
പാഠ്യപദ്ധതികൾക്കുമേൽ ധാർമികതയുടെ ഭാരം കെട്ടിവയ്ക്കപ്പെടുമ്പോൾ
വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഊന്നൽ നൽകുന്ന മാറ്റങ്ങൾ അനിവാര്യമായ വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേതെന്ന് പറയേണ്ടതില്ലല്ലോ. വിദ്യാർത്ഥി സമൂഹത്തിനിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും ആത്മഹത്യ നിരക്കും കുറ്റകൃത്യങ്ങളുടെ തോതും കാണിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ സംഭവിക്കുന്ന താളപ്പിഴകളാണ്. അതിനെ മറികടക്കാനും പ്രതിരോധിക്കാനും അവരെ പാകപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തം ഇന്ന് നമ്മുടെ വിദ്യാലയങ്ങൾക്കും പാഠ്യപദ്ധതിക്കുമുണ്ട്. എന്നാൽ പുത്തൻ പരിഷ്കരണങ്ങളിലൂടെ മാറ്റങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളോരോന്നും കടുത്ത വിമർശനങ്ങൾ നേരിടുകയാണ്.
മതവിശ്വാസങ്ങളുടെ സ്വാധീനവും ധാർമികതയുടെ ഭാരവും പാഠ്യപദ്ധതികൾക്കുമേൽ കൈകടത്തുന്നത് അതിന്റെ ഏറ്റവും വലിയ കാഴ്ചയാണ്. ഭാവിയുടെ കപ്പിത്താന്മാരായ തലമുറയെ സജ്ജരാക്കാനുള്ള ശ്രമങ്ങളെ കടക്കൽ വെട്ടുകയാണ് ഇത്തരം കൈകടത്തലുകൾ ചെയ്യുന്നത്. സൂംബ പോലുള്ള കായികാഭ്യാസങ്ങൾ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള തീരുമാനത്തെ വിമർശനങ്ങൾ പൊതിയുന്നത് അതിന്റെ തുടക്കമാണ്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി വിളിച്ച ഉന്നതതല യോഗത്തിലാണ് സൂംബ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും, എന്നും ചെയ്യാനുമുള്ള ഒരുക്കങ്ങൾ സ്കൂളിൽ ചെയ്യാനും മുഖ്യമന്ത്രി നിർദേശിച്ചത്. അതേ യോഗത്തിൽ തന്നെ വിദ്യാഭ്യാസ മന്ത്രി തീരുമാനം അംഗീകരിക്കുകയുണ്ടായി. ഇതിനായി പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകി. കുട്ടികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പുവരുത്താനാണ് ഈ തീരുമാനം നടപ്പിലാക്കിയത്. എന്നാൽ മതവിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി മത അവഹേളനമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ഇതോടൊപ്പം ഉയർന്നു വരുകയാണ്. സമസ്തയടക്കമുള്ള മതസംഘടനകളും മുസ്ലിം ലീഗിന്റെ വിദ്യാർഥി യുവജന സംഘടനകളുമാണ് വിവിധ പരാമർശങ്ങളോടെ ഇതിനെതിരെ വന്നിരിക്കുന്നത്. വസ്തുതാപരമല്ലാത്ത ആരോപണങ്ങളിലൂടെ, വിദ്യാലയങ്ങളിലെ ഇത്തരം മാറ്റങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും പൊതുസമൂഹത്തിനിടയിൽ സംശയങ്ങളും ആശങ്കകളും സൃഷ്ടിക്കുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
എന്തു കൊണ്ടാണ് ഇത്തരമൊരു കായികാഭ്യാസം പരിശീലിക്കേണ്ടത് അനിവാര്യമാകുന്നത്? നിലവിലെ രീതികളുടെ പരിമിതികൾ തന്നെ കണക്കിലെടുത്താൽ മതിയാകും അതിന്. പഠനത്തിനോടൊപ്പം, വേണ്ട പ്രാധാന്യത്തോട് കൂടി വ്യായാമത്തിനോ മറ്റ് കായികാഭ്യാസങ്ങൾക്കോ കുട്ടികൾക്ക് മതിയായ സമയം ലഭിക്കുന്നില്ല. നൽകുന്ന സമയമാകട്ടെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുമില്ല. കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകുവാൻ മതിയായ അധ്യാപകരുമില്ല. അതിനാൽ തന്നെ ഒരു വിഭാഗം വിദ്യാർത്ഥികൾ മാത്രമാണ് മിക്ക വിദ്യാലയങ്ങളിലും കായികാഭ്യാസങ്ങളിൽ വ്യാപൃതരാവുന്നത്. ബാക്കി വരുന്ന വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലോ വീടുകളിലോ ഇത്തരം പരിശീലനങ്ങളുടെ ഭാഗമാകുന്നേയില്ല. അതിൽ തന്നെ സ്ത്രീ-പുരുഷ അനുപാതം കണക്കിലെടുത്താൽ പെൺകുട്ടികൾ വളരെ പുറകിലാണെന്ന് കാണാം.
