TMJ
searchnav-menu
post-thumbnail

Outlook

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യാവകാശങ്ങളില്‍ ഇടപെടുമ്പോള്‍

21 Nov 2023   |   4 min Read
നീനു കെ ജയന്‍

''It's not artificial intelligence that we should be afraid about the abusive behaviour of human stupidity'

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആവിര്‍ഭാവം സാങ്കേതിക നവീകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടിട്ടുണ്ട്. മെഷീന്‍ ലേണിംഗും ബൃഹത്തായ ഡാറ്റ സെറ്റുകളും വഴി നയിക്കപ്പെടുന്ന അല്‍ഗോരിതങ്ങള്‍ക്ക് ദ്രുതഗതിയില്‍ വ്യക്തികളെ വ്യക്തിപരവും, സാമൂഹികപരവുമായ തലത്തില്‍ സ്വാധീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ ഹ്യൂമന്‍ ഇന്റലിജന്‍സ് എത്തരത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് ? ഹ്യൂമന്‍ ഇന്റലിജന്‍സും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും രണ്ട് തലങ്ങളില്‍ അതിന്റെതായ പരിമിതികളോട് കൂടി നിലനില്‍ക്കുന്നു. കൃത്രിമ ബുദ്ധിയും, മാനുഷിക ബുദ്ധിയും വ്യത്യാസപെട്ടിരിക്കുന്നത് അതിന്റെ സാധ്യമായിട്ടുള്ള പഠന രീതികളില്‍ തന്നെയാണ്. മാനുഷിക ബുദ്ധിയെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെതായ സ്രോതസ്സുകളില്‍ നിന്ന് പുതിയ അറിവുകള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. അവബോധജന്യമായ ഭൗതീകപരവും, ജീവശാസ്ത്രപരവും, മനഃശ്ശാസ്ത്രപരവുമായ സവിശേഷതകളും മെന്റല്‍ മോഡല്‍സും മനുഷ്യനെ വ്യത്യസ്തനാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലഭ്യമായിട്ടുള്ള ഹിസ്റ്റോറിക്കല്‍ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ മെഷീന്‍ ലേണിംഗിലൂടെ മാനുഷിക ബുദ്ധിയുടെ പകര്‍പ്പുകള്‍ അതേ രീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നു. കൂടുതല്‍ ഡാറ്റകള്‍ കിട്ടുന്നതിനനുസരിച്ച് അതില്‍ നിന്നും സ്വയം പഠിക്കുവാന്‍ ഉള്ള പര്യാപ്തതയാണ് മെഷീന്‍ ലേണിംഗ്. വാസ്തവത്തില്‍ മെഷീന്‍ ലേണിംഗിന് ആവശ്യമായ ഡാറ്റകള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ കൈമാറുന്നുണ്ട്. അത്തരത്തില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ലഭ്യമായ ഹിസ്റ്റോറിക്കല്‍ ഡാറ്റ പഠിച്ചതിന് ശേഷം ഇനിയെന്താണ് നടക്കുവാന്‍ പോകുന്നത് എന്നു പ്രവചിക്കുവാനും, വര്‍ഗ്ഗീകരിക്കുവാനുമുള്ള കഴിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധ്യമാണ്.

