TMJ
searchnav-menu
post-thumbnail

Outlook

'ഹൂ റണ്‍സ് കോണ്‍ഗ്രസ്സും', സോളാറും

16 Sep 2023   |   4 min Read
കെ പി സേതുനാഥ്

സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടും, സിഎംആര്‍എല്‍ കമ്പനിയെക്കുറിച്ചുള്ള ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവും 1970-കളിലെ ഒരു ബെസ്റ്റ് സെല്ലറായിരുന്ന ഹൂ റണ്‍സ് കോണ്‍ഗ്രസ്സും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്നു പറയാം. അമേരിക്കന്‍ ജനപ്രതിനിധി സഭകളായ കോണ്‍ഗ്രസ്സും, സെനറ്റും കോര്‍പ്പറേറ്റുകള്‍ സ്വന്തം കൈപ്പിടിയിലൊതുക്കുന്ന പ്രക്രിയയെ വിവരിക്കുന്ന മാര്‍ക്ക് ജെ ഗ്രീനിന്റെ (Mark J Green) ഹൂ റണ്‍സ് കോണ്‍ഗ്രസ്സ് ഒരു ക്ലാസിക്കായി കരുതപ്പെടുന്നു. 1972-ല്‍ ആദ്യ പതിപ്പ് പുറത്തുവന്നതിനുശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒമ്പതു പതിപ്പുകള്‍ കൂടി പുറത്തിറക്കി അമേരിക്കയിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച കൃതി ജനാധിപത്യ രാഷ്ട്രീയ സംവിധാനം ആന്തരികമായി ജീര്‍ണ്ണിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. ജനാധിപത്യം ഒളിഗാര്‍ക്കിയായി മാറുന്നതിന്റെ രീതിശാസ്ത്രം തിരിച്ചറിയുന്നതിനുള്ള നേര്‍രേഖകളിലൊന്നായി കരുതാവുന്ന ഈ കൃതി പുറത്തു വന്നിട്ട് 52 വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ മാതൃക പിന്തുടരുന്ന കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നു. അമേരിക്കയില്‍ മാത്രമല്ല ലോകമാകെ 1960-കളിലും 70 കളുടെ തുടക്കത്തിലും പടര്‍ന്നുപിടിച്ച കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഹൂ റണ്‍സ് കോണ്‍ഗ്രസ്സ് ജനങ്ങളുടെ അധികാരം ജനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും അന്യമാവുന്ന സ്ഥിതിവിശേഷത്തെ മനസ്സിലാക്കുവാന്‍ സഹായിക്കുന്നു. മാത്രമല്ല വിവിധ രൂപഭാവങ്ങളിലുള്ള അധികാര ദുര്‍വിനിയോഗം തടയുവാനും ഇല്ലാതാക്കുവാനും നിയമപരമായി ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ അവയുടെ നേര്‍വിപരീതമായി മാറുന്നതിനെയും, പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങളും നല്‍കുന്നു.