പുസ്തകക്കെട്ടുകളുടെ ഭാരത്തിനും ഗ്രേഡുകൾക്കായുള്ള മത്സരയോട്ടത്തിനുമിടയിൽ വിദ്യാർത്ഥി സമൂഹം ഈ വിധം നഷ്ടപ്പെടുത്തുന്നത് ശാരീരികവും മാനസികവുമായ സൗഖ്യത്തിന്റെ ഏകോപനമാണ്. ചിട്ടയായ ആരോഗ്യപരിപാലനവും ജീവിതശൈലി പിന്തുടരുന്നതിലും വ്യക്തമായ അറിവില്ലാത്തവരായാണ് നമ്മുടെ കുട്ടികൾ ഏതാനും സർട്ടിഫിക്കറ്റുകളോടെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് കടക്കുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ അത്തരം പരിശീലനം അവർക്ക് നൽകാനായാൽ വിദ്യാസമ്പന്നരായ ഒരു പറ്റം ആളുകളോടൊപ്പം ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കും.
അതിനാൽ മാനസികമായ ഉല്ലാസം പ്രധാനം ചെയ്യുന്നതും വ്യായാമം ഉറപ്പുവരുത്തുന്നതുമായ സൂംബ പോലെയുള്ള പരിശീലനങ്ങൾ ആ കാലഘട്ടത്തിൽ പ്രാധാന്യമേറിയ ഒന്നാകുന്നത്. ക്ഷീണമോ തളർച്ചയോ ഉണ്ടാകാത്ത, നൃത്തവും സംഗീതവും സമന്വയിപ്പിച്ച് ആസ്വാദ്യകരവുമായ ഈ പരിശീലനം കുട്ടികൾക്ക് അനുയോജ്യമായതാണ്. മറ്റ് കായികാഭ്യാസങ്ങൾ പലതും ഏറെ നാളത്തെ പരിശീലനം അനിവാര്യമായതും കൃത്യമായ ചട്ടക്കൂടുകൾക്ക് ഉള്ളിലുള്ളതുമാണ്. അവയെ അപേക്ഷിച്ച് നോക്കുമ്പോൾ കുട്ടികൾക്ക് എളുപ്പത്തിൽ പരിശീലിക്കാനാകുമെന്ന പ്രത്യേകത സൂംബക്കുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
നിലവിൽ ഉയർന്നുവരുന്ന പരാമർശങ്ങളിൽ സൂചിപ്പിക്കുന്നതുപോലെ പ്രത്യേക വസ്ത്രധാരണ രീതിയോ മറ്റ് നിബന്ധനകളോ ഇത് കുട്ടികൾക്കുമേൽ അനുശാസിക്കുകയോ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നില്ല. ശരീരത്തിന്റെ ഓരോ ഭാഗങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് ഇതിന്റെ ചുവടുകൾ. മികച്ച ഒരു കാർഡിയോ-വാസ്കുലാർ വ്യായാമമായി ഇതിനെ കണക്കാക്കാവുന്നതാണ്. മാത്രമല്ല കുട്ടികളിലെ മാനസികാരോഗ്യം