.jpg)
വീണ്ടും അശാന്തമാവുന്ന പശ്ചിമേഷ്യ
ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം ഈ മേഖലയെ വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. പ്രത്യക്ഷമായ യുദ്ധ പ്രഖ്യാപനങ്ങളില്ലെങ്കിലും, ഇരു രാജ്യങ്ങളും വർഷങ്ങളായി നടത്തുന്ന നിഴൽ യുദ്ധവും, സമീപകാല സംഭവവികാസങ്ങളും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഇത് പ്രാദേശികമായും ആഗോളതലത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
ഈ സംഘർഷത്തിന്റെ വേരുകൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. 1979ലെ ഇറാനിയൻ വിപ്ലവത്തിന് മുമ്പ്, ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധങ്ങളുണ്ടായിരുന്നു. എന്നാൽ, വിപ്ലവാനന്തരം അയത്തൊള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിതമായതോടെ, ഇസ്രായേലിനെ ഒരു 'സയണിസ്റ്റ് സ്ഥാപനം' എന്ന് ഇറാൻ വിശേഷിപ്പിക്കുകയും അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇസ്രായേലിന്റെ അസ്തിത്വത്തെ അംഗീകരിക്കാത്ത ഒരു വിദേശനയം ഇറാൻ സ്വീകരിച്ചു. പലസ്തീൻ പ്രശ്നത്തിൽ ഇറാൻ പലസ്തീൻ പക്ഷത്തിന് ശക്തമായ പിന്തുണ നൽകി. എന്നാൽ മറുവശത്ത്, ഇസ്രായേൽ ഇറാന്റെ ആണവ പദ്ധതികളെയും മേഖലയിലെ സ്വാധീനത്തെയും തങ്ങളുടെ സുരക്ഷയ്ക്ക് ശക്തമായ ഭീഷണിയായാണ് കണ്ടത്.
അയത്തൊള്ള ഖുമൈനി | PHOTO : WIKI COMMONS
ഇറാന്റെ ആണവ പദ്ധതിയാണ് ഇസ്രായേലിന്റെ പ്രധാന ആശങ്ക. ആണവായുധങ്ങൾ നേടാൻ ഇറാൻ ശ്രമിക്കുന്നുണ്ടെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. ഇത് മേഖലയിലെ ശക്തി സന്തുലിതാവസ്ഥയെ തകർക്കുമെന്നും, ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും അവർ ഭയപ്പെടുന്നു. പല അന്താരാഷ്ട്ര വേദികളിലും പലവട്ടം ഈ വിഷയം ഇസ്രായേൽ ഉന്നയിച്ചിട്ടുണ്ട് . ഇറാൻ ആണവായുധം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിന് ഈ വിഷയത്തിൽ പൂർണ്ണമായ വിശ്വാസം വന്നിട്ടുമില്ല. 2015ലെ JCPOA(Joint Comprehensive Plan of Action) ആണവ കരാർ ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് പരിധി നിശ്ചയിച്ചെങ്കിലും, അമേരിക്ക ഈ കരാറിൽ നിന്ന് പിന്മാറിയതും ഇറാൻ കരാർ ലംഘനങ്ങൾ നടത്തിയതും സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്നും പലതവണ വിവിധതരത്തിലുള്ള ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള ശക്തമായ പരീക്ഷണങ്ങളാണ് ഇറാനിൽ നടന്നുകൊണ്ടിരിക്കുന്നത്.
അതിനുപുറമേ ഇറാൻ സിറിയ, ലെബനൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതും ഹിസ്ബുള്ള(ലെബനൻ), ഹൂതികൾ(യെമൻ), വിവിധ ഷിയാ മിലിഷ്യകൾ(ഇറാഖ്, സിറിയ) തുടങ്ങിയ പ്രോക്സി ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതും ഇസ്രായേലിനെ പ്രകോപിപ്പിക്കുന്ന വിഷയങ്ങളാണ്. ഇസ്രായേൽ ഈ പ്രോക്സി ഗ്രൂപ്പുകളെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കുകയും പല ഘട്ടങ്ങളിലായി ഈ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.
