TMJ
searchnav-menu
post-thumbnail

Outlook

സമാധാനം അന്യമാകുമ്പോള്‍

21 Oct 2023   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

കുര്‍ദിഷ് വംശജയായ മഹ്‌സ അമീനി കൊല്ലപ്പെടുമ്പോള്‍ 22 വയസ്സായിരുന്നു. മഹ്‌സയുടെ കൊലപാതകത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. അതിന്റെ രൂപം ഇറാനിയന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി കൈക്കൊള്ളുന്ന പിന്തിരിപ്പന്‍ നയങ്ങളാണ്. മഹ്സ അമീനി വീണ്ടും വാര്‍ത്തയാവുകയാണ്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും മൗലിക സ്വാതന്ത്ര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളേയും ആദരിക്കുന്നതിനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം ഈ വര്‍ഷം ലഭിച്ചിരിക്കുന്നത് സദാചാര പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്സ അമീനിക്കാണ്. സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ച ആന്‍ഡ്രി സഖറോവിന്റെ പേരിലുള്ളതാണ് അവാര്‍ഡ്. 1975 ലാണ് സഖറോവിന് സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു നൊബേല്‍. സോവിയറ്റ് സമൂഹത്തിലെ വ്യവസ്ഥകളെ നിശിതമായി വിമര്‍ശിച്ച സഖറോവിന് നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ നേടിയത് ഇറാനിലെ തടവറയില്‍ കഴിയുന്ന നര്‍ഗിസ് മുഹമ്മദിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. രക്തസാക്ഷികള്‍ക്കും തടവറയില്‍ കിടക്കുന്നവര്‍ക്കും നല്‍കുന്ന ഇത്തരം അവാര്‍ഡുകള്‍ അവരുടെ ജീവിതത്തിനും ജീവനും ഉള്ള പ്രാധാന്യത്തെ പ്രകാശിപ്പിക്കുന്നതും കൂടിയാണ്. എന്നാല്‍ ലോകത്തില്‍ തടവറകളുടെ എണ്ണം കൂടുന്നു, തടവുകാരുടെ എണ്ണം കൂടുന്നു.

നര്‍ഗിസ് മുഹമ്മദി | PHOTO: WIKI COMMONS
മഹ്സ അമീനിയെ ലോകത്തിന് മറക്കാനാവില്ല. സദാചാരവും തീവ്രമതബോധവും ചങ്ങലക്കിട്ടു വളര്‍ത്തുന്ന ഒരു കൂട്ടം പുരുഷ പൊലീസുകാരാല്‍ ക്രൂരമായി കൊല്ലപ്പെട്ട അവരെ ചരിത്രത്തില്‍ നിന്നും തുടച്ചു നീക്കുക പ്രയാസമാണ്. അവരുടെ കൊലപാതകത്തിന്റെ അലയൊലികള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തുടരുന്നു. ലോകം എന്നത്തേയും പോലെ വലതു കരങ്ങളുടെ ഞെരുക്കലില്‍ ശ്വാസം മുട്ടിയാണ് 2023 ലും മുന്നോട്ടു പോകുന്നത്. പുറത്തു വരുന്നത് കൂടുതല്‍ ക്രൂരതകള്‍, അക്രമങ്ങള്‍ , കൊലപാതകങ്ങള്‍, മാനസികവും ശാരീരികവുമായ ബലാത്സംഗങ്ങളുമാണ്. സമാധാനത്തിന്റെ ദിനങ്ങള്‍ എണ്ണിയാല്‍ വളരെ ചുരുക്കും. നിലവില്‍ ഇസ്രായേല്‍ പലസ്തീനു നേരെ അഴിച്ചുവിടുന്ന ക്രൂരതകള്‍ വാളായി ലോകത്തിനു മുകളില്‍ തൂങ്ങുന്നു. അഞ്ഞൂറും ആയിരവും മനുഷ്യര്‍ ഒരൊറ്റ മിസൈല്‍ പ്രഹരത്തില്‍, ഒരു ഞൊടിയില്‍ മരിച്ച് മണ്ണടിയുന്നു. ഓരോ മണിക്കൂറിലും പുറത്തുവരുന്ന വീഡിയോകളില്‍ തല തല്ലിക്കരയുന്ന സ്ത്രീകളേയും കുട്ടികളേയും കാണാം. ലോകം ചുരുങ്ങി ചുരുങ്ങി മതവെറിയുടെ, സ്വജന പക്ഷപാതത്തിന്റെ, ക്രൂരതകളുടെ, യുദ്ധത്തിന്റെ ആകെത്തുകയായി മാറുന്നു. ലോകത്ത് സമാധാനത്തിന്റെ ദിനങ്ങള്‍ എണ്ണിയാല്‍ ചുരുക്കം.

