
പുഷ്പാര്‍ച്ചന ചെയ്യാം: പക്ഷേ എവിടെ?
ബിജെപി ഇതര ഗവണ്മെന്റുകള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തീവ്രമായ ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെ ഗവര്‍ണര്‍മാരായി നിയോഗിക്കുന്നത് കേന്ദ്രത്തിനൊരു ശീലമാവുകയാണ്. ഭരണത്തിന്റെയും ഭരണഘടനാസ്ഥാപനങ്ങളുടെയും ഇടനാഴികളില്‍ തീവ്രഹിന്ദുത്വ ആശയങ്ങള്‍ക്കിടം നല്‍കാനായി ഗവര്‍ണര്‍മാര്‍ നടത്തുന്ന ശ്രമങ്ങളും സംസ്ഥാന സര്‍ക്കാരുകളുമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളും ഇപ്പോള്‍ സ്ഥിരം കാഴ്ചയെന്ന നിലയിലേക്ക് മാറിയിരിക്കുന്നു. മുന്‍ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പെര്‍ഫോമെന്‍സുകളില്‍ നിന്നും ഒരുപടി മുകളില്‍ നില്‍ക്കാനുള്ള വ്യഗ്രതയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ അര്‍ലേക്കര്‍ സ്വീകരിക്കുന്നത്. രാജ്ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രം വെക്കുകയും ഔദ്യോഗികമായി നടത്തപ്പെടുന്ന പരിപാടിയില്‍ ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും വേണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതുമാണ്.
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ആധുനികതയിലേക്ക് ചുവടുമാറ്റുന്നത് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടെയാണ്. വിവിധ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചു കിടന്നിരുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കലായിരുന്നു അതിനേറ്റവും ആവശ്യം. പക്ഷേ ഇങ്ങനെയൊരു പ്രക്രിയ യൂറോപ്യന്‍ മുന്‍മാതൃകയിലോ, സ്വാഭാവികമായോ ഇന്ത്യന്‍ സാഹചര്യത്തില്‍ സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്നില്ല. അതിനു സാംസ്‌കാരികവും ചരിത്രപരവുമായ ഏകത വേണമായിരുന്നു. ഒരേ ചരിത്രവും പാരമ്പര്യവും കലയും സാഹിത്യവുമാണ് തങ്ങള്‍ പങ്കിടുന്നതെന്ന് ജനങ്ങള്‍ക്കാകെയും ബോധ്യമാവണം. അതിന്റെ ആദ്യ ഉത്പന്നമായിരുന്നു 1873 ല്‍ എഴുതപ്പെട്ട കിരണ്‍ ചന്ദ്ര ചധോപാദ്ധ്യയുടെ 'ഭാരത മാതാ' എന്ന നാടകം. കൊളോണിയല്‍ ശക്തികളുടെ ക്രൂരതകളും അതിഭീകരമായ ക്ഷാമവും മൂലം ജീവിതം വഴിമുട്ടിയ ഒരു ഗൃഹനാഥയും ഭര്‍ത്താവും അവരുടെ ഗ്രാമം ഉപേക്ഷിച്ചു കാട്ടിലേക്ക് പോകുന്നു. അവിടെ വെച്ചു അവര്‍ കലാപകാരികളെ കണ്ടുമുട്ടി. പിന്നീട് ഒരു പുരോഹിതന്‍ അവരെ വനത്തിനുള്ളിലെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നു. അവിടെ വച്ച് അവര്‍ ''ഭാരത മാത'' എന്ന തങ്ങളുടെ മാതൃഭൂമിയുടെ മൂര്‍ത്തരൂപത്തെ കാണുകയും അതോടെ ധൈര്യം കൈവന്ന അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നതോടെ നാടകം പര്യവസാനിക്കുന്നു.
