TMJ
searchnav-menu
post-thumbnail

Outlook

വാക്കുകള്‍ കണ്ണിലുരയുമ്പോള്‍ 

19 Jun 2025   |   12 min Read
ഡോ. രോഷ്നി സ്വപ്ന

"മ്മെ മനസിലാക്കിയ
ഒരു കൃതിയോളം തുണക്കില്ലല്ലോ
നാം വ്യാഖ്യാനിച്ചനുകൂലമാക്കിയ ഒരു കൃതി’’

                                                    - കല്പറ്റ നാരായണന്‍

വായനയെക്കുറിച്ചാണ് എഴുതേണ്ടത്. എഴുതിത്തുടങ്ങിയപ്പോൾ,അത് ജീവിതത്തെക്കുറിച്ചാവുമല്ലോ എന്നൊരു ആന്തലുമുണ്ട്.

എഴുത്ത് തുടങ്ങിയത് മറ്റൊരു ജന്മമാണ്. കാഴ്ചയും കേൾവിയും വായനയും ഒരേ അനുഭവത്തിന്റെ പല അടരുകൾ. എവിടെയാണ് ജീവിതത്തെ അടക്കം ചെയ്തിരിക്കുന്നത് എന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി അന്വേഷിക്കുന്നു. ആത്മഭാഷണങ്ങളാണ് എന്റെ വായനകളും കവിതകളും. പുസ്തകങ്ങൾ വായിക്കാൻ തുടങ്ങും മുമ്പ് അമ്മ സംഗീതം പഠിപ്പിച്ചു തുടങ്ങി, കവിതകൾ ചൊല്ലിക്കേട്ടാണ് ഓർമ്മ. കവികളിലേക്ക് സ്വയം നടന്നെത്തും മുമ്പ് ചില കവിതകൾ ചൊല്ലിപ്പഠിച്ചിരുന്നു. അതിൽ ചില കവികള്‍  വീട്ടിൽ വന്നുകാണുമ്പോൾ അത്ഭുതപ്പെട്ടു അന്ന്. ആദ്യം എഴുതിയ ഒരു വായനാനുഭവം ആറാം ക്ലാസിലാണ് അച്ചടിച്ചുവന്നത്. തോമസ് ഹാർഡിയുടെ 'ദി റിട്ടേൺ ഓഫ്‌ ദി നേറ്റീവ്' എന്ന കൃതിയുടേത്. വായനയുടെ ഒരു അപരകാലത്തിൻറെ ഓർമ്മയാണത്.

മഞ്ഞും മഴയും അസുഖങ്ങളും മൂടിപ്പുതച്ച കുട്ടിക്ക് കൂട്ട് പുസ്തകങ്ങൾ മാത്രം. അന്ന് വീട്ടിലെത്തിയ അച്ഛന്റെ സുഹൃത്തായ ഡി വിനയചന്ദ്രൻ മാഷാണ് അത് അച്ചടിക്കാൻ നിമിത്തമായത്. കവിയാണദ്ദേഹം എന്നെനിക്കറിയില്ല. വരുമ്പോഴെല്ലാം ഉറക്കെ കവിതകൾ ചൊല്ലിത്തരും. കടല മിട്ടായി കൊണ്ടുത്തരും.(അസുഖം വരും മുമ്പ് ഒരിക്കൽ പൊങ്കാലത്തെരുവിൽ നിന്ന് വിളിച്ചു. അതാണ് അവസാന ഓർമ്മ) എനിക്ക് ആഫ്രിക്കൻ ചരിത്രമെന്നൊരു പുസ്തകം മാഷ് സമ്മാനിച്ചിരുന്നു. Sixth day danger എന്നൊരു സചിത്ര പുസ്തകവും. കടൽക്കൊള്ളക്കാരുടെ തിമിംഗല വേട്ടയായിരുന്നു അതിലെ പ്രമേയം. ജാക്ക് ലണ്ടന്റെ “ദി സീ വുൾഫ്” എന്റെ ഉറക്കം കെടുത്തിയ കാലംകൂടിയായിരുന്നു അത്.

Kerala Celebrityഡി വിനയചന്ദ്രൻ | PHOTO: WIKI COMMONS
ഒരിക്കലും വിവർത്തനകൃതികൾ വായിക്കാൻ അച്ഛൻ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വായിച്ചുനോക്കി മനസ്സിലാവില്ല എന്ന് പറഞ്ഞാൽ അത് ആവർത്തിച്ചു വായിക്കാനാണ് പറഞ്ഞിരുന്നത്. മയകോവ്സ്കിയുടെ കവിതകൾ വായിച്ച്, നീണ്ട മൗനത്തിലേക്ക് മുടങ്ങിപ്പോയ കൗമാരത്തെ ഞാൻ തിരിച്ചു പിടിച്ചത് 30 വയസ്സിന് ശേഷമാണ്.(വർഷങ്ങൾക്കുശേഷം ആ കവിതകളുടെ വിവർത്തനവേളയിൽ)

സ്വന്തം എഴുത്തിനോടൊപ്പം അന്യഭാഷാകവിതാവായനകൾ ഓരോ അപര യാത്രകളാകുന്നുണ്ട്. യുക്തികൊണ്ട് എനിക്ക് എന്റെ കവിതയെ വിശദീകരിക്കാനാവില്ല. എഴുത്തിന്റെ അനുഭൂതിയെ വിവരിക്കാൻ പറ്റില്ല. കൗമാരത്തിൽ ഞാൻ വായിച്ച കവിതകളുടെ മാനങ്ങൾ(dimensions) ഏറി വരികയാണ് പുനർവായനകളിൽ എന്ന് തോന്നുന്നു. വിദേശ കവികളിൽ എന്നെ സ്വാധീനിച്ചത് ബോദ്ലയറും മയക്കോവ്സ്കിയും നെരൂദയും ലോർക്കയും ഒക്കെയാണ്, മലയാളത്തിൽ എഴുത്തച്ഛനും ആശാനും ഇടശ്ശേരിയും സച്ചിദാനന്ദനും എന്നൊക്കെ പോലെ!

