TMJ
searchnav-menu
post-thumbnail

Outlook

വിവരാവകാശം തുറന്നുവിട്ട 'ഭൂതം' കേരളത്തെ ആവേശിക്കുമ്പോള്‍  

03 Sep 2024   |   7 min Read
അജിത് ശ്രീനിവാസൻ

'വിവരാവകാശ നിയമം കുടം തുറന്നുവിട്ട ഭൂതമാണെന്ന്' മുഖ്യ വിവരാവകാശ കമ്മിഷണറായിരുന്ന വിന്‍സന്റ് എം. പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. വിവരാവകാശ നിയമമെന്ന കുടത്തിന്റെ പകുതി മാത്രം തുറന്നപ്പോള്‍ തന്നെ കേരളമാകെ കലങ്ങി. ഹേമ കമ്മിറ്റിയെന്ന പകുതി തുറന്ന കുടത്തിലെ ഭൂതമാണ് കേരളത്തെയാകെ കുലുക്കി മറിക്കുന്നത്. റിപ്പോര്‍ട്ട് സിനിമയെക്കുറിച്ചായതിനാല്‍,ആദ്യം ഇളകിയത് സിനിമാ മേഖലയായിരുന്നുവെങ്കിലും അതിന്റെ തുടര്‍ ചലനങ്ങള്‍ ഭരണ,രാഷ്ട്രീയ മേഖലകളിലടക്കം വ്യാപിച്ചു.

പ്രളയമായാലും കോവിഡായാലും ഉരുള്‍പൊട്ടലായാലും തുടക്കത്തിലെ അന്ധാളിപ്പ്  മാറിയാല്‍ പിന്നെ, 'മൂക്കോളം മുങ്ങിയാല്‍ കുളിരില്ല' എന്ന തത്വം ആവാഹിച്ച്, അതുവിട്ട്, അടുത്തതില്‍ പിടിക്കുക എന്ന പതിവ് പരിപാടിയിലേക്ക് മലയാളി മാറിയാല്‍, സര്‍ക്കാറിന്റെ അലമാരകളില്‍ പൊടിപിടിച്ചിരിക്കുന്ന മറ്റൊരു കമ്മീഷന്‍/കമ്മിറ്റി റിപ്പോര്‍ട്ടുകളിലൊന്നുകൂടിയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാറുകയും ചെയ്യും. ഏതാണ്ട് അതിനെ ശരി വെക്കുന്ന തരത്തിലാണ് നിലമ്പൂരില്‍ നിന്നുള്ള ഇടതുപക്ഷ സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍. അന്‍വറിന്റെ 'തുറന്നു പറച്ചിലുകള്‍' ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തല്‍ക്കാലം ഓരങ്ങളിലേക്ക് തള്ളിമാറ്റുമെന്ന് കരുതാന്‍ ന്യായമുണ്ട്.  

എന്നാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്ന കാര്യങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്നും അത്രയെളുപ്പം വിസ്മൃതമാവില്ല. കാരണം  ലോകത്തെ അത്ഭുതകരമായ കണ്ടുപിടിത്തങ്ങളിലൊന്നായ സിനിമക്ക് ജനങ്ങളിലുള്ള സ്വാധീനം വിസ്മയിപ്പിക്കുന്നതാണ്. ഒരു നേതാവിനെക്കാണാന്‍ വലിയൊരു ആള്‍ക്കൂട്ടം വന്നാല്‍, സിനിമാ നടനെക്കാണാന്‍ വരുന്നതുപോലെയാണ് ആളെത്തിയത് എന്നാവും ആളുകള്‍ പറയുന്നത്. അതായത് ഏതൊരു ജനപ്രിയ നേതാവിനും മേലെയാണ് സിനിമാ താരത്തിന് സമൂഹം കല്‍പ്പിച്ചുകൊടുത്തിരിക്കുന്ന സ്ഥാനം. നേതാവ്, നേതാവ് മാത്രമാണെങ്കില്‍ നടന്‍ താര രാജാവാണ്. അത്തരത്തില്‍, സിനിമയുമായി ബന്ധപ്പെട്ടത് എന്തും ശ്രദ്ധിക്കപ്പെടുന്നത് സ്വഭാവികമാണ്. അതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വൈറലായി നിന്നാല്‍ അത്ഭുതമില്ല. പുറത്തു വന്ന വിവരങ്ങള്‍ 'ഞെട്ടിക്കുന്നത്' എന്ന് ആലങ്കാരികമായി പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍, സത്യമെന്നും അസത്യമെന്നും കരുതിയിരുന്ന, പരസ്യമായിരുന്ന രഹസ്യങ്ങള്‍ക്ക് ആധികാരികത നല്‍കുകയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

