TMJ
searchnav-menu
post-thumbnail

Outlook

മാലാഖമാർ കാലുകുത്താൻ ഭയക്കുന്നിടം

26 Jul 2025   |   8 min Read
പി കെ സുരേന്ദ്രന്‍

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായ പാശ്ചാത്തലത്തില്‍ പ്രശസ്ത കലാകാരി പുഷ്പമാലയുടെ ‘ഭാരത്‌ മാതാ സീരീസി’ന് വലിയ പ്രാധാന്യമുണ്ട്. ഒരു ശിൽപ്പിയായി കലാജീവിതം ആരംഭിച്ച പുഷ്പമാല ഇന്ത്യയിലെ കൺസെപ്ച്വൽ ആര്‍ട്ടിന്റെ മുൻഗാമികളിലൊരാള്‍ എന്ന നിലയിൽ അറിയപ്പെടുന്നു. കൺസെപ്ച്വൽ ഫോട്ടോഗ്രാഫി, വീഡിയോ, പെർഫോമൻസ്, ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ മേഖലകളില്‍ അവര്‍ നൂതനത്വം കൊണ്ടുവന്നു. മാത്രവുമല്ല, തന്റെ സൃഷ്ടികളില്‍  വിവിധ വേഷങ്ങളിൽ അവര്‍ പ്രകടനം നടത്തുന്നു.    

ഈ സീരീസില്‍ പല അവതരണങ്ങളുണ്ട്. ഒരവതരണം പുഷ്പമാലയും കന്നഡ കവയിത്രി മമതാ സാഗറും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഒരു പ്രകടനമാണ്. അരമണിക്കൂര്‍ ദൈര്‍ഘ്യമുലള്ള ഈ പ്രകടനം, പ്രകടന കല, നാടകം, സാഹിത്യത്തില്‍ നിന്നുള്ള ടെക്സ്റ്റിന്റെ ഭാഷണരൂപത്തിലുള്ള അവതരണം എന്നിവ ഉള്‍ക്കൊള്ളുന്നു. കന്നഡയിലെ ആദ്യത്തെ ഫെമിനിസ്റ്റ് എഴുത്തുകാരിയായി അറിയപ്പെടുന്ന നഞ്ചന്‍ഗുഡ് തിരുമാലാംബയുടെ രചനകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ അവതരണത്തില്‍, പുഷ്പമാല ഭാരതമാതാവായും, മമതാ സാഗര്‍ കവയിത്രിയായും അഭിനയിക്കുന്നു.

പുഷ്പമാല | PHOTO: WIKI COMMONS
ഈ അവതരണം ‘ഭാരതാംബ’ എന്ന പ്രതീകാത്മക ചിത്രത്തെയും, അതിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രീകരണങ്ങളെയും വിമര്‍ശനാത്മകമായി പരിശോധിക്കുന്നു. ഇന്ത്യയിലെ വളര്‍ന്നുവരുന്ന ദേശീയതയും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും ഇത് വിശകലനം ചെയ്യുന്നു. വ്യക്തിപരവും ദേശീയവുമായ സ്വാതന്ത്ര്യം, അടിമത്തം, എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റിയാണ്  ഇതിന്റെ കേന്ദ്ര ആശയം. സ്ത്രീ ശരീരവുമായും സ്ത്രീ അനുഭവങ്ങളുമായും ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ചിന്തിക്കുന്നു.

സര്‍വാലങ്കാര വിഭൂഷിതയായ ഭാരതമാതാവായി പുഷ്പമാല സിംഹാസനത്തില്‍ ഇരിക്കുന്നു. ത്രിവര്‍ണ്ണ പതാകയും സിംഹവും വേദിയില്‍ ഉണ്ട്. ഇത് പരമ്പരാഗത സ്റ്റേജ് സെറ്റിനെയോ കലണ്ടര്‍ ചിത്രങ്ങളെയോ ഓര്‍മ്മിപ്പിക്കുന്നു. സിംഹാസനത്തില്‍ ഇരിക്കുന്ന ഭാരതാംബ എന്തോ തുന്നുകയാണ്, അവര്‍ നിശബ്ദയാണ്‌. ഈ രാജകീയമായ ഇരിപ്പ് മാതൃഭൂമിയുടെ ശാന്തമായ, ശക്തമായ, ത്യാഗപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഈ ആദര്‍ശ രൂപത്തെ പുഷ്പമാല ചോദ്യം ചെയ്യുന്നു. അതേ സമയം, മമതാ സാഗറിന്റെ കഥാപാത്രം ഇതില്‍ നിന്ന് വ്യത്യസ്തമായി സജീവവും ഊര്‍ജ്വസ്വലവുമാണ്, അവര്‍ അഭിനയിച്ചുകൊണ്ട് പല ടെക്സ്റ്റുകള്‍ വായിക്കുന്നു.

