ആരാണ് രാമന്‍?
ഈ ലോകത്തില്‍ ഏറ്റവും ഗുണവാനും വീര്യവാനും ധര്‍മജ്ഞനും കൃതജ്ഞനും സത്യവാക്കും വിദ്വാനും സമര്‍ത്ഥനും ഏവര്‍ക്കും പ്രിയപ്പെട്ടവനും ആത്മവാനും കോപത്തെ ജയിച്ചവനും ദ്യുതിമാനും അനസൂയകനും ആയ മഹാന്‍ ആരാണ് ? (കോന്വസ്മിന്‍ സാമ്പ്രതം ലോകേ ... വാ. രാ. ബാലകാണ്ഡം, 1. 2-5) എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള 'വാല്മീകി'യുടെ യാത്രയാണ് വാല്മീകി രാമായണത്തിന്റെ രചനയ്ക്കാധാരം. ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ വാല്മീകി ഉന്നയിച്ച ചോദ്യങ്ങളുടെ സത്യസന്ധമായ അന്വേഷണം 'ആരാണ് രാമന്‍' എന്നതിന് ഉത്തരം നല്‍കും.
താടകാവധം
വിശ്വാമിത്രനോടൊപ്പം യാഗരക്ഷയ്ക്കായി പോകുന്ന വേളയില്‍ 'ഈ ഘോരവനം' ആരുടെയാണെന്ന് രാമന്‍ അന്വേഷിക്കുമ്പോഴാണ് താടകാവൃത്താന്തം രാമലക്ഷ്മണാദികളോട് വിശ്വാമിത്രന്‍ വിവരിക്കുന്നത്. താടക, ജനസ്ഥാനം കൈയടക്കി വച്ചിരിക്കുന്നു എന്നാണ് വിശ്വാമിത്രന്റെ പരാതി. ഭയങ്കരിയും ദുര്‍വൃത്തയും ദുഷ്ടപരാക്രമിയുമായ താടകയെ പശുവിന്റെയും ബ്രാഹ്‌മണന്റെയും ഹിതം പരിപാലിക്കുന്നതിനായി വധിക്കുവാന്‍ വിശ്വാമിത്രന്‍ രാമനോട് കല്പിക്കുന്നു: 'ഏനാം രാഘവ ദുര്‍വൃത്താം യക്ഷീം പരമ ദാരുണം / ഗോബ്രാഹ്‌മണ ഹിതാര്‍ത്ഥായ ജഹി ദുഷ്ട പരാക്രമം' (വാ. രാ. ബാലകാണ്ഡം, 25.15). ഗോവിന്റെയും ബ്രാഹ്‌മണന്റെയും ഹിതം നടപ്പിലാക്കുന്നതിനായി താന്‍ തയ്യാറാണെന്നാണ് വിശ്വാമിത്രന് രാമന്‍ നല്‍കുന്ന മറുപടി (ഗോബ്രാഹ്‌മണ ഹിതാര്‍ത്ഥായ ദേശസ്യ ച ഹിതായ ച / തവ ചൈവാ പ്രമേയസ്യ വചനം കര്‍ത്തു മുദ്യത:, വാ. രാ. ബാലകാണ്ഡം, 26.5). ഗോബ്രാഹ്‌മണ ഹിതം നടപ്പിലാക്കുന്നതിനായി താടകയെ വധിക്കുന്ന രാമനെയാണ് ഇവിടെ നാം കാണുന്നത്.
ബാലിവധം
സുഗ്രീവ പത്‌നിയായ രുമയെ പരിഗ്രഹിച്ചതാണ് ബാലിയെ വധിക്കാനുള്ള പ്രധാന കാരണമായി രാമായണം അവതരിപ്പിക്കുന്നത്. എന്നാല്‍ ബാലിവധത്തിനുശേഷം ബാലിയുടെ പത്‌നിയായ താരയെ സുഗ്രീവന്‍ പരിഗ്രഹിച്ചതില്‍ ആരും തെറ്റ് കാണുന്നില്ല. രാമന്‍ ബാലിയെ വധിക്കുന്നതിന്റെ മുഖ്യകാരണമായി വാല്മീകി പറയുന്നത് രുമയെ ബാലി പരിഗ്രഹിച്ചതാണെന്നാണ് (വാ. രാ. കിഷ്‌കിന്ധാകാണ്ഡം, 18. 20). മനുവിന്റെ ധര്‍മശാസനമനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് രാമന്‍ അമ്പേറ്റ് പുളയുന്ന ബാലിയോട് വിശദീകരിക്കുകയും ചെയ്യുന്നുണ്ട് : 'ശ്രൂയതേ മനു നാ ഗീതൗ ശ്ലോകൗ ചാരിത്ര വത്സലൌ ..,വാ. രാ. കിഷ്‌കിന്ധാകാണ്ഡം, 18.30). മനുസ്മൃതിയുടെ ധര്‍മശാസനങ്ങളാണ് താന്‍ പാലിക്കുന്നതെന്നാണ് രാമന്‍ വ്യക്തമാക്കുന്നത്.
