TMJ
searchnav-menu
post-thumbnail

Outlook

അമേരിക്ക സ്വപ്നത്തില്‍ നിന്ന് പേടി സ്വപ്നമാകുമ്പോള്‍

11 Nov 2024   |   5 min Read
ഹെന്റി ഗിറോക്‌സ്

മക് മസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട് മെന്റില്‍ പബ്ലിക് ഇന്ററസ്റ്റ് ഇന്‍ സ്‌കോളര്‍ഷിപ്പ് ചെയര്‍ ആയ ഹെന്റി എ ഗിറോക്‌സ് പ്രശസ്തനായ പണ്ഡിതനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. ബോധനശാസ്ത്രത്തിലും, വിദ്യാഭ്യാസത്തിലും വിപ്ലവകരമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന അദ്ദേഹം അമേരിക്കന്‍ സമൂഹം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ നാള്‍വഴികളെ പറ്റി ദീര്‍ഘകാലമായി മുന്നറിയിപ്പ് നല്‍കുന്നു. ട്രംപ് വിജയത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ഒരു രാഷ്ട്രീയ സംഭവം എന്നതിലുപരി ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയം, ഫാസിസത്തിന്റെ ക്രൂരമായ പരിണാമത്തെ അമേരിക്കയില്‍ നിയമവിധേയമാക്കാനുള്ള ശ്രമമായാണ് കാണാനാവുക.അദ്ദേഹത്തിന്റെ ഉയര്‍ച്ച യാദൃശ്ചികമല്ല. അതൊരു ലക്ഷണമാണ്.നവലിബറലിസമെന്ന ഇരപിടിയന്‍ മുതലാളിത്തം സൃഷ്ടിക്കുന്ന കൂട്ടായ ഭയം, ഉത്കണ്ഠ എന്നിവയുടെ ആഴങ്ങളില്‍ നിന്നുയരുന്ന നിരാശയും, ഭിന്നതകളും, പ്രത്യാശ ഇല്ലായ്മയും ട്രംപിസത്തിന് അരങ്ങൊരുക്കി. ഗുണ്ടാ മുതലാളിത്തത്തിന്റെ ക്രൂരതയുടെ ഭാഗമായ വിദ്വേഷം, സ്ത്രീവിരുദ്ധത, വംശീയതയും നിറഞ്ഞ സാംസ്‌കാരിക കാലാവസ്ഥ എന്നിവയൊക്കെ ട്രംപിന്റെ സ്വേച്ഛാധിപത്യ തിട്ടൂരങ്ങള്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍ സ്വേച്ഛാധിപത്യത്തെ കുറിച്ചുള്ള പഴയതും പുതിയതുമായ മുന്നറിയിപ്പുകള്‍ മുങ്ങിപ്പോയി.

റൊണാള്‍ഡ് റീഗന്റെ തിരഞ്ഞെടുപ്പും, ശതകോടീശ്വര വരേണ്യവര്‍ഗത്തിന്റെ അഴിമതി നിറഞ്ഞ ഉയര്‍ച്ചയും അമേരിക്കന്‍ സമൂഹത്തില്‍ വരുത്തിയ നാടകീയ മാറ്റങ്ങള്‍ പകല്‍ പോലെ വ്യക്തമായിരുന്നുവെങ്കിലും, ലിബറലുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയും അതിനെ ചെറുക്കുന്നതിന് പകരം ഗോള്‍ഡ്മാന്‍ സാക്ക്‌സ് പോലുള്ള വാള്‍സ്ട്രീറ്റ് അധികാര ദല്ലാളുകളുമായി സഖ്യമുണ്ടാക്കുന്നതില്‍ വ്യാപൃതരായിരുന്നുവെന്ന കാര്യം നാം തിരിച്ചറിയണം. അതുവഴി, തൊഴിലാളി വര്‍ഗത്തെ അടിച്ചമര്‍ത്തുകയും, വര്‍ഗ-വംശീയ വിഭജനം രൂക്ഷമാക്കുകയും, അസമത്വത്തിന്റെ തലങ്ങള്‍ അമ്പരപ്പിക്കുന്ന തരത്തില്‍ തീവ്രമാക്കുകയും, നേറ്റിവിസത്തിന്റെ നീണ്ട പാരമ്പര്യം ശക്തമാക്കുകയും ചെയ്യുന്ന നവലിബറലിസത്തിന്റെ ചേരുവകള്‍ അവര്‍ സ്വീകരിച്ചു. ക്ലിന്റന്റെ വംശീയമായ ക്രിമിനല്‍ നയങ്ങള്‍, ഒബാമയുടെ കേന്ദ്രീകൃത നവലിബറലിസം, സമ്പന്ന വരേണ്യര്‍ക്ക് നല്‍കിയ കലവറയില്ലാത്ത  പിന്തുണ, ഗാസയിലെ വംശഹത്യയ്ക്ക് ബൈഡന്റെ നിരുപാധിക പിന്തുണ എന്നിവ സ്വേച്ഛാധിപത്യത്തിന് അനുയോജ്യമായ ഒരു സംസ്‌കാരത്തിന് പറ്റിയ അരങ്ങൊരുക്കി. ചുരുക്കിപ്പറഞ്ഞാല്‍, ഈ നിലമൊരുക്കല്‍ ട്രംപിനെ സാധ്യമാക്കുക മാത്രമല്ല ചെയ്തത്; അത് അയാളെ അനിവാര്യനാക്കി.

