TMJ
searchnav-menu
post-thumbnail

Outlook

മോദിയുടെ 'ഗ്യാരണ്ടിക്കും'' ''ചാര്‍ സൗ പാറിനും'' എന്തുപറ്റി

01 May 2024   |   4 min Read
ടി ജെ ശ്രീലാൽ

തിരഞ്ഞെടുപ്പായാലും അല്ലെങ്കിലും പ്രാസമുള്ള മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വജ്രായുധമാണ്. അത് ഏറ്റവും നന്നായി പ്രയോഗിച്ചതും പ്രയോജനപ്പെടുത്തിയതും നരേന്ദ്ര മോദി തന്നെയാണ്. മോദിയുടെ മുന്‍ഗാമി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് ഈ വജ്രായുധം ഗുണവും അതിലേറെ ദോഷവും ചെയ്തു. 1999 ല്‍ ''അബ്കി ബാര്‍ അടല്‍ ബിഹാരി'' എന്ന മുദ്രാവാക്യം ഗുണം ചെയ്‌തെങ്കില്‍ 2004 ല്‍ 'ഇന്ത്യ ഷൈനിങ്' (ഇന്ത്യ തിളങ്ങുന്നു) എന്ന മുദ്രാവാക്യം തിരിച്ചടിയായി. 

2014 ലെ പൊതുതിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പിറക്കിയ 'അച്ഛാ ദിന്‍ ആനേ വാലാ ഹെ'' (നല്ല ദിനങ്ങള്‍ വരുന്നു), തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇറക്കി. ''അബ്കി ബാര്‍ മോദി സര്‍ക്കാര്‍'' (ഇത്തവണ മോദി സര്‍ക്കാര്‍),  'സബ്കാ സാത് സബ്കാ വികാസ്'' (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനം),  തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രാജ്യം എറ്റെടുത്തതോടെയാണ് കേവല ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തില്‍ എത്തിയത്. 2019ല്‍ വീണ്ടും മോദിയെ കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 'മോദി ഹെ തോ മുംകിന്‍ ഹെ'' (മോദിയുണ്ടെങ്കില്‍ കാര്യം നടക്കും) എന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം.

നരേന്ദ്ര മോദി | PHOTO: FACEBOOK
ചാര്‍ സൗ പാര്‍

2024 ലെ തിരഞ്ഞെടുപ്പില്‍ മോദി-പ്രയോഗം ഒന്നു കൂടി കടുപ്പിച്ച് 'മോദി കി ഗ്യാരണ്ടി''യുമായിട്ടാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയതുതന്നെ. പിന്നാലെ 'തീസരി ബാര്‍ മോദി സര്‍ക്കാര്‍'' (മൂന്നാംതവണ മോദി സര്‍ക്കാര്‍)'' അപ്കി ബാര്‍ ചാര്‍ സൗ പാര്‍'' (ഇത്തവണ നാനൂറ് കടക്കും) തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഇതില്‍ രണ്ട് മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രയോഗം ഉണ്ടാക്കിയതിനെക്കാള്‍ വലിയ പ്രതിസന്ധിയാണ് ''മോദി കി ഗ്യാരണ്ടിയും'', ''അപ്കി ബാര്‍ ചാര്‍ സൗവും'' ഉണ്ടാക്കിയിരിക്കുന്നത്. 

''മോദി കി ഗ്യാരണ്ടി'' പാര്‍ട്ടിക്കുള്ളിലും, പരിവാര്‍ സംഘടനകളിലുമാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നതെങ്കില്‍' അപ്കി ബാര്‍ ചാര്‍ സൗ'' എന്ന അവകാശവാദം വോട്ടര്‍മാര്‍ക്കിടയിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇത്തവണ നാനൂറ് കടക്കും എന്ന പ്രയോഗം രാഷ്ട്രീയ പരിഹാസത്തിനാണ് ആദ്യം ഇടയാക്കിയത്. വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി പരമാവധി സീറ്റുകള്‍ പിടിച്ചിരുന്നു. അങ്ങനെയാണ് സ്വന്തം നിലയ്ക്ക് മുന്നൂറ് തൊട്ടതും നാല്‍പതോളം പാര്‍ട്ടികളെ കൂട്ടുപിടിച്ച് മുന്നൂറ്റി അന്‍പതിനടുത്ത് എത്തിയതും. ദക്ഷിണേന്ത്യയില്‍ സ്വാധീനം നഷ്ടപ്പെട്ട ബിജെപിക്ക് ഇനി നാനൂറ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ അയല്‍രാജ്യങ്ങളില്‍ നിന്നുകൂടി സീറ്റ് പിടിക്കേണ്ടി വരുമെന്ന രാഷ്ട്രീയ പരിഹാസമാണ് കണക്കുകള്‍ നിരത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്.

