TMJ
searchnav-menu
post-thumbnail

Outlook

വിശ്വഭാരതിയില്‍ നിന്ന് ടാഗോര്‍ പുറത്താക്കപ്പെടുമ്പോള്‍

26 Oct 2023   |   5 min Read
ലിജോ സെബാസ്റ്റ്യന്‍

ക്ടോബര്‍ പതിനാലിന് അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ലോകകപ്പ് മത്സരത്തിനിടയ്ക്ക് ഇന്ത്യന്‍ കാണികളില്‍ ഒരുവിഭാഗം പാക്കിസ്ഥാന്‍ കളിക്കാരെ എതിരേറ്റത് ജയ് ശ്രീറാം വിളിയോടെ ആയിരുന്നു. അത് കായിക മത്സരത്തിന്റെ ഭാഗമായ കാണിയുടെ വീറോടെയുള്ള ഉത്സാഹത്തേക്കാള്‍ ഏറെ ഒരുതരം ആക്രോശമായിരുന്നു. ഈ കഴിഞ്ഞ ദശകത്തില്‍ പലതവണ ഇത്തരം ആക്രോശങ്ങള്‍ രാജ്യത്തിന്റെ പലദിക്കുകളില്‍ നിന്നായി  കേട്ടിട്ടുണ്ട്. പ്രാദേശിക സ്വഭാവം വിട്ട് ഇപ്പോള്‍ അതൊരു അന്തര്‍ദേശീയ വേദിയിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ലോകകപ്പ് വേദിയായപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങളുടെ ഇടയില്‍ പോലും ദേശസ്‌നേഹത്തിന്റെ പേരില്‍ മതവംശീയത കുത്തിനിറയ്ക്കുന്ന കെട്ടകാലത്തിലേക്ക് രാജ്യം കശക്കി എറിയപ്പെട്ടിരിക്കുന്നു. നൂറുവര്‍ഷം മുമ്പ് ഇതേ നാട്ടില്‍ ജീവിച്ച മറ്റൊരു മനുഷ്യന്‍ ഇതെല്ലാം സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ടതുപോലെ, പ്രവാചക സ്വരത്തില്‍ പറയുകയുണ്ടായി; 'ദേശസ്‌നേഹം ഒരിക്കലും നമ്മുടെ അവസാന ആത്മീയ ഗേഹം ആവരുത്... ജീവിച്ചിരിക്കുവോളം ദേശസ്‌നേഹം മാനവികതയ്ക്ക് മേല്‍ വിജയം വരിക്കാന്‍ ഞാന്‍ അനുവദിക്കില്ല'. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനം രചിച്ച, ഒരു ഘട്ടത്തില്‍ ദേശീയതയെ നരഭോജി എന്നുവരെ വിളിക്കുന്ന രബീന്ദ്രനാഥ് ടാഗോര്‍ ആയിരുന്നത്. ഗാന്ധിയോട് തര്‍ക്കിച്ച് താന്‍ ഒരു ദേശീയവാദി അല്ലെന്ന് പറഞ്ഞ് 'On Nationalism' എന്ന പേരില്‍ ദേശീയതയെപ്പറ്റി വിമര്‍ശനപരമായ പ്രബന്ധം കൂടി എഴുതുന്നുണ്ട് ടാഗോര്‍.

