.jpg)
വഖഫ്: ചരിത്രം വര്‍ത്തമാനം
മതപരമോ ജീവകാരുണ്യപരമോ വിദ്യാഭ്യാസപരമോ ആയ ആവശ്യങ്ങള്‍ക്കായി സ്വത്ത് എഴുതി നല്‍കുന്നതിനെയാണ് ഇസ്ലാമിക നിയമശാസ്ത്രത്തിലെ 'വഖഫ്' എന്ന ആശയം സൂചിപ്പിക്കുന്നത്. ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് ദൈവത്തിന്റേതായാണ് കണക്കാക്കപ്പെടുന്നത്. അത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ അനന്തരാവകാശമായി നല്‍കാനോ കഴിയില്ല. ഇസ്ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായി അതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന ഒരു ട്രസ്റ്റി (മുതവല്ലി)യായിരിക്കും തുടര്‍ന്നു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
മുസ്ലിം സമൂഹം പ്രവാചക കാലം മുതലേ പൊതു സേവനങ്ങള്‍ക്ക് വഖ്ഫ് ചെയ്യപ്പെട്ട മുതലുകളാണ് ഉപയോഗിച്ചു വരുന്നത്. പള്ളികള്‍, മദ്‌റസകള്‍, കോളേജുകള്‍, ദര്‍ഗ്ഗകള്‍, മഖ്ബറകള്‍ തുടങ്ങി ഇസ്ലാമിക സമൂഹവുമായി ബന്ധപ്പെട്ട അനേകം സ്ഥാപനങ്ങള്‍ രൂപം കൊണ്ടതും നിലനിന്നു പോന്നതും വഖഫ് എന്ന നിലയിലാണ്. മുസ്ലിംങ്ങള്‍ തുര്‍ക്കി പോലുള്ള പ്രദേശങ്ങളില്‍ 'വഖഫ് ചെയ്യപ്പെട്ട തൊട്ടിലില്‍ ജനിച്ച് വഖഫ് മുതലില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് വഖഫാക്കപ്പെട്ട ഖബറില്‍ അടക്കം ചെയ്യുന്നു' എന്ന് ഗിബ്‌സിനെ പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മുസ്ലിം ജീവിതത്തിലെ വഖഫിന്റെ മാറ്റിനിര്‍ത്തപ്പെടാനാവാത്ത സാന്നിധ്യത്തെ വ്യക്തമാക്കുന്നു. വഖഫ് മുതലുകള്‍ ഇസ്ലാമിക സമൂഹത്തെ ലോകം മൊത്തം വളര്‍ത്തിയെടുത്തത്തില്‍ അതിപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
അമേരിക്കന്‍ ചരിത്രകാരനും ഷിക്കാഗോ സര്‍വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറുമായ മാര്‍ഷല്‍ ഹോഡ്‌സണ്‍ വഖഫിനെ വിശേഷിപ്പിക്കുന്നത് 'Financing of Islamic Society' എന്നാണ്.
REPRESENTATIVE IMAGE | WIKI COMMONS
മധ്യകാല ഇന്ത്യയില്‍ മത ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി കൈമാറ്റം ചെയ്യുന്ന രീതിയുണ്ടായിരുന്നു. ഇത്തരം ഭൂമികളെ ഇനാം, മധത് തുടങ്ങിയ പേരുകളിലാണ് വിളിക്കപ്പെട്ടിരുന്നത്. ഇത്തരം ഭൂമികളെ പള്ളി, യത്തീംഖാന, ഖബറിടം എന്നിവ പണിയുന്നതിനാണ് സാധാരണയായി ഉപയോഗിക്കുന്നത്. ദര്‍വേഷുകള്‍, ഫകീറുകള്‍ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാര്‍ ഡല്‍ഹി സുല്‍ത്താന്‍മാരോടോ മുഗള്‍ രാജാക്കന്മാരോടോ ആവശ്യപ്പെടുന്ന പക്ഷം അതൊരു ഒഴിഞ്ഞ ഭൂമിയാണെങ്കില്‍ അവര്‍ക്ക് മത സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനായി അനുവദിക്കപ്പെടും. ഇത്തരം ഭൂമികളാണ് പിന്നീട് ഇന്ത്യയില്‍ വഖഫ് മുതലുകളായി മാറിയത് എന്നാണ് പ്രമുഖ ചരിത്രകാരന്‍ കെ എന്‍ ഗണേഷ് പറയുന്നത്.