ഭാരതമാതാ കൺസെപ്ച്വൽ ആർട്ടിൽ നിന്ന് | PHOTO: WIKI COMMONS
ഒരു സന്ദര്‍ഭത്തില്‍ അവര്‍ ജവഹര്‍ലാല്‍ നെഹ്രുവിനെയും പരാമര്‍ശിക്കുന്നുണ്ട്. “ഇത് നമ്മുടെ രാജ്യമാണ്, പിന്നെ എങ്ങനെയാണ് നമ്മൾ മാതൃഭൂമിയെ ഒരു സ്ത്രീയുടെ രൂപത്തിൽ സങ്കൽപ്പിക്കുന്നത്? ദേശത്തെ ഒരു സ്ത്രീയായി, ധനികയായ സ്ത്രീയായി, സുന്ദരിയായ സ്ത്രീയായി, പുരാതനയായ, എന്നാൽ എപ്പോഴും യുവത്വമുള്ളവളായി സങ്കൽപ്പിക്കുന്ന ഈ ആശയം മാറ്റിയെടുക്കാൻ നമുക്ക് വളരെ പ്രയാസമാണ്. ഇത് കർഷകരുടെയും ദരിദ്രരുടെയും തൊഴിലാളികളുടെയും നാടാണ്. അങ്ങനെയാണെങ്കിൽ, ആഭരണങ്ങൾ അണിഞ്ഞ ഒരു യുവതിയായ സുന്ദരിക്ക് എങ്ങനെ ഈ നാടിനെ പ്രതിനിധീകരിക്കാൻ കഴിയും?" ഇത് നെഹ്രു 1930കളിൽ വാരണാസിയിലെ രത്നാകര രസിക മണ്ഡൽ സമ്മേളനത്തില്‍ പറഞ്ഞതാണത്രേ.

‘മദര്‍ ലാന്‍ഡ് സ്റ്റുഡിയോ പോര്‍ട്രേറ്റ് വിത്ത്‌ ഫ്ലാഗ്, ത്രിശൂല്‍ ആന്‍ഡ് ഓം’ (Motherland Studio Portrait with Flag, Trishul and Om) പുഷ്പമാലയുടെ ഭാരത്‌ മാതാ പരമ്പരയിലെ മറ്റൊരവതരണമാണ്. ഇതിലും പുഷ്പമാല ഭാരത മാതാവായി വേഷമിടുന്നു. ഒരു കയ്യില്‍ ത്രിശൂലവും മറുകയ്യില്‍ ‘ഓം’ എന്നെഴുതിയ പതാകയും. പശ്ചാത്തലത്തില്‍ ഒരു സിംഹവും ഇന്ത്യന്‍ പതാകയും. കലണ്ടര്‍ ആര്‍ട്ട്, സിനിമ, എന്നിവയില്‍ നിന്നുള്ള ചിത്രങ്ങളെ ഇത് ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ കലയിലും ജനപ്രിയ സംസ്കാരത്തിലുമുള്ള ഭാരത മാതാവിന്റെ ചിത്രീകരണങ്ങളെ ഈ സൃഷ്ടി പുനരവതരിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. ദേശീയ സ്വത്വത്തിന്റെ നിര്‍മ്മിത സ്വഭാവവും അത് രൂപപ്പെടുത്തുന്നതില്‍ ദൃശ്യബിംബങ്ങള്‍ക്കുള്ള പങ്കും ചിത്രം എടുത്തുകാണിക്കുന്നു. ഇന്ത്യയെ ഒരു സ്ത്രീയായും, ദേവിയായും എങ്ങിനെ വ്യക്തിവല്‍ക്കരിച്ചിരിക്കുന്നു എന്ന്  ചിത്രം പരിശോധിക്കുന്നു. അന്തിമരൂപം ഒരു ഫോട്ടോ ആണെങ്കിലും ഈ പ്രക്രിയയില്‍ പ്രകടനം, പ്രതിഷ്ഠാപനം എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇതിനെ ഫോട്ടോ പെര്‍ഫോര്‍മന്‍സ് എന്ന് പുഷ്പമാല വിശേഷിപ്പിക്കുന്നു.

