
ജനാധിപത്യ പിൻവഴുക്കിലെ ക്ഷേമ രാഷ്ട്രീയവും റെസ്പെക്ടബിളിറ്റി പൊളിറ്റിക്സും
ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഇന്ന് ജനാധിപത്യ പിൻവഴുക്കിലേക്ക് (Democratic backsliding)വീണിരിക്കുന്നുവെന്നതിൽ രണ്ടഭിപ്രായം ഉണ്ടാകാനുള്ള സാധ്യതയില്ല. രാജ്യം കടന്നുപോകുന്ന സാഹചര്യത്തെ കുറിച്ച് രാഷ്ട്രീയ ചിന്തകർക്കും, അക്കാദമിക്ക് ബുദ്ധിജീവികൾക്കുമിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ടെങ്കിലും, ഈ യാഥാർത്ഥ്യത്തെ അവർ തള്ളിക്കളയുവാനുള്ള സാധ്യതയില്ല.
രാഷ്ട്രീയമായി ഇന്ത്യയെ ഹിന്ദുത്വ രാജ്യമായി മാറ്റാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുന്നതിനിടയിൽ ഉണ്ടാവുന്ന ഏറ്റവും ചെറിയ അപശബ്ദങ്ങൾ പോലും രാജ്യത്തെ സംബന്ധിച്ച് രാഷ്ട്രീയമായി വളരെ നിർണായകമാണ്. കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശത്തിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശവും അതിന്റേതായ ആഘാതവും ഉണ്ട്. എന്നാൽ, ഈ പരാമർശവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിമർശനങ്ങൾ ഒക്കെ പ്രധാനമായി ശ്രദ്ധ ചെലുത്തിയത് മന്ത്രിയുടെ ‘ഉന്നതകുലജാതർ’ എന്ന പരാമർശത്തിൽ മാത്രം ആണ്. തീർച്ചയായും കേവലം ഭാഷാപരമായ പ്രയോഗം മാത്രമായിരുന്നില്ല അത്. അതിലുപരി സാമൂഹികവും സാംസ്കാരികവുമായി അദ്ദേഹം വച്ചുപുലർത്തുന്ന ബോധ്യമാണ്.
അദ്ദേഹം ഒരു സിനിമാനടനോ സാധാരണ പൗരനോ അല്ല ഇപ്പോൾ എന്നിടത്താണ് ഇതൊരു ഗുരുതരമായ പ്രശ്നമാവുന്നത്, ഭരണഘടന അനുസരിച്ച് എല്ലാ പൗരന്മാർക്കും വേണ്ടി നിലകൊണ്ടുകൊള്ളും എന്ന് സത്യപ്രതിജ്ഞ എടുത്ത് എം.പിയും മന്ത്രിയുമായ രാഷ്ട്രീയ പ്രതിനിധി എന്ന നിലയിൽ സുരേഷ് ഗോപി ഇത്തരം പ്രയോഗം നടത്തുമ്പോൾ അത് ഭരണഘടനയുടെ ആശയത്തിന് എതിരായ പ്രത്യക്ഷ പ്രവർത്തനമാകും. ഭരണഘടന പറയുന്ന ‘തുല്യതയുള്ള വ്യക്തികളുടെ കൂട്ടമെന്ന’ നിലയിൽ നിന്നും, പൗരന്മാർ മേൽ-കീഴ് അവസ്ഥയുള്ള വ്യക്തികളായി ഇതിലൂടെ മാറ്റപ്പെടുന്നു. ഒരർത്ഥത്തിൽ പൗരൻ/ പൗരി എന്നത് ഇല്ലാതാക്കുന്നുണ്ട് ഇതിലൂടെ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന രാഷ്ട്രീയ പ്രതിനിധി എന്ന നിലയിൽ സുരേഷ് ഗോപിയുടെ ഈ ഭാഷാപ്രയോഗം സാമൂഹിക അവബോധത്തിന്മേലുള്ള ശക്തമായ നിർദേശം നൽകൽ കൂടിയായി മാറുന്നു.
തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ സുരേഷ് ഗോപി | PHOTO: FACEBOOK
ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വന്ന വാദങ്ങളിൽ പ്രശ്നവൽക്കരിക്കേണ്ടതോ, ചർച്ച ചെയ്യേണ്ടിയിരുന്നതോ, ആയ രാഷ്ട്രീയ ആഖ്യാനത്തെയും, നീക്കത്തെയും കാണാതെ പോയിട്ടുണ്ട്. അതാവട്ടെ തന്റെ പരാമർശവും, വിശദീകരണവും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവ രണ്ടും പിൻവലിക്കുന്നു എന്ന് പറയുമ്പോൾ മന്ത്രി ഉദ്ദേശിച്ച പോലെ തന്നെ ജനങ്ങളിൽ എത്തിയിട്ടുണ്ട് താനും. അങ്ങനെ ഹിന്ദുത്വയുടെ ആധുനിക കാലത്തെ രാഷ്ട്രീയ ആഖ്യാനങ്ങളിലെ പൊതുവാദത്തെ വിജയകരമായും നിഷ്കളങ്കമായും ജനമനസ്സുകളിൽ എത്തിക്കാൻ കേന്ദ്ര സഹമന്ത്രിക്ക് സാധിച്ചു. അതിനാൽ തന്നെ വളരെ നിർണ്ണായകമായ ആ രാഷ്ട്രീയ ആഖ്യാനത്തെയും അതോടൊപ്പം സുരേഷ് ഗോപി എന്ന സവർണ്ണ ശരീരത്തെയും കൂടി നമ്മൾ ഈ സാഹചര്യത്തിൽ വിലയിരുത്തേണ്ടതുണ്ട്.
ഹിന്ദുത്വത്തിന്റെ ‘ക്ഷേമ’രാഷ്ട്രീയം
സുരേഷ് ഗോപി എം.പിയുടെ, ‘ട്രൈബൽ മന്ത്രിയായി ഉന്നതകുലജാതർ വരട്ടെ എന്നും, മുന്നോക്കകാരുടെ ഉന്നമനത്തിനുള്ള മന്ത്രിയായി ട്രൈബൽ മന്ത്രി വരട്ടെ’ എന്നുമുള്ള വാചോടാപം(Rhetoric) വളരെ സത്യസന്ധമായതും, ഹൃദയത്തിൽനിന്നും സദ്ദുദ്ദേശത്തോടുകൂടിയുമാണെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇതിൽ അടങ്ങിയിരിക്കുന്ന വളരെ അപകടകരവും സവർണ്ണവുമായ രാഷ്ട്രീയത്തെ നമ്മൾ തിരിച്ചറിയപ്പെടാതിരുന്നുകൂടാ.
യഥാർത്ഥത്തിൽ വളരെ അയഞ്ഞ മട്ടിൽ പറഞ്ഞുപോയ വാക്കുകളാണ് ഇത് എന്ന് തോന്നാമെങ്കിലും, വളരെ വർഷങ്ങളായി ഹിന്ദുത്വയും സവർണ്ണ രാഷ്ട്രീയവും പറയുന്ന രാഷ്ട്രീയ ബ്രാഹ്മണിക്കൽ ആഖ്യാനം ആണ് കേന്ദ്ര മന്ത്രി പറഞ്ഞുവച്ചത്. അതായത് ജാതീയതയും ലിംഗ വിവേചനവും ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ കഴിഞ്ഞ കാലത്തിന്റെതായിരുന്നു എന്നും ഇന്നിപ്പോൾ ഇന്ത്യയിലുള്ള എല്ലാ ജാതി സമൂഹത്തിന്റെയും പ്രശ്നം പട്ടിണി മാത്രമാണ് എന്നും, അതുകൊണ്ട് നമ്മൾ ഇനി മുതൽ ദാരിദ്ര്യനിർമാർജനം മാത്രം നടത്തിയാൽ മതിയെന്നുമുള്ള വാദം. ഈ വാദത്തിന് അനുയോജ്യമായ നിലയിൽ രൂപപ്പെടുത്തുന്ന പുതിയ ക്ഷേമ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി ബോധപൂർവ്വം നടത്തിയ സമീകരണം ആണ് നടന്നത്. ഇതിലൂടെ സവർണ്ണ –അവർണ്ണ വിഭാഗങ്ങളുടെ ഉന്നമനം എന്നത് ഒരേ രീതിയിലും, ഒരേ സ്വഭാവത്തിലുമുള്ള ഒരു സംഗതി ആണെന്നും, അതിനാൽ തന്നെ ആര് മന്ത്രിയായാലും അത് നടന്നോളും എന്നതുമാണ് മന്ത്രി പറഞ്ഞതിന്റെ ഉള്ളിലെ സൂക്ഷ്മാർത്ഥം.
