ആ സ്ത്രീകളൊക്കെ എങ്ങോട്ടാണ് ഈ പോയത്'
കുന്നത്തൂര്‍ രാജന്‍ എന്ന കശുവണ്ടി ഫാക്ടറി ഇപ്പോള്‍ നിലവിലില്ല. 1990 മുതല്‍ അവിടെ ജോലിയെടുത്തിരുന്ന ഷീജയും ഇപ്പോള്‍ അവിടെ ഇല്ല. 2010 മുതല്‍ക്ക് തന്നെ ഫാക്ടറി ഇടയ്ക്കിടയ്ക്ക് അടച്ചിടാന്‍ തുടങ്ങി. ആ സമയത്തെല്ലാം ഷീജ സമീപത്തുള്ള മറ്റ് ഫാക്ടറികളില്‍ ജോലിക്ക് പോയിരുന്നു. 2018 ല്‍ രാജന്‍ ഫാക്ടറി പൂര്‍ണമായും അടച്ചു, ഒപ്പം സമീപത്തുള്ള മറ്റ് ഫാക്ടറികളും പൂട്ടിപ്പോയി. ഷീജ പതുക്കെ ഒരു ഹോട്ടല്‍ ജീവനക്കാരിയായി മാറി. കുറഞ്ഞ വേതനവും യാതൊരു തൊഴില്‍ സുരക്ഷിതത്വവും മറ്റു തൊഴിലാളി ആനുകൂല്യങ്ങളും ഇല്ലാത്ത ഒരു ദിവസവേതനക്കാരി. 'ജനിച്ചു പോയില്ലേ, ജീവിക്കണ്ടേ' എന്നാണ് ഈ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷീജ പറഞ്ഞത്. കഴിഞ്ഞ 10-15 വര്‍ഷത്തിനിടയ്ക്ക് കൊല്ലം ജില്ലയിലെ കശുവണ്ടി ഫാക്ടറികളില്‍ തൊഴില്‍ നഷ്ടപ്പെട്ട രണ്ട് ലക്ഷത്തില്‍പരം സ്ത്രീ തൊഴിലാളികളില്‍ ഒരാളാണ് ഷീജ. കശുവണ്ടി വ്യവസായത്തിന്റെ വളര്‍ച്ച ആഘോഷമാക്കിയ കേരളം പക്ഷേ, ഈ തകര്‍ച്ചയും തളര്‍ച്ചയും ശ്രദ്ധിച്ചതേയില്ല.
കൊല്ലം അതിന്റെ വിപുലമായ കശുവണ്ടി സംസ്‌കരണ വ്യവസായം കാരണം 'ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം' എന്ന വിളിപ്പേര് ഒരുകാലത്ത് നേടിയിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം എടുത്താല്‍ കൊല്ലത്തിന്റെ സാംസ്‌കാരിക സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ കശുവണ്ടി വ്യവസായം ചെലുത്തിയ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. നവോത്ഥാനം ഉഴുതുമറിച്ച കൊല്ലത്തിന്റെ മണ്ണില്‍ ഈ വ്യവസായത്തിന്റെ വളര്‍ച്ച പല സാമൂഹിക സാമ്പത്തിക തലത്തിലുള്ള മനുഷ്യര്‍ ഇടപെടുന്ന ഒരു പൊതുമണ്ഡലം ഉയര്‍ന്ന് വരുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ പൊതുമണ്ഡലം രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഇടകലര്‍പ്പുകള്‍ക്കും കൊടുക്കല്‍ വാങ്ങലുകള്‍ക്കും മധ്യസ്ഥത വഹിക്കുന്നതും നമ്മള്‍ കണ്ടു. കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ വലിയ സാന്നിധ്യം പൊതുമണ്ഡലത്തില്‍ ഈ വ്യവസായം മൂലം കൊല്ലത്ത് ഉണ്ടായിവന്നിട്ടുണ്ട്. രാവിലെ ഫാക്ടറികളിലേക്ക് പോകുന്ന സ്ത്രീകളെ കൊണ്ട് നിറഞ്ഞ തെരുവുകളും വാഹനങ്ങളും വൈകുന്നേരം ചന്തയില്‍ സാധനം വാങ്ങാന്‍ വരുന്ന സ്ത്രീകളുടെ കൂട്ടംകൂട്ടമായുള്ള വരവും ഒക്കെത്തന്നെ കൊല്ലത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഈ വ്യവസായത്തിന്റെ വളര്‍ച്ചകണ്ട 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഫാക്ടറി അടിസ്ഥാനത്തിലുള്ള മാനുവല്‍ പ്രോസസ്സിംഗ് ജോലികളുടെ നട്ടെല്ലായി സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ത്രീ തൊഴിലാളികളുടെ അധ്വാനമാണ് ഒരു ആധുനിക ഫാക്ടറി സംവിധാനം ഇവിടെ കെട്ടിപ്പടുത്തത്തിന്റെ അടിത്തറയായത്. ഈ ജോലികള്‍ക്ക് സൂക്ഷ്മമായ കൈവേലയും കൃത്യതയും ആവശ്യമാണ്. കശുവണ്ടിയുടെ ഷെല്ലിംഗ്, ഗ്രേഡിംഗ്, തൊലികളയല്‍ എന്നിവ നിര്‍ണായക ഘട്ടങ്ങളാണ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ഇക്കണോമിക്സിന്റെ (കൈല്‍) ഒരു പഠനമനുസരിച്ച്, സ്ത്രീകളുടെ ജോലിയുടെ ഏറ്റവും ഉയര്‍ന്ന അനുപാതം ഷെല്ലിംഗാണ്, 35%, തുടര്‍ന്ന് പീലിങ്ങ് (31%) ബാക്കിയുള്ളവര്‍ ഗ്രേഡിംഗ് മേഖലയിലും ആയാണ് ജോലി ചെയ്തിരുന്നത്. ഈ ജോലികള്‍ക്ക് ശാരീരിക വൈദഗ്ധ്യം മാത്രമല്ല, ക്ഷമയും വൈദഗ്ധ്യവും ആവശ്യമാണ്. ലോകമെമ്പാടുമുള്ള കശുവണ്ടി സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളില്‍ 80 ശതമാനത്തിലധികം സ്ത്രീകളാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കൊല്ലത്തും ഈ കണക്ക് വ്യത്യസ്തമല്ല. ഫാക്ടറി ജോലികളില്‍ 90% ത്തിന് മുകളിലും സ്ത്രീകള്‍ പങ്കെടുത്തിരുന്ന കൊല്ലത്തെ ഈ വ്യവസായം സമൂഹത്തിന്റെ മൊത്തം സാമ്പത്തിക വ്യവഹാരത്തെ ഒരുകാലത്ത് നിയന്ത്രിച്ചിരുന്നു.
കശുവണ്ടി വ്യവസായത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സൃഷ്ടിക്കുന്ന വരുമാനം ഗാര്‍ഹിക സാമ്പത്തിക സ്ഥിതിയെ നിര്‍ണയിക്കുന്ന ശക്തിയായിരുന്നു. സ്ത്രീകളുടെ വരുമാനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അവരുടെ കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും ആരോഗ്യപരിരക്ഷയ്ക്കുമുള്ള മെച്ചപ്പെട്ട ലഭ്യതയ്ക്കും ഉള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകള്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അതാത് കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും കിട്ടുമെന്നത് പഠനങ്ങള്‍ മുമ്പ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. കൊല്ലത്തിന്റെ സാമൂഹിക സ്വഭാവം പരിശോധിച്ചാല്‍ കശുവണ്ടി വ്യവസായത്തിലെ സ്ത്രീകളുടെ പങ്കെടുക്കല്‍ അവരുടെ ഗാര്‍ഹിക വിലപേശല്‍ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കാനാകും. കൊല്ലത്തെ തന്റേടികളായ തന്‍പോരിമക്കാരായ അച്ചടക്കം ഇല്ലാത്ത സ്ത്രീകളെ കുറിച്ചുള്ള പരാതികളും വര്‍ണ്ണനകളും കേരളത്തിലെ മറ്റു ജില്ലക്കാരുടെ ഒരു പരാതിയാണ്. സാമ്പത്തിക ക്രയവിക്രയത്തില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക സ്ഥാനം സ്ത്രീകള്‍ വിലപേശലില്‍ ഉപയോഗിക്കുന്നതിനുള്ള അസ്വസ്ഥത ഈ കഥകളിലൊക്കെ നമുക്ക് കാണാന്‍ കഴിയും. ഈ സാമ്പത്തിക