TMJ
searchnav-menu
post-thumbnail

Outlook

അതിർത്തിയിൽ നടക്കുന്നത് പബ്ജി കളിയല്ല

15 May 2025   |   5 min Read
കിരൺ രാജൻ

1991ലെ ഗൾഫ് യുദ്ധത്തിന്റെ കാലത്താണ് ടെലിവിഷനുകൾ യുദ്ധം നേരിട്ട് സംപ്രേഷണം  ചെയ്യാനാരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിലനിർത്തുന്ന ഒരു ദൃശ്യ അനുഭവമായി യുദ്ധം പരിവർത്തനപ്പെടുകയായിരുന്നു. തൊണ്ണൂറുകളുടെ അന്ത്യത്തോടെ യുദ്ധം തീം ആക്കി കൊണ്ടുള്ള നിരവധി വീഡിയോ ഗെയിമുകളും പുറത്തുവരാൻ ആരംഭിച്ചു. അതോടെ യുദ്ധത്തെ ഒരു “ഗെയിം” എന്ന നിലയിൽ കാണുന്ന പ്രവണത സമൂഹത്തിലെ വലിയൊരു വിഭാഗത്തിൽ ഉണ്ടായി. ഇന്നിപ്പോൾ ഫ്രീ ഫയറിലും പബ്ജിയിലും വരെ അത് എത്തി നിൽക്കുന്നു.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ലോകമനസാക്ഷിയെ നടുക്കുന്ന ഒന്നായിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾക്ക് താത്കാലിക വിരാമമായിരിക്കുന്നു. ഇരുരാജ്യങ്ങളും സമാധാനമാണ് കാംക്ഷിക്കുന്നതെന്ന, ഏറെ ആശ്വാസമുള്ള സന്ദേശമാണിത് നൽകുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിലുണ്ടായ സംഭവവികാസങ്ങളെ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ അഭിമുഖീകരിച്ച രീതി അങ്ങേയറ്റം ഹിംസാത്മകവും മനുഷ്യത്വ വിരുദ്ധമായിരുന്നു.

India and Pakistan seem on the brink of war (again) — but could it go  nuclear? - ABC NewsREPRESENTATIVE IMAGE | WIKI COMMONS
മുൻപ് ജനങ്ങളെ വിവരങ്ങൾ ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ന്യൂസ് റീഡർമാരുടെ അവതരണം. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന പഠനം പൂർത്തീകരിച്ചതിന്റെ തെളിവുകളും ഈ ജോലിക്ക് ആവശ്യമായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി സ്ഥിതി മറ്റൊന്നാണ്. ന്യൂസ് റീഡർമാർ ഒരു പെർഫോമർ എന്ന നിലയിലേക്ക് മാറി. ജേർണലിസം കൂടാതെ ഫാൻസിഡ്രസ്സിനും മോണോ ആക്റ്റിനും സമ്മാനം നേടിയവർക്ക് മാത്രമേ ഇനിയുള്ള കാലത്ത് ചാനൽ രംഗത്ത് നിലനിൽപ്പുള്ളൂ എന്ന് തോന്നും വിധമാണ് ഇക്കൂട്ടരുടെ പോക്ക്. കേവല വൈകാരികതയിൽ മാത്രമൂന്നിയ വാർത്താഖ്യാനങ്ങളാണ് വാർത്ത ചാനലുകൾ ഇന്ത്യ-പാക് സൈനികാക്രമണങ്ങളുടെ മേൽ നടത്തിയത്. ഇന്ത്യ പോലെയൊരു വലിയ രാജ്യത്ത് പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ ഇങ്ങനെയായിരുന്നോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യം പ്രസക്തമാണ്.