ഒരു കാര്യം ഇവിടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ലിബറലുകളൂം, ഡെമോക്രാറ്റുകളും, ഇടതുപക്ഷത്തു തന്നെയുള്ള ചില വിഭാഗങ്ങളും പൂര്‍ണ്ണമായും അവഗണിച്ച വിദ്യാഭ്യാസ മേഖലയാണിത്. വിമര്‍ശനാത്മകവും, സിവിക് സാക്ഷരതയുടെ അവിഭാജ്യഘടകവുമെന്ന  നിലയില്‍ വിദ്യാഭ്യാസം ബഹുജനങ്ങളുടെ അവബോധം ഉയര്‍ത്തുന്നതിലും ഊര്‍ജ്ജസ്വലമായ കൂട്ടായ്മകളെ പരിപോഷിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിക്കുന്നു. വിദ്യാഭ്യാസത്തെ അവഗണിക്കുന്നത് നയത്തിന്റെ പരാജയം മാത്രമല്ല. പിയറി ബോര്‍ദ്യു നിരീക്ഷിച്ചതുപോലെ, ആധിപത്യം സാമ്പത്തിക ഘടനകളിലൂടെ മാത്രമല്ല, വിശ്വാസങ്ങളും, സാംസ്‌കാരിക പ്രേരണകളും വഴിയാണ് പ്രവര്‍ത്തിക്കുന്നുവെന്ന് കാര്യം മറക്കുന്നു. ട്രംപും അയാളുടെ വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും എഞ്ചിനീയര്‍മാരും ചരിത്രം മാറ്റിയെഴുതുക മാത്രമല്ല, സിവിക് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകമെന്ന നിലയില്‍ നിന്നും ചരിത്രബോധത്തെ മായ്ച്ചുകളയുകയും ചെയ്തു. ചരിത്രപരമായ മറവിരോഗം എല്ലായ്‌പ്പോഴും അമേരിക്കയുടെ ദീര്‍ഘകാല വംശീയത, തദ്ദേശവാദം, സ്ത്രീകളുടെ അവകാശ നിരാകരണം എന്നിവയ്ക്ക് ഉചിതമായ മറയൊരുക്കിയിട്ടുണ്ട്. തീവ്രവലതുപക്ഷ പ്രചാരണ യന്ത്രങ്ങളുടെ സഹായത്തോടെ, 'വെള്ളക്കാരിയല്ലാത്ത വനിതാ പ്രസിഡന്റ് എന്ന ആശയം ദശലക്ഷക്കണക്കിനുള്ള അമേരിക്കക്കാര്‍ക്കും അംഗീകരിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്താന്‍ ട്രംപിന് കഴിഞ്ഞു. കൂട്ടായ പോരാട്ടം, ചെറുത്തുനില്‍പ്പ്, മെച്ചപ്പെട്ട ലോകത്തിനായുള്ള പോരാട്ടം എന്നിവയുടെ ചരിത്രത്തില്‍ അണിചേരാനും  അവര്‍ക്കായില്ല. പ്രസിഡന്റായി വെള്ളക്കാരന്റെ മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്ന ഒരു മേധാവിത്വവാദിയെ തിരഞ്ഞെടുക്കുന്നതില്‍ കുഴപ്പമില്ലെന്നും ഭൂരിപക്ഷം അമേരിക്കക്കാരെയും അദ്ദേഹം ബോധ്യപ്പെടുത്തി.

