ശാന്തിനികേതനിലെ അവസാന വിദ്യാര്‍ത്ഥി വിടപറയുമ്പോള്‍...
കലയെക്കുറിച്ചും കലാവിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള രവീന്ദ്രനാഥ ടാഗോറിന്റെ സങ്കല്‍പ്പത്തിന് മൂര്‍ത്തരൂപം നല്‍കുകയായിരുന്നു നന്ദലാല്‍ ബോസ് ശാന്തിനികേതനിലെ കലാ ഭാവന എന്ന കലാവിദ്യാഭ്യാസ സ്ഥാപനത്തിലൂടെ. ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥികളും പില്‍ക്കാലത്ത് അധ്യാപകരുമായിത്തീര്‍ന്ന ആദ്യ തലമുറയിലെ കലാകാരന്മാരുടെ കലാചിന്തകളിലും പ്രയോഗങ്ങളിലും നന്ദലാല്‍ ബോസിലൂടെ വികസിച്ച ടാഗോറിയന്‍ കലാസങ്കല്പത്തിന്റെ സ്വാധീനം ശക്തമായിരുന്നു. രാഷ്ട്രപ്പിറവിയുമായി ബന്ധപ്പെട്ട് പുതിയ കാലത്തിന്റെ കല എന്തായിരിക്കണമെന്ന ചോദ്യം വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന വളരെ സങ്കീര്‍ണമായ ഒന്നായിരുന്നു.
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ശാന്തിനികേതനിലെ ആദ്യ തലമുറ കലാകാരന്മാര്‍ ശ്രമിച്ചത്. നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി, രാം കിങ്കര്‍ തുടങ്ങിയ കലാകാരന്മാരുടെ കലാ പ്രവര്‍ത്തനത്തില്‍ ഇത് ദൃശ്യമാണ്. ശൈലീപരമായ സമാനതകള്‍ക്കപ്പുറം ആധുനികതയുടെ തദ്ദേശീയമായ ഒരു സന്ദര്‍ഭം നിര്‍മ്മിച്ചെടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. കേവലം പുനഃരുത്ഥാനവാദം എന്ന് വിളിച്ച് ഒഴിവാക്കാവുന്നതല്ല ഈ ശ്രമങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ആധുനിക കലാകാരന്മാരായി കെ ജി സുബ്രഹ്‌മണ്യന്‍, എ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഉയര്‍ന്നുവരുന്നത് ഈ ശ്രമങ്ങളുടെ പിന്തുടര്‍ച്ചയായി വേണം കാണേണ്ടത്. എ. രാമചന്ദ്രന്‍ കലാജീവിതം ആരംഭിക്കുന്നത് ശാന്തിനികേതന്‍ സ്‌കൂളിന്റെ തുടര്‍ച്ച എന്ന നിലയിലായിരുന്നുവെന്ന് പറയാനാകില്ല. അറുപതുകളിലേയും എഴുപതുകളിലേയും മാറിയ രാഷ്ട്രീയ പരിതസ്ഥിതികളില്‍ ഇച്ഛാഭംഗം നേരിട്ട ഒരു തലമുറയായിരുന്നു രാമചന്ദ്രന്റെ കാഴ്ചക്കാര്‍. അക്കാലത്തെ ചിത്രങ്ങളില്‍ വിശ്വാസരാഹിത്യവും അസ്തിത്വസംബന്ധിയായ ഉല്‍ക്കണ്ഠകളും പ്രമേയമാകുന്നു. ഒരു രാഷ്ട്രനിര്‍മ്മിതിയുടെ സന്ദര്‍ഭത്തില്‍ പ്രസക്തമായിരുന്ന, ശാന്തിനികേതന്‍ ആധുനികതാവാദത്തിന്റെ പ്രസക്തി അവസാനിച്ചതായി പൊതുവില്‍ കരുതപ്പെട്ടിരുന്നു. സന്ദര്‍ഭമുക്തമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഒരു അന്താരാഷ്ട്ര ആധുനികതാവാദത്തിന്റെ സ്വാധീനവും ഇക്കാലത്ത് ശക്തമായിരുന്നു. എന്നാല്‍ ഏറെ താമസിയാതെ ഇത്തരമൊരു ആധുനികതാവാദത്തിന്റെ നിലനില്‍പ്പില്‍ ഇന്ത്യന്‍ കലാകാരന്മാരില്‍ ഒരു വിഭാഗത്തിന് സംശയം തോന്നിത്തുടങ്ങി.