മദര്‍ ലാന്‍ഡ് സ്റ്റുഡിയോ പോര്‍ട്രേറ്റ് വിത്ത്‌ ഫ്ലാഗ്, ത്രിശൂല്‍ ആന്‍ഡ് ഓം | PHOTO: WIKI COMMONS
1905ൽ ഇന്ത്യൻ ചിത്രകാരനായ അബനീന്ദ്രനാഥ ടാഗോർ വരച്ച ഭാരതമാതയുടെ ഒരു ചിത്രമുണ്ട്. ലളിതമായ കാവിവസ്ത്രം ധരിച്ച, ഒരു സാധ്വിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അവരുടെ നാല് കൈകളിൽ ഒരു പുസ്തകം, നെൽക്കതിരുകൾ, വെളുത്ത തുണി, രുദ്രാക്ഷമാല എന്നിവയുമുണ്ട്. അവർക്ക് പിന്നിൽ ഭൂമിയും സൂര്യനും ഇഴചേർന്ന് പ്രകാശിക്കുന്ന ഒരു പ്രകൃതി ദൃശ്യം കാണാം. തലയ്ക്ക് ചുറ്റുമുള്ള ഇരട്ട പ്രഭാവലയം അവരുടെ ദിവ്യത്വം സൂചിപ്പിക്കുന്നു. കടുത്ത ബ്രിട്ടീഷ് വിരുദ്ധ സ്വദേശി പ്രസ്ഥാനം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ ചിത്രം രചിക്കപ്പെട്ടത്‌. ഈ ചിത്രം ‘ഭാരതമാതാവ്’ എന്ന സങ്കൽപ്പത്തെ ഒരു രാഷ്ട്രീയ ബിംബമായി ചിത്രീകരിച്ച ആദ്യകാല ചിത്രങ്ങളിലൊന്നാണ്. കോളനി വിരുദ്ധ ചെറുത്തുനിൽപ്പിന് പ്രാരംഭ പിന്തുണ ഉണർത്താൻ ഈ ചിത്രം ഉപയോഗിക്കപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തുടക്കത്തിൽ, അദ്ദേഹം ഈ ചിത്രത്തെ ‘ബംഗമാതാവ് ‘ അഥവാ മാതൃബംഗാൾ എന്ന രീതിയിലാണ് വിഭാവനം ചെയ്തത്. പ്രാദേശികവും ഭാഷാപരവും മതപരവുമായ വ്യത്യാസങ്ങളെ അതിലംഘിച്ച്, അഖണ്ഡ ഭാരതത്തിന്റെ ഒരു ശക്തമായ പ്രതീകമായി പിന്നീട് ഈ ചിത്രം മാറി. ഇന്ത്യൻ ജനതയുടെ കൂട്ടായ സ്വത്വത്തെയും അഭിലാഷങ്ങളെയും ഈ രൂപം ഉൾക്കൊണ്ടു. മറ്റ് കലാകാരന്മാർ ഭാരതമാതാവിന്റെ ചിത്രം പകർത്തി വരയ്ക്കുകയും, സ്വദേശി ഫണ്ട് ശേഖരണ പ്രചാരണങ്ങളിൽ പോസ്റ്ററുകളിൽ ഉപയോഗിക്കുകയും, പ്രാദേശിക മാധ്യമങ്ങളിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. 1906ൽ ഒരു പ്രാദേശിക പ്രസിദ്ധീകരണം ഈ ചിത്രം ‘മാതൃരാജ്യത്തിന്റെ ആത്മാവ്’ എന്ന തലക്കെട്ടോടെ പുനഃപ്രസിദ്ധീകരിച്ചു. പിന്നീട് പല പല ഭാവനകളിലൂടെ, കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇന്നത്തെ രൂപമായി പരിണമിച്ചു.

ഭാരതമാതാവിന്റെ നാല് കൈകൾ ഹിന്ദു ദേവിയായ ദുർഗ്ഗയെ ശക്തമായി ഓർമ്മിപ്പിക്കുന്നു. ഹിന്ദു ദേവതാ സങ്കൽപ്പത്തിൽ, ദുർഗ്ഗയെ യോദ്ധാവും ആദിമ മാതാവുമെന്ന നിലയിൽ, ശക്തിക്കും അധികാരത്തിനും വേണ്ടിയാണ് ആരാധിക്കുന്നത്. ആദ്യകാല ഹിന്ദു ശിൽപങ്ങളിൽ, ദുർഗ്ഗയെ ശക്തിയുടെയും സ്ത്രീത്വത്തിന്റെയും ദിവ്യ രൂപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സിംഹത്തിന്റെ പുറത്ത് ഇരുന്നുകൊണ്ട്, തിന്മയുടെ ശക്തികൾക്കെതിരെ ആത്മവിശ്വാസത്തോടെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ദുർഗ്ഗയുടെ എട്ട് കൈകളിലും സ്വർഗ്ഗത്തിൽ നിന്ന് ലഭിച്ച ആയുധങ്ങൾ കാണാം. ദുർഗ്ഗയുടെ ഇത്തരം ചിത്രങ്ങളുമായുള്ള ‘ഭാരതമാതാവി’ന്റെ അടുത്ത ബന്ധം, ടാഗോറിന്റെ ചിത്രത്തിന് ശക്തിയുടെയും അതിമാനുഷികതയുടെയും ഒരു ബോധം നൽകുന്നു, ഇത് രൂപംകൊണ്ടുവരുന്ന ഒരു രാഷ്ട്രത്തിന് പ്രധാനമാണ്. എന്നിരുന്നാലും, ഈ ചിത്രപരമായ ബന്ധങ്ങൾ ടാഗോറിന്റെ പാന്‍ ഇന്ത്യന്‍ ദർശനത്തിന്റെ പരിമിതിയായും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ‘ഭാരതമാതാവ്’ എന്ന ചിത്രം പിന്നീട് ഒരു ദേശീയ ബിംബമെന്ന നിലയിൽ, മറ്റ് മതന്യൂനപക്ഷങ്ങളെ ഒഴിവാക്കി, ഇന്ത്യൻ രാഷ്ട്രത്തെ ഹിന്ദുത്വവൽക്കരിക്കുന്നതിൽ ഒരു പങ്ക് വഹിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

