TMJ
searchnav-menu
post-thumbnail

Outlook

LDF–UDF അച്ചുതണ്ടുകൾക്കപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് എന്താകും ?

12 Nov 2025   |   6 min Read
ഷറഫുന്നിസ കാരോളി

രു ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് എന്നത് കേവല വ്യായാമമല്ല. മറിച്ച് ജനാധിപത്യത്തെ തന്നെ നിലനിർത്തുന്ന അടിത്തറയാണ്. അന്ന് വരെ അനുഭവിച്ചിരുന്ന എല്ലാ പ്രിവിലേജുകൾക്കുമപ്പുറത്ത് പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും “വോട്ടർ” എന്നുള്ള ഒരൊറ്റ വിഭാഗത്തിലേക്ക് മാറുകയും, പോളിംഗ് സ്റ്റേഷന് പുറത്ത് വരി നിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തുകയും ചെയ്യുന്ന തുല്യതയുടെ ഭംഗി ജനാധിപത്യ തെരഞ്ഞെടുപ്പുകൾക്കുണ്ട്. ജനത്തിന്റെ  ആധിപത്യമാണ് ജനാധിപത്യം എന്ന് ലളിതമായ ഭാഷയിൽ നിർവചിക്കുമെങ്കിലും അത് നഗ്നനേത്രങ്ങൾ കൊണ്ട്‌ ദൃശ്യമാകുന്നത് തെരഞ്ഞെടുപ്പ് വേളകളിലാണ്. പൗരൻ ജനാധിപത്യത്തിന്റെ ഉടയോൻ ആയി തർക്കവിതർക്കങ്ങൾക്ക് ഇടയില്ലാത്ത വിധം അംഗീകരിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കാലം കേരളത്തിൽ വീണ്ടും വന്നിരിക്കുന്നു. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും ഡിസംബർ 13ന് വോട്ടെണ്ണലും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 

നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് തീർത്തും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ പരിസരം തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് ഉണ്ട്. ഓരോ പാർട്ടികളുടെയും മുൻനിര നേതാക്കന്മാർ മാറ്റുരക്കുന്നതാണ് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ. അവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ സംസ്ഥാന – ദേശീയ രാഷ്ട്രീയമായിരിക്കുമ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നാട്ടിലെ റോഡും, തോടും, സ്ട്രീറ്റ് ലൈറ്റും തീപാറുന്ന ചർച്ചാവിഷയങ്ങളായി മാറും. പലപ്പോഴും വ്യക്തികൾ തമ്മിലുണ്ടായിരുന്ന തീർത്തും വ്യക്തിപരമായ പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും വരെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താൻ കഴിയും. ഒരേ ലോക്സഭാ മണ്ഡലത്തിൽ അതല്ലെങ്കിൽ നിയമസഭാ മണ്ഡലത്തിൽ ഒരേയാൾ തന്നെ നാല്പതും അൻപതും വർഷങ്ങൾ ജനപ്രതിനിധി ആയിരിക്കുക എന്നത് ആഘോഷിക്കപ്പെടുകയും ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ തദ്ദേശ ഭരണ സംവിധാനത്തിൽ നിർബന്ധിതമായ വനിതാ പങ്കാളിത്തം വാർഡ് മാറി മത്സരിക്കണം എന്നുള്ള സാഹചര്യം എങ്കിലും സൃഷ്ടിക്കുന്നുണ്ട്. ഒരേയാൾ കല്പാന്ത കാലത്തോളം ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഭൂഷമാണോ/ ഒഴിവാക്കപ്പെടേണ്ടതാണോ എന്നതിന് ഉത്തരം പറയൽ സങ്കീർണമായ സംഗതിയാണ്. ആ ചർച്ച മറ്റൊരവസരത്തിലേക്ക് സൗകര്യപൂർവം മാറ്റിവെക്കുകയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
ഇടത് – വലത് വ്യത്യാസങ്ങളില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ് കീഴ് ഘടകങ്ങളിലെ നേതാക്കന്മാർക്കും പ്രവർത്തകർക്കും അനുഭാവികൾക്കും വരെ അവസരങ്ങൾ തുറന്നിടുന്നതാണ്. അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും വേറെയൊരു വൈബ് ആണ്. വോട്ട് ചേർക്കുന്നതിലും വോട്ടർ ലിസ്റ്റ് അരിച്ചുപെറുക്കി പഠിച്ച് വോട്ട് വെട്ടുന്നതിലും ഒക്കെ ആ ഒരു പ്രത്യേക ആവേശം ദൃശ്യവുമാണ്. 

