ഭക്ഷ്യസുരക്ഷാ വകുപ്പിന് എന്താണ് ജോലി
(ഭാഗം ഒന്ന്)
കൊക്കകോളയുടെ രസക്കൂട്ടിന്റെ ചേരുവ ഇപ്പോഴും ഒരു രഹസ്യമാണെന്ന് കോള ഫാന്‍സ് ആരാധനയോടെ പറയാറുണ്ട്. കോള ആരാധകര്‍ എന്ത് ധരിച്ചാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്. ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ എന്താണെന്നും അവയുടെ ഉറവിടം എവിടെയാണെന്നും അറിയുന്നതിനുള്ള അവകാശം ഭക്ഷ്യസുരക്ഷയുടെ പ്രാഥമിക പരിഗണനയായി മാറിയിരിക്കുന്നു. മീനും ഇറച്ചിയും മാത്രമല്ല പഴങ്ങളും പച്ചക്കറികളും വരെ ഈ നിബന്ധനകളുടെ പരിധിയില്‍ ചേര്‍ക്കപ്പെടുന്നു. കറി പൗഡറുകളും മസാലക്കൂട്ടുകളുമടക്കമുള്ള എല്ലാ കൂട്ടുകളുടെയും കാര്യത്തിലും അതുതന്നെ സ്ഥിതി. പേടി കൂടാതെ ഭക്ഷണം കഴിക്കുന്നതിനുള്ള ഇത്തരം പ്രാഥമിക ഉപാധികള്‍ ലോകോത്തര നിലവാരത്തില്‍ എത്തുമ്പോഴും നമ്മുടെ നാട്ടിലെ സ്ഥിതി പരിതാപകരമാണ്. ഭക്ഷ്യവിഷബാധയെന്ന വ്യാധി മിക്കവാറും എല്ലാ ദിവസവും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
എറണാകുളത്തെ കാക്കനാട് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്നും യുവതിക്ക് ഭഷ്യ വിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിലെ ഷെഫിന് അടുത്തിടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയുണ്ടായി. പരാതിക്കാരി റസ്റ്റോറന്റില്‍ നിന്നും ഷവര്‍മ വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെഫിന് ജാമ്യം നല്‍കിയത്. കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന ലെ ഹയാത്ത് എന്ന ഹോട്ടലിനെതിരെ ആയിരിന്നു പരാതി. ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച യുവാവ് മരിച്ചുവെന്ന വാര്‍ത്തയും കുറച്ചുകാലത്തിന് മുന്‍പ് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായിരുന്നു. ആറ് പേര്‍ക്കാണ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റത്. പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും കെട്ടടങ്ങുമ്പോള്‍ അതേ സ്ഥാനത്ത് മറ്റൊരു മേല്‍വിലാസത്തില്‍ ഹോട്ടല്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു.
