TMJ
searchnav-menu
post-thumbnail

Outlook

'അധികാരം' നമ്മെവന്ന് തൊടുന്ന വിധം

18 Jul 2023   |   3 min Read
വിഷ്ണുരാജ് തുവയൂർ

ധികാരം ആർക്കും സ്പർശിക്കാവുന്നൊരു അനുഭവമാക്കി മാറ്റിയത് കേരളത്തിൽ, ഒരു പക്ഷേ, ഇന്ത്യയിലും ഉമ്മൻചാണ്ടിയാകും. ജനാധിപത്യവ്യവസ്ഥ നമുക്ക് സാധ്യമാക്കിത്തന്ന ഭരണക്രമത്തോട് ഇടഞ്ഞും ഇണങ്ങിയുമാണ് സമൂഹം സഞ്ചരിക്കുന്നത്. ഭരണകർത്താക്കളോടും ഭരണകൂടങ്ങളോടും മിക്കപ്പോഴും പ്രതിപക്ഷസ്വരത്തിൽ സംസാരിക്കാൻ നമ്മുടെ ജനാധിപത്യബോധ്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഭരണാധികാരികൾ, ഭരണക്രമം ഒക്കെ സാമാന്യജനങ്ങളിൽനിന്ന് അകന്ന, ജനങ്ങളും ഭരണകൂടവും തമ്മിലുള്ള വിടവ് വർധിച്ചൊരുകാലത്ത് ആൾക്കൂട്ടങ്ങൾ ആനന്ദമാക്കിയ, അതിൻ്റെ ലഹരിയിൽ ജീവിതം തീർത്ത, ഏതൊരാൾക്കും നേരിട്ട് സമീപിക്കാവുന്നൊരു അധികാരകേന്ദ്രത്തിൻ്റെ ചുരുക്കെഴുത്താവുകയായിരുന്നു ഉമ്മൻചാണ്ടി. ഇനിയാർക്കും അനുകരിക്കാനല്ല ആഗ്രഹിക്കാൻ പോലുമാവാത്തൊരു സവിശേഷജീവിതം.

വ്യക്തിപരമായും സംഘടനാപരമായും എല്ലാവർക്കും അവരവരുടേതായ പ്രിയപ്പെട്ടൊരു ഉമ്മൻചാണ്ടിയുണ്ടാകും. കക്ഷിക്കൊപ്പം ഏറ്റവും പരിചയക്കാരെപ്പോലെ ചേർന്നുനിൽക്കുന്നൊരു ചിത്രവുമുണ്ടാകും. അദ്ദേഹത്തിൻ്റെ മരണവാർത്ത പുറപ്പെട്ട നേരംമുതൽ സോഷ്യൽമീഡിയയിൽ എഴുതപ്പെടുന്ന മിക്ക കുറിപ്പുകളിലും ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിലിടപെട്ടൊരു സന്ദർഭത്തിൻ്റെ ഓർമകളുണ്ട്. അതൊരുപക്ഷേ, ഇനിയൊരാളെക്കുറിച്ചും ഇത്രയധികംപേർ എഴുതാൻ സാധ്യതയില്ല. ജാതി, മത, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, പ്രാദേശിക വ്യത്യാസങ്ങളിലാതെ കേറിച്ചെല്ലാവുന്നൊരു അഭയസ്ഥാനമാണ് ഉമ്മൻചാണ്ടിയോടെ അവസാനിക്കുന്നത്. വേദനിപ്പിക്കാത്ത, മുറിപ്പെടുന്നൊരു വാക്കുരിയാടാത്ത, പ്രതിസന്ധികളിൽ എപ്പോഴും ഓടിയെത്താവുന്ന, വിയോജിക്കുമ്പോഴും വ്യക്തിപരമാവാത്തൊരാൾ. കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിൽ അധികമാർക്കും ഇത്തരമൊരു ജീവിതം സാധ്യമായിട്ടില്ല.

PHOTO: FACEBOOK
ഉമ്മൻചാണ്ടിയെക്കാൾ ജനസമ്മിതിയുള്ളവരുണ്ടാകാം. പദവികളിൽ ഇതിലുമേറെ ശോഭിച്ചവരുമുണ്ടാകാം. ഇ.എം.എസ്സോ, കെ. കരുണാകരനോ, ഇ.കെ. നായനാരോ, വി.എസ്. അച്യുതാനന്ദനോ ഒക്കെ പലമട്ടിൽ ഉമ്മൻചാണ്ടിയെ മറികടക്കുന്നുണ്ടാകാം. പക്ഷേ, നിങ്ങൾക്ക് ഉമ്മൻചാണ്ടിയിലേക്ക് എത്തുന്നപോലെ അനായാസമായി ഇവരിലേക്കൊന്നും എത്താനാവില്ലായിരുന്നു. എത്തിയിരുന്നെങ്കിൽ തന്നെ അതിനുമുമ്പ് പലവിധ ചോദ്യംചെയ്യലുകൾക്ക്, ബോധ്യപ്പെടുത്തലുകൾക്ക് വിധേയരാകേണ്ടിവന്നേനെ. അതൊക്കെ ഭരണാധികാരികൾക്ക് ഭരണകൂടം ഉറപ്പാക്കുന്ന സുരക്ഷയുടെപേരിലാണെങ്കിലും അതിനെയും മറികടക്കുന്നൊരു വിശ്വസ്തത ഉമ്മൻചാണ്ടിക്കും പൊതുസമൂഹത്തിനുമിടയിൽ ഉണ്ടായിരുന്നു.

