പൊന്നാനി ലോക്‌സഭ മണ്ഡലം പൊന്നാപുരം കോട്ടയില്‍ ആര് ?
(ഭാഗം പത്ത്)
പൊന്നാനി ലോക്‌സഭ മണ്ഡലം വിശകലനം ചെയ്യുമ്പോള്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സവിശേഷമായി പരിശോധിക്കേണ്ടതുണ്ട്. തുടര്‍ച്ചയായ രണ്ടാം ടേമിലും യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതോടെ മുസ്ലിം ലീഗ് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി വളരെ വലുതാണ്. പാണക്കാട്ടെ മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും നേതൃത്വത്തില്‍ നിന്നും പോയതോടെ പകരം വെക്കാനായി കരുത്തുറ്റ നേതൃത്വം ഇല്ലാതായെന്നതും ലീഗ് അഭിമുഖീകരിക്കുന്ന മറ്റൊരു വിഷയമാണ്. തെക്കന്‍ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ നിലവില്‍ മുസ്ലീം ലീഗിന് ഒരു പ്രതിനിധി പോലും ഇല്ല. ലോക്സഭയില്‍ മൂന്നാമത്തെ സീറ്റിനായുള്ള ലീഗിന്റെ ഇത്തവണത്തെ ആവശ്യവും കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞതോടെ യൂത്ത് ലീഗ് പ്രാതിനിധ്യം എന്ന കാലങ്ങളായിട്ടുള്ള പരാതി പരിഹരിക്കാന്‍ ലീഗിനായിട്ടില്ല. നിയമസഭയില്‍ 23 സീറ്റുള്ള കോണ്‍ഗ്രസ് ലോക്സഭയിലേക്ക് 16 സീറ്റില്‍ മത്സരിക്കുമ്പോള്‍ 16 സീറ്റുള്ള ലീഗ് മത്സരിക്കുന്നത് വെറും രണ്ട് ലോക്‌സഭ സീറ്റിലേക്കാണ്. കോണ്‍ഗ്രസിന് വേണ്ടി ലോക്സഭയിലേക്കും നിയമസഭയിലേക്കും രാജ്യസഭയിലേക്കുമുള്ള സീറ്റുകള്‍ വിട്ടുനല്‍കിയ പാരമ്പര്യമുള്ള ലീഗ് അണികളോട് മൂന്നാംസീറ്റ് നിഷേധം വിശദീകരിക്കുവാന്‍ പ്രയാസപ്പെടും. അതിനെല്ലാം പുറമെയാണ് സമസ്തയുമായിട്ടുള്ള പരിഹരിക്കാനാവാത്തവിധം വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും.
മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലം എന്നാണ് പൊന്നാനിയെ പൊതുവെ വിലയിരുത്തുന്നത്. ചന്ദ്രിക ദിനപത്രത്തിലെ തൊഴിലാളികളുടെ ശമ്പള വിതരണം മുതല്‍ ഇസ്രായേല്‍ - ഹമാസ് വിഷയം വരെ ഏറ്റവും ചൂടോടെ ചര്‍ച്ച ചെയ്യുന്ന മണ്ഡലമായിരിക്കും പൊന്നാനി. പൊന്നാനിയുടെയും മലപ്പുറത്തിന്റെയും കാര്യത്തില്‍ മണ്ഡലം വെച്ചുമാറ്റമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ ആദ്യ നീക്കം. 15 വര്‍ഷമായി പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ ടി മുഹമ്മദ് ബഷീര്‍ ഇത്തവണ മലപ്പുറം മണ്ഡലത്തിലേക്കും, കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭയില്‍ വിജയിച്ച അബ്ദുല്‍ സമദ് സമദാനി ഇത്തവണ പൊന്നാനിയിലും മത്സരിക്കും. ഇ ടി മുഹമ്മദ് ബഷീറിന്റെ വീട് മലപ്പുറം മണ്ഡലത്തിലും സമദാനിയുടെ വീട് പൊന്നാനി മണ്ഡലത്തിലുമാണ് എന്ന വിചിത്രമായ കാരണമാണ് ലീഗ് നേതൃത്വം ഈ മണ്ഡലം വെച്ച്മാറലിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്.