വർധിപ്പിക്കാനും ഈ പരിശീലനത്തിലൂടെ സാധിക്കും. ഹാപ്പിഹോർമോണുകളുടെ ഉത്പാദനം വർധിപ്പിച്ച് കുട്ടികളിലെ മാനസിക സമ്മർദ്ദവും ആശങ്കയും ഇല്ലാതാക്കാൻ ഇതിനാകും. പഠനത്തിലും ഇത്തരം പരിശീലനങ്ങൾ കുട്ടികൾക്ക് മുതൽക്കൂട്ടാവുകയാണ് ചെയ്യുക. ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും കുട്ടികൾക്കിടയിൽ കൂട്ടായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, നേതൃത്വ പാടവം സൃഷ്ടിച്ചെടുക്കാനും ഇതിലൂടെ സാധിക്കും. ഇതുപോലുള്ള വിശാലമായ സാധ്യതകളെ കണക്കിലെടുക്കാതെയാണ് വസ്ത്രധാരണത്തേയും ധാർമിക മൂല്യങ്ങളെയും മുൻനിർത്തി മതസംഘടനകൾ ഇത്തരം പരിശീലനങ്ങൾക്ക് മറ്റൊരു വ്യാഖ്യാനം നൽകാൻ ശ്രമിക്കുന്നത്.
മേനിയഴക് പ്രദർശിപ്പിക്കാനുള്ള അവസരങ്ങളാണ് കായികാഭ്യാസങ്ങൾ എന്ന ആരോപണങ്ങളെ നാം ആദ്യമേ തള്ളിക്കളയണം. അത്തരം ധാരണകളാണ് വ്യായാമങ്ങളിലൂടെയും കായികാഭ്യാസങ്ങളിലൂടെയും ശാരീരികാരോഗ്യത്തിന് മുൻഗണന നൽകാനാവാത്ത വിഭാഗമായി ലിംഗന്യൂനപക്ഷങ്ങളിൽ ഏറെപ്പേരും ഇന്നും തുടരാൻ കാരണമാകുന്നത്. മതവിശ്വാസത്തിന്റെയും സംസ്‍കാരത്തിന്റെയും ചട്ടക്കൂടുകൾക്കുള്ളിൽ നിന്നല്ലാതെ ആരോഗ്യത്തെപ്പോലും കണക്കിലെടുക്കാനാവില്ലെന്ന വസ്തുത പരിതാപകരമാണ്. പലർക്കും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾ വിലങ്ങുതടിയാകുന്നതിന് പുറമെയാണ് മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും അതിന് ആക്കം കൂട്ടുന്നത്. കൂടാതെ ലിംഗവ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടത്തുമ്പോഴാണ് മറുവശത്ത് അതേ ലിംഗവ്യത്യാസം ചൂണ്ടിക്കാട്ടി ഇത്തരം നടപടികൾക്ക് തടയിടാൻ ശ്രമിക്കുന്നതും. ഇവയെല്ലാം മതപരമായ ഇടപെടലുകൾ പല മേഖലയുടെയും വ്യക്തികളുടെയും തന്നെ വളർച്ചക്ക് തടയാകുന്നത് എത്രത്തോളമാണെന്ന് കാണിക്കുന്നതാണ്.
