ഇലക്ടറല്‍ ബോണ്ടിന്റെ കാണാചരടുകള്‍ വെളിച്ചത്ത് വരുമ്പോള്‍
എന്താണ് ഇലക്ടറല്‍ ബോണ്ട് 2018
സാധാരണ കമ്പനികള്‍ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ വിവിധങ്ങളായ ഏജന്‍സികള്‍ക്ക് സാമ്പത്തിക ഷെയര്‍, ഡിബഞ്ചറുകള്‍, ലോണുകള്‍ പോലെ മറ്റൊരു സാമ്പത്തീക സ്രോതസ്സ് ആയി ഉപയോഗിക്കുന്ന ഒന്നാണ് Bond (കടപത്രം). രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരണത്തിനായി സംഭാവനകള്‍ സ്വീകരിക്കാന്‍, ബാങ്കുകള്‍ക്ക് ബോണ്ടുകള്‍ (കടപത്രം) ഇറക്കുവാന്‍ അനുവാദം നല്‍കുന്നതിന്, കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക് നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി ബില്‍ അവതരിപ്പിച്ച് പാസാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ 'ഇലക്ടറല്‍ ബോണ്ട് 2018' നിലവില്‍ വന്നു.
ആര്‍ക്കെല്ലാം ഇലക്ടറല്‍ ബോണ്ടില്‍ നിക്ഷേപിക്കാം
ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരു ഇന്ത്യന്‍ പൗരനും അതുപോലെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും 1,000/10,000/1,00,000/10,00,000/1,00,00,000 രൂപ നിരക്കിലുള്ള ബോണ്ടുകള്‍ സ്റ്റേറ്റ് ബാങ്കിന്റെ നിര്‍ദിഷ്ട ശാഖകളില്‍ നിന്ന് വാങ്ങാന്‍ കഴിയും (നിലവില്‍ കഴിഞ്ഞദിവസം സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരം സ്‌കീം നിര്‍ത്തിവെച്ചു).
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ട് ലഭിക്കാനുള്ള നിബന്ധനകള്‍
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊട്ട് മുന്‍പ് നടന്ന ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പില്‍, ഒരു ശതമാനത്തില്‍ അധികം വോട്ട് നേടാന്‍ കഴിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ട് മാറി എടുക്കാന്‍ കഴിയും.
ഇലക്ടറല്‍ ബോണ്ട് നിലവില്‍ വരുന്നതിന് മുന്‍പ്
ഇലക്ടറല്‍ ബോണ്ട് സംവിധാനം നിലവില്‍ വരുന്നതിന് മുന്‍പും ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചിരുന്നു, അന്നും സംഭാവനകള്‍ ലഭിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് എങ്ങനെ ആണ് ലഭിച്ചിരുന്നത് എന്ന് പരിശോധിക്കാം.
ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത് അവരുടെ പ്രത്യയശാസ്ത്രം, ആശയധാര തുടങ്ങിയ കാര്യങ്ങള്‍ എന്താണ് അത് അവര്‍ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊണ്ട് ജനത്തിന്റെ വിശ്വാസം നേടിയെടുക്കുകയും അത് വോട്ട് ആക്കി അധികാരം നേടി എടുക്കുകയും ചെയ്യുക എന്നതാണല്ലോ ജനാധിപത്യ സംവിധാനം. സ്വാഭാവികമായും ഓരോരുത്തരുടെയും പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന ജനങ്ങളുടെ സജീവമായ പ്രവര്‍ത്തനം ഇവര്‍ക്കെല്ലാം ആവശ്യമാണ്, അതോടൊപ്പം പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തികവും വേണ്ടിവരും. അതിന് അംഗങ്ങളില്‍ നിന്നും, അനുഭാവികളില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍, വരിസംഖ്യകള്‍, ആയിരിക്കും മുഖ്യ സാമ്പത്തിക സ്രോതസ്സ്. അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം, കെട്ടിട വാടക എന്നിങ്ങനെ മറ്റ് സ്രോതസ്സുകളും കാണാം.