ശംബൂകവധം
രാമന്‍ രാജ്യം ഭരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു വൃദ്ധബ്രാഹ്‌മണന്‍ പതിനഞ്ചു വയസ്സുള്ള ബാലന്റെ മൃതശരീരവുമായി രാമസവിധമെത്തി. ബ്രാഹ്‌മണബാലന്‍ മരണപ്പെടാനിടയായത് രാമന്റെ ഏതോ ദുഷ്‌കൃത്യം നിമിത്തമാണെന്ന് ബ്രാഹ്‌മണന്‍ പറഞ്ഞു (രാമസ്യ ദുഷ്‌കൃതം കിഞ്ചില്‍ മഹദസ്തി ന സംശയ: / യഥാഹി വിഷയസ്ഥാന ബാലാനാം മൃത്യുരാഗത:/ വാ. രാ. ഉത്തരകാണ്ഡം, 73.10). ബ്രാഹ്‌മണ ബാലന്‍ മരണപ്പെട്ടതിന്റെ കാരണം എന്താണെന്ന് തന്റെ പുരോഹിതരായ വസിഷ്ഠാദി ബ്രാഹ്‌മണരോട് രാമന്‍ അന്വേഷിച്ചു. ശൂദ്രര്‍ തപസ് ചെയ്യുന്നത് നിമിത്തമാണ് ബ്രാഹ്‌മണകുമാരന്‍ മരണപ്പെട്ടതെന്ന് വസിഷ്ഠാദികള്‍ രാമനോട് വിശദീകരിച്ചു (ത്രിഭ്യോ യുഗേഭ്യ... പാര്‍ഥിവസ്യ തു, വാ. രാ. ഉത്തരകാണ്ഡം, 74.26 - 29). ഉടന്‍ തന്നെ രാമന്‍ തപസ് ചെയ്യുന്ന ശൂദ്രനെ തേടിപ്പോയി. ഹിമവല്‍ സരസിന്റെ തീരത്തുള്ള വൃക്ഷത്തില്‍ തലകീഴായി കിടന്ന് തപസു ചെയ്യുന്ന ശംബൂകനെ കണ്ട മാത്രയില്‍ താപസിയുടെ 'പിറന്നയോനി 'ഏതാണന്നാണ് രാമന്‍ ചോദിക്കുന്നത് (കസ്യാം യോന്യാം തപോവൃദ്ധ വര്‍തസേ ദൃഢവിക്രമ, വാ. രാ. ഉത്തരകാണ്ഡം, 75.16). താന്‍ ശൂദ്രയോനിയിലാണ് പിറന്നതെന്ന് ശംബൂകന്‍ പറഞ്ഞയുടനെതന്നെ രാമന്‍ ശൂദ്രന്റെ ശിരസ് വെട്ടിപ്പിളര്‍ന്നു. ശംബൂകന്‍ വധിക്കപ്പെട്ടപ്പോള്‍ അത് 'നന്നായി' എന്ന് ദേവകളെല്ലാം ഒരേ സ്വരത്തില്‍ പ്രസ്താവിച്ചു (തസ്മിന്‍ ശൂദ്രേ ഹതേ ദേവാ : സേന്ദ്രാ : സാഗ്‌നി പുരോഗമാ: / സാധു സാധ്വിതി കാകുത്സ്ഥം തേ ശശംസുര്‍ മുഹുര്‍ മുഹു:, വാ. രാ. ഉത്തരകാണ്ഡം, 25.15). ശംബൂകന്‍ പിറന്ന യോനി ഏതാണെന്ന് രാമന്‍ അന്വേഷിക്കുമ്പോള്‍, 'ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍' എന്ന് നാരായണ ഗുരു അരുളി. സമാനമായ പ്രസവരീതിയാലും, നേര് മെയ് തന്നെ ചൊല്ലുന്നതിനാലും ശരീരം തന്നെ മനുഷ്യരാണെന്ന് പ്രഖ്യാപിക്കുന്നു എന്നും ഗുരു ഉദ്‌ഘോഷിച്ചു. ബ്രാഹ്‌മണ്യത്തിന്റെ ഈ ശ്രേണീകൃത ജാതി അസമത്വ വ്യവസ്ഥയ്‌ക്കെതിരായി, അതിനെ സമ്പൂര്‍ണമായി തിരസ്‌കരിച്ചുകൊണ്ട് ഗുരു മനുഷ്യസമുദായം എന്ന സാമൂഹ്യദര്‍ശനം അവതരിപ്പിച്ചു. 