കുന്ദേരയുടെ വിവര്‍ത്തക ലിന്‍ഡ ആഷറിന്റെ വഴികള്‍
'വിവര്‍ത്തനം ഭാഷയുമായുള്ള നിത്യവ്യവഹാര ക്രിയ'
-ലിന്‍ഡ ആഷര്‍, കുന്ദേരയുടെ വിവര്‍ത്തക
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, ബ്രിട്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന ഗ്രാന്റ് മാഗസിന്റെ ഒരു ലക്കം വായിക്കുമ്പോള്‍ മിലന്‍ കുന്ദേരയുടെ കഥ കണ്ടു. വായിക്കാനിരുന്നു. തീരുവോളം ഉള്ളം ഉരുകി. അധികാര മുഷ്ടി പ്രയോഗത്തില്‍ നിരാലംബരായി പോകുന്ന മനുഷ്യരുടെ കഥയായിരുന്നു അത്. ഒരു വിവര്‍ത്തനത്തില്‍ പ്രതീക്ഷിക്കാത്തത്ര വ്യക്തത, അഥവാ മൂല എഴുത്തുകാരനെ വായിക്കുന്നതുപോലുള്ള അനുഭൂതി ആ വായനാനുഭവം നല്‍കി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ആരാണ് വിവര്‍ത്തകയെന്ന്. ലിന്‍ഡ ആഷര്‍ എന്ന് കണ്ടു. അവരുടെ പ്രൊഫൈല്‍ പരിശോധിച്ചു.
മിലന്‍ കുന്ദേരയുടെ പ്രധാന വിവര്‍ത്തകയാണ് അവര്‍. ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. കുന്ദേരയുടെ പുസ്തകങ്ങള്‍ക്ക് പുറമെ, Georges Simenon, Jean-Pierre Vernant, Yasmina Reza, François Bégaudeau, Martin Winckler എന്നിവരെയെല്ലാം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം ദി ന്യൂയോര്‍ക്കര്‍ മാഗസിന്റെ ഫിക്ഷന്‍ എഡിറ്ററായിരുന്നു.
ദി ന്യൂയോര്‍ക്കര്‍ ഫിക്ഷന്‍ എഡിറ്റര്‍ എന്ന തസ്തിക കൈകാര്യം ചെയ്ത ഒരാളുടെ അസാധാരണമായ ഭാഷാ ശേഷിയെക്കുറിച്ചു അതിശയിക്കേണ്ടതില്ലല്ലോ. കാതറിന്‍ വൈറ്റിനെപ്പോലുള്ള ഫിക്ഷന്‍ എഡിറ്റേഴ്സ് സേവനം ചെയ്ത ആ വാരിക, ഏഴു വര്‍ഷമായി സ്ഥിരമായി വായിക്കുന്ന ഒരാളെന്ന നിലയില്‍, ലിന്‍ഡ ആഷറിനു ഭാഷയുടെ വിവിധ മാനകങ്ങളിലുണ്ടായേക്കാവുന്ന മികവിനെപ്പറ്റി എനിക്ക് തെല്ലും സംശയം ഉണ്ടായിരുന്നില്ല.
ദി ന്യൂയോര്‍ക്കര്‍ പ്രസിദ്ധീകരിക്കുന്ന ഗദ്യത്തിന്റെ സവിശേഷതകളെ ഇങ്ങനെ കാണാം. ഒന്ന്; വ്യക്തത. രണ്ട്, കാവ്യഗുണമുള്ള ഗദ്യം. മൂന്ന്, ആവശ്യത്തിന് പങ്‌ച്വേഷന്‍ മാര്‍ക്കുകള്‍ നല്‍കി, വിശേഷിച്ചും കോമകള്‍ ചേര്‍ത്ത്, ഒരു സന്ദേഹവും അവശേഷിപ്പിക്കാതെയുള്ള വരികള്‍, ഏറ്റവും നവീനമായ പ്രയോഗങ്ങള്‍. ഈ ഗുണങ്ങളെല്ലാം, ഏറ്റവും മനോഹരമായി ലിന്‍ഡയുടെ ഗദ്യത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.
ലിന്‍ഡ ആഷര്‍
ലിന്‍ഡ ആഷര്‍ വിവര്‍ത്തനം എന്ന പ്രക്രിയയെ എങ്ങനെ കാണുന്നുവെന്ന് നോക്കാം. നിരന്തരമായ വായനയാണ് തന്റെ മൂലധനം എന്നവര്‍ പറയുന്നു, Works That Work ന് നല്‍കിയ അഭിമുഖത്തില്‍. ഫിക്ഷന്‍, ലിറ്റററി നോണ്‍ ഫിക്ഷന്‍, ബുക്‌സ്, ജേര്‍ണലിസം കോളങ്ങള്‍ എന്നിവയെല്ലാം വായിക്കുന്നു. The New York Review of Books, The London Review of Books, The Times Literary Supplement, The New Yorker, Harper's Bazaar, The Nation- എന്നിവയെല്ലാം അവരുടെ പ്രിയപ്പെട്ട മാഗസിനുകളാണ്. നിത്യവ്യവഹാരമായി മാറിയ ഈ വായനകള്‍, അവരെ വ്യക്തിപരമായും പ്രഫഷണലായും അറിവുള്ളവരാക്കി നിലനിര്‍ത്തുന്നു.