മാറിയ ഇന്ത്യ രാഷ്ട്രീയ പരിതസ്ഥിതിയില്‍ മുകളില്‍ സൂചിപ്പിച്ച വരുമാനങ്ങള്‍ക്ക് പുറമെ മറ്റൊരു സാമ്പത്തിക സ്രോതസ്സ് കൂടി പതുക്കെ പതുക്കെ രംഗത്തുവന്നു. 'കോര്‍പ്പറേറ്റ് ഫണ്ടിംഗ്' എന്ന് അത് തുടര്‍ന്ന് അറിയപ്പെട്ടു.
REPRESENTATIVE IMAGE: WIKICOMMONS
എന്താണ് കോര്‍പ്പറേറ്റ് ഫണ്ടിംഗ്
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അവരുടെ വരുമാനത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കിവരുന്നു. അംഗീകരിക്കപ്പെട്ട അക്കൗണ്ടിങ് പ്രാക്ടീസ് അനുസരിച്ച് ഇത് സാധാരണഗതിയില്‍ അവരുടെ കണക്കില്‍ 'ഡൊണേഷന്‍' എന്ന ഹെഡില്‍ രേഖപ്പെടുത്തുകയും വേണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളും വരുമാന നികുതി നിയമവും
സ്ഥാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ അവര്‍ക്ക് മൊത്തം ലഭിച്ച വരുമാനത്തിന് ഉള്ളില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ വരുമാന നികുതി നിയമം 1961, വകുപ്പ് 80 GGC പ്രകാരം കിഴിവിനും അര്‍ഹമാണ്. പക്ഷേ, ഒരു നിബന്ധന ഉണ്ട്. ഓരോ സ്ഥാപനവും നല്‍കുന്ന 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ബാങ്ക് വഴി ആയിരിക്കണം, നല്‍കിയ സംഭാവനകളുടെ കൃത്യമായ രസീതും കണക്കില്‍ രേഖപ്പെടുത്തിയിരിക്കണം.അങ്ങനെ വരുമ്പോള്‍ ഓരോ സ്ഥാപനവും നല്‍കുന്ന സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കപ്പെടുന്ന വരുമാന നികുതി വകുപ്പ്, അതുപോലെ കമ്പനികളുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കപ്പെടുന്ന കമ്പനികാര്യ മന്ത്രാലയത്തില്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് ലഭിക്കുന്നു.
ഇലക്ടറല്‍ ബോണ്ടിന്റെ ഉല്‍ഭവം
മുകളില്‍ ചര്‍ച്ച ചെയ്ത പ്രകാരം സ്ഥാപനങ്ങള്‍ അവര്‍ക്ക് താത്പര്യം ഉള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കുകയും അത് പുറത്തുവരുകയും ചെയ്താല്‍ സ്വാഭാവികമായും അവര്‍ക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടാകുകയും അതിന്റെ ഫലമായി അവര്‍ക്ക് ബിസിനസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും എന്ന വിലയിരുത്തലില്‍ ആണ് 2018 ല്‍ ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതുപ്രകാരം സ്ഥാപനങ്ങളുടെ കണക്കുകളില്‍ തങ്ങള്‍ ആര്‍ക്ക് ആണ് പൈസ നല്‍കിയത് എന്ന് രേഖപ്പെടുത്താന്‍ ബാധ്യസ്ഥമല്ല. മാത്രമല്ല ഇലക്ടറല്‍ ബോണ്ട് എടുക്കാന്‍ വരുമാന പരിധി ഒരു മാനദണ്ഡം അല്ലാതെ ആയി.
