TMJ
searchnav-menu
post-thumbnail

Outlook

ഏക സിവില്‍ കോഡല്ല, വ്യക്തി നിയമങ്ങളിലെ അമാനവികതകള്‍ പരിഷ്‌കരിക്കലാണ് ആവശ്യം

14 Jul 2023   |   5 min Read
ഡോ ഖദീജ മുംതാസ്

മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീ വിരുദ്ധതകള്‍ നീക്കി പരിഷ്‌കരിക്കലാണ്, ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ തിരക്കുപിടിക്കലല്ല സ്ത്രീ സഹാനുഭൂതിക്കാര്‍ ചെയ്യേണ്ടത് എന്ന കുറിപ്പിനു താഴെ വന്ന കമന്റ് ഇങ്ങനെയായിരുന്നു: 'സ്ത്രീവിരുദ്ധതകള്‍ നീക്കിയാല്‍ പിന്നെയെന്തുണ്ട് ഇസ്ലാമില്‍?' ഇന്ത്യയില്‍ ഇന്ന് ഉണ്ടായി വന്നിട്ടുള്ള മതധ്രുവീകരണത്തിന്റെ ചവര്‍പ്പ് ഞാനതില്‍ കാണുന്നു. തിരിച്ചു നടക്കാന്‍ പറ്റാത്തത്ര നടന്നു കഴിഞ്ഞിരിക്കുന്നു നാമീ വെറുപ്പിന്റെ പാതയില്‍! ഈ ബോധ്യത്തോടുകൂടിയാണ് ഇപ്പോള്‍ ഇതെഴുതാനിരിക്കുന്നതും.

മതങ്ങളും ജാതികളും വര്‍ഗങ്ങളും അവയുടെ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും ആചാരങ്ങളും ചരിത്രം ഇഴപിരിച്ചെടുക്കാവുന്ന പുരാവൃത്തങ്ങളും അവയ്ക്കാധാരമായ ഭൂമി ശാസ്ത്ര വൈവിധ്യങ്ങളും അവയോടിഴുകിച്ചേര്‍ന്ന ജീവന മാര്‍ഗങ്ങളും കലകളും കൂടിച്ചേര്‍ന്ന ഒരത്ഭുത ഭൂപ്രദേശമാണ് ഇന്ത്യ. ഒരു ദേശ രാഷ്ട്രത്തിന്റെ കാര്‍ക്കശ്യമേറിയ ഏകത്വ സങ്കല്‍പ്പങ്ങളില്‍ നിന്ന് കുതറിത്തെറിച്ചു നില്‍ക്കുന്നു അതിന്റെ വൈവിധ്യങ്ങള്‍, ദേശാതീത സാംസ്‌കാരിക ബന്ധങ്ങള്‍. എങ്കിലും, അയവും വഴക്കവും ഒപ്പം സമത്വ സങ്കല്‍പ്പവുമിണങ്ങിയ ഒരു ഭരണ ഘടനകൊണ്ട് പരസ്പരബന്ധിതരാണ് ഈ ജനത. സമത്വമെന്ന പൂര്‍ണത ഒരു ലക്ഷ്യമായി നിലനിര്‍ത്തിക്കൊണ്ട് അതിലേക്കെത്തിച്ചേരാന്‍ ജാതി-മത-വര്‍ഗാതീതമായി ഓരോ ജനസമൂഹത്തെയും സന്നദ്ധമാക്കുന്ന പ്രക്രിയയാണ് ഭരണകര്‍ത്താക്കളിലൂടെ നിര്‍വഹിക്കപ്പെടേണ്ടത്. പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഈ അയവിനെയും വഴക്കത്തെയും ചൂഷണം ചെയ്തു തഴച്ചവരുണ്ട്. സങ്കുചിത സ്വാര്‍ത്ഥ ബോധത്താല്‍ നാടിനെ ഒറ്റിക്കൊടുക്കുന്നവരുണ്ട്. ജനാധിപത്യ തെരഞ്ഞെടുപ്പു പ്രക്രിയ കൊണ്ട് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും നിരാകരിക്കാനും ജനത്തിനു കഴിയേണ്ടതാണ്. പക്ഷേ, ഇനിയും സ്വപ്നം മാത്രമായി അവശേഷിക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും, സമ്പൂര്‍ണമാകാത്ത സാക്ഷരതയും, അവയ്‌ക്കൊക്കെ വിഘാതമായി നില്‍ക്കുന്ന ജാതി-വര്‍ഗ വിഭജനവും സത്യസന്ധമായ തെരഞ്ഞെടുപ്പിനെയും മരീചിക മാത്രമാക്കുന്നു.

