
സർവകലാശാലകളിൽ അരങ്ങേറുന്ന യുദ്ധം
കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിലെ സർവകലാശാലകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവും അക്കാദമികവുമായ നാടകങ്ങൾ വലതുപക്ഷ ആശയധാരയും സർവകലാശാലാകളും തമ്മിൽ ചരിത്രപരമായി നിലനിൽക്കുന്ന ബന്ധത്തെ വെളിവാക്കുന്ന ഒന്നാണ്. ട്രംപ് അധികാരത്തിൽ വരുന്നത് തന്നെ അമേരിക്കൻ സർവ്വകലാശാലകളിൽ പലസ്‌തീനിൽ ഇസ്രേയേൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധ കൃത്യങ്ങൾ ഉയർത്തി കൊണ്ട് നടന്നു വന്നിരുന്ന പ്രചാരണപരിപാടികളിൽ ഉൾപ്പെട്ട വിദ്യർത്ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും വിദേശ വിദ്യാർത്ഥികളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന നടപടികൾ തുടങ്ങി കൊണ്ടാണ്. ഇത് കൂടാതെ പലസ്‌തീൻ അനുകൂല പ്രചാരണങ്ങളും സംവാദങ്ങളും അനുവദിക്കുന്ന സർവ്വകലാശാലകൾക്ക് ഉള്ള ഫെഡറൽ സാമ്പത്തിക സഹായം വെട്ടികുറയ്ക്കും എന്ന ഭീഷണി ട്രംപ് ഉയർത്തി. ഈ ആഴ്ച വലതുപക്ഷ ആശയങ്ങൾക്ക് വേണ്ട പ്രാധാന്യം നൽകാത്ത സർവകലാശാലകൾക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകില്ല എന്ന ഭീഷണിയാണ് ട്രംപ് ഉയർത്തിരിക്കുന്നത്.
യുഎസിലെ പ്രമുഖ ഗവേഷണ സർവകലാശാലകളുടെ ആഗോള സ്ഥാനം ചരിത്രപരമായി വേരൂന്നിയിരിക്കുന്നത് ബൗദ്ധിക സ്വാതന്ത്ര്യത്തോടുള്ള അവരുടെ പ്രതിബദ്ധതയും വിപുലമായ വിഭവ വിഹിതം അസാധാരണമായ പരിശീലന അന്തരീക്ഷങ്ങൾ എന്നിവയിലാണ്. ഈ സ്ഥാപനങ്ങൾ ആഗോള ഗവേഷണത്തിനും സാമൂഹിക അന്വേഷണങ്ങൾക്കുമുള്ള ഒരു തരത്തിലുള്ള കേന്ദ്ര സ്ഥാനമായാണ് പ്രവർത്തിച്ച് പോരുന്നത്. ഈ സർവ്വകലാശാലകൾ അന്താരാഷ്ട്രതലത്തിൽ പ്രതിഭകളെ ആകർഷിക്കുകയും രാഷ്ട്രീയ അതിരുകൾ മറികടക്കുന്ന അറിവിന്റെ സൃഷ്ടിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ വരവിനു ശേഷമുള്ള കാലഘട്ടം ഈ മാതൃകയ്ക്ക് വളരെ ആഴത്തിലും രൂക്ഷവുമായ വെല്ലുവിളിക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലും അക്കാദമിക് മേഖലയിൽ പ്രത്യയശാസ്ത്ര നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായി നടന്ന് വരുന്നു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഇത് ആദ്യമായല്ല അമേരിക്കൻ ഭരണകൂടം സർവകലാശാലകളെയും അവിടെ നടക്കുന്ന ഗവേഷണങ്ങളെയും തങ്ങളുടെ ചൊല്പടിയ്ക്ക് നിർത്താൻ ശ്രമിക്കുന്നത്. 1950കളുടെ ആരംഭം മുതൽ 1967 വരെ ഏറ്റവും വലിയ ഇന്റർകൊളീജിയറ്റ് വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ് അസോസിയേഷന്റെ (എൻഎസ്‌എ) രഹസ്യ ധനസഹായത്തിലൂടെ സിഐഎ ക്യാമ്പസുകളിൽ നടത്തിയ ഇടപെടലുകൾ കുപ്രസിദ്ധമാണ്. ഈ ധനസഹായം പ്രധാനമായും എൻഎസ്‌എയുടെ അന്താരാഷ്ട്ര വിദ്യർത്ഥി സമൂഹത്തിനിടയിൽ സോഷ്യലിസത്തിനെതിരായി പ്രചാരണം നടത്താനാണ് ഉപയോഗിച്ചത്. സോവിയറ്റ് പിന്തുണയുള്ള വിദ്യാർത്ഥി ഗ്രൂപ്പുകളെ സജീവമായി