TMJ
searchnav-menu
post-thumbnail

Outlook

സാഹിത്യ അക്കാദമിയെ ഭരിക്കുന്നതാര്?

08 Jul 2023   |   3 min Read
ഇടക്കുളങ്ങര ഗോപന്‍

സാഹിത്യ അക്കാദമി ഒരു സ്വയംഭരണാവകാശമുള്ള ഭരണഘടനാ സ്ഥാപനമാണ്. അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നിര്‍വാഹക സമിതിയേയും, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് അതാതു കാലത്തെ സര്‍ക്കാരാണ്. അക്കാദമി ഭാരവാഹികളേയും അംഗങ്ങളേയും നിര്‍ദേശിക്കപ്പെടുന്നത് സര്‍ക്കാര്‍ രൂപവത്ക്കരിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടേയോ, മുന്നണിയിലെ കക്ഷികളുടേയോ പ്രാതിനിധ്യ സ്വഭാവത്തില്‍ അവരോടൊപ്പം നില്‍ക്കുന്ന എഴുത്തുകാരെയും, സാംസ്‌ക്കാരിക പ്രവര്‍ത്തകരേയുമാണ്. ഇത് അക്കാദമി ഭരണ സമിതിക്ക് സര്‍ക്കാരിനോടുള്ള കൂറ് നിലനിര്‍ത്തുന്നതിന് ഇടയാക്കുന്നു.

ഇപ്പോള്‍ വിവാദമായിരിക്കുന്ന കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ പരസ്യം നല്‍കിയ സംഗതി, കേരള സാഹിത്യ അക്കാദമിയുടെ അനൗചിത്യത്തിന്റെ അങ്ങേയറ്റമാണ്. സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കുക എന്ന പരമപ്രധാനമായ ദൗത്യത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവാരത്തിലേക്ക് തരംതാണതിന്റെ ലക്ഷണമാണിത്.

അക്കാദമി പ്രസിദ്ധീകരിച്ച മുപ്പതോളം പുസ്തകങ്ങളിലാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ മുദ്ര പതിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ടയില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ എംബ്ലം ചേര്‍ത്തത് സമൂഹമാധ്യമങ്ങളിലും മറ്റും ഏറെ വിവാദത്തിനിടയാക്കിയതോടെ അക്കാദമി സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അക്കാദമി ഈ പുസ്തകങ്ങള്‍ പ്രസാധനത്തിനായി ഏറ്റെടുത്തിരുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പുറംചട്ടയില്‍ പരസ്യ രൂപത്തില്‍ വേണമായിരുന്നോയെന്നതാണ് വിവാദത്തിന് ഇടയാക്കിയത്. പുസ്തകത്തിന്റെ രണ്ടാം പേജില്‍ സൂചനയായി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഒരു വിവാദം തന്നെ ഒഴിവാക്കാമായിരുന്നു. സര്‍ക്കാര്‍ വീഴാനും, പുസ്തകങ്ങള്‍ നിലനില്‍ക്കാനും ഉള്ളതാകയാല്‍ ഇത്തരം കാര്യങ്ങളില്‍ അക്കാദമിക്ക് ബാധ്യതയുണ്ടെന്നാണ് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഇതിന് പിന്‍ബലമായി അക്കാദമി സെക്രട്ടറിയുടെ വിശദീകരണം കൂടി അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു.