ഇതിനോടടുത്ത കാലഘട്ടത്തിലാണ് ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ 'ആനന്ദമഠ്' എന്ന നോവല്‍ പുറത്തു വരുന്നത്. 1760-70 കളിലെ സന്യാസി കലാപമാണ് നോവലിന്റെ ഇതിവൃത്തം. ഇതുവഴി നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരം രൂപപ്പെടുകയും ഭാരതാംബയെന്ന സങ്കല്‍പം വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തെ ഇല്ലായ്മ ചെയ്യാന്‍ ദിവ്യ സ്വരൂപത്തില്‍ ഒരു വിരാട് സ്വരൂപം ഉയര്‍ന്നു വരുന്നു എന്ന പ്രതീക്ഷയാണ് നോവല്‍ സമ്മാനിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കു ശേഷം അബനീന്ദ്രനാഥ ടാഗോറിന്റെ ഒരു ചിത്രത്തിലൂടെ 'ആനന്ദമഠ്' നോവലിലെ ഭാരത മാതാ ഒരു സന്യാസിനിയുടെ രൂപത്തില്‍ മൂര്‍ത്തരൂപം പ്രാപിച്ചു. കാവി വേഷധാരിയായ നാലു കൈകളുള്ള സന്യാസിനീ രൂപമാണ് ഭാരതമാതാ ചിത്രത്തില്‍. കൈകളോരോന്നിലും യഥാക്രമം താളിയോല, നെല്‍ക്കറ്റ, വെളുത്ത തുണി, ജപമാല എന്നിവ കാണാനാവും. അറിവും അന്നവും ഒരുപോലെ വിളമ്പുന്ന അമ്മയെന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഇത് ഒരു ചിത്രീകരണത്തിന്റെ മാത്രം കാര്യമാണ്. ഇതുകൂടാതെ രാജാ രവിവര്‍മ്മ, രൂപ് കിഷോര്‍ കപൂര്‍, അമൃത ഷെര്‍ഗില്‍, എം എല്‍ ശര്‍മ, ശോഭാ സിംഗ്, ജെ ബി ദീക്ഷിത് തുടങ്ങി ഇന്ത്യന്‍ പിക്കാസോ എന്നറിയപ്പെടുന്ന എം എഫ് ഹുസൈന്‍ വരെ ഭാരത് മാതാ സങ്കല്പത്തെ പലപ്പോഴായി മൂര്‍ത്ത രൂപത്തില്‍ ആക്കിയിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ മാറ്റിനിര്‍ത്തപ്പെടാന്‍ ആവാത്ത ഒരു പ്രതീകമാണ് ഭാരതാംബ. എന്നാല്‍ അതെങ്ങനെ സ്വീകരിക്കണം, ഉള്‍ക്കൊള്ളണം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. കാരണം ഭാരത മാതാവെന്നാല്‍ ഇന്ത്യയുടെ ദേശീയ പതാകയും ദേശീയഗാനവും ഒക്കെ ഉള്ളതുപോലെ ഔദ്യോഗികമായ ഒരു ദേശീയ ചിഹ്നമല്ല. അതുകൊണ്ടുതന്നെ ഭാരത മാതാവിനെ വണങ്ങുന്നത് ദേശസ്‌നേഹത്തിന്റെയും വണങ്ങാതിരിക്കുന്നത് ദേശവിരുദ്ധതയുടെയോ അടയാളമായി കാണാന്‍ കഴിയില്ല.
സംഘപരിവാറിന്റെ ചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നുണ്ട്. അവര്‍ ഒരു കാലത്തും അതിവേഗം ഫലം പ്രതീക്ഷിച്ചുകൊണ്ട് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. വളരെയധികം സമയമെടുത്ത് പൊതുജനത്തിനിടയില്‍ അനുകൂലികളെ സൃഷ്ടിക്കുകയാണ് നയം. ഭാരതാംബ വിവാദത്തിലേക്ക് വരുമ്പോള്‍ ഇത് കുറച്ചുകൂടി വ്യക്തമാകുന്നു.
അമ്മ എന്ന ബിംബത്തോട് സ്വാഭാവികമായ ഒരു പ്രതിപത്തി തോന്നാത്തവരായി ആരും ഉണ്ടാവില്ല. മറ്റേത് ബിംബത്തെയും അപേക്ഷിച്ചു മാതൃബിംബത്തിന് വൈകാരികമാനങ്ങള്‍ ഏറെയുണ്ട്. അമ്മയെ തൊഴുവന്‍ പറയുന്ന മാതൃസ്‌നേഹമുള്ളവര്‍ പുണ്യാത്മാക്കള്‍ എന്നും അതിനു സാധിക്കില്ലെന്ന് പറഞ്ഞവര്‍ ധിക്കാരികളും ദേശവിരുദ്ധരുമാകുന്ന നിലയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. സംഘപരിവാര്‍ പൂജിക്കാന്‍ ആവശ്യപ്പെടുന്ന ഭാരതമാതാ ഏതു ഭാരതമാതയാണെന്നോ കാവിക്കൊടിയാണോ ഇന്ത്യന്‍ ദേശീയ പതാകയാണോ ഭാരതാംബ കൈയിലേന്തുന്നതെന്നോ ഉള്ള പ്രസക്തമായ ചോദ്യം ആരും ഉയര്‍ത്തുന്നില്ല. അമ്മയെ തൊഴുന്നവരും നിന്ദിക്കുന്നവരുമെന്നതില്‍ കവിഞ്ഞ് ഒരാശങ്കയും ആര്‍ക്കുമില്ലെന്ന സ്ഥിതി വലിയ അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. ഇതുവരെ ഇന്ത്യന്‍ ജനതയ്ക്ക് മുഴുവനും ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായ ഭാരത് മാതാ പിന്നീട് സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. ഇക്കൂട്ടരാണ് ഭാരത് മാതയുടെ കൈകളില്‍ കാവിക്കൊടി വെച്ച് കൊടുത്തത്. ഹിന്ദുത്വയുമായി ഇന്ത്യയുടെ സംസ്‌കാരത്തെ ചേര്‍ത്തുപിടിക്കാനും അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കാനുമായിരുന്നു ഇത്. RSS തങ്ങളുടെ ഗുരു സ്ഥാനത്ത് കാണുന്ന ഭഗവത് ധ്വജമാണ് ഈ ചിത്രങ്ങളിലെല്ലാം ഭാരത് മാതയുടെ കൈകളില്‍ കാണാനാവുക.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കാതെയിരുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ആര്‍എസ്എസ് ആണ്. അതിനുപകരം അവര്‍ മുന്നോട്ടുവച്ചത് ഇതേ ഭഗവത് ധ്വജത്തെ ഔദ്യോഗിക പതാക ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഡിറ്റോറിയല്‍ എഴുതിയ ചരിത്രം കൂടി ആര്‍എസ്എസിന്റെതാണ്. സ്വാതന്ത്ര്യം ലഭിച്ചശേഷം 52 വര്‍ഷം കഴിഞ്ഞാണ് 2002ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണപതാക ഉയര്‍ന്നത്. ഭഗവത്ധ്വജം ഉപയോഗിക്കപ്പെട്ടതാവട്ടെ ബാബറി മസ്ജിദ് തകര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ഹിംസാത്മക കലാപപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. ചുരുക്കത്തില്‍ രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തെറിയാനും കലാപങ്ങളില്‍ ആയുധമാകാനുമാണ് ഭഗവത്ധ്വജം ഉപയോഗിക്കപ്പെട്ടത്. അത്തരമൊരു പശ്ചാത്തലമുള്ള, വര്‍ഗീയതയുടെ അടയാളമായി നിലകൊള്ളുകയാണ് ഭഗവത്ധ്വജം. അത് കൈകളില്‍ പിടിച്ചു കൊണ്ടു നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി തൊഴാനാണ് തീവ്ര ആര്‍എസ്എസുകാരനായ കേരള ഗവര്‍ണര്‍ ആഹ്വാനം ചെയ്തത്.
ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യ ഒരു മതനിരപേക്ഷ (സെക്കുലര്‍) ജനാധിപത്യ റിപ്പബ്ലിക് ആണെന്ന പ്രഖ്യാപനം കാണാം. ഇതൊരു വലിയ രാഷ്ട്രീയ നിലപാട് ആണ്. മതനിരപേക്ഷത എന്ന ആശയം ഒരിക്കലും മാറ്റമില്ലാത്ത ഒന്നാണ് എന്ന് കേശാവാനന്ദ ഭാരതി V/s സ്റ്റേറ്റ് ഓഫ് കേരള കേസില്‍ കോടതി പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട്. മതപരമായ ആശയങ്ങള്‍, ചിഹ്നങ്ങള്‍ മുതലായവ ഔദ്യോഗിക മാര്‍ഗ്ഗത്തിലൂടെ ഒരിക്കലും പ്രചരിപ്പിക്കാന്‍ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. 'ഭാരതാംബ ' എന്ന പേരില്‍ സംഘപരിവാര്‍ കൈകൂപ്പി തൊഴുന്ന ചിത്രം അടിമുടി മതചിന്തയെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് ഒരു ഔദ്യോഗിക പരിപാടിയില്‍ ഈ ചിത്രം ഉപയോഗിച്ചത് രാജ്യം മുന്നോട്ടു വെക്കുന്ന സെക്കുലര്‍ താല്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്.