കവിത ചൊല്ലുന്ന ശീലം.... ചിത്രം വരയുടെ തുടക്കം....സംഗീതപരിശീലനം...സാർത്രിന്റെ words, ആരോഗ്യ നികേതനം, ആയിരത്തൊന്നു രാവുകൾ, ക്യൂബൻ കവിതകൾ......വാക്കുകളെ ചിത്രങ്ങൾ ആക്കുന്നത് എങ്ങനെ എന്ന് പറഞ്ഞ ഒരു കാലം കൂടിയാണ്.

സരമാഗുവിന്റെ ‘അപരന്റെ’ വായന ചെന്ന് നിന്നത് പോൾഗോഗിന്റെയും അമൃത ഷെർഗിലിന്റെയും ഫ്രിദയുടെയും ചിത്രങ്ങളിലാണ്. നൃത്തത്തിൽ നിന്ന് നർത്തകിയെ ഇളക്കിമാറ്റാനാവില്ല എന്ന് വായിച്ചെടുത്തത് പിന ബോഷിനെയെയും അലർമേൽ വല്ലിയെയും കണ്ടപ്പോഴാണ്. ആലാപനത്തിന് ശേഷം നാദങ്ങൾക്ക് എന്ത് പരിണാമമാണ് സംഭവിക്കുന്നത് എന്നറിയാൻ മണിക്കൂറുകളോളം ഒറ്റയ്ക്ക് സംഗീതത്തിനുള്ളിലേക്ക് നുഴഞ്ഞു കയറി എന്നെത്തന്നെ വായിച്ചു (ജീവിതം മുഴുവൻ പകർത്തി എഴുതിയാലും തീരാത്ത അനുഭവങ്ങൾ ഇപ്പറഞ്ഞവയിൽ ഉണ്ടാകും).

Biography - José Saramago Foundationസരമാഗോ | PHOTO: WIKI COMMONS

എന്റെ ഭാഷ, കാഴ്ച്ചയിൽ നിന്നും ഓർമ്മയിൽ നിന്നും ഉരുകിയൊലിക്കുന്ന ഒന്നാണ് എന്ന് തിരിച്ചറിഞ്ഞതോടെ ജീവൻ സംഗീതത്തിലേക്കും ആത്മാവ് കവിതയിലേക്കും ഞാൻ കൊളുത്തി വച്ചു. വായന അതിനുള്ള ഇന്ധനമാണ് ഇപ്പോഴും. ഒന്ന് പതറിയാൽ പിന്നെ മരണമാണ്. ഓർമ്മ എന്റെ ഉള്ളിൽ ഒരു കെമിക്കൽ ഇക്വേഷൻ ഉണ്ടാക്കി. ദീർഘകാലങ്ങളെ ഉൾക്കൊള്ളലിൽ നിന്നാണ് ഒരു കാവ്യബോധം ഉണ്ടായത്. ഇതുവരെ ജീവിച്ച/ആർജ്ജിച്ച ജീവിതം, ലോകം, കാലം, ഓർമ്മ, മറവി നമുക്ക് മുമ്പ് ജീവിച്ചു, മരിച്ചുപോയ കവികൾ, എഴുത്തുകാർ, മനുഷ്യർ.

അതിരുകളിലൂടെ യാത്രകൾ കഴിഞ്ഞു ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾ ഗദ്യം എന്നെ കൈവിട്ടു പോയി. പക്ഷെ അത്രയും കാലങ്ങളിൽ നിന്ന് എന്തോ ഒന്ന് എന്നെ പിന്തുടർന്നു കവിതയിലേക്ക് പിരിഞ്ഞിരിക്കാൻ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. കവിതയിൽ ഒതുങ്ങാത്തത് ചിത്രങ്ങളിലേക്ക് പടർത്തിയത് അങ്ങനെ ആയിരിക്കാം.

വെളിച്ചത്തിലേക്ക് വിമോചിപ്പിക്കാൻ വെമ്പുന്ന ആത്മാവ് പോലെ എല്ലാ വായനയിൽ നിന്നും പിന്തുടരുന്ന ചില കഥാപാത്രങ്ങളെ വാക്കുകളിലേക്ക് വിവർത്തനം ചെയ്യാനുള്ള ചില അബോധസഞ്ചാരങ്ങളെക്കുറിച്ച് മാത്രം ഞാൻ പറയാം.

ഒരിക്കല്‍ 30 മണിക്കൂർ നീണ്ടുനിന്ന നളചരിതം കഥകളി അവതരണം കഴിഞ്ഞ സമയം ഞാൻ കലാമണ്ഡലം ഗോപിയാശാനോട് ചോദിച്ചു.

“ഏത് നളനാണ് ഇപ്പോൾ ഉള്ളിലുള്ളത്?”

“ആ നളനെപ്പറ്റി പറഞ്ഞു തരാൻ അറിയില്ല” എന്നായിരുന്നു ഉത്തരം.
അനുഭവത്തിന്റെ തീവ്രതയെ വാക്കുകളില്‍ ഒതുക്കാനാവില്ല എന്ന സത്യം. ഓരോ പുസ്തകവും ഓരോ അനുഭവവും അതിൽ  എഴുതപ്പെട്ട വിഷയങ്ങൾക്കും അനുഭൂതികൾക്കും ഉപരി ചില ഓർമ്മകളെ ചേര്‍ത്ത് വരയ്ക്കുന്നുണ്ട്. എഴുത്തിലൂടെ, കാഴ്ചയിലൂടെ, സ്പർശത്തിലൂടെ.