ഇലക്ടറല്‍ ബോണ്ടിന്റെ കാണാചരടുകള്‍ എവിടെ
ഇലക്ടറല്‍ ബോണ്ടിന്റെ കാണാചരടുകള്‍ എവിടെ എല്ലാം ആണ് എന്ന് പരിശോധിക്കാം:
നിലവില്‍ ഇത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന ഇതുവരെയുള്ള വാദപ്രതിവാദങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ആരെല്ലാം ആണ് ഈ ഒരു കേസുമായി മുന്നോട്ടുവന്നത്, ഏത് സാഹചര്യത്തിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ചോദ്യം ചെയ്യപ്പെട്ടത് എന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ മുന്‍പ് പലവട്ടം ചര്‍ച്ച ചെയ്തതിനാല്‍ അതിലേക്ക് കടയ്ക്കുന്നില്ല.
കേസിന്റെ വാദപ്രതിവാദങ്ങള്‍ക്ക് ഇടയില്‍ സുപ്രീംകോടതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചില വസ്തുതകള്‍ പരിശോധിക്കാം.
സുപ്രീംകോടതി | PHOTO: WIKICOMMONS
സര്‍ക്കാരിന്റെ വാദം:
നിലവിലുള്ള സംവിധാനപ്രകാരം ഡൊണേഷന്‍ നല്‍കുന്ന ആളുടെ/ സ്ഥാപനത്തിന്റെ സ്വകാര്യത നഷ്ടപ്പെടുകയും അതിന്റെ ഫലമായി ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്. ഉദാ: കേരളത്തില്‍ നിന്നുളള ഒരു സ്ഥാപനം ഇവിടെ ഉള്ള സ്റ്റേറ്റ് ബാങ്കിന്റെ നിര്‍ദിഷ്ട ശാഖയില്‍ നിന്ന് ബോണ്ട് വാങ്ങിയാല്‍ അവര്‍ക്ക് 15 ദിവസംവരെ കൈവശംവയ്ക്കാം. ഈ ബോണ്ടില്‍ മറ്റ് വിവരങ്ങള്‍ക്ക് പുറമെ വാങ്ങിയ കമ്പനികളുടെ പേര് വിവരങ്ങള്‍ കാണില്ല. അവര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കാം. ഉദാ. ഇത് ഈ സ്ഥാപനത്തിന് കല്‍ക്കട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണമെങ്കില്‍ നല്‍കാം. അതിന് ഈ ബോണ്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ടയിലെ നിര്‍ദ്ദിഷ്ട ബ്രാഞ്ചില്‍ ആ പാര്‍ട്ടി നല്‍കി അവരുടെ അക്കൗണ്ടില്‍ മാറി എടുക്കുന്നു. ബോണ്ട് മാറുന്ന ബ്രാഞ്ചില്‍ അറിയുന്നില്ല ആര് എവിടെനിന്ന് എടുത്ത ബോണ്ട് ആണ് മാറിയത് എന്ന്. അങ്ങനെ വരുമ്പോള്‍ സ്ഥാപനത്തിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും ഇതോടൊപ്പം കള്ളപ്പണം കൈമാറ്റം തടയാനും കഴിയും.