REPRESENTATIVE IMAGE | WIKI COMMONS
ഈ രാഷ്ട്രീയ പരിഹാസങ്ങളല്ല ബിജെപിയെ തളര്‍ത്തുന്നത്. വോട്ടര്‍മാരുടെ പ്രതികരണമാണ്. അപ്കി ബാര്‍ ചാര്‍ സൗ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്  കഴിഞ്ഞപ്പോള്‍ തന്നെ മുദ്രാവാക്യത്തിന്റെ തിളക്കം പോയി. കഴിഞ്ഞ തവണത്തെക്കാള്‍ മൂന്ന് ശതമാനത്തിലേറെ പോളിങ്ങ് കുറവ്. ഇത് മറികടക്കാനാണ് രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തില്‍ മോദി മറ്റ് വിഷയങ്ങളെല്ലാം മാറ്റിവച്ച് പഴയ ഹിന്ദുത്വ കാര്‍ഡ് പുറത്തെടുത്തത്. അങ്ങനെയാണ് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരും പെറ്റ് പെരുകുന്നവരുമായത്. എന്നിട്ടും രണ്ടാംഘട്ട വോട്ടെടുപ്പില്‍ വോട്ടര്‍മാര്‍ കുറഞ്ഞു. ഒന്നാംഘട്ട വോട്ടെടുപ്പിലേത് പോലെ രണ്ടാംഘട്ടത്തിലും മൂന്ന് ശതമാനത്തിലധികം കുറവുണ്ടായി. അതോടെ മുസ്ലീങ്ങളേയും കോണ്‍ഗ്രസിനേയും കൂട്ടിക്കെട്ടി. ഹിന്ദുക്കളുടെ സ്വത്തും സ്വര്‍ണ്ണവുമൊക്ക കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ മോദിയും അമിത് ഷായും നടത്തി.

ചാര്‍ സൗ പാറിലെ പ്രതിസന്ധി

ആദ്യ രണ്ടുഘട്ട വോട്ടെടുപ്പുകളില്‍ വോട്ടര്‍മാര്‍ കുറഞ്ഞതും ചാര്‍ സൗ പാറിനും തമ്മില്‍ എന്താണ് ബന്ധം. ചില ബന്ധങ്ങളും ചില പിഴവുകളും വിളക്കിച്ചേര്‍ത്തത് ബിജെപി നേതാക്കള്‍ തന്നെയാണ്. ഇത്തവണ നാനൂറ് കടക്കും എന്നതായിരുന്നു മോദി ഉയര്‍ത്തിയ മുദ്രാവാക്യം. ഇത് ഒന്നുകൂടി പൊലിപ്പിച്ചു പാര്‍ട്ടി നേതാക്കള്‍. നാനൂറ് കടന്നാല്‍ ഭരണഘടന മാറ്റി എഴുതുമെന്ന് മുതിര്‍ന്ന നേതാക്കള്‍ത്തന്നെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളുടെ ഈ പ്രഖ്യാപനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള വ്യാഖ്യാനങ്ങള്‍ ആരും തിരിച്ചറിഞ്ഞില്ല. ജാതി സര്‍വ്വേ എന്ന ആവശ്യം മുദ്രാവാക്യമാക്കി തിരഞ്ഞെടുപ്പിന് ഇറങ്ങിയ പ്രതിപക്ഷം ഭരണഘടന മാറ്റി എഴുതുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയും ജാതി സര്‍വ്വേയോടുള്ള മോദിയുടെ എതിര്‍പ്പും കൂട്ടിക്കെട്ടി. നാനൂറ് സീറ്റ് കിട്ടിയാല്‍ മോദി ജാതി സംവരണം എടുത്തു കളയുമെന്ന് പ്രതിപക്ഷം ആരോപിച്ചു. 

മോദിയും അമിത് ഷായും | PHOTO: FACEBOOK
ആരോപണം ആഴിയായി ആളികത്തി. കെടുത്താന്‍ മോദിയും അമിത് ഷായും ഓടിനടന്ന് പൊതുസമ്മേളനങ്ങളില്‍ പ്രസംഗിച്ചു. പ്രതിപക്ഷത്തിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ജാതി സംവരണം പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് വരെ നരേന്ദ്രമോദി പ്രസംഗിച്ചു. ആര്‍.എസ്.എസ് തലവന്‍ തന്നെ നേരിട്ടെത്തി സംവരണം സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നിട്ടും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക അകന്നില്ല. 

ഇതോടെയാണ് ഹിന്ദുത്വ കാര്‍ഡിറക്കി മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗവുമായി മോദി എത്തിയത്. അവിടെയും മോദിക്കും അമിത് ഷായ്ക്കും വീഴ്ചപറ്റി. കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ആവേശത്തോടെ ലക്ഷ്യത്തോട് അടുക്കുന്നു എന്നായിരുന്നു മോദിയും അമിത് ഷായും അതുവരെ അവകാശപ്പെട്ടിരുന്നത്. നയിക്കാനും നയിക്കപ്പെടാനും ആളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് നിലംപൊത്തിയെന്നും മോദി പരിഹസിച്ചിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിറുത്താന്‍ ഹിന്ദുത്വ വികാരം ആളിക്കത്തിക്കാന്‍ നടത്തിയ ആവേശ പ്രസംഗങ്ങള്‍ക്കിടെ ഈ പരിഹാസം മറന്നുപോയി. 