INTERVIEW: 'Artist is always a slave of audience', says Kathakali maestro Kalamandalam  Gopi Asanകലാമണ്ഡലം ഗോപി | PHOTO: WIKI COMMONS
ഇറ്റാലിയൻ സാഹിത്യ സൈദ്ധാന്തികനും നോവലിസ്റ്റും പുസ്തകപ്രേമിയുമായ ഉമ്പർട്ടോ എക്കോ ഓർമ്മയുടെ രണ്ട് രൂപങ്ങളെക്കുറിച്ച് പറയുന്നുണ്ടല്ലോ. പുസ്തകത്തിൽ ഓർമ്മയുടെ രണ്ട് രൂപങ്ങൾ മാത്രമേ ഉള്ളൂ. ഒന്ന് ധാതുസ്മൃതിയിൽ മറ്റൊന്ന് സസ്യസ്‌മൃതിയും(Mineral Memory, Vegitable Memory).
എന്റെ വായനകൾ ഓർമ്മയുടെ ഏത് അടരിലാണ് കൊളുത്തി കിടക്കുന്നത്?

ഉടല്‍ മൂടിയൊരു പുഴ 

വെർജീനിയ വൂൾഫിന്റെ ജീവിതവും കൃതികളും ആധാരമാക്കി 2002ൽ സ്റ്റീഫൻ ഡാൾഡ്രി സംവിധാനം ചെയ്ത “The hours” എന്ന ചലച്ചിത്രത്തിൽ ജൂലിയാന മൂർ അവതരിപ്പിക്കുന്ന ലോറ എന്ന കഥാപാത്രം വെർജിനിയയുടെ മിസിസ് വാലൻസ്(Mrs. Wallance) എന്ന പുസ്തകം വായിക്കുകയാണ്.

വെർജീനിയയുടെ ശബ്ദത്തിൽ നമുക്കത് കേൾക്കാം

“Didn't matter
Then she asked herself walking towards
Bond Street,
did it matter that she must
Invitably cease completely
All this must go on without her
Did she rescent  It; did it not?
becoming  consoling to believe that
death ended Absolutely?”

വെർജീനിയയുടെയും ലോറയുടെ മുഖങ്ങൾ!

ലോറ പുസ്തകം മടക്കി വയ്ക്കുന്നു
പൂർണഗർഭിണിയായ അവൾ
തന്റെ നഗ്നമായ വയർ തടവുകയാണ്.
ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന അവളിൽ മരണത്തിന്റെ കൊതി നിറയുന്നു. അവളുടെ കട്ടിലിന് ചുറ്റും പെട്ടെന്ന് വെള്ളം ഇരച്ചെത്തുന്നു.
ജലമവളെ മൂടുന്നു

“It is possible to die” എന്ന വെർജീനിയയുടെ വാചകം ഒരുപാട് കാലം എന്നെയും അലട്ടിയിട്ടുണ്ട്. വായനയും കാഴ്ചയും ഒരുപോലെ വന്നുമൂടുന്ന അനുഭവങ്ങളിൽ നിന്ന് ഒരിക്കലും മുക്തിനേടാൻ ആയിട്ടില്ല ഇതുവരെ. 1923,1981, 2001 എന്നീ കാലങ്ങൾ പകർന്നു പോകുന്ന ചിത്രമാണ് ദി ഹവേഴ്സ്. “വിഷാദത്തിന്റെ ജല ഗീതങ്ങൾ” എന്ന ഒരു ലേഖനത്തിൽ ഒരിക്കൽ ഈ ചിത്രത്തെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഒരുപക്ഷേ വെർജീനിയ ‘മിസിസ്. വാലൻസ്’ എഴുതും മുമ്പേ, വെർജീനിയ ആത്മഹത്യയുടെ ജലാശയത്തിലേക്ക് താഴ്ന്നുപോകും മുമ്പേ, ഞാൻ എഴുത്തുകാരിയായി മാറുന്നതിന് എത്രയോ മുമ്പേ, അത്തരം ഒരു സ്വപ്നം ഞാൻ കണ്ടിരുന്നു.

സ്വപ്നമോ ഉണർച്ചയോ എന്നറിയാത്ത ഒരു അവസ്ഥയിൽ ഞാൻ കിടക്കുന്നു.
എനിക്ക് ചുറ്റും ആർത്തലയ്ക്കുന്ന വെള്ളം.
വെള്ളത്തിൽ മുഴുവൻ പുസ്തകങ്ങൾ.
എന്റെ പേരെഴുതിയ പുസ്തകങ്ങൾ.

ഒരു പുസ്തകം പോലും പുറത്തു വന്നിട്ടില്ലാത്ത കാലത്താണ് ഈ സ്വപ്നമെന്നെ ബാധിച്ചത്. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ്  ഹവേഴ്സ് എന്ന സിനിമ കാണുന്നത്.

The Hours - The Criterion ChannelREPRESENTATIVE IMAGE | WIKI COMMONS
എന്റെ വായനകളിൽ പുസ്തകങ്ങൾ മാത്രമല്ല ചലച്ചിത്രങ്ങളും പെയിന്റിംഗുകളും ഉണ്ട്. കാഴ്ചയും ഒരു വായനയാണല്ലോ!

ദാലിയുടെ ചിത്രങ്ങളുടെ കാഴ്ചയിൽ നിന്ന് ഉൾക്കൊണ്ട ഊർജ്ജമാണ് ഫെഡറികോ ഗാർഷ്യ ലോർകയുടെ “ഓഡ് ടു സാൽവദോർ ദാലി” എന്ന ദീർഘ കവിത. ദാലിക്കും ലോർകയ്ക്കും ഇടയിലുണ്ടായിരുന്ന അഗാധ സൗഹൃദത്തെ നമുക്ക് ഓർമ്മിക്കാൻ ഈ കവിത സഹായിക്കുന്നുണ്ട്. 112 വരികളുള്ള ഈ കവിതയിലെ ഇമേജറികളിൽ ദാലിയുടെ കലാദർശനത്തിന്റെ ഉന്മത്ത രേഖകൾ കലർന്നു കിടക്കുന്നതു കാണാം.