'നമ്മുടെ സമുദായം എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതാണ്' എന്ന നാരായണ ഗുരുവിന്റെ വിളംബരം രാമദര്‍ശനങ്ങളെ തിരസ്‌കരിച്ചുകൊണ്ട് സാമൂഹ്യ സമത്വത്തെ പ്രോജ്യലിപ്പിക്കുന്നു. അതുവഴി ആത്യന്തികമായി ഗുരു അപരത്വത്തെ നിഷേധിക്കുകയും ആത്മ സാഹോദര്യത്തെ ഹൃദയഭാവമായി വിടര്‍ത്തുകയും ചെയ്യുന്നു. 'ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്യസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്, ഹിന്ദുക്കള്‍ സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലായോ' എന്ന ഗുരുവചനം സ്മൃതി ശാസനകള്‍ക്ക് വിധേയനായ രാമനോടുള്ള ചരിത്രത്തിലെ നിശിതവിമര്‍ശനമാണ്.
രാമന്‍ എന്തുകൊണ്ട് ഗുഹന്റെ ഭക്ഷണം ഉപേക്ഷിച്ചു
വനവാസത്തിനായി എത്തുന്ന രാമനെ ഗുഹന്‍ എന്ന നിഷാദ രാജാവ് അത്യന്തം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഗുഹന്‍ നല്‍കിയ അന്നപാനീയങ്ങള്‍ രാമന്‍ സ്വീകരിക്കുകയുണ്ടായില്ല. ഗുഹന് രാമനോട് അഗാധ സൗഹൃദം ഉണ്ടായിരുന്നതായി വാല്മീകി തന്നെ പറയുന്നു ('ഭര്‍താ ചൈവ സഖാ ചൈവ രാമോ ദാശരഥിര്‍ മമ', വാ. രാ. അയോദ്ധ്യാ കാണ്ഡം, 84.6). സൗഹൃദം ഉണ്ടായിരുന്നിട്ടും രാമന്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഗുഹനില്‍ നിന്നും കൈക്കൊണ്ടില്ല. പിന്നീട് രാമനെ അന്വേഷിച്ച് ഗംഗാനദിക്കരികെ എത്തുന്ന ഭരതനെ മാംസവും കിഴങ്ങുകളും ഫലങ്ങളും കൊണ്ടാണ് ഗുഹന്‍ സ്വീകരിക്കുന്നത് ('ഇത്യുക്ത്വോ പായനം ഗൃഹ്യ മത്സ്യ മാംസ മധൂനി ച / അഭിചക്രാമ ഭരതം നിഷാദാധിപതിര്‍ ഗുഹ :', വാ. രാ. അയോദ്ധ്യാ കാണ്ഡം, 84.10). താന്‍ പലതരത്തിലുള്ള പഴങ്ങളും മറ്റു ഭോജ്യങ്ങളും ആഹരിക്കാനായി രാമനായി കൊണ്ടുവന്നുവെങ്കിലും ക്ഷത്രിയ ധര്‍മം അനുസരിച്ച് രാമന്‍ അതൊന്നും തന്നെ സ്വീകരിച്ചില്ല എന്ന് ഗുഹന്‍ ഭരതനോട് പറയുന്നുണ്ട് (അന്ന മുച്ചാവചം ഭക്ഷ്യാ: ഫലാനി വിവിധാനി ച... നഹി തത് പ്രത്യഗൃഹ്ണാത് സ ക്ഷത്രധര്‍മ മനുസ്മരന്‍', വാ. രാ. അയോദ്ധ്യാ കാണ്ഡം, 77. 