ഉമ്മൻചാണ്ടീ... എന്ന് ഏതോ ഒരു ആൾക്കൂട്ടത്തിൽനിന്ന് കൊച്ചുകുഞ്ഞ് വിളിക്കുന്ന, അതിന് അദ്ദേഹം മറുപടികൊടുക്കുന്നൊരു വീഡിയോ കുറച്ചുകാലം മുമ്പ് വൈറലായിരുന്നു. അതൊരു രേഖപ്പെടുത്തലാണ്. തൻ്റെ പദവികൾ, അതിനെ ബഹുമാനിച്ചേ മതിയാകൂ എന്ന വാശി, അധികാരത്തിൻ്റെ ചുറ്റിസഞ്ചാരങ്ങൾ, ഭരണത്തിൻ്റെ കാർക്കശ്യങ്ങൾ ഒക്കെയും ഒഴിവാക്കി ജീവിച്ചൊരാളെ ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധികളിലൊരാൾക്ക് പേരെടുത്ത് വിളിച്ച് തൻ്റെ സഹപാഠിയുടെ ആവശ്യം പറയാനും അതിന് പരിഹാരമുണ്ടാക്കാനും കഴിയുന്നു എന്ന രേഖപ്പെടുത്തൽ. ഹൃദയംകൊണ്ട് രാഷ്ട്രീയം പറയുന്നൊരാളുടെ വിജയമാണത്. അപകടകാലത്ത് ആർക്കും കൈയെത്തിപ്പിടിക്കാവുന്നൊരു നേതാവായി ഉമ്മൻചാണ്ടി ഇക്കാലമത്രയും ജീവിച്ചു.

അഞ്ചുപതിറ്റാണ്ടിലേറെ ഒരാൾ ഒരേമണ്ഡലത്തിൽ തുടരുകയെന്നത് ജനാധിപത്യത്തിൽ അനുകരണീയമായൊരു മാതൃകയല്ല. പക്ഷേ, മാറിമാറിവന്ന എതിരാളികൾക്ക് അട്ടിമറിക്കാനാവാതെ, പലതലമുറകൾ, രാഷ്ട്രീയസാഹചര്യങ്ങൾ, സാമ്പത്തിക-സാമൂഹിക-ജീവിതക്രമങ്ങൾ അയാളെ മടുക്കാതെ/മുടങ്ങാതെ തിരഞ്ഞെടുത്തെങ്കിൽ അതൊരു വ്യക്തിപരമായ വിജയമാണ്. പാർട്ടിപോലും പിന്നിലാകുന്നൊരു സന്ദർഭം. ഇത്രയുംനീണ്ട രാഷ്ട്രീയജീവിതത്തിലൊരിടത്തും ഉമ്മൻചാണ്ടി വ്യക്തിപരമായി രാഷ്ട്രീയ എതിരാളികളെ മുറിപ്പെടുത്തിയില്ല. കല്ലേറും മുറിവും വ്യക്തിപരമായ ആക്രമണങ്ങളുമൊക്കെ ഉണ്ടായപ്പോഴും ജനാധിപത്യവിരുദ്ധമായൊരു വാക്കുരിയാടിയില്ല. മനസ്സാക്ഷിയുടെ കോടതിയെന്ന് അദ്ദേഹം വ്യാഖ്യാനിച്ച ജനങ്ങളുടെ കോടതിയിൽ ജീവിതം തുറന്നുവെച്ചു. ഏറെക്കുറെ വിശുദ്ധമായിത്തന്നെ ജീവിതം പൂർത്തിയാക്കി. കെ. കരുണാകരന് ഗുരുവായൂരെന്നപോലെ ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി പള്ളിയായിരുന്നു ആശ്വാസ/അഭയകേന്ദ്രം. വ്യക്തിപരമായി വിശ്വാസജീവിതം കൃത്യമായി തുടർന്നപ്പോഴും വിശ്വാസത്തെ രാഷ്ട്രീയത്തോടടുപ്പിക്കാതെ, ആരുടെയും ആളാവാതെ, എല്ലാവരുടേയും ആളായി മതേതരകേരളത്തിൻ്റെ പ്രതിനിധിയായി ഉമ്മൻചാണ്ടി നയിച്ച ജീവിതം മാതൃകയാണ്. ഇക്കാലത്ത് പ്രത്യേകിച്ചും.

