
പോളിങ് ശതമാനത്തിലെ കുറവ് വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം കുറയ്ക്കമോ?
വയനാട് ഉപതിരഞ്ഞെടുപ്പിലെ പോളിങ്ങിലുണ്ടായ വൻ കുറവ് നിസാരമായി കാണാനാവുമോയെന്നതാണ് പൊതുവിൽ ചർച്ച ചെയ്യപ്പെടുന്നത്. പൊതുതിരഞ്ഞെടുപ്പിനുള്ള ആവേശമോ, താൽപ്പര്യമോ ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടർമാരിൽ കാണാനാവില്ലെന്ന വാദം കൊണ്ട് മാത്രം വയനാട്ടിലെ പ്രത്യേക സാഹചര്യത്തിലെ ഈ പോളിങ് കുറവിനെ വിലയിരുത്താനാവുമോ. പലകാരണങ്ങളാൽ പോളിങ് വർദ്ധിക്കേണ്ട മണ്ഡലമായിരുന്നു വയനാട്. എന്നാൽ വയനാട്ടിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പൊതുതിരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുത്തനെ കുറഞ്ഞുവെന്നാണ് കണക്കുകൾ.
വയനാട് മണ്ഡലം രൂപീകരിച്ച 2009 മുതൽ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിഗണിച്ചാലും ഇത്തവണ പോളിങ് ശതമാനം വർദ്ധിക്കേണ്ടതായിരുന്നുവെന്ന് പറയേണ്ടി വരും. കാരണം ആദ്യ രണ്ട് തിരഞ്ഞെടുപ്പിലെ പോളിങ് നോക്കിയാൽ ആദ്യത്തവണയായ 2009ൽ 74.14 ശതമാനം ആയിരുന്നത് 2014 ആയപ്പോൾ നേരിയ തോതിൽ കുറഞ്ഞ് 73.25 ആയി. രണ്ട് തവണയും കോൺഗ്രസിലെ എം ഐ ഷാനവാസ് വിജയിച്ചു. മൂന്നാം തവണയായ 2019ൽ വയനാട് മത്സരിക്കാനെത്തിയത് രാഹുൽ ഗാന്ധിയായിരുന്നു. വയനാട് ഇളക്കി മറിച്ച പ്രചാരണം നടന്ന ആ വർഷം പോളിങ് കുത്തനെ ഉയർന്നു. 80.33 ശതമാനമായി. രാഹുൽഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന സ്വപ്നമായിരുന്നോ ഇതിന് പിന്നിലെന്ന് ചോദിച്ചാൽ ഉത്തരമുണ്ടാകില്ല. പക്ഷേ, രാഹുൽഗാന്ധി മത്സരിക്കാനെത്തിയത് പോളിങ് ശതമാനം കൂട്ടിയതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. ഒപ്പം മറ്റ് നിരവധി സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളുമുണ്ടായിരുന്നു. 2024ൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കാനെത്തിയപ്പോൾ പോളിങ് ശതമാനം 73.57 ശതമാനമായി കുറഞ്ഞു. അതായത് അഞ്ച് വർഷം പിന്നിട്ടപ്പോൾ പോളിങ് കുറഞ്ഞത് ഏകദേശം ഏഴ് ശതമാനമായിരുന്നു. തൊട്ടുപിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിൽ 64.72 ശതമാനമായി പോളിങ് കുറഞ്ഞു. അതായത് മുൻതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.85ശതമാനം കുറവ്. വയനാട്ടിലെ ചരിത്രത്തിലെ ഏറ്റവും വലിയ കുറവ്.
