്ങള്‍ക്കായി പ്രത്യേക വഖ്ഫ് ബോര്‍ഡുകളും ബില്‍ അനുവദിക്കുന്നു എന്നിവയാണ് ഈ ഭേദഗതികള്‍.

ഇത്തരം ഭേദഗതികള്‍ക്ക് എതിരായ കേരള വഖഫ് ബോര്‍ഡ് കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവിട്ടുകൊണ്ട് കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയവും കോടതി അനുവദിച്ചു.

Supreme Court of India | Many judges' names will be confirmed, sent within  three days, govenment tells Supreme Court amid row over delay - Telegraph  Indiaസുപ്രീംകോടതി | PHOTO: WIKI COMMONS
മുനമ്പം സമരവും വഖഫ് ഭൂമി ഇടപാടും ഭേദഗതിയും

ആത്യന്തികമായി വഖഫ് തര്‍ക്കങ്ങളെല്ലാം തന്നെ ഭൂമിയും അതിന്റെ മേലുള്ള അധികാരവുമായി ബന്ധപ്പെട്ട വിഷയമാണ്. വഖഫ് ഭൂമികള്‍ രാജ്യത്തൊട്ടാകെ കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അനേകം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് എന്നുള്ള വസ്തുത ആദ്യം തന്നെ കണക്കിലെടുക്കേണ്ടി വരും.

മുനമ്പം പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിക്കുന്നത് അവിടെ തര്‍ക്കം നിലനില്‍ക്കുന്നത് കേരളത്തിലെ ഭൂരഹിത വിഭാഗങ്ങളില്‍ ഒന്നായ മത്സ്യ തൊഴിലാളികളായ ലാറ്റിന്‍ ക്രൈസ്തവ കുടുംബങ്ങളെയാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത് എന്നാണ്. കേരളത്തില്‍ തെക്കുമുതല്‍ വടക്കുവരെ കടല്‍ കയറ്റം കൊണ്ടും സര്‍ക്കാറുകളുടെ കടല്‍ നയങ്ങള്‍ കൊണ്ടും വിഭവ കൈയേറ്റം കൊണ്ടും നാമ മാത്രമായി സ്വന്തമായ ഭൂമി നഷ്ടപെട്ടുകൊണ്ടിരിക്കുന്നവരാണ് ബഹുഭൂരിപക്ഷം സമുദായ അംഗങ്ങളും. കടലിനെയും കടലിന്റെ സ്വാഭാവികതയെയും അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്ന തദ്ദേശീയ സമൂഹങ്ങളാണ് ഇവര്‍. ഈ പ്രശ്‌നം ഒരു നൂറ്റാണ്ടെങ്കിലും ചരിത്രപരമായി പഴക്കമുള്ള ഒന്നുമാണ്. ഈ കുടുംബങ്ങള്‍ മറ്റു ചിലരില്‍ നിന്ന് പണം കൊടുത്തു ഇവിടങ്ങളില്‍ ഭൂമി വാങ്ങി. എന്നാല്‍ ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ ഫാറൂഖ് കോളേജിന് വഖഫ് നല്കപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ ഇവ വഖഫ് ബോര്‍ഡിലേക്ക് സ്വര് ചേര്‍ക്കേണ്ടി വരുമോ എന്നുള്ള സംശയവുമാണ് ഈ പ്രശ്‌നത്തിന്റെ രത്‌ന ചുരുക്കം. അങ്ങനെയെങ്കില്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടും എന്നുള്ള ചോദ്യവും പതിറ്റാണ്ടുകളായി നിലനിക്കുന്നു.