“കാടുകളുടെയും കൺപുരികങ്ങളുടെയും
തിരശ്ശീലകളുടെയും അഭാവം
പഴയവീടുകളുടെ മേൽക്കൂരയ്ക്ക് മേൽ
അലർച്ചകളായി പതിക്കുന്നു”
എന്ന് ലോർക എഴുതുന്നു. ദാലിയെ, “ഒലീവ് നിറമുള്ള ശബ്ദം” എന്നാണ് ലോർക വിശേഷിപ്പിക്കുന്നത്.

ദാലി തന്റെ പാലറ്റ് തയ്യാറാക്കുമ്പോൾ അതിൻറെ ചിറകുകളിൽ നിന്ന് ഒരു ബുള്ളറ്റ് ചീറിപ്പായുന്നു എന്ന് ലോർക തുടരുന്നു.. ലോർകയെ വായിക്കുകയാണോ ദാലിയെ കാണുകയാണോ എന്നതിന് പകരം ദാലിയെ വായിക്കുകയും ലോർകയെ കാണുകയും ചെയ്ത വായനയിൽ ആണ് എനിക്ക് കൗതുകം.

If there is something that
we call soul, that's memory.

 it makes up your identity,

തന്റെ എഴുപത്തി മൂന്നാം വയസിൽ ഉമ്പർട്ടോ എക്കോ ഇങ്ങനെ പറഞ്ഞു.
"All your befores, all your afters--
without memory you are an animal.
You have no human soul"

ശരീരമോ ആത്മാവോ മനസോ ഓർമ്മയോ ഇല്ലാതാവുമ്പോൾ നിലനിൽപ്പിന്റെ അർത്ഥമെന്ത്? അപ്പോൾ മനുഷ്യർ മണ്ണിൽ നിന്ന് ആട്ടി ഓടിക്കപ്പെടും, പാട്ടുകൾ നിരോധിക്കപ്പെടും. ഒരു ഭാഷയും അറിയാത്ത അധികാരം ഉച്ചത്തിൽ അലറും.
പൊതു ഇടങ്ങളിൽ അധികാരം അഴിഞ്ഞാടും.
ഓർമ്മകൾ ഇല്ലാതാകും.

വായനയോ ചിന്തയോ സംവേദനമോ ഇല്ലാത്തവർ കസേരകൾ കയ്യേറും. എല്ലാം തന്നത് ഞാനല്ലേ എന്ന് ആ കസേരയിൽ ഇരുന്ന് പറയും. അത് ഏത് ഇടങ്ങളിലായാലും ഭാഷയറിയാത്ത ഒച്ചകളിൽ ആട്ടിപ്പായിക്കലിന്റെ അരാഷ്ട്രീയ നാടകം അരങ്ങേറും.

For the enemy to be recognized
and feared, 
he has to be in your home
or on your doorstep.

എന്ന് ഉമ്പർട്ടോ വീണ്ടും...

Umberto Eco and the lift: tribute to a great - Elevatori Magazineഉമ്പർട്ടോ എക്കോ | PHOTO: WIKI COMMONS
ഉടലിനെ മഞ്ഞു മൂടിയ വായനകൾ

കറുത്ത തുണി കൊണ്ട് കണ്ണുകൾ മൂടിക്കെട്ടിയ നാല് പെണ്‍കുട്ടികളെ സ്വപ്നം കണ്ട പ്രഭാതത്തിൽ, തണുത്ത മഞ്ഞിന് കീഴിൽ പതുങ്ങിയിരുന്ന് ഞാൻ മാർകേസിനെ വായിച്ചത് ഓർക്കുന്നു.

അക്കാലത്ത് ഞങ്ങൾ താമസിച്ചിരുന്ന ഹൈറേഞ്ചിലെ ഭൂപ്രകൃതി അങ്ങനെ ആയിരുന്നു. ചുറ്റും മഞ്ഞ്.. നീറുന്ന വെയിൽ.. ഇടയ്ക്ക് ചിലപ്പോൾ കാറ്റ്.. കാക്കകളുടെ മുന്നറിയിപ്പ്.
ഞാൻ അന്ന് ഏഴാം ക്ലാസ്സുകാരി. തോമസ് ഹാർഡിയുടെ “ദി റിട്ടേൺ ഓഫ് ദി നേറ്റീവ്”ലെ അനിശ്ചിതത്വത്തിന്റെ യാത്രകൾ ഉള്ളിൽ വഹിക്കുന്ന കഥാ പാത്രത്തിന്റെ പ്രണയവും, ഉന്മാദവും, ജീവിതത്തിലേക്കയാൾ തോറ്റുക്കൊണ്ട് നടത്തുന്ന പരാജയങ്ങളും നവംബർ രണ്ടിന് ആളിക്കത്തുന്ന തീക്കുണ്ടങ്ങളും എന്റെ കണ്ണുകളിൽ അപ്പോഴുമുണ്ടായിരുന്നു. പലകകൾ ചേര്‍ത്ത് വച്ച നെരിപ്പോടുകൾ ഉള്ള ആ ബ്രിട്ടീഷ് ഭവനത്തിനുള്ളിൽ നിറയെ കണ്ണാടി ജനലുകൾ ഉണ്ടായിരുന്നു. അവ അടച്ചു ചേർത്ത്  അതിനുള്ളിലൂടെ ഞാൻ ദൂരെയുള്ള മലകളിലേക്ക് നോക്കി.