ഭാരതമാത - അബനീന്ദ്രനാഥ ടാഗോർ | PHOTO: WIKI COMMONS
പുഷ്പമാല ഈ വശത്തെ തന്റെ ‘കാളി: ആഫ്റ്റര്‍ 1908 കല്‍ക്കട്ട ആര്‍ട്ട് സ്റ്റുഡിയോ പ്രിന്റ്‌’ (Kali: After 1908 Calcutta Art Studio Print) എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഈ സൃഷ്ടി 1908ലെ കൊൽക്കത്ത ആർട്ട് സ്റ്റുഡിയോയുടെ ഒരു പ്രിന്റിന്റെ പുനരാവിഷ്കരണമാണ്. ഈ പ്രിന്റ്, കൊളോണിയൽ ഭരണാധികാരികളെ തോൽപ്പിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രത്തിന്റെ സൂക്ഷ്മമായ രൂപകമായി കാളിയെ ഉപയോഗിച്ചിരുന്നു. ശിവന്റെ ശരീരത്തിന് മുകളിൽ നൃത്തം ചെയ്യുന്ന രൗദ്രവും ഇരുണ്ടതുമായ ഭാവമുള്ള കാളിയായി അഭിനയിച്ചുകൊണ്ട് പുഷ്പമാല അധികാര സമവാക്യങ്ങളെയും ദേശീയ ആഖ്യാനങ്ങളെയും കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നു. ഒപ്പം, ടാഗോറിന്റെ ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്ന വിമര്‍ശനത്തെയും (ചിത്രം മതന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്ന വാദം) പുഷ്മാല സ്പര്‍ശിക്കുന്നു. ചരിത്രപരമായ ദേശീയ ചിത്രങ്ങളെ ഈ രീതിയില്‍ പുനരാവിഷ്കരിക്കുന്നതിലൂടെ, പുഷ്പമാല ദേശീയ സ്വത്വം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടതെന്നും, ദേവിമാരിലൂടെ (സ്ത്രീരൂപങ്ങളിലൂടെ) അത് എങ്ങനെ അവതരിപ്പിക്കപ്പെട്ടുവെന്നും വിമർശിക്കുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന, പലപ്പോഴും ഹിന്ദു കേന്ദ്രീകൃതമായ, ദേശീയതയുടെ ഏകീകൃത കാഴ്ചപ്പാടിനെ അവർ ചോദ്യം ചെയ്യുന്നു.

ഭാരതമാതാവ്  എന്ന ആദര്‍ശവല്‍ക്കരിക്കപ്പെട്ട ചിത്രത്തെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ ഈ പ്രതീകത്തിന്റെ സ്ഥിര സ്വഭാവത്തെ പുഷ്പമാലയുടെ സൃഷ്ടി വല്ലുവിളിക്കുന്നു. ഇത് ഒരു അന്തര്‍ലീനമായ സത്യത്തെക്കാള്‍ ഉപരിയായി ഒരു നിര്‍മ്മിത ആശയമാണ് എന്ന് വെളിപ്പെടുത്തുന്നു. ഇതിലൂടെ ദേശീയ ചരിത്രങ്ങളും വീരഗാഥകളും നല്‍കുന്ന ബൃഹദ് ആഖ്യാനങ്ങളുടെ ഏകീകൃത സ്വഭാവത്തെയും സ്ഥിരതയെയും ചോദ്യം ചെയ്യുന്നു. മാത്രവുമല്ല, രാഷ്ട്രത്തെ സ്ത്രീയായി ചിത്രീകരിക്കുന്ന പ്രതിനിധാനങ്ങളെ വിശകലനം ചെയ്യാനും വിമര്‍ശിക്കാനും സ്വന്തം ശരീരം ഒരു മാധ്യമമായി ഉപയോഗിക്കുന്ന ശക്തവും ബൗദ്ധികവുമായ ഒരു കലാപദ്ധതിയാണിത്. ദൃശ്യ സംസ്കാരങ്ങളിലൂടെയും ജനപ്രിയ ഭാവനയിലൂടെയും ദേശീയ സ്വത്വങ്ങള്‍ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്ന് ഇത് കാഴ്ചക്കാരെ ചിന്തിപ്പിക്കുന്നു.

കാളി: ആഫ്റ്റര്‍ 1908 കല്‍ക്കട്ട ആര്‍ട്ട് സ്റ്റുഡിയോ പ്രിന്റ്‌ | PHOTO: WIKI COMMONS
ഈ ചിത്രത്തിലെ ത്രിശൂലം, ഓം എന്നിവ ഹിന്ദുത്വയുടെ ഉയര്‍ച്ചയെയും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മതപരമായ ചിഹ്നങ്ങളെ ഉപയോഗിക്കുന്നതിനെയും നേരിട്ട് സൂചിപ്പിക്കുന്നു. ഈ രണ്ട് ചിഹ്നങ്ങളും ഹിന്ദു മതത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചവയാണ്. ഇവയെ പതാകയില്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ മതേതര സ്വഭാവത്തെയും ദേശീയ സ്വത്വത്തില്‍ ഒരു പ്രത്യേക മതത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെയും കുറിച്ചുള്ള സംവാദങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു.