പ്രിയങ്ക ഗാന്ധിയെ ഇറക്കിയാണ് കോൺഗ്രസ് മണ്ഡലം നിലനിർത്താനെത്തിയത്. യുഡിഎഫിനെ ഇതുവരെ കൈവിടാത്ത മണ്ഡലത്തിൽ രാഷ്ട്രീയ താരത്തെ ഇറക്കി കൊണ്ടുവരുമ്പോൾ സ്വാഭാവികമായും പോളിങ് വർദ്ധിക്കുമെന്നതായിരുന്നു പൊതുവിൽ കണക്കുകൂട്ടൽ. പ്രിയങ്ക മത്സരിക്കുമ്പോൾ സ്ത്രീകൾ നിരന്നുനിന്ന് വോട്ടുചെയ്യുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. അതായിരുന്നു മറ്റുപാർട്ടികളുടെ ആശങ്കയും. എന്നാൽ ഇതെല്ലാം അസ്ഥാനത്താക്കി ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം പോളിങ് കുത്തനെ ഇടിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലത്തിലും പോളിംഗ് കുറഞ്ഞു. സ്ത്രീകളുടെയും പുരുഷന്മാരുടെയും പോളിങ് ശതമാനവും കുറഞ്ഞു. പ്രിയങ്കഗാന്ധിയെ കാണാൻ കൂടിയ ആൾക്കൂട്ടം കണക്കിലെടുക്കുമ്പോഴുള്ള പോളിങ് വയനാട്ടിൽ ഉണ്ടായില്ലെന്ന് ചുരുക്കം.പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും | PHOTO: FACEBOOK
2024ലെ പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 14,64,472 വോട്ടിൽ 10,74,623 വോട്ടുകളും പോൾ ചെയ്തു. ഉപതിരഞ്ഞെടുപ്പിലെ പ്രാഥമിക കണക്കനുസരിച്ച് വോട്ടർമാരുടെ എണ്ണം 14,71,742 ഉയർന്നെങ്കിലും പോൾ ചെയ്ത് വോട്ടുകളുടെ എണ്ണം കുറഞ്ഞു. തപാൽ, ഹോം വോട്ടുകൾ കൂടി പരിഗണിച്ചാലും അവ വളരെ കുറവായതിനാൽ വലിയ വ്യത്യാസമൊന്നും ഇതിൽ വരാൻ വഴിയില്ല.
2024ലെ പൊതുതിരഞ്ഞെടുപ്പിൽ 72.92 പോളിങ് ശതമാനത്തിൽ പുരുഷ വോട്ടർമാർ 71.57 ശതമാനവും, സ്ത്രീവോട്ടർമാർ-74.23 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 15 ട്രാൻസ് വ്യക്തികളിൽ മൂന്ന് പേർ വോട്ട് ചെയ്തു (20 ശതമാനം) ഇത്തവണയായപ്പോൾ പോളിങ് ശതമാനം 64.72 ആയി കുറഞ്ഞപ്പോൾ പുരുഷവോട്ടർമാർ 62.72 ശതമാനവും സ്ത്രീ വോട്ടർ 66.66 ശതമാനവും മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ട്രാൻസ് വ്യക്തികളുടെ വോട്ടുകളുടെ എണ്ണത്തിൽ ഒന്ന് കുറഞ്ഞു 14 ആയി. അതിൽ മൂന്ന് പേർ വോട്ട് ചെയ്തു (21.42ശതമാനം) ഇതാണ് പൊതുതിരഞ്ഞെടുപ്പിലെയും ഉപതിരഞ്ഞെടുപ്പിലെയും വോട്ടിങ് നില.
മുൻ തിരഞ്ഞെടുപ്പിനേക്കാൾ എട്ട് ശതമാനത്തോളം സ്ത്രീവോട്ടർമാരുടെ കുറവാണ് ഇത്തവണ പോളിങ്ങിനെത്തിയത്. പുരുഷന്മാരുടെ പോളിങ് ശതമാനത്തിൽ ഒമ്പത് ശതമാനം കുറവും. അതായത് ലിംഗവ്യത്യാസമില്ലാതെ ആളുകൾ ഉപതിരഞ്ഞെടുപ്പിനോട് മുഖം തിരിച്ചു. കഴിഞ്ഞ തവണ ഏഴ് നിയമസഭാ മണ്ഡലത്തിലും പോളിങ് ശതമാനം 70 ശതമാനത്തിന് മുകളിലായിരുന്നുവെങ്കിൽ ഇത്തവണ ഒരു മണ്ഡലത്തിൽ പോലും 70 ശതമാനം എത്തിയില്ല. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ പോളിങ് നടന്നത് ലീഗിന് ഏറ്റവും സ്വാധീനമുള്ള ഏറനാട് മണ്ഡലത്തിലായിരുന്നു. അവിടെ പൊതുതിരഞ്ഞെടുപ്പിൽ 76.11 ശതമാനം പോളിങ് നടന്നുവെങ്കിൽ ഇത്തവണ 69.42 ശതമാനം മാത്രമാണ് പോളിങ് ശതമാനം. ഇതേ നിലയിലാണ് എല്ലാ നിയോജകമണ്ഡലങ്ങളുടെ പോളിങ് ശതമാനം.