പണ്ടൊരു വിവേകിയുടെ സ്വരം നാല്‍പ്പതുകളില്‍ത്തന്നെ ഉയര്‍ന്നിരുന്നു, ജാതി നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കാതെ കൊളോണിയല്‍ ശക്തിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്താല്‍ അധികം വൈകാതെ ഈ രാജ്യം ബ്രാഹ്‌മണാധിപത്യത്തിന്റെ നുകത്തിനു താഴെ ഞെരിയേണ്ടി വരും.* ഇന്ന് ആ നുകം നമ്മുടെയെല്ലാം കഴുത്തിലേയ്ക്ക് അമര്‍ന്നുകൊണ്ടിരിക്കയാണ്. അതിനു വേണ്ടിയുള്ള കളമൊരുക്കലാണ് അന്യ മതവിദ്വേഷമായി, വെറുപ്പായി ഇവിടെ പടരുന്നത്.


ഡോ. എ പി ജെ അബ്ദുൾകലാം | PHOTO: WIKI COMMONS

മതസ്വാതന്ത്ര്യമെന്നത് സമുദായത്തിനകത്തെ പാതി ജനത്തെ, സ്ത്രീകളെ ചൂഷണം ചെയ്യാനും കാല്‍ക്കീഴിലൊതുക്കാനുമുള്ള അവകാശമെന്ന് എങ്ങനെയോ എല്ലാ പുരുഷമത വക്താക്കളും തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നു. മതവും വിശ്വാസവും അധികാര സ്ഥാപനത്തിനുള്ള ഉപാധികളായി മാറുന്ന അവസ്ഥയാണല്ലോ അത്. പ്രാരംഭ കാലം മുതല്‍ കൃത്യമായൊരു ചട്ടക്കൂടും ജീവിതചര്യാ നിര്‍ദ്ദേശങ്ങളുമായി വന്ന ഇസ്ലാം മതത്തില്‍ ഇതിന് ഇന്ന് കാര്‍ക്കശ്യമേറെയാണുതാനും. ഹിന്ദു മതത്തില്‍ ജാതിവിവേചനമെന്ന സാമൂഹ്യ തിന്മയ്ക്കു മുന്‍തൂക്കം കിട്ടിയെങ്കില്‍ ഇസ്ലാമില്‍ കാലത്തിലൂടെ കാര്‍ക്കശ്യമേറി വന്ന സ്ത്രീവിരുദ്ധത തന്നെയാണ് പ്രശ്‌നം. ക്രിസ്റ്റിയാനിറ്റിയില്‍ പൗരോഹിത്യത്തിന്റെ സാമ്പത്തിക കുത്തകാവകാശവും. അതും പ്രയോഗത്തില്‍ സ്ത്രീ ചൂഷണപരം തന്നെ!

സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മ്മാണ വേളയില്‍ മതങ്ങള്‍ക്കും ഉപ മതവിഭാഗങ്ങള്‍ക്കും പ്രത്യേകം വൃക്തിനിയമങ്ങള്‍ തുടര്‍ന്നും പിന്തുടരാന്‍ അനുവാദം കൊടുത്തത് ഇന്ത്യയുടെ നേരത്തേ ചൊന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ കണക്കിലെടുത്തും, പെട്ടെന്നൊരു ദേശ രാഷ്ട്ര നിയമ ചട്ടക്കൂടിലേയ്‌ക്കൊതുക്കാന്‍ ശ്രമിക്കുന്നത് വലിയ അന്തഃഛിദ്രത്തിനു കാരണമാകാമെന്ന തിരിച്ചറിവും കൊണ്ടാണ്. നേരത്തേ പിന്തുടര്‍ന്നിരുന്ന വ്യക്തി നിയമങ്ങളില്‍, (അവയില്‍പ്പലതും കൊളോണിയല്‍ താല്‍പ്പര്യപ്രകാരം നിലവില്‍ വന്നവയുമാണ്, ) അപാകതകളേറെയുണ്ടെന്നും സമത്വ സങ്കല്‍പ്പമെന്ന ലക്ഷ്യത്തിലേയ്‌ക്കെത്തിച്ചേരാന്‍ അവയെല്ലാം കാലോചിതമായി പരിഷ്‌കരിക്കുകയോ സംഘര്‍ഷങ്ങളില്ലാതെ ഏകീകരിക്കുകയോ ചെയ്യേണ്ടതുണ്ടെന്നും നിര്‍ദ്ദേശക തത്വമായി ഭരണഘടനയില്‍ രേഖപ്പെടുത്തുകയായിരുന്നു അന്ന് (ആര്‍ട്ടിക്കിള്‍ 44).

ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ താല്‍പ്പര്യപ്പെടാതിരുന്ന അതിര്‍ത്തി പ്രദേശങ്ങളായ കാശ്മീര്‍, വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവയെ അനുനയിപ്പിക്കാനായി കുറച്ചു കൂടി അയവുള്ള ഭരണ രീതികളും നിയമങ്ങളും അവയെ മറികടക്കണമെങ്കില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും കൃത്യമായി രേഖപ്പെടുത്തിയാണ് അന്നത് പ്രാവര്‍ത്തികമാക്കിയതും. അതില്‍ കാശ്മീരിന്റെ കാര്യത്തില്‍ എല്ലാ നിര്‍ദ്ദേശങ്ങളും ഈയിടെ കാററില്‍ പറത്തപ്പെട്ടു എന്നതും വാസ്തവം. ഏകീകൃത സിവില്‍ കോഡ് നിര്‍ദ്ദേശത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ ഏറ്റവുമധികം എതിര്‍പ്പു പ്രകടിപ്പിക്കുന്നതിന്റെ കാരണം അവരുടെ ഗോത്രസംസ്‌കാരത്തനിമകളും ഭൂമിയുടെ അവകാശത്തിലും സിവില്‍-ക്രിമിനല്‍ നിയമങ്ങളിലും അവര്‍ക്കനുവദിച്ചിട്ടുള്ള നീക്കുപോക്കുകളും തന്നെയാണ്. അവയൊന്നും നഷ്ടപ്പെടുത്തി ഇന്ത്യന്‍ ദേശ രാഷ്ട്രത്തില്‍ നിലനില്‍ക്കാന്‍ അവരാഗ്രഹിക്കുന്നില്ല. അവയില്‍ തൊട്ടു കളിക്കുന്നത് അനിയന്ത്രിതമായ കലാപങ്ങള്‍ക്കും അതിര്‍ത്തി അസ്ഥിരതയ്ക്കും കാരണമാകും എന്നു തിരിച്ചറിയാന്‍ കഴിയുന്നതു കൊണ്ടാണ് കേന്ദ്രമന്ത്രിമാരില്‍ നിന്ന് ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഗോത്രവിഭാഗങ്ങളെ സംബന്ധിച്ചുള്ള പുതിയ പ്രസ്താവനകള്‍ വരുന്നതും.

പക്ഷേ, മുസ്ലിങ്ങളുടെ കാര്യത്തില്‍ അത്തരം അയവുകള്‍ക്കൊന്നും മോദി തയ്യാറല്ല. ആവശ്യത്തിന് ഇസ്ലാമോഫോബിയ ഇവിടെ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. ഹീനരായ അപരരെ സൃഷ്ടിക്കുകയും ആ അപരത്വത്തിനെതിരെ ഭൂരിഭാഗമായ നന്മപക്ഷക്കാര്‍ ഒന്നിക്കുകയും ചെയ്യുകയാണ് എന്നു വിശ്വസിപ്പിക്കല്‍ ഫാസിസത്തിന്റെ ജര്‍മന്‍ രീതിയാണ്. ആ ഹീനരെ ആക്രമിച്ച് നശിപ്പിക്കാന്‍ ആള്‍ക്കൂട്ടത്തിന് കയ്യറപ്പില്ലാതാക്കിത്തീര്‍ത്താല്‍ ഫാസിസം അതിന്റെ പണി തുടങ്ങുകയായി! മുസ്ലിം സ്ത്രീകളോട് അനീതി ചെയ്യുന്നവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ മഹാമനസ്‌കനായ മോദിജി ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ക്ക് ഹീന പരിവേഷം കൂടുന്നു. അവര്‍ നിശ്ശബ്ദരാക്കപ്പെടേണ്ടവരാവുന്നു.