ഒരു വിവര്‍ത്തകനു/ വിവര്‍ത്തകയ്ക്ക് എല്ലാതരം വായനകളും വേണം. വിവര്‍ത്തന ഉത്തരവാദിത്തത്തിലേക്ക് പോകുമ്പോള്‍, മൂല കൃതിയും അതുമായി ബന്ധപ്പെട്ട എല്ലാംതന്നെയും അവര്‍ വായിക്കും. 'കുന്ദേരയുടെ പുസ്തകങ്ങളുടെ വിവര്‍ത്തന പ്രക്രിയ മധ്യ, കിഴക്കന്‍ യൂറോപ്പിലെ അനേകം സാഹിത്യങ്ങള്‍ വായിക്കാനും പുനഃര്‍വായിക്കാനും കാരണമായിട്ടുണ്ട്. Musil, Broch, Kafka, Gombrowicz, Škvorecký എന്നിവരുടെ പുസ്തകങ്ങള്‍ അതിലുള്‍പ്പെടുന്നു.'
ദി ന്യൂയോര്‍ക്കറിന്റെ പതിനെട്ടു വര്‍ഷക്കാലത്തെ ഫിക്ഷന്‍ എഡിറ്റര്‍ എന്ന തൊഴിലെടുത്തതിനെക്കുറിച്ചു അവര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'പുതിയ അനുഭവങ്ങള്‍ തന്ന, പുതുശബ്ദങ്ങള്‍ കേള്‍ക്കാന്‍ പറ്റിയ ഒരു കാലമായിരുന്നു അത്. ന്യൂയോര്‍ക്കര്‍ മാഗസിനിലേക്ക് വന്ന ഫിക്ഷന്‍ ലോകങ്ങള്‍ മാത്രമായിരുന്നില്ല എന്റെ ഏരിയ. ഞാന്‍ ലൈബ്രറികളിലും പുസ്തക ഷോപ്പുകളിലും അനേക മണിക്കൂറുകള്‍ ചെലവഴിക്കുമായിരുന്നു. അത് എന്റെയൊരു ശീലമായി മാറി. ഇപ്പോഴും ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത ആറു പുസ്തകങ്ങളെങ്കിലും എന്റെയടുത്തു കാണും. പുതിയ എഴുത്തുകള്‍ അറിയാനുള്ള നിരന്തരമായ,അസാധാരണമായ, നിര്‍വൃതി തരുന്നസംഗതിയാണ് ഈ പുതുവായനകള്‍.
മികച്ച വിവര്‍ത്തനത്തെക്കുറിച്ചുള്ള ലിന്‍ഡയുടെ കാഴ്ച്ചപ്പാട്: 'രണ്ടു ഭാഷകളിലുമുള്ള നൈപുണ്യം പ്രധാനമാണ്. നമ്മളെല്ലാവരും പ്രധാനപ്പെട്ട രചനകള്‍ വായിക്കാന്‍ താത്പര്യപ്പെടുന്നവരാണ്, വിവര്‍ത്തനത്തില്‍ ചെറിയ കല്ലുകടികള്‍ വന്നാലും. ആ വായന പക്ഷേ ഒരു സവിശേഷ അനുഭൂതിയിലേക്ക് പോകുന്നത്, രചയിതാവിന്റെയും വിവര്‍ത്തകന്റെയും ഉള്ളടക്കങ്ങളിലെ ഭാഷാ താളങ്ങള്‍, സ്വരഭേദങ്ങള്‍ ഒക്കെ അനുഭവിക്കാന്‍ കഴിയുമ്പോഴാണ്.
വിവര്‍ത്തനത്തില്‍ കഠിന യത്നം വേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍. 'വിവര്‍ത്തനത്തിനു വേണ്ടി ഒരു ടെക്സ്റ്റ് ആദ്യമായി വായിക്കുമ്പോള്‍, ഞാന്‍ അതിന്റെ സ്വഭാവം പഠിക്കും. മ്ലാനതയുണ്ടാക്കുന്നതാണോ, സന്തോഷം ജനിപ്പിക്കുന്നതാണോ, കഠിന പ്രയോഗങ്ങളുള്ളതാണോ, ചൈതന്യമുണ്ടാക്കുന്നതാണോ എന്നെല്ലാം നോക്കും. വാക്കര്‍ത്ഥങ്ങള്‍, മൂല ഭാഷയുടെ താളം, സംഗീതം (അഥവാ ഭാഷാ ശൈലിയെന്നു നിര്‍വ്വചിക്കുന്ന കാര്യങ്ങള്‍) എന്നതെല്ലാം നോക്കും. സമാനമായ ഇംഗ്ലീഷ് ശൈലി കണ്ടെത്താനുള്ള ലക്ഷ്യത്തോടെ. ഞാന്‍ സ്വയം ചോദിക്കും. ഈ ശബ്ദത്തെ വിവര്‍ത്തനം ചെയ്യാന്‍ എനിക്കാകുമോ? അതാകുമെന്റെ ആദ്യ മാനദണ്ഡം. എന്താണ് ആ കൃതിയുടെ ഗുണം? ഏതുതരം പദാവലികളാണ് അതില്‍ ഉപയോഗിച്ചിട്ടുള്ളത്? എങ്ങനെയുള്ള സാമൂഹികവും ചരിത്രപരവുമായ ശബ്ദങ്ങളാണ് അതിലുള്‍ക്കൊള്ളുന്നത്? അതിനെയൊക്കെ എനിക്ക് ഇംഗ്ലീഷിലേക്ക് കൊണ്ടുവരാന്‍ പറ്റുമോ എന്നാലോചിക്കും.