ജനാധിപത്യം അതിന്റെ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ തന്നെ കശാപ്പ് ചെയ്യപ്പെടുകയും വിവേചനാധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് 1983ല്‍ മുന്‍ സുപ്രീം കോടതി ജഡ്ജ് ആയിരുന്ന രഞ്ജിത്ത് സിംഗ് സര്‍ക്കാരിയയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന്‍ നിലവില്‍ വരുന്നത്. ഗവര്‍ണര്‍ പദവി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് ഒരു ഭീഷണിയായി മാറാതിരിക്കാന്‍ നിരവധി ശുപാര്‍ശകള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഗവര്‍ണറുടെ വിവേചനാധികാരത്തെ കുറിച്ച് പ്രസക്തമായ സൂചനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗവര്‍ണര്‍ എന്നാല്‍ ഒരു ഭരണഘടനാ സ്ഥാനമാണ്. അങ്ങനെ ഒരു സ്ഥാനം വഹിക്കുന്ന ആരും തന്നെ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടുകളെയോ പ്രത്യേക മതനിലപാടുകളെയോ സ്വീകരിക്കാനും അവയ്ക്ക് വിധേയപ്പെടാനും പാടില്ല.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ | PHOTO : WIKI COMMONS
സ്ലോ പോയ്‌സണിങ് പോലെ സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കുന്ന വര്‍ഗീയ അജണ്ടകളുടെ പട്ടികയിലേക്കാണ് രാജ്ഭവനിലുണ്ടായ സംഭവങ്ങളും ചേര്‍ക്കപ്പെടുന്നത്. അവ നടപ്പിലാക്കാന്‍ ഏതറ്റം വരെ പോകാനും ഏതു ഹീനമാര്‍ഗം സ്വീകരിക്കാനും മടിയില്ലാത്ത കൂട്ടരാണിവര്‍. ഭാരതാംബയുടെ പേരില്‍ ഇത്രയേറെ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയ, അതുവഴി ഇവിടുത്തെ മുഴുവന്‍ മതേതര വാദികളെയും പ്രതിസ്ഥാനത്തു നിര്‍ത്തിയ ഇവര്‍ക്ക് മറ്റൊരു ചരിത്രം കൂടിയുണ്ട്. ആര്‍എസ്എസ് ഒരിക്കലും ഭാരതത്തെ ഒരു മാതൃരൂപമായിട്ടല്ല പകരം പിതൃരൂപമായിട്ടാണ് വിവക്ഷിച്ചിട്ടുള്ളത്. ആര്‍എസ്എസ് സ്ഥാപകനായ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ രാഷ്ട്രത്തെ വിവരിക്കുന്നത് ''പിതൃഭൂമിയും പാവന ഭൂമിയും ' എന്ന വാക്കുകള്‍ ഉപയോഗിച്ചാണ്. പൊതുജന സ്വീകര്യതയ്ക്ക് വേണ്ടിയുള്ള പുതിയ അടവുനയമാണ് ഇപ്പോഴത്തെ ഭാരതാംബ താല്പര്യത്തിനു പിന്നിലുള്ളത്. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചരിത്രവും നിലപാടുകളും ഏതു വിധേനയും വളച്ചൊടിക്കുന്നതില്‍ സംഘപരിവാറിനോളം പരിശീലനം നേടിയ മറ്റൊരു പ്രസ്ഥാനം ഇന്ത്യയിലില്ല. ഭിന്നിപ്പിച്ചു ഭരിക്കുക (Divide and Rule) എന്നത് കൊളോണിയലിസം ഇന്ത്യയില്‍ ബാക്കിവച്ചു പോയ ഒരു ഭരണതന്ത്രമാണ്. മത - ജാതി - ദേശ - ഭാഷ വിഭാഗങ്ങളുടെ പേരില്‍ ജനത്തെ വിഭജിച്ച് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ അവരുടെ ഐക്യവും ശക്തിയും ഇല്ലാതാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതേ തന്ത്രമാണ് ആര്‍എസ്എസ് പയറ്റുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യ -മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശക്തമായ ജനകീയ മുന്നേറ്റങ്ങളും ജുഡീഷ്യറിയുടെ ജാഗ്രത്തായ ഇടപെടലുകളും അനിവാര്യമാണ്.
ലോകത്തിനു മുന്നില്‍ ബഹുസ്വരത എന്ന ആശയത്തിന്റെ മൂര്‍ത്തരൂപമാണ് ഇന്ത്യ. ഹിന്ദുത്വവാദികള്‍ പൂവിട്ടു പൂജിക്കുന്ന, കാവിക്കൊടി കൈയിലേന്തിയ സ്ത്രീരൂപം, എന്നതിനപ്പുറം ഭാരത മാതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും നമ്മുടെ കലാ-സാംസ്‌കാരിക പാരമ്പര്യത്തിന്റെയും ചരിത്രത്തില്‍ വേരൂന്നിയ ഒരു ബഹുസ്വരബിംബമാണ്. ഇപ്പോഴും ഇനിയങ്ങോട്ടും അതില്‍ മാറ്റങ്ങള്‍ക്ക് സ്ഥാനമില്ല.