അന്ന് എന്റെ കയ്യിൽ ''ഏകാന്തതയുടെ നൂറു വർഷങ്ങൾ’ ഉണ്ടായിരുന്നു. ഉടൽ മുഴുവൻ പ്രണയത്തിന്റെ മുൾക്കുരിശുകൾ തറഞ്ഞു കയറിയ ആ വായന സാർത്ഥകമായത് വീണ്ടും പത്തോ പന്ത്രണ്ടോ വര്‍ഷങ്ങൾക്ക് ശേഷമാണ്. മരം പൊഴിക്കുന്ന പൂക്കൾക്ക് മേൽ, മനുഷ്യന്റെ സ്വപ്നം ചിത്രശലഭങ്ങളുടെ ജന്മമാകുന്ന മാന്ത്രികതയിൽ ഞാൻ പനിച്ചു കിടന്നതു ഏഴു പകലുകളും രാത്രികളും.

അന്ന് ഞാൻ എന്റെ നോട്ടുബുക്കിൽ എഴുതി വച്ച ഒരു വരിയുണ്ട

                     “the unfold cross 
                      along  my soul”

വാക്കിന്റെ അന്തരാർത്ഥങ്ങൾ ഗ്രഹിക്കാനോ പ്രകടിപ്പിക്കാനോ അറിയാത്ത ഒരു പന്ത്രണ്ടുകാരിയുടെ മനസ്സിൽ നിന്ന് പുറത്ത് ചാടിയ വരികൾക്ക് മുന്നിൽ ഞാൻ പേടിച്ചു നിന്നു.

മാർകേസ്ന്റെ One Hundred Years of Solitude എന്ന പുസ്തകം എന്നെക്കൊണ്ട് എഴുതിച്ച വരികളായിരുന്നു ഇത്. യേശുവോ കുരിശോ ആത്മാവോ ഈ നോവലിൽ നിന്ന് എന്നെ വന്ന് വിളിച്ചിരുന്നില്ല. വ്യാകരണ നിയമങ്ങളില്ലാത്ത വരികൾ കവിതയാണെന്ന് അന്നെനിക്കറിയില്ലായിരുന്നു. ആത്മഭാഷണം പോലെ വായിച്ചെടുത്ത ആ പുസ്തകം എന്നിലേക്ക്‌ പകർന്നു തന്ന ആഖ്യാനത്തിന്റെ ഇടിമുഴക്കത്തിൽ നിന്ന് പിന്നീട് പുറത്ത് കടക്കാൻ ഞാൻ ഒരുപാടു കഷ്ടപ്പെട്ടു. മനുഷ്യനെ നിരായുധനാക്കുന്നതെന്ത്‌  എന്ന ചോദ്യത്തിന് ഉത്തരം തന്ന ഒരുപാട് പുസ്തകങ്ങളിൽ ചില മുഖങ്ങൾ..

എഴുത്തിന്റെ ഭാഷയ്ക്ക്‌ ആത്മഛായകളുടെ കൃത്യമായ രാഷ്ട്രീയഭേദം ഉണ്ടാകുമെന്നും, അത് ഓരോ നിമിഷവും എഴുത്തുകാരനെ, എഴുത്തുകാരിയെ സ്വയം നിർണ്ണയിക്കാൻ നിരന്തരം പ്രേരിപ്പിക്കും എന്നുമാണ് വാസ്തവം.

One Hundred Years of SolitudeREPRESENTATIVE IMAGE | WIKI COMMONS
മനുഷ്യരും മരങ്ങളും മൈതാനങ്ങളും

I am not sure that I exist
actually, I am all the writers that
I have read,
all the people that I have met,
all the women that I have loved,
all the cities I have visited 

ഇ പി രാജഗോപാലൻ മാഷിന്റെ “അടുപ്പങ്ങളുടെ സൂചിക” എന്ന പുസ്തകം വായിച്ചപ്പോൾ Jorge Luis Borgesന്റെ ഈ വരികളാണ് ഓർമ്മ വന്നത്. അനുഭവക്കുറിപ്പുകൾ, ഓർമ്മകൾ, ആളുകളെക്കുറിച്ചുള്ള അടയാളങ്ങൾ കല നാടകം എന്നിങ്ങനെ ഓർമ്മയെ നിരത്തി വച്ചിരിക്കുന്നു. ഏറെക്കുറെ വ്യക്തിചിത്രങ്ങളാണ് അധികം.

മനുഷ്യന് രണ്ട് താരം ഓർമ്മകളുണ്ടല്ലോ എന്ന് ഉമ്പർട്ടോ എക്കോ, ധാതു സ്‌മൃതിയും(mineral memory) വെജിറ്റബിൾ മെമ്മറിയും.

പലതായി പടർന്നു കിടക്കുന്ന മനുഷ്യ ശരീരങ്ങളുടെ, അവരുടെ ധാതു സ്‌മൃതികളുടെ, ശ്വാസത്തിന്റെ അനക്കങ്ങൾ ആണ് ഈ പുസ്തകം.

എഡ്ഗർ അലൻ പോയുടെ “രാവെൻ” എന്ന കവിതയിൽ പറയുന്നുണ്ടല്ലോ,

Deep into that darkness peering, long I stood there wondering, fearing, doubting, dreaming dreams no mortals ever dared to dream before; But the silence was unbroken, and the stillness gave no token, And the only word there spoken was the whispered word...
“Lenore!” This I whispered, and an echo murmured back the word, “Lenore!”-Merely this, and nothing more.

ചുറ്റുപാടുകളിലേക്ക് നോക്കി മന്ത്രിക്കുമ്പോൾ തിരിച്ചു കേൾക്കുന്ന പ്രതിഫലനങ്ങൾ ഒരു പരിധി വരെ ജീവിതത്തെ നിലനിർത്തും. സ്ഥലം, മനുഷ്യർ, ഭാവനകൾ എന്ന തലക്കെട്ടിൽ ഒരു ലേഖനമുണ്ട് ഈ പുസ്തകത്തിൽ.