ഒരു ദുരന്തം ഉണ്ടാകുമ്പോൾ ജനം പരിഭ്രാന്തരാകാതെ സംരക്ഷിക്കുക എന്നതാണ് ഭരണസംവിധാനത്തിന്റെ പ്രാഥമിക ചുമതല. കാരണം പരിഭ്രാന്തരായ ജനം ഏത് വിധേനയും പ്രതികരിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വിവരങ്ങൾ അറിയാൻ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാർത്താചാനലുകളെയാണ്. ഇവരാകട്ടെ ദുരന്തത്തിന്റെ ആഘാതത്തെ പർവ്വതീകരിച്ച് സമൂഹത്തിൽ ഭയം വിതയ്ക്കുന്ന പ്രവണതയാണ് പുലർത്തിക്കൊണ്ടിരിക്കുന്നത്. ഉറ്റവർ നഷ്ടപ്പെട്ടവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതിനോ അവരുടെ വ്യക്തിപരമായ വികാരപ്രകടനങ്ങളെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കയറ്റി എയർ ചെയ്യുന്നതിനോ തെല്ലും മടിയില്ലാത്തവരായി മാധ്യമങ്ങൾ മാറിയിരിക്കുന്നു. ഫലമോ? യുദ്ധവുമായി ബന്ധപ്പെട്ടതെന്ന വിധത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഉത്തരവിറക്കി മാധ്യമങ്ങളെ ഓർമിപ്പിക്കേണ്ട ഗതികേട് ഈ രാജ്യത്തെ കേന്ദ്രസർക്കാരിനുണ്ടായി. കാർഗിലിലും കാണ്ഡഹാറിലും ഭീകരർക്ക് ഇവിടുത്തെ വിവരങ്ങൾ ലഭിച്ചത് ന്യൂസ് ചാനലുകളിലെ വാർത്ത ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നുവെന്നും ഇതോടൊപ്പം കൂട്ടിച്ചേർത്തിരുന്നു. ഒരു എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ക്ലാസ്സിൽ സെമിനാറെടുക്കാൻ നടത്തുന്നത്ര പോലും തയാറെടുപ്പില്ലാതെയാണ് പലരും വാർത്ത അവതരിപ്പിച്ചത്.

Army destroys 4 terror launch pads in PoK in retaliatory attackREPRESENTATIVE IMAGE | WIKI COMMONS
ഒരു രാജ്യം യുദ്ധ മുഖത്തേക്ക് നീങ്ങേണ്ട സാഹചര്യത്തിൽ വസ്തുതാപരമായ റിപ്പോർട്ടിംഗ് നടത്തുക എന്ന ധർമ്മം മാറ്റിവെച്ച് "തിരിച്ചടിക്കണം" എന്ന വികാരവിക്ഷുബ്ധമായ സമീപനമാണ് എല്ലാ മാധ്യമങ്ങളും ഇന്ത്യ-പാക് ഏറ്റുമുട്ടൽ വിഷയത്തിൽ സ്വീകരിച്ചത്. അതിർത്തിയിൽ അതുവരെയും ഉണ്ടാകാത്ത യുദ്ധം സ്വന്തം ചാനലുകളിൽ തനിയെ നിർമ്മിച്ചു. ഗ്രാഫിക്സ് വർക്കുകൾ കൊണ്ട് നിറഞ്ഞ പശ്ചാത്തലമായിരുന്നു വാർത്താചാനലുകളുടേത്. ടാങ്കറും മിസൈലുകളും അതിലൂടെ പാഞ്ഞു നടന്നു. ചുവന്ന പശ്ചാത്തലത്തിൽ പടക്കോപ്പുകളുടെ 3D രൂപങ്ങളുണ്ടായി. ലൈവ് കമന്ററിയും ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ അനാട്ടമി പഠിപ്പിക്കലുമൊക്കെയായി ആകെ ഫെസ്റ്റിവൽ മൂഡിലായിരുന്നു വാർത്ത ചാനലുകളുടെ ഫ്ലോറുകൾ. പ്രതികാര വാഞ്ചയെന്നത് മനുഷ്യന്റെ സഹജവികാരമാണ്. അതിനാൽ തന്നെ ഭൂരിപക്ഷത്തിന്റെ ജനവികാരം യുദ്ധത്തിനൊപ്പം നിലയുറപ്പിച്ചെന്ന് വരാം. എന്നാൽ അത്തരം ഹിംസാത്മകതയെ തങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്ന് സ്വയം വിമർശനപരമായി മാധ്യമങ്ങൾ ചിന്തിക്കേണ്ടതായിരുന്നു. സാമൂഹികമായി എങ്കിലും പാലിക്കേണ്ട മര്യാദകൾ പാടേ അവഗണിച്ച് കൊണ്ട് സംപ്രേഷണം ചെയ്ത വാർത്തകൾക്ക് പിന്നിൽ ഗുരുതരമായ പിഴവുകളാണ് ഉണ്ടായത്.