കൊളോണിയല്‍ കാലവും വഖഫും
മതപരവും ദാനധര്‍മപരവുമായ ട്രസ്റ്റുകള്‍ (Religious and Charitable Trusts) ഇന്ത്യന്‍ ജുഡീഷ്യറിയുടെയും നിയമനിര്‍മാണ സഭകളുടെയും ശ്രദ്ധയില്‍ കൊളോണിയല്‍ കാലം മുതലേ ഇടം നേടിയിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇന്ത്യന്‍ ജനതയുടെ മതവികാരം വൃണപ്പെടുത്തിയതാണെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ പീന്നീട് അതിനെ പ്രീണിപ്പിക്കാനും അതില്‍ ഇടപെടാതിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്ത്യയിലെ മത ട്രസ്റ്റുകള്‍ക്കുള്ള ആധുനിക നിയന്ത്രണ സംവിധാനത്തിന്റെ ഉത്ഭവമായ 1863ലെ റിലീജിയസ് എന്‍ഡോവ്മെന്റ്സ് ആക്ടില്‍ ഇത് പ്രകടമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനെ നിരോധിച്ച ഈ ആക്ട് ഓരോ മത സമുദായത്തിനും അവരുടെ എന്‍ഡോവ്മെന്റുകളില്‍ സ്വയം മേല്‍നോട്ടത്തിനുള്ള സ്വയംഭരണാവകാശവും (Community Autonomy) നല്‍കി. അക്കാലം വരെയും ബംഗാള്‍ റെഗുലേഷന്‍ ആക്ട് 19 (1810), മദ്രാസ് റെഗുലേഷന്‍ ആക്ട് 7 (1817) എന്നിവയിലൂടെ മത വിഭാഗങ്ങളുടെ ട്രസ്റ്റ് സ്വത്തുക്കളുടെ മേല്‍നോട്ടം ഈസ്റ്റ് ഇന്ത്യ കമ്പനി നേരിട്ടാണ് നടത്തിയിരുന്നത്. ഒന്നാം സ്വാതന്ത്ര സമരാനന്തരം ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് രാജ്ഞിയിലേക്ക് അധികാരം നേരിട്ട് മാറിയതോടെ, ഈ മുതലുകളില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിന്റെ ആവശ്യമില്ല എന്ന സമീപനമാണ് സ്വീകരിക്കപ്പെട്ടത്.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം പലപ്പോഴും ക്രൈസ്തവ ഇതര സ്വത്തുക്കളുടെ കാര്യക്ഷമമായ മേല്‍നോട്ടങ്ങളില്‍ അത്ര താല്‍പര്യം കാണിച്ചിരുന്നില്ല. ഇന്ത്യന്‍ ദേശീയത വളര്‍ന്നുവരുകയും തദ്ദേശീയ സമുദായങ്ങളെ പ്രതിനിധാനംചെയ്യുന്ന നിയമനിര്‍മാണ സഭകള്‍ ശക്തി പ്രാപിക്കുകയും ചെയ്ത മുറക്ക്, ഇന്ത്യയിലെ പല സമുദായങ്ങളും അവരുടെ ട്രസ്റ്റുകള്‍ മേല്‍നോട്ടത്തിനായി ഘടനാപരവും നിയമപരവുമായി കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനങ്ങള്‍ക്കായി ആവശ്യപ്പെടാന്‍ തുടങ്ങി. ഏറെ തീര്‍ഥാടകരെ ആകര്‍ഷിച്ചിരുന്നതും വലിയ സമ്പത്ത് കൈവശം വെച്ചിരുന്നതുമായ ദക്ഷിണേന്ത്യയിലെ ഹിന്ദുക്ഷേത്രങ്ങള്‍ അവയുടെ സ്വത്തുക്കളുടെ മേല്‍നോട്ടത്തിനായി നിയമപ്രകാരമുളള റിലിജിയസ് എന്‍ഡോവ്മെന്റ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍കൈ എടുത്തു. 1927ലെ മദ്രാസ് ഹിന്ദു റിലീജിയസ് എന്‍ഡോവ്മെന്റ്സ് ആക്ട്, ഇന്ത്യയിലെ ഹിന്ദു ക്ഷേത്ര അനുബന്ധ ട്രസ്റ്റുകളെ നിയന്ത്രിക്കുന്ന ആധുനിക നിയന്ത്രണ സംവിധാനത്തിന്റെ അടിത്തറയായി നിലവില്‍ വന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഇതേ സമയം വിവിധ ബ്രിട്ടീഷ് പ്രവിശ്യകളില്‍ സമാനമായ മേല്‍നോട്ട ഘടനകള്‍ സ്ഥാപിക്കാന്‍ മുസ്ലിം സമുദായവും ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. സയ്യിദ് ആമിര്‍ അലിയെ പോലുള്ള മുസ്ലിം നിയമ വിദഗ്ധരാണ് ഇതിനായി പരിശ്രമിച്ചത്. 1923ലെ മുസല്‍മാന്‍ വഖഫ് ആക്ട് വഖഫ് മുതലുകളുടെ മേല്‍നോട്ടത്തിന് ജില്ല കോടതികളെ ചുമതലപ്പെടുത്തിയെങ്കിലും അത് ഫലപ്രദമായില്ല. ദക്ഷിണ ഇന്ത്യയിലെ ഹിന്ദു ബോര്‍ഡ് മാതൃകയില്‍ മുസ്‌ലിം സമുദായവും എന്‍ഡോവ്മെന്റ് നിയമ അധിഷ്ഠിത ബോര്‍ഡ് സംവിധാനങ്ങള്‍ക്കായി ശ്രമം തുടങ്ങി. ഒടുവില്‍, വിവിധ പ്രവിശ്യാ നിയമനിര്‍മാണ സഭകള്‍ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡുകള്‍ സ്ഥാപിതമായി.