പരാതിക്കാരുടെ വാദം:
പ്രധാനമായും ജനാധിപത്യ മതേതര സംവിധാനത്തില്‍ സുതാര്യമായ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് കളമൊരുക്കുക എന്നതാണ് ജനങ്ങള്‍ക്ക് മുന്നിലെ രാ്ഷട്രീയ നേതാക്കളുടെ പ്രത്യയശാസ്ത്രം. അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന വിശ്വാസം ഉറപ്പ് വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്. അതിന് പാകത്തിന് ഉള്ള സംവിധാനം രൂപപ്പെടുത്തി നടപ്പാക്കുക എന്നതാണ് വേണ്ടത്. എന്നാല്‍ നിലവിലുള്ള ഇലക്ടറല്‍ ബോണ്ട് സംവിധാനം നിഗൂഢമായ ഫണ്ട് സമാഹരണത്തിന് വഴി നല്‍കുന്നു. ഉദാ. മുകളില്‍ സൂചിപ്പിച്ച കേരളത്തിലെ സ്ഥാപനത്തിന് പശ്ചിമ ബംഗാളില്‍ ഒരു പ്രോജക്ട് ഉണ്ട് എന്ന് കരുതുക. ഇത് ലഭിക്കാന്‍ മറ്റ് സ്ഥാപനങ്ങളുടെ ഒപ്പം ഈ സ്ഥാപനവും ടെന്ററില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എങ്കില്‍ അവര്‍ക്ക് കുറച്ച് ഇലക്ടറല്‍ ബോണ്ട് വാങ്ങി അവിടെ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ചര്‍ച്ചചെയ്ത് പ്രസ്തുത സ്ഥാപനത്തിന് തന്നെ ടെന്റര്‍ ലഭിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. മറ്റാരും അറിയുകയും ഇല്ല. ഇനി ഇദ്ദേഹത്തിന് കോണ്‍ട്രാക്റ്റ് ലഭിച്ചില്ല, ഇദ്ദേഹത്തിനേക്കാള്‍ കൂടിയ തുകയുടെ ബോണ്ട് നല്‍കിയ മറ്റൊരാള്‍ക്കാണ് ടെന്റര്‍ നല്‍കിയത് എങ്കില്‍ അവിടത്തെ പ്രതിപക്ഷത്തിന് ബോണ്ട് നല്‍കി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാന്‍ കഴിയും. ഫലത്തില്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സംവിധാനം ആയി ഇത് മാറുന്നു.
സര്‍ക്കാര്‍ ഭാഗം വാദം:
ബോണ്ട് നിലവില്‍ വരുന്നതിന് മുമ്പ് ധാരാളം തുക ക്യാഷായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതിന് കാരണം തങ്ങള്‍ നല്‍കിയ തുക പുറത്തുവരാതെ ഇരിക്കാന്‍ വേണ്ടി ആണ്. ഈ സാഹചര്യം ഒഴിവാക്കാന്‍ ഇലക്ടറല്‍ ബോണ്ട് ആവശ്യമാണ്. മാത്രമല്ല ബാങ്ക് വഴി മാത്രമേ ഇലക്ടറല്‍ ബോണ്ട് വാങ്ങാന്‍ കഴിയുകയുള്ളൂ. സ്വാഭാവികമായും ബാങ്ക് അക്കൗണ്ട് തുറക്കാന്‍ KYC അഥവാ അക്കൗണ്ട് തുടങ്ങുന്ന വ്യക്തി അല്ലെങ്കില്‍ സ്ഥാപനം അവരുടെ ഐഡന്റിറ്റി പ്രൂഫ്, പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിരിക്കും. സ്വാഭാവികമായും ഇത്തരം ട്രാന്‍സാക്ഷനുകള്‍ സര്‍ക്കാരിന് പരിശോധിക്കാനും കഴിയും.
പരാതിക്കാര്‍ ഉന്നയിക്കുന്നത്:
സര്‍ക്കാര്‍ പറഞ്ഞത്, ബാങ്കിങ് ചാനലില്‍ കൂടി മാത്രമേ ബോണ്ട് ട്രാന്‍സാക്റ്റ് ചെയ്യാന്‍ കഴിയൂ എന്ന്. അതിലൂടെ സര്‍ക്കാരിന് ആരെല്ലാം, ആര്‍ക്കൊക്കെ ആണ് പൈസ നല്‍കിയത് എന്ന്, അങ്ങനെ വരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെ കേന്ദ്ര ഏജന്‍സികളെ ഇറക്കിവിടുന്ന സാഹചര്യം ഉണ്ടാകും. ഇതിലൂടെ ഭരിക്കുന്ന പാര്‍ട്ടിക്ക് മറ്റുള്ളവരേക്കാള്‍ അഡ്വാന്റേജ് ലഭിക്കുന്നു അതിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടും. ഫലത്തില്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യമായ പദവി എന്നത് (Level playing ground) ഇല്ലാതാകുന്നു. KYC ഉള്ള സ്ഥാപനങ്ങളിലൂടെ മാത്രം നടക്കുന്ന ഇടപാടുകള്‍ എന്ന് പറയുമ്പോള്‍ മറ്റൊരു വസ്തുത മറച്ചുവയ്ക്കുന്നു. ഇവിടെ രജിസ്‌ട്രേഷന്‍ എടുത്ത A എന്ന ഒരു കമ്പനിയുടെ അക്കൗണ്ടില്‍ കൂടി ഒരു ബോണ്ട് എടുത്ത് എന്ന് വയ്ക്കുക, ഇത് കമ്പനി, B മറ്റൊരു വ്യക്തിക്ക് ക്യാഷ് വാങ്ങി കൈമാറുന്നു. B ഇത് അയാളുടെ കാര്യസാധ്യത്തിനായി ഏതെങ്കിലും ആള്‍ക്ക് താത്പര്യം ഉള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്നു. B, A യ്ക്ക് നല്‍കിയ ക്യാഷ് B യുടെ പക്കല്‍ എത്തിയത് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ച പണമാണ് എങ്കില്‍ കൂടി ഇവിടെ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.