കോര്‍പ്പറേറ്റുകള്‍ കവര്‍ന്നെടുത്ത അധികാരം ജനങ്ങള്‍ക്ക് തിരികെ പിടിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചുള്ള ആത്മവിശ്വാസം നിലനിര്‍ത്തുന്ന ആഖ്യാനശൈലി അര നൂറ്റാണ്ടിനുശേഷവും പുസ്തകത്തെ സമകാലികമാക്കുന്നു. അതോടൊപ്പം കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളില്‍ ജനാധിപത്യം കൂടുതല്‍ മ്ലേച്ഛവും, ജനവിരുദ്ധവുമായ നിലയിലേക്കു കൂപ്പുകുത്തിയതിന്റെ രേഖയായും അതിനെ കണക്കാക്കാവുന്നതാണ്. സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടാണ് ഗ്രീനിന്റെ കൃതി വീണ്ടും വായിക്കാനുള്ള അടിയന്തര പ്രേരണ. അവ തമ്മിലുള്ള ബന്ധം എന്താണെന്ന ചോദ്യം അപ്പോള്‍ സ്വാഭാവികമായും ഉയരും. ജനാധിപത്യത്തിന്റെ നെടുംതൂണുകളായി കരുതപ്പെടുന്ന ജനപ്രതിനിധി സഭകള്‍, ഭരണകൂട സംവിധാനം, ജുഡീഷ്യറി എന്നിവ പൊതുജന താല്‍പ്പര്യ സംരക്ഷണത്തിനു പകരം സ്വകാര്യതാല്‍പ്പര്യ സംരക്ഷകരായി മാറുന്നതിനെ അനാവരണം ചെയ്യുന്നതിനായി ഗ്രീനും കൂട്ടരും വികസിപ്പിച്ച രീതിശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തതയോടെ ചില കാര്യങ്ങള്‍ തെളിയുന്നു. ജനാധിപത്യപരമായി പൊതുജന താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നിയമപരിരക്ഷകളോടെ രൂപീകരിക്കപ്പെട്ട സംവിധാനങ്ങളും, സ്ഥാപനങ്ങളും കേരളത്തില്‍ പേരില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന തിരിച്ചറിവാണ് അതില്‍ പ്രധാനം. യഥാര്‍ത്ഥത്തില്‍ അവയുടെ പ്രവര്‍ത്തനം നേരെ വിപരീതദിശയിലാണ്. ആസൂത്രിതവും, സംഘടിതവുമായ നിലയില്‍ ജനാധിപത്യപരമായ നിയമപരിരക്ഷകളെ തകിടം മറിക്കുവാനുള്ള ഉപകരണങ്ങളും, സംവിധാനങ്ങളുമായി രാഷ്ട്രീയ പ്രവര്‍ത്തനം മാറിയെന്നതാണ് സുപ്രധാനമായ മറ്റൊരു തിരിച്ചറിവ്. ഈ തിരിച്ചറിവുകളെ വഴിതെറ്റിക്കാനും, മൂടിവെക്കാനും സഹായകമായ നിലയില്‍ ആശയപ്രചാരണത്തിനുള്ള പ്രധാന കക്ഷികളായി മുഖ്യധാര മാധ്യമങ്ങള്‍ മാറുന്ന പ്രക്രിയയും മറക്കാവുന്നതല്ല.

PHOTO: WIKI COMMONS
വിലയേറിയ സമ്മാനങ്ങള്‍, സൗജന്യമായ ആഡംബര യാത്രകള്‍, പണം, സ്ത്രീകള്‍ എന്നിവ ജനപ്രതിനിധികളെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള സുപ്രധാന മാര്‍ഗ്ഗങ്ങളായി ബഹുമാന്യത നേടിയതിനെപ്പറ്റി റാല്‍ഫ് നാടെര്‍ (Ralph Nader)* ആമുഖത്തില്‍ എഴുതിയതിനെ കൂടുതല്‍ വ്യക്തതയോടെ പുസ്തകത്തിന്റെ ഉള്ളടക്കം വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പുകളിലെ വിജയിത്തിനു പുറമെ പദവികളും, സ്ഥാനമാനങ്ങളും നിലനിര്‍ത്തുന്നതും ജീവിതലക്ഷ്യമായി കരുതുന്നവരാണ് ജനപ്രതിനിധികളില്‍ ഭൂരിഭാഗവും. അതിനായുള്ള ചരടുവലികളാണ് ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനം. വിവിധ തരത്തിലുള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ രാഷ്ട്രീയ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ വസ്തുനിഷ്ഠ സാഹചര്യം അങ്ങനെ സംജാതമാവുന്നു. 1970-കള്‍ക്കു ശേഷം അത്തരം പ്രവര്‍ത്തികള്‍ കൂടുതല്‍ ഗോപ്യമായ നിലയില്‍ അവധാനതയോടെ നടത്തിയെടുക്കുന്നതില്‍ നിപുണതയുള്ള ലോബിയിംഗ് സ്ഥാപനങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായി മാറി. റിപ്പബ്ലിക്കനെന്നോ, ഡെമോക്രാറ്റെന്നോ ഭേദമില്ലാതെ പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ശേഷിയുള്ള ലോബിയിംഗ് സ്ഥാപനങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവയാണ്. 2022-ലെ കണക്കനുസരിച്ച് 12,000-ത്തോളം പേര്‍ പണിയെടുക്കുന്ന 400 കോടി ഡോളറിന്റെ ബിസിനസ്സാണ് അമേരിക്കയിലെ നിയമവിധേയമായ ലോബിയിംഗ്.

