
ഇന്ത്യക്കാര്‍ എന്തുകൊണ്ട് ജാതിയില്‍ അഭിമാനിക്കുന്നു
കേരളത്തിലെ പൊതുഇട പുരോഗമന മനുഷ്യരെ നോക്കിയാല്‍ തങ്ങളുടെ പുരോഗമനത്തിന്‍റെ തെളിവായി അവര്‍ ആദ്യം ഹാജരാക്കുന്ന സംഗതികളില്‍ ഒന്ന് തങ്ങള്‍ "പേരിലെ ജാതിവാല്‍" മുറിച്ച് കളഞ്ഞവര്‍ ആണെന്നാകും. ജാതിയും ജാതിവാലും അസാരം മോശം കാര്യം ആണെന്നാണല്ലോ ഈ മുറിയ്ക്കലില്‍ നിന്നും നമ്മള്‍ മനസിലാക്കേണ്ടത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയിലെ ജാതി ശ്രേണിയില്‍ ഒരാള്‍ എവിടെ ആണെങ്കിലും സ്വന്തം ജാതിയില്‍ അഭിമാനിക്കാന്‍ എന്തെങ്കിലും അവര്‍ കണ്ടെത്തുകയും സ്വന്തം ജാതിയില്‍ സന്തോഷിക്കുകയും ചെയ്യുക എന്നൊരു വൈരുധ്യവും നമുക്ക് കാണാവുന്നതാണ്. എന്തുകൊണ്ടാണ് ആളുകള്‍ ജാതി വ്യവസ്ഥ ഒരു മോശം കാര്യം ആണെന്ന് പറയുമ്പോള്‍ തന്നെ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എന്ന് വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
'Caste' എന്ന പദം ഉണ്ടായത് പോര്‍ച്ചുഗീസ് പദമായ ‘Casta’യില്‍ നിന്നാണ്. പോര്‍ച്ചുഗീസുകാര്‍ Casta എന്ന പദം ഉപയോഗിച്ചത് വംശം, ജനുസ്സ് എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ ആണ്. ഇന്ത്യയില്‍ Caste എന്നത് ജാതി എന്ന അര്‍ത്ഥത്തിലും വര്‍ണ്ണം എന്ന അര്‍ത്ഥത്തിലും വ്യവഹരിച്ച് വരുന്നു. ഋഗ്വേദത്തില്‍ പത്താം മണ്ഡലത്തിലെ പുരുഷ സൂക്തത്തില്‍ ആണ് വര്‍ണ്ണത്തെ കുറിച്ചുള്ള വ്യക്തമായ ഒരു പരാമര്‍ശം കാണുന്നത്. പുരുഷ സൂക്തം അനുസരിച്ച് ആദിമ പുരുഷന്‍റെ വായില്‍ നിന്ന് ബ്രാഹ്മണരും കൈകളില്‍ നിന്ന് ക്ഷത്രിയരും തുടയില്‍ നിന്ന് വൈശ്യരും പാദങ്ങളില്‍ നിന്ന് ശൂദ്രരും ഉണ്ടായി എന്നാണ്. വര്‍ണ്ണ വ്യവസ്ഥ അനുസരിച്ച് ഓരോ വര്‍ണ്ണത്തില്‍പ്പെട്ടവര്‍ക്കും അവരുടേതായ കര്‍മ്മങ്ങള്‍ ഉണ്ട്. അത് കൃത്യമായി ചെയ്‌താല്‍ അടുത്ത ജന്മത്തില്‍ അവര്‍ക്ക് മറ്റൊരു വര്‍ണ്ണത്തില്‍ പുനര്‍ജനിക്കാം. ഒരല്‍പം വിശദീകരണം ആവശ്യമുള്ള കാര്യമാണിത്.