ഈ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ചരിത്രത്തിന് രണ്ട് വാദങ്ങളുണ്ട്. ഗുജറാത്തില്‍ നിന്നും കേരളത്തിന്റെ തെക്കന്‍ മേഖലയില്‍ കച്ചവടത്തിനായി വന്ന അബ്ദുല്‍ സത്താര്‍ സേട്ടിന് ഈ ഭൂമി 1902ല്‍ തിരുവതാംകൂര്‍ മഹാരാജാവ് പാട്ടത്തിന് കൊടുത്തതാണെന്ന് ഒന്നാമത്തേത്. അദ്ദേഹം അത് വില കൊടുത്തു വാങ്ങിയതാണ് എന്നത് രണ്ടാമത്തേതും. എന്തുതന്നെ ആയാലും 1948ല്‍ അബ്ദുല്‍ സത്താര്‍ സേട്ടിന്റെ പിന്തുടര്‍ച്ചക്കാരനായ സിദ്ദിഖ് സേട്ടിന് 404.76 ഏക്കര്‍ ഭൂമി തീറാധാരം ചെയ്തു കിട്ടി. 1950 നവംബര്‍ ഒന്നിന് ഇടപ്പള്ളി സബ്രജിസ്ട്രാര്‍ ഓഫീസിലെ 2115/1950 നമ്പറായി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് സിദ്ദിഖ് വഖഫ് ആധാരം ചെയ്തു കൊടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ വഖഫ് ആധാരത്തിന്റെ തെളിവുകളും പുറത്തുവന്നു. 1951 മാര്‍ച്ച് 28 നു പറവൂര്‍ തഹസില്‍ദാര്‍ സ്ഥലത്തിന് 609 ആം നമ്പറായി പോക്കുവരവ് ചെയ്ത കൊടുക്കുകയും ചെയ്തു. വഖഫ് ചെയ്തുകൊടുക്കുന്ന സമയത്തും ഈ ഭൂമിയില്‍ ചില കുടുംബങ്ങള്‍ താമസമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു, എന്നാല്‍ ബന്ധപെട്ടു ഒന്നും സൂചിപ്പിക്കപ്പെട്ടിട്ടില്ല. ഈ ഭൂമി പിന്നീട് മേല്‍നോട്ടത്തിന് കഴിയാതെ വന്നപ്പോള്‍ എറണാകുളത്ത് തന്നെയുള്ള എം വി പോള്‍ എന്ന അഭിഭാഷകനെ പവര്‍ ഓഫ് അറ്റോര്‍ണിയും പ്രത്യേക ആധാരം വഴിയും ചുമതലപ്പെടുത്തി. കോളേജ് അധികൃതര്‍ തന്നെയും പലപ്പോഴായി ഈ ഭൂമി അനധികൃതമായി വില്പന നടത്തിയിട്ടുണ്ട്. പിന്നീട് ഈ ഭൂമി വഖഫ് ചെയ്തതാണോ അതോ സമ്മാനമായി നല്കപ്പെട്ടതാണോ എന്ന തര്‍ക്കം ഉണ്ടാകുകയും 1971 ല്‍ തന്നെ പറവൂര്‍ സബ് കോടതി വഖഫ് ഭൂമി ആണെന്ന് വിധിക്കുകയും ചെയ്തു. പിന്നീട് കേസ് അനേക കാലം നീളുകയും 2008, 2009 ലും ഹൈക്കോടതിയില്‍ നടക്കപ്പെട്ട കേസുകളില്‍ കളക്ടര്‍ നല്‍കിയ മറുപടിയില്‍ ഇത് ഉറപ്പിക്കുകയും ചെയ്തു. 1990 ല്‍ ഈ ഭൂമിക്ക് കിഴുപ്പിള്ളി വില്ലേജ് ഓഫീസ് പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

Controller of Examination - Farook Collegeഫാറൂഖ് കോളേജ് | PHOTO: WIKI COMMONS
2008 ല്‍ വീണ്ടും കേരളത്തിലെ വഖഫ് ഭൂമി കീയെങ്ങളെക്കുറിച്ചു പഠിക്കാന്‍ എം എ നിസാര്‍ എന്ന അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. അന്നവര്‍ കേരളത്തില്‍ 23ഓളം ഇടങ്ങളിലായി 600 ഏക്കറോളം വഖഫ് ഭൂമി കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. ഫാറൂഖ് കോളേജ് നിയമം ലംഘിച്ചു ഭൂമി വില്പന നടത്തി എന്ന് കമ്മീഷന്‍ കണ്ടെത്തി. ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി എടുക്കണം എന്ന് ശുപാര്‍ശ ചെയ്തു. 2010 മെയ് മാസത്തിലെ മന്ത്രി സഭ യോഗത്തില്‍ സര്‍ക്കാര്‍ ഈ ശുപാര്‍ശകള്‍ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചു.

2022 ജനുവരി 13 നു സംസ്ഥാന വഖഫ് ബോര്‍ഡ് സിഇഓ ആയിരുന്ന ബി എം ജമാല്‍ കൊച്ചി താലൂക് തഹസില്‍ദാര്‍ക്ക് ഒരു കത്ത് നല്‍കി. വഖഫ് ഭൂമി ഉള്‍പ്പെട്ട കുഴുപ്പള്ളി, പള്ളിപ്പുറം വില്ലേജുകളില്‍ നിന്ന് അന്യ വ്യക്തികളില്‍ നിന്ന് നികുതി സ്വീകരിക്കുകയോ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ പോക്കുവരവ് നടത്തി നല്‍കുകയോ ചെയ്യരുത് സമാനമായ മറ്റു നടപടികള്‍ കൈകൊള്ളുകയോ ചെയ്യരുത് എന്നതായിരുന്നു അത്. ഇതോടെ ഈ പ്രശ്‌നം ജനങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഒരു പ്രശ്‌നമായി മാറി. കാലങ്ങളോളം അതിജീവിച്ച ഭൂമിയില്‍ നിന്നും തങ്ങളെ പുറത്താക്കുമോ എന്ന ഭീതി ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു.