15-16). ക്ഷത്രിയ ധര്‍മം അനുസരിച്ച് ഭരതനും രാമനെപോലെ ഗുഹന്റെ ഭക്ഷ്യ പേയങ്ങള്‍ സ്വീകരിക്കാത്തത് കാരണമാവാം അക്കാര്യം വാല്മീകി അവതരിപ്പിക്കാത്തത്. സാക്ഷാല്‍ ശ്രീരാമന്‍ എന്തുകൊണ്ടാണ് തന്റെ സുഹൃത്ത് കൂടിയായ നിഷാദ രാജാവായ ഗുഹനില്‍ നിന്നും ഫലമൂലാദികള്‍ തിരസ്‌കരിച്ചത്? ക്ഷത്രിയ ധര്‍മം അനുസരിച്ചാണ് താന്‍ ഗുഹന്റെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരസ്‌കരിക്കുന്നത് എന്ന് ശ്രീരാമന്‍ ഗുഹനോട് പറയുന്നതെന്തുകൊണ്ടാണ് ? ചാതുര്‍വര്‍ണ്യം സൗഹൃദത്തെ പോലും വിലക്കി എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ചാതുര്‍വര്‍ണ്യ ധര്‍മത്തിന്റെ അയിത്തമാണ് ഗുഹനില്‍ നിന്നും ഭക്ഷ്യ പേയങ്ങള്‍ സ്വീകരിക്കാന്‍ രാമനെ തടഞ്ഞത് എന്ന് വ്യക്തം.
സീതാത്യാഗം
രാജാവ് എന്ന നിലയില്‍ സീതയെ ഉപേക്ഷിക്കാതിരിക്കാന്‍ കഴിയുമായിരുന്നിട്ടും ഭര്‍ത്താവ് എന്ന നിലയില്‍ ഭാര്യയുടെ നിപരാധിത്വം ബോധ്യമായിരുന്നിട്ട് അതിന് ബാധ്യസ്ഥനായിരുന്നിട്ടും രാമന്‍ പൊതുജനങ്ങളുടെ പരദൂഷണത്തിന് വഴങ്ങി സീതയെ ഉപേക്ഷിച്ചു എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. 'തന്റെ പേരും പെരുമയും സംരക്ഷിക്കാനുള്ള ആ അതിനീച പദ്ധതി (സീതാ ത്യാഗം) രാമന്‍ വെളിപ്പെടുത്തുന്നത് തന്റെ സഹോദരന്മാരോടാണ്. അതു ബാധിക്കുന്ന ഏക വ്യക്തിയും അത് മുന്‍കൂട്ടി അറിയാന്‍ അര്‍ഹതപ്പെട്ട ഏകവ്യക്തിയും ആയ സീതയോടല്ല. എന്നാല്‍ സമ്പൂര്‍ണമാംവിധം അന്ധകാരത്തില്‍ അവള്‍ (സീത) ഒഴിച്ചു നിര്‍ത്തപ്പെടുന്നു' എന്ന് The Riddles of Rama and Krishna യില്‍ ഡോ. അംബേദ്കര്‍ എഴുതുന്നുണ്ട്. സീതാപരിത്യാഗത്തെ മുന്‍നിര്‍ത്തിയുള്ള ഈ വിമര്‍ശനം രാമന്‍ ജനാധിപത്യ രാജാവായിരുന്നു എന്ന ബ്രാഹ്‌മണ്യവാദികളുടെ ആഖ്യാനത്തിനെതിരായതാണെന്ന് ഡോ. അംബേദ്കര്‍ വ്യക്തമാക്കുന്നു.
അന്നപൂരണിയും രാമനും
അയോദ്ധ്യാ രാമക്ഷേത്ര ഉദ്ഘാടന പശ്ചാത്തലത്തിലാണ് രാമനെ ശുദ്ധ സസ്യഭുക്കായി അവതരിപ്പിക്കാനുള്ള ശ്രമത്തിന് ആക്കം കൂടുന്നത്. നയന്‍താര പ്രധാന വേഷത്തിലെത്തിയ അന്നപൂരണിക്കെതിരായി ഹിന്ദുത്വര്‍ വിദ്വേഷമിളക്കിവിടാന്‍ കാരണവും മറ്റൊന്നല്ല. എന്നാല്‍ വാല്മീകി രാമായണം 'ശുദ്ധ സസ്യഭുക്കായ' ഒരു രാമനെയല്ല അവതരിപ്പിക്കുന്നത്.