ഇതിന് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പൊതുവിൽ പറയുന്ന ചില കാരണങ്ങളുണ്ട്. ഒന്ന് പെട്ടെന്ന് വന്നതും അടിച്ചേൽപ്പിച്ചുവെന്ന് തോന്നിക്കുന്നതുമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ്, അതിനാൽ ഉള്ള മടി. രണ്ട് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാൽ യുഡിഎഫിന് പാരമ്പര്യമായ മേൽക്കൈയുള്ള മണ്ഡലത്തിൽ വോട്ട് ചെയ്ത് സമയം കളയേണ്ട എന്ന തോന്നൽ. പിന്നെ മുന്നണികൾ പരസ്പരം ആരോപിക്കുന്നത് മറ്റുള്ള പാർട്ടികളുടെ വോട്ടുകൾ ചെയ്യാത്താതാണ് എന്ന കാരണം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന ഫലം പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെന്നും കേന്ദ്ര ഭരണത്തെ സ്വാധീനിക്കുന്നതാകില്ലെന്നുമുള്ള വാദമാണ് മറ്റൊന്ന്.REPRESENTATIVE IMAGE | WIKI COMMONS
എന്നാൽ, ഇതൊന്നുമല്ലാതെ മറ്റ് ചില കാരണങ്ങളാകാം പോളിങ് ശതമാനം രണ്ട് തിരഞ്ഞെടുപ്പിലായി കുത്തനെ കുറയുന്നതിന് കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു. 2019ലെ അജണ്ട, 2024 ഉണ്ടാകാത്തതുകൊണ്ടാണ് ( രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന 2019ലെ സ്വപ്നം) പോളിങ് കുറഞ്ഞതെന്ന് വിശ്വസിക്കുന്നവരുണ്ടാകാം. എന്നാലും ഇത്രയധികം പോളിങ് വ്യത്യാസം വരുത്താൻ അതിന് സാധ്യമാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഗാന്ധി കുടുംബത്തിന് കിട്ടുമെന്ന് വിശ്വസിക്കുന്ന പൊതുസമ്മതി രാഹുൽ ഗാന്ധിയിൽ നിന്ന് പ്രിയങ്കഗാന്ധിയിൽ എത്തിയപ്പോൾ ഇല്ലാതായോ എന്ന ചോദ്യം കൂടി ഇവിടെ ഉയരും. രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യാൻ രാഷ്ട്രീയത്തിനതീതമായി ആളുകൾ എത്തിയെന്ന് അവകാശപ്പെട്ടവർ പ്രിയങ്കഗാന്ധിക്ക് രാഷ്ട്രീയത്തിനതീതമായി വോട്ട് ചെയ്യാൻ ആളുകൾ എത്താത്തത് എന്താണെന്ന് കൂടെ വിശദീകരിക്കേണ്ടതില്ലേ.