REPRESENTATIVE IMAGE | WIKI COMMONS
ഇവിടെ സാമൂഹിക നീതിയെയും, സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പ്രതിനിധാനം എന്ന ആലോചനയെയും വളരെ സൂക്ഷ്മമായി മന്ത്രി റദ്ദ് ചെയ്യുകയാണ്. ഇന്ത്യയിൽ ഇന്ന് ശക്തമായി നിലനിൽക്കുന്ന സംവരണ വിരുദ്ധതയുടെയും, സംവരണം എടുത്തു കളയുക എന്നതുൾപ്പെടെ ഉള്ള വാദങ്ങളുടെയും അടിസ്ഥാന ആശയവും ഒരർത്ഥത്തിൽ ഇത് തന്നെയാണ്. അതായത് സാമൂഹിക നീതിയുടെ കാര്യത്തിൽ പ്രതിനിധാനം എന്ന കാഴ്ചപ്പാട് ഇല്ലാതാക്കുന്നതോടെ സംവരണത്തിന് പ്രസക്തി ഇല്ലാതെയാവുന്നു. ഒരു രാഷ്ട്രീയ പ്രതിനിധിയെ കേവലമൊരു പ്രതിനിധി മാത്രമായി ചുരുക്കികൊണ്ട് അതിലെ രാഷ്ട്രീയം എന്ന കാര്യം ചോർത്തി കളയുകയും, “ജനാധിപത്യത്തിന്റെ” ആവശ്യമായി മാത്രം അതിനെ അവശേഷിപ്പിക്കുകയും ചെയ്യും. അങ്ങനെ സംവരണത്തിലൂടെ സ്ട്രാറ്റജിക് പൊസിഷനിൽ എത്താമെന്നുള്ള ഡോ. ബി ആർ അംബേദ്കറുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ മറികടക്കാൻ ബ്രാഹ്മണിസത്തിനു സാധ്യമാകും. എല്ലാവരേയും ഒരുപോലെ ഞങ്ങൾ കാണുന്നു, എല്ലാവരുടെയും ഉന്നമനത്തിന് ഞങ്ങൾ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന നിലയിൽ ബിജെപി വളരെ കാലങ്ങളായി ഉയർത്തുന്ന രാഷ്ട്രീയ വാചോടാപങ്ങൾ ഇങ്ങനെ സാമൂഹിക നീതിയെ രാഷ്ട്രീയത്തിൽ നിന്ന് പുറംതള്ളുന്നതിനായുള്ള ഒന്നാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ വംശ-ലിംഗ വിഷയങ്ങളെ അഭിമുഖീകരിക്കാതിരിക്കാൻ ഇത്തരം ക്ഷേമ രാഷ്ട്രീയം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്കയിൽ ക്രൈസ്തവ സമൃദ്ധി വചന രീതിശാസ്ത്രത്തിൽ നിന്ന് രൂപപ്പെടുത്തിയ ഈ ക്ഷേമ രാഷ്ട്രീയം സമാനമായി ഇവിടെ ഹിന്ദുത്വം കൃത്യമായ ആഖ്യാനങ്ങളിലൂടെയും, സൂക്ഷ്മവും നൂതനവുമായ പരാമർശങ്ങളിലൂടെയും പങ്കുവെച്ചുകൊണ്ട്, ദലിത്-ആദിവാസി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ എല്ലാ തുറകളിൽനിന്നും പുറന്തള്ളുന്ന നിലയിൽ പ്രയോഗവൽക്കരിക്കുകയാണ്. അത് പ്രധാനമന്ത്രി മോദി മുതൽ ഇങ്ങ് സഹമന്ത്രി സുരേഷ് ഗോപി വരെ നിഷ്കളങ്കമെന്ന നിലയിൽ തന്ത്രപരമായി വിനിമയം ചെയ്യുന്നു.