കേരളത്തിൽ ആദ്യമായി ഒരു തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് 1950ലെ തിരുവിതാംകൂർ - കൊച്ചി പഞ്ചായത്ത് നിയമം അനുസരിച്ച് 1953ലാണ്. 1956ൽ ഐക്യകേരളസംസ്ഥാനം രുപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് 1963ലാണ്. 1960ലെ കേരള പഞ്ചായത്ത് – മുനിസിപ്പാലിറ്റി ആക്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തിയിരുന്നു എങ്കിലും കേരള സംസ്ഥാനത്തെ രണ്ടാമത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത് 16 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം 1979ലാണ്. കൃത്യമായ ഇടവേളയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ബാധ്യത സംസ്ഥാനത്തിന് ഇല്ലാത്തതും, തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രവർത്തന ഫണ്ട് ഉറപ്പുവരുത്താൻ കഴിയാത്തതുമൊക്കെ ഈ കാലതാമസത്തിന് കാരണങ്ങളായി മാറി. 1992ലെ ഇന്ത്യൻ ഭരണഘടനയുടെ 73,74 ഭേദഗതികൾ അനുസരിച്ച് 1994ൽ കേരള പഞ്ചായത്തീരാജ് ആക്ട് നിലവിൽ വരികയും, പ്രസ്തുത നിയമമനുസരിച്ചുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് 1995ൽ നടക്കുകയും ചെയ്തു. തുടർന്ന് അഞ്ച് വർഷത്തെ ഇടവേളകളിൽ 2000, 2005, 2010, 2015, 2020 തുടങ്ങിയ വർഷങ്ങളിൽ കൃത്യമായി കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. 2025 ഡിസംബർ 9, 11 തീയതികളിലായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോർപറേഷനുകളും ഉൾപ്പെടെ 1200 തദ്ദേശ സ്ഥാപനങ്ങളിലാണ് ജനഹിതം തീരുമാനിക്കപ്പെടുന്നത്. 

കേരളത്തെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ പൊതുചിത്രം ഇടതിന് അനുകൂലമാണ് എന്നതാണ് ചരിത്രം. ഈ വാദത്തിന് ആക്ഷേപമായി പറയാൻ ഉള്ളത് 2010ലെ തെരഞ്ഞെടുപ്പാണ്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 582ഓളം പഞ്ചായത്തുകൾ UDF നേടിയപ്പോൾ LDFന് ലഭിച്ചത് 384ഓളം പഞ്ചായത്തുകൾ മാത്രമാണ്. മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലും ഈ ആധിപത്യം തുടരാൻ 2010ൽ UDFന് കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തിൽ ആറ് മാസങ്ങൾക്കപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം പ്രതീക്ഷിച്ച് നേരിട്ട UDFന് ഇഴഞ്ഞ് ഭരണം നേടാൻ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു. 72 സീറ്റുകൾ കഷ്ടിച്ച് നേടിയ ഉമ്മൻ ചാണ്ടി സർക്കാർ ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിച്ചും അതിജീവിച്ചും അഞ്ച് കൊല്ലം പൂർത്തീകരിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു അധ്യായമാണ്. പറഞ്ഞുവന്നത് 2010 ഒഴിച്ച്നിർത്തിയാൽ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രം ഇടതിന് പ്രതീക്ഷ നൽകുന്നതാണ്. 