“ഒരു പെയിന്റിംഗ് നോക്കുന്നതുപോലെ ഒരു സ്ഥലത്തെയും നോക്കിക്കാണാവുന്നതാണ്. ഒരിടത്തെ പ്രകൃതിയിനങ്ങളുടെയും നിർമ്മിതികളുടെയും നില, തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം - ഇതൊക്കെ ശ്രദ്ധിക്കാനും ഒരു പ്രമേയ(theme)ത്തിലേക്ക് എത്തിച്ചേരാനും കഴിഞ്ഞേക്കും. സ്ഥലികത(spatiality) എന്ന സങ്കല്പനം പ്രധാനമായ ഒന്നാണ്” എന്നെഴുതുമ്പോൾ കാഴ്ചയുടെ സമവാക്യം തിരുത്തുന്നു എഴുത്തുകാരൻ.

തുറസുകളെ പരാമർശിക്കുന്ന പാരിസ്‌ഥിതിക സ്വഭാവം പ്രകടിപ്പിക്കുന്ന ഈ കുറിപ്പിന്റെ ആഴം ചെറുതല്ല. മരങ്ങളും മൈതാനങ്ങളും മനുഷ്യരും ചേർന്ന സ്ഥലകാല ഭാവനയുടെ  (Chronotopic imagination) സാക്ഷ്യങ്ങൾ പോലെയുള്ള എഴുത്തുകൾക്ക്‌ എന്നും വായന സാധ്യമാണല്ലോ.

ആത്മത്തെ കുറിച്ച് പറയുമ്പോൾ എഴുത്തുകാരനിൽ നിന്ന് ഊർന്ന് പോകുന്നത് എഴുത്തിൽ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നു.
വീടിനെ കുറിച്ച് പറയുമ്പോൾ വീടില്ലാതാവുന്നത് പോലെ..

The Raven: Poe, Edgar Allan: 9781512399042: Amazon.com: BooksREPRESENTATIVE IMAGE | WIKI COMMONS
"കവിത മരുന്നാണ് ജീവിതത്തിനും
അതിനേക്കാൾ മരണത്തിനും"

കരുണാകരൻ എഴുതിയ ‘രാമാനുജൻ’ എന്ന കവിതയിലെ വരികൾ

ചില വായനകൾ ജീവിതത്തെ സവിശേഷമായ ഒരനുഭവത്തിലേക്ക് കൊണ്ടു പോകാറുണ്ട്. ഇന്നലെ ലാങ്സ്റ്റാൻ ഹഗ്സ്ന്റെ കവിതകൾ വെറുതെ വായിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ കേബിന്റെ പുറത്തെ മുറ്റത്ത് ഒരു പരുന്തിൻ കുഞ്ഞു വന്ന് വീണു. ഞാൻ അതിനെ കുറെ നേരം നോക്കി നിന്നു. അതിന്റെ കണ്ണുകൾക്ക് തീവ്രമായ ഒരു വശ്യതയുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞു അത് പറന്നു പോയി.
അത് ഇരുന്നിടത്ത് ഇലകൾ വീണു കിടപ്പുണ്ടായിരുന്നു.
ഞാൻ അതെടുത്തു. അതിൽ ആ പക്ഷിയുടെ മണം പടർന്നു കിടക്കുന്നുണ്ടായിരുന്നു.

ഞാൻ എവിടെപ്പോയാലും ഒരു പക്ഷി എന്നോടൊപ്പം ഉണ്ടാകാറുണ്ട്. യാദൃശ്ചികതയാവം. അല്ലെങ്കിൽ ഞാൻ അത് തിരഞ്ഞ് പോകുന്നതാകാം. എന്തായാലും പക്ഷി സാന്നിധ്യമില്ലാതെ എനിക്ക് സമാധാനമുണ്ടാകാറില്ല. ടെറസിൽ തുണി വിരിക്കുമ്പോൾ സ്ഥിരമായി വന്ന് കരയാറുള്ള ഒരു കാക്കയുണ്ട് എനിക്ക്. അതിന്റെ ചിറകിൽ ഒരു വെട്ടുള്ളത് കൊണ്ടാണ് ഞാൻ അതിനെ തിരിച്ചറിയാറുള്ളത്.
 
വടക്കേ അമേരിക്കയിലേക്കുള്ള രാമാനുജന്റെ ആദ്യത്തെ കപ്പൽ യാത്രയിൽ കൂടെ കൂടിയ കാക്കയുടെ ഓർമ്മപ്പെടുത്തൽ ആണിത്, കവിയോടുള്ളത്. വൈലോപ്പിള്ളിയുടെ കാക്ക വായിച്ചത് ഓർമയുണ്ട്. “കൂരിരുട്ടിന്റെ കിടാത്തി” എന്ന വൈലോപ്പിള്ളിയുടെ വിളിയിൽ തിളങ്ങിനിന്ന ഓർമ്മയുണ്ട്. പുറത്താക്കപ്പെട്ടവരും നിഷ്ക്കാസിതരും വൈലോപ്പിള്ളിയുടെ കവിതയിലേക്ക് എത്ര വേഗം കടന്നുവന്നു എന്നതും ഓർമ്മയുണ്ട്. പുറത്താക്കലിനെയും അവഗണനകളെയും പ്രതിരോധിച്ച പക്ഷിയാണ് വൈലോപ്പിള്ളിയുടെ കാക്ക.

“താമസപിണ്ഡത്തിനുള്ളിൽ

ആരോ താമരപ്പൂവിടർത്തി നിർത്തി?”

എന്നാണ് വൈലോപ്പിള്ളി ചോദിക്കുന്നത്

കാ കാ എന്നൊരു കവിതയുണ്ട് എസ് കലേഷിന്റെ. കരുണാകരൻ കാക്കയെ കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. കവിയെ ജീവിതത്തേക്കാൾ മരണത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് ഈ കാക്ക.