REPRESENTATIVE IMAGE | WIKI COMMONS
വര്‍ണ്ണ വ്യവസ്ഥ അനുസരിച്ച് വര്‍ണ്ണങ്ങളെ ഉയര്‍ന്നത് താഴ്ന്നത്
എന്നൊരു സ്കെയിലില്‍ ആണ് അടയാളപ്പെടുത്തിയിട്ടുള്ളത്. വര്‍ണ്ണ സ്കെയില്‍ അനുസരിച്ച് ബ്രാഹ്മണ വര്‍ണ്ണം ഏറ്റവും മുകള്‍ തട്ടില്‍ വരുന്നു. ക്ഷത്രിയ വര്‍ണ്ണം ബ്രാഹ്മണ വര്‍ണ്ണത്തിന് അടിയിലും വൈശ്യ വര്‍ണ്ണം ക്ഷത്രിയ വര്‍ണ്ണത്തിന് താഴെയും വരുന്നു. ശൂദ്രവര്‍ണ്ണം മറ്റ് മൂന്നു വര്‍ണ്ണങ്ങള്‍ക്കും താഴെ വരുന്നു. സനാതന വര്‍ണ്ണ വ്യവസ്ഥ അനുസരിച്ച് എല്ലാവരും ആദ്യം ഭൂമിയില്‍ പിറക്കുക ശൂദ്രര്‍ ആയിട്ടാകും. ശൂദ്രര്‍ അവരുടെ വര്‍ണ്ണ കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്‌താല്‍ അടുത്ത ജന്മങ്ങളില്‍ അവര്‍ക്ക് വൈശ്യ ജന്മത്തില്‍ പുനര്‍ജനിക്കാന്‍ കഴിയും. വൈശ്യ ജന്മത്തില്‍ കൃത്യമായി വൈശ്യ കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ചാല്‍ വരും ജന്മങ്ങളില്‍ ക്ഷത്രിയ വര്‍ണ്ണത്തില്‍ പുനര്‍ജനിക്കാന്‍ കഴിയും. ക്ഷത്രിയ വര്‍ണ്ണത്തില്‍ സ്വന്തം കര്‍മ്മം കൃത്യമായി ചെയ്‌താല്‍ അടുത്ത ജന്മങ്ങളില്‍ അയാള്‍ക്ക് ബ്രാഹ്മണ വര്‍ണ്ണത്തില്‍ ജനിക്കാന്‍ കഴിയും. കേരളത്തിലെ ഒരു നേതാവ് ‘’അടുത്ത ജന്മത്തില്‍ അദ്ധേഹത്തിന് ബ്രാഹ്മണന്‍ ആയി ജനിക്കണം എന്ന് പറഞ്ഞത്’’ ചുമ്മാ അങ്ങ് പറഞ്ഞതല്ല. സനാതന വര്‍ണ്ണ വ്യവസ്ഥയില്‍ അതിനുള്ള സംവിധാനങ്ങള്‍ ഉണ്ട്. ബ്രാഹ്മണന്‍ ആയി പുനര്‍ജനിക്കുന്ന ആള്‍ ബ്രാഹ്മണ വര്‍ണ്ണത്തിന് പറഞ്ഞിട്ടുള്ള കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്‌താല്‍ അയാള്‍ മരണശേഷം ‘’ബ്രഹ്മത്തില്‍’’ ലയിക്കും. ബ്രഹ്മം എന്നത് ഈ പ്രപഞ്ചത്തിന്‍റെ ചൈതന്യം ആണ്. ബ്രഹ്മത്തില്‍ ലയിക്കുക എന്നതാണ് സനാതന വര്‍ണ്ണ വ്യവസ്ഥയുടെ തത്വം അനുസരിച്ച് മനുഷ്യര്‍ക്ക് നേടാന്‍ കഴിയുന്ന ഏറ്റവും പരമമായ പുണ്യം എന്നത്. ബ്രഹ്മത്തില്‍ ലയിക്കുന്നതോടെ ആളുകള്‍ പുനര്‍ജന്മം എന്ന പ്രക്രീയയില്‍ നിന്നും വിമോചിതരാകുന്നു. പിന്നീട് അവര്‍ക്ക് പുനര്‍ജന്മം ഇല്ല. അവര്‍ നിത്യമായി ബ്രഹ്മത്തില്‍ വസിക്കുന്നു.