ഡൊണാള്‍ഡ് ട്രംപ് | PHOTO: FACEBOOK
'തൊഴിലാളിവര്‍ഗത്തെ ഉപേക്ഷിച്ച ഒരു ഡെമോക്രാറ്റിക് പാര്‍ട്ടി തൊഴിലാളിവര്‍ഗം അവരെ ഉപേക്ഷിച്ചതായി കണ്ടെത്തിയതില്‍ അതിശയിക്കാനില്ല. എന്ന് ബേണി സാന്‍ഡേഴ്‌സ് 'എക്‌സില്‍' ശരിയായി നിരീക്ഷിക്കുന്നു.

ഷെറിലിന്‍ ഇഫില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ 'മാഗ' (MAGA) വെറുമൊരു ജനക്കൂട്ടം മാത്രമല്ല. 'ഭൂരിപക്ഷം വെളുത്ത അമേരിക്കക്കാരും വാസ്തവത്തില്‍ ഒരു ബഹു-വംശീയ ജനാധിപത്യത്തിന്റെ വാഗ്ദാനത്തേക്കാള്‍ വെളുത്ത ആധിപത്യം സ്വീകരിക്കാന്‍ തീരുമാനിച്ചു' വെന്നതാണ് അതിന്റെ കാതലായ സന്ദേശം. മുഖ്യധാരാ മാധ്യമ സ്റ്റെനോഗ്രാഫര്‍മാരും ഡെമോക്രാറ്റിക് പാര്‍ട്ടിയും അത് പങ്കിടുന്ന  കാര്യം അംഗീകരിക്കാന്‍ അവര്‍ പക്ഷെ വിസമ്മതിച്ചു. സാന്‍ഡേഴ്‌സിന്റെ അഭിപ്രായങ്ങള്‍ ഉപരിതലസ്പര്‍ശി മാത്രമാണ്. ഉപേക്ഷിക്കലിന്റെയും, ധാര്‍മ്മിക തകര്‍ച്ചയുടെയും പ്രശ്‌നം ബോധനശാസ്ത്ര  മേഖലയിലേക്കും വ്യാപിക്കുന്നു: പതിറ്റാണ്ടുകളായി, വെള്ള-ലാറ്റിനോ- കറുത്ത തൊഴിലാളികളെ അവരുടെ സ്വന്തം താല്‍പ്പര്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതിന് വലതുപക്ഷം വിദ്യാഭ്യാസത്തിന്റെ ശക്തി ഉപയോഗിച്ചു. തൊഴിലാളികളുടെ അന്യവല്‍ക്കരണവും, ചൂഷണവും തിരിച്ചറിയാന്‍ അവരെ സഹായിക്കുന്ന വിമര്‍ശനാത്മക ഏജന്‍സിയെക്കുറിച്ചുള്ള ഏതൊരു അവബോധത്തെയെയും അട്ടിമറിക്കുകയും, സ്വേച്ഛാധിപത്യ ആരാധനയിലും, വെളുത്ത മേധാവിത്വ പ്രത്യയശാസ്ത്രത്തിലും അവരെ കുടുക്കിയിടുകയും ചെയ്യുന്ന ആശയങ്ങളുടെ ശക്തിയെപ്പറ്റി ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ മനസ്സിലാക്കിയത് യാഥാസ്ഥിതിക പിന്തിരിപ്പന്മാരാണ്. 1970-കളില്‍ 'പവല്‍ മെമ്മോയില്‍' നിന്നും പ്രചോദനം നേടിയത് അവരാണ്. ഒരുകാലത്ത് വിമര്‍ശനാത്മക ചിന്ത, വിദ്യാഭ്യാസം, ചെറുത്തുനില്‍പ്പ് എന്നിവ പരിപോഷിപ്പിച്ച സ്ഥാപനങ്ങളെ തകര്‍ക്കാന്‍ അവര്‍ സംസ്‌കാരത്തെ ആയുധമാക്കി.