നരേന്ദ്ര മോദി | PHOTO: PTI

എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടത്? തീര്‍ച്ചയായും ജനാധിപത്യവിശ്വാസികളായ ഓരോ ഇന്ത്യക്കാരനും രാഷ്ട്രീയാതീതമായി കൈകോര്‍ത്ത് എതിര്‍ക്കേണ്ട ഒന്നാണ് മത ഫാസിസം. അത് ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെയുള്ള ഭീഷണിയാണ്. മുസ്ലിങ്ങള്‍ക്കെതിരായുള്ളതു മാത്രമല്ല. മുസ്ലിങ്ങള്‍ക്കെതിരെ, മുസ്ലിം പുരുഷാധിപത്യത്തിനെതിരെ എന്നു തോന്നിപ്പിക്കേണ്ടത് അവരുടെ അജണ്ട നടപ്പിലാക്കാനുള്ള എളുപ്പ വഴി മാത്രമാണ്. ഇത് മനസ്സിലാക്കാതെ ആ കെണിയില്‍ തലവെച്ചു കൊടുക്കുന്നവര്‍ മത ഫാസിസത്തിന്റെ ഹൃദയമില്ലായ്മക്ക് ഈ മഹത്തായ രാഷ്ട്രത്തെ വിട്ടു കൊടുക്കാന്‍ കൂട്ടുനില്‍ക്കുകയാണ്.

മുസ്ലിം സ്ത്രീയുടെ ദൈന്യം ഉയര്‍ത്തിക്കാട്ടി ഏകീകൃത സിവില്‍ കോഡെന്ന പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ക്ക്, പകരം എന്തു നിര്‍ദേശിക്കാനുണ്ട് എന്ന ചോദ്യമില്ലേ? മോദി പറഞ്ഞതാണെങ്കിലും, മുസ്ലിം സ്ത്രീയുടെ സങ്കടാവസ്ഥ ഒരു സത്യം തന്നെയാണല്ലോ! ഗോത്രവര്‍ഗക്കാരെപ്പോലെയല്ല മുസ്ലിങ്ങള്‍. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാഭ്യാസപരമായും രാഷ്ട്രീയാധികാരപരമായും കടന്നു വന്നിട്ടുള്ളവരാണ് കേരളത്തിലെങ്കിലും അവര്‍. സ്വയം ആധുനികവല്‍ക്കരിക്കാനും ലിംഗപരമായി ജനാധിപത്യവല്‍ക്കരിക്കാനും അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാ സ്ത്രീ വിരുദ്ധതയും മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. എന്താണ് നിങ്ങളുടെ ബദല്‍? ഈ ബദലിനെപ്പറ്റി പറയാന്‍ മുസ്ലിം മത പൗരോഹിത്യത്തെ കൂടെ നിര്‍ത്തുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ ലിംഗസമത്വബോധത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ഇപ്പോഴെങ്കിലും ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. താത്വികാചാര്യനായ ഇ.എം.എസിന്റെ വഴി അതു തന്നെയായിരുന്നു. സ്ത്രീ നീതിയുടെ വഴി. തല്‍പ്പരകക്ഷികള്‍ അദ്ദേഹത്തിന്റെ വാക്കുകളെ എങ്ങനെയൊക്കെ വളച്ചൊടിച്ചാലും.