ഗാന്ധിയെ പോലുള്ള ആളുകള്‍ വാദിക്കുന്നത് വര്‍ണ്ണ വ്യവസ്ഥ മികച്ച ഒരു സംവിധാനമായാണ്. അതില്‍ അന്യായമായ ഒന്നുമില്ല. വര്‍ണ്ണങ്ങള്‍ക്കിടയില്‍ മേല്‍ കീഴ് നിലകള്‍ ഇല്ല എന്നാണ്. ഓരോ വര്‍ണ്ണവും സമൂഹത്തിന്‍റെ പൊതുവായ ക്ഷേമത്തിന് വേണ്ടി അവരവരുടെ കര്‍മ്മം ചെയ്യുന്നു. സ്വകര്‍മ്മം കൃത്യമായി ചെയ്‌താല്‍ എല്ലാ വര്‍ണ്ണത്തില്‍പ്പെട്ടവര്‍ക്കും ബ്രഹ്മത്തില്‍ എത്താന്‍ കഴിയും. വര്‍ണ്ണം ഒരു വശത്ത് നില്‍ക്കുന്നു. മറുവശത്ത് പതിനായിരക്കണക്കിന് ജാതികള്‍ നില്‍ക്കുന്നു. ഒരു ജാതി മറ്റൊരു ജാതിയെ തൊടില്ല. ഒരുവനെ തൊട്ടാല്‍ മറ്റൊരുവന്‍ കുളിക്കുന്നു. ഒരുത്തന്‍ മറ്റൊരുത്തന് ഒപ്പം ആഹാരം കഴിക്കില്ല. ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരേ വിവാഹം കഴിക്കില്ല. ചിലരെ പൊതുവഴിയില്‍ കൂടി പോലും സഞ്ചരിക്കാന്‍ സമ്മതിക്കില്ല. ഇങ്ങനെ പോകുന്നു ജാതിക്കകത്തെ ലീലാവിലാസങ്ങള്‍. എല്ലാവര്‍ക്കും ഗുണകരമായ വര്‍ണ്ണ വ്യവസ്ഥ എന്നത് ജാതി വ്യവസ്ഥക്കകത്ത് എത്തുമ്പോള്‍ ആകെ കുഴപ്പങ്ങള്‍ ആകുന്നതായി കാണാം. ഈ പ്രശ്നത്തെ സനാതന വര്‍ണ്ണ വ്യവസ്ഥക്കാര്‍ എങ്ങനെയാണ് സൈദ്ധാന്തികമായി പരിഹരിക്കുന്നത് എന്ന് നോക്കാം.
മഹാത്മാ ഗാന്ധി | PHOTO : WIKI COMMONS
വര്‍ണ്ണ വ്യവസ്ഥയാണ് ആദ്യം ഉണ്ടായത്. ജാതി വ്യവസ്ഥ പിന്നീട് ഉണ്ടായ ഒരു തിന്മയാണെന്നാണ് സനാതന വര്‍ണ്ണ വ്യവസ്ഥയുടെ വക്താക്കള്‍ പറയുന്നത്. പ്രസിദ്ധ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആയ എം എന്‍ ശ്രീനിവാസിന്‍റെ ‘’അധീശ ജാതികള്‍’’ എന്ന സങ്കല്‍പ്പത്തെ നമ്മള്‍ സ്വീകരിക്കുകയാണെങ്കില്‍ ഓരോ പ്രദേശത്തുമുള്ള അധീശ ജാതികള്‍ തങ്ങളുടെ സാമൂഹ്യ അധികാരത്തിനനുസരിച്ച് ഏതെങ്കിലും വര്‍ണ്ണങ്ങള്‍ സ്വീകരിക്കുകയോ, അല്ലെങ്കില്‍ പെട്ട് പോവുകയോ ആവണം സംഭവിച്ചിരിക്കുക. വര്‍ണ്ണം ആദ്യം ഉണ്ടായി ജാതി പിന്നീട് ഉണ്ടായി എന്നതില്‍ വലിയ കാര്യം ഉള്ളതായി തോന്നുന്നില്ല.