TMJ
searchnav-menu
post-thumbnail

Outlook

സിപിഐ ഇനി എന്ത് ചെയ്യണം?

05 Oct 2024   |   3 min Read
ശ്രീകുമാർ മനയിൽ

1978 ല്‍  പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ്  ഇന്ദിരാഗാന്ധി  നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുമായുള്ള  ബന്ധം വിടര്‍ത്താനും സിപിഎം നയിക്കുന്ന ഇടതുപക്ഷത്തിന്റെ ഭാഗമാകാനും തിരുമാനിച്ചു. ഈ നീക്കത്തെ എതിര്‍ത്തുകൊണ്ട്  മൊഹിത് സെന്‍ പറഞ്ഞ ഒരു വാചകമുണ്ട്. 'ഇന്ത്യയില്‍ രണ്ടു കമ്യൂണിസ്റ്റുപാര്‍ട്ടികളുണ്ടാകുന്നത് മനസിലാക്കാം, എന്നാല്‍  എന്തിനാണ് രണ്ടു സിപിഎം'. സിപിഐയുടെ പ്രമുഖനേതാവും എസ് ഐ ഡാംഗേയുടെ ഉറ്റ അനുയായിയുമായിരുന്ന മോഹിത് സെന്നിന്റെ  വാക്കുകളുടെ അര്‍ത്ഥം  കേരളത്തിലെ സിപിഐ നേതാക്കള്‍ക്കെങ്കിലും ഇപ്പോള്‍ മനസിലായിക്കാണും. നൂറുവര്‍ഷം പഴക്കം അവകാശപ്പെടാവുന്ന ലോകത്തിലെ  അപൂര്‍വ്വം ചില കമ്യൂണിസ്റ്റുപാര്‍ട്ടികളിലൊന്നാണ് സിപിഐ അഥവാ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ.1964 ല്‍ ഈ പാര്‍ട്ടി പിളര്‍ന്നുവെങ്കിലും തൊണ്ണൂറുകളുടെ ആദ്യംവരെ  പഞ്ചാബിലും ബീഹാറിലും ബംഗാളിലും വലിയ രാഷ്ട്രീയ ശക്തിയായിരുന്നു സിപിഐ. നെഹ്‌റുവിയിന്‍ കോണ്‍ഗ്രസിനോടുള്ള  എസ് എ ഡാംഗേ അടക്കമുള്ള ഒരു വിഭാഗം കമ്യൂണിസ്റ്റുകളുടെ പ്രണയമാണ് 1964ല്‍ സിപിഐ പിളര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയുണ്ടാകാന്‍ കാരണം. ഈ  പിളര്‍പ്പോടെ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ പ്രസക്തി തന്നെ ചോദ്യചിഹ്നമായി മാറി.

കോണ്‍ഗ്രസുള്ളപ്പോള്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റു- ഇടതുപാര്‍ട്ടികള്‍ക്ക് പ്രസക്തിയിലെന്നത് 1950 കളില്‍ തന്നെ മുഴുങ്ങിക്കേട്ട ഒരു വാദമാണ്. 1950 മുതല്‍  1990ല്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ബ്ലോക്ക്  തകരുന്നത് വരെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെല്ലാം ഇടത്തോട്ട് ചാഞ്ഞവയായിരുന്നു. ഫാബിയന്‍ സോഷ്യലിസ്റ്റായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. മകള്‍ ഇന്ദിരയാകട്ടെ ബാങ്ക് ദേശസാല്‍ക്കരണം, മുന്‍ രാജകുടുംബങ്ങളുടെ പ്രിവപേഴ്‌സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ പിതാവിന്റെ പാത പിന്തുടര്‍ന്നു.   ആര്‍എസ്എസ് ജനസംഘം തുടങ്ങിയ വര്‍ഗീയ സംഘടനകളെയും സംഘടനാ  കോണ്‍ഗ്രസ്, സ്വതന്ത്രാപാര്‍ട്ടി തുടങ്ങിയ തീവ്ര  വലതുകക്ഷികളെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനൊപ്പം അണിചേരണമെന്ന അടവുനയം 1960 കളുടെ അവസാനത്തോടെ സിപിഐ  കൈക്കൊള്ളാന്‍ തുടങ്ങി. പാര്‍ട്ടി നേതാക്കളായ  എസ് ഐ ഡാംഗേയും ഭൂപേഷ് ഗുപ്തയുമൊക്കെ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരായി മാറി.