കെ സച്ചിദാനന്ദന്‍ | PHOTO: WIKI COMMONS

സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ വാര്‍ഷികത്തിന്റെ പരസ്യം നല്‍കിയത് ഔചിത്യമില്ലാത്ത നടപടിയാണെന്നും കുറച്ചു കൂടി വിവേകം വേണ്ടിയിരുന്നെന്നും മുന്‍ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ പ്രസ്താവിച്ചു. പരസ്യത്തിനെതിരെ മറ്റൊരു മുന്‍ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനും എതിര്‍പ്പ് പ്രകടിപ്പിച്ചു. പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യങ്ങളേ പാടില്ലെന്നും നല്ല കൃതികള്‍ നല്ല സംവേദനശീലങ്ങളെ തൃപ്തിപ്പെടുത്തിക്കൊള്ളുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സാഹിത്യ അക്കാദമി സര്‍ക്കാരിനു കീഴിലെ ഒരു സ്വയം ഭരണ സ്ഥാപനമാണ്. അതിലെ ഭാരവാഹിത്വം സര്‍ക്കാര്‍ നാമനിര്‍ദേശവുമാണ്. ഇക്കാരണത്താല്‍ ഒരു അക്കാദമിയും എഴുത്തുകാരന്റെ സ്വാതന്ത്ര്യം അനുവദിക്കുന്നതേയില്ല. സര്‍ക്കാര്‍ പറയുന്നതും, തീരുമാനിക്കുന്നതും മാത്രമാണ് അക്കാദമിയില്‍ നടക്കുന്നത്. എഴുത്തുകാരിലൊക്കെ അടിസ്ഥാനപരമായി അരാജകവാദമുണ്ട്. സര്‍ക്കാരാകട്ടെ നിയമാധിഷ്ഠിത സംവിധാനവുമാണ്. അതിനാല്‍ ഉചിതമല്ലാത്ത സര്‍ക്കാര്‍ തീരുമാനങ്ങളെ പലപ്പോഴും ചോദ്യം ചെയ്യേണ്ട എഴുത്തുകാരന്‍ സര്‍ക്കാര്‍ നോമിനിയായി അക്കാദമി ഭരണ സമിതിയില്‍ എത്തുന്നതോടെ സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാന്‍ കഴിയാതെയാകുന്നു. അവര്‍ സര്‍ക്കാരിനോ ഭരണകക്ഷിയിലെ സാംസ്‌ക്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ കക്ഷിക്ക് വിധേയരായി മാറുകയാണ്. ഇത്തരം വിധേയരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന അക്കാദമി ഭരണ സമിതിയില്‍ ഭരണകൂടത്തിനെതിരെ മിണ്ടാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതാണ് സര്‍ക്കാര്‍ പരസ്യം പോലും സാഹിത്യ കൃതികളുടെ മുഖഛായകളെ മലിനീകരിക്കുന്നതിന് കാരണമാകുന്നത്.

കേരള സാഹിത്യ അക്കാദമി ഓരോ വര്‍ഷവും നല്‍കി വരുന്ന അവാര്‍ഡുകള്‍ സംബന്ധിച്ചും വിവാദങ്ങള്‍ക്കിടയാക്കുന്നുണ്ട്. 2022 ലെ കവിതാ അവാര്‍ഡിനെ സംബന്ധിച്ചാണ് ഇപ്പോള്‍ ഏറെ വിവാദം. അക്കാദമി നിര്‍വാഹക സമിതി അംഗമായ ഒരാള്‍ സുഹൃത്തായ കവിയോട് പറഞ്ഞ രഹസ്യമാണ് ഇപ്പോള്‍ വിവാദത്തിലെത്തിച്ചത്. കല്‍പ്പറ്റ നാരായണനോ, എന്‍.ജി.ഉണ്ണികൃഷ്ണനോ അവാര്‍ഡ് ലഭിക്കുമെന്ന് വളരെ നേരത്തേ പറഞ്ഞിരുന്നതായി ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പാണ് വിവാദത്തിന് അടിസ്ഥാനം. ഏത് നിര്‍വാഹക സമിതി അംഗമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. പ്രായാധിക്യത്തിന്റെ പേരില്‍ ഇവര്‍ക്ക് ഇപ്പോള്‍ അവാര്‍ഡ് നല്‍കാനായില്ലെങ്കില്‍ മറ്റൊരവസരം ഉണ്ടാകില്ലെന്ന് നിര്‍വാഹക സമിതി അംഗം പറഞ്ഞതായിട്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലെ പരാമര്‍ശം. അതു ശരിവയ്ക്കുംവിധം എന്‍ ജി ഉണ്ണികൃഷ്ണന് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഇത് അക്കാദമിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നു.