2015 JCPOA കരാർ പ്രഖ്യാപിക്കുന്ന നേതാക്കൾ | PHOTO : WIKI COMMONS
അതോടൊപ്പം തന്നെ സൈബർ യുദ്ധവും രഹസ്യാന്വേഷണ പ്രവർത്തനങ്ങളും പരമ്പരാഗത ആക്രമണങ്ങൾക്ക് പുറമെ ഇരുരാജ്യങ്ങളും പരസ്പരം ലക്ഷ്യമിടുന്നുണ്ട്. ഇറാന്റെ ആണവ സ്ഥാപനങ്ങൾക്ക് നേരെയും ഇസ്രായേലിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സൈബർ ആക്രമണങ്ങൾ നടന്നതായി 2024 സെപ്റ്റംബറിന് ശേഷം പല റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
സമീപകാലത്ത് നടന്ന ചില സംഭവവികാസങ്ങൾ സംഘർഷത്തിന് പുതിയ മാനം നൽകിയതായി കാണാം. സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ കോൺസുലേറ്റിന് നേരെയുള്ള ഏപ്രിൽ 2024ലെ വ്യോമാക്രമണമാണ് വീണ്ടും പരിചയ സന്ദർശനത്തിന് തുടക്കമിട്ടത്. ഈ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ ആരോപിക്കുകയും ശക്തമായ തിരിച്ചടി പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണത്തിൽ ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം അന്ന് കൊല്ലപ്പെട്ടിരുന്നു.
ഇതിന് തിരിച്ചടി എന്നോണം ഇസ്രായേലിന് നേരെയുണ്ടായ ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണം, ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും വർഷിച്ചു. ഇത് ഇസ്രായേലിന്റെ വ്യോമ-പ്രതിരോധ സംവിധാനങ്ങൾ വലിയതോതിൽ തടഞ്ഞെങ്കിലും പരക്കെ നാശനഷ്ടം സംഭവിച്ചു. ഒപ്പം മേഖലയിൽ ഒരു തുറന്ന യുദ്ധത്തിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തു. ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പരിമിതമായ പ്രത്യാക്രമണം പ്രതികാരം എന്ന നിലയിൽ ഇസ്രായേൽ നടത്തുകയും ചെയ്തു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് ഇറാനുമായി കഴിഞ്ഞ രണ്ട് മാസത്തിലധികമായി അമേരിക്ക പല റൗണ്ട് ചർച്ചകൾ ഇതിനകം പൂർത്തിയാക്കിയിരുന്നു. പൂർണ്ണമായും ആണവ പരീക്ഷണങ്ങൾ നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിയതുകൊണ്ടാണ് ഈ ചർച്ച തീരുമാനമാകാതെ തുടരുന്നതും ഒരു കരാറിൽ എത്തിച്ചേരാൻ കഴിയാത്തതും. എന്നാൽ ഇന്ന് അമേരിക്കയ്ക്ക് നേതൃത്വം നൽകുന്ന പ്രസിഡണ്ട് ട്രംപ് തന്നെയാണ് ആദ്യതവണ അധികാരത്തിൽ വന്നപ്പോൾ ഒബാമയുടെ കാലത്ത് രൂപീകരിച്ച കരാറിൽ നിന്നും ഏകപക്ഷീയമായി പിന്നോട്ടുമാറിയത് എന്ന ചരിത്ര വസ്തുത കൂടി നിലനിൽക്കുന്നുണ്ട് എന്ന് കാണണം.
ജൂൺ മാസം പതിനഞ്ചാം തീയതി ആറാം റൗണ്ട് ചർച്ച നടക്കാനിരിക്കുകയായിരുന്ന ഘട്ടത്തിലാണ് ഇസ്രായേൽ ഇറാന്റെ ആണവ പരീക്ഷണശാലകളിലേക്ക് ശക്തമായ മിസൈൽ ആക്രമണം നടത്തിയത്, സൈനിക മേധാവികളും ശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി ആളുകൾ ആക്രമണത്തിൽ മരണപ്പെടുകയും ആണവ പരീക്ഷണ കേന്ദ്രം ഭാഗികമായി തകർക്കപ്പെടുകയും ചെയ്തു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി(IAEA) അവതരിപ്പിച്ച പ്രമേയം അനുസരിച്ച് ഇറാനിൽ 60%ത്തിലധികം ആണവ സമ്പുഷ്ടീകരണം നടന്നിട്ടുണ്ട് എന്നും, ഇത് അപകടകരമായ തോത് ആണെന്നും, ഇത് തടയണമെന്ന് ഉള്ള പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിൻറെ ചൂട് പറ്റിയാണ് ഇസ്രായേൽ ഇപ്പോൾ ശക്തമായ ആക്രമണം ഇറാനിന് നേരെ നടത്തിയത്. എന്നാൽ ഏകപക്ഷീയമായി ഇസ്രായേലിന് ഇത്തരം ഒരു ആക്രമണം നടത്താൻ യാതൊരു അവകാശവുമില്ല. ഐഎഇഎ പാസാക്കുന്ന ഇത്തരം ഒരു പ്രമേയം ഐക്യരാഷ്ട്രസഭയുടെ മുമ്പിൽ എത്തുകയും ബന്ധപ്പെട്ട രാജ്യത്തിന്റെ വിശദീകരണം ചോദിച്ച ശേഷവും മറ്റു കൂടിയാലോചനകൾക്ക് ശേഷവുമാണ് ഉപരോധം അടക്കമുള്ള കാര്യങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളുക. എന്നാൽ അത്തരത്തിലൊന്നും ഉള്ള ഒരു സാഹചര്യം ഉണ്ടാവുന്നതിനു മുൻപാണ് ഏകപക്ഷീയമായി സ്ഥിതി കൂടുതൽ വഷളക്കുന്ന രീതിയിൽ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്.