മുകളില്‍ വിവരിച്ച വിഷയങ്ങള്‍ എല്ലാം വിശദമായി കേട്ടതിനു ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഇലക്ടറല്‍ ബോണ്ട് നിര്‍ത്തലാക്കാനും, 2019 ഏപ്രില്‍ 12 മുതലുള്ള ഇലക്ടറല്‍ ബോണ്ട് ആരെല്ലാം വാങ്ങി, ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി എന്ന വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ഷന്‍ കമ്മീഷന് നല്‍കാനും ലഭിച്ച വിവരങ്ങള്‍ ബോണ്ടിന്റെ സീരിയല്‍ നമ്പര്‍ സഹിതം അവരുടെ വെബ് സൈറ്റില്‍ 2024 മാര്‍ച്ച് 15 മുന്‍പ് പ്രസിദ്ധീകരിക്കുന്നതിനും ഉത്തരവായത്.
ഡി വൈ ചന്ദ്രചൂഢ് | PHOTO: PTI
ഇത് എഴുതുമ്പോഴും ആര് ആര്‍ക്ക് അവരുടെ ബോണ്ട് നല്‍കി എന്ന പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല, എങ്കിലും പുറത്തുവന്ന വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത് പരാതിക്കാരുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതും സര്‍ക്കാര്‍ വാദങ്ങളെ ഖണ്ഡിക്കുന്നതും ആണ്.
ഫാര്‍മാ കമ്പനികള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍, വലിയ ബിസിനസ്സ് ഗ്രൂപ്പുകളുടെ ഷെല്‍ കമ്പനികള്‍ തുടങ്ങിയവയ്ക്ക് പുറമെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവയും ആണ് പ്രധാനമായും ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് എന്നുകാണാം.
പി എം കെയര്‍ ഫണ്ടും ഇലക്ടറല്‍ ബോണ്ടുകളും:
കോവിഡ് 19 നെ നേരിടാന്‍ വളരെ അധികം സാമ്പത്തികം ആവശ്യമാണെന്ന് കണ്ട് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ട് (NDRF) പോലുള്ള ഫണ്ട് കൊണ്ടുമാത്രം ഇതിനെ കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്നുകണ്ട് പ്രധാനമന്ത്രി എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍ ആയി രൂപീകരിക്കപ്പെട്ട ഒന്നാണ് പി എം കെയര്‍ ഫണ്ട്. ഇത് ഡല്‍ഹി ആസ്ഥാനമായി ഒരു പബ്ലിക് ട്രസ്റ്റ് എന്ന നിലയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇത്തരം ട്രസ്റ്റുകള്‍ വിവരാവകാശ പരിധിയില്‍ വരുന്നതല്ല. ഇതിന്റെ ഘടന, എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍, കൂടാതെ ആഭ്യന്തരമന്ത്രി, ഡിഫന്‍സ് മിനിസ്റ്റര്‍, ധനകാര്യ മന്ത്രി എന്നിവര്‍ എക്‌സ് ഒഫീഷ്യോ ട്രസ്റ്റീസ് ആണ്.