സ്വതന്ത്ര ഇന്ത്യയിലെ വഖഫ്
ഇന്ത്യന്‍ ഭരണഘടന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഈ മതേതര തത്ത്വം ആര്‍ട്ടിക്കിള്‍ 26ല്‍ ഉള്‍പ്പെടുത്തി, അതു പ്രകാരം ഇന്ത്യയിലെ ഓരോ മത വിഭാഗത്തിനും അവര്‍ക്ക് ദാനത്തിലൂടെ അടക്കം സ്വത്തുക്കള്‍ ഉണ്ടാക്കുവാനും സ്വന്തം സമുദായ സ്വത്തുക്കളുടെ മേല്‍നോട്ടം നിയന്ത്രിക്കാനുള്ള മൗലിക അവകാശം ഉണ്ടായി.
സ്വതന്ത്ര ഇന്ത്യയിലുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്നതിനുള്ള ആദ്യത്തെ സമഗ്രമായ ശ്രമമായിരുന്നു 1954 ലെ വഖഫ് നിയമം. ഈ സ്വത്തുക്കളുടെ ഭരണത്തിന് മേല്‍നോട്ടം വഹിക്കാനും ദുരുപയോഗം തടയാനും സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 1995-ലെ വഖഫ് നിയമത്തിലെ ഭേദഗതികള്‍ വഖഫ് സ്വത്തുക്കളുടെ അനധികൃത വില്‍പനയോ കൈമാറ്റമോ തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. നിയമത്തിലെ 51-56 വകുപ്പുകള്‍ വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വഖഫ് ഭൂമി വില്‍ക്കുന്നതും അന്യാധീനപ്പെടുത്തുന്നതും വിലക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വഖഫ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ 1995ലെ ആക്ടിന്റെ പരിഷ്‌കരണങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 1995ലെ വഖഫ് ആക്ടില്‍ 2013ല്‍ ചില ഭേദഗതികള്‍ വരുത്തി. 2011ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച്, 9.4 ലക്ഷം ഏക്കര്‍ ഭൂമിയിലായി വ്യാപിച്ചുകിടക്കുന്ന 4.9 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളാണ് വഖഫ് സ്വത്തുക്കളില്‍ ഉള്ളത്. ഇവയുടെ മൂല്യം ഏകദേശം 1.2 ലക്ഷം കോടി രൂപ (ഏകദേശം 15 ബില്യണ്‍ യുഎസ് ഡോളര്‍) വരും. പക്ഷെ, നിയമപരമായ തര്‍ക്കങ്ങള്‍, കൈയേറ്റങ്ങള്‍, കൈകാര്യകര്‍തൃത്വത്തിലെ കെടുകാര്യസ്ഥത എന്നിവ കാരണം ഈ സ്വത്തുക്കള്‍ പലപ്പോഴും ഉപയോഗശൂന്യമായി തുടരുകയാണെന്ന് സച്ചാര്‍ കമ്മറ്റി പറയുന്നത്. 70%ത്തോളം വഖഫ് സ്വത്തുകളിലും കൈയേറ്റം നടക്കുന്നതായും ഈ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് 2013ലെ ഭേദഗതി വരുന്നത്. ഇത് വഖഫ് കൈയേറ്റം തടയുന്നത്തിലും വഖഫ് സ്വത്തുക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിലും ഉപയോഗ പ്രദമായി. വ്യവസ്ഥകള്‍ പാലിക്കാത്തതിന് പിഴ ചുമത്തുകയും കൈയേറ്റ സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തു. 2013ലെ ഭേദഗതി ബിജെപി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അംഗീകരിക്കപ്പെട്ടത്.