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്തും സ്വര്‍ണ്ണവും മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ പരസ്യ ആരോപണം. ഒരു പടികൂടി കടന്ന് കോണ്‍ഗ്രസ് അമ്മമാരുടേയും സഹോദരിമാരുടേയും താലി പൊട്ടിച്ച് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് അമിത് ഷായും ആരോപിച്ചു. സ്വരക്ഷയ്ക്കായി കോണ്‍ഗ്രസിനെതിരെ തൊടുത്തുവിട്ട ഈ ആരോപണങ്ങളാണ് ഇപ്പോള്‍ ഇരുനേതാക്കള്‍ക്കും പൊല്ലാപ്പായിരിക്കുന്നത്. നേതാക്കളെ അടര്‍ത്തിയെടുത്തു. സ്ഥാനാര്‍ത്ഥികളെ പോലും വിലയ്‌ക്കെടുത്തു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി ഫണ്ട് പോലും മരവിപ്പിച്ചു. ഇതിനെല്ലാം ശേഷവും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ചെയ്‌തേക്കാവുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും പറയുന്നത് എന്തിനാണ് എന്നതാണ് ഉയരുന്ന ചോദ്യം. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് മോദിയും അമിത് ഷായും ഭയപ്പെടുന്നുണ്ടെന്നാണ് അവസരം മുതലെടുത്ത് കോണ്‍ഗ്രസിന്റെ അവകാശവാദം. 

REPRESENTATIVE IMAGE | WIKI COMMONS
മോദി കി ഗ്യാരണ്ടി

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ പ്രധാനമന്ത്രി പങ്കെടുത്ത എല്ലാ പൊതുയോഗങ്ങളിലും ഉയര്‍ന്നുകേട്ട പ്രഖ്യാപനമാണ് ''മോദി കി ഗ്യാരണ്ടി''. പ്രാദേശിക ഭാഷകളില്‍ പോലും എളുപ്പത്തില്‍ പറയാന്‍ പറ്റുന്നതും സാധാരണക്കാരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കഴിയുന്നതുമായ മുദ്രാവാക്യം. എന്നാല്‍ ചാര്‍ സൗ പാറിനൊപ്പം ഇപ്പോള്‍ ഗ്യാരണ്ടിയും മോദിയുടെ പ്രസംഗങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. 2014 ലും 2019 ലും ഉണ്ടായിരുന്നത് പോലുള്ള മോദി അനുകൂല തരംഗം ഇത്തവണ ഇല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് 'ഗ്യാരണ്ടി' പിന്‍വലിച്ചതെന്നാണ് നിരീക്ഷണം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പരീക്ഷിച്ച മോദി മന്ത്രം ഇത്തവണ അതേ ആഴത്തില്‍ പരീക്ഷിക്കാനായിരുന്നു തുടക്കത്തില്‍ ശ്രമിച്ചത്. ഇതിന്റെ  ഭാഗമായി പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മോദിയുടെ നേട്ടങ്ങളായി. പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ മോദിയുടെ ഗ്യാരണ്ടിയുമായി. പ്രകടന പത്രിക ഈ ഗ്യാരണ്ടിക്ക് വഴിമാറി. എല്ലാം മോദിയിലേക്ക് ചുരുങ്ങി. പക്ഷേ പോളിങ്ങ് ശതമാനം കുറഞ്ഞതോടെ പ്രചാരണത്തിന്റെ മട്ടും ഭാവവും മാറി.  ചാര്‍ സൗ പാറും ഗ്യാരണ്ടിയും സേഫ് ലോക്കറിലായി. പകരം പതിവുപോലെ മുസ്ലീം വിരുദ്ധതയും രാമനും ക്ഷേത്രവുമൊക്കെ കളംപിടിച്ചു. രാമക്ഷേത്രം ഭരണനേട്ടമായി. അതോടെ ഭരണനേട്ടം ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് എതിരുമല്ലാതായി.

ചാര്‍ സൗ പാര്‍, നാനൂറ് കടക്കില്ലെങ്കില്‍ പിന്നെ എത്ര എന്നതാണ് ഉയരുന്ന മില്യണ്‍ ഡോളര്‍ ചോദ്യം. വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തുമെന്നാണ് ഇപ്പോഴുള്ള മറുപടി. ചാര്‍ സൗ പാര്‍ തിരിച്ചടിച്ചതോടെ എണ്ണം പറയാന്‍ ആരും മുതിരുന്നില്ല.


#outlook
Leave a comment