TMJ
searchnav-menu
post-thumbnail

Outlook

ഇടുക്കിയിലാര് ?

19 Apr 2024   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം പതിനഞ്ച് )

യു
ഡിഎഫിലെ സിറ്റിംഗ് എംപി ഡീന്‍ കുര്യാക്കോസും എല്‍ഡിഎഫിലെ ജോയ്സ് ജോര്‍ജും തമ്മിലുള്ള മൂന്നാമത്തെ പോരാട്ടത്തിനാണ് ഇടുക്കി ഇത്തവണ വേദിയാകുന്നത്. കഴിഞ്ഞ തവണ (2019 ല്‍) 1,70,996 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ വിജയം ഡീന്‍ കുര്യാക്കോസിന് ആയിരുന്നുവെങ്കില്‍ 2014 ല്‍ 50,883 വോട്ടിന്റെ ഭൂരിപക്ഷത്തോട് കൂടി വിജയം ജോയ്സ് ജോര്‍ജിനായിരുന്നു. കഴിഞ്ഞ രണ്ടുതവണയില്‍ നിന്നും ഇക്കുറിയുള്ള സവിശേഷത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് മത്സരിക്കുന്നത് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തിലാണ്. കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ജോയ്സ് ജോര്‍ജിന്റെ പോരാട്ടം. NDA ക്കു വേണ്ടി BDJS ന്റെ സംഗീത വിശ്വനാഥ് ആണ് ഇത്തവണ മത്സരരംഗത്തുള്ളത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം (SC) ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭ മണ്ഡലം. ഇവിടെ ഇടുക്കി ജില്ലയിലെ തൊടുപുഴ ഒഴികെയുള്ള നാല് നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുമാണ് നിയമസഭയിലേക്ക് ജയിച്ചിരിക്കുന്നത്.

ഇടുക്കിയിലെ രാഷ്ട്രീയം ഇടുക്കിയുടെ ഭൂപ്രദേശം പോലെ തന്നെ കഠിനവും സങ്കീര്‍ണവുമാണ്. അവസാനിക്കാത്ത ഭൂപ്രശ്നം, വനം, വന്യജീവി ആക്രമണം, കൃഷി, കര്‍ഷക പ്രതിസന്ധികള്‍, വികസനം, പ്രകൃതി, ടൂറിസം, റിസോര്‍ട്ട് മാഫിയ, ഭാഷ ന്യൂനപക്ഷപ്രശ്നങ്ങള്‍, കുടിയേറ്റം, കൈയ്യേറ്റം തുടങ്ങി ഇടുക്കിയുടെ നിത്യജീവിതത്തിലും തെരഞ്ഞെടുപ്പ് രംഗത്തും ബാധിക്കുന്ന പ്രാദേശികമായ വിഷയങ്ങളെല്ലാം തന്നെ അന്തര്‍ദേശീയ വിഷയങ്ങള്‍ കൂടിയാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഇത്രയും വൈവിധ്യവും സങ്കീര്‍ണവുമായ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേറെ ഒരു മണ്ഡലം കേരളത്തില്‍ ഉണ്ടാവില്ല. കേരള സ്റ്റോറി എന്ന സിനിമ സഭയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുകയും ലവ് ജിഹാദ് എന്ന അജണ്ട കൂടി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയും ചെയ്തൊരു മണ്ഡലമാണ് ഇടുക്കി ലോക്സഭ മണ്ഡലം.