എതിർക്കുകയും പാശ്ചാത്യ മുതലാളിത്ത ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര യുവജന-വിദ്യാർത്ഥി ഉത്സവങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കാൻ അമേരിക്കൻ വിദ്യാർത്ഥി നേതാക്കളെ പ്രാപ്തരാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. എന്നാൽ ക്യാമ്പസുകളിൽ നിന്ന് വിയറ്റ്നാം യുദ്ധ വിരുദ്ധ വിദ്യർത്ഥി മൂവ്മെന്റുകൾ ശക്തമായി ഉയർന്ന് വന്നതോടുകൂടി സർവ്വകലാശാലകൾ നിക്ഷപക്ഷ നിലപാടുകൾ ഈ കാര്യങ്ങളിൽ സ്വീകരിക്കുന്ന നിലവരുകയും ഭരണകൂടങ്ങളുടെ താല്പര്യത്തിന് വഴങ്ങുന്നത് സർവ്വകലാശകളുടെ സൽപ്പേരിനു ദോഷമാണ് എന്ന് വരുകയും ചെയ്തു. എന്നാൽ വർത്തമാനകാല അധികാര വടവലിയിൽ ചില സർവ്വകലാശാലകൾ ഭരണകൂടത്തിന് വഴങ്ങാൻ സന്നദ്ധമാകുന്നത് നമുക്ക് കാണാം. അതേസമയം ഹാർവാർഡ്, കാലിഫോർണിയ സർവ്വകലാശാലകൾ ശക്തമായ ചെറുത്ത് നിൽപ്പ് ഇതിനെതിരെ നടത്തുകയും ചെയ്യുന്നുണ്ട്.
സർവകലാശാലകളിലെ പഠന ഗവേഷണ അന്വേഷണങ്ങൾ ആത്യന്തികമായി സ്ഥാപനവത്കരിക്കപ്പെട്ടിട്ടുള്ള സാമൂഹിക അടിത്തറയ്ക്കും വ്യവസ്ഥയ്ക്കും വിരുദ്ധവുമാണെന്ന വാദം അവയുടെ ചരിത്രപരവും പ്രവർത്തനപരവുമായ സങ്കല്പനകളുടെ അടിസ്ഥാനത്തിൽ ഉയർത്തപ്പെടുന്നതാണ്. ആധുനിക സർവ്വകലാശാല നിലവിലുള്ള അറിവിന്റെ ഒരു ശേഖരം മാത്രമല്ല, മറിച്ച് വിമർശനാത്മക അന്വേഷണത്തിനുള്ള ഒരു നിർണായക ഇടമായിട്ടാണ് അത് പ്രവർത്തിക്കുന്നത്. അതിന്റെ സ്വഭാവം കൊണ്ട് തന്നെ നിലവിലുള്ള ആശയങ്ങൾ നിലവിലുള്ള മാതൃകകൾ സ്ഥാപനവൽക്കരിക്കപ്പെട്ട അധികാര ഘടനകൾ എന്നിവയുമായി ഒരു നിരന്തരമായ ഇടപെടൽ അനിവാര്യമാക്കുന്ന ഒരു പ്രവർത്തിയാണ് അത്. ഈ അന്തർലീനമായ ചലനാത്മകത പലപ്പോഴും അക്കാദമിയെ ഭരണ അധികാരികളുമായും വിശാലമായ സാമൂഹിക സ്ഥിതിയുമായും നേരിട്ടുള്ള സംഘർഷത്തിലേക്കും അതുവഴി നിരന്തരമായ ഒരു പിരിമുറുക്കത്തിൽ മുന്നോട്ട് പോകുന്ന ബന്ധമായാണ് രൂപപെടുത്തപ്പെട്ടിട്ടുണ്ടാകുക.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
സർവകലാശാലയുടെ ദൗത്യത്തിന്റെ കാതലായ ഭാഗം അറിവ് വികസിപ്പിക്കാനുള്ള എപ്പിസ്റ്റമോളജിക്കൽ അനിവാര്യതയാണ്. ശാസ്ത്രീയവും ബൗദ്ധികവുമായ പുരോഗതി അപൂർവമായി മാത്രമേ വസ്തുതകളുടെ സുഗമവും രേഖീയവുമായ ശേഖരണമായി ഇതിന്റെ ഭാഗമായി നടക്കുകയുള്ളൂ. തോമസ് എസ്. കുന്റെ അഭിപ്രായത്തിൽ ഇത് മിക്കപ്പോഴും മാതൃകാപരമായ സാമൂഹിക മാറ്റങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ളതാണ്. പുതിയ നിരീക്ഷണങ്ങൾ വിശദീകരിക്കാൻ സ്ഥാപിതമായ ആശയപരമായ ചട്ടക്കൂടുകൾ അപര്യാപ്തമാണെന്ന് തെളിയിക്കപ്പെടുമ്പോൾ ഇത് ഗവേഷകരെ സമൂലമായി പുതിയ സിദ്ധാന്തങ്ങൾ വികസിപ്പിക്കാൻ നിർബന്ധിതരാക്കുന്നു. ഈ പ്രക്രിയയ്ക്ക് അതുവരെ നിലവിലുള്ള സ്ഥിതിയുടെ ബൗദ്ധിക അടിത്തറയിൽ നിർമ്മിച്ച സ്വീകാര്യമായ സത്യങ്ങളോട് ആഴത്തിലുള്ള സംശയം വളർത്തി കൊണ്ടാണ് നിർമ്മിക്കുന്നത്.