സോളാറിലും, സ്വര്‍ണ്ണക്കടത്തിലും, ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റു റിപ്പോര്‍ട്ടിലുമെല്ലാം നാടെര്‍ ചൂണ്ടിക്കാട്ടിയ ഘടകങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ രീതി വ്യക്തമായി കാണാവുന്നതാണ്. അമേരിക്കന്‍ മുതലാളിത്തത്തിന്റെ കരുണയില്ലാത്ത കാര്യക്ഷമതക്കു പകരം മൂന്നാംലോക ദല്ലാള്‍ മുതലാളിമാരുടെ അവികസിതമായ ആക്രാന്തങ്ങള്‍ മാത്രമാണ് അവ തമ്മിലുള്ള വ്യത്യാസം. സോളാറുമായി ബന്ധപ്പെട്ട സിബിഐ കേസ് ഉദാഹരണമായി എടുക്കാം. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളിലും വിഴുപ്പലക്കുകളിലും ഏറ്റവും ദുര്‍ബലമായ ഒന്നായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാക്രമണം സംബന്ധിച്ച പരാതി. സ്വാഭാവികമായും തള്ളിപ്പോവുമായിരുന്ന കേസായതിനാല്‍ അതു സംബന്ധിച്ച സിബിഐ-റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നുമില്ല. പക്ഷെ അതോടെ സോളാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളെല്ലാം അപ്രസക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. സോളാര്‍ എനര്‍ജി പോലെ വളരെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു മേഖലയില്‍ സാമ്പത്തിക തിരിമറികളടക്കമുള്ള തട്ടിപ്പുകളില്‍ പങ്കാളികളാണെന്നു സംശയിക്കുന്ന രണ്ടു പേര്‍ക്ക് ഏതാണ്ട് രണ്ടു വര്‍ഷത്തോളം സൈ്വര്യവിഹാരം നടത്തുവാന്‍ ഭരണസംവിധാനം ബോധപൂര്‍വമായ സൗകര്യമൊരുക്കിയെന്നതാണ് സോളാര്‍ കേസിലെ സുപ്രധാന വസ്തുത. നയരൂപീകരണം, പദ്ധതി തയ്യാറാക്കല്‍, പദ്ധതി നിര്‍വഹണം, നടപ്പിലാക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഉത്തരവാദപ്പെട്ട ഒരു ഭരണസംവിധാനം പുലര്‍ത്തേണ്ട നിയമപരവും പ്രൊഫഷണലുമായ ചുമതലബോധത്തിന്റെ കണികപോലും സര്‍ക്കാര്‍ സംവിധാനങ്ങളും ടീം സോളാര്‍ എന്ന കമ്പനിയുമായി നടന്ന ഇടപാടുകളില്‍ കാണാനാവില്ല. അതിനുള്ള പ്രധാനകാരണം ടീം സോളാര്‍ എന്ന കമ്പനിയുടെ പ്രധാന നടത്തിപ്പുകാരായ വ്യക്തികള്‍ അന്നത്തെ മുഖ്യമന്ത്രിയും, മന്ത്രിമാരടക്കമുള്ള അന്നത്തെ ഭരണമുന്നണിയിലെ ഉന്നതരായ നേതാക്കളുമായി സ്ഥാപിച്ച സൗഹൃദ ബന്ധമായിരുന്നു.