2022 റവന്യു, വഖഫ് മന്ത്രിമാരും ഈ വകുപ്പുകളിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും ഉള്‍പ്പെട്ട ഒരു ഉപസമിതിയുടെ തീരുമാനപ്രകാരം ഭൂനികുതി സ്വീകരിക്കാന്‍ കൊച്ചി തഹസില്‍ദാര്‍ 2022 ഒക്ടോബര്‍ ഏഴിന് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കൂടുതല്‍ സങ്കര്‍ഷങ്ങളുണ്ടാക്കി. 600 ഓളം കുടുംബങ്ങള്‍ക്ക് ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു കൈവശാവകാശക്കാരനായ ജോസഫ് ബിന്നി വ്യക്തമാക്കുന്നത്.

ഈ വിഷയത്തില്‍ ഭൂമി തട്ടിപ്പ് നടത്തിയത് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ കൂടെ അറിവോടെയാണ് എന്ന് വ്യക്തമായിട്ടുകൂടി അവര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് അവരെക്കൂടി സര്‍ക്കാര്‍ തലത്തില്‍ നിയമ നടപടികളിലും ചര്‍ച്ചകളിലും ഉള്‍കൊള്ളിച്ചുകൊണ്ടു പോകുമ്പോഴേ ഈ കുടുംബങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളു. ഈ മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്ന റിസോര്‍ട്ട് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തുകൊണ്ട് ഈ 600 ളം കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയുള്ള നടപടികളാണ് നിലവില്‍ സ്വീകരിക്കപ്പെടേണ്ടത്. ഭൂമി തട്ടിപ്പ് നടത്തിയ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് അതിന് ഉത്തരവാദിത്വവുമുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
വഖഫ് നിയമ ഭേദഗതി മുനമ്പം പ്രശ്‌നം പരിഹരിക്കുമോ?

വഖഫ് നിയമ ഭേദഗതി തീര്‍ച്ചയായും മുനമ്പത്തെ കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കുകയില്ല എന്ന് മാത്രമല്ല അത് കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. മുനമ്പത്തെ പ്രശ്‌നം കേരളത്തില്‍ വിവാദ ചര്‍ച്ചയാക്കി നിലനിര്‍ത്തുന്ന തീവ്ര വലത് കൂട്ടായ്മകളായ സംഘപരിവാറും ക്രൈസ്തവ തീവ്ര കൂട്ടായ്മയായ കാസയും പ്രചരിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രശനം മുസ്ലിം വിശ്വാസ പ്രകാരം നിലനില്‍ക്കുന്ന ഒരു ധര്‍മ സ്ഥാപനത്തിന് ഇന്ത്യക്കകത്ത് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരം ഉണ്ട് എന്നതാണ്. അത് വിശേഷിച്ചും കയ്യേറ്റം ചെയ്യപ്പെടുന്ന സമുദായത്തിന്റെ ഭൂവിഭവം തിരിച്ചു പിടിക്കാന്‍ അവര്‍ക്ക് അധികാരം നല്‍കുന്നു എന്നതാണ് അവരെ അസ്വസ്ഥരാക്കുന്നത്.

ഈ നിയമ ഭേദഗതിയില്‍ ഉണ്ടായ മുഴുവന്‍ മാറ്റങ്ങളും ഈ അധികാരങ്ങള്‍ സമുദായത്തില്‍ നിന്ന് എടുത്തുകളയുന്നതാണ്. കൗണ്‍സിലില്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളെ ഉള്‍പ്പെടുത്തുക എന്നത് അതില്‍ ഏറ്റവും വഞ്ചനാപരമായ ഭാഗമാണ്. ഒരു ഭൂമി വഖഫ് ആണോ അല്ലയോ എന്ന നിര്‍ണയിക്കാനുള്ള പ്രാഥമികമായി അധികാരം വഖഫ് ബോര്‍ഡിന് നല്‍കുന്ന 40ാം വകുപ്പ് നിയമത്തില്‍ നിന്നും റദ്ധാക്കിയത് അതിനുവേണ്ടിയാണ്. ഭൂമി അധികാരത്തില്‍ തര്‍ക്കം ഉണ്ടാകുന്ന പക്ഷം റിസര്‍വേ നടത്താന്‍ പുതിയ ഭേദഗതി പ്രകാരം ജില്ലാ കളക്ടര്‍ക്കാണ് അധികാരം ഉണ്ടാകുക. ഇത്തരത്തില്‍ സമുദായത്തിന്റെ വിഭവങ്ങളുമായി ബന്ധപ്പെട്ട സ്വയംഭരണ അവകാശങ്ങളില്‍ കൈവക്കുന്ന സംഘപരിവാര്‍ നയങ്ങളാണ് ഈ ഭേദഗതിയില്‍ നമുക്ക് കാണാനാകുക. ഇതോടുകൂടി വഖഫ് ഭൂമികളില്‍ കയ്യേറ്റം ഉണ്ടാകാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണ് ചെയ്യുക.

നിലവില്‍ വഖഫ് ഭേദഗതികളില്‍ തീര്‍പ്പുണ്ടാകാത്തിടത്തോളം ഈ പ്രശ്‌നപരിഹാരം നീളുകയും മുനമ്പത്തെ തല്‍സ്ഥിതി തുടരുകയും ചെയ്യും. എന്നാല്‍ ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡില്‍ നിന്ന് എടുത്തു കളയുന്നതോടെ അനേകം മറ്റു ഉദ്യോഗസ്ഥ നൂലാമാലകളിലേക്ക് ഈ പ്രശ്‌നം സങ്കീര്‍ണമായി  വിളക്കി ചേര്‍ക്കപ്പെടും.

SC Slams Telangana on Tree Felling: No Tolerance for Eco Damage in  GachibowliREPRESENTATIVE IMAGE | WIKI COMMONS
വഖഫ് ഭേദഗതിയുടെ കേരള മാതൃക

ഇന്ത്യക്കകത്തെന്നല്ല ലോകമൊട്ടുക്കും കീഴാളരുടെ ഭൂവിഭവം കൈവശപ്പെടുത്തി അവരെക്കാള്‍ താരതമ്യേന ശക്തരായ വിഭാഗങ്ങള്‍ സമ്പന്നരായി മാറിയിട്ടുണ്ട്. അതിന് ഭരണകൂടത്തിന്റെ കൂടി പിന്തുണ ലഭിക്കുന്നത് നയങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് കൂടി രൂപപ്പെടുത്തുമ്പോഴാണ്. ഇതിന്റെ മാതൃകകള്‍ ദേശീയ തലത്തിലും കേരളത്തിലും കാണാനാകുമെന്ന് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നിലവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്ലാനിങ് ബോര്‍ഡ് അംഗമായ രവി രാമനും സാമൂഹ്യ ശാസ്ത്രജ്ഞനായ സി ആര്‍ ബിജോയിയും മുത്തങ്ങ ആദിവാസി മുന്നേറ്റത്തെക്കുറിച്ചു നടത്തിയ പഠനത്തില്‍ നയപരമായി ആദിവാസി വിഭാഗങ്ങളെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാര്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വഞ്ചിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. വലിയ തോതില്‍ കയറ്റത്തിന് വിധേയമായ ആദിവാസികളുടെ ഭൂമി തിരിച്ചുപിടിക്കാനുള്ള 1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം (The Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Act, 1975, also known as the KST Act) 1999 ല്‍ ഇടതുപക്ഷം ഭേദഗതി ചെയ്തത് ഇതിന് സമാനമാണ്.