ഇ എം എസ് | PHOTO: WIKI COMMONS

ഇനി, വ്യക്തി നിയമത്തെ തൊടുന്നത് വിശ്വാസത്തെ ഹനിക്കുന്നതിനു തുല്യമാകുമെന്ന് ആരെങ്കിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു എന്നാണോ? ഇന്ന് നിലവിലിരിക്കുന്ന, മൊഹമ്മദന്‍ ലോ ഖുര്‍ആനികമല്ലെന്ന് ഏറ്റവും നന്നായി അറിയുന്നവര്‍ മുസ്ലിം മത പണ്ഡിതര്‍ തന്നെയായിരിക്കും. അലംഘനീയമെന്ന മുന്നറിയിപ്പോടെ ഒരു വൃക്തിനിയമ നിര്‍ദ്ദേശ സംഹിത (ശരീഅത്ത് എന്ന് ഇന്ന് പൊതുവെ അറിയപ്പെടുന്നത്) യൊന്നും ഖുര്‍ആനില്‍ ഇല്ല. ചില സൂചനകള്‍, നിര്‍ദ്ദേശങ്ങള്‍ അവിടെയും ഇവിടെയുമായി ഉണ്ടെന്നു മാത്രം. അക്കാലത്ത് നടപ്പിലാക്കിക്കൊണ്ടിരുന്ന മനുഷ്യസമത്വ ആശയാനുസൃതവും വിപ്ലവകരവുമായ മാറ്റങ്ങളുടെ ഉദാഹരണങ്ങള്‍ മാത്രമാണവ. സ്ത്രീക്ക് സ്വത്തില്‍ അവകാശമേ ഇല്ലാതിരുന്ന കാലത്ത്, അതു ശരിയല്ല, അവര്‍ക്ക് സ്വത്തിനവകാശമുണ്ട്, പുരുഷന്റെ പകുതി അവള്‍ക്കുണ്ട് എന്നു പറഞ്ഞത് സ്ത്രീയെ വ്യക്തിയായി അംഗീകരിക്കണമെന്ന സദുദ്ദേശമായാണ് നാമുള്‍ക്കൊള്ളേണ്ടത്. നാലു ഭാര്യമാരെ നിലനിര്‍ത്താനുള്ള അവകാശത്തെയും, മൂന്നുവട്ടം ആലോചിച്ചു മാത്രം ചൊല്ലേണ്ട തലാഖിനെയും, ഖുര്‍ആനില്‍ സ്പര്‍ശിക്കപ്പെട്ടു പോയിട്ടുള്ള പിന്തുടര്‍ച്ചാവകാശ നിര്‍ദ്ദേശങ്ങളെയും ആ രീതിയില്‍ത്തന്നെ വിശകലനം ചെയ്യാനാവും. എന്താണ് ആ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാന സന്ദേശം? അതിനാണ് പ്രസക്തി. അതു മനസ്സിലാവണമെങ്കില്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വരുന്ന വാചകം ഓര്‍മ്മിച്ചാല്‍ മതി. 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ?'

ഖുര്‍ആനില്‍ അവയൊന്നും പൂര്‍ണരൂപത്തില്‍ ഇല്ല എന്നതുകൊണ്ടുതന്നെയാണല്ലോ ജ്ഞാനികളായ വിശ്വാസികള്‍ തന്നെ വിവിധ കര്‍മ്മ ശാസ്ത്ര സ്‌കൂളുകളും ഗ്രന്ഥങ്ങളുമായി ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല കാലങ്ങളിലായി വരികയും മുസ്ലിങ്ങളുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരന്തരം പരിണമിച്ചു കൊണ്ടു തന്നെ അവ പരക്കുകയും ചെയ്തത്. ഇന്ത്യയില്‍ത്തന്നെ ഷിയാക്കള്‍ക്ക് ഹനഫി സ്‌കൂളും (സ്‌കൂള്‍-മദ് ഹബ് - ചിന്താപദ്ധതി) സുന്നികള്‍ക്ക് ഷാഫി സ്‌കൂളും ആണ്. ഇസ്ലാമിക രാഷ്ട്രങ്ങളിലുള്‍പ്പെടെ സ്വീകരിക്കപ്പെട്ട നിയമസംഹിതകള്‍ നിരന്തരം പുതുക്കപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ വരെ വിവാഹമോചനത്തിലും ബഹുഭാര്യാത്വത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പിന്തുടര്‍ച്ചാവകാശത്തിലെ പേരക്കുട്ടികളോടുള്ള അനീതി നീക്കി അത് ആ രാജ്യത്ത് പരിഷ്‌കരിച്ചത് ഈയിടെയാണ്. അവിടെയൊക്കെ പരിഷ്‌കരണങ്ങള്‍ വരുമ്പോള്‍ അത് മതവിരുദ്ധമാവുന്നില്ലല്ലോ! ജനാധിപത്യത്തിലെ പ്രതിഷേധിക്കാനുള്ള അവകാശം മുതലെടുത്ത് പരിഷ്‌ക്കരണങ്ങള്‍ തടഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയ ഗാത്രത്തില്‍ പോലുമുണ്ടാക്കിയ മുറിവുകള്‍ വലുതാണ്. സൗമ്യമായും നീതിപരവുമായി ഏറെ മുമ്പേ വരേണ്ടിയിരുന്ന ഇസ്ലാമിലെ പരിഷ്‌കരണങ്ങളുടെ നടത്തിപ്പവകാശം ഒരു മത ഫാസിസ്റ്റ് സര്‍ക്കാരിന്റെ കൈകളിലെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുസ്ലിം പൗരോഹിത്യത്തിന് ഊരി മാറാനാവില്ല.