ഇസ്രായേലിന്റെ ഈ ആക്രമണത്തിന് അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനിയൻ നേതൃത്വം പ്രഖ്യാപിക്കുകയും, 24 മണിക്കൂർ തികയുന്നതിന് മുൻപ് ഇസ്രായേലിന് നേർക്ക് ശക്തമായ മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇസ്രായേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ പോലും മറികടന്ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ മരണപ്പെട്ടതായാണ് കണക്കുകൾ പുറത്തുവരുന്നത്, കൂടാതെ പല നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാനിലേക്ക് വീണ്ടും മിസൈൽ ആക്രമണം ഇസ്രായേലും നടത്തി.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
അതിശക്തമായ ഒരു സംഘർഷാവസ്ഥയ്ക്ക് ഇതോടെ പശ്ചിമേഷ്യ വീണ്ടും സാക്ഷ്യം വഹിക്കാൻ പോവുകയാണ് എന്ന ആശങ്കയാണ് ഇപ്പോൾ ലോക രാഷ്ട്രങ്ങളെ അലട്ടുന്നത്. പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരുന്ന ചർച്ചയും, ഇറാനുമായി നടത്താനിരുന്ന ആറാം റൗണ്ട് ചർച്ചയും ഇതോടെ അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തു.
ആണവ സമ്പുഷ്ടീകരണം പൂർണമായി നിർത്തിയില്ലെങ്കിൽ ഇതിലും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ വാക്കുകളും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചർച്ചയിൽ ഇനി തുടരുന്നില്ല എന്ന് ഇറാൻ പ്രഖ്യാപിച്ചു. രാജ്യങ്ങളോട് സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ ഫോൺ സംഭാഷണത്തിലും സ്ഥിതി കൂടുതൽ ഗുരുതരമാക്കാതെ ശാന്തമായി കൈകാര്യം ചെയ്യണമെന്നാണ് ഇന്ത്യ മുന്നോട്ടുവച്ച നിലപാട്. സൗഹൃദ രാഷ്ട്രമായ ഇറാനേയും ‘ഓപ്പറേഷൻ സിന്ധൂർ’ ഉൾപ്പെടെയുള്ള ആക്രമണത്തിന് ഇന്ത്യയ്ക്ക് പിന്തുണ നൽകിയ ഇസ്രായേലിനെയും ഒന്നുപോലെ വിശ്വാസത്തിൽ എടുക്കുക എന്ന സങ്കീർണമായ നയതന്ത്ര അവസ്ഥയാണ് ഇന്ത്യയ്ക്കും കൈവന്നിട്ടുള്ളത്.
ആണവായുധം, അത് ഏത് രാഷ്ട്രം നിർമിച്ചാലും, മനുഷ്യവംശത്തിന് ആകമാനം എക്കാലത്തും ഒരു ഭീഷണി തന്നെയാണ്, അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഇറാൻ പിന്മാറുകയും അതോടൊപ്പം സ്ഥിതി സങ്കീർണ്ണമാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നും ഇസ്രായേൽ പിന്നോട്ട് പോവുകയും ചെയ്താൽ മാത്രമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. നിരവധിയായ പ്രതിസന്ധികളിലൂടെ വർത്തമാനലോകം അതിജീവിച്ച് മുന്നോട്ടുപോകുമ്പോൾ, മനുഷ്യനിർമ്മിതമായ ഇത്തരം യുദ്ധങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന സത്യം രാഷ്ട്ര സമൂഹങ്ങൾ മനസ്സിലാക്കുകയും ലോകസമാധാനത്തിനും സുരക്ഷയെയും മുൻനിർത്തി പശ്ചിമേഷ്യയിൽ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കണമെന്നും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടലുകൽ കൂടി ഉണ്ടാവണമെന്നുമുള്ള ആവശ്യം കൂടിയാണ് സമാധാനത്തെ മുൻനിർത്തി വർത്തമാനസമൂഹം ആഗ്രഹിക്കുന്നത്. കഴിയുന്നത്ര വേഗം ഈ വിഷയം പരിഹരിക്കപ്പെടട്ടെ എന്നും, ഇനി മറ്റൊരു യുദ്ധത്തിലേക്ക് പശ്ചിമേഷ്യ പോകാതിരിക്കട്ടെ എന്നും, ഭീതി ഒഴിഞ്ഞ്, മേഖലയിൽ വേഗം സമാധാനം പുലരട്ടെ എന്നും പ്രത്യാശിക്കാം.