സിപിഎം ആകട്ടെ ഇന്ദിരാ കോണ്‍ഗ്രസിനെയും വര്‍ഗീയ ശക്തികളെയും ഒരുപോലെ എതിര്‍ക്കുമെന്ന 'വൈരുധ്യാത്മികതയില്‍' ഉറച്ചു നിന്നു. 1970 ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ കേരളത്തില്‍ സിപിഐ സര്‍ക്കാരുണ്ടാക്കി.  സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ആ സര്‍ക്കാരായിരുന്നു ഇന്ന് നാം കാണുന്ന കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. ലക്ഷം വീടുകള്‍ മുതല്‍ ശ്രീചിത്രാമെഡിക്കല്‍ സെന്റര്‍ വരെ. കെല്‍ട്രോണ്‍ മുതല്‍ കൊച്ചി സര്‍വ്വകലാശാലവരെ ആ സര്‍ക്കാരിന്റെ സംഭാവനകളില്‍പ്പെടുന്നു.

സി.അച്യുതമേനോൻ മന്ത്രിസഭ |PHOTO:FACEBOOK
ഇത്രയുമൊക്കെ  ആമുഖമായി പറഞ്ഞത്  ഇനി ഇന്ത്യയിലും കേരളത്തിലുംസിപിഐ എന്ന പാര്‍ട്ടിയുടെ പ്രസക്തിയെന്താണ്  എന്ന് ചര്‍ച്ച ചെയ്യാനാണ്. 2023ല്‍ തന്നെ ദേശീയപാര്‍ട്ടിയെന്ന പദവി സിപിഐക്ക് നഷ്ടപ്പെട്ടിരുന്നു. 1996 ലെ പൊതുതെരെഞ്ഞെടുപ്പിന് ശേഷം ദേവഗൗഡയും പിന്നീട് ഗുജ്‌റാളും പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഏറെ നിര്‍ണ്ണായകമായ ആഭ്യന്തരം, കൃഷി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തത് സിപിഐ ആയിരുന്നു എന്നത് ഇപ്പോള്‍ പലരും ഓര്‍ക്കുന്ന പോലുമുണ്ടാകില്ല. രാജ്യസഭയിലും ലോക്‌സഭയിലും ഇപ്പോഴുളള   രണ്ട് അംഗങ്ങളാണ് 100 വര്‍ഷം പഴക്കമുള്ളപാര്‍ട്ടിയുടെ ദേശീയ പ്രതിനിധ്യത്തിന്റെ അളവ് കോല്‍. ഇനി കേരളത്തിന്റെ കാര്യമെടുക്കാം. കേരളത്തില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാഷ്ട്രീയ കക്ഷിയാണ് സിപിഐ.  1957 ലെ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മന്ത്രിസഭ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ 1967 മുതല്‍1982 വരെ തുടര്‍ച്ചയായി പാര്‍ട്ടി  അധികാരത്തിലിരുന്നു. അതിനു ശേഷം 87, 96, 2006, 2016, 2021 എന്നീ കാലഘട്ടങ്ങളിലായി ഏതാണ്ട് 40 വര്‍ഷത്തിലധികമാണ് സിപിഐ എന്ന പാര്‍ട്ടി കേരളത്തില്‍ വിവിധ കൂട്ടുമന്ത്രി സഭകളില്‍ പങ്കാളിയായത്. 1970 ല്‍ അച്യുതമേനോനും, 78 ല്‍ പികെ വാസുദേവന്‍ നായരും സിപിഐയുടെ മുഖ്യമന്ത്രിമാരായി. ഘടാഘടിയന്‍മ്മാരായ പാര്‍ട്ടിയുടെ നേതാക്കള്‍ കേരളരാഷ്ട്രീയത്തെ സ്വന്തം കൈവള്ളയിലിട്ട് അമ്മാനമാടി.

1980 മുതല്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയാണ് സിപിഐ.  ആദ്യമൊക്കെ മുന്നണിയില്‍ സിപിഐക്ക് ഒരു നിലയും വിലയുമൊക്കെയുണ്ടായിരുന്നു. എന്‍ ഇ ബലാറാമും, പികെവിയുമൊക്കെ ഇഎംഎസിനോട് തന്നെ മുട്ടാന്‍ കഴിവുള്ളവരായിരുന്നു. പിന്നീട്  വന്ന വെളിയം ഭാര്‍ഗവനം, സികെ ചന്ദ്രപ്പനുമൊക്കെ വിഎസ് അച്യുതാനന്ദനെയും, പിണറായി വിജയനെയുമൊക്കെ  വരച്ച വരയില്‍ നിര്‍ത്താന്‍ മിടുക്കുള്ളവരുമായിരുന്നു. എന്നാല്‍  പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം പ്രഭൃതികളുടെ കാലമായപ്പേഴേക്കും സിപിഎമ്മിന്റെ  പിന്നാമ്പുറത്തെ  വിറകുവെട്ടുകാരും, വെള്ളംചുമട്ടുകമാരുമായി തീര്‍ന്നു സിപിഐ നേതൃത്വം.  വിവാദ നായകനായ എഡിജിപിയെ മാറ്റണമെന്ന്  പുറത്തിറങ്ങി അന്ത്യശാസനം നല്‍കുകയും അകത്ത് ചെന്ന് മുഖ്യമന്ത്രിയുടെ കാലപിടിക്കുകയും ചെയ്തിട്ട് പോലും  പിണറായി തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ല. എംന്‍ ഗോവിന്ദന്‍നായരും, ടിവിതോമസും  ഇഎംഎസിനെ മിസ്റ്റര്‍ നമ്പൂതിരിപ്പാടെന്നേ വിളിക്കുമായിരുന്നുള്ളു. എന്നാല്‍ ബിനോയ് വിശ്വത്തിന് പിണറായി വിജയനെ  ഒന്നു കാണണമെങ്കില്‍  ഇടതമുന്നണി യോഗം വിളിക്കണം എന്ന അവസ്ഥയാണ്. 