പൊതുബോധത്തിന്റെ പുനര്‍നിര്‍മ്മിതി സ്വന്തം അജണ്ടയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ വിമര്‍ശനാത്മക സാക്ഷരതയെ ആസൂത്രിതമായി ഇല്ലാതാക്കുകയും, പൊതുഇടങ്ങളെ ആക്രമിക്കുകയും, പൊതു- ഉന്നത വിദ്യാഭ്യാസത്തെ വിമോചന ശക്തികളില്‍ നിന്ന് അടര്‍ത്തിയെടുക്കുകയും, അവയെ അടിച്ചമര്‍ത്തലിന്റെയും, പരിശീലനത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. അത് യാദൃശ്ചികമയിരുന്നില്ല; ദീര്‍ഘകാല തന്ത്രത്തിന്റെ സുപ്രധാന ഭാഗമായിരുന്നു. വിയോജിപ്പിനുള്ള സമൂഹത്തിന്റെ കഴിവുകളെ ഇല്ലാതാക്കി, കൂടുതല്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന, സ്വന്തം കീഴ്‌പ്പെടുത്തലില്‍ സ്വമേധയാ പങ്കാളികളാകുന്ന ഒരു ജനതയെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിരിന്നു അത്.

യുക്തി, സത്യം, വിമര്‍ശനാത്മക ചിന്ത എന്നിവയ്‌ക്കെതിരായ ഈ സാംസ്‌കാരിക യുദ്ധത്തിന്റെ ഭീകരമായ പരിസമാപ്തിയാണ് ട്രംപ്. ബഹുജനങ്ങളുടെ അജ്ഞതയും, സിവിക് നിരക്ഷരതയും കേവലം ഉപോല്‍പ്പന്നങ്ങളല്ല, മറിച്ച് തൊഴിലാളികളെയും,  പുറന്തള്ളപ്പെടുന്ന മനുഷ്യരെയും, അവരുടെ ജീവിതത്തെ നശിപ്പിക്കുന്ന സാമ്പത്തിക അനീതികളെയും തിരിച്ചറിയുന്നതില്‍ നിന്നും അവരെ അന്ധരാക്കാക്കുന്ന തന്ത്രത്തിന്റെ ഭാഗമാണത്. ഈ സാമ്പത്തിക അതിക്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം, വിദ്വേഷത്തിന്റെയും, മതഭ്രാന്തിന്റെയും, വര്‍ഗീയ അരങ്ങിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നു.

അന്ധമായ ആരാധനയും, നിര്‍മ്മിച്ചെടുക്കുന്ന അജ്ഞതയും ചേര്‍ന്നൊരുക്കുന്ന, വിശ്വാസം ഉറപ്പിക്കുന്ന ആഹ്വാനങ്ങളുടെ കെട്ടുകാഴ്ച മനസ്സിനെ മലിനമാക്കുന്നതിനൊപ്പം പുറന്തല്‍പ്പെടുന്നവരെ വിധേയരും, വിഭജിക്കപ്പെട്ടവരുമാക്കി മാറ്റാനുള്ള രാഷ്ട്രീയ ആയുധവുമായി  മാറുന്നു. നവലിബറല്‍ പ്രത്യയശാസ്ത്രം അതിന്റെ ഗതിവേഗം തീവ്രമാക്കുന്നു. സ്വാര്‍ത്ഥതയുടെയും, ഞാനെന്ന ഭാവത്തിന്റെയും ശ്വാസം മുട്ടിക്കുന്ന കുമിളകളില്‍ ആളുകളെ തടവിലാക്കുന്നു. പൊതുജനങ്ങളെ അവരുടെ സ്വകാര്യ ജീവിതത്തിനപ്പുറം ഒരു രാഷ്ട്രീയം വിഭാവനം ചെയ്യാനോ അവരുടെ യഥാര്‍ത്ഥ ശക്തി ഐക്യത്തിലും, വിമര്‍ശനാത്മക ബോധത്തിലുമാണെന്ന് തിരിച്ചറിയാനോ കഴിയാത്ത ഒറ്റപ്പെട്ട ഉപഭോക്താക്കളാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്ത,  കൂട്ടായ ഐക്യദാര്‍ഢ്യത്തിന് നേരെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
അതേസമയം അവര്‍ അനുഭവിക്കുന്ന ഉത്കണ്ഠയുടെയും, ഏകാന്തതയുടെയും ഉത്തരവാദികള്‍ അവരുടെ ദുസ്ഥിതി മുതലെടുക്കുകയും, വിദ്വേഷത്തിന്റെയും അധര്‍മത്തിന്റെയും വ്യാജസമൂഹത്തിലേക്ക് അവരെ ആകര്‍ഷിക്കാന്‍ പരുവപ്പെടുത്തുകയും ചെയ്യുന്നു. ഐക്യദാര്‍ഢ്യത്തിന് പകരം ട്രംപിന് കീഴില്‍ അണി നിരക്കുന്നവര്‍ ദ പ്രിന്‍സിപ്പല്‍ ഓഫ് ഹോപ്പില്‍ ഏണസ്റ്റ് ബ്ലോഹ് വിശേഷിപ്പിക്കുന്ന 'സഫലീകരണ ചതി' യെന്ന കെണിയില്‍ പെടുന്നു.