ഇന്ത്യയിൽ പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെതെന്ന പേരിൽ പ്രചരിച്ചത് 2020 ലബനനിൽ നടന്ന ഒരു സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ്. പാക് മിസൈലുകളെ ഇന്ത്യൻ മിസൈലുകൾ നിർവീര്യമാക്കുന്നതിന്റേതെന്ന പേരിൽ മലയാളം ചാനലുകളിൽ സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമായിരുന്നു, ഇസ്രായേലിന്റെ അയൺഡോം ഉപയോഗത്തെ പ്രതിരോധിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇവ. ബിഗ് ബ്രേക്കിംഗ് എന്ന മുഖവുരയോടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന് വാർത്ത നൽകിയത് പ്രമുഖ മലയാളം ചാനലാണ്. സുരക്ഷ വർധിപ്പിക്കുകയും ടെർമിനലുകൾക്കുള്ളിൽ സന്ദർശകരെ നിയന്ത്രിക്കുകയുമാണ് യഥാർത്ഥത്തിൽ നടന്നത്. ഇന്ത്യൻ സൈന്യം കറാച്ചി തുറമുഖം ആക്രമിച്ചു എന്ന പേരിൽ പ്രധാന മാധ്യമങ്ങളിൽ(മലയാളം ഉൾപ്പെടെ) വാർത്തകൾ വന്നിരുന്നു. ഇതോടൊപ്പം പ്രചരിച്ച ദൃശ്യം മുൻപ് ഫിലാഡൽഫിയിൽ ഉണ്ടായ ഒരു വിമാനാപകടത്തിന്റേതാണ്. കറാച്ചി ആക്രമിച്ചിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം തന്നെ പിന്നീട് ഔദ്യോഗികമായി വെളിപ്പെടുത്തി. ഇങ്ങനെ നീളുന്നു വ്യാജവാർത്തയുടെ കഥകൾ. ദിവസങ്ങൾ കഴിഞ്ഞാണ് പ്രമുഖ മലയാളം വാർത്ത ചാനൽ തങ്ങൾ ഫാക്ട് ചെക്ക് നടത്തിയെന്നും ചില വാർത്തകൾ തെറ്റായിരുന്നുവെന്നും പറഞ്ഞു ഒപ്പിച്ചത്. മേൽ പറഞ്ഞ ആരും പറ്റിപ്പോയ തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ പൊതുസമൂഹത്തോട് ക്ഷമാപണം നടത്താനോ ഈ നിമിഷം വരെയും തയാറായിട്ടില്ല.

147,900+ Media Room Stock Photos, Pictures & Royalty-Free Images - iStock |  Home media room, Luxury media room, Multi media roomREPRESENTATIVE IMAGE | WIKI COMMONS
വിനോദസഞ്ചാരികൾക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയാതെ പോയതിലും രാജ്യത്തെ ഇന്റലിജൻസ് സംവിധാനങ്ങളെ കാര്യക്ഷമമാക്കുന്നതിലും കേന്ദ്ര ഗവൺമെന്റിനും ആഭ്യന്തരവകുപ്പിനും വീഴ്ച സംഭവിച്ചു എന്ന യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. അത് ചോദ്യം ചെയ്യുകയും ശരിയായ വസ്തുതകൾ ജനങ്ങളിൽ എത്തിക്കുക എന്നതുമായിരുന്നു മാധ്യമങ്ങൾ ആദ്യമായി ചെയ്യേണ്ടിയിരുന്നത്. പക്ഷേ പാക് ഭീകരർ നടത്തിയ ഈ ആക്രമണത്തെ പാകിസ്താൻ നടത്തിയ ഭീകരാക്രമണം എന്ന തീർപ്പിലേക്ക് എത്തിക്കും വിധമാണ് ഇക്കൂട്ടർ പെരുമാറിയത്. ഇതോടെ രാജ്യത്തെ വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളും സംഗതി ഏറ്റെടുത്തു. പിന്നീട് ഒരു സോഷ്യൽ മീഡിയവാറാണ് നാം കണ്ടത്.