വര്‍ത്തമാന ഇന്ത്യയില്‍ നമ്മള്‍ കാണുന്ന മൂര്‍ത്തമായ സത്യം എന്നത് ജാതിയാണ്. ജാതികള്‍ക്കിടയില്‍ സാമൂഹ്യമായ അസമത്തം ഉണ്ട്താനും. മാത്രമല്ല വര്‍ണ്ണ വ്യവസ്ഥയില്‍ പെടാത്ത അസ്പൃശ്യ ജാതികളും ഉണ്ട്. വര്‍ണ്ണ വ്യവസ്ഥക്കകത്ത് പെടുന്ന ജാതികള്‍, വര്‍ണ്ണ വ്യവസ്ഥക്കകത്ത് പെടാത്ത ജാതികള്‍, അവര്‍ണ്ണ ജാതികളില്‍ തന്നെയുള്ള അസ്പൃശ്യര്‍, ഇങ്ങനെ പോകുന്നു ഹിന്ദു ജാതിവ്യവസ്ഥ. 1950ലെ ഒരു കേന്ദ്ര ഓര്‍ഡിനന്‍സ് പ്രകാരം ക്രിസ്ത്യാനികളും മുസ്ലീമുകളും അല്ലാത്ത എല്ലാവരും ഹിന്ദുക്കള്‍ ആണെന്ന് പറഞ്ഞപ്പോള്‍ വര്‍ണ്ണം ഉള്ളവരും വര്‍ണ്ണം ഇല്ലാത്തവരും അവരിലെ അസ്പൃശ്യ ജാതികളും ഹിന്ദുക്കള്‍ ആയി. ആര്‍ട്ടിക്കിള്‍ 17ലൂടെ അസ്പൃശ്യത ഭരണഘടന നിരോധിക്കുകയും ചെയ്തതിനാല്‍ തത്വത്തില്‍ ഇന്ന് എല്ലാ ഹിന്ദുക്കളും നിയമത്തിന് മുന്‍പില്‍ സമന്മാര്‍ ആണ്. എന്നാൽ ഇന്നും ഇന്ത്യയില്‍ ജാതി വിവേചനം നിലനില്‍ക്കുന്നു എന്നതിന്‍റെ അടയാളമാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ഇന്നും കോടതികളില്‍ പ്രയോഗിക്കപ്പെടുന്നു എന്നത്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ക്ക് മേലെ കേസുകളാണ് ഈ ആക്റ്റ് പ്രകാരം ഇന്ത്യന്‍ കോടതികളില്‍ എത്തുന്നത്.പരാതിപ്പെടാതെ പോകുന്നവ, പരാതിപ്പെട്ടാല്‍ തന്നെ പോലീസ് സ്റ്റേഷനില്‍ സ്വീകരിക്കപ്പെടാതെ പോകുന്നവ, സ്വീകരിക്കപ്പെട്ടാല്‍ തന്നെ ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഉള്ള ഒത്തുതീര്‍പ്പിലൂടെ പിന്‍വലിക്കപ്പെടുന്ന പരാതികള്‍ ഒക്കെ കൂടി കണക്കിലെടുത്താല്‍ കോടതിയില്‍ എത്തുക ആയിരത്തില്‍ ഒന്നൊക്കെ ആകും. ഈ ആക്ടിന്‍റെ രണ്ടാം അധ്യായത്തില്‍ എന്താണ് atrocity എന്ന് വ്യക്തമാക്കുന്നത് വായിച്ചാല്‍ നമ്മുടെ രാജ്യത്തെ ജാതിയുടെ പ്രയോഗത്തെ പറ്റിയുള്ള ഒരു ധാരണ ലഭിക്കും. ഗാന്ധിജി അസ്പൃശ്യ ജാതികളോട് പറഞ്ഞത് "നിങ്ങള്‍ സ്വകര്‍മ്മം മടിയോ മടുപ്പോ എതിര്‍പ്പോ ഇല്ലാതെ ചെയ്‌താല്‍ നിങ്ങള്‍ക്കും ബ്രഹ്മത്തില്‍ എത്താം" എന്നാണ്. ഗാന്ധിജിയുടെ ആദര്‍ശ ഭാംഗി എന്ന ലേഖനം വായിക്കുമല്ലോ.