വഖഫ് ഭേദഗതി ബില്‍ (2025)
വഖഫ് നിയമത്തെ കൂടുതല്‍ വിശാലവും വൈവിധ്യവുമാക്കുമെന്ന വാദത്തോടെയാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. വഖഫ് ഒരു മതപരമായ കാര്യമല്ല, മറിച്ച് സ്വത്ത് നിയന്ത്രണത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്ന ആശയമാണ് പുതിയ ഭേദഗതികളുടെ ഉള്ളടക്കമെന്നാണ് പ്രൊഫസര്‍ ആനന്ദ് തെല്‍തുംബ്‌ഡെ പറയുന്നത്.
സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചിരിക്കുന്ന 14 ഭേദഗതികളാണ് പുതുക്കിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പ്രതിപക്ഷം നിര്‍ദ്ദേശിച്ച 44 ഓളം ഭേദഗതികളില്‍ ഒന്ന് പോലും സ്വീകരിച്ചില്ല എന്നതാണ് ഇതില്‍ സംഭവിച്ചത്.
വഖഫ് ബോര്‍ഡുകള്‍, ട്രിബ്യൂണലുകള്‍ എന്നിവയുടെ അധികാരങ്ങളില്‍ പ്രകടമായ മാറ്റം വഖഫ് ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വഖഫ് ട്രിബ്യൂണല്‍ അംഗസംഖ്യ മൂന്നാക്കുക, ട്രിബ്യൂണല്‍ വിധിക്കെതിരേ 90 ദിവസത്തിനകം സിവില്‍ കോടതികളില്‍ അപ്പീല്‍ നലകുക, നിലവിലെ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത എല്ലാ വഖഫ് സ്വത്തുക്കളുടെയും വിശദാംശങ്ങളള്‍ പുതിയ നിയമം നിലവില്‍വന്ന് ആറുമാസത്തിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക, സര്‍ക്കാറുമായി തര്‍ക്കമുള്ള വഖഫുകളില്‍ 'വഖഫ് ബൈ യൂസര്‍' എന്നതിന്റെ നിയമ പരിരക്ഷ ഒഴിവാക്കുക, വഖഫിനെ ലിമിറ്റേഷന്‍ ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുക, അഞ്ച് കൊല്ലം മുസ്ലിമായി ജീവിച്ചവര്‍ക്ക് മാത്രമേ സ്വത്ത് വകകള്‍ 'വഖഫ് ചെയ്യാന്‍ അധികാരം ഉള്ളൂ തുടങ്ങിയവയാണ് പുതിയ ബില്ലിലെ പ്രധാന ഭേദഗതികള്‍.
REPRESENTATIVE IMAGE | WIKI COMMONS
പുതിയ ഭേദഗതിയിലെ സംഘപരിവാര്‍ അജണ്ട
സര്‍ക്കാറുമായി തര്‍ക്കമുള്ള വഖഫുകളില്‍ 'വഖഫ് ബൈ യൂസര്‍' എന്നതിന് നിയമ പരിരക്ഷ ഒഴിവാക്കുന്നു എന്നാണ് പുതിയ ആക്ട് പറയുന്നു. 'വഖഫ് ബൈ യൂസര്‍'എന്ന് പറയുന്നത്, പഴക്കമുള്ള ആരാധനാലയങ്ങളുടെയും മറ്റും ദീര്‍ഘകാല സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി ഒരു സ്വത്തിനെ വഖഫ് ആണെന്ന് നിര്‍ണയിക്കുന്ന ഇന്ത്യന്‍ കോടതി രീതിയാണ്. പണ്ടു മുതലേ കൈമാറി വന്നതും വാമൊഴിയായി ദാനം ചെയ്യപ്പെട്ടതുമായ വഖഫ് മുതലുകളുടെ സ്വഭാവം എഴുതപ്പെട്ട രേഖകളുടെ അഭാവത്തില്‍ നിയമം അംഗീകരിക്കുന്ന വഴിയാണിത്. ഇത് ഇന്ത്യന്‍ എവിഡന്‍സ് നിയമങ്ങളില്‍ ഉള്‍പ്പെടുന്ന രീതിയാണ്. ചര്‍ച്ചുകളിലും ക്ഷേത്ര സ്വത്തുക്കളിലും സമാന തെളിവ് നോക്കുന്ന രീതികളില്‍ നിയമം ഇതേ പോലെ അവയുടെ സ്വഭാവം ഉറപ്പിക്കുന്നു. എന്നാല്‍, സര്‍ക്കാറുമായി തര്‍ക്കമുള്ള വഖഫുകളില്‍ മാത്രം ഇനി ഇത്തരം നിയമ രീതി ബാധകമാകില്ല എന്ന് പുതിയ ഭേദഗതി പറയുന്നു.
