TMJ
searchnav-menu
post-thumbnail

Outlook

യുദ്ധക്കുറ്റവാളിയായ നെതന്യാഹുവും ഇസ്രയേലും

27 May 2024   |   4 min Read
K P Sethunath

കേരളത്തിലെയും ഇന്‍ഡ്യയിലെയും മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും തിരഞ്ഞെടുപ്പ് വാര്‍ത്തകളിലാണ്. തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ കുത്തൊഴുക്കിലും നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന ചില സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പാലസ്തീനെ ഔപചാരികമായി അംഗീകരിക്കുവാന്‍ തീരുമാനിച്ചതാണ് അതില്‍ പ്രധാനം. മെയ് 22 നാണ് ഈ രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോ ഗാലാന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മേല്‍പ്പറഞ്ഞ യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം.      

പാലസ്തീന് ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ഔപചാരിക അംഗീകാരം ലഭിക്കുന്നത് പുതിയ കാര്യമല്ല. ഐക്യരാഷ്ട്ര സഭയിലെ 193 അംഗ രാജ്യങ്ങളില്‍ 143 രാജ്യങ്ങളും ഇതിനകം പാലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോ-യിലെ അംഗരാജ്യങ്ങള്‍ പാലസ്തീനെ അംഗീകരിക്കുന്നുവെന്നതാണ് സ്‌പെയിന്‍, നോര്‍വെ, അയര്‍ലണ്ട് എന്നിവയുടെ തീരുമാനത്തിന്റെ പ്രസക്തി.      

പാലസ്തീനെ ഇനിയും അംഗീകരിക്കാത്ത രാജ്യങ്ങളുടെ പട്ടിക നോക്കിയാല്‍ ഒരു കാര്യം വ്യക്തമാവും. അവയെല്ലാം കൊളോണിയല്‍-സാമ്രാജ്യത്വ വ്യവസ്ഥയുടെ സ്ഥാപകരും ഗുണഭോക്താക്കളും അല്ലെങ്കില്‍ അവരുടെ പാര്‍ശ്വവര്‍ത്തികളുമായിരുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് അവയില്‍ പ്രധാനം.

 REPRESENTATIVE IMAGE | WIKI COMMONS
അയര്‍ലണ്ടിന്റേയും മറ്റു രണ്ട് രാജ്യങ്ങളുടെയും തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ ഇസ്രായേല്‍ വിമര്‍ശിച്ചു. മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ അംബാസ്സഡര്‍മാരെ കൂടുതല്‍ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ ഇസ്രായേല്‍ തിരികെ വിളിച്ചു. ഭീകരവാദത്തിന് പ്രതിഫലം നല്‍കി ആദരിക്കുന്ന പ്രവര്‍ത്തിയാണ് ഈ രാജ്യങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ മൗനംപാലിക്കുന്നതല്ലെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഐസിസി വിധി
 
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വാര്‍ത്ത അധികം ശ്രദ്ധ നേടാതെ പോയതാണ്. ഗാസയില്‍ നടത്തുന്ന മനുഷ്യഹത്യയുടെ പേരിലാണ് വാറണ്ട്. ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരഷ്ട്ര സ്ഥാപനങ്ങളുടെ പ്രമേയങ്ങള്‍ക്കും വിലക്കുകള്‍ക്കും ഒരു വിലയും കല്‍പ്പിക്കാത്ത രാജ്യമായ ഇസ്രായേലും അവിടുത്തെ ഭരണാധികാരികളും ഐസിസി-യുടെ വാറണ്ടിനെ നിര്‍ദ്ദയം അവഗണിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നെതന്യാഹുവിന് പുറമെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോ ഗാലന്റിനും ഹമാസിന്റെ നേതാക്കളായ ഇസ്മായില്‍ ഹാനിയ, ഗാസ മുനമ്പിലെ ഹമാസ് നേതാക്കളായ യാഹ്യ സിനവര്‍, മൊഹമ്മദ് ദയിഫ് എന്നിവര്‍ക്കുമെതിരെയാണ് ഹേഗില്‍ ആസ്ഥാനമുള്ള ഐസിസി വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രതീക്ഷിച്ചത് പോലെ ഇസ്രായേലും അമേരിക്കയും ഐസിസി തീരുമാനത്തെ ശക്തമായി അപലപിച്ചു. ഒരു ജനാധിപത്യത്തിന് സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഐസിസിയുടെ നിലപാട് എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഐസിസിക്ക് ഇസ്രായേലിന്റെ മേല്‍ ഒരധികാരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഐസിസി-യുടെ തീരുമാനം തികച്ചും അന്യായമാണെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രായേലിനെയും ഹമാസിനെയും തുല്യനിലയില്‍ പരിഗണിച്ചത് ലജ്ജാകരമെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സങ്കടം. ഐസിസി-ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു അമേരിക്കന്‍ സെനറ്ററായ ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു.