HEMA COMMITTEE REPORT | PHOTO :WIKI COMMONS
2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിക്കുന്നത്. റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു കമ്മിറ്റി. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ചലച്ചിത്ര മേഖലയില്‍ രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ് (ഡബ്‌ളിയു.സി.സി ) നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു കമ്മിറ്റിക്ക് രൂപം കൊടുത്തത്.ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാധാരണ ഏതെങ്കിലും വിഷയത്തില്‍ നിയോഗിക്കപ്പെടുന്ന കമ്മീഷനോ, കമ്മിറ്റിയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നത് സാധാരണമാണ്. എന്നാല്‍,സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരാന്‍ അഞ്ചു വര്‍ഷത്തോളമെടുക്കുന്നത് അസാധാരണവും. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നുവെന്നാണ് അവകാശവാദം. പുറത്തുവിടാതിരിക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത് അതാണ്.  എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നല്ല, പുറത്തു വിടുമ്പോള്‍, സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് കമ്മറ്റി ആവശ്യപ്പെട്ടിരുന്നതെന്ന് മറുവാദവും ഉണ്ട്.

റിപ്പോര്‍ട്ടിന്റെ  കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലായിരുന്നു എന്ന കാര്യം വ്യക്തമാണ്. ഇനി ഒരുപക്ഷെ, റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് കമ്മറ്റി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ തന്നെ, അതിലെ ഉള്ളടക്കം പരിശോധിച്ച് നടപടിയെടുക്കാന്‍ എന്തായിരുന്നു തടസ്സം? അതിനാണല്ലോ ഇത്രയും സമയമെടുത്ത്, പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നത്. എന്നാല്‍,അതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചതുപോലുമില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ക്ലേവും പ്രത്യേക അന്വേഷണ സംഘവും അന്നും ആകാമായിരുന്നതേയുള്ളു.അതുപോലെ, ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുന്ന കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷമോ കേന്ദ്രഭരണത്തിന്റെ തിണ്ണമിടുക്കുള്ള ബി.ജെ.പിയും ഉള്‍പ്പടെ ആരെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? അതിനാല്‍,സര്‍ക്കാരിനു മാത്രമല്ല, സര്‍ക്കാരിനെ തിരുത്തേണ്ട പ്രതിപക്ഷത്തിനും  ഇതില്‍ ഉത്തരവാദിത്തമുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന്, തങ്ങള്‍ സ്ത്രീപക്ഷ സര്‍ക്കാരാണെന്ന് വീമ്പു പറയാന്‍ വേണ്ടി ഒരു കമ്മറ്റിയെ നിയോഗിച്ചെന്നതിനപ്പുറം അതില്‍ക്കൂടുതല്‍ ഒന്നും സര്‍ക്കാരിന് അന്ന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കുവേണ്ടി കമ്മറ്റി രൂപീകരിച്ച സര്‍ക്കാരിന് സെലിബ്രിറ്റികളും ആക്ടിവിസ്റ്റുകളും പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിനുള്ള വിശ്വാസ്യത വര്‍ദ്ധിച്ചു.
എന്നാല്‍, റിപ്പോര്‍ട്ട് വന്നേപ്പോഴാകട്ടെ, കാര്യങ്ങള്‍ കൈവിട്ടുപോകുന്ന നിലയിലായി. റിപ്പോര്‍ട്ടിന് പിന്നാലെ വന്ന തുറന്നു പറച്ചിലുകളില്‍ കുറ്റാരോപിതരില്‍, പലരും സര്‍ക്കാരിനും, സിപിഎമ്മിനും വേണ്ടപ്പെട്ടവരായതു കൊണ്ടാണ് മറ്റൊരു റിപ്പോര്‍ട്ടിനും ഇല്ലാത്ത പരിപാവനത്വം ഇതിനു മാത്രം കല്‍പ്പിച്ച് അടച്ചുവെച്ചത്. ഇതിനേക്കാള്‍ 'ഭീകരമായ' വിവരണങ്ങള്‍ ഉള്ള ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഒരു ലോപോയിന്റും ആരും ഉന്നയിച്ചില്ല. ഒരു പ്രത്യാഘാതവും പ്രശ്‌നവുമായിരുന്നില്ല. ആരുടെ പേരുദോഷത്തിലും  വേദനയിലും ഒരു ദു:ഖവും പ്രകടിപ്പിക്കപ്പെട്ടുമില്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മാത്രമല്ല, അതിന്റെ പേരില്‍ കേസെടുക്കാന്‍ വരെ സര്‍ക്കാറിന് വലിയ ആവേശവുമായിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ ശത്രു, ഇതില്‍ ഒക്കച്ചങ്ങാതിമാര്‍ എന്ന വ്യത്യാസമേയുള്ളൂ.