ചിഹ്നങ്ങൾ മതപരമായി പ്രാധാന്യമുള്ളതാണെങ്കിലും, പുഷ്പമാലയുടെ പ്രകടനം അവയെ ഒരു സ്റ്റുഡിയോ പശ്ചാത്തലത്തില്‍ സ്ഥാപിക്കുമ്പോഴുണ്ടാകുന്ന കൃത്രിമത്വം, ശക്തമായ ദേശീയ ചിഹ്നങ്ങൾ പോലും നിര്‍മ്മിതമാണെന്നും കൃത്രിമത്വത്തിലൂടെ മാറ്റാനും പുനര്‍വ്യാഖ്യാനം ചെയ്യാനും കഴിയുമെന്നും പറയുന്നു.

‘മദര്‍ലാന്‍ഡ്: വേര്‍ എഞ്ചല്‍സ് ഫിയര്‍ ടു ട്രീഡ്’(Motherland: Where Angels Fear to Tread) എന്ന മിക്സഡ് മീഡിയ ഇന്‍സ്റ്റലേഷന്‍ ഒരുപക്ഷേ, ഒരു നാടകത്തിന്റെ ഗ്രീൻ റൂമോ, ഒരു മ്യൂസിയത്തിലെ ദൃശ്യങ്ങളോ, അല്ലെങ്കിൽ ഭാരതാംബയുടെ ചിത്രങ്ങളുടെ ഒരു ശേഖരമോ ആകാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ദേശീയ പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഭാരതാംബ എന്ന ആശയം രൂപപ്പെട്ടതു മുതൽ, ഇന്ത്യയെ കാളി ദേവിയായും, പശുവായും, ദുർഗ്ഗയായും, അല്ലെങ്കിൽ അബനീന്ദ്രനാഥ ടാഗോർ സൃഷ്ടിച്ച സന്യാസിയുടെ രൂപത്തിലുമെല്ലാം വ്യക്തിവൽക്കരിച്ച് നിരവധി ചിത്രീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. പുഷ്പമാലയുടെ ഈ കലാസൃഷ്ടി, ‘ഭാരതാംബ’ എന്ന ആശയത്തിന്റെ ചരിത്രത്തെ, ഒരു രാഷ്ട്രത്തിന്റെ ദേശീയ രൂപീകരണത്തിന്റെ പരിശീലനക്കളരിയായിട്ടാണ് കാണുന്നത്. ഈ താരതമ്യം സൂചിപ്പിക്കുന്നത്, ഒരു ദേശീയ സ്വത്വം കെട്ടിപ്പടുക്കുന്നത് തുടർച്ചയായി പരിഷ്കരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രകടനമാണെന്നാണ്. ഈ ചരിത്രപരമായ ചിത്രങ്ങളെ പുനരാവിഷ്കരിക്കുന്നതിലൂടെ, ചില ചിത്രീകരണങ്ങൾ മറ്റുള്ളവയേക്കാൾ പ്രാധാന്യം നേടുന്നത് എങ്ങനെയാണ്, ദേശീയബോധം രൂപപ്പെടുത്തുന്നതിൽ ദൃശ്യസംസ്കാരത്തിനുള്ള പങ്ക് എന്താണ്, ദേശീയ ആഖ്യാനങ്ങളുടെ പലപ്പോഴും നിർമ്മിതവും പ്രത്യയശാസ്ത്രപരവുമായ സ്വഭാവം എന്നിവയെ കുറിച്ച് സംസാരിക്കുന്നു.

മദര്‍ലാന്‍ഡ്: വേര്‍ എഞ്ചല്‍സ് ഫിയര്‍ ടു ട്രീഡ് | PHOTO: WIKI COMMONS
ഈ അവതരണത്തില്‍ രൂപങ്ങള്‍ പൂര്‍ത്തിയാകാത്തതോ തകര്‍ന്നതോ ആണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, രൂപങ്ങളെ പുഷ്പമാല പുനര്‍നിര്‍മ്മിക്കുകയോ പുനര്‍നിര്‍വചിക്കുകയോ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്ന് പറയാം. ഇത് അക്ഷരാര്‍ത്ഥത്തിന് അപ്പുറം, അവയുടെ യഥാർത്ഥ അർത്ഥങ്ങളും സന്ദർഭങ്ങളും പ്രത്യയശാസ്ത്രപരമായ അടിത്തറകളും പുഷ്പമാല മനഃപൂർവം വേർപെടുത്തുകയും പുനഃസംയോജിപ്പിക്കുകയുമാണ് ചെയ്യുന്നത്.

സുപരിചിതവും പ്രതീകാത്മകവുമായ ഭാരതാംബയുടെ ചിത്രങ്ങൾ പുതിയതും പലപ്പോഴും അപ്രതീക്ഷിതവുമായ രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ, കാഴ്ചക്കാരുടെ സുഖകരമായ പരിചിതത്വത്തെ ഇളക്കിമറിക്കുന്നു. ഈ പ്രതീക്ഷാഭംഗം, മുമ്പ് ചോദ്യം ചെയ്യാതെ അംഗീകരിച്ചിരുന്ന കാര്യങ്ങളെ വിമർശനാത്മകമായി നോക്കിക്കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.