അബ്ദുല്‍ സമദ് സമദാനി | PHOTO: FACEBOOK
2009 ലും 2014 ലും പൊന്നാനിയില്‍ നിന്നും വിജയിച്ച ഇ ടി മുഹമ്മദ് ബഷീര്‍ 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നേടിയത് 1,930,27 വോട്ടിന്റെ ഭൂരിപക്ഷമാണ്. പക്ഷേ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും പൊന്നാനിയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് ഭൂരിപക്ഷം 10,000 ത്തില്‍ താഴെ മാത്രമായ് ചുരുങ്ങി. അതുകൊണ്ടാണ് ഇടി യെ മലപ്പുറത്തേക്ക് മാറ്റിയതെന്ന രാഷ്ട്രീയവിശകലനം പൊതുവെ ഉയരുന്നുണ്ട്.
പൊന്നാനി, തൃത്താല, താനൂര്‍, തവനൂര്‍, കോട്ടക്കല്‍, തിരൂര്‍, തിരൂരങ്ങാടി തുടങ്ങിയ നിയമസഭ മണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലുള്ളത്. അതില്‍ കോട്ടക്കല്‍, തിരൂര്‍, തിരൂരങ്ങാടി തുടങ്ങിയ നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫ് ആണ് വിജയിച്ചിട്ടുള്ളത് ബാക്കി മണ്ഡലങ്ങളില്‍ എല്‍ഡിഎഫും. ഈ കണക്ക് മുസ്ലിം ലീഗ് നേതൃത്വത്തിനും ഇ ടി മുഹമ്മദ് ബഷീറിനും തലവേദനയുണ്ടാക്കുന്നതാണ്. താനൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച വി അബ്ദുറഹ്‌മാനും തൃത്താലയില്‍ നിന്നും ജയിച്ച എം ബി രാജേഷും മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ ഊര്‍ജം ഇടതുപക്ഷത്തിന് ആവേശം വര്‍ധിപ്പിക്കുന്നതാണ്.
നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷം ലീഗിന് മേല്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. സമസ്തയുമായുള്ള ഇടതുപക്ഷത്തിന്റെ ഊഷ്മളബന്ധവും ലീഗ് നേതൃത്വത്തിന് തലവേദനയാണ്. കെ ടി ജലീല്‍, വി അബ്ദുറഹ്‌മാന്‍, പി വി അന്‍വര്‍ തുടങ്ങി മലപ്പുറം ജില്ലയിലെ ഇടതുപക്ഷ നേതാക്കള്‍ എല്ലാം ചേര്‍ന്നുള്ള ആക്രമണം ലീഗ് അണികളില്‍ ചെറുതല്ലാത്ത അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ CAA പ്രക്ഷോഭങ്ങളില്‍ എല്‍ഡിഎഫ് നടത്തിയ സമരപരിപാടികളിലുള്‍പ്പെടെ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. അതിന്റെ ഗുണഫലങ്ങള്‍ കഴിഞ്ഞതവണ യുഡിഫിനാണ് ലഭിച്ചത്. അത്തരത്തില്‍ ഒരു ന്യൂനപക്ഷ ഏകീകരണം കേരളത്തില്‍ നടന്നതിനാലാണ് 18 സീറ്റിലും യുഡിഫിന് വിജയിക്കാനായത്. അങ്ങനെയുള്ള ഒരു സാധ്യതയും ഈ തവണ ഇടതുപക്ഷം പ്രതീക്ഷിക്കുന്നില്ല എന്ന് മാത്രമല്ല ന്യൂനപക്ഷ ഏകീകരണം കൃത്യമായി എല്‍ഡിഎഫിന് അനുകൂലമായി സംഭവിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. പൊന്നാനി, മലപ്പുറം തുടങ്ങിയ മണ്ഡലങ്ങളിലെ അനുകൂല ഘടകങ്ങള്‍ വിജയത്തിലേക്കെത്തില്ലെങ്കിലും പോസിറ്റീവായി വരും എന്നും വിലയിരുത്തലുകളുണ്ട്.