മിലന്‍ കുന്ദേര | PHOTO: WIKI COMMONS
1986 മുതലാണ് ലിന്‍ഡ ആഷര്‍, മിലന്‍ കുന്ദേരയെ വിവര്‍ത്തനം ചെയ്തു തുടങ്ങുന്നത്. ആ വര്‍ഷങ്ങളിലാണ് ചെക്ക് ഭാഷയിലെഴുത്തുന്നത് അവസാനിപ്പിച്ചു അദ്ദേഹം ഫ്രഞ്ചില്‍ എഴുതിത്തുടങ്ങിയത്. 'കുന്ദേരയുടെ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ ഇനങ്ങളിലായി മുപ്പതോ നാല്‍പതോ രചനകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മറ്റൊരു എഴുത്തുകാരന്റെയും ഇത്രയധികം രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷ പദാവലികള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന രീതിയിലുള്ളതാണ്. ഉയര്‍ന്ന നിലവാരമുള്ളതാണ്. ഹാസ്യം കലര്‍ന്നതാണ്. ഫ്രഞ്ചിലെ മൂല കൃതികളെ ഇംഗ്ലീഷിലേക്ക് എങ്ങനെ പരിവര്‍ത്തപ്പിക്കുന്നു എന്നത് ശ്രദ്ധിക്കുന്നു അദ്ദേഹം. ഏതെങ്കിലും പദം/ വാക്യം വിവര്‍ത്തനത്തിനു ബുദ്ധിമുട്ടുന്ന ഘട്ടത്തില്‍, മറ്റൊരു ഘടന നല്‍കി പാരായണ ക്ഷമമാക്കുന്ന വിവര്‍ത്തന പ്രക്രിയയെ അദ്ദേഹം ഇഷ്ടപ്പെടുന്നു.' കുന്ദേരയുടെ വിവര്‍ത്തനങ്ങള്‍, കുന്ദേര എഴുതിയ മൂല കൃതിപോലെതന്നെ വായിക്കാനും അനുഭവിക്കാനും എനിക്ക് പറ്റിയത് എന്തുകൊണ്ടാണ് എന്നതിനുള്ള ഉത്തരം ലിന്‍ഡ ആഷറിനെ ഇങ്ങനെ വായിച്ചപ്പോള്‍ എനിക്ക് ലഭിച്ചു. പക്ഷേ, കുന്ദേരയുടെ മലയാള വിവര്‍ത്തനത്തില്‍ ഈ ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടായിട്ടുണ്ടോ.
കുന്ദേരയുടെ 'ഇഗ്‌നറന്‍സ്' എന്ന നോവലിലെ ആദ്യ അധ്യായത്തിന്റെ അവസാന പാരഗ്രാഫ് ലിന്‍ഡ വിവര്‍ത്തനം ചെയ്തത്: 'Repeated, the words took on such power that, deep inside her, Irena saw them written out with capital initials: Great Return. She dropped her resistance: she was captivated by images suddenly welling up from books read long ago, from films, from her own memory, and maybe from her ancestral memory: the lost son home again with his aged mother; the man returning to his beloved from whom cruel destiny had torn him away; the family homestead we all carry about within us; the rediscovered trail still marked by the forgotten footprints of childhood; Odysseus sighting his island after years of wandering; the return, the return, the great magic of the return.'
വളരെ വ്യക്തതയുള്ള ഘടന. എന്നാലോ, സാമ്പ്രദായിക ശൈലിയില്ല താനും. ഫ്രഞ്ച് ഭാഷയുടെ കൂടി ഘടനക്കും, വാക്കുകളുടെ പ്രയോഗത്തിനും, താളത്തിനും അനുസരിച്ചു രൂപപ്പെടുത്തിയ വാക്യങ്ങളാവണം. ഫ്രഞ്ച് പഠിക്കാന്‍ മോഹമുള്ള ഒരാളാണ് ഞാന്‍. എന്നെങ്കിലുമൊരിക്കല്‍ ഫ്രഞ്ച് പഠിക്കുമ്പോള്‍ ആദ്യം വായിക്കുന്നത് കുന്ദേരയുടെ എഴുത്തുകളാവും. ലിന്‍ഡയുടെ വിവര്‍ത്തനങ്ങള്‍ വെച്ച് അവ വായിക്കുന്നത് ഒരു മഹാനുഭവമായിരിക്കും.