ഭാരതാംബയുടെ പല ചിത്രങ്ങളും പുരുഷ കലാകാരന്മാരാൽ അല്ലെങ്കിൽ ദേശീയ ലക്ഷ്യങ്ങൾക്കായി സ്ത്രീ രൂപത്തെ ഒരു വസ്തുവായോ അല്ലെങ്കിൽ ആദർശവൽക്കരിച്ചോ ചിത്രീകരിക്കുന്ന ദേശീയവാദി ചട്ടക്കൂടിനുള്ളിൽ നിന്നാണ് നിർമ്മിക്കപ്പെട്ടത്. പുഷ്പമാല, ഒരു സ്ത്രീ കലാകാരിയെന്ന നിലയിൽ ഈ വേഷങ്ങൾ സ്വയം ധരിക്കുന്നതിലൂടെ, അത്തരം യഥാർത്ഥ നോട്ടത്തെ തകർക്കുന്നു. അവർ ചിത്രീകരണത്തിന്മേലുള്ള അധികാരം തിരിച്ചുപിടിക്കുകയും, യഥാർത്ഥ ചിത്രങ്ങളുടെ അടിസ്ഥാനപരമായ മുൻധാരണകളോ പരിമിതികളോ വെളിപ്പെടുത്താൻ കഴിയുന്ന ഒരു സ്ത്രീപരമായ കാഴ്ചപ്പാട് നൽകുകയും ചെയ്യുന്നു.

ഹൈജീന്‍ /സ്വച്ഛ് | PHOTO: WIKI COMMONS
പുഷ്പമാല തന്റെ മദർ ഇന്ത്യ പ്രൊജക്റ്റിന്റെ ഭാഗമായി ‘ഹൈജീന്‍ /സ്വച്ഛ്’ (Hygiene/Swachh) എന്നൊരു വീഡിയോ ഒരുക്കിയിട്ടുണ്ട്. ഈ കലാസൃഷ്ടിയിൽ, ഭാരതാംബയായി വേഷമിട്ട പുഷ്പമാല തലച്ചോറിന്റെ മെഡിക്കൽ മോഡലിൽ നിന്ന് ഉള്‍ഭാഗങ്ങൾ ഓരോന്നായി നീക്കം ചെയ്യുകയും, തലയുടെ ഉൾഭാഗം വൃത്തിയാക്കുകയും, പിന്നീട് അവ വീണ്ടും പഴയ സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്യുന്നു. ശക്തമായ ആക്ഷേപ ഹാസ്യത്തിലൂടെ ഈ രചന ഒരു ആദർശ പൗരനെയും അതുവഴി ഒരു ആദർശ രാഷ്ട്രത്തെയും കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ ശുദ്ധീകരണം എന്ന ആശയത്തെ പരിശോധിക്കുന്നു. ഈ പ്രവൃത്തി ചിന്തയുടെയോ, അറിവിന്റെയോ അല്ലെങ്കിൽ വ്യക്തിത്വത്തെക്കുറിച്ചുള്ള മുൻധാരണകളുടെയോ ഘടനയെ തകർക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈ ശുദ്ധീകരണം കേവലം ഭൗതികമായ അഴുക്കിനെക്കുറിച്ചുള്ളതല്ല; ഇത് അഭികാമ്യമല്ലാത്ത ഘടകങ്ങളെയും, ആശയങ്ങളെയും, അല്ലെങ്കിൽ അശുദ്ധം എന്ന് കണക്കാക്കാവുന്ന ഒരു ഭൂതകാലത്തെ പോലും തുടച്ചുനീക്കുന്നതിന്റെ പ്രതീകാത്മകമായ ഒരു പ്രവൃത്തിയാണ്.

മസ്തിഷ്കത്തെ ശുദ്ധീകരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന ദേശീയ വ്യക്തിത്വവും അതിനെ ഉൾക്കൊള്ളുന്ന ആദർശ പൗരനും സഹജമായ ഒന്നല്ല, മറിച്ച് കെട്ടിപ്പടുക്കപ്പെടുന്നതാണെന്ന ആശയത്തെ എടുത്തുകാണിക്കുന്നു. ഈ നിർമ്മാണം പലപ്പോഴും രാജ്യത്തിന് ശുദ്ധമോ അഭികാമ്യമോ എന്ന് കരുതുന്നവയെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ ഉൾക്കൊള്ളുന്നു.