JUSTICE SHIVARAJAN COMMISSION REPORT | PHOTO : WIKI COMMONS
അങ്ങനെ, തങ്ങള്‍ക്ക് നേരിട്ട് കാര്യമൊന്നുമില്ലാത്ത ഒരു സംവിധാനത്തില്‍ നടക്കുന്ന അരുതായ്കകള്‍ പുറത്തുവന്നപ്പോള്‍, അതിലും പ്രതിപ്പട്ടികയില്‍ ഒന്നാമത് സര്‍ക്കാരും സി.പിഎമ്മും. തങ്ങള്‍ നിയമിച്ച കമ്മിറ്റിയാണ്  ഇതു പുറത്തുകൊണ്ടുവന്നത് എന്നതിന്റെ ക്രെഡിറ്റ് നേടാനോ എന്തിന് അതൊന്ന് ഓര്‍മ്മപ്പെടുത്താന്‍ പോലും അവര്‍ക്കാവുന്നില്ല. അതുമാത്രമല്ല, ആ പഴി സ്വയം ഏറ്റെടുക്കുകയുമാണ്. ഇപ്പോള്‍, സമൂഹത്തിലെ ഏത് കൊള്ളരുതായ്മകളെയും അത് രാഷ്ട്രീയമോ, സാമൂഹികമോ, സംസ്‌ക്കാരികമോ, മതപരമോ ഏതുമാവട്ടെ, അവയെയൊന്നും എതിര്‍ക്കാനോ, തള്ളിപ്പറയാനോ സി.പി.എമ്മിന് കഴിയാതെ പോവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹേമ കമ്മറ്റിയുടെ കണ്ടെത്തലുകള്‍. ഏതില്‍ തൊട്ടാലും തങ്ങളില്‍പ്പെട്ടവരോ, തങ്ങളുമായി ബന്ധപ്പെട്ടവേരാ അവരുടെ പങ്കാളികളോ അതില്‍പ്പെട്ടിട്ടുണ്ടാവുമെന്ന ഭയമാണ് ഇതിന് കാരണം. അതുകൊണ്ടാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ  തുടര്‍ചലനമായി, മലയാളിയല്ലാത്ത ഒരു ഇടതുപക്ഷ സഹയാത്രിക ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍പ്പോലും മുന്‍പിന്‍ നോക്കാതെ ആരോപണ വിധേയന്റെ  മഹത്വം പറഞ്ഞ്, ന്യായീകരിക്കാന്‍ സംസ്‌ക്കാരിക മന്ത്രിക്ക് ചാടിയിറങ്ങേണ്ടി വന്നത്.

സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മറ്റി പറയുന്നത് അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും ഒക്കെയാണ്. മൂത്രമൊഴിക്കാന്‍ ഇടമില്ലാത്തതില്‍ തുടങ്ങി കട്ടില്‍ പങ്കിടാന്‍ വരെയുള്ള നിര്‍ബ്ബന്ധങ്ങള്‍ വരെ അതില്‍ വിവിരിക്കുന്നു. ഒരു സ്ത്രീക്ക് തന്റെ ജീവിതത്തില്‍ ഉണ്ടാവാനിടയുള്ള എല്ലാ ദുരനുഭവങ്ങളും സിനിമ എന്ന രാവണന്‍കോട്ടയില്‍ കയറിയാല്‍ അവര്‍ അനുഭവിക്കേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ട് പച്ചയ്ക്ക് വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ആ മായാലോകത്തെക്കുറിച്ച് പറയുന്നത്  'തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകള്‍ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തില്‍ നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്.  അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണ്' എന്നാണ്.

സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുന്നു. പ്രമുഖ നടന്മാര്‍ വരെ ചൂഷണം ചെയ്യുന്നു, പരാതി പറയുന്നവരെ പ്രശ്‌നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നു, എന്നിങ്ങനെ പോകുന്നു കമ്മറ്റിയുടെ കണ്ടെത്തലുകള്‍. നടിമാര്‍ ജീവഭയവും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയം മൂലവും തുറന്നുപറയാന്‍ മടിക്കുന്നു എന്നും കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, ഈ ഭയം മാറിത്തുടങ്ങിയിരിക്കുന്നു എന്നതാണ് തുടരെത്തുടരെയുളള വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാവുന്നത്. ആ വെളിപ്പെടുത്തലുകളുടെ ആഘാതത്തില്‍ മരങ്ങള്‍ വീണു തുടങ്ങിയിരിക്കുന്നു. വന്‍ മരങ്ങള്‍ ആടുന്നു. വേരുകള്‍ ആഴ്ന്നിറങ്ങിയവര്‍ പിടിച്ചു നില്‍ക്കും. അല്ലാത്തവര്‍ വീഴും. ആദ്യം ചലച്ചിത്ര താരങ്ങളുടെ സംഘടനാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ആയിരുന്നുവെങ്കില്‍, അടുത്തത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ ഊഴമായിരുന്നു. ഒടുവിലായി,'അമ്മ' പ്രസിഡന്റ് മോഹന്‍ലാലും ഭരണ സമിതിയാകെയും സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. ഒരു ന്യായീകരണങ്ങളും ആദര്‍ശ വാക്യങ്ങളും ഇല്ലാതെയാണ് ഇപ്പോഴത്തെ സ്ഥാന ത്യാഗങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്. എല്ലാവരും ഏതാണ്ടെല്ലാം അംഗീകരിച്ച പോലെയാണ് അവരുടെ നടപടികള്‍.
അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാത്തിന്റെയും ഉത്തരവാദിത്വത്തില്‍ നിന്നും മോഹന്‍ലാല്‍ ഒഴിവായി. ഇനി ആരോടും ഒന്നും പറയണ്ട, ഒരു പവര്‍ ഗ്രുപ്പിനെക്കുറിച്ചും, ഒരു പീഡനത്തെക്കുറിച്ചും, ഒരു ചോദ്യത്തിനും ഉത്തരം പറയണ്ട, ആര്‍ക്ക് എന്തു സംഭവിച്ചാലും ഒരു ഉത്തരവാദിത്വവുമില്ല.

MOHAN LAL | PHOTO : WIKI COMMONS
സിനിമാ മേഖലയില്‍ തകര്‍ത്താടിയിരുന്നവരൊക്കെ ഇപ്പോള്‍ ഭയപ്പാടിലാണ്. എല്ലാവരും എന്തിനെയോ ഭയപ്പെടുന്നു. ഇന്നലെ നീ ആണെങ്കില്‍ ഇന്ന് ഞാന്‍ എന്നാണ് ഒരോരുത്തരും പേടിക്കുന്നത്. എല്ലാവര്‍ക്കും നിദ്രാവിഹീന രാവുകളും മയക്കം നഷ്ടപ്പെട്ട്, ഞെട്ടുന്ന പകലുകളും ആണ് ഹേമ കമ്മിറ്റി സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ നിന്ന് എല്ലാം അവസാനിക്കുകയല്ല, പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത്. സിനിമക്ക് പകരം വെക്കാന്‍ ഒന്നുമില്ല. കല ജീവിതം തന്നെയാണ്. അതിനാല്‍ ജീവിതം നില നില്‍ക്കാന്‍ കല കലയായി നിലനില്‍ക്കുക തന്നെ വേണം. അതിലെ വില്ലന്‍മാര്‍ തുറന്നുകാട്ടപ്പെടണം. ഇല്ലെങ്കില്‍ എല്ലാവരും വില്ലന്‍മാരും വില്ലത്തികളുമായി കരുതപ്പെടും. അരുതായ്കകളുടെ മാത്രം ലോകമായി ചലച്ചിത്ര മേഖല സാമാന്യവത്ക്കരിക്കപ്പെടുന്നതും അപകടമാണ്. കേരളത്തിലായാലും ലോകത്ത് എവിടെയായാലും സിനിമ കല മാത്രമായല്ല, നിലനില്‍ക്കുന്നത്. അതൊരു വലിയ വ്യവസായ ശൃംഖലയാണ്. അതുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധിയാളുകളുണ്ട്, കുടുംബങ്ങളുണ്ട്. അതിനാല്‍ സിനിമാ മേഖല മൊത്തത്തില്‍ ഇല്ലാതാക്കുക എന്നതല്ല, മറിച്ച് അതിലെ മനുഷ്യത്വവിരുദ്ധമായതൊക്കെ ഇല്ലാതാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് ചെയ്യാനുള്ള ശേഷിയില്ലായ്മയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷമായി പ്രകടിപ്പിക്കുന്നത്. സര്‍ക്കാരിനെ കൊണ്ട് ആ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രേരിപ്പിക്കാന്‍ പോലും കഴിവില്ലാത്ത കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സിനിമാ മേഖലയുടെ മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ഗതികേടിന്റെ ആകെത്തുകയാണ് വെളിപ്പെടുത്തുന്നത്.