മഹ്സ അമീനി | PHOTO: WIKI COMMONS
മഹ്സ അമീനി കൊല്ലപ്പെട്ടിട്ടും ആയിരക്കണക്കിനു സ്ത്രീകള്‍ തെരുവില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മുദ്രാവാക്യം മുഴക്കിയിട്ടും ഇറാന്‍ ഭരണകൂടത്തിന് അതൊരു വിഷയമല്ല. മഹമ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഗൈഡന്‍സ് പട്രോള്‍ എന്നറിയപ്പെടുന്ന മതകാര്യ പോലീസ് സ്ഥാപിക്കപ്പെടുന്നത്. വസ്ത്രധാരണം ഉള്‍പ്പെടെയുള്ള പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരം ഇവര്‍ക്കുണ്ടായിരുന്നു. ഇറുകിയ വസ്ത്രം, സ്ലീവ് കുറഞ്ഞ വസ്ത്രം റൈപ്പ്ഡ് ജീന്‍സ് ഇവയൊന്നും ധരിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇഷ്ടാനുസരണം വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാല്‍ കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള അധികാരം മത പൊലീസിന് ഉണ്ടായിരുന്നു. മദ്യപിച്ചാലോ ബന്ധുവല്ലാത്ത പുരുഷന്മാരുടെ കൂടെ സ്ത്രീകള്‍ ഒത്തുകൂടിയാലോ ഇതേ നടപടിയാണ് സ്വീകരിച്ചിരുന്നത്. ഒന്നു പതുങ്ങുകയും പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ സാദാചാര പട്രോളിങ്ങ് പുനരാരംഭിക്കുകയുമാണ് അവര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇറാനില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പിടികൂടാന്‍ പൊലീസ് പട്രോളിങ് പുനരാരംഭിച്ചത് ജൂലൈയിലാണ്. മഹ്സ അമീനി മരണപ്പെട്ട് 10 മാസം കഴിയുമ്പോള്‍ ആണ് നിയമം വീണ്ടും കര്‍ശനമാക്കിയത്. പൊതുസ്ഥലങ്ങളില്‍ മുടി അനാവരണം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പൊതുവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതാണ്. മഹ്സയുടെ മരണവും അതിനെ തുടര്‍ന്ന് പെണ്ണുങ്ങള്‍ മുടിമുറിച്ചും നഗ്‌നരായും ഹിജാബ് കത്തിച്ചും നടത്തിയ പ്രതിഷേധങ്ങളും ഇതോടെ റദ്ദ്് ചെയ്യപ്പെട്ടു. പ്രതിഷേധത്തില്‍ 500 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 20,000 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഏഴുപേരെ വധിക്കുകയും ചെയ്തു. ഒരു സ്ത്രീ കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധിച്ച ഏഴുപേര്‍ക്ക് ലഭിച്ച ശിക്ഷയാണ് മരണം.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ഇറാനില്‍ നിരവധിയാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പൂട്ടിക്കുക, പെണ്‍കുട്ടികളെ പഠനത്തില്‍ നിന്നും തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ നവംബര്‍ മാസം മുതല്‍ ഇറാനിലെ ഏകദേശം അയ്യായിരം സ്‌കൂളുകള്‍ക്ക് നേരെ വിഷവാതക പ്രയോഗം ഉണ്ടായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുപ്പതു പ്രവിശ്യകള്‍ ഉള്ളതില്‍ ഇരുപത്തിയൊന്ന് പ്രവിശ്യകളിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. 1200 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. വിഷവാതകം ശ്വസിച്ച് ഫാത്തിമെഹ് റെസോയി എന്ന പതിനൊന്നുകാരി മരിക്കുകയുണ്ടായി. തികച്ചും സാമൂഹിക വിരുദ്ധരായ തീവ്ര മതവാദികളാണ് ഇത് ചെയ്തതെന്നാണ് ആരോപണം. ഇറാനില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ചിത്രം കഴിഞ്ഞ നവംബറില്‍ നടന്ന പ്രക്ഷോഭങ്ങളിലൂടെ ലോകം അറിഞ്ഞതാണ്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് ഇറാന്‍ ജനതയുടെ ഭാഗത്തു നിന്നും അന്ന് ഉണ്ടായത്.