അമേരിക്കയുടെ കടുത്ത പ്രതികരണത്തില്‍ അത്ഭുതം പ്രകടിപ്പിച്ച റഷ്യ എന്നാല്‍ തങ്ങളുടെ സ്വന്തം അഭിപ്രായം എന്താണെന്ന് പറഞ്ഞില്ല. ഐസിസി-യെ റഷ്യ അംഗീകരിക്കുന്നില്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് ഐസിസി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുക്രൈനിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പുടിനെതിരെ പുറപ്പെടുവിച്ച വാറണ്ട് ഇപ്പോഴും നിലനില്‍ക്കുന്നു.

ബെഞ്ചമിന്‍ നെതന്യാഹു | PHOTO: FACEBOOK
ഐസിസി-യുടെ സ്ഥാപക രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. പക്ഷേ, ഐസിസി-യുടെ നിയമങ്ങളും ചട്ടങ്ങളും അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചിട്ടില്ല. റഷ്യ, ചൈന, ഇന്‍ഡ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഐസിസി-യെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള 124 രാജ്യങ്ങള്‍ ഐസിസി-യെ അംഗീകരിച്ചവയാണ്. ഈ രാജ്യങ്ങളില്‍ പ്രവേശിക്കുന്നപക്ഷം വാറണ്ട് നിലനില്‍ക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടാം. നെതന്‍ന്യാഹു, ഗാലന്റ് എന്നിവരുടെ വിദേശയാത്രകളില്‍ സംഭവിക്കാനിടയുള്ള ബുദ്ധിമുട്ടുകളെക്കാള്‍ ഇസ്രായേല്‍ എന്ന രാജ്യം അഭിമുഖീകരിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയാണ് ഐസിസി-യുടെ തീരുമാനം ഓര്‍മ്മിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ ജനാധിപത്യത്തിന്റെ ഒരേയൊരു തുരുത്തെന്ന അവകാശവാദത്തിന്റെയും ജൂതഹത്യയുടെ നടുക്കുന്ന ഓര്‍മ്മകളുടെയും ചെലവില്‍ ഇസ്രായേലിന് അധികംകാലം തുടരാനാവില്ല എന്നാണ് അത് നല്‍കുന്ന സൂചന. വംശീയതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ സെറ്റ്ലര്‍ കൊളോണിയല്‍ രാജ്യം മാത്രമാണ് ഇസ്രായേല്‍ എന്ന ബോധം ലോകമാകെ വ്യാപിക്കുന്നതിന് ഐസിസി-യുടെ തീരുമാനവും, പാലസ്തീനെ അംഗീകരിക്കാനുള്ള മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനവും ഉത്തേജനമാകുമെന്ന് കരുതപ്പെടുന്നു.

ഹമാസിന്റെ നേതാക്കള്‍ ഐസിസി-യുടെ വാറണ്ടിനെ ഒരവസരമായി കണക്കാക്കി തങ്ങളുടെ ഭാഗം അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ വിശദീകരിക്കുവാന്‍ ഉപയോഗപ്പെടുത്തണമെന്ന് പാരീസില്‍ ആസ്ഥാനമുള്ള അന്തര്‍ദേശീയ വക്കീലായ ജോണ്‍ വി വൈറ്റ്ബാക്ക് അഭിപ്രായപ്പെടുന്നു. അധിനിവേശം നേരിടുന്ന ഒരു പ്രദേശത്തെ ജനങ്ങളുടെ അവകാശങ്ങളും, സ്വയരക്ഷയുമടക്കമുള്ള കാര്യങ്ങള്‍ ഉന്നയിക്കാന്‍ അതുവഴി സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഐസിസി-യുടെ വാറണ്ടുകളെ പറ്റി ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അസാന്‍ജെക്ക് ആശ്വാസം
 