സനാതന വര്‍ണ്ണ- ജാതി വ്യവസ്ഥ അനുസരിച്ച് ഒരാള്‍ ഏത് ജാതിയില്‍ ജനിക്കുന്നു,അയാള്‍ക്ക് ഉണ്ടാകുന്ന ജാതി അനുഭവങ്ങള്‍ എന്താണ് എന്നത് അയാളുടെ തന്നെ പൂര്‍വ്വ ജന്മ കര്‍മ്മങ്ങളെ അനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്.അതായത് നമ്മളോട് ഒരാള്‍ ജാതീയമായ വിവേചനം കാണിച്ചാലും അത് നമ്മുടെ കുറ്റമാണ്. ജാതിയുടെ കളി നിയമങ്ങള്‍ (മനുസ്മൃതി പോലുള്ള ധര്‍മ്മ ശാസ്ത്രങ്ങള്‍ വായിക്കുക) അനുസരിച്ച് ജാതിവാദി അയാളുടെ ജാതിക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. സ്മൃതിയുടെ മൂല്യബോധത്തിനകത്ത് അയിത്തം ഒരു കുറ്റമല്ല. ഇന്ത്യയില്‍ ജാതി വിവേചനം ഒരു കുറ്റം ആകുന്നത് ഭരണഘടന അത് നിരോധിചിട്ടുള്ളത് കൊണ്ട് മാത്രമാണ്. സ്മൃതികള്‍ ആര്‍ഷഭാരത സംസ്കാരത്തിന്‍റെ അടിസ്ഥാന ശിലകള്‍ ആണെന്ന വാദം ഉയര്‍ത്തുന്നവരോട് കൂട്ട് കൂടുന്ന പട്ടികജാതി മനുഷ്യര്‍ ആഴത്തില്‍ ആലോചിക്കേണ്ട കാര്യം സ്മൃതികള്‍ നിശ്ചയിച്ചിട്ടുള്ള ശ്രേണീകൃതമായ ജാതി വ്യവസ്ഥയില്‍ നിങ്ങളുടെ സ്ഥാനം എവിടെയാണ് എന്നതാണ്. ഒരാള്‍ക്ക് അയാള്‍ പട്ടികജാതിക്കാരന്‍ ആണെങ്കില്‍ താത്വികമായിട്ടെങ്കിലും സ്വഭിമാനത്തോടെ അയാളൊരു ഹിന്ദു ആണെന്ന് പറയാന്‍ കഴിയുന്നത് ഇന്ത്യന്‍ ഭരണഘടന ഉള്ളത് കൊണ്ടാണ്. അല്ലാതെ സ്മൃതികള്‍ ഉള്ളത് കൊണ്ടല്ല.
ഇന്ത്യന്‍ ഭരണഘടന | PHOTO : WIKI COMMONS
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ദുര്‍ബലമാവുകയും ആള്‍ക്കൂട്ട നിയമം കയ്യിലെടുക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഏറ്റവും ഭീകരമായ രീതിയില്‍ ജാതി വിവേചനങ്ങള്‍ തിരികെ വരുന്നു എന്ന് സൂചിപ്പിക്കുന്ന നിരവധി വാര്‍ത്തകളാണ് ദിവസേനെ അവിടങ്ങളില്‍ നിന്നും വരുന്നത്. ഇവിടെയാണ് ആര്‍ഷഭാരത ഹിന്ദുത്വത്തെ മുന്‍നിര്‍ത്തിയിട്ടുള്ള ഒരു ദേശഭാവനയും ഭരണഘടനയുടെ മൂല്യബോധത്തില്‍ സംഘടിപ്പിച്ചിട്ടുള്ള “പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്” എന്ന ആശയവും തമ്മില്‍ വൈരുദ്ധ്യത്തില്‍ ആകുന്നത്. എല്ലാ മതസ്ഥര്‍ക്കും എല്ലാ ജാതിക്കാര്‍ക്കും തുല്യമായ ഇടമുള്ള രാഷ്ട്രഭാവനയ്ക്ക് വെളിയിലാണ് സ്മൃതിബദ്ധമായ ഹിന്ദുത്വ ദേശഭാവന. ഈ വൈരുദ്ധ്യം ഇന്ത്യയിലെ പട്ടികജാതികള്‍ തിരിച്ചറിയണം. ജാതി വിവേചനം ഹിന്ദുത്വ ദേശഭാവനക്കകത്ത് ഒരാളുടെ സ്വധര്‍മ്മത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്.