നടിക്ക് നേരെ നടന്ന ആക്രമണത്തില്‍ ആദ്യം ഇടപെടുന്നത് അന്ന് തൃക്കാക്കര എംഎല്‍എ ആയിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് ആണ്. അതിന്‌ശേഷം ഉണ്ടായ സംഭവവികാസങ്ങളിലൂടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരെയുള്ള സംഭവങ്ങളിലെത്തിയത് എന്ന് ഊറ്റം കൊള്ളുന്നവര്‍പോലും നാലര വര്‍ഷം ഈ റിപ്പോര്‍ട്ടിന്റെ കാര്യം ബോധപൂര്‍വ്വമായി ഓര്‍മ്മിച്ചിരുന്നില്ല.


P.T.THOMAS | PHOTO : WIKI COMMONS
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം വീശുന്ന മറ്റ് ചില വസ്തുതകള്‍ കൂടെയുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലകളിലൊന്നാണ് സിനിമ. സിനിമയുമായി ബന്ധപ്പെട്ട് ലൈംഗിക ചൂഷണം മാത്രമല്ല അരങ്ങേറിയിരുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. വെള്ളിത്തിളക്കത്തിനപ്പുറം ക്രൂരമായ ചൂഷണം ആ മേഖലയുമായി ബന്ധപ്പെട്ടുണ്ടായിരുന്നുവെന്ന് പുറംലോകം തിരിച്ചറിയുന്നുണ്ട്. മലയാളിയുടെ ഒളിഞ്ഞുനോട്ടങ്ങള്‍ക്കപ്പുറമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന വിവരങ്ങള്‍. ആ വിവരങ്ങളൊക്കെ പ്രബുദ്ധവും സംഘടനാബോധവുമുള്ള മലയാളിയുടെ ഉള്ളുപൊള്ളയായ കക്ഷിരാഷ്ട്രീയ ബലഹീനതകളിലേക്ക് കൂടെ വിരല്‍ ചൂണ്ടുന്നു. തൊഴിലാളി സംഘടനകളുടെ ശക്തിയും കൂടെ കൊണ്ടാണ് കേരളം ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. ആ തൊഴിലാളി സംഘടനകള്‍ വെള്ളിത്തിരക്ക് വെളിയില്‍ നിന്ന് കൈയ്യടിക്കുന്നവരായി മാറുകയും തിരശ്ശിലയ്ക്കപ്പുറമുള്ള തൊഴിലാളികളെ മറക്കുകയും ചെയ്തതിന്റെ റിപ്പോര്‍ട്ട് കൂടിയാണിത്.