ശാക്തീകരണം കുടുംബങ്ങളെ കൂടുതല്‍ ലിംഗസമത്വത്തിലേക്ക് നയിക്കുന്ന ഒരു ഘടകമായാണ് മാറിയത്. കാരണം സ്ത്രീകള്‍ അവരുടെ സാമ്പത്തിക കാര്യങ്ങളിലും തീരുമാനമെടുക്കല്‍ പ്രക്രിയകളിലും കൂടുതല്‍ നിയന്ത്രണം നേടിയിരുന്നു. തൊഴിലിലൂടെ സമ്പാദിക്കുന്ന പണം ഗാര്‍ഹിക വരുമാനത്തിലേക്ക് സംഭാവന ചെയ്യുകയും അത്, പ്രത്യേകിച്ച് താഴ്ന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തില്‍ സ്ത്രീകളുടെ വരുമാനത്തിന്റെ ഗണ്യമായ സംഭാവന, അതാത് കുടുംബങ്ങള്‍ക്ക് തന്നെ സാമൂഹിക മുന്നേറ്റം ഉണ്ടാക്കുന്നതിന് സഹായകമായി വരികയും ഉണ്ടായി. ഈ അധിക വരുമാനം ഒരു നിര്‍ണായക സാമ്പത്തിക ബഫര്‍ ആയാണ് പ്രവര്‍ത്തിച്ചത്.
REPRESENTATIVE IMAGE | WIKI COMMONS
നിര്‍ണായകമായ തൊഴില്‍ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും കശുവണ്ടി വ്യവസായത്തിലെ സ്ത്രീകള്‍ പലപ്പോഴും കുറഞ്ഞ വേതനം, ജോലിസ്ഥലത്തെ പീഡനം, കശുവണ്ടി സംസ്‌കരണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങള്‍ എന്നിവ പോലുള്ള വെല്ലുവിളികള്‍ നിരന്തരം അഭിമുഖീകരിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ സമരങ്ങളും ഈ മേഖലയില്‍ നടന്നിട്ടുണ്ട്. കൂടാതെ, വ്യവസായത്തിനുള്ളിലെ നേതൃത്വ സ്ഥാനങ്ങള്‍ പ്രധാനമായും പുരുഷന്മാരാണ് വഹിച്ചിരുന്നത്. ഇത് തൊഴിലിടങ്ങളില്‍ തീരുമാനമെടുക്കുന്നതിലും തൊഴിലില്‍ ഉയര്‍ച്ച ഉണ്ടാകുന്നതിനും തൊഴിലവസരങ്ങളിലും സ്ത്രീകള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കശുവണ്ടി വ്യവസായത്തിലെ സ്ത്രീകളുടെ സാമ്പത്തിക സംഭാവന ഗാര്‍ഹിക വരുമാനത്തിന് അപ്പുറമാണ്. ഫാക്ടറികളിലെ അവരുടെ ജോലിയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും സമൂഹത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകുന്നതിനും അതിലൂടെ രാഷ്ട്രീയ ഏജന്‍സിയുടെ ശക്തമായ ബോധം അവരില്‍ വളര്‍ത്തുന്നതിനും ഇടയാക്കി.
ഫാക്ടറി ജോലിയിലൂടെ നേടിയ 'പങ്കിട്ട അനുഭവം' (shared experience ) സ്ത്രീകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും അനുഭവങ്ങള്‍ പങ്കിടാനും ശക്തമായ ബന്ധങ്ങള്‍ രൂപപ്പെടുത്താനും സഹായകമായി. ഫാക്ടറികളും അതിനുചുറ്റുമുള്ള ഇക്കോ സിസ്റ്റവും ഒരു ആധുനിക തൊഴിലാളി സമൂഹത്തെയാണ് കൊല്ലത്ത് സൃഷ്ടിച്ചത്. ഈ ബന്ധങ്ങള്‍ സാമൂഹിക ശ്രേണികള്‍ക്കും ജാതി മത വിഭജനങ്ങള്‍ക്കും അതീതമായി, ഐക്യദാര്‍ഢ്യത്തിന്റെയും ആത്മാഭിമാനത്തിന്റെതുമായ ഒരു സ്വത്വബോധം സൃഷ്ടിച്ചു. സമരപ്രവര്‍ത്തനങ്ങളിലും കൂട്ടായ വിലപേശലിലും അവരുടെ പങ്കാളിത്തം തെളിയിക്കുന്നത് ഈ സഹോദരി ബന്ധം ആഴത്തില്‍ വേരുകളുള്ള ഒരു ശക്തിയായി സമൂഹത്തില്‍ മാറി എന്നാണ്.