ജൂലിയന്‍ അസാന്‍ജെയുടെ കേസിലെ ബ്രിട്ടീഷ് കോടതി വിധിയാണ് അതില്‍ പ്രധാനമായ ഒരു സംഭവം. അസാന്‍ജെയെ അമേരിക്കയ്ക്ക് വിട്ടുനല്‍കണം അഥവാ എക്സ്ട്രഡൈറ്റ് ചെയ്യണമെന്ന വിധിക്കെതിരെ അദ്ദേഹത്തിന് വീണ്ടും അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കുന്നതാണ് മെയ് 20-ലെ ലണ്ടന്‍ ഹൈക്കോടതി വിധി. അതായത് അസാന്‍ജെയെ ഉടനടി അമേരിക്കയ്ക്ക് കൈമാറുമെന്ന ഭീഷണി തല്‍ക്കാലം ഒഴിവായി. എന്നാല്‍ അദ്ദേഹം ബ്രിട്ടനിലെ ഹെ സെക്യൂരിറ്റി തടവറയില്‍ തന്നെ തുടരും. അപ്പീലില്‍ തീര്‍പ്പാകുന്നതുവരെ അദ്ദേഹത്തിന് ജാമ്യം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഹര്‍ജി മറ്റൊരു വിഷയമാണ്. വിക്കിലീക്‌സ് എന്ന ഡിജിറ്റല്‍ മാധ്യമത്തിന്റെ സ്ഥാപകനായ അസാന്‍ജെയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. എന്നാലും കേസിന്റെ പശ്ചാത്തലം ചെറുതായി വിശദീകരിക്കേണ്ടതുണ്ട്.

ജൂലിയന്‍ അസാന്‍ജെ | PHOTO: FACEBOOK
ഡിജിറ്റല്‍ സാങ്കേതിക വിദ്യ സര്‍ഗ്ഗാത്മകമായും, ഫലപ്രദമായും മാധ്യമ പ്രവര്‍ത്തനത്തിനായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന കാര്യത്തില്‍ സവിശേഷമായ ചുവടുവയ്പായിരുന്നു വിക്കിലീക്സ്. 2006-ല്‍ സ്ഥാപിതമായെങ്കിലും 2010-ലാണ് വിക്കിലീക്സ് ആഗോള പ്രശസ്തിയിലെത്തുന്നത്. ലോകമാകെയുള്ള അമേരിക്കയുടെ 274 നയതന്ത്ര സ്ഥാപനങ്ങള്‍ വാഷിംഗ്ടണുമായി നടത്തിയ ആശയവിനിമയങ്ങളുടെ രേഖകള്‍ 2010 ഫെബ്രുവരിയില്‍ പുറത്തുവിടാന്‍ തുടങ്ങിയതാണ് വിക്കിലീക്സിന്റെ പ്രശസ്തിയുടെ കാരണം. അത്യധികം രഹസ്യമായിരുന്ന ഈ രേഖകള്‍ പുറത്തുവന്നത് അമേരിക്കയെ മാത്രമല്ല ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാകാത്ത ഔദ്യോഗിക രേഖകള്‍ അതുപോലെ പ്രസിദ്ധീകരിക്കുകയെന്ന കൃത്യമാണ് അസാന്‍ജെ വിക്കിലീക്സില്‍ നടപ്പിലാക്കിയത്. ഓരോ രേഖകളുടെയും പശ്ചാത്തലം വിശദീകരിക്കുന്ന കുറിപ്പുകളും പ്രസിദ്ധീകരണത്തിന്റെ ഭാഗമായിരുന്നു. മാത്രമല്ല രേഖകളിലെ ഏറ്റവും സെന്‍സേഷണലായ ചില ഭാഗങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ തുടങ്ങിയ തിരഞ്ഞെടുത്ത പ്രമുഖ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരും, അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളും 1996-നും 2010-നുമിടയിലായി നടത്തിയ ആശയവിനിമയങ്ങളുടെ ഉള്ളടക്കമായിരുന്നു അസാന്‍ജെ പുറത്തുവിട്ട രേഖകള്‍. അമേരിക്ക ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടത്തുന്ന ഇടപെടലുകളുടെ ചരിത്രം മറയില്ലാതെ പറയുന്ന പ്രസ്തുത രേഖകള്‍ ലോകമാകെ കോളിളക്കം സൃഷ്ടിച്ചുവെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. അതോടെ അസാന്‍ജെ അമേരിക്കയുടെ നോട്ടപ്പുള്ളിയായി. ഇപ്പോഴത്തെ വിവരമനുസരിച്ച് ഏകദേശം ഒരു ദശലക്ഷത്തോളം രേഖകളാണ് വിക്കിലീക്സിന്റെ സൈറ്റില്‍ ലഭ്യമായത്. അസാന്‍ജെക്കെതിരെ 2010 സെപ്തംബറില്‍ ബലാല്‍സംഗക്കേസ് സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അപ്പോള്‍ ബ്രിട്ടനിലായിരുന്ന അസാന്‍ജെയെ അന്വേഷണത്തിനായി കൈമാറണമെന്ന് സ്വീഡന്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ ജാമ്യത്തില്‍ കഴിയവെ 2012 ല്‍ അദ്ദേഹം ബ്രിട്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ രാഷ്ട്രീയ അഭയം തേടി. ജാമ്യവ്യവസ്ഥകളുടെ ലംഘനമായിരുന്നു ഈ നടപടി. 2012 മുതല്‍ 7 വര്‍ഷക്കാലം എംബസ്സിയിലെ ഒറ്റമുറിയില്‍ കഴിഞ്ഞിരുന്ന അസാന്‍ജെ അവിടംവിടാന്‍ 2019-ല്‍ നിര്‍ബന്ധിതനായി. പുറത്തിറങ്ങിയ ഉടനെ ബ്രിട്ടീഷ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത്, അദ്ദേഹം അന്ന് മുതല്‍ ബ്രിട്ടനിലെ ഹൈ സെക്യൂരിറ്റി തടവറയിലാണ്.