REPRESENTATIVE IMAGE | WIKI COMONS
കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സിപിഐക്ക് ഏറ്റവും പ്രതീക്ഷയുള്ള സീറ്റായിരുന്നു തൃശൂര്‍. അതുകൊണ്ടാണ് സിപിഐയില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവ് എന്നറിയപ്പെടുന്ന മുന്‍മന്ത്രി വിഎസ് സുനില്‍കുമാറിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒരു ലക്ഷത്തിനിടത്തുവോട്ടിന് ജയിച്ചു. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ വന്ന  പ്രശ്‌നങ്ങളും പൂരം മുടങ്ങുമെന്ന നിലയില്‍ എത്തിയതുമെല്ലാം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കിയെന്നും അതാണ് സുരേഷ്‌ഗോപിയുടെ വിജയത്തിന് പിന്നിലെന്നുമാണ് വിഎസ് സുനില്‍കുമാര്‍ പറഞ്ഞത്.  ഇതിനായി പൊലീസിലെ ഉന്നതരും ബിജെപി നേതൃത്വവും ഒത്തുകളിച്ചുവെന്നാണ് സിപിഐയും സുനില്‍ കുമാറും മാസങ്ങളായി ആരോപിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കരുക്കള്‍  നീക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് പറഞ്ഞ് പിണറായി വിജയനുമുന്നില്‍ സിപിഐ നേതൃത്വം നെഞ്ചത്തടിച്ചുകരഞ്ഞെങ്കിലും ഒരു  ഫലവുമുണ്ടായില്ല. ഇടതുമുന്നണിയില്‍ സിപിഐ എന്ന പേരില്‍ ഒരു പാര്‍ട്ടിയുണ്ടെന്ന് പോലും തനിക്കറിയില്ലന്ന മട്ടിലാണ്  മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് അന്ത്യശാസനം  കൊടുത്തുമടുത്തുവെന്ന് ബിനോയ് വിശ്വത്തിനെക്കുറിച്ച് സിപിഐ നേതാക്കള്‍ പോലും കളിയായി പറഞ്ഞു തുടങ്ങി. കടന്നപ്പള്ളി രാമചന്ദ്രനുകൊടുക്കുന്ന പരിഗണനപോലും മുഖ്യമന്ത്രി ബിനോയ് വിശ്വത്തിന് ഇക്കാര്യത്തില്‍ നല്‍കിയില്ലന്നതാണ് അവരുടെ ഖേദം.

ഇടതു ഐക്യം എന്നത് സിപിഎമ്മിന്റെ ചൂണ്ടയാണ് അതില്‍ കൊത്തരുതെന്ന് 1978ല്‍ തന്നെ എസ് എ ഡാംഗേ പറഞ്ഞു.  അത് അവഗണിച്ച നിമിഷം മുതല്‍ സിപിഐ സിപിഎമ്മിന്റെ കുടികിടപ്പുകാരനായി. സിപിഎമ്മിനൊപ്പം നിന്ന് അന്ധമായ കോണ്‍ഗ്രസ് വിരോധം പേറി നടക്കണമോ  എന്ന് സിപിഐയിലെ ചിലരെങ്കിലും ഇപ്പോള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.  എന്നാല്‍ ആ ചിന്തകളൊന്നും പ്രവൃത്തിയിലേക്ക് കൊണ്ടുവരാന്‍ പറ്റിയ അവസ്ഥയിലല്ല  ആ  പാര്‍ട്ടി. കത്തുന്ന പുരയില്‍ നിന്നും പരമാവധി കഴുക്കോല്‍ ഊരിയെടുക്കുക എന്നതിലാണ് ഇപ്പോള്‍ അവരുടെ  ശ്രദ്ധ.


#outlook
Leave a comment