സുരേഷ് ഗോപി എന്ന സവർണ്ണ ശരീരവും, റെസ്പെക്ടബിലിറ്റി പൊളിറ്റിക്സും
ഡൽഹി സെന്റ് സെബാസ്റ്റ്യൻസ് കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ.എൻ പി ആഷ്‌ലിയുടെ ഗവേഷണത്തിന്റെ ഭാഗമായാണ് കേരളത്തിലെ 1957 മുതൽ ഇപ്പോഴുള്ളതുവരെയുള്ള എല്ലാ എംഎൽഎമാരുടെയും ജാതി തിരിച്ചുള്ള പട്ടിക 2021ൽ ഞാൻ ഉണ്ടാക്കുന്നത്. അതിൽനിന്നുമാണ് കേരളത്തിലെ അധികാരയിടങ്ങളിൽ സിംഹഭാഗവും സവർണ്ണർ കൈയ്യടക്കിയിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നത്. അങ്ങനെ ഗവേഷണം നടത്തുന്ന സമയത്ത് ഫീൽഡിൽ ഇറങ്ങി എന്തുകൊണ്ട് നിങ്ങൾ ഇവരെ തിരഞ്ഞെടുത്തത് എന്ന് ചോദിച്ചപ്പോൾ വളരെ ആശ്ചര്യപ്പെടുത്തുംവിധം “നല്ല മനുഷ്യനായതുകൊണ്ട്” എന്ന മറുപടികൾ എനിക്ക് ലഭിക്കുകയുണ്ടായി. അങ്ങനെ കേരളത്തിലെ സവർണ്ണ മനുഷ്യർ എല്ലാം ‘നല്ല’ മനുഷ്യരാവുന്ന ഒരു പ്രത്യേകതരം പ്രതിഭാസം പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്. ഒരു നല്ല മനുഷ്യൻ എന്ന ഇമേജ് യഥാർത്ഥത്തിൽ സവർണ്ണ മനുഷ്യരുടെ സാംസ്കാരിക-സാമൂഹിക മൂലധനം എന്ന രണ്ടാം ശരീരം പുറത്തേക്ക് വിടുന്നതോ അല്ലെങ്കിൽ മറ്റുള്ളവരുടെ ചിന്തകളിൽ നിർമ്മിക്കുന്നതോ ആയ ഒന്നാണ്. ഇതിന് പിന്താങ്ങായി കേരളത്തിന്റെ ചരിത്രാഖ്യാനത്തിൽ മുതൽ സാംസ്കാരിക ചിന്തകളിൽ വരെ സവർണ്ണതയ്ക്ക് സുശക്തമായ അധീശ്വത്വം നൽകുന്ന സൂക്ഷ്മരാഷ്ട്രീയം കാണാൻ സാധിക്കും. അങ്ങനെ ഭാഷയിലൂടെയും, സൗന്ദര്യബോധത്തിലൂടെയും പ്രതിഫലിക്കുന്ന ഈ അധീശത്വം ബഹുമാന്യതയും, അവതരണസാധ്യതയുമുള്ള ഒരു ശരീരമാക്കി സവർണ്ണ വ്യക്തിയെ മാറ്റുന്നു.