ഇന്ന് എല്ലാ ബിസിനസ്സ് മേഖലകളും അവരുടെ വളര്‍ച്ചയ്ക്ക് AI ഉപയോഗിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ്, റെക്കമെന്റേഷന്‍ എഞ്ചിന്‍സ്, സോഷ്യല്‍ മീഡിയ, നെറ്റ് ഫ്‌ലിക്സ്സ്, സ്മാര്‍ട്ട് പേഴ്സണല്‍ അസിസ്റ്റന്റുകളായ സിരി (ആപ്പിള്‍), അലെക്‌സ (ആമസോണ്‍), വിവിധതരം ചാറ്റ് ബോട്ടുകള്‍ എല്ലാം അവയുടെ അല്‍ഗോരിതമിക് ഡാറ്റകള്‍ ന്യൂറൽ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ഇന്റലിജന്‍സിനെ ഉത്തേജിപ്പിക്കുയാണ് ചെയ്യുന്നത്. പലപ്പോഴും ഓരോ വ്യക്തികള്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള മ്യൂസിക്, വസ്ത്രങ്ങള്‍, വീഡിയോസ്, മൂവീസ് എന്നിവയെല്ലാം അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മീഡിയകള്‍ നിര്‍ദ്ദേശിക്കുന്ന സന്ദര്‍ഭം കടന്നുപോയിട്ടുണ്ടാവാം. വ്യക്തി താല്‍പ്പര്യങ്ങളെ മനസ്സിലാക്കി അവര്‍ക്ക് ഉതകുന്ന തരത്തില്‍ അനുകൂലമായ വിവരങ്ങള്‍ പ്രവചിക്കുവാനും സംതൃപ്തമായ മനുഷ്യ ഘടനയെ രൂപീകരിക്കുവാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങള്‍ക്ക് കഴിയുന്നു. ഹിസ്റ്റോറിക്കല്‍ ഡാറ്റാ വിശകലനത്തിലൂടെ പുതിയ വിവരങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നതില്‍ പരിമിതികളും അതോടൊപ്പം തന്നെ പല തരത്തിലുള്ള പ്രശനങ്ങളിലേക്കും AI  (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വഴിവെച്ചിട്ടുണ്ട്. 2015 ല്‍ ഗൂഗിള്‍ ഫോട്ടോസ് അതില്‍ ഉള്‍പ്പെടുത്തുന്ന ഫോട്ടോകളുടെ സവിശേഷതകള്‍ക്കനുസരിച്ച് ഓട്ടോമാറ്റിക് ഗ്രൂപ്പുകളായി തരംതിരിക്കപ്പെടുന്ന പുതിയ ഫീച്ചര്‍ അപ്ഡേറ്റുകള്‍ കൊണ്ടുവന്നു. അത്തരത്തില്‍ ആഫ്രിക്കന്‍ അമേരിക്കന്‍സിന്റെ ഫോട്ടോ 'ഗോറില്ലാസ്' എന്ന ടാഗ് ലൈനില്‍ ഉള്‍പ്പെടുകയും അതൊരു വംശീയാധിക്ഷേപത്തിന് സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗൂഗിള്‍ ക്ഷമാപണം നടത്തുകയും ഫോട്ടോ ഹാഷ് ടാഗ് ലൈനില്‍ നിന്ന്  നീക്കം ചെയ്യുന്ന സന്ദര്‍ഭം ഉണ്ടായി. നിലവില്‍ ലഭ്യമായിട്ടുള്ള ഇന്റര്‍നെറ്റ് ഡാറ്റകളില്‍ 77% ആളുകളും പൊതുബോധ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ വെളുപ്പിന്റെ മാര്‍ക്കറ്റ് സ്ട്രാറ്റജിയുടെ ഭാഗമാണ്. ബാക്കി വരുന്ന 23% വ്യക്തികളുടെ പൊളിറ്റിക്കല്‍ ഐഡന്റിറ്റി തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ പരിമിതി