
കശ്മീരിൽ ഇനി ബിജെപിക്ക് എന്താണ് ചെയ്യാനുണ്ടാവുക?
കശ്മീരിൻ്റെ പ്രത്യേക പദവി വാഗ്ദാനം ചെയ്തിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു കശ്‌മീരിലേത്. മറ്റൊരു അർഥത്തിൽ കശ്മീരിൻ്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരച്ച ശേഷമുള്ള ആദ്യ അസംബ്ലി തിരഞ്ഞെടുപ്പ് കൂടിയായിരുന്നതിനാൽ കശ്മീർ രാഷ്ട്രീയത്തിൻ്റെ ഭാവി സംബന്ധിച്ച ആലോചനകളിലും വലിയ സസ്‌പെൻസ് സൂക്ഷിച്ച പോരാട്ടമായി ഇത് മാറിയിരുന്നു.
കശ്മീരിനെ കാവി പുതപ്പിക്കാനുള്ള സംഘപരിവാറിൻ്റെ പത്തു വർഷത്തെ പ്രവർത്തന പദ്ധതിയുടെ കൊട്ടിക്കലാശമായിരിക്കും എന്ന് പ്രതീക്ഷിച്ച ബിജെപിക്ക് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മു ഡിവിഷനിൽ പോലും വേണ്ടത്ര കരുത്ത് കാട്ടാൻ കഴിയാതെ പോയത് ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടി തെറ്റുന്നു എന്ന വലിയ മുന്നറിയിപ്പാണ് ബിജെപിക്ക് നൽകിയിരിക്കുന്നത്. കശ്മീരിൽ ഒരു സംഘപരിവാർ മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കുക എന്ന സംഘപരിവാറിൻ്റെ ഏറെക്കാലത്തെ സ്വപ്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഡീലിമിറ്റേഷൻ കമ്മീഷൻ മണ്ഡല പുനർ നിർണയം വരെ പൂർത്തിയാക്കിയത്. ഡീലിമിറ്റേഷന് സാധരണയായി അടിസ്ഥാന പരിഗണന നൽകാറുള്ള ജനസംഖ്യ അനുപാതം എന്ന ഘടകത്തെ അവഗണിച്ച് സാംസ്കാരികവും ഭൂമിശാസ്ത്രവുമായ അളവ് കോലിൽ അശാസ്ത്രീയമായ മണ്ഡല പുനർ നിർണയം നടത്തിയത് ബിജെപിക്ക് ജമ്മു മേഖലയിലെ സീറ്റുകൾ മുഴുവൻ പിടിച്ചടക്കാൻ പാകത്തിൽ ഗ്രൗണ്ട് പരുവപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
പ്രതിപക്ഷ കക്ഷികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കമ്മീഷന് വലിയ വിമർശനങ്ങളെ നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ തീരുമാനത്തിൽ ഒരു മയവും മാറ്റവും ഇല്ലാതെ തന്നെ നടപ്പാക്കാനും അവർക്കായിരുന്നു. അത്രമാത്രം ഭരണകൂട പിന്തുണയും ഗൂഢാലോചനയും ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്നതാണ് വാസ്തവം. ജമ്മുവില്‍ 1,25,082 ആളുകള്‍ക്ക് ഒരു അസംബ്ലി സീറ്റ് ലഭിച്ചപ്പോൾ. കശ്മീരില്‍ ഒരു അസംബ്ലി സീറ്റില്‍ ശരാശരി 1,46,563 പേരുണ്ട്. കണക്കില്‍ കശ്മീര്‍ പ്രവിശ്യയിലെ ഒരോ മണ്ഡലത്തിലും ഇരുപതിനായിരത്തിലധികം പേർക്ക് തങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടുകൊണ്ടാണ് ഡീലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നത്. മാത്രവുമല്ല അഞ്ച് നോമിനേറ്റഡ് അംഗങ്ങളെ കൂടി സഭയിൽ ഉൾപെടുത്താൻ തീരുമാനിച്ചതോടെ അഞ്ച് സീറ്റുകൾ ബിജെപിക്ക് നേരത്തെ തന്നെ ബോണസായും ലഭിച്ചിരുന്നു. ഇങ്ങനെ എല്ലാ അർഥത്തിലും അധികാരത്തിലേക്കുള്ള വഴിവെട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഡീലിമിറ്റേഷൻ കമ്മീഷൻ | PHOTO : WIKI COMMONS
ജമ്മു മേഖലിയിലെ പരമാവധി സീറ്റുകളും കശ്മീർ മേഖലയിൽ നിന്ന് ജയിച്ചു വരുന്ന സ്വതന്ത്രരേയും കൂട്ടി സർക്കാർ ഉണ്ടാക്കാമെന്ന കണക്ക് കൂട്ടലിൽ ജമാഅത്ത് ഇസ്ലാമി പോലുള്ള സംഘടനകളുമായി വരെ അവിശുദ്ധ ധാരണകൾ ഉണ്ടാക്കി. എന്നാൽ എല്ലാ പ്രതീക്ഷകളും അടപടലം പൊളിഞ്ഞു പോയത് അക്ഷരാർത്ഥത്തിൽ ബിജെപിക്ക് വലിയ തിരിച്ചടിയായി.