ഇങ്ങനെ വിശദീകരണങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ വരുന്നയിടങ്ങളിലാണ് പോളിങ് ശതമാനം കുറഞ്ഞതിലെ യഥാർത്ഥ കാരണങ്ങൾ കിടക്കുന്നതെന്ന് കാണാൻ കഴിയും. വയനാട് മണ്ഡലത്തിൽ കൽപ്പറ്റയും സുൽത്താൻ ബത്തേരിയും മാനന്തവാടിയും വയനാട് ജില്ലയിലും ഏറനാടും നിലമ്പൂരും വണ്ടൂരും മലപ്പുറം ജില്ലയിലും തിരുവമ്പാടി കോഴിക്കോടും ജില്ലയിലുമുള്ള നിയമസഭാ മണ്ഡലങ്ങളാണ്. പൊതുവിൽ മലയോര മേഖലകളാണ് ഈ മണ്ഡലങ്ങളെല്ലാം ഇവിടെ കഴിഞ്ഞ കുറേക്കാലമായി വിവിധ പ്രശ്നങ്ങളാൽ സങ്കീർണ്ണമാണ് ജനജീവിതം. 2018 മുതൽ പ്രത്യക്ഷത്തിൽ നേരിടുന്ന പ്രകൃതി ദുരന്തങ്ങളുടെ ഇരകളും അതിജീവിതരുമാണ് ഇവിടുത്തെ വോട്ടർമാർ. അതിന് മുമ്പ് തന്നെ ആഗോള കരാറുകൾ, നോട്ടു നിരോധനം തുടങ്ങിയവ മൂലം കാർഷിക, ടൂറിസം മേഖലകളെ ആശ്രയിച്ചു ഉപജീവനം കണ്ടെത്തുന്ന ഇവിടുത്തുകാർ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. നോട്ടു നിരോധനം നടുവൊടിച്ച കാർഷിക, ടൂറിസം മേഖലകൾക്ക് മേൽ അശനിപാതം പോലെയാണ് പ്രകൃതിദുരന്തങ്ങളും ആരോഗ്യ പ്രതിസന്ധികളും വന്ന് പതിച്ചത്. പാരിസ്ഥിതിക ദുർബല പ്രദേശങ്ങളുടെ പരിഗണന മറികടന്ന് കൊണ്ട് നടത്തുന്ന പ്രകൃതി ചൂഷണം അടിസ്ഥാനപരമായി ഈ പ്രദേശത്തെ ജീവിതത്തെ തന്നെ അട്ടിമറിച്ചതാണ് അവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരന്തങ്ങളുടെ അടിസ്ഥാനം.
പ്രാദേശികമായ സാമ്പത്തിക സ്രോതസ്സുകളെ മുഴുവൻ അവഗണിച്ചുകൊണ്ടുള്ള അജണ്ടകളാണ് മാറിമാറി വന്ന സർക്കാരുകൾ മുന്നോട്ട് വച്ചത്. അതിന് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ല. പാർട്ടികളുടെ നിറമോ മാറ്റമില്ല. തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങി സൗജന്യ ഗ്യാസും പി എം യോജനകളുമൊന്നും ജനങ്ങളുടെ ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ ഇവിടെ കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്ന് കാണാം. കേരളം കണ്ട എറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് ചൂരൽമല, മുണ്ടകൈ പ്രദേശം കണ്ടത്. ഒരു പക്ഷേ ഇന്ത്യയിലെ വലിയ ദുരന്തങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നും. പ്രധാനമന്ത്രി വിമാനത്തിൽ വന്നിറങ്ങി പോയതല്ലാതെ ഒരു പൈസയുടെ സഹായം പോലും കേരളത്തിന് അനുവദിച്ചില്ല. ഒരു ദുരന്ത പ്രദേശത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാരും അതിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുത്താത്ത ഭരണ, പ്രതിപക്ഷങ്ങളുമാണ് അവിടുത്തെ ജനങ്ങളുടെ മുന്നിൽ വോട്ട് ചോദിച്ച് ചെന്നത്.REPRESENTATIVE IMAGE | WIKI COMMONS
വയനാട് ജില്ലയെ പ്രത്യേകിച്ചും അതുമായി ചേർന്നുകിടക്കുന്ന മറ്റ് ജില്ലകളുടെ മണ്ഡലങ്ങളെ പൊതുവിലുമെടുത്തു കൊണ്ടുള്ള വികസനകാഴ്ചപ്പാടിൽ ആ പ്രദേശങ്ങളുടെ സമ്പദ് ഘടനയുടെ അടിസ്ഥാനഘടകമായ കാർഷികമേഖലയെ അവഗണിക്കുക എന്നതാണ് മൂന്ന് മുന്നണികളും സ്വീകരിച്ചുവരുന്ന നയം. വയനാട് മണ്ഡലത്തിലെ ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഉൾപ്പെടയുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളൊന്നും ഇവരുടെയൊന്നും വികസന കാഴ്ചപ്പാടിൽ ഒരിക്കലും ഇടംപിടിച്ചില്ല. ഒരുപ്രദേശത്തെ ഒന്നാകെ ഇല്ലാതാക്കിയ ദുരന്തം നടന്ന പ്രദേശം ഉൾപ്പെടുന്ന മണ്ഡലത്തിൽ അതിന് തൊട്ടുപിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പായിട്ടുപോലും വയനാട്ടിലെ പരിസ്ഥിതി എന്നത് ഒരു സ്ഥാനാർത്ഥിയുടെയും പരിഗണനാ വിഷയം പോലുമായില്ല. മനുഷ്യ-മൃഗ സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ പെടുന്നതാണ് വയനാട് മണ്ഡലം. ഈ വിഷയത്തിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്ക്കരണം ആഹ്വാനം ചെയ്തവരുമുണ്ട് മണ്ഡലത്തിൽ. ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടുകയോ നിലപാട് സ്വീകരിക്കുകയോ അതിനെ അഭിമുഖീകരിക്കണമെന്ന നിലയിൽ വികസന കാഴ്ചപ്പാട് സ്വരൂപിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പാർട്ടികളും നേതാക്കളുമാണ് വോട്ടുചോദിച്ചത്.