വിഖ്യാതമായ വിശ്വഭാരതി സര്‍വകലാശാലയ്ക്ക് യുനെസ്‌കോ നല്‍കിയ ലോക പൈതൃക പദവിയെ സംബന്ധിക്കുന്ന ഫലകങ്ങള്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ചപ്പോള്‍ വിശ്വഭാരതിയുടെ സ്ഥാപകന്‍ രബീന്ദ്രനാഥ് ടാഗോറിന്റെ പേര് ഒഴിവാക്കി എന്ന വാര്‍ത്ത വന്നത് കഴിഞ്ഞദിവസമാണ്. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തിയുടെയും പേരുകള്‍ ആചാര്യ, ഉപാചാര്യ എന്നീ സംബോധനകളോടെ ഫലകത്തില്‍ ഇടംപിടിച്ചപ്പോഴാണ് ടാഗോറിനെപ്പറ്റി ഒരു സൂചന പോലും ഇല്ലാതെ പോയത്. ടാഗോര്‍ ഒഴിവാക്കപ്പെടുന്നത് അത്ര നിഷ്‌കളങ്കമല്ല, ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ ഒരു നോട്ടപിശകുമല്ല. മറിച്ച് അതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ഏത് മാനകം എടുത്തളന്നാലും വലതുപക്ഷത്തിന്റെ കുപ്പായത്തിന് ഇണങ്ങുന്ന രാഷ്ട്രീയ ശരീരമല്ല രബീന്ദ്രനാഥ് ടാഗോറിന്റേത്. അതിന്റെ ചെറുസാധ്യത ലേശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ആദ്യം ആ ജീവിതത്തെയും അതേപ്പറ്റിയുള്ള  ഓര്‍മകളെയും തങ്ങളുടെ രാഷ്ട്രീയ മൂശയില്‍ ഇട്ട് പരുവപ്പെടുത്തി അനുകൂലമായി ഉപയോഗിച്ചേനെ. വംശീയത, അപരമതദ്വേഷം, വൈവിദ്ധ്യങ്ങളുടെ നിഷേധം എന്നിവയൊക്കെ മൂലധനമാക്കിയ ഇന്ത്യന്‍ വലതുപക്ഷത്തിന് അല്പനേരം പോലും ടാഗോറിനെ കൂടെ കൊണ്ടുപോവാനോ, സഹിക്കാനോ കഴിയുമെന്ന് തോന്നുന്നുമില്ല. അടിസ്ഥാനപരമായി അത് രണ്ട് ലോകബോധങ്ങളുടെ വൈരുധ്യമാണ്. സ്തംഭനത്തിന്റെയും ജഢത്വത്തിന്റെയും വലതുബോധ്യങ്ങള്‍ വെറുപ്പ് പടര്‍ത്തുന്നത്  അജന്‍ഡയായി സ്വീകരിക്കുമ്പോള്‍ ടാഗോറിന്റെ ആശയലോകം അദ്ദേഹം ഗീതാഞ്ജലിയില്‍ കുറിച്ചതുപോലെ ഇടുങ്ങിയ ഭിത്തികളാല്‍ ഛിന്നഭിന്നമാകാത്തതും, വഴിമുട്ടാത്തതും അണമുറിയാത്തതുമായ യുക്തിയുടെ പ്രവാഹവുമാണ്. ആ ബോധ്യം ഒരു ആധുനിക മനുഷ്യന്റേത് ആയിരുന്നു. അതേസമയം, അത് പാശ്ചാത്യമാതൃകകളെ അപ്പാടെ പകര്‍ത്തി ഇന്ത്യന്‍ കുപ്പായം ഇടുവിപ്പിക്കുന്ന പത്തൊമ്പതും ഇരുപതും നൂറ്റാണ്ടിലെ തദ്ദേശ വരേണ്യതയുടേത് അല്ലായിരുന്നുതാനും.