കേരളത്തിലെ തൊഴില്‍മേഖലയിലെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഒരു തൊഴിലാളി സംഘടനകളും സിനിമാ മേഖലയില്‍ ഒരിക്കല്‍ പോലും ഇടപെട്ടിരുന്നില്ല. ഇടയ്ക്ക് എഐടിയുസി ചില ഇടപെടലുകള്‍ക്ക് ശ്രമിച്ചു എന്നൊരപവാദം മാത്രമാണ് ഇതിനുള്ളത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കേരളത്തിലെ തൊഴിലാളി സംഘടനകള്‍ ഇപ്പോഴും ആലോചിക്കുന്നില്ല എന്നതാണ് ഖേദകരം.  
കേരളത്തിലെ സിനിമാ മേഖലയില്‍ പലര്‍ക്കും മിനിമം കൂലി പോലും ലഭിക്കുന്നില്ലെന്നത് പുതിയ വിവരമൊന്നുമല്ല. മിനിമം വേജസ് എന്നത് ചെറിയ ചായക്കടകളില്‍ പോലും ഏര്‍പ്പെടുത്തിയ കേരളത്തിലെ സിനിമാ മേഖലയില്‍ അത് നടപ്പാക്കാന്‍ ഇതുവരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. ആ വിഷയത്തില്‍ ഇടപെടാന്‍ ഒരു തൊഴിലാളി സംഘടനയ്ക്കും തോന്നിയിട്ടുമില്ല. സിനിമാ മേഖലയില്‍ രൂപംകൊണ്ട സംഘടനകളൊന്നും തന്നെ അധ്വാനവും കൂലിയും തമ്മിലുള്ള പ്രത്യയശാസ്ത്ര ബന്ധത്തിന്റെ അടിത്തറയിലുള്ളതൊന്നുമായിരുന്നില്ല. അത് തിരിച്ചറിയാനോ അതിലിടപെടാനോ കഴിയാതെപോയത് കേരളത്തിലെ തൊഴിലാളി സംഘടനകളുടെ പരാജയമായി തന്നെ കാണേണ്ടതാണ്.

കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളൊക്കെ അടിസ്ഥാനപരമായി ആണ്‍ കൂട്ടായ്മയും സംഘടനാരൂപവുമാണ്. എന്നാലവര്‍ തരാതരം പോലെ തങ്ങളുടെ കാര്യസാധ്യത്തിന് സ്ത്രീപക്ഷമായി രൂപാന്തരം പ്രാപിക്കും. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇത് താല്‍ക്കാലിക രാഷ്ട്രീയനേട്ട വഴി മാത്രമാകും. അതേസമയം സിപിഎമ്മിനെ സംബന്ധിച്ച് ആ പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് കൂടെയാണ് ഇത് വിരല്‍ ചൂണ്ടുന്നത്.സിപിഎമ്മിനെ സംബന്ധിച്ചടത്തോളം സിനിമാ മേഖല തൊട്ടുകൂടാത്ത മേഖലയൊന്നുമല്ല. ഏകദേശം നാല്‍പത് വര്‍ഷം മുമ്പ് ജനശക്തി ഫിലിംസ് എന്നൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ ചരിത്രം സിപിഎമ്മിനുണ്ട്. ആ സംവിധാനത്തിന് അധികം ആയുസ്സുണ്ടായില്ലെങ്കിലും ഉള്ള കാലം അവരുടെ ഇടപെടല്‍ മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ നിന്നടര്‍ത്തിമാറ്റാന്‍ കഴിയുന്നതല്ല. ഈ ചരിത്രമുള്ള ഒരു പ്രസ്ഥാനമാണിന്ന് ലൈംഗികാതിക്രമ ആരോപണങ്ങളുടെ പട്ടികയില്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ പെടാപാടുപെടുന്നത് കാണേണ്ടി വരുന്നത്.

ആരോപണവിധേയരായവരില്‍ രണ്ട് പേര്‍ ഇടതുപക്ഷ സര്‍ക്കാരിലെ എംഎല്‍എമാരാണ്. അതിലൊരാള്‍ മന്ത്രിയും. ആരോപണവിധേയനായ മറ്റൊരാള്‍ സിപിഎം നോമിനിയായി ചലച്ചിത്ര അക്കാദമി ചെയര്‍മാനായ വ്യക്തിയും. ഇവരുടെയൊക്കെ ഇടതുപക്ഷ ബന്ധത്തെ കുറിച്ച് ആലോചിച്ചാല്‍ മനസ്സിലാകും ഇടതുപക്ഷം എവിടെ എത്തി നില്‍ക്കുന്നുവെന്ന്. സാധാരണഗതിയില്‍ സിപിഎം ഭരിക്കുമ്പോള്‍ അവരുടെ വകുപ്പുകളില്‍ പ്രധാന തസ്തികകളില്‍ വരുന്നവരെ കുറിച്ച് മുന്‍കാലങ്ങളില്‍ ഒരു വ്യക്തത ഉണ്ടായിരുന്നു. അത് ആ പാര്‍ട്ടിയുടെ സംഘടനാപരമായ സുതാര്യമായ സംവിധാനം കൂടെയായിരുന്നു. പുറത്തുനില്‍ക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ ഇരുമ്പുമറ എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാമായിരുന്നുവെങ്കിലും പാര്‍ട്ടി നയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സര്‍ക്കാരിന് പഴി കേള്‍പ്പിക്കാത്തവരാകണം എന്ന ശ്രദ്ധയും അതിലൂന്നിയുള്ള ആ തിരഞ്ഞെടുപ്പില്‍ സംഘടനാപരമായ സുതാര്യതയും എന്നുമുണ്ടായിരുന്നു. അത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമായാലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമായാലും. എന്നാല്‍ അത്തരം വാദങ്ങളൊക്കെ കാലഹരണപ്പെട്ട പരിപ്പുവട, കട്ടന്‍ ചായ കാലത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞ ഈ ബര്‍ഗര്‍, പീസ്സ കാലത്ത് കെട്ടകൂട്ടുകള്‍ പാര്‍ട്ടിക്കൊരലങ്കാരമായി മാറിയിരിക്കുന്നു.