REPRESENTATIVE IMAGE | WIKI COMMONS
ഭരണത്തുടർച്ച ലഭിച്ച ഒരു സർക്കാരിനെ വിലയിരുത്താൻ കേരളത്തിലെ ജനങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കുന്നതും കേരളചരിത്രത്തിൽ ആദ്യമായിട്ടാണ്. ഈ തദ്ദേശ തെരഞ്ഞെടുപ്പ് 9 വർഷത്തിന് മേലെയായി കേരളം ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആകും. 9 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന UDFന്റെ വിലയിരുത്തൽ കൂടിയാകും. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ ഇടത് സർക്കാരിനെ വിടാതെ പിടികൂടിയിരിക്കുന്ന കാലമാണ്. ചെയ്യുന്നതും പറയുന്നതുമൊക്കെ വിവാദമാണ്. സർക്കാരിന്റെ ഭാഗം ന്യായീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഖ്യ ഭരണപാർട്ടിയായ സിപിഎമ്മും പോഷക സംഘടനകളും. ഒരു ഘട്ടത്തിൽ സിപിഎമിന്റെ പാർട്ടി നയങ്ങൾ പരിപൂർണമായി നടപ്പിലാക്കൽ അല്ല സഖാവ് പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാരിന്റെ ഉത്തരവാദിത്വം എന്നുപോലും പാർട്ടി സെക്രട്ടറിയായ സഖാവ് MV ഗോവിന്ദന് പറയേണ്ടി വന്നത് വാവിട്ട് ആണെങ്കിൽ പോലും ഗൗരവത്തിൽ എടുക്കണം.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് ആകെ കലങ്ങിമറിഞ്ഞ ഒരു സാഹചര്യത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയാഘാതവുമായി എത്തിയ ഒരു ഓട്ടോ തൊഴിലാളി ആറ് ദിവസത്തോളം ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ടു. നായയുടെ വില പോലും ഒരു രോഗിക്ക് നൽകുന്നില്ലെന്നും ഇവിടെ കിടന്ന് മരിച്ചുപോയാൽ ഈ വോയിസ് നോട്ട് പുറത്തുവിട്ട് ലോകത്തെ ഇതറിയിക്കണമെന്നും ആ മനുഷ്യൻ സുഹൃത്തിന് അയച്ച ശബ്‌ദ സന്ദേശം പുറത്തുവന്നതും കൊട്ടിഘോഷിക്കപ്പെടുന്ന നമ്പർ വൺ കേരളത്തിലാണ്. ആ വിഷയത്തിന്റെ ചൂട് ആറുന്നതിന് മുൻപ് എസ്എടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് അണുബാധയേറ്റ യുവതി മരണപ്പെട്ടു. 18 ദിവസം മാത്രം പ്രായം വരുന്ന ഒരു പിഞ്ച് പൈതലിനെ ചേർത്തുപിടിച്ചു എസ്എടിയിൽ നടന്ന പ്രതിഷേധം കേരളം കണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയ നടത്താൻ മതിയായ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വരുന്നു എന്ന് പറഞ്ഞ ഡോക്ടർ ഹാരിസിനെ പൊതുജനം പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ചതും, പാലക്കാട് ജനറൽ ഹോസ്പിറ്റലിൽ ചികിത്സാപിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നതും ആർസിസിയിൽ കാൻസർ രോഗികൾക്ക് മരുന്ന് മാറി നൽകിയ വാർത്ത പുറത്തുവന്നതുമൊക്കെ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. റിപ്പോർട്ട് തേടുന്നതിലേക്ക് മാത്രമായി ഒതുങ്ങുന്ന വകുപ്പ് മന്ത്രിയുടെ റോൾ വ്യാപക വിമർശനത്തിന് വഴിവെക്കുന്നുമുണ്ട്. 

കോട്ടയം മെഡിക്കൽ കോളേജ് | PHOTO : WIKI COMMONS
സമീപകാലത്ത് സർക്കാരിനെ ഉലച്ചുകളഞ്ഞ രാഷ്ട്രീയ പ്രശ്നം പിഎംശ്രീയിൽ ഒപ്പിട്ടതാണ്. മുന്നണിയിലെയും സർക്കാരിലെയും രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐയെ ഇരുട്ടിൽ നിർത്തി ദ്രുതഗതിയിൽ ഒപ്പിട്ട പിഎംശ്രീ ഒടുവിൽ സിപിഐ മുന്നണി വിട്ടേക്കുമെന്ന ഘട്ടത്തിൽ വരെ എത്തിച്ചതിനുശേഷം പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. തത്വത്തിൽ പിന്മാറാൻ തീരുമാനിച്ചപ്പോഴും, ആ തീരുമാനത്തിന്റെ പ്രായോഗികത സംശയത്തിന്റെ നിഴലിൽ തന്നെയാണ്. 