വഖഫ് നിയമത്തിലെ ഭേദഗതികള്‍ ചോദ്യം ചെയ്തുള്ള സുപ്രീം കോടതി ഹര്‍ജിയില്‍ കപില്‍ സിബലില്‍ കോടതിയില്‍ വാദിച്ചത് ഇപ്രകാരമായിരുന്നു. ''വഖഫ് ബൈ യൂസര്‍ വ്യവസ്ഥയില്‍ വഖഫായി സമര്‍പ്പിക്കാതെ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാതെ മുതലുകള്‍ ഉപയോഗിക്കാമായിരുന്നു. ഈ വ്യവസ്ഥ ഇപ്പോള്‍ ഒഴിവാക്കപ്പെട്ടു. മതവിശ്വാസത്തിലെ പ്രധാന കാര്യമായിരുന്നു അത്. അയോധ്യക്കേസിലെ വിധിയില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. 3,000 വര്‍ഷം മുന്‍പത്തെ വഖഫിന്റെ കാര്യത്തിലും സര്‍ക്കാര്‍ പ്രമാണം ചോദിക്കുമെന്ന പ്രശ്‌നമുണ്ടാകും. വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ അതു സര്‍ക്കാര്‍ ഭൂമിയാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ തീരുമാനം കോടതിയുടേതാണ്. അതിനു പത്തിരുപതു വര്‍ഷമെടുത്തേക്കാം''. എട്ട് ലക്ഷം വഖഫുകളില്‍ നാല് ലക്ഷവും വഖഫ് ബൈ യൂസര്‍ പ്രകരമുള്ളത് ആണെന്നാണ് അഭിഷേക് സിങ് കോടതിയില്‍ വാദിച്ചത്. വഖഫിന്റെ ഭാഗമായ പല പള്ളികളും 13,14,15 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചത് ആണെന്നും അവയ്ക്ക് രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലെന്നുള്ള കോടതിയുടെ നിരീക്ഷവും ശ്രദ്ധേയമാണ്. ഡല്‍ഹി ജുമാ മസ്ജിദ് അടക്കമുള്ളവ ഇതില്‍ പെടും. മുസ്ലിം ജനവിഭാഗങ്ങള്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വത്തുകള്‍ ബുള്‍ഡോസ് ചെയ്യാനുള്ള സംഘപരിവാര്‍ അജണ്ടയാണ് വഖഫ് ബൈ യൂസര്‍ ഒഴിവാക്കിക്കൊണ്ട് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മുസ്ലിമിന്റെ അസ്തിത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടുന്നത് പൗരത്വ നിയമത്തില്‍ ഉള്‍പ്പെടെ രാജ്യം കണ്ടതാണ്.