ഹരിയാനയിൽ പ്രതീക്ഷിക്കാതെ കിട്ടിയ വിജയത്തേക്കാൾ ബിജെപിയെ കശ്മീരിലെ തോൽവി വേദനിപ്പിക്കുന്നുണ്ടാവണം. കാരണം ബിജെപിക്ക് അത്രമാത്രം വൈകാരിക വിഷയമാണ് കശ്മീർ. ബിജെപിയുടെ ആദ്യ രാഷ്ടീയ രൂപമായിരുന്ന ജനസംഘത്തിൻ്റെ രൂപീകരണ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക എന്നത്. മാത്രവുമല്ല ഒരു രാഷ്ട്രത്തിനകത്ത് രണ്ട് ഭരണഘടനയും രണ്ട് പ്രധാനമന്ത്രിയും രണ്ട് പതാകയുമൊന്നും വേണ്ടെന്ന വാദം ആദ്യമുയര്‍ത്തുന്നതും ജനസംഘത്തിൻ്റെ ബൗദ്ധിക ആചര്യനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. കശ്മീര്‍ താഴ്വരയില്‍ സത്യാഗ്രഹത്തിലിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട് തടവിലിരിക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ മുഖര്‍ജിയുടെ മരണവും സംഭവിക്കുന്നത്. നാളിതുവരെ കശ്മീരിൽ നിന്നും ആട്ടിയിറക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി പകരം ചോദിക്കണം എന്നാണ് ബിജെപി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പറഞ്ഞ വിഷയം. അങ്ങനെയൊരു വൈകാരികത സൃഷ്ടിച്ചാൽ മാത്രമാണ് തങ്ങൾക്ക് നേട്ടമുണ്ടാവുക എന്നറിയാവുന്നത് കൊണ്ടാണ് തിരഞ്ഞെടുപ്പിന് രണ്ട് വർഷം മുന്നേ വിവേക് അഗ്നിഹോത്രിയെ കൊണ്ട് കശ്മീർ ഫയൽസ് എന്ന സിനിമ പുറത്തിറക്കുന്നത്.
ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ വിഷം വമിപ്പിച്ച സിനിമ കൂടിയായി അത് മാറിയിരുന്നു. ഭൂരിപക്ഷ രാഷ്ട്രീയത്തിൻ്റെ അപകടങ്ങളെ പ്രോജക്ട് ചെയ്ത ചർച്ചകളെയെല്ലാം പ്രതിരോധിക്കാൻ ബിജെപിക്ക് കശ്മീർ ഫയൽ വലിയ ആയുധമായി ഉപയോഗിക്കാനും കഴിഞ്ഞു. വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ ബിജെപിക്ക് ആകെ കിട്ടിയ തിരിച്ചടി പുൽവാമ അക്രമവുമായി ബന്ധപ്പെട്ട് ജമ്മു ആൻഡ് കശ്മീറിൻ്റെ അവസാന ഗവർണറായിരുന്ന സത്യപാൽ മാലിക് സർക്കാരിനും സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലിനെതിരെയും നടത്തിയ വെളിപ്പെടുത്തൽ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ മറ്റു രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം പുൽവാമ മാത്രമായിരിക്കണം ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നൽകിയ വിഷയം. എന്നിരുന്നാലും ജമ്മു മേഖലയിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളായ ദോഡ, റിയാസി, കിഷ്‌ത്വാർ, എന്നിവിടങ്ങളിലെ മൂന്നിൽ രണ്ട് മണ്ഡലങ്ങളിലും ഇത്തവണയും ബിജെപിയാണ് ജയിച്ചു കയറിയത്. മാത്രവുമല്ല സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വോട്ട് വിഹിതം (25.64%) നേടിയ പാർട്ടിയും ബിജെപി തന്നെയാണ് എന്നതാണ് തോൽവിയിലും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്ന ഘടകം.അജിത് ഡോവൽ | PHOTO : WIKI COMMONS
നാഷണൽ കോൺഫറൻസിൻ്റെ തിരിച്ചു വരവും പിഡിപിയുടെ പതനവും