രബീന്ദ്രനാഥ് ടാഗോര്‍ | PHOTO : WIKI COMMONS
ഉപഭൂഖണ്ഡത്തിന്റെ സാംസ്‌കാരിക മനസ്സില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞ ടാഗോര്‍ രൂപത്തെ, എതിര്‍പക്ഷത്തുള്ള സകലതിനെയും എന്നപോലെ സ്മൃതിയില്‍ നിന്ന് പയ്യെ ചുരണ്ടിക്കളയാനാണ് വര്‍ത്തമാന വലതുപക്ഷ പ്രച്ഛന്ന ഭരണകൂടം ശ്രമിക്കുന്നത്. വിശ്വഭാരതിയെ സംബന്ധിച്ചിടത്തോളം ഇത്തരം സമീപനങ്ങള്‍ അത്ര പുതുമയല്ല താനും.  വിശ്വഭാരതിയുടെ ആരംഭകാലം മുതല്‍ക്കേ വലതുപക്ഷം അത്ര സഹിഷ്ണുതയോടെയല്ല അതിനെ നോക്കിക്കണ്ടത്. അക്കാലത്തെ മുഖ്യധാരാ വിദ്യാഭ്യാസ വ്യവഹാരങ്ങളുടെ ഉള്ളില്‍ ഇടംകണ്ടെത്തിയ ഒന്നായിരുന്നില്ല വിശ്വഭാരതിയിലെ ബോധനരീതി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ കൊളോണിയല്‍ വിരുദ്ധതയും ദേശീയതയും രൂപപ്പെടുന്ന ഘട്ടത്തില്‍ തദ്ദേശീയ വിദ്യാഭ്യാസ രൂപങ്ങളെപ്പറ്റി വലിയ ചര്‍ച്ച നടക്കുന്നുണ്ട്. കൊളോണിയല്‍ വിരുദ്ധ മുന്നേറ്റങ്ങളുടെ മുഖ്യഭൂമികയായിരുന്ന ബംഗാള്‍ ആയിരുന്നു ഈ ചര്‍ച്ചകളുടെയും കേന്ദ്രം. വിദ്യാഭ്യാസം നേടിയ ഒരു മേല്‍ത്തട്ട് ഭദ്രലോക് സമൂഹം അവിടെ അതിനോടകം രൂപപ്പെട്ടിരുന്നു. അതോടൊപ്പം വുഡ്സ് ഡെസ്പാച്ച് അടക്കമുള്ള കൊളോണിയല്‍ നയങ്ങളുടെ ഭാഗമായി വന്ന ഹൈസ്‌കൂളുകളും കോളേജുകളും അടക്കമുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബംഗാളില്‍ നിലയുറപ്പിച്ചിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസത്തോട് കഠിനമായ എതിര്‍പ്പ് ഉന്നയിച്ച പാരമ്പര്യവാദികള്‍ അതിലെ മതേതര സങ്കല്‍പ്പങ്ങളെ മതനിരാസം പ്രോത്സാഹിപ്പിക്കുന്ന വഞ്ചനയായിട്ടും മൂകരായ ഭൃത്യന്‍മാരെയും പൊള്ളയായ അനുകരണാതാക്കളെയും സൃഷ്ടിക്കുന്ന വ്യവസ്ഥയായും കാണുകയുണ്ടായി. പകരം ഒരു പാരമ്പര്യ വിദ്യാഭ്യാസ പദ്ധതിയുടെ പുനഃരുജ്ജീവനമാണ് വേണ്ടതെന്ന് വാദിച്ച പാരമ്പര്യവാദികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇരുപതോളം പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി ഹിന്ദുത്വചിന്ത, ആചാരങ്ങള്‍, ജീവിതരീതി എന്നിവയില്‍ സമഗ്ര പരിശീലനം നല്‍കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിക്ക് ശ്രമിക്കുകയുണ്ടായി. ചില മൗലികവാദികള്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ നിരാകരണത്തിനും ജാതി അധിഷ്ഠിതമായ തോലുകള്‍ പോലുള്ള വിദ്യാഭ്യാസ രീതിക്കുവേണ്ടി വാദിക്കുകകൂടി ചെയ്തു. ചരിത്രം വളച്ചൊടിച്ചും, പരിണാമ സിദ്ധാന്തവും, ആവര്‍ത്തന പട്ടികയുമടക്കം പാഠ്യപദ്ധതിയില്‍ നിന്ന് പുറംതള്ളുകയും ചെയ്യുന്ന 'കൂടുതല്‍ ഭാരതീയമാക്കല്‍' എന്നിങ്ങനെയുള്ള സമകാലീന ശ്രമങ്ങളുടെ ആദ്യപടി നൂറ് വര്‍ഷം മുന്നേ ഉണ്ടായതെന്ന് സാരം. ആര്യന്‍ ജ്ഞാനമാണ് പാശ്ചാത്യ വിദ്യാഭ്യാസത്തേക്കാളും പരമോന്നതമായതെന്ന തീവ്രമായ ഇത്തരം വാദങ്ങള്‍ പില്‍ക്കാല വലതുപക്ഷ നയപരിപാടികള്‍ക്കുളള നിലമൊരുക്കലായിരുന്നുവെന്ന് വര്‍ത്തമാനകാലത്തോട് ചേര്‍ത്തു വായിച്ചാല്‍ വേഗത്തില്‍ മനസ്സിലാകും.