യാത്രയിൽ കവി മരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇടയിൽ ഒരു സ്വപ്നം വന്ന് കവിയുടെ മരണം കാട്ടിക്കൊടുക്കുന്നുമുണ്ട്. അവിടെ നിന്ന് കവി ഞെട്ടിയുണർന്നത് കാക്കക്കാലുകൾ കണ്ടാണ്.  പ്രണയിയോ അന്തകനോ ആയ ഒരാൾ ദൈവത്തിന്റെ മണം പൊഴിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട കഥ പറയുന്നുണ്ട് കാക്ക.

ഒരു വേള കവി ആണോ അത് പറയുന്നത് എന്ന് നാം ആശങ്കപ്പെടുന്നു. കവികൾ എപ്പോഴും പുഴയിൽ മുങ്ങിക്കുളിക്കുന്ന കാക്കകളെ കാണുന്നു. ലോകനീതിക്ക് അപ്പുറമാണല്ലോ കാവ്യനീതി!

ഇവിടെ രാമാനുജൻ ആണ് പ്രതിപാദ്യം. തനിക്കറിയാവുന്ന ഏഴു ഭാഷകളുമായി ജന്മ ഗ്രാമത്തിലേക്ക് എന്നും വൈകുന്നേരം രാമാനുജൻ മടങ്ങിയെത്തുന്നു. ഏതു രാജ്യത്ത് ആയിരിക്കുമ്പോഴും
ഏത് ഭാഷയിൽ ആയിരിക്കുമ്പോഴും തനിക്കൊപ്പം പറന്ന പക്ഷിയെ തന്റെ മറുഭാഷ പോലെ കവി കൂടെ കൂട്ടിയിരുന്നു.

കവിതയുടെ ആന്തരിക ശരീരത്തിൽ മനുഷ്യനും കവിയുമെന്ന് ജീവിതത്തിന്റെ ഉണ്മയെ കണ്ടെത്തുന്ന അപൂർവ്വ സന്ദർഭമാണ് പിന്നീട്. ഇരുളാൻ തുടങ്ങുന്ന മാനത്ത് തന്റെ തന്നെ നിഴലിനെ കവി കാണുന്നു. വിരഹിയും ഘാതകനും ആയ ദൈവത്തിനൊപ്പമുള്ള കവികളുടെ യാത്രയെപ്പറ്റി അവബോധം നേടുന്നു. കാക്കയെ എച്ചിൽ ചപ്പി വലിക്കുന്ന, മനുഷ്യന്റെ പരിസരങ്ങളെ ശുചിയാക്കുന്ന പക്ഷി എന്നതിൽ നിന്ന് കവിയെ ജീവിതാവബോധത്തിലേക്ക് നയിക്കുന്ന ദൈവമായി കവിതയിൽ കാക്ക കടന്നുവരുന്നു. ദൈവത്തിന്റെ കാഴ്ചയോടൊപ്പം മായുന്ന പുഴയാണ് അവസാന ബിംബം. കവിത കഴിയുകയല്ല വായനയിൽ പുഴയായി കൂടെ വരികയാണ്. എന്നെ നയിക്കുന്നത് കാക്കയും.

സ്നേഹമോ വെറുപ്പോ എന്നറിയാത്ത ഭാഷയിൽ നാം സംസാരിച്ചുകൊണ്ടിരിക്കുന്നു | S  Kalesh | Literature | manoramaonlineഎസ് കലേഷ് | PHOTO: WIKI COMMONS

ഒരു ഓർമ്മ

ഒരുപാട് വായിക്കുന്ന ഒരു പെൺകുട്ടിയുണ്ട് എനിക്ക് കൂട്ടുകാരിയായി. ലോകത്ത് ഏത് ഭാഷയിൽ പുതിയ പുസ്തകം പുറത്ത് വന്നാലും അവൾ ആദ്യം അറിയും. ആ പുസ്തകത്തെക്കുറിച്ച് എന്നോട് പറയും. ഒരു പിറന്നാളിന് അവൾ എനിക്ക് മാർക്സ് സുസേകിന്റെ Bridge of Clay സമ്മാനിച്ചു.

“I have hated words
and l have loved them
and I hope I have made them right”
&
“I am haunted by humans”

വാക്കുകളെക്കുറിച്ചും ഏകാന്തതയെക്കുറിച്ചും Markus Zusak എഴുതിയ ഈ രണ്ടു വരികൾ The Book Thief/പുസ്തകക്കള്ളനിലേതാണ്. പുസ്തകകള്ളനോട് തോന്നിയ ഇഷ്ടം പിന്നീട് സുസൈക്നോടുള്ള ഇഷ്ടമായി മാറി. ജീവിതത്തെയും ഏകാന്തതയേയും മരണത്തെയും പറ്റിയുള്ള ഉന്മാദിയുടെ കുറിപ്പുകൾ എന്ന് ഞാൻ ഈ എഴുത്തുകാരനെ വിളിക്കും. Bridge of Clay എന്ന കൃതിയെക്കുറിച്ചും.

മരണത്തെക്കുറിക്കുന്ന കൃതികളോട് പ്രണയം കലർന്നൊരു ഇഷ്ടം സൂക്ഷിക്കുന്നത് കൊണ്ടുകൂടിയാകാം Bridge of Clay എന്നെ ആകർഷിച്ചത്. പുസ്തകക്കള്ളനിലും മരണം ഒരു സമസ്യയായി ഇഴഞ്ഞു നടക്കുന്നുണ്ട് .