മാനുഷിക വിവേചനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ടെക്‌നോളജിയില്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന വികസനങ്ങള്‍ പല മേഖലകള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ക്കപ്പുറത്തേയ്ക്ക്,  പ്രശ്‌നപരിഹാരം ലഭ്യമാക്കുന്നു എന്നതിനപ്പുറത്തേക്ക് നഷ്ടപ്പെടുവാനും ഏറെയുണ്ട് എന്ന ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
AI മുന്നോട്ട് വെക്കുന്ന ഉപയോഗപ്രദമായ പല ഉറവിടങ്ങളുടേയും ദുരുപയോഗം മൂലമുണ്ടാവുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈ കാലയളവില്‍ വ്യാപകമായികൊണ്ടിരിക്കുന്നു. തെന്നിന്ത്യന്‍ താരം രശ്മികയുടെ ഡീപ്പ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഇത്തരത്തിലുള്ള ടെക്നോളജിയുടെ ദുരുപയോഗങ്ങളില്‍ ആശങ്കയറിച്ച് അമിതാഭ് ബച്ചന്‍, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഡീപ്പ്‌ഫേക്കിലൂടെ ഒരു പോണോഗ്രാഫിക്ക് കണ്ടന്റിലേക്ക് ചിത്രീകരിക്കുകയും അവരുടെ അനുവാദത്തോട് കൂടിയോ അറിവോട് കൂടിയോ അല്ലാതെ നവമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകവഴി വ്യക്തികളുടെ സ്വകാര്യതകളെ ചൂഷണം ചെയ്യുകയും അപമാനിക്കുകയും ചെയ്യുക എന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. അതേ തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസന്മാര്‍ഗ്ഗികമായ മനുഷ്യന്റെ ഹാക്കിങ് മെന്റാലിറ്റി ടൂളായി മാറ്റപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ സൈബര്‍ സെക്യൂരിറ്റിയുടെ (ENISA) റിപ്പോര്‍ട്ട് പ്രകാരം സെല്‍ഫ് ഡ്രൈവിംഗ് കാറുകളില്‍ അടങ്ങിയിരിക്കുന്ന നൂതന കംമ്പ്യൂട്ടറുകള്‍ കാരണം അവ ഹാക്കിംഗിന് ഇരയാകുന്നു. ഇത് യാത്രക്കാരേയും, കാല്‍നടക്കാരേയും, മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരേയും അപകടത്തില്‍ കൊണ്ടെത്തിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നു. പരോക്ഷമായി മനുഷ്യനെ ഇല്ലായ്മ ചെയ്യുവാന്‍ ഉള്ള സാധ്യതകള്‍ മനുഷ്യന്റെ ബ്രൂട്ടല്‍ മെന്റാലിറ്റിക്ക് വഴിയൊരുക്കുന്നു. ഒരു സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഒരു ദിവസം നിങ്ങളെ മനോഹരമായ സവാരിക്ക് കൊണ്ടുപോയേക്കാം. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് ഒരുപക്ഷേ അത് അവസാനിച്ചേക്കില്ല. 