അര്‍ത്ഥവത്തായ സാമൂഹിക മാറ്റത്തിനായി പ്രായോഗികമായ ഒരു പ്രസ്ഥാനവും ദൃഷ്ടിഗോചരത്തില്‍ ഇല്ലാത്തപ്പോള്‍, ട്രംപും അദ്ദേഹത്തിന്റെ ആധുനിക 'ബ്രൗണ്‍ഷര്‍ട്ടു' കളും, ബോധമണ്ഡലത്തിലെ പ്രതിസന്ധി അവശേഷിപ്പിച്ച ശൂന്യതയെ ചൂഷണം ചെയ്തു. ഒരു കോര്‍പ്പറേറ്റ് നിയന്ത്രിത സംസ്‌കാരം അവര്‍ ആ വിടവില്‍ കുത്തിവച്ചു. വെറുപ്പും, ഭയവും, ഉത്കണ്ഠയും, അവസാനമില്ലാത്ത ഫാസിസ്റ്റു ശൈലിയിലുള്ള കെട്ടുകാഴ്ചകളും അങ്ങനെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തി.  വിഭജനവും, അനുസരണയും ആളിക്കത്തിക്കാനും കൂട്ടായ ചെറുത്തുനില്‍പ്പിനും, വിമോചനത്തിനുമുള്ള ഏതെങ്കിലും പാതയില്‍ നിന്ന് പൊതുജനങ്ങളെ വ്യതിചലിപ്പിക്കാനുമായി രൂപകല്‍പ്പന ചെയ്ത അത്തരം കെട്ടുകാഴ്ചകള്‍ 1930-കളിലെ ന്യൂറംബര്‍ഗിനെ അനുസ്മരിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വിഭജനത്തിന്റെയും, മനുഷ്യത്വരഹിതമായ വാചാടോപത്തിന്റെയും ഈ കാര്‍ണിവല്‍ രാജ്യത്തിന്റെ പൗര, വിദ്യാഭ്യാസ ഘടനയെ നശിപ്പിക്കുക മാത്രമല്ല നല്ലൊരു പങ്ക് അമേരിക്കക്കാരും, ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെ വീക്ഷിക്കുന്ന രീതിയാകെ മാറ്റിമറിച്ച വിഷലിപ്തമായ ജനപ്രിയ സംസ്‌കാരം സൃഷ്ടിച്ചു.

ഈ ഫാസിസ്റ്റ് തേരോട്ടത്തെ നേരിടണമെങ്കില്‍, ഒരു ബഹുജന പ്രസ്ഥാനത്തിന് വേണ്ടുന്ന  ബഹുജന ബോധം പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ കാര്യങ്ങളിലേക്ക് നാം  അടിയന്തിരമായി മടങ്ങണം. ഈ പുതിയ ഫാസിസ്റ്റ് ഭരണകൂടം ഭരിക്കുന്നത് തടയാന്‍ ബഹുജന ബോധം, പണിമുടക്കുകള്‍, മറ്റ് നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂട്ടായി ഉപയോഗിക്കാന്‍ കഴിയും. കഷ്ടപ്പാടും, അക്രമവും, കൈക്കരുത്തും ചൊരിയുന്ന, അതില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്ന  ഈ മരണയന്ത്രത്തെ നാം തടയേണ്ടതുണ്ട്.