ജാതീയമായ വിവേചനങ്ങള്‍ ഏറ്റവും മൂര്‍ത്തമായി ഇന്നും ഇന്ത്യയില്‍ തുടരുമ്പോള്‍ എന്തുകൊണ്ടാണ് അതിന്‍റെ ഇരകളാക്കപ്പെടുന്ന ജാതികള്‍ പോലും നിശബ്ദര്‍ ആയി നില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം. ജാതി വ്യവസ്ഥയുടെ ക്ലാസ്സിക്ക് കാലത്ത് (Colonial and Pre-colonial കാലങ്ങളില്‍) ജാതി വിവേചനം ഒരു സമൂഹ്യബാധ്യതയായിട്ടാണ് വ്യക്തിയും സമൂഹവും കണ്ടത്. കേരളത്തിലെ പൊതു പാതകളില്‍ വച്ച തീണ്ടല്‍ പലകകള്‍ അതേപടി നിലനിര്‍ത്തുക എന്നത് തങ്ങളുടെ സാമൂഹ്യ ധര്‍മ്മമായാണ് ജാതിവാദികള്‍ കണ്ടത്. യാതൊരു കുറ്റബോധവും ഇല്ലാതെയാണ് അവര്‍ ജാതി വിവേചനം പാലിച്ചത്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനയും നിയമവാഴ്ചയും വന്നപ്പോള്‍ ജാതി വിവേചനം ഒരു വ്യക്തിയുടെയൊ അയാളുടെ കുടുംബത്തിന്‍റെയൊ ഒരു കുറ്റമോ സ്വഭാവത്തിലുള്ള അപഭ്രംശമോ ആയാണ് സമൂഹം കരുതിയത്. ജാതി വിവേചനത്തെ സാമൂഹ്യ അംഗീകാരം ഉള്ള ഒന്നായി ആരും കുറഞ്ഞ പക്ഷം പരസ്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍ വര്‍ത്തമാന ഇന്ത്യയില്‍ ജാതി വിവേചനവും അന്യമത പീഡനവും സാമൂഹ്യ അംഗീകാരത്തോടെ നടത്തപ്പെടുന്ന ദേശീയ വിനോദങ്ങള്‍ ആണെന്ന മട്ടിലാണ് നിര്‍വഹിക്കപ്പെടുന്നത് എന്ന് കരുതാവുന്നത്ര ദുര്‍ബലമാണ് ഇത്തരം സംഗതികള്‍ക്ക് എതിരെ അവിടങ്ങളില്‍ നിന്നും ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും പട്ടികജാതികളില്‍ നിന്നും മറ്റിതര പിന്നാക്ക ഹിന്ദുക്കളില്‍ നല്ലൊരു പിന്തുണ ആര്‍ഷഭാരത ഹിന്ദുത്വ തത്വശാസ്ത്രത്തിന് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് പരിശോധിക്കുമ്പോള്‍ ആണ് അംബേദ്‌കര്‍ മുന്നോട്ട് വച്ച ശ്രേണീകൃത അസമത്തം (Graded Inequality) എന്ന ആശയത്തിന്‍റെ മര്‍മ്മം നമുക്ക് തിരിച്ചറിയാന്‍ കഴിയുക.