വനവാസം ആരംഭിക്കുന്ന ഘട്ടത്തില്‍ വത്സരാജ്യത്തെത്തിയ രാമന്‍ നാലുതരം മഹാമൃഗങ്ങളെ വധിച്ചു എന്നും, വിശപ്പുള്ളവരായ അവര്‍ മാംസവുമായി വൃക്ഷമൂലത്തിലെത്തി എന്നും വാല്മീകി വിവരിക്കുന്നു:
'തൌ തത്ര ഹത്വാ ചതുരോ മഹാമൃഗാന്‍ / വരാഹമൃശ്യം പൃഷതം മഹാരുരും / ആദായ മേധ്യം ത്വരിതം ബുഭുക്ഷിതൌ / വാസായ കാലേ യയതുര്‍വനസ്പതിം (അയോദ്ധ്യാകാണ്ഡം, 52.102). രാമനെ തേടി ആശ്രമത്തിലെത്തിയ ഭരതാദികള്‍ക്ക് ഭരദ്വാജ മഹര്‍ഷി മാംസഭക്ഷണം അടങ്ങുന്ന വിരുന്നാണ് നല്‍കുന്നത്. സുരാപാനത്തില്‍ തത്പരര്‍ സുരാപാനം ചെയ്യട്ടെയെന്നും വിശപ്പുള്ളവര്‍ പായസവും, പാകം ചെയ്ത മാംസവും വേണ്ടുവോളം കഴിക്കട്ടെയെന്നും ഭരദ്വാജ മഹര്‍ഷി കല്പിച്ചു.
അന്നപൂരണി | PHOTO: FACEBOOK
ആടിന്റെ മാംസം, പന്നിമാംസം മുതലായവകൊണ്ടുള്ള പലവിധത്തിലുള്ള ഉപദംശങ്ങള്‍ ഭരദ്വാജന്‍ ഭരതാദികള്‍ക്ക് നല്‍കിയ വിരുന്നില്‍ ഉള്‍പ്പെടും
(''ആജൈശ്ചാപി ച വാരാഹൈര്‍ഷ്ഠാ നവരസംചയൈ : / ഫലനി ര്യൂഹസംസി ൈദ്ധ : സൂപൈര്‍ഗന്ധരസാന്വിതൈ :, അയോദ്ധ്യാകാണ്ഡം, 91.67)
നന്നായി വേവിച്ച മാന്‍, മയില്‍, കോഴി എന്നിവയുടെ മാംസവും (മൃഷ്ഠമാംസ ചയൈര്‍ വൃതാഃ പ്രതപ്ത പിഠരൈശ്ചാപി മാര്‍ഗമായൂര കുക്കുടൈ: , അയോദ്ധ്യാ കാണ്ഡം, 91.70-73) ഭരദ്വാജ മഹര്‍ഷി ഭരതാദികള്‍ക്കായി നല്‍കിയതായി വാല്മീകിരാമായണം സംശയലേശമെന്യേ വ്യക്തമാക്കുന്നു.