SOLAR ENQUIRY AND OOMMEN CHANDY | PHOTO: PTI
കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ വിഷയമാണ് ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍. സൗരോര്‍ജ്ജമാണ് അതിലെ ഒരു നിര്‍ണ്ണായക ഘടകം. പബ്ലിക് പോളിസി എന്ന നിലയില്‍ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന അത്തരമൊരു വിഷയം സ്വകാര്യവ്യക്തികളുടെ ലാഭത്തിനുള്ള ഉപാധിയായി പരിവര്‍ത്തനപ്പെടുത്തിയതിന്റെ നാള്‍വഴികളാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാവുക. സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ മൂലധന നിക്ഷേപത്തിന്റെ 30 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. കേരളമടക്കം ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കാണ് 30 ശതമാനം സബ്സിഡി. ഹിമാചല്‍ പ്രദേശ് പോലുള്ള പ്രത്യേക ഗണത്തില്‍ വരുന്ന സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം വരെയാണ് സബ്സിഡി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ അംഗീകൃത കമ്പനികളിലൊന്നായി ടീം സോളാറിനെ അവരോധിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത കമ്പനിയെന്ന ലേബലില്‍ സോളാര്‍ എനര്‍ജി ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത വ്യക്തികള്‍ നടത്തുന്ന തട്ടിക്കൂട്ടു കമ്പനിയായ ടീം സോളാര്‍ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി പണം സമാഹരിക്കുകയും ചെയ്യുക എന്നതായിരുന്നു സോളാര്‍ കച്ചവടത്തിന്റെ ലസാഗു. പക്ഷെ അത്തരം പ്രവര്‍ത്തികള്‍ ഫലപ്രദമായി ഏറ്റെടുക്കുന്നതിനുള്ള മുന്‍പരിചയം, വൈദഗ്ധ്യം, പ്രാപ്തി എന്നിവ ടീം സോളാറിന് അന്യമായിരുന്നുവെന്ന പ്രാഥമികവിവരം ഭരണസംവിധാനത്തിന്റെ തലപ്പത്തെ വ്യക്തികള്‍ തിരിച്ചറിയാതെ പോവുകയെന്നത് സാധാരണഗതിയില്‍ സംഭവ്യമല്ല. വെറും ഗൂഗിള്‍ സെര്‍ച്ചിലൂടെ ബോധ്യപ്പെടുന്നതായിരുന്നു അക്കാര്യം. കമ്പനിയുടെ ഈ കഴിവില്ലായ്മകള്‍ക്കു നേരെ ഭരണസംവിധാനം ബോധപൂര്‍വം കണ്ണടക്കുകയായിരുന്നുവെന്ന് സോളാര്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തില്‍ ലഭ്യമായ രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവും. ഭരണസംവിധാനത്തിന്റെ മേധാവിയെന്ന നിലയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഭരണസംവിധാനമാകെ ദുരുപയോഗം നടത്തിയതാണ് ഈ കേസിലെ കുറ്റകൃത്യം. പൊതുജന താല്‍പ്പര്യമുള്ള വിഷയവും അതാണ്. ഈ വസ്തുതയാണ് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ഗുഢാലോചനകളെക്കുറിച്ചുള്ള മുറവിളികളില്‍ തമസ്‌ക്കരിക്കപ്പെടുന്നത്. നിയമസഭയിലെ ചര്‍ച്ചയും മുഖ്യധാരയിലെ മാധ്യമങ്ങളും അതിന് വേണ്ടുന്ന ഒത്താശ നല്‍കുന്നു.

സോളാര്‍ കേസില്‍ സംഭവിച്ചതുപോലെ കേരളത്തിലെ ഭരണസംവിധാനത്തിന്റെ പല തലങ്ങളില്‍ ആവര്‍ത്തിക്കുന്ന വീഴ്ച്ചകള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി അവഗണിക്കാനാവില്ലെന്ന് സംസ്ഥാനത്ത് നിരന്തരം ഉയരുന്ന സമാനമായ സ്‌കാന്‍ഡലുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സോളാര്‍ കേസില്‍ കുറ്റാരോപിതയായ വ്യക്തികളെ പോലെ സംശയത്തിന്റെ പശ്ചാത്തലമുള്ള സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യകുറ്റാരോപിതക്കും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതാധികാര കേന്ദ്രങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്നതിനുള്ള അവസരം ലഭിച്ചത് അതിനുള്ള തെളിവാണ്. സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് നല്‍കിയ ഉത്തരവിലെ ഉള്ളടക്കവും അത്തരത്തിലുള്ള അധികാര ദുര്‍വിനിയോഗങ്ങളുടെ മറ്റൊരു പതിപ്പായി കണക്കാക്കാവുന്നതാണ്. നിയമനിര്‍മ്മാണം, ഭരണനിര്‍വഹണം എന്നിവ ഒളിഗാര്‍ക്കിയുടെ താല്‍പ്പര്യ സംരക്ഷണം മാത്രമായി ചുരുങ്ങുന്നതിനെക്കുറിച്ച് ഹു റണ്‍സ് കോണ്‍ഗ്രസ്സ് നല്‍കിയ മുന്നറിയിപ്പ് ലോകമാകെ വ്യാപിച്ചതിന്റെ തെളിവായി കേരളത്തിലെ ഭരണസംവിധാനവുമായി ബന്ധപ്പെട്ട സ്‌കാന്‍ഡലുകളെയും കണക്കാക്കാവുന്നതാണ്. കുറഞ്ഞപക്ഷം കൂടുതല്‍ ആരോഗ്യപരമായ രാഷ്ട്രീയസംവാദങ്ങള്‍ രൂപപ്പെടുത്താന്‍ അത് സഹായിച്ചേക്കും.

*ഉപഭോക്തൃ സംരക്ഷണം, പരിസ്ഥിതി, കോര്‍പ്പറേറ്റ് കുറ്റങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ച്ചകള്‍ എന്നിവയെപ്പറ്റി ദശകങ്ങളായി എഴുതുകയും, സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നാടെര്‍ തന്റെ ആശയങ്ങളും, വീക്ഷണങ്ങളും കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി അമേരിക്കയില്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി നാലു തവണ മത്സരിച്ചിട്ടുമുണ്ട്.

#outlook
Leave a comment