MUKESH | PHOTO : WIKI COMMONS
കൊല്ലത്ത് നിര്‍ത്താന്‍ തൊഴിലാളി നേതാക്കളില്ലാത്തതുകൊണ്ടല്ല മുകേഷിനെ നിര്‍ത്തിയത്. അക്കാദമി ചെയര്‍മാനാക്കാന്‍ കഴിവുള്ള ചലച്ചിത്ര പ്രവര്‍ത്തകരില്ലാത്തതുകൊണ്ടല്ല രഞ്ജിത്തിനെ ചെയര്‍മാനാക്കിയതെന്നും പകല്‍ പോലെ വ്യക്തമാകുന്ന കാര്യങ്ങളാണ്. പാര്‍ട്ടി കമ്മറ്റികള്‍ക്കും അതിന്റെ നയ നിലപാടുകള്‍ക്കും ഒക്കെ മേലെയാണ് ഇപ്പോള്‍ ചിലര്‍. പാര്‍ട്ടിവിശ്വാസികള്‍ക്ക് പോലും താങ്ങാന്‍ പറ്റാത്ത തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് സൈബറിടങ്ങളിലെ ചില ഇടതുപക്ഷ ഹാന്‍ഡിലുകളിലെ കഴിഞ്ഞ കുറച്ചു ദിവസത്തെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. രഞ്ജിത്തും മുകേഷും മാത്രമല്ല, സാംസ്‌കാരിക വകുപ്പ് മന്ത്രിയെ പോലും രൂക്ഷമായി വിമര്‍ശിക്കാന്‍ സൈബറിടങ്ങളിലെ ഇടതുപക്ഷ ഹാന്‍ഡിലുകള്‍ തയ്യാറാകുന്നു എന്നതാണ് ഇപ്പോള്‍ കാണുന്ന സവിശേഷത. ഇതിനെയും സൂക്ഷ്മമായി നോക്കിയാല്‍ സൈബറിടത്തില്‍ തങ്ങളുടെ നിലപാട് കാത്തുസൂക്ഷിക്കാനുള്ള വെപ്രാളം കാണാം. മുകേഷും വീണാ ജോര്‍ജ്ജും ആദ്യം മത്സരരംഗത്തിന് എത്തുന്നതിന് മുന്‍പ്, അതായത് 2016 ന് മുന്‍പ് വന്ന ഒരഭിമുഖമാണ് മുകേഷിനെ അടിക്കാന്‍ സൈബറിടങ്ങളിലെ പല ഇടതുപക്ഷ ഹാന്‍ഡിലുകളും ഇപ്പോഴെടുക്കുന്നത് എന്നത് ആ വ്യഗ്രതയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ്.

സിപിഎമ്മിനെ സംബന്ധിച്ച് സമ്മേളന കാലമടുത്തു. തുടര്‍ഭരണത്തിലെ വീഴ്ചകളുടെ തുടര്‍ച്ചയിലാണ് സര്‍ക്കാര്‍. പരിമിതികളും പരാജയങ്ങളും നേരിടുന്ന സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിനും കൂനിന്മേല്‍ കുരു എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് വന്ന വെളിപ്പെടുത്തലുകളും സിപിഎമ്മില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും സിനിമയിലെ ആടിയുലയലിനപ്പുറം സിപിഎമ്മിലൊരു മാറ്റത്തിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വഴിവെക്കുമെന്നുള്ള പാര്‍ട്ടി വിശ്വാസികളുടെ പ്രതീക്ഷകള്‍ അസ്ഥാനാത്താകുമോ എന്നതിന് ഉത്തരം കൂടിയാകും ഈ സമ്മേളന കാലം.


#outlook
Leave a comment