PHOTO: WIKI COMMONS

വ്യക്തിപരമായൊരു ഓർമകൂടി പങ്കുവെക്കട്ടെ...

ഉമ്മൻചാണ്ടി രണ്ടാംതവണ മുഖ്യമന്ത്രിയായപ്പോൾ കാലടി സർവകലാശാലയിലെ ഗവേഷകരായിരുന്നു ഞങ്ങൾ. റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ എന്ന ഞങ്ങളുടെ സ്വതന്ത്ര ഗവേഷകസംഘടന ക്യാമ്പസിൽ സജീവമായിരുന്ന കാലം. 
അർഹമായ ഹോസ്റ്റൽമുറികൾ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ഗവേഷകവിദ്യാർഥിനികളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിൻ്റെ ഒരുഘട്ടത്തിൽ സർവകലാശാലാ രജിസ്ട്രാറുടെ പരാതിയിൽ സമരംചെയ്ത 23 പെൺകുട്ടികളുടെ പേരിൽ പോലീസ് ക്രിമിനൽ കേസെടുത്തു. കോൺഗ്രസ് പ്രതിനിധികളായിരുന്നു അന്നത്തെ സർവകലാശാലാ വൈസ് ചാൻസലറും രജിസ്ട്രാറും.  
പി.എസ്.സി. ലിസ്റ്റിലടക്കമുള്ള കുറച്ചധികംപേർ ക്രിമിനൽ കേസ് പ്രതികളായതിൻ്റെ ആശങ്കയും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ സന്ദർഭമായിരുന്നത്. പലരുടെയും വീട്ടിൽനിന്നടക്കം വലിയ പ്രഷറുകളുണ്ടായിരുന്നു. സമരംചെയ്ത് ക്രിമിനൽ കേസ് പ്രതികളായതിൻ്റെ പേരിൽ ജോലി നഷ്ടമാകുമോയെന്ന ആശങ്കനിറഞ്ഞ സന്ദർഭങ്ങളിൽ കേസ് ഒഴിവാക്കാൻ ഞങ്ങൾ പലവിധമാർഗങ്ങൾ അന്വേഷിച്ചു. ഒടുവിൽ ഹൈക്കോടതി അഡ്വക്കേറ്റുമാരോട് അന്വേഷിച്ചപ്പോൾ സർക്കാർ കേസ് പിൻവലിച്ചാൽ പ്രശ്നങ്ങളില്ലെന്നറിഞ്ഞു.

അതുപ്രകാരം ഞങ്ങൾ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെക്കാണാൻ രാവിലെ തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലെത്തി. ആൾക്കൂട്ടത്തിലൊരുവിധം കാര്യങ്ങൾ പറഞ്ഞ് വിശദമായ പരാതിനൽകി. കേസ് പിൻവലിക്കും വിഷമിക്കേണ്ടെന്ന് അപ്പോൾതന്നെ ഉറപ്പുനൽകി. ഞങ്ങൾ കൊടുത്ത പരാതി ഒപ്പിട്ട് കൈമാറി. സ്വാഭാവിക നടപടിക്രമങ്ങളിലൂടെ അധികം താമസമില്ലാതെ സർവകലാശാല രജിസ്ട്രാർ അധികാരം ദുരുപയോഗം ചെയ്ത് 23 പെൺകുട്ടികൾക്കെതിരേയെടുത്ത ക്രിമിനൽ കേസ് സർക്കാർ പിൻവലിച്ചു. അവരിൽ പലരും ഇന്ന് സർക്കാർ സർവീസുകളിൽ ജോലിനോക്കുന്നു. ഞങ്ങളാരെന്നോ, എന്തെന്നോ, ഏത് ദേശ- രാഷ്ട്രീയ, സംഘടനാ പ്രവർത്തകരാണെന്നോ അദ്ദേഹം അന്വേഷിച്ചില്ല. വിഷയം മാത്രം പരിഗണിച്ചു. പരിഹാരമുണ്ടാക്കി. 

അധികാരം അതിൻ്റെ ബലംപിടിത്തങ്ങളൊന്നുമില്ലാതെ നമ്മെവന്ന് തൊടുന്ന വിധം മനസ്സിലായത് അപ്പോഴാണ്. ഇതൊരു ചെറിയകാര്യമാണ്. പക്ഷേ, ഉമ്മൻചാണ്ടിയെക്കുറിച്ച് വ്യക്തിപരമായി ഓർക്കാൻ മിക്കവർക്കും ചെറുതും വലുതുമായ ഇത്തരം പലവിധ മുന്തിയനിമിഷങ്ങൾ ബാക്കിയാക്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തെ അനന്യമാക്കുന്നത്.

സ്നേഹപ്പെട്ട, സമാനതകളില്ലാത്ത  ജനനേതാവിന് അന്ത്യാഭിവാദ്യങ്ങൾ.


Leave a comment