വനവാസസന്ദര്‍ഭത്തില്‍ പര്‍വതത്തില്‍നിന്ന് ഒഴുകിവരുന്ന നദിയെ കാണിച്ചുകൊണ്ട് രാമന്‍ സീതയ്ക്ക് മാംസം നല്‍കുന്ന ഒരു രംഗം വാല്മീകിരാമായണത്തില്‍ വര്‍ണിക്കുന്നുണ്ട്. 'ഇത് കൊള്ളാം, ഇത് നല്ല സ്വാദുള്ളത്, ഇത് തീയില്‍ പൊരിച്ചത് എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് രാമന്‍ സീതയ്ക്ക് മാംസാഹാരം കൊടുത്തത്': ''താം തദാ ദര്‍ശയിത്വാ തു മൈഥിലീം ഗിരിനിമ്‌നഗാം / നിഷസാദ ഗിരിപ്രസ്ഥേ സീതാം മാംസേന ഛന്ദയന്‍ /ഇദം മേധ്യമിദം സ്വാദു നിഷ്ടപ്തമിദമഗ്‌നിനാ ഏവമാസ്‌തേ ധര്‍മാത്മാ സീതയാ സഹ രാഘവ / അയോദ്ധ്യാകാണ്ഡം, 96.1-2)
മാനിന്റെ വേഷത്തില്‍ വന്ന മാരീചനെ വധിച്ചശേഷം, മറ്റൊരു മാനിനെ കൊന്നിട്ട് മാംസവുമെടുത്തുകൊണ്ട് ജനസ്ഥാനം ലക്ഷ്യമാക്കി നടക്കുന്ന രാമന്റെ ചിത്രം വാല്മീകി വരച്ചിടുന്നുണ്ട് :
''നിഹത്യ പൃഷതം ചാന്യം മാംസമാദയ രാഘവ:/ ത്വരമാണോ ജനസ്ഥാനം സസാരാഭിമുഖം തദാ'' (ആരണ്യകാണ്ഡം, 44.27)
സീതയെ അപഹരിക്കാനായി, പരിവ്രാജകവേഷം ധരിച്ചെത്തിയ രാവണനോട് സീത പറയുന്നത്, ''എന്റെ ഭര്‍ത്താവ് രുരുക്കളെയും രണ്ടുതരം മാനുകളെയും വരാഹങ്ങളെയും കൊന്ന് ധാരാളം മാംസവുമായി ഉടന്‍ എത്തുമെന്നാണ് '(ആരണ്യകാണ്ഡം, 47.17-23). മാംസം ഭക്ഷിച്ച് സന്തുഷ്ടനായി മടങ്ങാമെന്നാണ് ഇവിടെ സീത, പരിവ്രാജകനോടു പറയുന്നത്.
കബന്ധന്‍ രാമലക്ഷ്മണന്മാരോട്, പമ്പയില്‍ ചെന്നാല്‍ അവിടെ നിന്നും നെയ്യുരുളപോലെയുള്ള പക്ഷികളെയും പമ്പാജലത്തില്‍ നിന്നും തടിച്ച മത്സ്യങ്ങളെയും അമ്പെയ്തു കൊന്നെടുത്തു ചുട്ടുതിന്നാം എന്ന ഉപദേശവും നല്‍കുന്നുണ്ട് : ''ഘൃതപിണ്ഡോപമാന്‍ സ്ഥൂലാംസ്താന്‍ ദ്വിജാന്‍ ഭക്ഷയിഷ്യഥ :/രോഹിതാന്‍ വക്രതുണ്ഡാംശ്ച നളമീനാംശ്ച രാഘവ / പമ്പായാമിഷുഭിര്‍ മത്സ്യാംസ്തവ രാമ വരാന്‍ ഹതാന്‍/ നിസ്ത്വക്പക്ഷാനയസ്തപ്താ നകൃശാനൈകകണ്ടകാന്‍ /തവ ഭക്ത്യാ സമായുക്താ ലക്ഷ്മണഃ സംപ്രദാസ്യതി /ഭൃംശം താന്‍ ഖാതദോ മത്സ്യാന്‍ പമ്പായാഃ പുഷ്പസഞ്ചയേ (ആരണ്യകാണ്ഡം, 73.14-16).
രാമനാല്‍ കൂരമ്പേറ്റ് മരണാസന്നനായി കിടക്കുമ്പോള്‍, 'പഞ്ചനഖമുള്ള ജീവികളില്‍ മുള്ളന്‍പന്നി, പന്നി, ഉടുമ്പ്, മുയല്‍, ആമ എന്നിവകളെയാണ് ബ്രാഹ്‌മണര്‍ക്കും ക്ഷത്രിയര്‍ക്കും ഭക്ഷ്യയോഗ്യമായി വിധിച്ചി ട്ടുള്ളതെന്ന്' ബാലി പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്:
''പഞ്ച പഞ്ചനഖാ ഭക്ഷ്യാ ബ്രഹ്‌മക്ഷത്രേണ രാഘവ /ശല്യകഃ ശ്വവിധോ ഗോധാ ശശഃ കൂര്‍മശ്ച പഞ്ചമ : (കിഷ്‌കിന്ധാകാണ്ഡം, 17.39).