മറ്റൊരു മാറ്റം ആക്ട് വഖഫിനെ ലിമിറ്റേഷന്‍ ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്നു എന്നതാണ്. ലിമിറ്റേഷന്‍ ആക്ട് എന്നത്, നിശ്ചിത കാലാവധി പിന്നിട്ടു കഴിഞ്ഞാല്‍ പരാതിക്കാരന് കോടതിയില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവദിക്കാതിരിക്കുന്ന നിയമമാണ്. ഇന്ത്യയിലെ മത സ്വത്തുക്കളില്‍ ലിമിറ്റേഷന്‍ ആക്ട് നിലവില്‍ ബാധകമല്ല. അവര്‍ക്ക് നിശ്ചിത കാലം കഴിഞ്ഞാലും അന്യാധീനപ്പെട്ട സമുദായ മുതലുകള്‍ തിരിച്ചു പിടിക്കാന്‍ കോടതിയെ സമീപിക്കാം. ഇത് ക്ഷേത്രങ്ങള്‍ക്കും ചര്‍ച്ചുകള്‍ക്കും പള്ളികള്‍ക്കും പൊതു സ്വത്തെന്ന നിലയില്‍ നിയമം നല്‍കുന്ന പരിഗണനയാണ്. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം വഖഫ് മുതലുകള്‍ ലിമിറ്റേഷന്‍ ആക്ടിന്റെ പരിധിയില്‍ വരും. ഇതോടു കൂടി വഖഫ് കൈയേറ്റങ്ങള്‍ക്ക് കൂടുതല്‍ നിയമ പിന്തുണ വന്നുചേരും. അതിനാല്‍, ഇത് വഖഫ് മുതലുകളില്‍ കൂടുതല്‍ കൈയേറ്റത്തിന് ഇടവെക്കും എന്ന് സ്വാഭാവികമായ ആശങ്കയുണ്ട്. അനധികൃതമായതിനെ നിയമപരമാക്കുക എന്നതാണ് ഈ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഒരു മുതല്‍ വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പുതിയ ഭേദഗതി പ്രകാരം ജില്ലാ കളക്ടര്‍ക്കാണ്. പഴയ നിയമ പ്രകാരം ഇത് വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ആയിരുന്നു. ആ അധികാരം പുതിയ ഭേദഗതി പ്രകാരം ഇല്ലാതെ ആകും. ഇത് സര്‍ക്കാരും വഖ്ഫ് ബോര്‍ഡും തമ്മിലുളള തര്‍ക്കത്തെ ഏകപക്ഷീയമാക്കും. ഉടമസ്ഥാവകാശത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത സര്‍ക്കാര്‍ ഉപയോഗിക്കുന്ന വഖഫ് ഭൂമികള്‍ ഇനി തര്‍ക്ക ഭൂമി എന്ന നിലയില്‍ ആവും പരിഗണിക്കപ്പെടുക. അതിന്‍ മേല്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അവകാശം ജില്ലാ കളക്ടറില്‍ നിക്ഷിപ്തമായിരിക്കും.
ആക്ടിന്റെ മറ്റൊരു പ്രശ്‌നം, അഞ്ച് വര്‍ഷം മുസ്ലിമായി ജീവിച്ച ആള്‍ക്ക് മാത്രമേ ഇനി ഭൂമി വഖഫാക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ്. അഞ്ച് വര്‍ഷം ഒരാള്‍ മുസ്ലിമായി ജീവിച്ചു എന്ന് ആര്‍ക്കാണ് സക്ഷ്യപ്പെടുത്താന്‍ സാധിക്കുക? എന്താണ് അതിന്റെ അളവ് കോല്‍? മുസ്ലിമായി ജീവിക്കുന്നത് ആര് സക്ഷ്യപ്പെടുത്തും? ഇത്തരമൊരു സാക്ഷ്യപ്പെടുത്തല്‍ നടത്താന്‍ സര്‍ക്കാര്‍ ഇവിടെ മതകാര്യ വകുപ്പ് തുടങ്ങുമോ? ചോദ്യങ്ങള്‍ പലതാണ്. വഖഫ് ദാതാവിനു (വാഖിഫ്) മേല്‍ വിശ്വാസ പരിശോധന ഏര്‍പ്പെടുത്തുന്നു എന്നതാണ് ഇവിടുത്തെ പ്രശ്‌നം. ഒരു പൗരന്റെ മൗലിക അവകാശമാണ് അയാളുടെ സ്വത്തുക്കള്‍ അയാളുടെ ഇഷ്ടാനുസരണം ദാനം ചെയ്യുക എന്നുള്ളത്. അഞ്ച് വര്‍ഷത്തേക്ക് ഇവിടെ ഇത് റദ്ദ് ചെയ്യുകയാണ്. 2013ലെ ഭേദഗതി പ്രകാരം മുസ്ലിം ഇതര വ്യക്തിക്കും സ്വത്തുക്കള്‍ വഖഫ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സമൂഹിക വ്യവസ്ഥയാണ് ഇതിനെ പിന്തുണയ്ക്കുന്നത്.