മാനവികതയിലും സാമൂഹിക ശാസ്ത്രങ്ങളിലും ഉള്ള ചരിത്രപരമായ വിവരണങ്ങളെ സൂക്ഷ്മമായി പരിശോധിക്കുക, അതിനുള്ളിലെ അധികാര ബന്ധങ്ങളെ മനസ്സിലാക്കുക, സാമൂഹിക മാനദണ്ഡങ്ങളെയും പ്രത്യയശാസ്ത്ര രൂപീകരണങ്ങളെയും അപനിർമ്മിക്കുക എന്നിവയിലേക്ക് ആണ് സാമൂഹിക ശാസ്‍ത്ര പഠനങ്ങൾ പൊതുവിൽ കേന്ദ്രികരിക്കുക. കർശനമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിമർശനം സൈദ്ധാന്തിക മേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും സ്ഥാപിത ക്രമത്തിന്റെ നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക ക്രമീകരണങ്ങളെ വിമർശന വിധേയമാക്കുകയും ചെയ്യുന്നു. അങ്ങനെ, സമൂഹത്തിന്റെ അടിസ്ഥാന അനുമാനങ്ങൾ നിരന്തരം ബൗദ്ധിക സമ്മർദ്ദ പരിശോധനകൾക്ക് വിധേയമാകുന്ന ആശയങ്ങൾക്കായുള്ള ഒരു പരീക്ഷണ കേന്ദ്രമായി സർവ്വകലാശാല പ്രവർത്തിക്കുന്നു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഈ നിർണായക പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിന് സർവകലാശാലയ്ക്ക് സ്ഥാപനപരമായ സ്വയംഭരണം ആവശ്യമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകളിലിൽ നിന്നുള്ള ഒരു പരിധിവരെയുള്ള സ്വാതന്ത്ര്യം. അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഈ സ്വയംഭരണം നിർണായകമാണ്. ഇത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷണം തുടരാനും പ്രതികാര ഭയമില്ലാതെ കണ്ടെത്തലുകൾ പ്രകടിപ്പിക്കാനും ഉള്ള സാഹചര്യം ഉണ്ടാക്കുന്നു. ആ കണ്ടെത്തലുകൾ രാഷ്ട്രീയമായി അസൗകര്യകരമോ സാമൂഹികമായി തടസ്സപ്പെടുത്തുന്നതോ ആണെങ്കിൽ പോലും. തടസ്സമില്ലാത്ത അന്വേഷണത്തോടുള്ള ഈ പ്രതിബദ്ധത സർവ്വകലാശാലയെ പൊതുമണ്ഡലത്തിനുള്ളിൽ ഒരു സ്വതന്ത്ര വിമർശനാത്മക ശബ്ദമായി നിലനിർത്താൻ സഹായിക്കുന്നു.