ജനം നേരിടുന്ന ജീവിത പ്രതിസന്ധികളെ മറികടക്കാനുള്ള രാഷ്ട്രീയമോ അതിനനുസൃതമായ വികസന കാഴ്ചപ്പാടുകളോ മുന്നോട്ട് വെക്കുന്നതിന് പകരം പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനങ്ങൾക്ക് ശേഷവും തുരങ്കപാതയും വൻകിട നിർമ്മാണങ്ങളുമൊക്കെയാണ് ഭരണാധികാരികൾ ഈ പ്രദേശത്തേക്ക് മുന്നോട്ട് വെക്കുന്ന അജണ്ടകൾ. ഇതിന് പുറമെ വർഗീയവും പ്രദേശപരവുമായ വിദ്വേഷം, വെറുപ്പ് എന്നിവയുടെ പരസ്യമായും രഹസ്യമായുള്ള പ്രചാരണവും പ്രവർത്തനവും. ഇതിനപ്പുറത്തേക്ക് ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തെ സർഗാത്മകമാക്കുന്ന ഒരാശയം പേരിന് പോലും മുന്നണികളാരും മുന്നോട്ട് വച്ചില്ല. വോട്ടർമാർക്ക് മുന്നിൽ നാളെയെക്കുറിച്ച് ചിന്തിക്കാൻ ഒരു സ്വപ്നം പോലും നൽകിയില്ല.
സ്വാഭാവികമായും ഇത്രയധികം അവഗണനയുമായി വോട്ട് തേടിയത്തെയിവരോടുള്ള പ്രതികരണമാകാം വോട്ടിങ് ശതമാനത്തിലെ ഈ കുറവ്. നിഷേധ വോട്ടുകൾ കൊണ്ടുപോലും കാര്യമില്ലെന്ന തിരിച്ചറിവിൽ നിന്ന് വോട്ട് തന്നെ നിഷേധിക്കാമെന്ന നിലയിലേക്ക് വോട്ടർമാരെ എത്തിച്ചത്. അതിനുത്തരവാദികൾ നൈതികത നഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെയും അപക്വമായ നേതൃത്വങ്ങളുടെയും വിവേചന ബുദ്ധിയില്ലാത്ത നിലപാടുകളാണ്.
സ്ത്രീകൾ കൂട്ടമായി വന്ന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിൽ അഞ്ച് ലക്ഷം ഭൂരിപക്ഷം കിട്ടുമെന്നാണ് കോൺഗ്രസുകാർ പ്രഖ്യാപിച്ചത് ഇനിയിപ്പോൾ അഞ്ച് ലക്ഷം ഭൂരിപക്ഷം കിട്ടണമെങ്കിൽ മൊത്തം പോൾ ചെയ്ത വോട്ടിൽ നിന്ന് ഏഴ് ലക്ഷത്തിന് പുറത്ത് വോട്ട് പിടിക്കണം. അതുകിട്ടുമെന്ന വിശ്വാസം കോൺഗ്രസുകാർ പോലുമില്ല. കൃഷി നാശത്തിലും പ്രകൃതി ദുരന്തത്തിലും സാമ്പത്തിക തകർച്ചയിലും പെട്ടുഴലുന്ന ജനങ്ങളുടെ ദൈന്യതയെക്കാൾ പ്രിയങ്കയുടെ ഭൂരിപക്ഷത്തെ പറ്റി വേവലാതി പെടുന്ന കോൺഗ്രസ് എന്ത് മാറ്റമാണ് കൊണ്ടുവരിക.