മറ്റൊരു പ്രധാന ഭേദഗതി വഖഫ് ബോഡിലും കൗണ്‍സിലിലും അമുസ്ലിം പങ്കാളിത്തം കൊണ്ടുവരുന്നു എന്നതാണ്. അതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നവരുമായിരിക്കും. പുതിയ ഭേദഗതി പ്രകാരം വഖഫ് കൗണ്‍സിലിലെ 22ല്‍ 12 പേരയും അമുസ്ലിങ്ങളാക്കി നിയമിക്കാം; വഖഫ് ബോര്‍ഡില്‍ അത് 11ല്‍ 7 പേരെയാണ്. സംഘപരിവാറിന് അവരുടെ ഇംഗിതം നടത്താന്‍ ഇത് കൂടുതല്‍ സൗകര്യമൊരുക്കും. മറ്റ് മത സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ എങ്ങനെ കടന്ന് കയറുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ് ബീഹാറിലെ ബുദ്ധ വിഹാരങ്ങള്‍ക്ക് എതിരെയുള്ള അവരുടെ ആക്രമണം. ബുദ്ധന് ബോധോദയം ഉണ്ടായ ബോധിവൃക്ഷമുള്ള ബിഹാറിലെ ബോധ്ഗയയിലെ മഹാബോധി മഹാവിഹാരം ലോകത്തിലെ ബുദ്ധമതക്കാരുടെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമാണ്. അവിടെ ഒന്‍പതംഗ ഭരണസമിതിയില്‍ അഞ്ചുപേര്‍ ബ്രാഹ്മണരാണ്. ബുദ്ധമതവിശ്വാസത്തിനു വിരുദ്ധമായി മഹാവിഹാരത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും, ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി വ്യാഖ്യാനിച്ച് ഹൈന്ദവ പൂജ നടത്തുകയും ചെയ്യുന്നവരെ പുറത്താക്കി സമുച്ചയത്തിന്റെ മേല്‍നോട്ടച്ചുമതല ബുദ്ധമതക്കാര്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ബുദ്ധിസ്റ്റ് ഫോറം കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച മഹാബോധി മുക്തി ആന്ദോളന്‍ സത്യഗ്രഹ സമരം ഇപ്പോഴും തുടരുകയാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഈ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25,26 എന്നിവയുടെ ലംഘനമാണ്. മത വിശ്വാസികള്‍ക്ക് അവരുടെ മതപരമായ സ്വത്ത് സംരക്ഷിക്കാനുള്ള അവകാശത്തിന്‍ മേലുള്ള ഭരണകൂട കടന്ന് കയറ്റം ആയി വേണം നാം ഇതിനെ മനസില്‍ ആക്കാന്‍. ഇന്ത്യയില്‍ Religious Endowments Act (1868) മുതല്‍ ഇന്നു വരെ തുടര്‍ന്നു വരുന്ന രീതിയാണ് മതപരമായ മുതലുകളില്‍ അതത് മതസമുദായങ്ങളുടെ നേതൃത്വത്തില്‍ ഉള്ള മേല്‍നോട്ടം. മത സമൂഹങ്ങളുടെ സ്വത്തില്‍ രാഷ്ട്രം നേരിട്ട് ഇടപെടില്ല എന്ന, ഇന്ത്യയില്‍ രണ്ടു നൂറ്റാണ്ടായി തുടര്‍ന്നു വരുന്ന മതേതര തത്ത്വം പൂര്‍ണമായി റദ്ദു ചെയ്യപ്പെടാന്‍ ഇത് കാരണമായേക്കും എന്ന് ഫൈസാന്‍ മുസ്തഫയെ പോലുള്ള നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മുനമ്പവും വഖഫും
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ വഖഫ് ഭേദഗതി ബില്ല് പരിഹാരമാവുമെന്നാണ് ബിജെപിയും കാസയും കത്തോലിക്ക സഭയും സമര സമിതിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ കേന്ദ്ര ന്യൂനക്ഷ മന്ത്രി കിരണ്‍ റിജ്ജു കേരളത്തിലെത്തി പറഞ്ഞത് കോടതി മുഖാന്തരമാകും ഇതിനുള്ള പരിഹാരം എന്നാണ്. ഭേദഗതിയിലെ ഏതു വകുപ്പ് ആണ് മുനമ്പം പ്രശ്നം പരിഹരിക്കുക എന്ന ചോദ്യം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്‍ അവതരണ സമയത്ത് സഭയിലുന്നയിച്ചിരുന്നു. കേന്ദ്ര ന്യൂനക്ഷ മന്ത്രിയുടെ മൗനമായിരുന്നു അതിനു ഉത്തരം. കാരണം ഈ ബില്ലിന് പൂര്‍വ്വ കാല പ്രബല്യമുണ്ടാകില്ലന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ബില്ലിന്റെ വിശദ വിവരങ്ങള്‍ മുമ്പേ തന്നെ പൊതു മണ്ഡലത്തില്‍ ഉണ്ടായിട്ടും പിന്നെ എന്തിനാണ് ബിജെപിയും സഭാ നേതൃത്വവും സമര സമിതിയും ജനങ്ങളെ തെറ്റിദ്ധിപ്പിച്ചത്?