ഈ പുസ്തകത്തിൽ മരണം തന്നെയാണ് കഥാതന്തു. നാല് യുവാക്കൾ മരണത്തെ അറിയുന്നു, പറയുന്നു. ഇരുണ്ട നിറത്തിൽ ക്ലേ എന്ന കഥാപാത്രത്തിന്റെ നിഴലും ഏകാന്തതയും മൗനവും നോവലിൽ നിറയുന്നു. ഒരിക്കലും ക്ഷണിക്കാതെ എത്തിച്ചേരുന്ന  അതിഥികൾ കഥയിൽ മറ്റൊരു ധാര, പാലം പണിയൽ ഒരാഖ്യാന തന്ത്രം മാത്രം.

പെനിലോപ് എന്ന കഥാപാത്രത്തിന്റെ മരണത്തെക്കുറിച്ച് പറയുന്ന അധ്യായങ്ങൾ വായനയെ പിടിച്ച് നിർത്തുന്നു.

“She would’ve started leaving us....
That morning and death was moving in...

Book thiefൽ മരണം പല നിറങ്ങളിൽ പടരുന്നു. മിക്കപ്പോഴും തൂവെളുപ്പിന്റെ തെളിച്ചത്തിൽ മരണം പടരുന്നു . പരാമർശിക്കപ്പെടുന്നു.

Well... I am here to tell you 
That it is,
White is without question..
a colour and personally I didn’t think you want to argue....

Bridge of Clay – Tulpa MagazineREPRESENTATIVE IMAGE | WIKI COMMONS
എന്നാണ്...

Clayയിലാകട്ടെ, ആസ്പിരിൻ വെള്ള, കോളർ ബോൺ വെളുപ്പ് എന്നിങ്ങനെയും. നോവലിൽ ഒരിടത്ത് വിളർത്ത വെളുപ്പ് നിറം ബാധിച്ച നഗരത്തെക്കുറിച്ചു പെനിലോപ് വേവലാതിപ്പെടുന്നുണ്ട്,
സരമാഗുവിന്റെ അന്ധതയുടെ നിറം എന്നെ  ഓർമ്മിപ്പിച്ചുകൊണ്ട്..
A bridge across a river and a span across shared grief.

പെൺകുട്ടി എന്ന നിലയിൽ പെനിലോപ് നടത്തുന്ന പലായനങ്ങൾ  നോവലിൽ നിന്ന് വീണ്ടും വിളിക്കുന്നു. അവളുടെ മരണവും, വെളുപ്പുനിറവും.

സരമാഗുവിന്റെ ഒരു പുസ്തകത്തെക്കുറിച്ച് കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുകയാണ്. The Year of the Death of Ricardo Reis. പോര്‍ച്ചുഗീസ് കവി ഫെര്‍ണാണ്ടോ പെസ്സോവയുടെ അനേകം നാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രിക്കാര്‍ദിയോ രേഇസ്. പെസ്സോവയുടെ കവിതകളും മറ്റു കൃതികളും വായിക്കുമ്പോള്‍ heteronim എന്ന ഈ പടര്‍ച്ച എന്നെ അത്ഭുതപ്പെടുത്തി. ഓരോ വായനയിലും പെസ്സോവ ഓരോ ലോകമായി മാറി. പെസ്സോവയുടെ  അശാന്തിയുടെ പുസ്തകം(the book of disquiet) തന്നെയായി നാം മാറുന്നു.

“They did not exist, till art had invented them.”

കലയുടെ നിലനിൽപ്പിനെക്കുറിച്ചു ഒരിക്കൽ തർക്കോവ്സ്‌കി  പറഞ്ഞു.

“Some sort of pressure must exist; the artist exists because the world is not perfect. Art would be useless if the world were perfect, as man wouldn’t look for harmony but would simply live in it. Art is born out of an ill-designed world.”

അപൂർണമായ ലോകത്ത് കലക്ക് പലതും നിവർത്തിക്കാനാകും. ലോകം പൂർണമാണെങ്കിൽ പിന്നെ കലാകാരന് എന്താണ് പണി?

“We can express our feelings regarding the world around us either by poetic or by descriptive means. I prefer to express myself metaphorically. Let me stress; metaphorically, not symbolically. A symbol contains within itself a definite meaning, certain intellectual formula, while metaphor is an image. An image possessing the same distinguishing features as the world it represents. An image — as opposed to a symbol — is indefinite in meaning. One cannot speak of the infinite world by applying tools that are definite and finite. We can analyze the formula that constitutes a symbol, while metaphor is a being-within-itself, it's a monomial. It falls apart at any attempt of touching it”

അദ്ദേഹത്തിന്റെ “Sculpting in Time” എന്ന ഗ്രന്ഥം വായിച്ച് കൊണ്ടിരുന്നപ്പോൾ വെറുതെ തോന്നിയതാണ്.

ഓസ്കാർ വൈൽഡ്ന്റെ കവിത പോലെ...
“ഞങ്ങളുടെ 
തെരുവിൽ
ഇപ്പോൾ 
കൊതിപ്പിക്കുന്ന 
തവിട്ട് 
പുക മഞ്ഞ് താഴേക്ക് ഊർന്നു 
മൂടുകയാണ്.
പുകപടലങ്ങൾ പോൽ’’

ഈ വേവുകളെപ്പോലും സ്നേഹമാക്കി ആളുകൾക്ക് പകരുന്നത് കവികളും ചിത്രകാരന്മാരുമാണ് എന്നദ്ദേഹം പറയുന്നു .

“They Did not exist, till art had invented them”

ഒരു വായനയും അവസാനിക്കുന്നില്ല . ഓരോ നിമിഷവും അത് പടര്‍ന്നു പടര്‍ന്നു പോകുന്നു. ഓര്‍മ്മയില്‍ നിന്ന് പൊഴിഞ്ഞു പോയ പുസ്തകങ്ങളുണ്ടല്ലോ, അവയെയാണ് ഞാനിപ്പോള്‍ തിരയുന്നത്. ഇനിയും വായിക്കാനുള്ള പുസ്തകങ്ങളെയും.



#outlook
Leave a comment