ശബരിമലയിലെ സ്വർണപാളി വിവാദവും അതിൽ നിന്ന് രക്ഷപെടാൻ നടത്തിയ ആഗോള അയ്യപ്പസംഗമവും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയായി. അയ്യപ്പസംഗമവേദിയിലേക്ക് സകല സമുദായസംഘടനകളെയും അണിനിരത്താൻ സർക്കാരിന്റെ സോഷ്യൽ എഞ്ചിനീറിങിന് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയ വെള്ളാപ്പള്ളി നടേശനും, ശബരിമല യുവതീപ്രവേശനത്തിൽ ഈ സർക്കാരിന്റെ തന്നെ മുൻനിലപാടിൽ നിന്നുള്ള മലക്കം മറിച്ചിലും വോട്ട് ആയിമാറുമോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നത് വരെ കാത്തിരിക്കുക തന്നെ വേണം. കേരളത്തെ അതിദാരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതും വിമർശനങ്ങൾക്ക് വഴിവെക്കുകയും PR വർക്ക് ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാമൂഹ്യ ക്ഷേമപെൻഷനുകൾ 2000 രൂപയാക്കി വർധിപ്പിച്ചതും സർക്കാർ കണ്ടില്ലെന്ന് നടിച്ചിരുന്ന ആശാ സമരം അവസാനിപ്പിക്കാൻ കഴിഞ്ഞതുമൊക്കെ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയേക്കാം. 

അപ്പുറത്ത് പ്രതിപക്ഷമാണെങ്കിൽ ആരോപണങ്ങളിൽ നിന്ന് ആരോപണങ്ങളിലേക്ക് ചാടിക്കൊണ്ടിരിക്കുന്നു എന്നതിനപ്പുറത്ത് ഒരു വിഷയത്തെ പിന്തുടർന്ന് പരിഹാരം ഉണ്ടാക്കുന്നതിലോ, സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിലോ പരിപൂർണമായി വിജയിച്ചു എന്ന് പറയാൻ കഴിയില്ല. പലവിഷയങ്ങളിലും പത്രസമ്മേളനങ്ങളിലും നിയമസഭയിലെ യുദ്ധങ്ങളിലും മാത്രമായി പ്രതിപക്ഷം. യുവജന- വിദ്യാർത്ഥി സംഘടനകൾ പരിപൂർണമായ അർത്ഥത്തിൽ സമരസംഘടനകളായി മാറിയോ എന്നുപോലും സംശയമാണ്. കുന്നംകുളത്ത് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ച സംഭവത്തിൽ അയാൾ രണ്ട് വർഷത്തിലേറെ പോരാടി സത്യം പുറത്തുകൊണ്ടുവന്നപ്പോഴും പെട്ടെന്നുണ്ടായ ചില സമരങ്ങൾക്ക് അപ്പുറത്ത് ഒരു തുടർച്ച ഉണ്ടായില്ല. വടകര എംപിയും KPCC വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെ പൊലീസ് അടിച്ച് മൂക്ക് തകർത്ത പ്രശ്നത്തിൽ പോലും ആരംഭശൂരത്വത്തിന് അപ്പുറം ഒന്നും സംഭവിച്ചില്ല എന്ന് വേണം പറയാൻ. ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായിട്ടുള്ള മുഖ്യമന്ത്രിയിലേക്ക് ഈ വിഷയങ്ങളുടെ കുന്തമുന എത്തണമായിരുന്നു. 9 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന ഒരു മുന്നണി ഒച്ചിഴയുന്ന വേഗത്തിലാണോ നീങ്ങേണ്ടത് എന്ന് അവർ ചിന്തിക്കേണ്ട പ്രശ്നമാണ്. കോൺഗ്രസിന് ലഭിച്ച പുതിയ KPCC നേതൃത്വം ഒരു ഉണർവ്വ് പ്രവർത്തകർക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ എന്ത് തെരഞ്ഞെടുപ്പ് വന്നാലും പുനഃസംഘടന ചർച്ച തുടരുന്ന പാർട്ടിയാണ് എന്ന നയം തുടരുകയും ചെയ്തു. പാലിന് വില വർധിപ്പിക്കുന്നതും KSEB ചാർജ് വർധിപ്പിക്കുന്നതും ഉൾപ്പടെ പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ
പ്രതിപക്ഷത്തിന് മുന്നിൽനിരവധിയുണ്ട്. 