മസ്തിഷ്ക ഭാഗങ്ങൾ നീക്കം ചെയ്യുന്നതും വീണ്ടും സ്ഥാപിക്കുന്നതും പൗരന്മാരുടെ ചിന്തകളെയും പ്രത്യയശാസ്ത്രങ്ങളെയും ഒരു പ്രത്യേക ദേശീയ ആഖ്യാനത്തിന് അനുയോജ്യമാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമായി കണക്കാക്കാം. ആരാണ്  ശുദ്ധി നിർവചിക്കുന്നതെന്നും വ്യക്തിഗത സ്വാതന്ത്ര്യത്തിനും വൈവിധ്യത്തിനും ഈ നിർവചനം എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും ഇത് ചോദിക്കുന്നു.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഇവിടെ ശ്രദ്ധേയമായ കാര്യം ഒരു ഉരുളിയിലാണ് തലയുടെ മോഡല്‍ സ്ഥിതിചെയ്യുന്നത്. മറ്റൊന്ന്, പുറത്തെടുക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ വൃത്തിയാക്കുന്നത് ഫ്രെയിമിന് പുറത്തുനിന്ന് ആരോ കിണ്ടിയില്‍ നിന്ന് ഒഴിച്ചുകൊടുക്കുന്ന വെള്ളത്തിലാണ്. ഇതിലൂടെ ‘ആദർശ പൗരൻ’ പരമ്പരാഗതമായി ശുഭകരമെന്ന് തോന്നുന്ന ഒരു ചട്ടക്കൂടിനുള്ളിൽ രൂപപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ പ്രക്രിയ ഒരുതരം ഇടപെടലും വാർത്തെടുക്കലുമാണ്. 

ഇത് സര്‍ക്കാറിന്റെ ‘സ്വച്ഛ് ഭാരത് അഭിയാൻ’ പദ്ധതിയെ പരാമര്‍ശിക്കുന്നു. ഈ പദ്ധതി പ്രധാനമായും ശാരീരിക ശുചിത്വത്തിലും ശുചീകരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും (ഉദാഹരണത്തിന്, ശുചിമുറികളുടെ നിര്‍മ്മാണം, മാലിന്യ സംസ്കരണം) പുഷ്പമാലയുടെ ഈ കലാസൃഷ്ടി മാനസികവും പ്രത്യയശാസ്ത്രപരവുമായ ശുചിത്വത്തിന്റെ ഒരു രൂപക തലത്തിലേക്ക് ചർച്ചയെ ഉയർത്തുന്നു. ഇത് ശുചിത്വം എന്ന ആശയം എങ്ങനെയാണ് രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതെന്നും അത് ചില വിഭാഗങ്ങളെ അപരമാക്കുന്നതിനോ അല്ലെങ്കിൽ ഒരു പ്രത്യേക പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്നതിനോ എങ്ങനെ ഇടയാക്കാമെന്നതിനെക്കുറിച്ചുള്ള ഒരു വിമർശനത്തെ സൂചിപ്പിക്കുന്നു.

ഗുഡ് ഹാബിറ്റ്സ്/മോഡല്‍ സിറ്റിസണ്‍ | PHOTO: WIKI COMMONS
‘ഗുഡ് ഹാബിറ്റ്സ്/മോഡല്‍ സിറ്റിസണ്‍’ (Good Habits/Model Citizen) സർക്കാറിന്റെ ആരോഗ്യ, വിദ്യാഭ്യാസ പരിപാടികളെയും, പൊതുവെ മനുഷ്യശരീരത്തിന്മേലുള്ള, പ്രത്യേകിച്ചും സ്ത്രീ ശരീരത്തിന്മേലുള്ള സാമൂഹിക പ്രതീക്ഷകളെയും നിയന്ത്രണങ്ങളെയും വിമർശിക്കുന്നു. സർക്കാരുകളോ സാമൂഹിക സ്ഥാപനങ്ങളോ പൗരന്മാരുടെ പെരുമാറ്റവും ചിന്തകളും രൂപപ്പെടുത്താൻ ശ്രമിക്കുന്നതിനെക്കുറിച്ചും ‘നല്ല ശീലങ്ങൾ’ അല്ലെങ്കിൽ ഒരു ‘മാതൃകാ പൗരൻ’ എന്നാൽ എന്താണെന്ന് പഠിപ്പിക്കുന്നതിനെ കുറിച്ചും ആണ് ഈ സൃഷ്ടി. ഇത് നിയന്ത്രണത്തിന്റെയും പ്രത്യയശാസ്ത്രപരമായ സ്വാധീനത്തിന്റെയും സംവിധാനങ്ങളെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമായി കണക്കാക്കാം.

പുഷ്പമാലയ്ക്ക് ആന്ത്രോപോമെട്രിയിലും യൂജെനിക്സിലും ഉണ്ടായിരുന്ന താല്പര്യം ഈ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ആന്ത്രോപോമെട്രി എന്നാല്‍ ശരീരം അളക്കുന്ന ശാസ്ത്രം, യൂജെനിക്സ് എന്നാല്‍ തിരഞ്ഞെടുത്ത പ്രജനനത്തിലൂടെ മനുഷ്യരാശിയെ മെച്ചപ്പെടുത്താൻ കഴിയും എന്ന വിശ്വാസമാണ്. അതായത്, തങ്ങള്‍ക്ക് ആവശ്യമുള്ള സ്വഭാവങ്ങളുള്ളവരുടെ പ്രത്യുത്പാദനം പ്രോത്സാഹിപ്പിക്കുകയും ആവശ്യമില്ലാത്ത സ്വഭാവങ്ങളുള്ളവരുടെ പ്രത്യുത്പാദനം തടയുകയും ചെയ്യുക. ഫ്രാൻസിസ് ഗാൾട്ടന്റെ  ആശയമാണിത്.