ഏതൊരു സാങ്കേതികവിദ്യ കൈവശമുണ്ടെങ്കിലും അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. അതിവേഗം ഫാക്ട് ചെക്ക് നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ നിലവിലുണ്ട്. ഒരു യുദ്ധം നടന്നാൽ അതിന്റെ ആഘാതങ്ങൾ എത്രത്തോളം ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. യുദ്ധത്തിന്റെ പശ്ചാത്തലം, അതിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ മുതലായവ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു അവതാരകരെ കൂടുതൽ സജ്ജമാക്കാനും ഇവ പ്രയോജനകരമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡാറ്റ അനലിറ്റിക്സ്, കൃത്യതയുള്ള വിവരങ്ങൾ ജനങ്ങൾക്കിടയിൽ ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സഹായകമാണ്. ദൗർഭാഗ്യമെന്തെന്നാൽ ഇത്തരം ചിന്തകൾ ഒന്നും തന്നെ മലയാളം മാധ്യമങ്ങളെ തെല്ലും സ്പർശിച്ചതേയില്ല.

Coronavirus in India: FB sues Indian techie for deceptive ads, fake news on COVID-19 - Rediff.comREPRESENTATIVE IMAGE | WIKI COMMONS
വാർത്താചാനലുകളിൽ വരുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലെ പല വീടുകളിലും ഉണ്ട്. ഈ വിശ്വാസത്തെ തരിമ്പുപോലും കണക്കിലെടുക്കാതെയാണ് ഇവർ വ്യാജവാർത്തകൾ പടച്ചുവിടുന്നത്. "ഇപ്പോൾ കിട്ടിയത്" എന്നുചേർത്ത് പറയുന്ന വാർത്ത എവിടെ നിന്ന് കിട്ടിയെന്ന് എങ്ങനെ കിട്ടിയെന്നും അന്വേഷിക്കേണ്ട കേവല ബാധ്യതയെങ്കിലും മാധ്യമങ്ങൾക്കുണ്ട്. ഏറ്റവുമാദ്യം വാർത്ത കൊടുക്കാനുള്ള വെപ്രാളം നയിക്കുന്നവരായി മാറാതിരിക്കാൻ മാധ്യമങ്ങൾ ജാഗ്രത കാണിക്കണം.

അതെല്ലാം ഒരു വശത്തേക്ക് മാറ്റിവെച്ചുകൊണ്ട് മനുഷ്യന്റെ ഇമോഷണൽ വൾനറബിലിറ്റിയെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്ന ഒരു കച്ചവടക്കൂട്ടം മാത്രമായി മാധ്യമങ്ങൾ അധഃപതിച്ചു. കേവലം പോപ്പുലർ സെന്റിമെന്റ്സ് എന്ന കച്ചവട യുക്തിയെ കേന്ദ്രീകരിച്ചുള്ള വാർത്താ പ്രക്ഷേപണം മാത്രമാണ് ഇന്ത്യ-പാക് സൈനിക നടപടിയിന്മേൽ മാധ്യമങ്ങൾ നടത്തിയത്. മനുഷ്യത്വമൂല്യങ്ങൾക്ക് അവധി കൊടുത്ത്, "തൊട്ടടുത്ത നിമിഷം എന്തോ സംഭവിക്കാൻ പോകുന്നു" എന്ന പ്രതീതി സൃഷ്ടിച്ച്, ജനത്തെ സദാസമയവും ടിവിയുടെ മുന്നിലിരുത്തി ടിആർപി കൂട്ടുന്നതിൽ മാത്രമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.