ട്രംപ് അധികാരത്തില്‍ വന്നതോടെ, അമേരിക്കന്‍ പൗരന്മാര്‍ ഒരു ഫാസിസ്റ്റ് അജണ്ടയെ വിത്തും വളവും നല്‍കി പുഷ്ടിപ്പെടുത്തി. അതിസമ്പന്നരെ സമ്പന്നമാക്കുക, ക്ഷേമരാഷ്ട്രത്തെ തകര്‍ക്കുക, ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുക, ഉത്തരവാദിത്തം, വിമര്‍ശനാത്മക ചിന്ത, ജനാധിപത്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കുക. ഇവ വെറും ഔപചാരികതകളല്ല; അവ സമൂലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ജനാധിപത്യത്തിന്റെ ജീവരക്തവും, വിവേകികളായ മനുഷ്യര്‍ക്കുള്ള സംരക്ഷണവുമാണ്. അപകടകരമായ ഈ  നിമിഷത്തില്‍, അഡോണോയെയും അരെന്‍ഡിനെയും പിന്തുടരുന്ന സെയില ബെന്‍ഹാബിബ് ആഴം നിറഞ്ഞ അടിയന്തിരമായ ഒരു ചോദ്യവുമായി നമ്മെ അഭിമുഖീകരിക്കുന്നു: 'ചിന്തിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? 'ട്രംപിന്റെ തിരഞ്ഞെടുപ്പെന്ന കടുത്ത യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുമ്പോള്‍ 'പുതുതായി ചിന്തിക്കാന്‍ പഠിക്കുക' എന്ന അവരുടെ ആഹ്വാനം പ്രത്യേക ശക്തിയോടെ മുഴങ്ങുന്നു.

സംസ്‌കാരം, രാഷ്ട്രീയം, അധികാരം, പോരാട്ടം, വിദ്യാഭ്യാസം എന്നിവയുടെ അടിത്തറയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ നാം ഇപ്പോള്‍ നിര്‍ബന്ധിതരാകുന്നു. സാധ്യതകള്‍ വ്യക്തമാണ്. വില്‍ ബഞ്ച് ചൂണ്ടിക്കാണിക്കുന്നതുപോലെ, ഒരു തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഒരാള്‍ - പ്രത്യക്ഷമായി വംശീയതയെ പിന്തുണയ്ക്കുന്ന, വെള്ളക്കാരുടെ ആധിപത്യത്തെ ആശ്ലേഷിക്കുന്ന, തന്റെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് വീമ്പിളക്കുന്ന, കൂട്ട നാടുകടത്തല്‍ വാഗ്ദാനം ചെയ്ത, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരാള്‍ - വീണ്ടും അധികാരത്തിലെത്തുന്നു. യഥാര്‍ത്ഥത്തിലുള്ള  സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിനായുള്ള നമ്മുടെ ജനാധിപത്യ പ്രതിബദ്ധതകളുടെയും തന്ത്രങ്ങളുടെയും സമൂലമായ പുനര്‍മൂല്യ നിര്‍ണ്ണയം ആവശ്യപ്പെടുന്ന ചരിത്രപരമായ വഴിത്തിരിവാണിത്.

REPRESENTATIVE IMAGE | WIKI COMMONS
'അമേരിക്കന്‍ സ്വപ്നം ഒരു അമേരിക്കന്‍ പേടിസ്വപ്നമായി മാറിയിരിക്കുന്നു [ഡൊണാള്‍ഡ് ട്രംപ്] നമ്മുടെ രോഗബാധിത സമൂഹത്തിന്റെ ലക്ഷണമാണ്. അതിന്റെ കാരണമല്ല. ജീര്‍ണ്ണതയുടെ ഛര്‍ദ്ദിയില്‍ പുറത്തുവന്നവന്‍ മാത്രമാണ് അയാള്‍'  എന്ന് ക്രിസ് ഹെഡ്ജസ് സമയോചിതമായ മുന്നറിയിപ്പ് നല്‍കുന്നു,

പതിറ്റാണ്ടുകളായി തുടരുന്ന ധാര്‍മ്മികവും സാമൂഹികവുമായ തകര്‍ച്ചയുടെ സഞ്ചിത ഫലങ്ങളെ ട്രംപ് ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം ഒരു വിടവാങ്ങലല്ല, മറിച്ച് ആഴത്തില്‍ വേരൂന്നിയ ഒരു ദേശീയ പ്രതിസന്ധിയുടെ തീവ്രതയുടെ സൂചനയാണ്.