വിമർശനാത്മകമായ സംവാദം - സംവാദം, വിയോജിപ്പ്, ബൗദ്ധിക മത്സരം എന്നിവയുടെ ഒരു വൈരുദ്ധ്യാത്മക അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ സമൂഹത്തിൽ ചാക്രിയമായി പങ്കെടുക്കാൻ മാത്രമല്ല അതിനെ സജീവമായി വിലയിരുത്താനും പരിഷ്കരിക്കാനും സജ്ജരായ ഒരു പൗരസമൂഹത്തെ സർവ്വകലാശാലകൾ വളർത്തിയെടുക്കുന്നു. നിലവിലുള്ള അവസ്ഥയ്ക്ക് ഏറ്റവും ശക്തമായ വെല്ലുവിളിയാണ് ഇത്തരത്തിൽ ഉയർത്തുന്നതും ഇത് ഭാവി നേതാക്കൾക്കും പൗരന്മാർക്കും വ്യവസ്ഥാപരമായ കാര്യക്ഷമതയില്ലായ്മകൾ, അസമത്വങ്ങൾ, അനീതികൾ എന്നിവ തിരിച്ചറിയാൻ പ്രാപ്തമാക്കുകയും അത് നേരിടുന്നതിനുള്ള സംവാദങ്ങൾ സമൂഹത്തിൽ ഉയത്തികൊണ്ട് വരുന്നതിനും സഹായകരമായി തീരുകയും ചെയ്യും.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
അതിനാൽ, സർവകലാശാലയുടെ സ്ഥാപന വിരുദ്ധ സ്വഭാവം ഒരു രാഷ്ട്രീയ നിലപാടല്ല. മറിച്ച് സത്യം, അറിവ്, ദീർഘകാല സാമൂഹിക പുരോഗതി എന്നിവയോടുള്ള അതിന്റെ പ്രതിബദ്ധതയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പ്രവർത്തനപരമായ ആവശ്യകതയാണ്. മെച്ചപ്പെട്ട ഭാവി സങ്കൽപ്പിക്കാനും അന്വേഷിക്കാനും സമൂഹം സൃഷ്ടിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്ത സ്ഥാപനമാണിത്. നിലവിലുള്ള ക്രമത്തെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് മാത്രമേ അതിന് നിറവേറ്റാൻ കഴിയൂ. അതുകൊണ്ട് തന്നെ അക്കാദമിയും ഭരണ അധികാരികളും തമ്മിലുള്ള സംഘർഷം യാദൃശ്ചികമല്ല. അത് ഘടനാപരമാണ്. സ്ഥാപിത ശക്തികൾ സ്ഥിരത, സാമൂഹിക ക്രമം നിലനിർത്തൽ, അവരുടെ അധികാരത്തെ സാധൂകരിക്കുന്ന ഘടനകളുടെയും ആഖ്യാനങ്ങളുടെയും ശാശ്വതത്വം എന്നിവ ഉറപ്പാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
ഈ പശ്ചാത്തലത്തിൽ വേണം നമ്മൾ ഇന്ത്യൻ സർവകലാശാലകളിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ. കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിലെ ഭരണാധികാരികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് സൂക്ഷ്മപരിശോധന, പ്രത്യയശാസ്ത്രപരമായ അടിച്ചേൽപ്പിക്കലുകൾ, നേരിട്ടുള്ള ഇടപെടലുകൾ എന്നിവ വളരെ പ്രകടമാണ്. വിമർശനാത്മക അന്വേഷണത്തിനുള്ള ഒരു സ്വയംഭരണ ഇടമെന്ന നിലയിൽ സർവ്വകലാശാലയുടെ പരമ്പരാഗത പങ്കിനും ഉപകരണവൽക്കരണത്തിനും രാഷ്ട്രീയ നിയന്ത്രണത്തിനുമുള്ള ഭരണകൂട പ്രേരണയ്ക്കും ഇടയിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കം ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. ജവഹർലാൽ നെഹ്‌റു സർവ്വകലാശാല (ജെഎൻയു), ഹൈദരാബാദ് സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ സാഹചര്യങ്ങൾ ഈ വിശാലമായ ദേശീയ പ്രതിഭാസത്തെ ചിത്രീകരിക്കുന്ന പ്രധാന കേസ് പഠനങ്ങളായി നമുക്ക് കാണാവുന്നതാണ്.