No blackout of subscribed TV channels: Trai clarifies tariff order |  Economy & Policy News - Business StandardREPRESENTATIVE IMAGE | WIKI COMMONS
യുദ്ധമുഖത്തും അതിർത്തി പ്രദേശങ്ങളിലുമുള്ള പൊതുജനം നേരിടേണ്ടി വരുന്ന നരകയാതനകളെയോ ഇരയാക്കപ്പെടുന്നവന്റെ വേദനകളെയോ ഇക്കൂട്ടർ കണക്കിലെടുക്കുന്നതേയില്ല. വിർച്ച്വൽ റിയാലിറ്റി ഉപയോഗിച്ചു നിർമ്മിക്കുന്ന വീഡിയോ ഗെയിം മാത്രമായാണ് ഭീതിയുളവാക്കുന്ന ഈ സാഹചര്യത്തെ വാർത്താചാനലുകൾ സമീപിച്ചത്. യുദ്ധമാണ് ഏക പരിഹാരം ഇന്ന് ചിന്തിക്കുന്ന ഒരാൾ പുലർത്തുന്നത് തീവ്രവലതുപക്ഷത്തിന്റെ ചിന്തയാണ്. അത്തരം ആശയങ്ങൾ ലോകത്തെ നശിപ്പിച്ച ചരിത്രമാണ് നമ്മുടെ കൺമുമ്പിൽ ഉള്ളത്, ഒരു ജനാധിപത്യ രാജ്യവും അവിടുത്തെ മാധ്യമങ്ങളും പുലർത്തേണ്ട ഒന്നല്ല..

ഇന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് വസ്തുതകളെക്കാൾ ടിആർപി കിട മത്സരമാണ്. വാർത്തകളുടെ യാഥാർത്ഥ്യത്തെക്കാൾ വലുത് ലാഭേച്ഛയാകുമ്പോൾ, കാഴ്ചക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള ദൃശ്യാവിഷ്കാരങ്ങൾ ആവശ്യമായി വരും. അതോടുകൂടി യുദ്ധം പോലെ അതീവ ഗൗരവം ഏറിയ വിഷയങ്ങൾ പോലും വാണിജ്യലക്ഷത്തോടെയുള്ള "എന്റർടൈൻമെന്റ്" ആയി അവതരിപ്പിക്കപ്പെടുന്നു. വലതുരാഷ്ട്രീയ പ്രചിന്തകളുടെയും കോർപ്പറേറ്റ് അജണ്ടകളുടെയും പ്രചാരവേല ചെയ്യുന്നവരായി മാധ്യമങ്ങൾ ചുരുങ്ങുന്നു. കടിച്ചാൽ പൊട്ടാത്ത കട്ടിയുള്ള ഭാഷയുമായി അവതാരകർ തളം നിറയുന്നു. സത്യസന്ധമായ വാർത്തകളുടെ സ്ഥാനത്ത് വിവാദങ്ങൾ ഇടം പിടിക്കുന്നു. ഇത്തരം പ്രവണതകൾ മാധ്യമധർമ്മത്തെയും ജനങ്ങളുടെ വിശ്വാസത്തെയും ദുർബലപ്പെടുത്തും. മാധ്യമങ്ങൾ യുദ്ധാഹ്വാനത്തിന്റെയല്ല, സമാധാനത്തിന്റെ സന്ദേശ വാഹകരാകാൻ തയ്യാറാവേണ്ട സമയമാണിത്.

യുദ്ധം എല്ലാവർക്കും നഷ്ടങ്ങൾ മാത്രം നൽകുന്ന ഒന്നാണെന്നും, സമാധാനമാണ് ശാശ്വതമെന്നും ഇവർ തിരിച്ചറിയണം. അതിനും സാധിക്കുന്നില്ലെങ്കിൽ തൃശൂർ പൂരവും സുനാമിയും രണ്ടു തരം വാർത്തകളാണെന്ന് തിരിച്ചറിയാനുള്ള പക്വതയെങ്കിലും പുലർത്താൻ ഇന്നാട്ടിലെ മാധ്യമങ്ങൾ തയാറാവേണ്ടതുണ്ട്.





#outlook
Leave a comment