സതീഷ് ചന്ദ്ര മുഖര്‍ജിയെ പോലെയുള്ളവര്‍ ഹിന്ദു ആത്മീയതയില്‍ അധിഷ്ഠിതമായ സാഹിത്യം, കല, തത്ത്വചിന്ത, മതപഠനം എന്നിവ വേണമെന്ന് വാദിച്ചപ്പോള്‍ തികച്ചും വ്യത്യസ്തമായ വിദ്യാഭ്യാസ കാഴ്ചപ്പാടുമായാണ് ഇതേകാലത്ത് ടാഗോര്‍ വരുന്നത്. ലോകത്തെയും മനുഷ്യനെയും പറ്റിയുള്ള തന്റെ വ്യത്യസ്ത കാഴ്ചപ്പാടാണ് ടാഗോറിനെ പുതിയ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് 1901 ല്‍ വിശ്വഭാരതി എന്ന വിദ്യാലയം സ്ഥാപിച്ചുകൊണ്ട് അദ്ദേഹം മൂര്‍ത്തരൂപം നല്‍കുകയുണ്ടായി.  വിശാലമായ ആകാശത്തിന് കീഴില്‍ സ്വതന്ത്രമായ അറിവിനും ജ്ഞാനനിര്‍മിതിക്കും വേണ്ടിയുള്ള ഇടം എന്നാണ് വിശ്വഭാരതിയെപ്പറ്റി ടാഗോര്‍ തന്നെ പറഞ്ഞത്. എന്നാല്‍ ടാഗോറിന്റെ മത - പ്രാദേശിക വേലിക്കെട്ടുകളെ പൊളിച്ചുകളയുന്ന വിദ്യാഭ്യാസ മാതൃകയേക്കാള്‍ അക്കാലത്തെ വലതുപക്ഷ സാംസ്‌കാരിക മേല്‍ക്കോയ്മയുള്ള സമൂഹത്തിന് സ്വീകാര്യമായത് സതീഷ് ചന്ദ്ര മുഖര്‍ജിയെപ്പോലുള്ളവരുടെ മാതൃകയായിരുന്നു. സങ്കുചിതമായ ഇത്തരം വിദ്യാഭ്യാസ മാതൃകകള്‍ക്ക് മേല്‍ജാതി ഭൂഉടമസ്ഥരില്‍ നിന്ന് സാമ്പത്തിക സംഭാവനകളും പിന്തുണയും ലഭിക്കുന്നുമുണ്ട്. ടാഗോര്‍ ആവട്ടെ വിശ്വഭാരതിയുടെ സാമ്പത്തിക ചിലവുകള്‍ കണ്ടെത്തുന്നതിനായി തന്റെ പൂര്‍വിക സ്വത്തടക്കം വില്‍ക്കുകയും നൊബേല്‍ പുരസ്‌കാരത്തിന്റെ ഭാഗമായി ലഭിച്ച തുകയത്രെയും ചിലവഴിക്കുകയും ചെയ്യുകയുണ്ടായി. മൗലികവാദപരമായ സ്വദേശി വിദ്യാഭ്യാസം ഒരു ദശാബ്ദത്തിനുശേഷം പിന്നാക്കം പോവുകയാണുണ്ടായതെങ്കില്‍ ടാഗോറിന്റെ വിശ്വഭാരതി 1921ല്‍ ഒരു സര്‍വകലാശാലയാവുകയും, പിന്നീട് 1951ല്‍ കേന്ദ്ര സര്‍വകലാശാലയായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