ഫാസിസ്റ്റ് രാഷ്ട്രീയത്തെയും സ്വേച്ഛാധിപത്യ ഭരണത്തെയും ശക്തിപ്പെടുത്തുന്ന ശക്തികളെ നേരിടാനും തകര്‍ക്കാനുമുള്ള അടിയന്തിര വെല്ലുവിളിയാണ് ഈ ചരിത്ര നിമിഷത്തില്‍ നാം അഭിമുഖീകരിക്കുന്നത്. സിദ്ധാന്തം, വിദ്യാഭ്യാസം, പഠനത്തിന്റെ വിമോചനശക്തി എന്നിവയോടുള്ള നമ്മുടെ സമീപനത്തെ വിപ്ലവകരമായി പരിവര്‍ത്തനം ചെയ്യേണ്ട നിമിഷമാണിത്. ഒട്ടും ക്ഷമാപണമില്ലാത്ത  മുതലാളിത്ത വിരുദ്ധതയും, അചഞ്ചലമായ ജനാധിപത്യ പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ, ബഹു-വംശീയ തൊഴിലാളി വര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നമ്മുടെ പക്കലുള്ള ഉപകരണങ്ങള്‍ അവയാണ്.

അമേരിക്കന്‍ അസാധാരണത്വം എന്ന മിഥ്യാധാരണയും, ജനാധിപത്യവും മുതലാളിത്തവും പര്യായങ്ങളാണെന്ന അപകടകരമായ മിഥ്യയും നാം ഉപേക്ഷിക്കണം. നിഷ്‌ക്രിയത്വത്തിന്റെ വില ഭയാനകമാണ്: ജനാധിപത്യം കേവലം ഇല്ലാതാകുക മാത്രമല്ല അതിന്റെ ഫലം. അക്രമാസക്തമായ ഒരു പോലീസ് ഭരണകൂടം പകരമാവുന്ന ഭാവിയും, രക്തത്തില്‍ കുതിര്‍ന്ന വഞ്ചനയും, നീതിയുടെയും സമത്വത്തിന്റെയും വാഗ്ദാനങ്ങളോടും ആദര്‍ശങ്ങളോടും പ്രതിജ്ഞാബദ്ധമായ ഒരു സമൂഹത്തിന്റെ സ്വപ്നം കെടുത്തിക്കളയുന്നു.

വിട്ടുവീഴ്ചയില്ലാത്ത ലക്ഷ്യത്തോടെ, ധീരമായ പ്രവര്‍ത്തനത്തിനുള്ള ഒരു ബ്ലൂപ്രിന്റ് - ഫാസിസ്റ്റ് ക്രൂരത, മതഭ്രാന്ത്, സാമ്പത്തിക വരേണ്യവര്‍ഗത്തിന്റെ നീരാളിപ്പിടുത്തം  എന്നിവയെ ചെറുക്കുന്ന - റാഡിക്കല്‍ ജനാധിപത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയോടെ ഈ നിമിഷത്തെ നാം അഭിമുഖീകരിക്കണം. നീതിയും ഐക്യദാര്‍ഢ്യവും മാനുഷിക അന്തസ്സും കേവലമായ ആദര്‍ശങ്ങള്‍ മാത്രമല്ല. നമ്മെ വിഴുങ്ങാനടക്കുന്ന ഫാസിസത്തിന്റെ വേലിയേറ്റത്തെ ചെറുക്കുന്ന ഭാവിയുടെ ഭാഗമാണവ. ഒന്നുകില്‍ ഈ വാഗ്ദാനം വീണ്ടെടുക്കാന്‍ നമ്മള്‍ പോരാടുന്നു, അല്ലെങ്കില്‍ തിരിച്ചുപോക്കില്ലാത്ത ഇരുട്ടിന് നമ്മള്‍ കീഴടങ്ങുന്നു.



#outlook
Leave a comment