ഇത്തരത്തില്‍ രാമനും സീതയും മത്സ്യമാംസാദികള്‍ ഭക്ഷിച്ചിരുന്നതിന്റെ നിരവധി തെളിവുകള്‍ വാല്മീകിരാമായണത്തില്‍നിന്ന് ഉദ്ധരിക്കാന്‍ സാധിക്കും. കിഷ്‌കിന്ധാകാണ്ഡത്തിലെ മേലുദ്ധരിച്ച ശ്ലോകത്തി ല്‍നിന്ന് ബ്രാഹ്‌മണരും ക്ഷത്രിയരും മുള്ളന്‍പന്നി, പന്നി, ഉടുമ്പ്, മുയല്‍, ആമ എന്നിവകളെയും ഭക്ഷിച്ചിരുന്നതായും തെളിയുന്നു. മാംസം സ്വയം ഭക്ഷിക്കുക മാത്രമല്ല, ദേവതകള്‍ക്ക് ബലിനല്‍കാനായി രാമലക്ഷ്മണന്‍മാര്‍ ഉപയോഗിച്ചിരുന്നതിനും നിരവധി രേഖകള്‍ ലഭ്യമാണ്. രാവണനാല്‍ ജടായു ഹതനായ ശേഷം, ലക്ഷ്മണനോടു കൂടി കാട്ടില്‍ ചെന്ന് വലിയ മാനുകളെ കൊന്ന് (സ്ഥൂലാന്‍ ഹത്വാ മഹാ രോഹീനനുതസ്താര തം ദ്വിജം) മാംസം ശേഖരിച്ചുകൊണ്ടുവന്ന് അരിഞ്ഞ് ഉരുട്ടി (പിണ്ഡമാക്കി) രാമന്‍ ജടായുവിന് ബലിയിടുന്നുണ്ട് (ആരണ്യകാണ്ഡം, 68.32-34).
വനവാസത്തിനായി പോകവേ ഗംഗാനദി തരണം ചെയ്യുമ്പോള്‍, ''വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഗംഗാദേവിക്ക് ആയിരം മദ്യകുംഭങ്ങളും മാംസഭക്ഷണവും നല്‍കാമെന്ന് സീത പ്രാര്‍ത്ഥിക്കുന്നുമുണ്ട് (അയോദ്ധ്യാകാണ്ഡം). ഇങ്ങനെ നോക്കിയാല്‍ ശുദ്ധ സസ്യാഹാരികളായ രാമലക്ഷ്മണന്മാരെയോ സീതയെയോ വാല്മീകി രാമായണത്തില്‍ കാണാന്‍ കഴിയില്ല. ചുരുക്കത്തില്‍ അന്നപൂരണിക്കെതിരായ ഹിന്ദുത്വരുടെ വിദ്വേഷ കലാപങ്ങള്‍ രാമായണ പാഠങ്ങളിലെ യഥാര്‍ത്ഥ വസ്തുതകളെ തമസ്‌കരിച്ചുകൊണ്ട് മിഥ്യാചരിത്രബോധത്തെ സൃഷ്ടിക്കലാണ്. അതുവഴി ചരിത്രത്തില്‍ മാംസം ഭക്ഷിച്ചിരുന്ന രാമനെ വെജിറ്റേറിയനായി പരിവര്‍ത്തിപ്പിക്കാനാണ് രാഷ്ട്രീയ ബ്രാഹ്‌മണ്യര്‍ സത്യവിരുദ്ധമായി പരിശ്രമിക്കുന്നത്.
ഫലശ്രുതി :
വാല്മീകി രാമായണ പാഠത്തിലെ രാമന്‍ ഗോബ്രാഹ്‌മണ ഹിതാര്‍ത്ഥം വര്‍ത്തിക്കുന്ന ചാതുര്‍വര്‍ണ്യത്തിന്റെ സംരക്ഷകനാണ്. ഗുഹന് രാമനോട് സൗഹൃദം ഉണ്ടായിരുന്നിട്ട് കൂടി ഭക്ഷ്യ പേയങ്ങള്‍ വാങ്ങാന്‍ കൂട്ടാക്കാതിരുന്ന രാമന്റെ ധര്‍മം വര്‍ണധര്‍മമാണ്. രാമായണ പാഠങ്ങളിലെ വിവരങ്ങളനുസരിച്ച് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ദലിത് പിന്നോക്ക മുസ്ലീം സ്ത്രീ ജനവിഭാഗങ്ങള്‍ക്ക് വര്‍ണധര്‍മ പാലകനായ രാമന്‍ ആരാണെന്ന് സ്പഷ്ടമാണ്. ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങള്‍ക്ക് എതിരാണ് വര്‍ണധര്‍മവും അത് പാലിക്കുന്നവരും.