വയനാട് ലോക്സഭ മണ്ഡലം; INDIA നേതാക്കള്‍ മുഖാമുഖം
(ഭാഗം പതിനെട്ട്)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് ശ്രദ്ധേയമായ ലോക്സഭ മണ്ഡലമാണ് വയനാട്. ദേശീയ രാഷ്ട്രീയരംഗത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, രാജ്യത്തെ ഏറ്റവും കരുത്തുറ്റ വനിതാ രാഷ്ട്രീയ നേതാക്കളിലൊരാളായ സഖാവ് ആനി രാജയോടും, മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയം മാത്രം നേരിട്ടിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോടും ബാക്കി മത്സരരംഗത്തുള്ള ആറോളം സ്ഥാനാര്‍ത്ഥികളോടും മത്സരിച്ച് വേണം രാഹുല്‍ ഗാന്ധിക്ക് ഇത്തവണയും ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് ചുക്കാന്‍പിടിക്കാന്‍. വയനാട്ടില്‍ മത്സരിക്കുന്ന അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും രാഹുല്‍ ഗാന്ധിയും പ്രചാരണങ്ങള്‍ക്കിടെ കൊടികള്‍ ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ ഒരു പ്രചാരണതന്ത്രമായി പൊതുവെ വിലയിരുത്തല്‍ ഉണ്ട്. ഏതെങ്കിലും പാര്‍ട്ടി കൊടികള്‍ക്ക് കീഴില്‍ ഒതുക്കാനാവുന്നതല്ല രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും വ്യക്തിത്വവും, അത് ഈ രാജ്യത്തിന് വേണ്ടിയാണ് അതുകൊണ്ട് പച്ച ബലൂണുകള്‍, വെള്ള ബലൂണുകള്‍, ഓറഞ്ച് ബലൂണുകള്‍ ഊതി വീര്‍പ്പിച്ചാണ് അണികള്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. രാജ്യത്ത് ബിജെപിയെ അധികാര കേന്ദ്രത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് വേണ്ടി മുന്നണി പോരാളികളാകേണ്ട കോണ്‍ഗ്രസ് നേതൃത്വമാണ് ഈ പുതിയ പ്രചാരണ തന്ത്രം ഒരുക്കിയത്. ലീഗ് ശക്തികേന്ദ്രമായ വയനാട് പോലുള്ള മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് ഡല്‍ഹിയിലേക്ക് പറക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷേ ഈ കൊടി അരയില്‍ കെട്ടേണ്ടിവന്ന അവസ്ഥയെ കുറിച്ച് ലീഗ് നേതൃത്വത്തിന് അണികളോട് വിശദീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സാധിക്കുമെന്ന് തോന്നുന്നില്ല.
രാഹുല്‍ ഗാന്ധി | PHOTO: FACEBOOK
2019 ലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ആവേശമായിട്ടാണ് കേരള ജനത സ്വീകരിച്ചത്. 64% വോട്ട് വിഹിതവും 4,31,063 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് വയനാട് അദ്ദേഹത്തെ പാര്‍ലമെന്റില്‍ അയച്ചത്. അന്ന് അദ്ദേഹം അഭിമുഖീകരിച്ച ഒരു ദേശീയ ചോദ്യം ഉണ്ടായിരുന്നു വയനാടിനൊപ്പംതന്നെ മത്സരിച്ച അമേഠിയില്‍ ജയിച്ചാല്‍ ഏത് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കുമെന്ന്. അതിനുത്തരം രാഹുല്‍ ഗാന്ധിക്ക് പറയേണ്ടി വന്നില്ല, അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. ഇത്തവണയും, ഗാന്ധി കുടുംബത്തിന് പൈതൃകമായി ലഭിച്ച മണ്ഡലമായ അമേഠിയില്‍ മത്സരിക്കാതെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ അതിഥിയെ പോലെ പറന്നിറങ്ങുകയും അമ്മ സോണിയ ഗാന്ധിയെ വയനാട്ടില്‍ വന്നു താമസിക്കാന്‍ ക്ഷണിച്ച സന്തോഷവാര്‍ത്ത അദ്ദേഹം വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയുടെ പ്രചാരണങ്ങളില്‍ ഉപയോഗിച്ച മുസ്ലിം ലീഗിന്റെ കൊടികള്‍ ഉത്തരേന്ത്യയില്‍ ബിജെപി വര്‍ഗീയമായി ഉപയോഗിക്കുകയുണ്ടായി എന്നു മാത്രമല്ല കോണ്‍ഗ്രസിന് അത് തിരിച്ചടിയായി എന്നും വിലയിരുത്തലുണ്ടായ സാഹചര്യത്തിലാണ് ഇത്തവണ ബിജെപി ക്ക് അടിക്കാനൊരു വടി കൊടുക്കേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗിന്റെ കൊടി ഒഴിവാക്കാന്‍ വേണ്ടി സ്വന്തം കൊടിയും ഉപേക്ഷിച്ച് പകരം ബലൂണുകള്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധി പ്രചാരണം നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ വിജയത്തിനെ സ്വാധീനിക്കുന്ന ഒരു ഘടകമല്ലെങ്കിലും ഏറ്റവും ഒടുവില്‍ വയനാട് ഡിസിസി പ്രതിനിധി പിഎം സുധാകരന്‍ ബിജെപിയിലേക്ക് ചേക്കേറിയിട്ടുമുണ്ട്.
ആനി രാജ | PHOTO: FACEBOOK
വന്യജീവി ആക്രമണവും സിദ്ധാര്‍ത്ഥിന്റെ മരണം, കാര്‍ഷിക പ്രതിസന്ധികള്‍, പൗരത്വ പ്രക്ഷോഭങ്ങള്‍ തുടങ്ങി മണ്ഡലത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇക്കുറിയും സജീവമായിട്ടുണ്ട്. അതുപോലെ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി ഉന്നയിച്ചിട്ടുള്ള സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കി മാറ്റുക എന്ന ആവശ്യം മുതല്‍ വര്‍ഗീയമായ ഉത്തരേന്ത്യന്‍ രാഷ്ട്രീയ നീക്കങ്ങളുമായാണ് ബിജെപി രംഗത്ത് വന്നിട്ടുള്ളത്.
വയനാട് ലോക്സഭ മണ്ഡലം മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ മാനന്തവാടി, തിരുവമ്പാടി നിലമ്പൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രതിനിധികളാണ് വിജയിച്ചിട്ടുള്ളത്. 2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം യുഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള ലോക്സഭ മണ്ഡലമാണ് വയനാട്. 2009 ല്‍ 1,53,439 ഭൂരിപക്ഷത്തില്‍ വിജയിച്ച എം ഐ ഷാനവാസിന് 2014 ല്‍ സിപിഐ യുടെ സത്യന്‍ മൊകേരിയോട് മത്സരിച്ചപ്പോള്‍ 20,870 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്.
കെ സുരേന്ദ്രന്‍ | PHOTO: FACEBOOK
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ മറ്റു മണ്ഡലങ്ങളിലേതുപോലെ തെരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ പരിശോധിച്ച് വിജയസാധ്യതകള്‍ കണക്കുകൂട്ടേണ്ട ആവശ്യകത വയനാട് മണ്ഡലത്തില്‍ ഇല്ല എന്നാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. എങ്കിലും കഴിഞ്ഞതവണ ലഭിച്ച കൂറ്റന്‍ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ഏകപക്ഷീയമായി ഉണ്ടാവാനുള്ള സാധ്യത ഇക്കുറി ഇല്ല എന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലുള്ള പ്രവര്‍ത്തനവും പാര്‍ലമെന്റിലെ പ്രകടനവും ശരാശരിയില്‍ താഴെയാണെന്നുള്ളതും ലീഗ്-കോണ്‍ഗ്രസ് അനൈക്യവും ഇക്കുറി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളായേക്കാം. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ പ്രതികരണം നടത്തിയ രാഹുല്‍ ഗാന്ധിയുടെ സമീപനത്തിനെതിരെ ദേശീയതലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതും ഈ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ചര്‍ച്ചയാകുന്ന വിഷയമാണ്.
(തുടരും)