ഡീന്‍ കുര്യാക്കോസ് | PHOTO: FACEBOOK
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടുക്കിയില്‍ നിര്‍ണായക സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് (എം) ഇത്തവണ എല്‍ഡിഎഫില്‍ ആണെന്നുള്ളതാണ് ഒരു പ്രത്യേകത. 2014 ലെ ജോയ്സ് ജോര്‍ജിന്റെ വിജയത്തിനാസ്പദമായ ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന സംഘടനയുടെ സ്വാധീനം ഇത്തവണ അത്ര സജീവമായിട്ടില്ല എന്നുള്ളതും ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. 2014 ലെ സവിശേഷമായ സാഹചര്യം വിലയിരുത്താതെ ഇടുക്കി മണ്ഡലത്തിലെ രാഷ്ട്രീയം പരിശോധിക്കുക ഏറെ അസാധ്യമാണ്. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപെട്ട്, പെട്ടെന്ന് ഇടുക്കിയിലെ ജനജീവിതവും രാഷ്ട്രീയവും അതി സങ്കീര്‍ണമാവുകയായിരുന്നു. ഇടുക്കിയിലെ ജനങ്ങളെ വളരെ വലിയ തോതില്‍ ബാധിക്കുന്ന വിഷയത്തില്‍ സഭാ നേതൃത്വം ഇടപെടുകയും ഹൈറേഞ്ച് സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രത്യക്ഷ സമരരൂപങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു. ഇടുക്കിയില്‍ അന്നത്തെ സിറ്റിംഗ് എംപിയായിരുന്ന പി ടി തോമസ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായിരുന്നു എന്ന കാരണത്താല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമരങ്ങള്‍ പിടി തോമസിനെതിരെ കൂടിയായിരിന്നു. സഭ അദ്ദേഹത്തിന്റെ പ്രതീകാത്മക ശവസംസ്‌കാര ചടങ്ങ് കൂടി നടത്തിയാണ് പ്രതിഷേധിച്ചത്. പിടി തോമസിന് ഇടുക്കിയില്‍ നിന്നും രാഷ്ട്രീയപരമായി പുറന്തള്ളപ്പെടുന്ന അവസ്ഥ വന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ജോയ്സ് ജോര്‍ജ് 2014 ല്‍ ആദ്യമായി ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 56.3% വോട്ട് വിഹിതത്തോട് കൂടി 50,883 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നത്.

നിയമസഭയിലേക്ക് കാല്‍നൂറ്റാണ്ടായി ഒരു കോണ്‍ഗ്രസ് എംഎല്‍എ യെ ജയിപ്പിക്കാനായിട്ടില്ലാത്ത ജില്ലയായിട്ടു കൂടി യുഡിഎഫ് അനുകൂല മണ്ഡലമായിട്ടാണ് ഇടുക്കി ജില്ലയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇടുക്കിയുടെ ചരിത്രത്തില്‍ ലോക്സഭയിലേക്ക് 4 തവണ മാത്രമേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളൂ. അതില്‍ രണ്ടു തവണ ജയിച്ച ഫ്രാന്‍സിസ് ജോര്‍ജാണ് തൊട്ടടുത്ത മണ്ഡലമായ കോട്ടയം ലോക്സഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നത് ഏറെ കൗതുകകരമാണ്.

2019 ലെ ഡീന്‍ കുര്യാക്കോസിന്റെ 1,70,996 വോട്ടിന്റെ വിജയം സംസ്ഥാനത്തെത്തന്നെ ഏറ്റവും മികച്ചതായാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഇത്രയും കൂറ്റന്‍ ഭൂരിപക്ഷം മറികടന്ന് എല്‍ഡിഎഫിന് വിജയിക്കാനാകുന്ന ഒരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല എന്ന് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന ഡീന്‍ കുര്യാക്കോസിന്റെ പ്രവര്‍ത്തനശൈലിയും, പ്രചാരണത്തിന് തൊട്ടുമുന്‍പ് ജില്ലയില്‍ നടന്ന വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങള്‍ക്കൊപ്പം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെ ലഭിച്ച രാഷ്ട്രീയ മൈലേജ് എല്ലാം ഡീന്‍ കുര്യാക്കോസിനു അനുകൂലമാകുമെന്ന് തന്നെയാണ് കരുതുന്നത്.