തുടര്‍ന്നാണ് ചാരവൃത്തി നടത്തിയെന്ന കുറ്റകൃത്യത്തിന്റെ പേരില്‍ അസാന്‍ജയെ കൈമാറണമെന്ന ആവശ്യം അമേരിക്ക ഉയര്‍ത്തുന്നത്. അസാന്‍ജെയും വിക്കിലീക്സും നടത്തിയത് മാധ്യമ പ്രവര്‍ത്തനമല്ല ചാരവൃത്തിയാണ് എന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കയിലെ ചാരവൃത്തി നിയമപ്രകാരമുള്ള 17 കുറ്റകൃത്യങ്ങളാണ് അസാന്‍ജെക്കെതിരെ ചുമത്തിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തനമല്ല ചാരവൃത്തിയാണ് നടത്തിയതെന്ന നിലപാട് അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫസ്റ്റ് അമന്‍ഡ്മെന്റ് സംരക്ഷണ പരിരക്ഷ നിഷേധിക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കമായി കണക്കാക്കപ്പെടുന്നു. ചാരവൃത്തി നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരം 175 വര്‍ഷത്തെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതായത് അമേരിക്കയിലെത്തിയാല്‍ അസാന്‍ജെ പുറംലോകം കാണില്ല. ഏതായാലും അപ്പീല്‍ നല്‍കാനുള്ള അനുമതി നല്‍കിയ ലണ്ടന്‍ ഹൈക്കോടതി വിധി അസാന്‍ജെക്കും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ വിലമതിക്കുന്നവര്‍ക്കും വളരെയധികം ആശ്വാസകരമാണ്. യുദ്ധക്കുറ്റമാണ് കുറ്റം. പബ്ലിഷ് ചെയ്യുന്നതല്ല. ലണ്ടന്‍ ഹൈക്കോടതി പരിസരത്ത് അസാന്‍ജെയെ പിന്തുണയ്ക്കുന്നവര്‍ എഴുതിയ മുദ്രാവാക്യം കൂടുതല്‍ അടിയന്തരമായ കാലത്ത് അസാന്‍ജെയുടെ മോചനത്തിനായി ലോകം മുഴുവന്‍ ഉണരേണ്ടിയിരിക്കുന്നു.


 

#outlook
Leave a comment