കലയും കായികാഭ്യാസങ്ങളും പഠനവും നമ്മുടെ കുട്ടികൾ വേണ്ടുവോളമാസ്വദിക്കട്ടെ. അതിന്, അമിതഭാരമാകാത്തവിധം അവയെല്ലാം ഒത്തിണക്കി അവർക്ക് നൽകേണ്ടതുണ്ട്. വിവേചനങ്ങളോ മാറ്റിനിർത്തലുകളോ ഇല്ലാതെ അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയണം. അക്കാദമിക വിജയങ്ങൾക്കും നേട്ടങ്ങൾക്കും ഒപ്പം ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും മുൻതൂക്കം നൽകണമെന്ന വസ്തുത കുട്ടികളിൽ സൃഷ്ട്ടിച്ചെടുക്കേണ്ടതാണ്. അതിന് ജീവിത സൗകര്യങ്ങളോടൊപ്പം നല്ല ജീവിത ശൈലിയും അവർ നേടിയെടുക്കേണ്ടതാണെന്ന ബോധ്യത്തോടെ തന്നെ കുട്ടികൾ വളരേണ്ടതുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
എല്ലാവിധ ഗുണങ്ങൾ നിലനിൽക്കുമ്പോഴും ഇത്തരത്തിൽ പദ്ധതികൾ നടപ്പിലാക്കുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രദ്ധിക്കേണ്ടതായ പല വിഷയങ്ങളുമുണ്ട്. ഒന്നാമതായി വിദ്യാർത്ഥികൾക്ക് കൃത്യമായ പരിഗണന നൽകേണ്ടതുണ്ട്. ഓരോ വിദ്യാർത്ഥികളും വ്യത്യസ്തരാണ് എന്ന് തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകളും പരിമിതികളും മനസ്സിലാക്കിയാവണം പരിശീലനം നൽകേണ്ടത്. മറ്റ് പല കായികാഭ്യാസങ്ങളുടെയും പരിശീലനവേളയിൽ ഉണ്ടാവുന്നത് പോലെയല്ലാതെ എല്ലാ കുട്ടികളെയും ഉൾചേർത്ത് പൂർണമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് 12 വർഷത്തിലധികമായി സൂംബ പരിശീലിപ്പിക്കുന്ന തൃശ്ശൂർ സ്വദേശിയായ ശ്രീലക്ഷ്മി അഭിപ്രായപ്പെടുന്നു. മാത്രമല്ല കുട്ടികൾക്ക് പരിശീലനം നൽകുന്നത് സൂംബ പരിശീലനത്തിൽ വ്യക്തമായ അറിവുള്ള ലൈസൻസ് നേടിയ വ്യക്തികളാവണം എന്നും ശ്രീലക്ഷ്മി നിർദേശിക്കുന്നു. വിദ്യാലയങ്ങളിൽ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ അധ്യാപകർക്കും മികച്ച രീതിയിലുള്ള പരിശീലനം നൽകിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതും വ്യത്യസ്തങ്ങളായ മാനസിക സംഘർഷങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കുന്നതുമായ ഒരു പഠനരീതി നിലവിൽ വരേണ്ടതിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എത്രത്തോളം അവരുടെ എക്സ്പോഷർ വർധിക്കുന്നുവോ അത്രയും അവരെ മാനസികവും ശാരീരികവും സാമൂഹികവുമായി പാകപ്പെടുത്തിയെടുക്കാൻ പോന്നതാവണം പാഠ്യപദ്ധതികൾ. അതിനാൽ ഇത്തരം ഉൾചേർക്കലുകളെ പിന്തുണക്കേണ്ടതും അവയെ പ്രോത്സാഹിപ്പിക്കേണ്ടതും രക്ഷിതാക്കളടങ്ങുന്ന പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കുട്ടിക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും മൂല്യച്ചുതിയും മറികടന്ന് മികച്ച വ്യക്തിത്വങ്ങളായി, ആരോഗ്യവാന്മാരായി, മൂല്യബോധമുള്ള പൗരന്മാരായി അവരെ വളർത്തിക്കൊണ്ടുവരാൻ ഇനിയും പുതുക്കി പണിയലുകൾ നമ്മുടെ വിദ്യാഭ്യാസ രീതികളിൽ ഉണ്ടാവേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും ആവശ്യമുന്നയിക്കുകയും വേണം.


.jpg)