വിശ്വഭാരതി | PHOTO : WIKI COMMONS
ആ പേര് സൂചിപ്പിക്കുംപോലെ ഒരു സാര്‍വലോക കലാശാലയായി തന്നെയായാണ് ടാഗോര്‍ വിശ്വഭാരതിയെ ഒരു സര്‍വകലാശാല എന്ന നിലയ്ക്ക് സ്ഥാപിക്കുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളും അത്ര തന്നെ അധ്യാപകരും അടങ്ങുന്ന ഒരു കൂട്ടമായി ആരംഭിച്ച വിശ്വഭാരതിയുടെ കരിക്കുലത്തെ കല, മാനവിക മൂല്യങ്ങള്‍, സാംസ്‌കാരിക കൈമാറ്റം എന്നിവയെയെല്ലാം ആധാരമാക്കി ടാഗോര്‍ തന്നെ രൂപപ്പെടുത്തിയതാണ്. വിശ്വഭാരതി ക്യാമ്പസിന് തൊട്ടടുത്തുള്ള സാന്താള്‍ ആദിവാസി ഗ്രാമങ്ങളുമായും ടാഗോര്‍ വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കുകയുണ്ടായി. ദൃശ്യകലയും സംഗീതവും പഠിപ്പിക്കുന്ന കലാ ഭവനും, സംഗീത് ഭവനും, ചൈനീസ് ജാപ്പനീസ് എന്നീ ഭാഷകളെയും അതത് നാടുകളിലെ സംസ്‌കാരത്തെയും കൈകാര്യം ചെയ്യുന്ന ചീനി, നിപ്പോണ്‍ ഭവനുകള്‍, ഭാഷ, മാനവിക - ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ശിക്ഷ, വിദ്യ ഭവനുകള്‍, കൃഷി പഠനത്തിനും ഗ്രാമീണ പുനര്‍നിര്‍മാണ പഠനത്തിനുമായുള്ള കേന്ദ്രങ്ങള്‍ അടക്കം വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ പഠന സമ്പ്രദായങ്ങളാണ് ഇന്നും വിശ്വഭാരതിയില്‍ തുടരുന്നത്. ആചാര്യ കൃപലാനി, നന്ദലാല്‍ ബോസ്, സത്യജിത് റേ, അമര്‍ത്യ സെന്‍, മഹാശ്വേത ദേവി, കനിക ബാനര്‍ജി അടക്കമുള്ളവര്‍ വിശ്വഭാരതിയുടെ ഏതാനും പൂര്‍വ വിദ്യാര്‍ത്ഥികളാണ് എന്നത് മാത്രം മതി ആ സര്‍വകലാശാലയുടെ അളക്കാനാവാത്ത സാംസ്‌കാരിക സംഭാവനകളെപ്പറ്റി ഏകദേശ ചിത്രം നിര്‍മിക്കാന്‍.

ഒരുപക്ഷേ, വിശ്വഭാരതി അതിന്റെ രൂപീകരണം തൊട്ട് ഇങ്ങോട്ട് പ്രകടിപ്പിച്ച ബഹുത്വങ്ങളെ അംഗീകരിക്കലും വൈവിധ്യവുമായിരിക്കണം വലതുപക്ഷത്തെയും അതിന്റെ രാഷ്ട്രീയ അധികാര രൂപങ്ങളെയും വിറളിപിടിപ്പിക്കുന്നത്. മറ്റൊന്ന് സ്വാതന്ത്രസമര പോരാട്ടങ്ങളില്‍ ആരംഭിക്കുന്ന വിശ്വഭാരതിയുടെ വേരുകള്‍ ആയിരിക്കണം. തങ്ങള്‍ക്ക് പങ്കൊന്നും ഇല്ലാത്ത ഒരു മുന്നേറ്റത്തിന്റെ ഭാഗമായി ബീജാവാപം നേടിയ സ്ഥാപനത്തോട് വലതുപക്ഷത്തിന് പ്രത്യേകിച്ച് മമത തോന്നേണ്ട കാര്യമില്ലെന്ന് മാത്രമല്ല അത് മാത്രം മതി ശത്രുപക്ഷത്ത് നിര്‍ത്താന്‍. അവിടെ നിന്ന് മുന്‍കാലങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമര്‍ത്യ സെന്‍ ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ പഠിക്കുന്നവരും ഭരണകൂടത്തിന്റെ നിരന്തര വിമര്‍ശകര്‍ കൂടി ആവുമ്പോള്‍ പറയുകയും വേണ്ട.