ഫ്രാൻസിസ് ഗാൾട്ടൻ | PHOTO: WIKI COMMONS
വംശീയ വർഗ്ഗീകരണത്തിനും നിയന്ത്രണത്തിനും വേണ്ടി കൊളോണിയൽ കാലഘട്ടത്തിൽ ഈ ശാസ്ത്രം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രജനനത്തിലൂടെയും, അനുയോജ്യമല്ലാത്തവരെന്ന് കരുതുന്നവരെ നിർബന്ധിത വന്ധ്യംകരണം ചെയ്തോ അല്ലെങ്കിൽ ഉന്മൂലനം ചെയ്തോ ‘ഉയര്‍ന്നതും’, ‘താഴ്ന്നതുമായ’ സ്വഭാവവിശേഷങ്ങളെ അടിസ്ഥാനമാക്കി ‘ഉത്തമ’ മനുഷ്യരെ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.
‘മോശം ജീനുകളെ’ ഇല്ലാതാക്കി ‘വംശത്തെ ശുദ്ധീകരിക്കാൻ’ നാസികൾ ഈ രീതി ഉപയോഗിച്ചിരുന്നുവത്രേ. ശാസ്ത്രീയ സിദ്ധാന്തങ്ങൾ എങ്ങനെയാണ് മനുഷ്യന്റെ ആകാരങ്ങളെയും സ്വഭാവങ്ങളെയും നിയന്ത്രിക്കാനും നിർവചിക്കാനും ഉപയോഗിക്കാമെന്ന് ഈ ചരിത്രപരമായ പശ്ചാത്തലം വ്യക്തമാക്കുന്നു.

ഈ വീഡിയോയില്‍ നമുക്ക് കാണാന്‍ പറ്റാത്ത മൂന്നുപേര്‍ ഒരു സ്ത്രീ ശരീരത്തിന്റെ മെഡിക്കൽ മോഡലിനെ പല രീതിയില്‍ അളക്കുന്നു. പിന്നീട് ശരീരഭാഗങ്ങള്‍ (പുറവും അകവും) ഓരോന്നായി  വേർപെടുത്തുന്നു.  അതില്‍ പ്രധാനം ഗര്‍ഭപാത്രമാണ്. പ്രത്യുൽപാദനത്തിനായി സ്ത്രീകൾക്കുമേൽ സമൂഹം, പലപ്പോഴും സർക്കാർ ചെലുത്തുന്ന സമ്മർദ്ദത്തിന്റെ ശക്തമായ വിമർശനമാണ് ഈ വീഡിയോ. പ്രത്യേകിച്ചും ഇന്ത്യയിലെ ഹൈന്ദവ മൗലികവാദ സംഘടനകൾ തങ്ങളുടെ സമുദായത്തിൽ ഉയർന്ന ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് വളരെ പ്രസക്തമാണ്. സ്ത്രീശരീരം എങ്ങനെ ദേശിയ അജണ്ടകൾക്കായുള്ള ഒരു വേദിയാകുന്നു എന്ന് ഇത് എടുത്തുകാണിക്കുന്നു.

ഗ്രേറ്റ്‌ സാക്രിഫൈസ് | PHOTO: WIKI COMMONS
‘ഗ്രേറ്റ്‌ സാക്രിഫൈസ്’ (Great Sacrifice) എന്ന സൃഷ്ടിയിലും പുഷ്പമാല ഭാരതാംബയായി അഭിനയിക്കുന്നു. ബ്രിട്ടീഷുകാർ വധിച്ച പ്രമുഖ സോഷ്യലിസ്റ്റ് വിപ്ലവകാരി ഭഗത് സിംഗ് തന്റെ വെട്ടിമാറ്റിയ തല ഭാരത മാതാവിന് സമര്‍പ്പിക്കുകയാണ് ഈ സൃഷ്ടിയില്‍. ഇത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മക്കൾ ചെയ്യുന്ന മഹത്തായ ത്യാഗം ഭാരതാംബ സ്വീകരിക്കുന്നതായി ചിത്രീകരിക്കുന്ന ദേശഭക്തി കലയിലെ പ്രമേയത്തെ നേരിട്ട് സൂചിപ്പിക്കുന്നു.

ഭാരത് മാതാ എന്ന ആശയം ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്ത് ദേശീയ വികാരങ്ങളെ ഉണർത്തുന്നതിനും ഒരു പൊതുവായ സ്വത്വം വളർത്തുന്നതിനും ഉള്ള ശക്തമായ ഒരു പ്രതീകമായി മാറി. കാലക്രമേണ, ഇത് പല രീതികളിൽ ദുരുപയോഗം ചെയ്യപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വലതുപക്ഷം തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി ഭാരതാംബയെ ഉപയോഗിക്കുന്നു.

#outlook
Leave a comment