മുനമ്പം ജനതയുടെ ഭൂമിക്ക് മേലുള്ള അവകാശം അത് വഖഫായി നല്‍കിയപ്പോള്‍ തന്നെ നിഷേധിക്കപ്പെട്ടു. ഭൂമിയിലെ കുടികിടപ്പുകാരെ പരിഗണിക്കാതെയും അതില്‍ ഒരു തീര്‍പ്പ് ഉണ്ടാക്കാതെയും ഭൂമി ഫറൂക്ക് കോളേജിന് കൈമാറിയതിനെ ഇസ്ലാമിക മൂല്യങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? ഭൂമി ലഭിച്ച ഫറൂക്ക് കോളേജും പണം വാങ്ങിയാണ് കുടി കിടപ്പുകാര്‍ക്ക് ഭൂമി കൈമാറിയത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത് വഖഫ് ഭൂമിയാണെന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കിയ നിസ്സാര്‍ കമ്മീഷനും ഇതിലെ കുടികിടപ്പുകാരുടെ അവകാശങ്ങളെ മാനിച്ചിരുന്നില്ല. പ്രസ്തുത ഭൂമി 1950ല്‍ സിദ്ദീഖ് സേട്ട് ഫറൂക്ക് കോളേജിന് വഖഫ് ഭൂമിയായി കൈമാറുന്ന സമയത്തും കുടി കിടപ്പ് അവകാശം കേരളത്തില്‍ നിലനിന്നിരുന്നു. കുടിയന്മാരുടെ കുടികിടപ്പ് അവകാശത്തെ ഇരുകൂട്ടരും അംഗീകരിച്ചു നല്‍കിയിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
തളിപ്പറമ്പും വഖഫും
തളിപ്പറമ്പ് ജമാ അത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ ഭൂമിയിലാണ് സര്‍സെയ്ദ് കോളേജിന്റെ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1966ല്‍ ആരംഭിച്ച കോളേജിന് 1967ലാണ് അന്നത്തെ മുത്തവല്ലിയായ കെ വി സൈനുദ്ധീന്‍ ഹാജി ഭൂമി അനുവദിച്ചത്. ഈ ഭൂമിക്ക് തങ്ങളാണ് നികുതി അടച്ചുവരുന്നത് എന്നാണ് കോളേജ് മാനേജ്മെന്റ് പറയുന്നത്.
2021ല്‍ രണ്ട് സ്വകാര്യ വ്യക്തികള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. പള്ളിയുടെ ഭൂമിക്ക് പള്ളി തന്നെ നികുതി അടയ്ക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആവശ്യം പരിഗണിച്ച തളിപ്പറമ്പ് തഹസീല്‍ദാര്‍ കോളേജിന്റെ പേരിലുള്ള തണ്ടപ്പേര്‍ പള്ളിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ക്കിടെയാണ് കോളജ് മാനേജ്മെന്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഈ സത്യവാങ്മൂലത്തില്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് അല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നതാണെന്നുമാണ് കോളേജിന്റെ അവകാശ വാദം. ഭൂമിക്ക് മേല്‍ കോളേജിന്റെ ഉടമസ്ഥത ഉറപ്പിക്കാനായിരുന്നു ഇങ്ങനെയൊരു വാദം. ഇപ്പോള്‍ ഈ അവകാശ വാദത്തെ നരീക്കോട് ഇല്ലവും ബിജെപിയും ഏറ്റെടുത്തിരിക്കുകയാണ്. തളിപ്പറമ്പ് ജമാഅത്ത് പള്ളിക്ക് കീഴിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്ന അവകാശവാദമാണ് നരിക്കോട് ഈറ്റിശേരി ഇല്ലം മുന്നോട്ട് വെയ്ക്കുന്നത്. ഇതിന് തെളിവായി പറയുന്നത് കോളേജ് നല്‍കിയ സത്യവാങ്മൂലമാണ്. പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് ഈ ഭൂമിയെന്നും കോളേജ് അധികൃര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നുമാണ് ഇല്ലത്തിന്റെ അവകാശികള്‍ പറയുന്നത്. ഇതൊരു ക്ലറിക്കല്‍ മിസ്റ്റെക്ക് ആണെന്ന് പറഞ്ഞു കോളേജ് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും ബിജെപി പ്രശ്‌നം രൂക്ഷമാക്കാന്‍ തന്നെയാണ് നോക്കുന്നത്.
ഭൂമി സ്വന്തം പേരിലാക്കാന്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള കോളേജ് മാനേജ്മെന്റ് നടത്തുന്ന ശ്രമം വഖഫ് ബില്ലിനെതിരായ പ്രതിഷേധങ്ങളെ തുരങ്കം വെക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പറയുന്നത്.