ഭരണകൂടത്തിന്റെ വ്യവസ്ഥാപിത ആക്രമണങ്ങൾ കേവലം ഭരണപരമായ കാര്യങ്ങളല്ല, മറിച്ച് പലപ്പോഴും സർവകലാശാലയുടെ പ്രധാന പ്രവർത്തനത്തെ ലക്ഷ്യം വയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്രമായ പ്രയോഗവും വിമർശനാത്മക അന്വേഷണവും നിരന്തരമായി തടസ്സപ്പെടുത്തുന്ന താരത്തിലുള്ളതാണെന്ന് നമുക്ക് കാണാൻ കഴിയും. പ്രത്യേകിച്ച് സാമൂഹിക ശാസ്ത്ര ഗവേഷണത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ശക്തമായ പാരമ്പര്യമുള്ള സർവ്വകലാശാലകൾ, നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കുന്നതിനുള്ള ഇടങ്ങളായി ഭരണകൂടം കാണുകയും മുഴുവൻ ശക്തിയും ഉപയോഗിച്ച് ഭരണപരമായും ആശയപരമായും ഇതിനെ അടിച്ചമർത്തുന്നതും നാം കണ്ടതാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് മറുപടിയായി ക്യാമ്പസുകളിൽ സുരക്ഷാ സേനകളെയും പൊലീസിനെയും വിന്യസിക്കുകയും ഇതിലൂടെ രാഷ്ട്രീയ വിയോജിപ്പിനെ ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും നേരിടുന്നത് നാം കണ്ടതാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും എതിരെ രാജ്യദ്രോഹം മുതൽ അപകീർത്തിപ്പെടുത്തൽ വരെയുള്ള കുറ്റങ്ങൾ ചാർത്തി ജയിലിൽ അടക്കുന്നത് ഈ കാലഘട്ടത്തിൽ നാം കണ്ടു. വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും നിയമനങ്ങൾ ഉൾപ്പെടെ ഭരണ സംവിധാനത്തിന്റെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്നതായി തോന്നുന്ന വ്യക്തികളെ ഉൾപ്പെടുത്തി സർവ്വകലാശാലയുടെ ആഭ്യന്തര ഭരണം പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾ വിപുലമായി നടന്നു. സാമ്പത്തിക സഹായത്തിന്റെയും ഗവേഷണ ഗ്രാന്റുകളുടെയും തന്ത്രപരമായ തടഞ്ഞുവയ്ക്കൽ അല്ലെങ്കിൽ പുനർവിതരണം. അധികാരികൾക്ക് "അനുകൂല" അല്ലെങ്കിൽ രാഷ്ട്രീയമായി ഗുണകരമെന്ന് കരുതുന്ന ഗവേഷണ മേഖലകളിലേക്ക് മാത്രം വിഭവങ്ങൾ ഫലപ്രദമായി നയിക്കുന്നതിലൂടെ ഈ രീതി ബൗദ്ധിക അജണ്ടയെ നിശ്ചയിക്കുന്ന രീതിയിലേക്ക് മാറി.
സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു ചാലക ശക്തിയായി പ്രവർത്തിക്കുക എന്നതാണ് സർവകലാശാലയുടെ അടിസ്ഥാനപരമായ ധർമ്മം. പുതിയ അറിവിന്റെയും വിമർശനാത്മക സാമൂഹിക അന്വേഷണത്തിന്റെയും നിരന്തരമായതും തടസ്സമില്ലാത്ത പിന്തുടരലിലൂടെ നേടിയെടുക്കുന്നതുമായ ഒരു പ്രവർത്തനമാണ് അത്. ഗവേഷണ അജണ്ടകൾ നിർദ്ദേശിക്കാനും, വിമർശനാത്മക ചർച്ചകൾ അടിച്ചമർത്താനും, ബൗദ്ധിക ഉൽപ്പാദനം നിയന്ത്രിക്കാനും ശ്രമിച്ചുകൊണ്ട് സർവ്വകലാശാലകളുടെ അക്കാദമിക് സ്വയംഭരണത്തെ വിട്ടുവീഴ്ച ചെയ്യുന്ന ഏതൊരു രാഷ്ട്രീയമോ ഭരണപരമോ ആയ ഇടപെടലും അടിസ്ഥാനപരമായി ഈ പുരോഗമനപരമായ കൽപ്പനയെ ദുർബലപ്പെടുത്തുന്നു. ഭരണകൂടത്തിന്റെ ഒരു ഉപകരണമായി സർവ്വകലാശാലകളെ മാറ്റാനുള്ള ശ്രമം സമൂഹത്തെ പിന്നോട്ടടിക്കുകയാണ് ചെയ്യുക. അതുവഴി സങ്കീർണ്ണമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ദീർഘകാല സാമൂഹിക പുരോഗതി ഉറപ്പാക്കുന്നതിനും അത്യാവശ്യമായ ബൗദ്ധിക സ്വാതന്ത്ര്യത്തെയും വിമർശനാത്മകമായ സ്വയം പ്രതിഫലനത്തെയും ഇല്ലാതാക്കും. അതിനുള്ള ശ്രമങ്ങളാണ് വലതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾ നടത്തുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.