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചു വരവ് നടത്തിയത് ഫാറൂഖ് അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസാണ് 10 വർഷം മുമ്പ് അധികാരത്തിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന പാർട്ടിക്ക് 2014 ൽ നടന്ന അവസാന അസംബ്ലി തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. പിന്നീട് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും കാര്യമായി സ്വാധീനമുണ്ടാക്കാനുമായിരുന്നില്ല അതിൽ തന്നെ 2019 ലേ ലോകസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള ആറ് സീറ്റിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ടിംഗ് ശതമാനം വെറും 7.87 % മാത്രമായിരുന്നു. 2024 ൽ പാർട്ടി മെച്ചപെട്ട പ്രകടനം നടത്തിയെങ്കിലും പാർട്ടിയുടെ മുഖമായ ഉമർ അബ്ദുല്ലയ്ക്ക് ബാരാമുള്ളിയിൽ വിഘടന വാദ രാഷ്ട്രീയം സംസാരിക്കുന്ന എഞ്ചിനീയർ റാഷിദിനു മുന്നിൽ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. ഈ അവസ്ഥയിൽ നിന്നാണ് 24 ശതമാനത്തോളം വോട്ട് നേടി 42 സീറ്റുമായി ഇന്ത്യാ സഖ്യത്തിനൊപ്പം ഉമർ അബ്ദുല്ല ജമ്മു ആൻഡ് കാശ്മീർ കേന്ദ്ര ഭരണ പ്രദേശത്തിൻ്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാനിരിക്കുന്നത്. അതേ സമയം 10 വർഷം മുമ്പ് അധികാരത്തിലെത്താൻ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പിഡിപിയാവട്ടെ ഈ തിരഞ്ഞെടുപ്പോടെ കശ്മീർ രാഷ്ട്രീയത്തിൽ കൂടുതൽ തന്നെ ദുർബലമായി പോകുകയാണ്. മെഹബൂബ മുഫ്തിക്ക് ശേഷം പിഡിപിയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയുടെ ബിജ്ബെഹര മണ്ഡലത്തിൽ നിന്നുള്ള തോൽവിയും പിഡിപിയുടെ അവസ്ഥ കൂടുതൽ ദയനീയമാക്കിയിട്ടുണ്ട് . 2014 ൽ പഴയ അസംബ്ളിയിൽ 28 സീറ്റും 22.67 ശതമാനം വോട്ടുമുണ്ടായിരുന്ന പിഡിപി ഇപ്പോൾ നേടിയത് മൂന്നു സീറ്റും 8.87 ശതമാനം വോട്ടും മാത്രമാണ്.
കശ്മീർ രാഷ്ട്രീയത്തിൽ പിഡിപിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് 2014 ലെ ബിജെപിയുമായുള്ള കൂട്ടുകെട്ട് മാറി എന്നതാണ് പിഡിപിയുടെ പരാജയത്തിൻ്റെ മൂല കാരണമായി മാറിയ ഘടകം. കശ്മീരിൻ്റെ സ്വതന്ത്ര പദവി റദ്ദ് ചെയ്ത് കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂപീകരിക്കപ്പെട്ട ഗുപ്‌കാർ സഖ്യത്തിൽ നിന്നും പിരിഞ്ഞു പോയതും പിഡിപി നേരിടുന്ന ഐഡൻ്റിറ്റി ക്രൈസിസ് അതിജീവിക്കുക എന്ന തന്ത്രത്തിൻ്റെ ഭാഗമായിരിക്കണം. രണ്ടായിരത്തി പതിനാലിലുണ്ടാക്കിയ ബിജെപി ബന്ധത്തിൻ്റെ മുറിവുണക്കാൻ ഒരുപക്ഷെ പിഡിപിക്കു ഇനിയും വർഷങ്ങളെടുത്തേക്കാം.
കുൽഗാമിൽ നിന്ന് അഞ്ചാം തവണയും സഭയിലെത്തുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം യുസുഫ് തരിഗാമി കശ്മീർ രാഷ്ട്രീയത്തിൽ ഇടതുപക്ഷ ശബ്ദമായി നിലനിൽക്കും. അതിനൊപ്പം തന്നെ ദോഡ മണ്ഡലത്തിൽ നിന്നും ജയിച്ചു കശ്മീരിൽ ആദ്യമായി അക്കൗണ്ട് തുറന്ന ആം ആദ്മി പാർട്ടിയുടെ മെഹ്റജ് മാലിക്കും. സ്വതന്ത്രരായി ജയിച്ചു വന്ന ഏഴ് പേരും കൂടി ചേരുന്നതോടെ കശ്മീർ രാഷ്ട്രീയം കൂടുതൽ ബഹുസ്വരമാകും. യുസുഫ് തരിഗാമി | PHOTO : WIKI COMMONS
കശ്‌മീരിൻ്റെ ഭാവി?
ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടായി വിഭജിച്ച പഴയ കശ്മീരിൽ നിന്നും കഷ്മീരിയത്ത് ( കശ്മീർ സ്വത്വം) രാഷ്ട്രീയത്തിന് സാധ്യത അവശേഷിക്കുന്ന മണ്ണാണ് ഇപ്പോഴത്തെ ജമ്മു കശ്മീർ. അതിൽ തന്നെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്‌മീരിനും രാഷ്ട്രീയ സ്വഭാവവും വ്യത്യസ്തമാണ്. ജമ്മുവിലെ പീർ പഞ്ചൽ പ്രദേശം മാറ്റിവെച്ചാൽ അതൊരു സ്വാഭാവിക ഉത്തരേന്ത്യൻ രാഷ്ട്രീയ മണ്ണ് മാത്രമായും പരിഗണിക്കപ്പെടുന്നതിൽ തെറ്റില്ല. അതേസമയം, കശ്മീർ പ്രദേശം വിഘടന രാഷ്ട്രീയത്തിൻ്റെ തുരുത്തായി മാറുകയും ചെയ്തിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ സാധ്യതയുണ്ടായിരുന്ന ഘടകവും അത് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ കശ്മീരിൻ്റെ ഭാവി എന്നത് കശ്മീർ രാഷ്ട്രീയത്തിൻ്റെ ഭാവി കൂടിയായി ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ബിജെപി സർക്കാർ കേന്ദ്രം ഭരിക്കുന്ന കാലത്തോളം എത്ര തന്നെ പ്രാദേശിക വികാരം ഉയർന്നു വന്നാലും അതിനെ അടിച്ചമർത്താൻ മാത്രമാണ് സർക്കാർ ശ്രമിക്കുക. അതേ സമയം കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പോലും ഒരുപക്ഷെ വലിയ ഭൂരിപക്ഷം കോൺഗ്രസ്സിന് ഉണ്ടായാൽ മാത്രമേ ഇനി കശ്മീരിൻ്റെ പ്രത്യേക പദവി പുന:സ്ഥാപിക്കാൻ സാധ്യത തെളിയൂ അങ്ങനെ സംഭവിച്ചാലും രാഷ്ട്രീയ ഭൂപടം ഇനി മാറ്റി വരക്കാൻ സാധ്യത നന്നേ കുറവാണ് അതിനാൽ തന്നെ ഇന്നത്തെ കശ്മീർ എന്താണോ അത് അങ്ങനെ തന്നെ നിലനിൽക്കും അവിടെയാണ് ഇനി കശ്മീർ രാഷ്ട്രീയത്തിൻ്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുക.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കേന്ദ്ര സർക്കാരുമായി സഹകരിച്ച് പോകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രതികരിച്ചത്. അതിൽ വൈകാരികത ഉല്പാദിപ്പിക്കുന്ന ഒന്നും ഉമറിൻ്റെ ഭരണത്തിൽ ഉണ്ടാവാൻ സാധ്യതയില്ല. അത് വലിയ ഗുണം ചെയ്യില്ലെന്നും പൊലീസ് കയ്യിലില്ലാത്തിടത്തോളം അത് അപകടമായിരിക്കും വിളിച്ചു വരുത്തുക എന്നുമുള്ള വലിയ തിരിച്ചറിവ് ഉമറിനുണ്ട് ആ രാഷ്ട്രീയ പക്വതയുടെ കൂടി തെളിവായി ഉമറിൻ്റെ പ്രസ്താവനയെ വായിക്കാം. എന്നാൽ നാളിതുവരെ കശ്മീർ രാഷ്ട്രീയം മാത്രം സംസാരിച്ച ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ട പിഡിപിക്ക് എത്ര കാലം മിണ്ടാതിരിക്കാനാവും ? മേഖലയിൽ ഒരു തീപ്പൊരിയെങ്കിലും കണ്ടാൽ ബിജെപിക്ക് ഭരണത്തിൽ ഇടപെടാൻ വഴിയുണ്ടാവും ഇത്തരം സാധ്യതകളിലാണ് ഇനി കശ്മീരിൻ്റെ ഭാവി നിർണയിക്കപ്പെടുക.