പണിമുടക്കുകളിലും കൂട്ടായ വിലപേശല്‍ ചര്‍ച്ചകളിലും സ്ത്രീകളുടെ പങ്കാളിത്തം അവരെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും ന്യായമായ വേതനത്തിനും വേണ്ടി പോരാടാനുള്ള അവരുടെ സന്നദ്ധത പരമ്പരാഗത ലിംഗപരമായ സാമൂഹിക ബന്ധങ്ങളെയും പ്രതീക്ഷകളെയും വെല്ലുവിളിച്ചു. പൊതു-രാഷ്ട്രീയ മേഖലകളില്‍ ഇത്തരത്തില്‍ ലഭ്യമായ ദൃശ്യത അവരുടെ അവകാശങ്ങള്‍ക്കും അവരുടെ സമുദായങ്ങള്‍ക്കും വേണ്ടി വാദിക്കാന്‍ അവരെ പ്രാപ്തരാക്കിയിരുന്നു. തെരുവുകളിലും ഭരണസിരാകേന്ദ്രങ്ങളിലും ശക്തമായ സമര മുന്നേറ്റങ്ങള്‍ അവര്‍ നടത്തുകയും ഭരണകൂടങ്ങളെ മുട്ടുകുത്തിക്കുകയും ചെയ്യുന്നത് കഴിഞ്ഞകാലം നമ്മള്‍ കണ്ടതാണ്.
REPRESENTATIVE IMAGE | WIKI COMMONS
കശുവണ്ടി വ്യവസായത്തിന്റെ സമ്പൂര്‍ണ്ണ ചിത്രവും അതില്‍ സ്ത്രീകള്‍ വഹിച്ച ബഹുമുഖ പങ്കും മനസ്സിലാക്കുന്നതിന് ഈ വിവരണങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍, സ്ത്രീ ഏജന്‍സിയുടെയും ആക്ടിവിസത്തിന്റെയും ഈ കഥകള്‍ പലപ്പോഴും പറയപ്പെടാതെ പോവുകയാണ് ഉണ്ടായത്. അക്കാദമിക സമൂഹവും ഭരണകൂടവും ഈ സ്ത്രീകളുടെ ചരിത്രത്തെ പാടെ അവഗണിച്ചത് എന്തുകൊണ്ടാണ് എന്നുള്ളത് ഒരു സമസ്യയാണ്. ചരിത്രമില്ലാത്തവരായി ഈ ഫാക്ടറി തൊഴിലാളികള്‍ മാറിയത് അവരെ അവഗണിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതിനും ഈ സമൂഹത്തിന് എളുപ്പമായി എന്ന് വാദിച്ചാല്‍ അത് ഒട്ടും അതിശയോക്തികരമല്ല. വര്‍ഗ്ഗ ചരിത്രവും സ്ത്രീ ചരിത്രവും രേഖപ്പെടുത്തപ്പെട്ടപ്പോള്‍ എല്ലാം എന്തുകൊണ്ട് ഈ ചരിത്രം അവഗണിക്കപ്പെട്ടു എന്നത് വരുംകാലം പരിശോധിക്കുമെന്ന് കരുതാം.
ഒരുകാലത്ത് തര്‍ക്കമില്ലാത്ത 'ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം' ആയിരുന്ന കൊല്ലം, സമീപവര്‍ഷങ്ങളില്‍ കശുവണ്ടി വ്യവസായത്തില്‍ ഗണ്യമായ ഇടിവാണ് നേരിട്ടത്. കൊല്ലം കശുവണ്ടി എന്നത് ഒരു ആഗോള ബ്രാന്‍ഡ് ആയിരുന്നു. ഇതിന്റെ തകര്‍ച്ച ഈ പ്രദേശത്തിന്റെ ആകെ സാമൂഹിക ഘടനയെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ മാറ്റിമറിച്ചു. ഇത് പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഉപജീവനമാര്‍ഗത്തിനും കാര്യമായ വെല്ലുവിളികളാണുയര്‍ത്തിയത്. സംസ്‌കരിച്ച കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സരമാണ് പ്രാഥമികമായി നേരിട്ടത്. വിയറ്റ്‌നാം, ബ്രസീല്‍, നൈജീരിയ എന്നിവ പ്രധാന ഉല്‍പാദകരായി ഉയര്‍ന്നുവന്നു. തൊഴിലാളികളുടെയും ഉല്‍പാദനച്ചെലവിന്റെയും കുറവ് ഇവര്‍ക്ക് അനുകൂല ഘടകമായി എന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശുവണ്ടിയുടെ ഉപഭോക്താക്കള്‍ കുറഞ്ഞ വിലയുള്ള ബദലുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ കൊല്ലത്ത് സംസ്‌കരിച്ച കശുവണ്ടിയുടെ ഡിമാന്‍ഡ് കുറയാന്‍ ഇതും കാരണമായി.
REPRESENTATIVE IMAGE | WIKI COMMONS
കൊല്ലം കശുവണ്ടി എന്ന ബ്രാന്‍ഡ് ആഗോളതലത്തില്‍ പ്രചരിപ്പിച്ചും അസംസ്‌കൃത കശുവണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് വേണ്ടുന്ന സംവിധാനങ്ങള്‍ ഒരുക്കിയും വ്യവസായികളെ കാലഘട്ടത്തിനനുസരിച്ച് മാറുന്നതിന് സാങ്കേതിക സഹായവും ധനസഹായവും നല്‍കിയും സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ശ്രമവും കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്നില്ല എന്നത് തകര്‍ച്ചയുടെ ആക്കംകൂട്ടി. ദേശീയ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയും ആവശ്യകതയും ഉള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ (കശുവണ്ടി എണ്ണ, കശുവണ്ടി നെയ്യ്, സ്‌പ്രെഡ്, കശുവണ്ടി പാല്, ഡിപ്പ് എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍) വികസനവും പ്രചാരണവും സാധ്യമാണെന്നിരിക്കെ ആ മേഖലയില്‍ ആവശ്യമായ യാതൊരു ശ്രദ്ധയും സര്‍ക്കാരുകള്‍ പതിപ്പിക്കുന്നില്ല എന്നത് ഒരു ആശ്ചര്യകരമായ കാര്യമാണ്. കശുവണ്ടി തോടില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്ര ദേശീയ മാര്‍ക്കറ്റില്‍ വ്യാവസായിക ആവശ്യക്കാര്‍ ഉണ്ടെങ്കിലും അത്തരത്തിലൊരു ഉല്‍പ്പന്നം അവതരിപ്പിക്കാനുതകുന്ന പദ്ധതി തകരുന്ന കശുവണ്ടി വ്യവസായത്തെ രക്ഷിക്കാനുള്ള ചര്‍ച്ചകളില്‍ ഒരിടത്ത് പോലും വരുന്നില്ല എന്നതും അത്ഭുതമുളവാക്കുന്ന കാര്യമാണ്. രണ്ട് ലക്ഷത്തില്‍പരം സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടുന്നത് നോക്കിക്കൊണ്ട് നില്‍ക്കുന്ന ഒരു നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തത്. തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകളെ മറ്റു തൊഴില്‍ മേഖലകളിലേക്ക് അവരുടെ സാങ്കേതിക തൊഴില്‍ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിന്യസിക്കുന്നതിനുള്ള ശ്രമംപോലും നടന്നില്ല എന്നത് ഈ അവഗണനയുടെ ആഴം വ്യക്തമാക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഉണ്ടല്ലോ എന്ന നിസ്സംഗമായ മറുപടിയാണ് ഇക്കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉണ്ടാകുന്ന ഉത്തരം. വ്യാവസായിക തൊഴിലാളിയും ദിവസവേതന കൂലിക്കാരും തമ്മിലുള്ള അന്തരം പോലും ഇവര്‍ക്ക് മനസ്സിലാകുന്നില്ല എന്നത് ഈ സാഹചര്യത്തില്‍ ഒട്ടും അതിശയിപ്പിക്കുന്നില്ല.
കശുവണ്ടി വ്യവസായത്തിന്റെ തകര്‍ച്ച പ്രാദേശിക സമൂഹത്തില്‍ വിനാശകരമായ സാമൂഹിക-സാമ്പത്തിക ആഘാതം സൃഷ്ടിച്ചു. കശുവണ്ടി സംസ്‌കരണ യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു, ഇത് തൊഴിലില്ലായ്മയും റിലേറ്റീവ് ദാരിദ്ര്യവും വര്‍ദ്ധിക്കുന്നതിലേക്കാണ് നയിച്ചത്. കൂടാതെ ഇതുമൂലം ചെറുകിട കശുവണ്ടി കര്‍ഷകരുടെ വരുമാനം കുറഞ്ഞു. അവര്‍ സാമ്പത്തിക അനിശ്ചിതത്വത്തിലായി.
REPRESENTATIVE IMAGE | WIKI COMMONS
രണ്ടരലക്ഷം സ്ത്രീ തൊഴിലാളികളാണ് കശുവണ്ടി മേഖല തകര്‍ച്ച നേരിടുന്നതിന് മുമ്പ് കൊല്ലത്ത് ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നത് എന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അതിപ്പോള്‍ ഇരുപതിനായിരത്തിന് താഴെയായി കുറഞ്ഞതായും അവര്‍ അഭിപ്രായപ്പെടുന്നു. ലൈസന്‍സ് ഉണ്ടായിരുന്ന 780 ഫാക്ടറികളില്‍ നിന്ന് 80 ഫാക്ടറികളായി കൊല്ലത്തെ കശുവണ്ടി വ്യവസായം ഈ കാലയളവില്‍ ചുരുങ്ങി. അതായത് 80 ശതമാനത്തിനടുത്ത് ഫാക്ടറികളും ഇപ്പോള്‍ പൂട്ടിക്കിടക്കുന്നു എന്നര്‍ത്ഥം. ഈ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന രണ്ട് ലക്ഷത്തില്‍പരം സ്ത്രീകള്‍ക്ക് തൊഴിലില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സ്ത്രീകള്‍ എവിടെക്കാണ് പോയത്? ഇവര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇപ്പോഴും അവ്യക്തമാണ്. സംഘടിത തൊഴിലാളികളായി നിന്നിരുന്ന ഈ സ്ത്രീകളും സാമൂഹിക മാറ്റത്തിന്റെ ചാലകശക്തികളായി പ്രവര്‍ത്തിച്ചിരുന്ന അവരുടെ സംഘബലവും ഇതോടൊപ്പം നഷ്ടമായി എന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇതിന്റെ പ്രത്യാഘാതം എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കും സമസ്യങ്ങള്‍ക്കും ഉള്ള ഉത്തരം കണ്ടെത്തേണ്ടുന്ന അക്കാദമിക് സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും പക്ഷേ, ഈ തകര്‍ച്ചയോട് മുഖം തിരിച്ചുനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരത്തില്‍ ഒരു അവഗണന ഈ സ്ത്രീകള്‍ അര്‍ഹിക്കുന്നുണ്ടോ? നവകേരളം നിര്‍മ്മിക്കാനായി മുണ്ടുമുറുക്കി ഇറങ്ങിയ കേരള ഭരണകൂടം ഇത്തരത്തില്‍ തൊഴിലില്ലാതെ കൂലിപ്പണിക്കാരായി മാറിയ സ്ത്രീകളോട് എടുക്കുന്ന നിലപാട് അപലപനീയമല്ലേ? തെക്കന്‍ കേരളത്തിന്റെയും പൊതുവെ കൊല്ലത്തിന്റെയും രാഷ്ട്രീയ സാമൂഹിക സ്വഭാവം മാറുന്നതിലേക്ക് നയിക്കുന്ന ഈ തകര്‍ച്ച അവഗണിക്കുന്നതിലെ 'വര്‍ഗ്ഗ വികസന കാഴ്ചപ്പാട്' ആര്‍ക്കും കാണാതിരിക്കാന്‍ ആവില്ല.