വ്യക്തിഗത മാനുഷിക വൈരുധ്യത്തിന് പുറമെ മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെ ഒരു ചട്ടക്കൂടില്‍ അധാര്‍മ്മികമായി ബന്ധിക്കാന്‍ അവര്‍ക്ക് മുകളില്‍ തന്ത്രങ്ങള്‍ മെനയുന്ന ഒരു പൊളിറ്റിക്കല്‍ പവര്‍ യാഥാര്‍ത്ഥ്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗുണഭോക്ത ശക്തിയായി മാറുന്നു. എന്ത് കാണണം, എന്ത് കാണരുത്, എന്ത് എഴുതണം, എന്ത് എഴുതരുത്, എന്ത് പറയണം, എന്ത് പറയരുത് എന്നു തീരുമാനമെടുക്കുവാനുള്ള അധികാരം സ്റ്റേറ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെക്കപ്പെടുകയും പകരം ഫില്‍റ്റര്‍ ചെയ്യപ്പെട്ട വിവരങ്ങള്‍ മാത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്രയധികം നെറ്റ്‌വര്‍ക്കിംഗ് ഉള്ള സോഷ്യല്‍ മീഡിയകളില്‍ പോലും പുറം ലോകം അറിയാത്ത പല യാഥാര്‍ത്ഥ്യങ്ങളും മറച്ചുവെക്കപ്പെടുവാന്‍ സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങളെ വിലക്ക് വാങ്ങുന്ന ഒരു പൊളിറ്റിക്കല്‍ അജണ്ട ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഓരോ വ്യക്തികളുടേയും സ്വകാര്യ നിത്യ ജീവിതത്തിലേക്ക് അവര്‍ക്കുപുറമേ തീരുമാനമെടുക്കുവാനും, സ്വമേധയാ നിയന്ത്രിതരായി പോവുന്ന മനുഷ്യ വംശത്തിന്റെ സൃഷ്ടി 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മൊത്തം തുകയാണ്. മറ്റൊരു തരത്തില്‍ ഇതൊരു പോസ്റ്റ് ഹ്യൂമനിസത്തിന്റെ ഉയര്‍ച്ചയാണ് എന്നാല്‍ ഇതിന്റെ പ്രത്യാഘാതം മാനവികതയെ ആഗോളതലത്തില്‍ ആക്രമണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. ഒരു പോസ്റ്റ് ഹ്യൂമനിസത്തിന്റെ കാഴ്ചപ്പാടുകള്‍ മനുഷ്യരും മനുഷ്യരല്ലാത്തവരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍പ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച അതിനോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന സമൂഹത്തിലെ വിശാലമായ പ്രവണതകളില്‍ പ്രതിഫലിക്കുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
പോസ്റ്റ് ഹ്യൂമനിസം മെച്ചപ്പെടുത്തിയ മാനവികതയുടെ സാങ്കേതിക ഭാവിയെക്കുറിച്ചുള്ള ഗൂഗിളിന്റെ ചീഫ് എഞ്ചിനീയറായ റേ കാര്‍സ്വെയ്‌ലിന്റെ കാഴ്ചപ്പാടില്‍, സാങ്കേതിക വികസനത്തിന്റെ എക്‌സ്‌പോണന്‍ഷ്യല്‍ നിരക്ക് നമുക്ക് അറിയാവുന്നത് പോലെ മനുഷ്യ ചരിത്രത്തിന് അന്ത്യം കുറിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യര്‍ക്കും അവര്‍ അധിവസിക്കുന്ന ലോകത്തിനും സംഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും മനുഷ്യന്റെ ദുരുപയോഗത്തിന്റെ പ്രവര്‍ത്തന ഫലമാണെന്നും അതിനാല്‍ മനുഷ്യന്റെ ഉത്തരവാദിത്തം ഇതിനുമുകളില്‍ ഉള്‍പ്പെടുന്നുവെന്നും പോസ്റ്റ് ഹ്യൂമനിസം ഓര്‍മപ്പെടുത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിലേക്ക് മാറി കഴിഞ്ഞിരിക്കുന്നു. ഇത് അപകടകരമായി ഉയര്‍ന്നുവരുന്ന കഴിവുള്ള എക്കാലത്തേയും വലിയ പ്രവചനാതീതമായ ബ്ലാക്ക്-ബോക്സ് മോഡലിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ്. സമകാലിക AI സംവിധാനങ്ങള്‍ പൊതുവായ ജോലികളില്‍ മനുഷ്യ മത്സര സ്വഭാവമുള്ളതായി മാറുകയാണ്. മനുഷ്യനെ മാറ്റിസ്ഥാപിക്കുന്ന മനുഷ്യത്വരഹിതമായ മനസ്സുകള്‍ നാം വളര്‍ത്തിയെടുക്കേണ്ടതുണ്ടോ ? മനുഷ്യ മത്സര ബുദ്ധിയുള്ള AI സംവിധാനങ്ങള്‍ക് സമൂഹത്തിനും മനുഷ്യത്വത്തിനും അഗാധമായ അപകടസാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയും. ടെക്നോളജിയുടെ വികസനം അത്യന്താപേക്ഷിതമാണ് എന്നാല്‍ അവയുടെ ഫലങ്ങള്‍ പോസിറ്റീവായിരിക്കണം. നൂതന AI അല്‍ഗോരിതങ്ങളുടെ ഭൂമിയിലെ ജീവചരിത്രത്തില്‍ ഒരു അഗാധമായ മാറ്റത്തെ പ്രതിനിധീകരിക്കാനുള്ള കഴിവിനെ അതിന് ആനുപാതികമായ പരിചരണവും വിഭവങ്ങളും ഉപയോഗിച്ച് ആസൂത്രണം ചെയ്യുവാനും അതിന് മുകളില്‍ ഒരു നൈതീക ഭരണവും, കണ്‍ട്രോള്‍ മെക്കാനിസവും നടപ്പിലാക്കുവാനും എല്ലാ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാനും സ്റ്റേറ്റിന് സാധിക്കണം. ധാര്‍മ്മികമായ ഇടപെടലുകളാണ് ചെറുത്തുനില്‍പ്പിന്റെ ആവശ്യകത.



#outlook
Leave a comment