തെറ്റുതിരുത്തല്‍ ഇനിയുമാകാം. ഈ സന്നിഗ്ദ്ധ രാഷ്ട്രീയസന്ധിയിലുമാവാം. വ്യക്തിനിയമ പരിഷ്‌കാരം നടക്കട്ടെ, ഏക സിവില്‍ കോഡിന് സമയമായില്ല എന്ന് പറയാനാവുമോ അവര്‍ക്ക്? അതിനവരെ പ്രേരിപ്പിക്കാനാവുമോ ചേര്‍ത്തു നിര്‍ത്തുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക്? ഒരു സമുദായത്തെ മുഴുവന്‍, സ്ത്രീകളെയുള്‍പ്പെടെ സാംസ്‌കാരികമായും രാഷ്ട്രിയ പരമായും ഒററ്റപ്പെടുത്തപ്പെടുത്തുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മത പൗരോഹിത്യമെന്നോ നേതൃത്വമെന്നോ അവകാശപ്പെടുന്നവര്‍ തന്നെ കാരണക്കാരാവുന്നത് പൊറുക്കാവുന്ന കുറ്റമല്ല.

മുസ്ലിം സമുദായത്തിലെ സ്ത്രീകളും ജനാധിപത്യ വിശ്വാസികളായ പുരുഷന്മാരും ഇന്ന് നിശ്ശബ്ദ ജീവികളല്ല. ബാലറ്റ് പെട്ടിക്കു മുമ്പിലെങ്കിലും അവര്‍ തങ്ങളുടെ സ്വയംനിര്‍ണയാവകാശം ഉപയോഗിക്കുക തന്നെ ചെയ്യും. അവര്‍ വഞ്ചിതരാവാതിരിക്കട്ടെ. അവകാശങ്ങള്‍ ദീര്‍ഘകാലം നിഷേധിക്കപ്പെട്ടവര്‍ രക്ഷതേടി കൂടുതല്‍ വിനാശകരമായ മാര്‍ഗങ്ങള്‍ തേടേണ്ടി വരാതിരിക്കട്ടെ! ഹിന്ദുത്വകാലത്തെ ഏക സിവില്‍ കോഡിന്റെ കെണിയില്‍ തലവെച്ചു കൊടുക്കാതിരിക്കട്ടെ.

ഫോറം ഫോര്‍മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ഇവിടെയുണ്ട്. ബാല്യദശയിലാണ് കാലഗണനയില്‍ ഈ സംഘടന. എങ്കിലും ഞങ്ങളുടെ ആശയങ്ങള്‍ക്ക് പരിപൂര്‍ണ വ്യക്തതയുണ്ട്. ഏക സിവില്‍ കോഡല്ല, ഇന്നത്തെ ഇന്ത്യക്കാവശ്യം, വ്യക്തി നിയമങ്ങളിലെ അമാനവികതകള്‍ നീക്കി പരിഷ്‌കരിക്കലാണ്.അത് താരതമ്യേന എളുപ്പവുമാണ്. അത് ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വമെന്ന ആശയത്തെ പരുക്കേല്‍പ്പിക്കുന്നില്ല. സര്‍വ്വഥാ ആധുനികമാണ്.



*Swamy Dharmatheertha-History of Hindu Imperialism

#outlook
Leave a comment