എ.രാമചന്ദ്രന്‍ | PHOTO: FACEBOOK
1984 ലെ യയാതി എന്ന ചിത്രത്തോടെ എ. രാമചന്ദ്രന്‍ തന്റെ കലാജീവിതത്തിലെ പുതിയൊരു ഘട്ടത്തിനു തുടക്കംകുറിച്ചു. എഴുപതുകളിലെ ന്യൂക്ലിയര്‍ രാഗിണി, കാളീപൂജ തുടങ്ങിയ ചിത്രങ്ങളില്‍ ദൃശ്യമായിരുന്ന രാഷ്ട്രീയ ബോധ്യത്തില്‍നിന്നും ഭിന്നമായൊരു ദാര്‍ശനികതലമായിരുന്നു യയാതിക്ക് ഉണ്ടായിരുന്നത്. ഈ ദാര്‍ശനികാന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് രാമചന്ദ്രന്‍ ഇന്ത്യയുടെ ആധുനിക പൂര്‍വ്വചിത്രകലാ പാരമ്പര്യങ്ങളുടെ ആഖ്യാനരീതികളെക്കുറിച്ചുള്ള തന്റെ അന്വേഷണം പുനഃരാരംഭിക്കുന്നത്. ഈ യാത്രയില്‍, നന്ദലാല്‍ ബോസില്‍ തുടങ്ങുന്ന തനത് ആധുനികതാവാദത്തിന്റെ പ്രസക്തി രാമചന്ദ്രന്‍ തിരിച്ചറിയുന്നതായി കാണാം.
ആധുനിക കലാകാരനാകുക എന്നതിന് സ്വന്തം സാംസ്‌കാരിക സ്വത്വം രൂപീകരിക്കപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍നിന്ന് പുറത്തുകടക്കുക എന്ന് അര്‍ത്ഥമുണ്ടായിരുന്ന ഒരു കാലത്താണ് ഒരു തിരിച്ചുപോക്കായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു ദിശാമാറ്റത്തിന് രാമചന്ദ്രന്‍ മുതിരുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടര്‍ച്ചകളില്ലാതെ നിശ്ചേതനമായിപ്പോയ തനത് ചിത്രകലാപാരമ്പര്യങ്ങളുടെ പഠനത്തിലൂടെ ഭാരതീയമായ ഒരു ആഖ്യാനശൈലിയുടെ വീണ്ടെടുപ്പ് മാത്രമല്ല രാമചന്ദ്രന് സാദ്ധ്യമായത്, പാശ്ചാത്യലോകം മുന്നോട്ടുവച്ച ആധുനികതാ വാദത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തിനുതന്നെ ഒരു ബദല്‍ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആധുനികതാവാദ വ്യവഹാരങ്ങള്‍ക്കുള്ളില്‍ മെക്‌സിക്കന്‍ മ്യൂറല്‍ ചിത്രകാരന്മാര്‍ നടത്തിയ ഇടപെടലിന് സമാനമാണിത്. ഭാരതീയ ദര്‍ശനങ്ങള്‍ പൊതുവെയും സൗന്ദര്യശാസ്ത്രം പ്രത്യേകിച്ചും ഒരു നിര്‍ദ്ദിഷ്ട സന്ദര്‍ഭത്തില്‍ നിന്ന് ആരംഭിച്ച് സന്ദര്‍ഭവിമുക്തിയിലേയ്ക്കും വിശ്രാന്തിയിലേയ്ക്കും സഞ്ചരിക്കുന്ന അനുഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. രാമചന്ദ്രന്‍ കണ്ടെത്തുന്ന ആഖ്യാനശൈലി ഇത്തരമൊരു സഞ്ചാരത്തിന്റെ സാദ്ധ്യത തുറന്നിടുന്നുണ്ട്. അദ്ദേഹത്തിന്റെ ക്യാന്‍വാസുകളില്‍ നിറയുന്ന പ്രകൃതിസ്ഥൂലത്തെയും സൂക്ഷ്മത്തെയും പ്രത്യക്ഷവത്ക്കരിക്കുന്നുണ്ട്. ഒരു ഘടനയ്ക്കുള്ളില്‍ മറ്റൊന്ന് എന്ന നിലയില്‍ പല തലങ്ങളിലായി തെളിഞ്ഞുവരുന്ന ലോകങ്ങളെക്കുറിച്ചുള്ള ആഖ്യാനമാണിത്.