REPRESENTATIVE IMAGE | WIKI COMMONS
റെസ്പെക്ടബിലിറ്റി രാഷ്ട്രീയം വഴി ഉണ്ടാവുന്ന ഏറ്റവും വലിയ ഹിംസ എന്നുപറയുന്നത്, രാഷ്ട്രീയത്തെ നേതാവിന്റെ / പ്രതിനിധിയുടെ ഉദാരതയും, അയാളുടെ സാംസ്കാരിക മൂലധനവുമായി ബന്ധപ്പെടുത്തി വയ്ക്കുന്നു എന്നതാണ്. അതായത് കയ്യിൽ കാശും, സാമൂഹിക-സാംസ്കാരിക മേധാവിത്തവുമുള്ള ആർക്കും പണം കൊടുത്ത്, ഉദാര സംഭാവനകൾ നൽകി അല്ലെങ്കിൽ പൊതു മനസുകളുടെ നായക സങ്കല്പത്തെ തൃപ്തിപെടുത്തുന്ന രീതിയിൽ സ്വയം അവതരിപ്പിച്ചാൽ വളരെ ബഹുമാന്യനായ രൂപം ആവാൻ സാധിക്കുകയും അതോടൊപ്പം ഇങ്ങനെ മുകളിൽ നിന്ന് താഴേക്ക് നോക്കി ഉദാരതകൾ നൽകുന്ന “നല്ല”വരാണ് രാജ്യം ഭരിക്കേണ്ടത് എന്ന തോന്നൽ ജനങ്ങളിൽ നിർമിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയകളിൽ ഇപ്പോഴും ഏറിയും കുറഞ്ഞും കാണുന്ന തിരുവിതാംകൂർ രാജാക്കന്മാർ തിരികെ വരണം എന്ന് പറയുന്ന ട്രെൻഡ്, സുരേഷ് ഗോപിയുടെ തന്നെ മീഡിയ സ്റ്റണ്ടുകൾ പുകഴ്ത്തികൊണ്ടുള്ള വാഴ്ത്തുപാട്ടുകൾ ഒക്കെ ഇതിനെയാണ് കാണിക്കുന്നത്. മറ്റൊരുതരത്തിൽ നോക്കിയാൽ ഇന്ത്യൻ സാഹചര്യത്തിൽ ഒരു സവർണ്ണനാവുന്നത് തന്നെ ഒരർത്ഥത്തിൽ ‘ജനാധിപത്യ’ നേതാവ് ആവാനുള്ള ഏറ്റവും വലിയ യോഗ്യത ആവുന്നുണ്ട്.
ഇത്തരത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ രൂപപ്പെട്ട സുരേഷ് ഗോപിയെ പോലൊരു മന്ത്രിക്ക് പ്രത്യേകിച്ചും സവർണ ശരീരമെന്ന നിലയിൽ മലയാളിയുടെ സവർണ്ണ പൊതുബോധത്തെയും സമൂഹികധാരണയെയും, കാഴ്ചയിലും കൃത്യമായി സ്വാധീനിക്കാനോ, നയിക്കാനോ സാധിക്കുമെന്നതുകൊണ്ട് തന്നെ ഇത് ചോദ്യം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. അത് ചോദ്യം ചെയ്യപ്പെടുന്നതുവഴി ഇന്നും നിലനിൽക്കുന്ന സവർണ്ണ ശരീരങ്ങളുടെ സാംസ്കാരിക മേധാവിത്തത്തെ ചോദ്യം ചെയ്യാനും, വളരെ ക്രിട്ടിക്കൽ ആയ ഒരു വിമർശന ധാരയെ വികസിപ്പിച്ചെടുക്കാനും സാധിക്കും. പ്രത്യേകിച്ചും ഭാഷയെയും, സൗന്ദര്യ ബോധത്തേയും ഒക്കെ പുനർനിർമിച്ചു മുന്നോട്ട് പോവേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്ന ഇക്കാലത്ത്. അല്ലെങ്കിൽ പാവപ്പെട്ട, സാമൂഹിക അസമത്വം നേരിടുന്ന അടിത്തട്ട് മനുഷ്യരെ സ്വയം പഴിക്കുന്നവരും, തങ്ങൾ തന്നെയാണ് തങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണക്കാർ എന്ന് തോന്നിപ്പിക്കുന്നതുമായ സവർണ്ണ മൃത്യുരാഷ്ട്രീയം തലമുറകളിലേക്ക് ഒഴുകും.
(ജർമ്മനിയിലെ സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ്, ഗോട്ടിംഗൻ സർവകലാശാലയിലെ പിജി വിദ്യാർത്ഥിയാണ് ലേഖകൻ.)


.jpeg)