ആയിരത്തിലധികം പുസ്തകങ്ങളാണ് ഓരോ വര്‍ഷവും ഓരോ ഇനത്തില്‍ പരിഗണനയ്ക്കായി അക്കാദമിയില്‍ ലഭിക്കുന്നത്. അതില്‍ പത്തെണ്ണം തിരഞ്ഞെടുക്കുന്ന മാനദണ്ഡമെന്താണ്? ആയിരക്കണക്കിന് പുസ്തകങ്ങള്‍ ആര്, എങ്ങനെ വായിക്കും? തിരഞ്ഞെടുക്കുന്ന പത്തെണ്ണം വായിച്ച് മുന്‍ഗണന നിശ്ചയിക്കുന്ന സമിതിയെ ആരാണ് തീരുമാനിക്കുന്നത് ? ഇതൊക്കെ ചിന്തിക്കുമ്പോഴും ഓരോ വര്‍ഷവും അവാര്‍ഡ് ലഭിക്കുന്നവരെ ശ്രദ്ധിക്കുമ്പോഴും അക്കാദമി അവാര്‍ഡുകള്‍ സുതാര്യമേയല്ല എന്ന നിഗമനത്തില്‍ എത്തേണ്ടതായി വരും. മൂല്യനിര്‍ണയത്തില്‍ പത്തെണ്ണം തിരഞ്ഞെടുക്കുന്നതു മുതല്‍ സ്വജനപക്ഷപാതം ആരംഭിക്കുന്നു. വിദഗ്ധ സമിതിയുടെ പരിശോധനയ്‌ക്കെത്തുന്ന കൃതികളെ സംബന്ധിച്ച് മുന്‍ധാരണയോടെയാണ് മാര്‍ക്കിടീല്‍. അവരുടെ താല്‍പ്പര്യക്കാരെ മുന്‍നിരയിലെത്തിക്കലാണ് നടക്കുന്നത്.

കഴിഞ്ഞ രണ്ടു തവണ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍ മാത്രം നോക്കിയാല്‍ ഏതൊരാള്‍ക്കും അക്കാദമി അവാര്‍ഡുകളുടെ കള്ളക്കളികള്‍ ബോധ്യമാകും. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചവരില്‍ പലരും എന്തു സംഭാവനയാണ് നല്‍കിയതെന്നത് പരിശോധിച്ചാല്‍ മൂക്കത്ത് വിരല്‍വയ്‌ക്കേണ്ടി വരും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ഭരണകക്ഷിയിലെ സാംസ്‌ക്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ അനുഭാവികള്‍ മാത്രമാണ് മുഴുവന്‍ സര്‍ക്കാര്‍ സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും ഭരണ സമിതി അംഗങ്ങള്‍. മുന്നണിയിലെ മറ്റൊരു കക്ഷിക്കും ഇതില്‍ പങ്കാളിത്തം നല്‍കിയിട്ടില്ല. അപവാദമായി അക്കാദമിയില്‍ ആലങ്കോടു ലീലാകൃഷ്ണന്‍ മാത്രമാണുള്ളത്. ഇതൊക്കെ വെളിവാക്കുന്നത് സ്വയം ഭരണ സ്ഥാപനങ്ങളെയാകെ ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിന്റെ തെളിവുകളാണ്.

സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്‍മാര്‍ തുടങ്ങിയവരെയൊക്കെ ഭരണകൂടത്തിനൊപ്പം നിര്‍ത്താനുള്ള തന്ത്രപരമായ നീക്കം. ഇത് നമ്മുടെ സംസ്‌ക്കാരത്തെ ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിത്തീര്‍ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ്. കലാകാരന്‍മാരുടേയും, എഴുത്തുകാരുടേയും മൗനം ഏറെകുറ്റകരമാണ്.


#outlook
Leave a comment