അംബേദ്‌കര്‍ | PHOTO : WIKI COMMONS
ജാതി വ്യവസ്ഥക്കകത്ത് ഓരോ ജാതിക്കും അവരുടെതായ ഒരിടം ആ സംവിധാനം അനുവദിച്ച് കൊടുക്കുന്നുണ്ട്. ബ്രാഹ്മണര്‍ ഏറ്റവും മുകളില്‍ നില്‍ക്കുമ്പോള്‍ തന്നെ അവരിലെ ഉപജാതി വിഭാഗങ്ങള്‍ പരസ്പരം ഞാന്‍ മുന്‍പില്‍ നീ താഴെ എന്നൊരു വാദം മുന്നോട്ട് വയ്ക്കുന്നുണ്ട്. തങ്ങളില്‍ ആരാണ് മുന്‍പര്‍ എന്നൊരു തര്‍ക്കം അവര്‍ക്കിടയില്‍ ഉണ്ട്. ഈ തര്‍ക്കത്തില്‍ വിജയിക്കാന്‍ അവര്‍ പലവിധ താത്വിക വിചാരങ്ങളും മുന്നോട്ട് വയ്ക്കുന്നു. ഇത് തന്നെയാണ് എല്ലാ ജാതികള്‍ക്കിടയിലും ഉള്ളത്. ഒരു ജാതി മറ്റുള്ളവരെ അപേക്ഷിച്ച് കീഴാളം ആയി നില്‍ക്കുമ്പോഴും അവര്‍ തങ്ങള്‍ക്ക് താഴെ ചില ജാതികളെ സാമൂഹ്യമായി താഴ്ന്നത് ആയി പ്രതിഷ്ഠിക്കുകയും അവരുടെ മേല്‍ തങ്ങളാല്‍ കഴിയും വിധം ജാതി വിവേചനം നടത്തുകയും ചെയ്യുന്നു. ഇവിടെ തങ്ങള്‍ക്ക് മേലെ ഉള്ളവരോട് വിധേയത്തം കാണിക്കുകയും തങ്ങള്‍ക്ക് താഴെ ഉള്ളവര്‍ എന്ന് കരുതപ്പെടുന്നവരോട് അധീശത്തം കാണിക്കുകയും ചെയ്യുന്നു. വിധേയത്തം അനുഭവിക്കുമ്പോള്‍ ഉള്ള അപകര്‍ഷത അധീശത്തം കാണിക്കുന്നതിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നു. അധീശത്തവും അപകര്‍ഷതയും തുല്യമായി നിലനിര്‍ത്തി ഓരോ ജാതികളും ജാതി വ്യവസ്ഥക്കകത്ത് തങ്ങളുടേതായ ഒരു ഇടവും മാനസികമായ ഒരു സന്തുലിതാവസ്ഥയും നേടുന്നു. അതായത് ഹിന്ദു ജാതി വ്യവസ്ഥക്കകത്ത് ഓരോ ജാതികളും സാമൂഹ്യ ശ്രേണിയില്‍ പല തട്ടുകളില്‍ ആയാണ് നിലനില്‍ക്കുന്നത്. ശ്രേണികൃത അസമത്തം ഉള്ളതിനാല്‍ ആണ് ഹിന്ദു ജാതി വ്യവസ്ഥയ്ക്ക് സ്വയം തകരാതെ നില്ക്കാന്‍ കഴിയുന്നത്. ശ്രേണികൃത അസമത്തത്തിന്‍റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് പട്ടികജാതിക്ക് അകത്തുള്ള ജാതികള്‍ പോലും പരസ്പരം ജാതി വിവേചനങ്ങള്‍ കാണിക്കുന്നു എന്നത് ഓര്‍ക്കുമല്ലോ. അതായത് ജാതി വ്യവസ്ഥയ്ക്ക് അകത്ത് ഇരയും വേട്ടക്കാരനും ആയി ഒരുപോലെ തുടരാനുള്ള അവസരം ഓരോ ജാതിക്കും ഉണ്ട്. ശ്രേണികൃത അസമത്തത്തെ മറികടക്കാനുള്ള രാഷ്ട്രീയബോധം ആര്‍ജ്ജിച്ചാല്‍ മാത്രമേ ജാതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമാകൂ.