ജോയ്സ് ജോര്‍ജ് | PHOTO: FACEBOOK  
2021 ലെ നിയമസഭ ഇലക്ഷനില്‍ സമാഹരിക്കാനായ 34.70 % വോട്ട് വിഹിതത്തിലാണ് എല്‍ഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇടുക്കി എംഎല്‍എ യും ജലസേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്റെയും ജില്ലയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന എംഎം മണിയുടെ നേതൃത്വത്തില്‍ ജോയ്സ് ജോര്‍ജിന്റെ മുന്‍കാല വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എല്‍ഡിഎഫ് പ്രചാരണരംഗത്തുള്ളത്. ഹൈറേഞ്ച് മേഖലയിലും ലോറേഞ്ച് മേഖലയിലും വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളാണ് നിലവിലുള്ളത്. കാര്‍ഷിക, ടൂറിസം, നിര്‍മാണ മേഖലയുമായുള്ള സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കല്‍ ഏറെ പ്രയാസകരമാണ്. പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ചോദ്യം ചെയ്ത് കോടതിയില്‍ പോയ മറിയ ചേടത്തിയുടെ പിച്ചച്ചട്ടി സമരകേന്ദ്രവും ഇടുക്കി മണ്ഡലത്തിലാണ്. ഹൈറേഞ്ച് മേഖലയില്‍ തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തോട്ടം തൊഴിലാളികളുടെ തൊഴില്‍ പ്രശ്നങ്ങളും തമിഴ് ന്യൂനപക്ഷ രാഷ്ട്രീയ സാഹചര്യവുമാണ് അവിടെ നേരിടേണ്ടത്.

തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ മണിപ്പൂര്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവാതെ ലവ് ജിഹാദ്, നര്‍കോട്ടിക്സ് ജിഹാദ് തുടങ്ങിയ ഹേറ്റ് ക്യാമ്പയിനുകള്‍ സൃഷ്ടിച്ചാണ് സഭാ നേതൃത്വം മുന്നോട്ടുപോകുന്നത്. കാര്‍ഷിക വിലയിടിവും, ആസിയാന്‍ കരാര്‍ സൃഷ്ടിച്ച കാര്‍ഷിക വിലകളിലുള്ള അനിശ്ചിതാവസ്ഥയും റബ്ബറിന്റെ താങ്ങുവില സംസ്ഥാന ബഡ്ജറ്റില്‍ 10 രൂപ മാത്രം വര്‍ധിപ്പിച്ചതിലും, കോട്ടയം പോലെ തന്നെ ചര്‍ച്ചാ വിഷമാകുന്നൊരു മണ്ഡലമാണ് ഇടുക്കിയും.

ബിജെപി ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ ഇടുക്കിയില്‍ സാധിച്ചിട്ടില്ല. 2019 ല്‍ 6.20% വോട്ട് വിഹിതം മാത്രമാണ് നേടാനായത്. ഇത്തവണ BDJS സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ ആണ് രംഗത്തുള്ളത്. ഏറെ വൈകി മാത്രം പ്രചാരണ രംഗത്ത് സജീവമായ NDA സ്ഥാനാര്‍ത്ഥിക്ക് വോട്ട് വിഹിതം രണ്ടക്കം കടത്തുക എന്നതിലേക്ക് മാത്രമാണ് രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നുള്ളു.

സംഗീത വിശ്വനാഥന്‍ | PHOTO: FACEBOOK
പ്രചരണം അവസാന ഘട്ടത്തില്‍ എത്തിനില്‍കുമ്പോള്‍ കേരള സ്റ്റോറി പ്രദര്‍ശനവും അതിനോടുള്ള സമീപനവും എല്ലാം തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ്. അവസാന ലാപ്പില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്ഥാനാര്‍ത്ഥികളിലാര് മുന്നിലെത്തുമെന്ന് ജൂണ്‍ 4 വരെ കാത്തിരിക്കാം.


(തുടരും)

#outlook
Leave a comment