REPRESENTATIVE IMAGE | WIKI COMMONS
ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്‍തമായി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ലാപ്പിൽ മുന്നിൽ ഓടിക്കയറാൻ കോൺഗ്രസ് ശ്രമം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ മുൻ MLA കൂടിയായ യുവനേതാവ് ശബരിനാഥനെ മേയർ സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ചും, K മുരളീധരന്റെ നേതൃത്വത്തിൽ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചതും കോൺഗ്രസിന് തിരുവനന്തപുരത്തിന് പുറത്തും ഊർജമായിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രതിപക്ഷമാകാനോ നിലവിലെ 10 സീറ്റ് എന്നത് ഗണ്യമായ രീതിയിൽ വർധിപ്പിക്കാനോ കഴിഞ്ഞാൽ പോലും കോൺഗ്രസിന്റെ ഈ തീരുമാനത്തിന് ലഭിക്കുന്ന മാൻഡേറ്റ് ആയിരിക്കും. കൊല്ലം, കോഴിക്കോട് ഉൾപ്പടെയുള്ള  ഇടങ്ങളിൽ എല്ലാം പതിവിൽ നിന്ന് വ്യത്യസ്ഥമായി മേയർ സ്ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിച്ചാണ് കോൺഗ്രസ് ഇറങ്ങുന്നത്. നിലവിൽ പ്രഖ്യാപിക്കപെട്ടവരിൽ കൃത്യമായ യുവജനപങ്കാളിത്തവും ദൃശ്യമാണ്. 

UDF – LDF എന്ന രണ്ട് അച്ചുതണ്ടുകളിൽ കിടന്ന് കറങ്ങിയിരുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ബിജെപിയും തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഉണ്ട്. ഉണ്ടെന്ന് വെറുതെ പറഞ്ഞ് പോയാൽ പോരാ. കേരളത്തിൽ ഒരു ലോക്സഭാ MP ഉള്ള പാർട്ടിയാണ്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു പാർട്ടിയായി വളർന്നിട്ടുമുണ്ട്. സാന്നിധ്യം അറിയിക്കാൻ മത്സരിക്കുന്ന പാർട്ടി എന്നതിൽ നിന്ന് പലയിടത്തും ഭരണം പിടിക്കാനോ, മുഖ്യ പ്രതിപക്ഷമാകാനോ മത്സരിക്കുന്ന പാർട്ടിയായി BJP വളർന്നിട്ടുണ്ട് എന്ന രാഷ്ട്രീയ യാഥാർഥ്യത്തെ ഇനി കണ്ണടച്ച് അവഗണിക്കുന്നതിൽ യുക്തിയില്ല

REPRESENTATIVE IMAGE | WIKI COMMONS
ചുരുക്കത്തിൽ തദ്ദേശതെരഞ്ഞെടുപ്പിന് ഒരു അപ്രവചനീയതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ചരിത്രം ആവർത്തിക്കുമെന്ന ലാഘവബുദ്ധിയിൽ ഇടതു മുന്നണിക്കോ, സർക്കാർ വിരുദ്ധവികാരം അനുകൂലമാകുമെന്ന സ്ഥിരം ചിന്തയിൽ ഐക്യജനാധിപത്യ മുന്നണിക്കോ ഇരിക്കാൻ കഴിയുന്ന തെരഞ്ഞെടുപ്പല്ല. 6 മാസങ്ങൾക്കപ്പുറത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. ഇനിയും പ്രതിപക്ഷത്ത് തുടരുക എന്നത് UDFനോ, ഇന്ത്യയിൽ ഭരണമുള്ള ഒരേയൊരു സംസ്ഥാനം വിട്ടുകൊടുക്കുക എന്നത് ഇടതുപക്ഷത്തിനോ, ഇനിയും കേരള നിയമസഭയുടെ പുറത്തിരിക്കുക എന്നത് ബിജെപിക്കോ ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. മൂന്ന് കൂട്ടർക്കും നിലനില്പിന്റെ പ്രശ്നമാണ്. ഏകദേശം ഒരു മാസത്തോളം വോട്ടെടുപ്പ് ദിവസത്തിലേക്ക് സമയമുണ്ട് എന്നത് ഒരേസമയം അവസരവും പ്രതിസന്ധിയുമാണ്. ഇതുവരെ കഴിഞ്ഞ കാര്യങ്ങൾ മാത്രമല്ല, ഇനിയങ്ങോട്ട് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കും. തെരഞ്ഞെടുപ്പിന്റെ അന്ന് കാലത്ത് ഉണ്ടാകുന്ന ഒരു സംഭവം പോലും ജനവിധിയെ മാറ്റിമറിച്ചേക്കാം എന്ന ജനാധിപത്യത്തിലെ അപ്രവചനീയത ഈ തെരഞ്ഞെടുപ്പ് കാലത്തേ മനോഹരമാക്കട്ടെ.






#outlook
Leave a comment