ശ്രേണികൃത അസമത്തം ഉപയോഗപ്പെടുത്തികൊണ്ടാണ് ഒരു വശത്ത് ജാതീയമായ അപമാനങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ സ്വന്തം ജാതിയില്‍ അഭിമാനിക്കാനും മറ്റുള്ളവരെ ഇകഴ്ത്താനും നമുക്ക് കഴിയുന്നത്. ജാതി ശ്രേണിയില്‍ നിങ്ങള്‍ ഏറ്റവും താഴെ ആണെങ്കില്‍, മറ്റൊരാളെ നിങ്ങള്‍ക്ക് താഴെ പ്രതിഷ്ഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നിങ്ങളെ നിങ്ങളുടെ മതത്തില്‍ നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അന്യമത ധ്വംസനം നിങ്ങളുടെ സ്വധര്‍മ്മം ആണെന്ന് പഠിപ്പിക്കല്‍. നാട്ടില്‍ എവിടെയെങ്കിലും അയിത്തമോ അസ്പൃശ്യതയൊ ഉണ്ടാകുമ്പോള്‍ അതിനോട് പ്രതികരിച്ച് സ്വന്തം ജാതി മാഹാത്മ്യം കളയാന്‍ ഒരു ജാതിക്കാരനും തയ്യാറാകില്ല. മിണ്ടാതിരുന്നാല്‍ സാങ്കല്‍പ്പികമായ തങ്ങളുടെ ജാതി മേന്മയെന്ന കുമിളയ്ക്കുള്ളില്‍ സുഖമായി കഴിയാം എന്ന് ഓരോ ജാതിക്കാരും കരുതുന്നു. അംബേദ്‌കറും ഫൂലെയും പെരിയാറും ഇയ്യോതി ദാസും അച്യുതാനന്ദനുമൊക്കെ ജാതി വിവേചനത്തെ സാമൂഹ്യമായ ഒരു തിന്മയായി കരുതിയാണ് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ന് ജാതി വിവേചനമെന്നത് അത് അനുഭവിക്കുന്ന വ്യക്തി മാത്രം അനുഭവിക്കേണ്ട ഒന്നായാണ് സമൂഹം കരുതുന്നത്. ഒരു സമൂഹം മുഴുവനായി നിന്നുകൊണ്ട് ജാതി വിവേചനം നടത്തുകയും അതൊരു വ്യക്തിക്ക് ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന ദു:സ്ഥിതി, വര്‍ത്തമാന ഇന്ത്യയില്‍ ഉള്ളതാണ്. ജാതി ഒരു സാമൂഹ്യ പ്രശ്നമാണ്, അതിന്‍റെ പരിഹാരം രാഷ്ട്രീയമാണ് എന്ന് അംബേദ്‌കര്‍ ഗാന്ധിയോട് പറഞ്ഞതിന്‍റെ പൊരുള്‍ ഒരു കീഴാള ജാതിക്കാരന്‍ കണ്ണടച്ചാല്‍ അയാള്‍ക്ക് ചുറ്റുമുള്ള ജാതി പോകില്ല എന്ന് തന്നെയാണ്. സവര്‍ണ്ണരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നതിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഒരു ഹിന്ദു ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു ഗാന്ധിക്ക് ജാതിവിവേചനം, എന്നാല്‍ സവര്‍ണ്ണ ജാതിക്കാര്‍ക്ക് സ്വയം മാറാന്‍ യാതൊരുവിധ ഉത്തേജനവും ഇല്ലെന്ന നിലപാടായിരുന്നു അംബേദ്കര്‍ക്ക് ഉണ്ടായിരുന്നത്. അംബേദ്‌കര്‍ ആണ് ശരിയെന്നാണ് വര്‍ത്തമാന ഇന്ത്യന്‍ ജാതി വ്യവഹാരങ്ങള്‍ സൂചിപ്പിക്കുന്നത്.