PHOTO: WIKI COMMONS
വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയുള്ള വിഷവാതകപ്രയോഗം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി സംഭവത്തെ തുടര്‍ന്ന് അന്ന് പ്രതികരിച്ചത്. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന് സമാനമായ നടപടികളാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലുള്‍പ്പെടെ ഇറാന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയം. പ്രതിഷേധിക്കുന്നവരെയും വിവിധ കുറ്റകൃത്യങ്ങള്‍ ചുമത്തി തടവിലാക്കുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കുന്നതിലൂടെ രാജ്യത്ത് സാമൂഹികമായ ഭയവും ഭീകരതയും സൃഷ്ടിക്കാനാണ് അധികാരികളുടെ ശ്രമമെന്ന് ലോകവ്യാപകമായി ഉയര്‍ന്നുവന്ന ആരോപണമാണ്. ഇതിനെ ശരിവെക്കും വിധത്തിലാണ് രാജ്യത്ത് വധശിക്ഷയുടെ എണ്ണം കൂടിവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മഹ്സ കൊല്ലപ്പെട്ട് ഒരു വര്‍ഷം കടന്നു പോകുമ്പോഴാണ് നര്‍ഗിസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കുന്ന 19-ാമത്തെ വനിതയാണ് നര്‍ഗീസ്. രണ്ടാമത്തെ ഇറാനിയന്‍ വനിതയും. ഇറാനില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടിയും നര്‍ഗീസ് നടത്തിയ പോരാട്ടങ്ങള്‍ക്കാണ് നൊബേല്‍ ലഭിച്ചത്. തെഹ്റാനിലെ എവിന്‍ ജയിലില്‍ തടവില്‍ കഴിയുന്ന സമയത്താണ് നര്‍ഗിസിനെ തേടി അവാര്‍ഡ് എത്തിയത്. 31 വര്‍ഷം തടവും 154 ചാട്ടയടിയുമാണ് അവര്‍ക്ക് നിലവിലുള്ള ശിക്ഷ. രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ലോകമെമ്പാടുമുള്ള ജയിലില്‍ കിടക്കുന്ന പതിനായിരക്കണക്കിന് തടവുകാരില്‍ ഒരാള്‍. എന്നാല്‍ ഈ പ്രാവശ്യത്തെ സമാധാന നൊബേലിന്റെ പ്രത്യേകത അതൊരു സ്ത്രീക്കു കിട്ടിയെന്നതും ഇറാന്‍ പോലുള്ള ഒരു രാജ്യത്തെ സ്ത്രീക്ക് കിട്ടിയെന്നതുമാണ്. മാത്രമല്ല അതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം രക്തസാക്ഷി മഹ്സ അമീനിക്കു ലഭിച്ചിരിക്കുന്നു. ഇറാന്‍ ഭരണകൂടത്തിനേറ്റ ഒരു പ്രഹരം കൂടിയാണിത്. രണ്ട് പെണ്ണുങ്ങള്‍, മതനിയമങ്ങള്‍ക്കെതിരെ നിലകൊണ്ട് മരണപ്പെട്ടു പോവുകയും ജയിലില്‍ കിടക്കുകയും ചെയ്യുന്ന പെണ്ണുങ്ങള്‍ കൊടുത്ത പ്രഹരം.


#outlook
Leave a comment