ഇതിലേക്ക് 2019-20 ല്‍ 3,076 കോടി രൂപ ആണ് എത്തിയത് എങ്കില്‍, 2020-21 ല്‍ 7,500 കോടി രൂപ എത്തിയിരുന്നു. പി എം കെയര്‍ ഫണ്ടിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാകുന്നത് 2020-21 വര്‍ഷത്തില്‍ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിന് മാത്രം 1,392.87 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. കൂടാതെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ വേണ്ട പ്ലാന്റ്, കോവിഡ് വാക്‌സിന്‍ ഡവലപ്‌മെന്റ് അങ്ങനെ എല്ലാംകൂടി 3,976.17 കോടി രൂപ 2020-21 ല്‍ ചിലവ് വന്നു. സര്‍ക്കാരിന് വേണ്ടി കോവിഡ് വാക്‌സിന്‍ നിര്‍മ്മാണവും വിതരണവും ചെയ്ത പ്രധാന കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ പോലുള്ള കമ്പനികള്‍ 100 കണക്കിന് കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി വിതരണം ചെയ്തു എന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് ഒരു ഉദാഹരണം മാത്രം.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ട് | PHOTO: WIKICOMMONS
ഫലത്തില്‍ ഇലക്ടറല്‍ ബോണ്ട് എന്നത് ഒരു ലീഗലൈസ്ഡ് അല്ലെങ്കില്‍ നിയമത്തിന്റെ 'പരിരക്ഷ' യിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന ഒരു സംഗതി ആയിരുന്നു എന്നതാണ്. ചുരുക്കത്തില്‍ ഇലക്ടറല്‍ ബോണ്ടിന് മുന്‍പ് ഉണ്ടായിരുന്ന ചില്ലറ വില്‍പ്പന മൊത്തകച്ചവടം ആയി.
തീര്‍ച്ചയായും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയും അവരുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും മറ്റും ധാരാളം പണച്ചിലവ് സ്വാഭാവികമായും ഉണ്ട്. ലേഖനത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ച മാര്‍ഗങ്ങള്‍ക്ക് പുറമെ കോര്‍പ്പറേറ്റ് ഫണ്ടിംഗും ഒഴിവാക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. പ്രശ്‌നം ഇവര്‍ക്ക് ആവശ്യമായ ഫണ്ട് കാണാചരടുകളില്‍ നിന്ന് ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ്. അല്ലാത്തപക്ഷം ജനാധിപത്യ സംവിധാനം തകര്‍ന്നടിയും.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വേണ്ടിയിരുന്നത് നിലവില്‍ ഉണ്ടായിരുന്ന നിയമത്തിലെ അവ്യക്തതകള്‍ തിരുത്തി സ്ഥാപനങ്ങളും വ്യക്തികളും തയ്യാറാക്കി നല്‍കുന്ന കണക്കുകളും റിപ്പോര്‍ട്ടുകളും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ശരിയായ പരിശോധനാ സംവിധാനത്തിലൂടെ കടന്നുപോകുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതും ആണ്. നിലവില്‍ വരുമാന നികുതി മേഖലയില്‍ അത് പോലെ ജി എസ് ടി സംവിധാനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നുണ്ട്. അതുപോലെ സര്‍ക്കാരിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച സുതാര്യത ഉറപ്പാക്കാനും ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. ഇതിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് സുതാര്യത ഉറപ്പാക്കാനുതകുന്ന സോഷ്യല്‍ ഓഡിറ്റിംഗ് നടത്താന്‍ പാകത്തിന് ഇവയുടെ നയങ്ങള്‍, പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള പബ്ലിക് ഡൊമൈനില്‍ വരുത്തുകയും ആയിരുന്നു. ഇതിലൂടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയും.