
അവസാന ആകാശം വീഴുന്നിടം: ഗാസയും ലോകത്തിന്റെ നിസ്സംഗതയും
ഗാസയിലെ മനുഷ്യക്കുരുതി ഈ കാലഘട്ടത്തിന്റെ - ലോകമനസ്സാക്ഷിയുടെ - ഒരു തീവ്രപരീക്ഷണമായി മാറിയിരിക്കുന്നു. 2023 ഒക്ടോബറിൽ ഗാസയിൽ ബോംബുകൾ വീണുതുടങ്ങിയതിനുശേഷം, ഇസ്രായേൽ അതിന്റെ ഏറ്റവും ക്രൂരവും പൈശാചികവുമായ കരയാക്രമണവുമായി മുന്നേറുകയാണ്. തകർത്തെറിഞ്ഞ ഗാസയിലൂടെയുള്ള ഈ തേർവാഴ്ചയുടെ ഞെട്ടിക്കുന്ന കാഴ്ച്ച മരവിച്ച മനസ്സുകളെമാത്രമേ പിടിച്ചുലക്കാതിരിക്കൂ. ഹമാസിനെ ഉന്മൂലനം ചെയ്യാനും 2023 ഒക്ടോബറിലെ ആക്രമണങ്ങളില്‍ ബന്ദികളാക്കപ്പെട്ടവരിൽ ബാക്കിയുള്ളവരെ മോചിപ്പിക്കാനുമുള്ള തങ്ങളുടെ ദൗത്യത്തിന്റെ "അവസാന ഘട്ടം" എന്നാണ് ഇസ്രായേല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഓരോ ദിവസവും ലോകം കണ്ടത് വെറും സൈനിക നീക്കങ്ങള്‍ മാത്രമല്ല. സാധാരണജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തട്ടിത്തെറിപ്പിക്കുന്നതും പട്ടിണിയിലേക്കും ക്ഷാമത്തിലേയ്ക്കും ഒരു ജനതയെയാകെ തള്ളിവിടുന്നതും നിസ്സംഗതയോടെ നാം കണ്ടുകൊണ്ടിരിക്കുന്നു. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ തകര്‍ച്ചയാണോ അതോ നഗ്നമായ ലംഘനമാണോ എന്നെല്ലാം നാം വ്യവഹരിച്ചുകൊണ്ടിരിക്കും. ആധുനിക ലോകം ഒരിക്കല്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന രാജ്യാന്തര നൈതികതയുടെ കുഴിച്ചുമൂടൽ തന്നെയാണ് ഗാസയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
2.2 ദശലക്ഷം ജനങ്ങൾ അധിവസിച്ചിരുന്ന നഗരമായിരുന്നു ഗാസ. ഇപ്പോൾ പുകയുടെയും തീയുടെയും അവശിഷ്ടങ്ങളുടെയും ഒരു ശവപ്പറമ്പാണ്. ഇടുങ്ങിയ തെരുവുകളിലൂടെ ടാങ്കുകൾ നീങ്ങുമ്പോൾ, പോർവിമാനങ്ങൾ ബഹുനിലകെട്ടിടങ്ങൾ, ടവറുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയെ തകർക്കുന്നു. വെറും രണ്ട് ദിവസത്തിനുള്ളിൽ 150-ലധികം "ഭീകര കേന്ദ്രങ്ങൾ" ആക്രമിച്ചതായി ഇസ്രായേൽ സൈന്യം വീമ്പിളക്കുന്നു. 3,000 വരെ ഹമാസ് പോരാളികൾ സാധാരണക്കാർക്കിടയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് അവർ അവകാശപ്പെടുന്നു.
REPRESENTATIVE IMAGE | WIKI COMMONS
എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സിവിലിയൻ മരണക്കണക്കുകളാണെന്നത് അവർക്കു വിഷയമേയല്ല. 2023 ഒക്ടോബർ മുതൽ 65,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. 1,65,000 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു. എല്ലാ ദിവസവും രാവിലെ മരിച്ചവരുടെ പുതിയ പട്ടികകൾ കൊണ്ടുവരുന്നു. വീടുകളിൽ തകർന്ന കുടുംബങ്ങൾ, അവശിഷ്ടങ്ങളിൽ നിന്ന് കുട്ടികളെ പുറത്തെടുക്കുന്നു.
ഏറ്റവും പുതിയ ആക്രമണം മൂലം ദിവസങ്ങൾക്കുള്ളിൽ 2,20,000-ത്തിലധികം ആളുകൾ ഗാസ നഗരത്തിൽ നിന്ന് പലായനം ചെയ്തു. പലരും കാൽനടയായി ഓടിപ്പോകുന്നു. താങ്ങാനാവുന്നത് മാത്രം ചുമന്ന്, തിരക്കേറിയ അൽ റാഷിദ് വീഥികളിലൂടെ തെക്കോട്ട് നടക്കുമ്പോൾ സമീപത്ത് ബോംബുകൾ പതിക്കുന്നു. അഞ്ച് കുട്ടികളുമായി ആറ് മണിക്കൂർ നടന്നതായി ഒരു അമ്മ യുണിസെഫ് പ്രവർത്തകയോട് പറഞ്ഞു. അവരിൽ രണ്ട് പേർ നഗ്നപാദരായി.
അൽ-മവാസിയിലെ സുരക്ഷിത മേഖലകൾ എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ, കൂടാരങ്ങൾ ചക്രവാളത്തിലേക്ക് നീണ്ടുകിടക്കുന്നു. വെള്ളത്തിന് കടുത്ത ക്ഷാമമാണ്. ഭക്ഷണം ഏതാണ്ട് തീർന്നിരിക്കുന്നു, വടക്കൻ മേഖലയിൽ ഇതിനകം സ്ഥിരീകരിച്ച ക്ഷാമം ക്രമേണ തെക്കോട്ട് വ്യാപിക്കുന്നു. അര ദശലക്ഷം കുട്ടികൾ മാരകമായ അപകടത്തിലാണെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. ഗുരുതരമായ പോഷകാഹാരക്കുറവിന് ഏകദേശം 26,000 പേർക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. എന്നാൽ പോരാട്ടം കൊടുമ്പിരിക്കൊണ്ടതിനാൽ പോഷകാഹാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു. വെള്ളത്തിനായി കാത്തിരിക്കുന്നത് പോലും സുരക്ഷിതമല്ല: രണ്ടാഴ്ച മുമ്പ് അൽ-മവാസിയിൽ നടന്ന ഒരു ഇസ്രായേലി ആക്രമണം നിരയിൽ നിന്ന എട്ട് കുട്ടികളെ കൊന്നു.
REPRESENTATIVE IMAGE | WIKI COMMONS
അന്താരാഷ്ട്ര മാനുഷിക നിയമം പലതും ഉദ്‌ഘോഷിക്കുന്നുണ്ട്. ജനീവ കൺവെൻഷനുകൾ സിവിലിയന്മാർക്കെതിരായ ആക്രമണം, കൂട്ട ശിക്ഷ, നിർബന്ധിത നാടുകടത്തൽ, പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്നത് എന്നിവ വിലക്കുന്നു. സഹായം ആവശ്യമുള്ളവർക്ക് അതുറപ്പാക്കണമെന്നും ആശുപത്രികൾ, സ്കൂളുകൾ, ഷെൽട്ടറുകൾ എന്നിവ സംരക്ഷിക്കപ്പെടണമെന്നും നിയമം അനുശാസിക്കുന്നു. എന്നാൽ ഗാസയിൽ ഈ നിയമങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല.
അന്താരാഷ്ട്ര നിയമപണ്ഡിതരും യുഎൻ അന്വേഷകരും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇസ്രായേലിനെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിക്കുന്നുണ്ട്. സിവിലിയൻ പ്രദേശങ്ങളിൽ മനഃപൂർവമായ ആക്രമണങ്ങൾ, വൻതോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകുന്ന അനുപാതമില്ലാത്ത ആക്രമണങ്ങൾ, ജനങ്ങളുടെ ഇച്ഛാശക്തി തകർക്കാൻ ഉപരോധവും പട്ടിണിയും ഉപയോഗിക്കുക, മാനുഷിക സഹായങ്ങൾ തടസ്സപ്പെടുത്തുക തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. ഇസ്രായേലി നേതാക്കൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകങ്ങളുടെയും അവകാശങ്ങൾ നിഷേധിക്കലിന്റെയും രീതി വംശഹത്യയ്ക്ക് തുല്യമാകുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
എന്നാൽ കോടതികൾ അതാതു ഭരണക്കൂടങ്ങളെ ആശ്രയിച്ചായിരിക്കും നടപടിയെടുക്കേണ്ടത്. സ്വാഭാവികമായും ഇവിടെ സംവിധാനം പരാജയപ്പെടുന്നു. ശക്തമായ സഖ്യകക്ഷികൾ ഇസ്രായേലിനെ ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. യുഎൻ സുരക്ഷാ കൗൺസിലിലെ പ്രമേയങ്ങൾ തടയുകയോ വെള്ളം ചേർക്കപ്പെടുകയോ ചെയ്യുന്നു. യുദ്ധക്കുറ്റവാളികൾ സൗഹൃദ രാജ്യങ്ങളിലേക്ക് സ്വതന്ത്രമായി യാത്ര ചെയ്യുമ്പോൾ അറസ്റ്റ് വാറണ്ടുകൾക്ക് പ്രസക്തിയില്ലാതാകുന്നു. നിയമം കടലാസിലുണ്ട്, പക്ഷേ ഗാസയിൽ അതിന് യാതൊരു സാംഗത്യവുമില്ല.
REPRESENTATIVE IMAGE | WIKI COMMONS
അമേരിക്കയും ഇസ്രയേലിന്റെ യൂറോപ്യൻ പങ്കാളികളും മനുഷ്യാവകാശങ്ങളുടെയും "നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രക്രമത്തിന്റെയും" വക്താക്കളായി സ്വയം ചമയുകയാണ്. എന്നാൽ അവരുടെ യഥാർത്ഥ നിലപാടുകൾ വ്യത്യസ്തമായ ഒരു കെട്ടുകാഴ്ച വെളിപ്പെടുത്തുന്നു. പലസ്തീനികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ അമേരിക്കൻ ആയുധങ്ങൾ ഇസ്രായേലിന് നിർലോഭം കൊടുക്കുകയും, നയതന്ത്ര സംരക്ഷണം നൽകുകയും ചെയ്യുന്നു. ഒരുകാലത്ത് ഇസ്രായേലിന്റെ "സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ" പ്രോത്സാഹിപ്പിച്ച യൂറോപ്യൻ നേതാക്കൾ ഇപ്പോൾ സംയമനത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ പതിനായിരക്കണക്കിന് ആളുകൾ മരിച്ചതിന് ശേഷമാണ് അവരുടെ വൈകിയുള്ള ശബ്ദങ്ങൾ പുറത്തുവരുനന്ത്.
നോർവേ, സ്പെയിൻ, അയർലൻഡ്, പിന്നീട് ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ എന്നീ ചില രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയോ അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഈ പ്രഖ്യാപനങ്ങൾ ഇസ്രായേലി ബോംബാക്രമണങ്ങളെ മന്ദഗതിയിലാക്കിയിട്ടില്ല.
ഇസ്രായേൽ മന്ത്രിമാർക്കെതിരായ വ്യാപാര ഉപരോധങ്ങളെയും നടപടികളെയും കുറിച്ച് യൂറോപ്യൻ കമ്മീഷൻ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ആയുധങ്ങളുടെയും വ്യാപാരത്തിന്റെയും ഒഴുക്ക് തുടരുന്നു. കാപട്യത്തിന്റെ യാഥാർത്ഥമുഖം ഇതാണ്. ഒരു സഖ്യകക്ഷി നിയമലംഘനങ്ങൾ നടത്തുമ്പോൾ, അതിക്രമം നയതന്ത്രപരമായിപ്പോലും ചോദ്യംചെയ്യപ്പെടുന്നില്ല. യുക്രെയ്നിലോ മറ്റെവിടെയെങ്കിലുമോ അന്താരാഷ്ട്രനിയമം കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെടുന്ന അതേ ഭരണകൂടങ്ങൾ തന്നെ ഗാസയിൽ പെട്ടെന്ന് "സങ്കീർണ്ണത" കണ്ടെത്തുന്നു. "സങ്കീർണ്ണത" നിഷ്ക്രിയത്വത്തിനുള്ള ഒരു ഒഴികഴിവായി മാറുന്നു.
അറബ് രാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ നിലപാടുകൾകൊണ്ട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഖത്തർ ഹമാസിന്റെ രാഷ്ട്രീയ കാര്യാലയത്തിന് ആതിഥേയത്വം വഹിക്കുന്നു എന്നത് രഹസ്യമല്ല. എന്നാൽ അതെ രാജ്യം വളരെക്കാലമായി മധ്യസ്ഥത വഹിച്ചിട്ടുണ്ട്.
ഹമാസ് ഉദ്യോഗസ്ഥർ വെടിനിർത്തൽ പദ്ധതിക്കായി യോഗം ചേരുന്നതിനിടെ, ഇസ്രായേൽ ദോഹയിൽ തന്നെ ആക്രമണം നടത്തി ഒരു ഖത്തറി പൗരനുൾപ്പെടെ ആറ് പേരെ കൊലപ്പെടുത്തിയപ്പോൾ, അറബ് നേതാക്കൾ പ്രതിഷേധ പ്രസ്താവനകൾ പുറപ്പെടുവിച്ചെങ്കിലും നിർണായകനടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഖത്തർ തലസ്ഥാനത്തേക്ക് വന്ന മിസൈൽ എല്ലാ അറബ്രാജ്യങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്. ചർച്ചകൾക്കായി അവശേഷിക്കുന്ന അവസാനമാർഗങ്ങളിലൊന്ന് അടച്ചുപൂട്ടാനും ഇത് കാരണമായേക്കാം.
REPRESENTATIVE IMAGE | WIKI COMMONS
2020-ൽ ഇസ്രായേലുമായി അബ്രഹാം കരാറിൽ ഒപ്പുവച്ച യുഎഇയും ബഹ്‌റൈനും ഇപ്പോൾ പൊതുജനരോഷം നേരിടുന്നു. പക്ഷേ ഇസ്രയേലുമായുള്ള ബന്ധം ഏറെക്കുറെ അതേപടി നിലനിർത്തുന്നു. ഇസ്രായേലിന്റെ അംഗീകാരം പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള "വിശ്വസനീയവും മാറ്റാനാവാത്തതുമായ" പാതയ്ക്കായി കാത്തിരിക്കുമെന്ന് സൗദി അറേബ്യ സൂചന നൽകുന്നുണ്ടു. എന്നാൽ മാറ്റത്തിന് കാരണമായേക്കാവുന്ന തരത്തിലുള്ള സമ്മർദ്ദം - സാമ്പത്തികമോ നയതന്ത്രപരമോ - സൗദിഅറേബ്യ ഒഴിവാക്കുന്നു. മേഖലയുടെ സമ്പത്തും സ്വാധീനവും പ്രധാനമായിരിക്കാം; പകരം, ജാഗ്രത മാത്രം നിലനിർത്തുന്നു. 1973-ലെ പോലുള്ള ഉപരോധം എണ്ണ സമ്പന്ന രാജ്യങ്ങൾക്ക് നേരിടേണ്ടിവരില്ല. അതിനാൽ അവരുടെ സഹതാപം വാക്കുകളിൽ ഒതുങ്ങുന്നു.
അതേസമയം ഇത്തരത്തിലുള്ള ദുരന്തങ്ങൾ തടയാൻ രൂപകൽപ്പന ചെയ്ത ഐക്യരാഷ്ട്രസംഘടന നിസ്സഹായമായി നിൽക്കുന്നു. അതിന്റെ വിവിധ ഏജൻസികൾ ആകെ ചെയ്യുന്നത് മരിച്ചവരുടെ എണ്ണം കണക്കാക്കുകയും, ക്ഷാമം സ്ഥിരീകരിക്കുകയും, വംശഹത്യയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു എന്നതാണ്. അതേസമയം സുരക്ഷാ കൗൺസിൽ വീറ്റോകളാൽ സ്തംഭിച്ചിരിക്കുന്നു. ജനറൽ അസംബ്ലിക്ക് പ്രതീകാത്മക പ്രമേയങ്ങൾ മാത്രമേ പാസാക്കാൻ കഴിയൂ. വരാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി സമ്മേളനം വെടിനിർത്തലിനോ ഉപരോധങ്ങൾക്കോ വേണ്ടിയുള്ള പുതിയ ആഹ്വാനങ്ങൾ പുറപ്പെടുവിച്ചേക്കാം, പക്ഷേ അത്തരം പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രാധാന്യവുമില്ല. വർഷം തോറും യുഎൻ സംസാരിക്കുന്നു. എന്നാൽ ബോംബുകൾ വീണുകൊണ്ടേയിരിക്കുന്നു.
രാജ്യാന്തര സംവിധാനത്തിൻെറ ഈ ബലഹീനത ഒരു നടപടിക്രമ പരാജയത്തേക്കാൾ കൂടുതലാണ്. അതൊരു ധാർമ്മികവീഴ്ചയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന വേദിക്ക് കൂട്ടക്കൊല തടയാനോ ഭക്ഷണത്തിന്റെയും മരുന്നിന്റെയും വിതരണം ഉറപ്പാക്കാനോ പോലും കഴിയാത്തപ്പോൾ, അത് ഉദാത്തമായ ആദർശങ്ങളും രാഷ്ട്രീയ യാഥാർത്ഥ്യവും തമ്മിലുള്ള വിടവ് തുറന്നുകാട്ടുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഗാസയുടെ ദുരിതത്തിന്റെ ഉത്തരവാദിത്തം പറഞ്ഞറിയിക്കാൻ പറ്റാത്തവിധം സങ്കീർണമാണ്, വിശാലമാണ്.
സ്വയം പ്രതിരോധത്തിന്റെ പേരിൽ വീടുകളും ആശുപത്രികളും സ്കൂളുകളും നശിപ്പിക്കുകയും സിവിലിയൻ ജീവിതം അവശിഷ്ടങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ഒരു കടുത്ത പ്രവർത്തിയാണ് ഇസ്രായേൽ നടത്തുന്നത്.
ഹമാസ് സായുധ ആക്രമണങ്ങൾ തിരഞ്ഞെടുക്കുകയും സിവിലിയന്മാർക്കിടയിൽ പോരാളികളെ ഒളിപ്പിക്കുകയും ചെയ്യുന്നു, ഇത് സ്വന്തം ജനങ്ങളെ പ്രതികാരത്തിന് വേണ്ടിയുള്ള മനുഷ്യകവചകങ്ങളാക്കുന്നു.
പ്രാദേശിക ശക്തികൾ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു. പക്ഷേ അഭയം നൽകുന്നതോ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നതോ ആയ ഉത്തരവാദിത്വങ്ങളിൽ നിന്നും സ്വയം ഒഴിവാക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ആഗോളശക്തികൾ ഗാസയെ അവരുടെ ശത്രു വൈര്യങ്ങളുടെ മറ്റൊരു ഭാഗമായി കണക്കാക്കുന്നു. നിരുപാധികമായ പിന്തുണയോ തണുത്ത നിസ്സംഗതയോ മാത്രമാണ് ഇതിലൂടെ ഉണ്ടാകുന്നതു.
ലോകമെമ്പാടുമുള്ള സിവിൽ സമൂഹം പ്രതിഷേധിക്കുകയും വിലപിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ തങ്ങളുടെ ഭരണക്കൂടങ്ങളെകൊണ്ട് നടപടിയെടുപ്പിക്കാൻ നിർബന്ധിതരാക്കുന്ന സാമ്പത്തിക, രാഷ്ട്രീയ സമ്മർദ്ദമായി പ്രതിഷേധത്തെ മാറ്റുന്നത് എങ്ങും കാണുന്നില്ല.
ഓരോ രാജ്യവും കാത്തിരിക്കാൻ ഒരു കാരണം കണ്ടെത്തുന്നു: സംരക്ഷിക്കാൻ സഖ്യങ്ങൾ, സ്ഥിരത കൈവരിക്കാൻ വിപണികൾ, ഉറപ്പുനൽകാൻ വോട്ടർമാർ. അങ്ങനെ മനുഷ്യക്കുരുതി തുടരുന്നു.
ധാർമ്മിക അവകാശവാദങ്ങളുടെ തകർച്ച
ഈ തകർച്ചയ്‌ക്കുള്ള ഏറ്റവും മൗലികമായ കാരണം ആധുനിക രാഷ്ട്രീയത്തിന്റെ കപടതകളിലും വൈരുദ്ധ്യങ്ങളിലും കാണാം. അവർ സാർവത്രിക മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ആ അവകാശങ്ങൾക്കു പ്രാധാന്യമുള്ളപ്പോൾ കാര്യങ്ങൾ തീരുമാനിക്കാൻ 'പരമാധികാര'ത്തെയും രാഷ്ട്രീയ സഖ്യത്തെയും അവർ അനുവദിക്കുന്നു. അന്യായമെന്ന് വിളിക്കുന്നതിനേക്കാൾ ഗാസയെ "സങ്കീർണ്ണമാണ്" എന്ന് വിളിക്കുന്നത് എളുപ്പമാണ്. കാരണം തുറന്നുപറച്ചിൽ കഠിനമായ ഇടപെടലുകൾ ആവശ്യപ്പെടും: ആയുധ വിൽപ്പന നിർത്തുക, യഥാർത്ഥ ഉപരോധങ്ങൾ ഏർപ്പെടുത്തുക, ശക്തരായ സുഹൃത്തുക്കളുമായി ബന്ധം വേർപെടുത്തുക തുടങ്ങിയവയെല്ലാം അപ്പോൾ അസാധ്യമാകും.
REPRESENTATIVE IMAGE | WIKI COMMONS
ഗാസയുടെ അവശിഷ്ടങ്ങൾ അവരുടെ ധാർമ്മികഭാഷ തന്നെ എത്രത്തോളം ദുഷിച്ചിരിക്കുന്നുവെന്നു, ദുർബലമായിത്തീർന്നിരിക്കുന്നുവെന്ന് കാണിക്കുന്നു. അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത കുട്ടികളെ ഓർത്ത് അവർ ദുഃഖിക്കുന്നുണ്ടാകും. പക്ഷേ അപ്പോഴും ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാൻ അവർക്കു ഭയമാണ്. ആശ്വാസമോ ശക്തിയോ അതിനുവേണ്ടി പണയപ്പെടുത്തുന്നില്ല. പ്രവർത്തിക്കാൻ കഴിയാതെയുള്ള അനുകമ്പ ഭീരുത്വം തന്നെയാണ്.
മാറ്റേണ്ടത് എന്താണ്?
ഈ ദുരന്തം അവസാനിപ്പിക്കാൻ സഹതാപത്തേക്കാൾ കൂടുതൽ ശക്തമായ ഇടപെടലാണ് വേണ്ടത്. പലസ്തീൻ ദുരിതങ്ങളെ വ്യവസ്ഥകളോ പ്രതിവാദങ്ങളോ ഇല്ലാതെ അംഗീകരിക്കണം. സ്വന്തം ഇരവാദം ഉപയോഗിച്ച് ക്രൂരതയെ ന്യായീകരിക്കുന്നവർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഉത്തരവാദിത്തം എത്തിച്ചേരണം. അന്താരാഷ്ട്ര നിയമം തുല്യമായി പ്രയോഗിക്കണം. അല്ലാത്തപക്ഷം അത് അധികാരത്തിനായുള്ള ഒരു മുഖംമൂടി മാത്രമാണ്. പ്രതിഷേധം ഘടനാപരമായ സമ്മർദ്ദമായി വളരണം - ആയുധ വ്യാപാരം, നയതന്ത്ര ബന്ധങ്ങൾ, യുദ്ധത്തെ നിലനിർത്തുന്ന പണത്തിന്റെയും സാങ്കേതികവിദ്യയുടെയും ഒഴുക്ക് എന്നിവയിൽകൂടി.
പരമാധികാരം എന്ന ആശയം തന്നെ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ പ്രതിരോധം എപ്പോഴും മനുഷ്യജീവന്റെ മൂല്യത്തേക്കാൾ വലുതാണെങ്കിൽ, ലോകം ചർച്ച ചെയ്യുമ്പോൾ കുട്ടികൾ മരിക്കുന്ന അവസാന സ്ഥലമായിരിക്കില്ല ഗാസ. മനുഷ്യാവകാശങ്ങൾ ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണെന്ന് രാഷ്ട്രങ്ങൾ അംഗീകരിക്കണം - സഖ്യകക്ഷികൾ ഇത് ലംഘിക്കുന്നവരാണെങ്കിൽ പോലും.
REPRESENTATIVE IMAGE | WIKI COMMONS
വരാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി ഒരു അവസരം കൂടി നൽകുന്നു - അത് എത്ര ദുർബലമാണെങ്കിലും, എത്ര പരിമിതമാണെങ്കിലും. അംഗരാജ്യങ്ങൾക്ക് ആയുധ ഉപരോധം, കൂടുതൽ മാനുഷിക സഹായം, ചർച്ചകൾക്കായി നിർബന്ധിത സമയക്രമം എന്നിവ ആവശ്യപ്പെടാം. അത്തരം നടപടികൾക്ക് കടുത്ത പ്രതിരോധം നേരിടേണ്ടിവരും. പക്ഷേ ഓരോ കാലതാമസവും കുറ്റകൃത്യത്തിന്റെ ആഴം വർദ്ധിപ്പിക്കുകയേയുള്ളൂ.
ഒരു കണ്ണാടി എന്ന നിലയിൽ ഗാസ
ഗാസ ഒരു യുദ്ധക്കളം മാത്രമല്ല. ലോകത്തിനു നേരെ ഉയർത്തിപ്പിടിച്ച ഒരു കണ്ണാടിയാണ്. അതിന്റെ തകർന്ന തെരുവുകളിൽ, നീതിയോടുള്ള നമ്മുടെ അവകാശവാദങ്ങളുടെ നിരർത്ഥതയും ആഗോള ക്രമത്തിന്റെ അപചയവും നമുക്ക് ബോധ്യപ്പെടും. ലോകത്തിലെ രാഷ്ട്രങ്ങൾക്ക് തിരക്കേറിയ ഒരു ചെറിയ ഭൂപ്രദേശത്തിന്റെ നാശം തടയാൻ കഴിയുന്നില്ലെങ്കിൽ, വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകാനോ ആശുപത്രികളെ സംരക്ഷിക്കാനോ കഴിയുന്നില്ലെങ്കിൽ, അവർതന്നെ എഴുതിയ നിയമങ്ങൾ ലംഘിക്കുന്ന ഒരു സഖ്യകക്ഷിയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, "നീതിയുക്തമായ ഒരു അന്താരാഷ്ട്രവ്യവസ്ഥ" എന്ന ആശയം ഒരു വലിയ നുണയാണ്.
പലസ്തീൻ കവി മഹ്മൂദ് ദർവിഷിന്റെ വേട്ടയാടുന്ന ചോദ്യം - "അവസാന അതിർത്തികൾ കഴിഞ്ഞാൽ നമ്മൾ എവിടേക്ക് പോകണം? അവസാന ആകാശം കഴിഞ്ഞാൽ പക്ഷികൾ എവിടേക്ക് പറക്കണം? - ഗാസയുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ ഇത് പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഇത് പലസ്തീനികളുടെ രോധനമല്ല. മനുഷ്യകുലത്തിന്റെ അവശേഷിക്കുന്ന പ്രതിബദ്ധതകൾക്കു മേൽവീഴുന്ന കറുത്ത നിഴലാണ്. ലോകം ഇനിയും ഇത് തിരിച്ചറിയുന്നില്ലെങ്കിൽ മാനവികത നീതിയിലേക്ക് പുരോഗമിച്ചു എന്ന അവകാശവാദം ഗാസയുടെ അവശിഷ്ടങ്ങൾക്കടിയിൽ മരിച്ചവരുടെ കൂടെ കുഴിച്ചുമൂടപ്പെട്ട ഒരു പൊള്ളയായ വാഗ്ദാനമായി തുടരും.
മഹ്മൂദ് ദർവിഷ് പാടിയതുപോലെ "യുദ്ധത്തിന്റെ സമ്മാന"മായ പലസ്തീൻ ഇന്ന് "വെന്തെരിയുന്നതിൽ നിന്നും മരിക്കാനുള്ള സ്വാതന്ത്ര്യം" അന്വേഷിക്കുന്നവരും "രക്തരൂക്ഷിതമായ രാത്രിയിൽ" "ദൂരെയുള്ളവർക്ക് വേണ്ടി മിന്നിത്തിളങ്ങുന്ന ഒരു രത്ന"മായി അവശേഷിക്കുന്നവരും ചേർന്നുള്ള ഒരു ഭൂമികയാണ്.
(ലേഖകൻ എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ്)