YELLOW ROBE | PHOTO: WIKI COMMONS
രാമചന്ദ്രന്റെ ചിത്രങ്ങളിലെ താമരപൊയ്കകളിലെ ജലത്തിന്റെ ചിത്രീകരണം ശ്രദ്ധിക്കുക. അതിലെ ആലങ്കാരികതയാണ് കാണിയെ പ്രത്യക്ഷസന്ദര്‍ഭത്തില്‍നിന്ന് മുന്നോട്ടുനയിക്കുന്നത്. അപ്പോള്‍ താമരപൊയ്ക ഒരു പ്രത്യേക സന്ദര്‍ഭത്തിലെ അതിന്റെ സ്വഭാവത്തില്‍നിന്ന് മാറി ഒരു ഇക്കോ സിസ്റ്റമായിത്തീരുന്നു. ആ കാഴ്ച അവിടെ അവസാനിക്കുന്നില്ല. അതേ താമരപൊയ്കതന്നെ സൂക്ഷ്മ പ്രകൃതിയാകുന്നതും കലാകാരന്റെ യുള്ളിലെ സര്‍ഗ്ഗാത്മക പ്രപഞ്ചമായി മാറുന്നതും ഒടുവില്‍ കലയേയും സംസ്‌ക്കാരത്തേയും ദൃശ്യപ്രകൃതിയെതന്നെയും ഉള്‍ക്കൊള്ളുന്ന അമൂര്‍ത്തമായ പ്രാപഞ്ചികതയുടെ അനുഭവമായിത്തീരുന്നതും കാണി തിരിച്ചറിയുന്നു. രാമചന്ദ്രന്‍തന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ ചിത്രകലയുടെ പ്രയോഗത്തിലൂടെ നേടിയെടുക്കുന്ന ദാര്‍ശനികമായ ഒരു ഉള്‍ക്കാഴ്ചയാണിത്. തത്ത്വചിന്താപരമായി അത് ഇന്ത്യന്‍ ജ്ഞാന പദ്ധതികളില്‍ അധിഷ്ഠിതമാണ്. ആധുനിക കലയിലെ സവിശേഷമായൊരു പ്രയോഗമെന്ന നിലയില്‍ അതൊരു പോസ്റ്റ് - കൊളോണിയല്‍ ഉയര്‍ത്തെഴുന്നേല്പാണ്. ശാന്തിനികേതന്‍ മുന്നോട്ടുവച്ച തനത് ആധുനികതയുടെ ഏറ്റവും കരുത്തുറ്റ ആവിഷക്കാരമാണത്. ആ അര്‍ത്ഥത്തില്‍ ശാന്തിനികേതന്‍ 'സ്‌കൂളിലെ'' അവസാന വിദ്യാര്‍ത്ഥിയാണ് എ. രാമചന്ദ്രന്റെ ദേഹവിയോഗത്തോടെ വിടവാങ്ങുന്നത്. നന്ദലാല്‍ ബോസിന്റെ ശിഷ്യന്മാരില്‍ അവസാനത്തെയാള്‍. ഇതോടെ ഇന്ത്യന്‍ ദൃശ്യകലയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്...