കെ എസ് ഹംസ | PHOTO: WIKI COMMONS
പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇത്തവണത്തെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി എന്ന് പറയാം. ലീഗ് സെക്രട്ടറിയായിരുന്ന കെ എസ് ഹംസയാണ് എല്‍ഡിഎഫിനായി ഇത്തവണ മത്സരിക്കുന്നത്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കൃത്യമായ തെളിവുകളോടെ ലീഗ് കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതിനാലാണ് കെ എസ് ഹംസയെ മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കുന്നത്. ഇതേ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഹൈദരാലി തങ്ങളുടെ മകന്‍ മോയീന്‍ അലി തങ്ങളുടെ ആഷിര്‍വാദങ്ങളോടെയാണ് കെ എസ് ഹംസയുടെ സ്ഥാനാര്‍ഥിത്വം എന്ന റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. മാത്രമല്ല സമസ്തയുമായി വളരെ നല്ല ബന്ധമുള്ള നേതാവ് കൂടിയാണ് കെ എസ് ഹംസ. അതുകൊണ്ട് തന്നെ സമസ്തയുടെ സ്ഥാനാര്‍ഥിയാണ് ഹംസ എന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഇടതുപക്ഷം ഇത് തള്ളികളയുന്നുണ്ടെങ്കിലും പൊന്നാനി കേന്ദ്രീകരിച്ചുള്ള സിപിഐ എം ന്റെ പരീക്ഷണങ്ങള്‍ 2009 മുതല്‍ ആരംഭിച്ചിട്ടുള്ളതാണ്. സിപിഐ യുടെ കൈയില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത സിപിഐ എം ആദ്യം ഹുസൈന്‍ രണ്ടത്തണിയേയും പിന്നീട് വി അബ്ദു റഹ്‌മാനെയും പി വി അന്‍വറിനെയും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥികളാക്കി പൊന്നാനി മണ്ഡലത്തില്‍ പരീക്ഷിച്ചതിന് ശേഷമാണ് ഇപ്പോള്‍ ചുറ്റിക അരിവാള്‍ നക്ഷത്രം എന്ന പാര്‍ട്ടി ചിഹ്നത്തില്‍ കെ എസ് ഹംസയെ മത്സരിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ മറ്റു നിയമസഭ മണ്ഡലങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന് കൃത്യമായ സംഘടന ശക്തിയുള്ള മണ്ഡലങ്ങള്‍ പൊന്നാനി ലോകസഭ മണ്ഡലത്തില്‍ ഉണ്ടെങ്കിലും ലീഗ് -കോണ്‍ഗ്രസ് ബന്ധം അത്ര നല്ലതല്ലാത്ത ഇടങ്ങള്‍ കൂടി ഇവിടെയുണ്ട്. കോട്ടക്കല്‍ മണ്ഡലത്തില്‍ ലീഗിന് വലിയ അപ്രമാദിത്തം അവകാശപ്പെടാമെങ്കിലും കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ ഭരണസമിതിയില്‍ നടക്കുന്ന കാര്യങ്ങള്‍ ലീഗിന് അത്ര നല്ല വാര്‍ത്തകള്‍ അല്ല നല്‍കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം കൃത്യമായ മത്സരം കാഴ്ചവെക്കുന്നതാണ്.
അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ | PHOTO: FACEBOOK
അബ്ദുല്‍ സമദ് സമദാനിയെ സംബന്ധിച്ചിടത്തോളം കോട്ടക്കല്‍ എംഎല്‍എ ആയിരുന്ന അദ്ദേഹത്തിന്റെ ക്ലീന്‍ ഇമേജ് വളരെ വലുതാണ്. പ്രചാരണനാളുകള്‍ പുണ്യമാസം കൂടിയായതിനാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് രാഷ്ട്രീയഭേദമന്യേ കേള്‍വിക്കാര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞതവണ കിട്ടിയ കൂറ്റന്‍ ഭൂരിപക്ഷം മറികടക്കാനാകുന്ന തരത്തില്‍ ഒരു ട്രെന്‍ഡ് രൂപപ്പെടില്ലെന്നാണ് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നത്.
അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ആണ് ബിജെപിക്കായി രംഗത്ത് ഇറങ്ങുന്നത്. കഴിഞ്ഞതവണ (2021) ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തില്‍ പത്രിക തള്ളിപ്പോയ ഒരു സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു അഡ്വ നിവേദിത. അത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ എ ഖാദറിന് അനുകൂലമായി വരുമെന്നൊരു പ്രചാരണം അന്നുണ്ടായിരുന്നു. പക്ഷേ ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തിലും ഇടതുപക്ഷത്തെ എ എച്ച് അക്ബര്‍ ആണ് വിജയിച്ചത്. പൊന്നാനി മണ്ഡലത്തില്‍ താരതമ്യേനെ വോട്ടുകള്‍ ബിജെപി ക്ക് ഉണ്ടെങ്കിലും വലിയ സ്വാധീനം ചെലുത്തുവാന്‍ ഉള്ള വോട്ട്‌വിഹിതം ഇവിടെ നിന്നും ബിജെപിക്ക് സമാഹരിക്കാനാവില്ല എന്ന് തന്നെയാണ് വിലയിരുത്തല്‍.
(തുടരും)