ഹോട്ടലുകള്‍, വിരുന്നു സല്‍ക്കാരങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ നാട്ടുനടപ്പായിരിക്കുന്നു. മരണം സംഭവിച്ചാല്‍ ഒന്നാം പേജില്‍ അല്ലെങ്കില്‍ പ്രാദേശിക പേജില്‍ എന്നാണ് അത്തരം വര്‍ത്തകളുടെ വിന്യാസം. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് വന്നാല്‍ പൊതുവെ കാണുന്ന നടപടികളെ ഇങ്ങനെ സംഗ്രഹിക്കാം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന, അടച്ചുപൂട്ടല്‍, കുറ്റം ചുമത്തുന്നു, എന്നല്ലാതെ കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ സംവിധാനം സ്വീകരിക്കുന്ന മാര്‍ഗമെന്താണെന്ന് ചോദിച്ചാല്‍ ഉത്തരമില്ലാത്ത അവസ്ഥയാണ്. ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കുന്നതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് പ്രതിവിധി കണ്ടെത്താന്‍ പ്രാപ്തമായ സംവിധാനം ഇല്ല എന്നാണ്. തൊലിപ്പുറത്തുള്ള ചികിത്സ മാത്രം നടത്തുന്ന അനാസ്ഥ ഈ വിഷയത്തില്‍ ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
REPRESENTATIVE IMAGE | WIKI COMMONS
അഞ്ചു ലക്ഷം ഹോട്ടലുകളും 725 ഉദ്യോഗസ്ഥരും
സംസ്ഥാന സര്‍ക്കാരിന്റെ പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ഡിപ്പാര്‍ട്ട്മെന്റ് 2022-23-ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന ഹോട്ടല്‍-റെസ്റ്ററന്റ്കളില്‍ 73,571 എണ്ണത്തില്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടുള്ളത്. അതായത് മൊത്തം സ്ഥാപനങ്ങളുടെ 14 .71 ശതമാനം മാത്രം. ചുരുക്കത്തില്‍ 85 ശതമാനം സ്ഥാപനങ്ങളും ഒരു പരിശോധനയുമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതും നിരീക്ഷണ-പരിശോധനാ സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാത്തതുമാണ് അതിനുള്ള പ്രധാന കാരണങ്ങള്‍.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര ചട്ടം അനുസരിച്ച് ലൈസന്‍സോ രജിസ്ട്രേഷനോ നേടിയ എല്ലാ സ്ഥാപനങ്ങളും വര്‍ഷത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ അപാകതകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടുന്ന തുടര്‍നടപടികള്‍ യഥാവിധി നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര റെഗുലേഷന്‍ പ്രകാരം ലൈസന്‍സ് രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന് നിയമം അനുശാസിക്കുമ്പോള്‍ അഞ്ചുലക്ഷം സ്ഥാപനങ്ങളിലായി ഏറ്റവും കുറഞ്ഞത് അഞ്ചുലക്ഷം പരിശോധനകളെങ്കിലും നടക്കേണ്ടതുണ്ട്. അപ്പോള്‍ 73,571 പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന വസ്തുത വകുപ്പ് തലത്തിലെ അപാകതകളിലേക്ക് വിരല്‍ചൂണ്ടുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിലവിലെ തസ്തികകളുടെ എണ്ണം 725 ആണ്. ഇതില്‍ തന്നെ ഭക്ഷ്യ പരിശോധനകളും മറ്റും നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ 533 തസ്തികകളാണുള്ളത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ആകെ 163 ഓഫീസുകളാണ്. നിലവിലെ ഉദ്യോഗസ്ഥ എണ്ണം വച്ച് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിക്ഷിപ്തമായിട്ടുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുക സാധ്യമല്ല. ഉദ്യോഗസ്ഥ തലത്തിലുള്ള പ്രധാനപ്പെട്ട ഈ പ്രശ്നത്തെ അഭിസംബോധന ചെയ്തില്ലെങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ പൊതുജനങ്ങളെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
REPRESENTATIVE IMAGE | WIKI COMMONS
സംവിധാനത്തിന്റെ അപര്യാപ്തത
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കുന്ന പരിശോധനാ നടപടികള്‍ പോലും കൃത്യമായി നടക്കാത്ത സാഹചര്യം നിലനില്‍ക്കെ അഞ്ച് ലക്ഷത്തോളം വരുന്ന സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ നമ്മുടെ സംവിധാനം പ്രാപ്തമാണോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മാറ്റൊരു പ്രധാന പ്രശ്നം ഫുഡ് ബിസിനസ്സ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും ലൈസന്‍സുമായി ബന്ധപ്പെട്ട അപാകതകളാണ്. പ്രീ രജിസ്ട്രേഷന്‍ ഇന്‍സ്പെക്ഷന്‍, പ്രീ ലൈസന്‍സ് ഇന്‍സ്പെക്ഷന്‍, ഫോളോ അപ് ഇന്‍സ്പെക്ഷന്‍, പരാതിയുടെ അടിസ്ഥാനത്തിലുള്ള ഇന്‍സ്പെക്ഷന്‍ തുടങ്ങി വിവിധ പരിശോധനകളാണ് ഭക്ഷ്യസുരക്ഷ ഓഫീസര്‍മാര്‍ പ്രധാനമായും നടത്തേണ്ടത്. നിലവില്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിന് മുന്‍പ് നടത്തേണ്ട പ്രീ രജിസ്ട്രേഷന്‍ ഇന്‍സ്പെക്ഷന്‍ ഒരു ഓഫീസിലും നടക്കുന്നില്ലെന്നത് മേല്‍പറഞ്ഞ പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. രജിസ്ട്രേഷന്‍ ലഭിക്കാന്‍ ഒരു ഫുഡ് ഓപ്പറേറ്റര്‍ നല്‍കുന്ന അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ മാത്രം പരിശോധിച്ചാണ് നിലവില്‍ രജിസ്ട്രേഷന്‍ നല്‍കുന്നത്. ഒരു ഭക്ഷ്യവ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയ ശേഷം അപാകതയുണ്ടെന്ന് കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ ആ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ്് നോട്ടീസ് നല്‍കും. പിന്നീട് ഇത് പരിഹരിക്കപ്പെട്ടോ എന്ന് ഉറപ്പുവരുത്താനോ, തുടര്‍ നടപടികള്‍ സ്വീകരിക്കാനോ, സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കാനോ വകുപ്പിന് സാധിക്കുന്നില്ലെന്ന കാര്യമാണ് പഠനത്തില്‍ പറയുന്നത്.
രാജ്യത്തെ ഓരോ പൗരനും സുരക്ഷിതവും സമ്പൂര്‍ണവുമായ ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നിലവില്‍ വരുന്നത്. ഈ നിയമത്തിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള പരമോന്നത സ്ഥാപനമായി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിലവില്‍ വരുന്നത്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കി സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓരോ സംസ്ഥാനത്തും പ്രവര്‍ത്തിക്കേണ്ടത്.
ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷന്‍-ലൈസന്‍സ് ഇല്ലാതെ ഒരു ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററും പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ തന്നെ പറയുന്ന ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. നിലവിലെ നിയമപ്രകാരം രജിസ്ട്രേഷന്‍ അഞ്ച് വര്‍ഷം വരെ ഒരുമിച്ച് ലഭിക്കുന്നതാണ്. എന്നാല്‍ ലൈസന്‍സ് വര്‍ഷം തോറും പുതുക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായ ഫുഡ് സേഫ്റ്റി കോംപ്ളിയന്‍സ് സിസ്റ്റം മുഖാന്തരമാണ് രജിസ്ട്രേഷന്‍/ലൈസന്‍സ് അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നത്. രജിസ്ട്രേഷനുള്ള ഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അപേക്ഷ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതായത് മേല്‍പറഞ്ഞ സമയത്തിനുള്ളില്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുകയോ, രജിസ്ട്രേഷന്‍ നല്‍കുകയോ സ്ഥലപരിശോധനയ്ക്കായി അപേക്ഷ റഫര്‍ ചെയ്യുകയോ വേണം.
REPRESENTATIVE IMAGE | WIKI COMMONS
ഇങ്ങനെ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ നിശ്ചിത കാലയളവായ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഫ്റ്റ്‌വെയര്‍ സ്വമേധയാ സൃഷ്ടിക്കും. ഇത് അപേക്ഷകന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. ഇനി സ്ഥലപരിശോധനയ്ക്കായി അപേക്ഷ റഫര്‍ ചെയ്യുകയാണെങ്കില്‍ രജിസ്ട്രേഷനുള്ള സമയം 30 ദിവസമാണ്. ഈ സമയപരിധിക്കുള്ളില്‍ സ്ഥലപരിശോധന നടത്തി രജിസ്ട്രേഷന്‍ അനുവദിക്കുകയോ നിരസിക്കുകയോ വേണം. രജിസ്ട്രേഷന്‍ നല്‍കുന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും ഇങ്ങനെയായിരിക്കെ സ്ഥല പരിശോധന നടത്താതെ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ മാത്രം പരിശോധിച്ച് ഏഴു ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ നിലവിലെ നടപടിക്രമങ്ങളിലെ പാകപ്പിഴകള്‍ കാരണം ഏതൊരു അപേക്ഷകനും എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നേടാനാകും. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ മാത്രം മതിയാകും. എന്നാല്‍ ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നേടുന്നവര്‍, അനുവദിച്ചിരിക്കുന്ന ഫുഡ് ബിസിനസ്സില്‍ തന്നെയാണോ ഏര്‍പ്പെട്ടിരിക്കുന്നതെന്നും, ഭക്ഷ്യ സുരക്ഷാ ഗുണനിലവാര ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും തിരിച്ചറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് സാധിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഞെട്ടിക്കുന്നതാണ്.
ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തിലാണെങ്കില്‍ ഹൈ റിസ്‌ക് കാറ്റഗറിയായി കണക്കാക്കുന്ന ഹോട്ടല്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പ്രീ ലൈസന്‍സ് പരിശോധനകള്‍ ഒരു പരിധി വരെയെങ്കിലും നടത്തുന്നത്. മറ്റെല്ലാ അപേക്ഷകളിലും അപേക്ഷകന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ മാത്രം പരിശോധിച്ചുകൊണ്ടാണ് ലൈസന്‍സ് അനുവദിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്ന ഈ രീതി ദുരുപയോഗം ചെയ്ത് ലൈസന്‍സ് എടുക്കേണ്ട സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ലൈസന്‍സും രജിസ്ട്രേഷനും ഇല്ലാതെ കേരളത്തില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഫുഡ് ബിസിനസ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉടമസ്ഥന് മാത്രമല്ല. പകരം അതിന് വഴി തെളിച്ചുകൊടുക്കുന്ന ഭരണ വ്യവസ്ഥയ്ക്ക് കൂടിയാണ്.
ഒരു ഭക്ഷണ പദാര്‍ത്ഥം പാക്ക് ചെയ്യുമ്പോള്‍ അതില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സുരക്ഷിതമാണെന്ന ബോധമാണ് പൊതുജനങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ കൃത്യമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ പുറത്തിറങ്ങുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം എത്രത്തോളമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് തന്നെ ധാരണയില്ലാത്ത അവസ്ഥയാണ്. ഒരു ഹോട്ടലിലോ ബേക്കറിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഫുഡ് ബിസിനസ്സ് സ്ഥാപനങ്ങളിലോ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്താല്‍ രജിസ്ട്രേഷന്‍ എടുത്തിരിക്കുന്ന വ്യക്തിയുടെ പേരില്‍ നിയമനടപടി സ്വീകരിക്കുകയോ സ്ഥാപനം പൂട്ടിക്കുകയോ അല്ലാതെ മറ്റൊന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ തന്നെയാണ് പഠന റിപ്പോര്‍ട്ടും മുന്നോട്ടുവയ്ക്കുന്നത്. ലൈസന്‍സോ രജിസ്ട്രേഷനോ അനുവദിച്ച ശേഷമെങ്കിലും സ്ഥലപരിശോധന നടത്തി പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണോ എന്ന് വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. പലപ്പോഴും പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് രജിസ്ട്രേഷന്‍ അനുവദിച്ച സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ കാണുകയോ പരിശോധന നടത്തുകയോ ചെയ്യുന്നത്. കുറ്റം ചുമത്തുക എന്നതിനപ്പുറത്തേക്ക് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന പ്രാഥമിക ചുമതല നിറവേറ്റാന്‍ നിലവിലെ സംവിധാനത്തിന് സാധിക്കുന്നില്ലെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.
REPRESENTATIVE IMAGE | WIKI COMMONS
കാലതാമസം
ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍, ഓഫീസ് ഫോണ്‍ നമ്പര്‍, ഭക്ഷ്യ സുരക്ഷാ ടോള്‍ ഫ്രീ നമ്പര്‍ എന്നിവയിലൂടെയും ഇ മെയില്‍ വഴിയുമൊക്കെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കാന്‍ ആളുകള്‍ ബന്ധപ്പെടുന്നത്. എന്നാല്‍ പല സമയങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പരാതി അറിയിക്കാനോ അറിയിച്ചാല്‍ തന്നെ ഉടന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നില്ലെന്നതാണ് വസ്തുത.
പരാതികള്‍ യഥാക്രമം പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നു. പരാതി പരിശോധന, ഇന്‍സ്പെക്ഷന്‍, സാമ്പിള്‍ ശേഖരണം തുടങ്ങിയ വിവിധ ചുമതലകള്‍ക്കായി ഒരേസമയം പ്രവര്‍ത്തിക്കാന്‍ വാഹനങ്ങളുടെ ലഭ്യതക്കുറവുണ്ടെന്ന ന്യായീകരണങ്ങളാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പഴകിയതും കേടുപാടുകള്‍ സംഭവിച്ചതുമായ ഭക്ഷണം വില്‍ക്കപ്പെടുമ്പോള്‍ ആളുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ബന്ധപ്പെടുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി സ്ഥലത്തെത്താന്‍ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ ഭക്ഷ്യ സുരക്ഷാ പ്രശ്നത്തെ നേരിടാന്‍ നിലവിലെ സംവിധാനം പ്രാപ്തമല്ലെന്നിരിക്കെ, വളരെ അടിസ്ഥാനപരമായ പരാതി പരിശോധന പോലും നടപ്പിലാകുന്നില്ല എന്നാണെങ്കില്‍ ആ വീഴ്ചയെ വേണ്ട രീതിയില്‍ അഭിസംബോധന ചെയ്യുക എന്ന ഉത്തരവാദിത്തം അധികാരികള്‍ക്കുണ്ട്.
നിലവില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് വളരെ സമഗ്രമായൊരു സംവിധാനം ഇല്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രശ്‌നം കണ്ടെത്തുന്നു, അതിന് ശിക്ഷാനടപടികള്‍ എടുക്കുന്നു എന്നത് മാത്രമാണ് നിലവില്‍ തുടരുന്ന രീതി. നിലനില്‍ക്കുന്ന ആ സംവിധാനം പോലും കൃത്യമായി നടപ്പിലാക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതും വ്യക്തമാണ്.
REPRESENTATIVE IMAGE | WIKI COMMONS
പലപ്പോഴും ഭക്ഷണം ഉണ്ടാക്കുന്ന വ്യക്തിയോ, ഹോട്ടലുടമയോ മാത്രമാണ് പ്രശ്നത്തിന്റെ ഉറവിടമായി കണക്കാക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലവില്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളിലേക്ക് സ്ഥാപനങ്ങളെ എത്തിക്കാനാണ് പരിശോധനകളും നടപടിക്രമങ്ങളും സ്വീകരിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ നമ്മുടെ മാനദണ്ഡങ്ങള്‍ക്ക് സമഗ്ര സ്വഭാവം ഉണ്ടോ എന്നതാണ് അതിലെ പ്രധാന ചോദ്യം. കഴിക്കുന്ന ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഓരോ പദാര്‍ത്ഥത്തിന്റെയും ഉത്ഭവസ്ഥാനം മുതലുള്ള ഗുണനിലവാരം കൃത്യമായി പരിശോധിക്കാന്‍ നമ്മുടെ ഭക്ഷ്യ സുരക്ഷാ സംവിധാനം സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എന്താണെന്നതും അതിന് സുതാര്യവും സമഗ്രവുമായ സ്വഭാവം ഉണ്ടോ എന്നതും പരിശോധിക്കേണ്ട വിഷയമാണ്.
(തുടരും)