Farook College says Munambam land is not Waqf property, asserts they have right to sell itREPRESENTATIVE IMAGE | WIKI COMMONS
1950 ല്‍ തന്നെ ദേബര്‍ കമ്മീഷന്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിച്ചെടുത്തു വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു 25 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് അക്കാലത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധി സംസ്ഥാന മന്ത്രിമാരോട് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള നിയമം പാസാക്കണമെന്നു അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് 1975 ഏപ്രില്‍ 25 നു കേരള നിയമസഭാ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു കൊടുക്കാനുള്ള നിയമം ഐക്യഖണ്ഡേന പാസാക്കിയിരുന്നു. അതേ വര്‍ഷം തന്നെ നവംബര്‍ 11 നു ബില്ലിന് പ്രസിഡന്റ് ഫക്രുദീന്‍ അലി അഹമ്മദ് അനുമതി കിട്ടുകയും അങ്ങനെ നിയമം ഭരണഘടനയുടെ ഒമ്പതാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നിയമം ഉണ്ടാക്കിയപ്പോള്‍ 1960 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നടപ്പാക്കാന്‍ ഉദ്ദേശിച്ചതെങ്കിലും പതിറ്റാണ്ടുകള്‍ കഴിഞ്ഞു 1986 ല്‍ ചട്ടം വന്നപ്പോള്‍ മുന്‍കാല പ്രാബല്യം 1982 ജനുവരി 1 ആക്കിമാറ്റി. ആദിവാസി ജനതയോടുള്ള ചതി അവിടംകൊണ്ടവസാനിച്ചില്ല. 1988 ആയിട്ടും നിയമം നടപ്പാകാത്തതിനെതുടര്‍ന്ന് നല്ലതമ്പിദുരൈ എന്ന വയനാട്ടിലെ ഒരു ഡോക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 1993 ഒക്ടോബര് 15 ഒരുമാസത്തിനുള്ളില്‍ നിയമം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.സര്‍ക്കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും അവധി ചോദിച്ചുകൊണ്ടിരിക്കുകയും കോടതി അവധി നല്‍കികൊണ്ടിരിക്കുകയും ചെയ്തു. അതിനിടയില്‍ 1975 ല്‍ നിര്‍മിച്ച നിയമത്തിനുള്ള ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സ് ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. 1996 ആഗസ്ത് 9 നു സര്‍ക്കാര്‍ തികച്ചും ആദിവാസി വിരുദ്ധമായി 1975 ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചുകൊടുക്കാനുള്ള നിയമം നടപ്പാക്കാന്‍ കുടിയേറ്റക്കാര്‍ അനുവദിക്കുന്നിലെന്നു കാണിച്ചു കോടതിയെ സമീപിച്ചു. അതെ മാസം 14 നു കോടതി സര്‍ക്കാര്‍ വാദം തള്ളി. സെപ്തംബര്‍ 30 നു മുന്‍പ് നിയമം നടപ്പാക്കാനും അതിനു വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ അതൊന്നും തന്നെ സര്‍ക്കാരിന് നടപ്പാക്കാനുള്ള താല്പര്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല 1975 ലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കി. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു. 1996 സെപ്തംബര്‍ 23 നു ഗൗരിയമ്മ ഒഴിച്ചുള്ള ഇടതുപക്ഷ വലതുപക്ഷ എംഎല്‍എ മാര്‍ എല്ലാവരും ചേര്‍ന്ന് 1975 ലെ നിയമത്തിന്റെ ഭേദഗതി പാസ്സാക്കി. 1960 നും 1986 ജനുവരി 24 നും ഇടക്കു നടന്ന ആദിവാസി ഭൂമി കയ്യേറ്റങ്ങളെ ഈ ഭേദഗതിയിലൂടെ സാധുവാക്കി.

ഇന്ത്യക്കകത്തെ വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള  നയപരമായ വിവേചനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ ഈ മാതൃക കാശ്മീരിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും, മധ്യേന്ത്യയിലും, ലക്ഷദ്വീപിലും സംഭവിച്ചതാണെന്ന് വ്യക്തമാകും. ഇവയുടെ പരിശോധന വ്യക്തമാക്കുന്നത് ഇന്ത്യയിലെ താരതമ്യേന മെച്ചപ്പെട്ട വിഭവാധികാരമുള്ള സാമുദായിക വിഭാഗങ്ങളുടെ അനുഭവങ്ങളും അറിവുകളും നയങ്ങള്‍ക്കുള്ളില്‍ ഖനീഭവിക്കുന്നു എന്നാണ്. വിഭവങ്ങള്‍ക്കുവേണ്ടിയുള്ള അവരുടെ മത്സരങ്ങളിലെ താല്പര്യങ്ങളാണ് ഇന്ത്യന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ താല്പര്യങ്ങളെ നിര്‍ണയിക്കുന്നത്. അതുകൊണ്ട് വഖഫ് നിയമ ഭേദഗതി തീര്‍ച്ചയായും മുനമ്പത്തെ കീഴാള വിഭാഗങ്ങളായ ലാറ്റിന്‍ കത്തോലിക്കരെ സംരക്ഷിക്കുകയില്ല. അതിന്റെ താല്പര്യങ്ങള്‍ മുസ്ലിം സമുദായത്തിന്റെ കൂട്ടായ വിഭവാധികാരം കവര്‍ന്നെടുക്കുക എന്നുള്ളതാണ്.




#outlook
Leave a comment