സ്ഥിരമായി വൈസ് ചാന്‍സലറെ നല്‍കാതെ രണ്ടുവര്‍ഷത്തിന് മേലെ വിശ്വഭാരതിയിലെ അക്കാദമിക - ഭരണ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ 2016 മുതല്‍ ശ്വാസംമുട്ടിച്ചിരുന്നു. നിലവിലെ വൈസ് ചാന്‍സലറായ ബിദ്യുത് ചക്രബര്‍ത്തി 2018ല്‍ നിയമിതനായപ്പോള്‍ മുതല്‍ വലിയ പ്രതിഷേധം ഉണ്ടാക്കുന്ന നിലപാടുകളാണ് സ്വീകരിച്ചുപോന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ ബിദ്യുതിനെതിരെ ലൈംഗിക അതിക്രമപരാതി നിലനിന്നപ്പോഴാണ് അയാള്‍ വിശ്വഭാരതിയില്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരകാലത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയോട് ബിദ്യുത് ആഹ്വാനം ചെയ്തതും, വിശ്വഭാരതിയില്‍ വച്ച് അയാള്‍ നടത്തിയ ദളിത്, ബംഗാളി വിരുദ്ധ പരാമര്‍ശങ്ങള്‍, അധ്യാപകരോടും വിദ്യാര്‍ത്ഥികളോടുമുള്ള പെരുമാറ്റം ഒക്കെയും ബിദ്യുതിന്റെയും അയാളെ നിയോഗിച്ച കേന്ദ്ര സര്‍ക്കാരിന്റെയും രാഷ്ട്രീയലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു.

ബിദ്യുത് ചക്രബര്‍ത്തി | PHOTO : WIKI COMMONS
ഇന്ത്യന്‍ വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ടാഗോര്‍ എന്ന വ്യക്തിയും വിശ്വഭാരതി എന്ന സ്ഥാപനവും ഒരേപോലെ ശത്രുപക്ഷത്താണ്. കോവിഡ് കാലത്ത് നിയന്ത്രണങ്ങളുടെ പേരില്‍ അടച്ച ടാഗോര്‍ സ്മരണയുള്ള മന്ദിരങ്ങളും മ്യൂസിയങ്ങളും ഇതുവരെയും തുറന്നിട്ടില്ല. ടാഗോറിന്റെ ഓര്‍മകള്‍ പോലും തങ്ങള്‍ക്ക് എതിരാകുമോ എന്ന വലതുപക്ഷ ഭയം. വൈവിധ്യങ്ങളെ നിഷേധിക്കുന്ന ഒരു രാജ്യത്ത് ടാഗോര്‍ ഒരേസമയം ഒരു ഭാരവും സംഘപരിവാറിന് ഉത്തരം നല്‍കാന്‍ ആവാത്ത ചോദ്യചിഹ്നവുമായി മാറുന്നുണ്ട്. സാര്‍വത്രികതയുടെ മൂല്യബോധം അവര്‍ക്ക് ഒരിക്കലും പ്രാപ്യമല്ലാത്തതുകൊണ്ട് ടാഗോറും വളരെ ദൂരെയായിരിക്കും. അതേസമയം അദ്ദേഹത്തിന്റെ ആശയങ്ങളും വരികളും സമീപസ്ഥമായ ഒരു ഉഗ്രന്‍ പ്രതിയോഗിയും. അതിര്‍ത്തികള്‍ ഇല്ലാത്ത സാര്‍വദേശീയതയുടേത് ആയിരുന്നു ടാഗോറിന്റെ വിചാരതലം. അതിനെ നിഷേധിക്കുന്നവരാണ് നിലവിലെ ഭരണകൂടം. ഭ്രാന്തമായ അപരദ്വേഷത്തോടെ ദേശത്തെയും ദേശീയതയെയും സമീപിക്കുന്നവര്‍ക്ക് ഒരിക്കലും പിടികിട്ടാന്‍ സാധ്യതയില്ലാത്ത ഈ ലോകബോധത്തെ വലതുപക്ഷം ശത്രുവാക്കുക തികച്ചും സ്വാഭാവികമാണ്. ഗീതാഞ്ജലിയില്‍ ടാഗോര്‍ തന്നെ എഴുതിയതുപോലെ മനസ്സ് നിര്‍ഭയവും ശിരസ്സ് ഉയര്‍ന്നതും അറിവ് സ്വതന്ത്രവുമായി നാളെയുടെ വീണ്ടെടുപ്പിനായി ടാഗോറിനെയും വിശ്വഭാരതിയെയും നാം നഷ്ടമാക്കിക്കൂടാ.


#outlook
Leave a comment