എന്തുകൊണ്ട് ബംഗ്ലാദേശ് പ്രക്ഷോഭം ചര്‍ച്ച ചെയ്യപ്പെടണം?
1971 ലെ കിഴക്കന്‍ പാക്കിസ്ഥാന്‍ ഇന്ന് കാണുന്ന ബംഗ്ലാദേശായി മാറുന്നതും അതേ തുടര്‍ന്ന് ഉണ്ടാകുന്ന കലാപങ്ങളും കോലാഹലങ്ങളും ഗുരുസാഗരം എന്ന നോവലില്‍ അതിന്റെ ഭീകരത ഒട്ടും തന്നെ ചോര്‍ന്നു പോകാതെ ഒ.വി വിജയന്‍ അവതരിപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം. ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ബംഗ്ലാദേശില്‍ ഇന്ന് അരങ്ങേറുന്ന വിഷയങ്ങള്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഏത് ആശയധാരയില്‍ വിശ്വസിക്കുന്ന മനുഷ്യനായാലും അവിടെ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുവാന്‍ തീരെ ആശങ്കപ്പെടേണ്ടതില്ല. അതില്‍ കേവലം സാങ്കേതികത്വം തിരയേണ്ടതുമില്ല. 1971 ല്‍ ആ രാജ്യം ഏതുതരം ഭീകര അന്തരീക്ഷത്തില്‍ ആയിരുന്നുവോ അതെ നിലയില്‍ തന്നെ ഉള്ള പ്രതിഷേധങ്ങള്‍ ഇന്നും ആ രാജ്യത്ത് അരങ്ങേറുന്നു. പാക്കിസ്ഥാന്റെ അധീനതയില്‍ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുജീബുര്‍ റഹ്മാന്റെ മകളും ഇതേ മകള്‍ തന്നെ നേതൃത്വം നല്‍കുന്ന അവാമി ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുമാണ് ഇന്നും പ്രതിഷേധത്തിന്റെ ഒരു വശത്ത് നില്‍ക്കുന്നത്. ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ആരംഭിച്ച പ്രതിഷേധം ഇന്ന് ആ രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന നിലയില്‍ എത്തിയിരിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ ഈ പ്രക്ഷോഭത്തിന്റെ പിന്നാമ്പുറ കരുനീക്കങ്ങളെക്കുറിച്ചും മനസിലാക്കേണ്ടത് വളരെ ആവശ്യമാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തില്‍ പാക്കിസ്ഥാന്‍ രണ്ട് കഷണങ്ങളായി ആയിരുന്നു രൂപീകരിച്ചത്. ഇതില്‍ ബംഗാള്‍ സംസ്‌കാരം പിന്തുടരുന്ന മനുഷ്യര്‍ കൂടുതലായി അധിവസിച്ചിരുന്ന പ്രദേശമായിരുന്നു കിഴക്കന്‍ പാക്കിസ്ഥാന്‍. ഈ മേഖലയെ വെസ്റ്റ് പാക്കിസ്ഥാന്‍ ഭരണകൂടം തീരെ ശ്രദ്ധിച്ചിരുന്നില്ല. മാത്രമല്ല ഈ പ്രദേശത്ത് അവാമി ലീഗ് നേടിയ വിജയത്തെ പാക്കിസ്ഥാനിലെ പട്ടാള ഭരണകൂടം അംഗീകരിച്ചിരുന്നുമില്ല. തങ്ങളുടെ സ്വത്വം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ പാക്കിസ്ഥാനിലെ ജനത അവാമി ലീഗിന്റെയും മുജീബുര്‍ റഹ്മാന്റെയും കീഴില്‍ അണിനിരന്നു.
SHEIKH MUJIBUR RAHMAN | PHOTO : WIKI COMMONS
ഇന്ത്യ എന്ന അയല്‍ രാജ്യത്തിന്റെയും ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രിയുടെയും പിന്തുണയോട് കൂടിയും ബംഗ്ലാദേശ് ആ യുദ്ധം വിജയിച്ചു. തുടര്‍ന്ന് അവാമി ലീഗ് എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം ഇന്ത്യയുമായി വളരെ മികച്ച ബന്ധമാണ് വച്ചുപുലര്‍ത്തിയത്. ഇതിന്റെ ഇടയില്‍ ഇന്ത്യയോടൊപ്പം തന്നെ സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളിലും സംഭവിച്ചത് പോലെ എന്നാല്‍ ഇന്ത്യയില്‍ ഒരിക്കല്‍പോലും സംഭവിക്കാത്തത് പോലെയുള്ള ഒരു സംഗതി ബംഗ്ലാദേശിലും ഉണ്ടായി, അതാണ് ഭരണ അട്ടിമറി. ഈ അട്ടിമറിയില്‍ മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെടുകയും ചെയ്തു. മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ എല്ലാം നിലവില്‍ ബംഗ്ലാദേശ് എന്ന രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചവയാണ് എന്ന് ഗഹനമായി പഠിച്ചാല്‍ നമുക്ക് മനസ്സിലാകും.
1971 ലെ യുദ്ധത്തില്‍ മുക്തി ബാഹിനി എന്ന അര്‍ദ്ധ സൈനിക വിഭാഗം വഹിച്ച പങ്ക് ചെറുതല്ല. ഇവരുടെ കൂടെ പോരാട്ടത്തിനൊടുവില്‍ 1971 ല്‍ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം രൂപീകൃതമായി. സ്വാതന്ത്ര്യാനന്തരം മുക്തിബാഹിനിയില്‍ പ്രവര്‍ത്തിച്ചുപോന്ന ആളുകള്‍ക്ക്, അല്ലെങ്കില്‍ ബംഗ്ലാദേശ് ലിബറേഷന് വേണ്ടി പ്രവര്‍ത്തിച്ച ആളുകള്‍ക്ക് ബംഗ്ലാദേശിലെ സര്‍ക്കാര്‍ ജോലിയുടെ 30% സംവരണം ഏര്‍പ്പെടുത്തുന്ന നിലയുണ്ടായി. ഇത് മുക്തിബാഹിനിയിലെ അംഗങ്ങളുടെ സേവനങ്ങള്‍ക്ക് ആ രാഷ്ട്രം നല്‍കിയ പിന്തുണയാണ്. പക്ഷെ പിന്നീട് സ്വാതന്ത്ര്യ പോരാളികള്‍ക്ക് മാത്രമല്ല അവരുടെ വരും തലമുറകള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കുന്ന ഇടയുണ്ടായി. ഈ സംവരണ വ്യവസ്ഥ ബംഗ്ലാദേശ് എന്ന ഗ്ലോബല്‍ സൗത്ത് രാജ്യത്ത് നിരവധിയായ വിഷയങ്ങള്‍ ഉണ്ടാക്കി.
MUKTHI BAHINI | IMAGE : WIKI COMMONS
തൊഴിലില്ലായ്മ എന്നത് ആഗോളതലത്തില്‍ തന്നെ യുവജനതയെ അലട്ടുന്ന ഒരു വിഷയമാണ്. വളരെ കഷ്ടപ്പെട്ട് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയശേഷം തങ്ങള്‍ക്ക് അര്‍ഹിച്ച ജോലി ലഭിക്കുന്നില്ല എന്നത് വിദ്യാര്‍ത്ഥികളില്‍ വലിയ അനിശ്ചിതത്വം വഴിതെളിക്കും. അങ്ങനെയുള്ളപ്പോള്‍ ഒരു നല്ല ജീവിതം നയിക്കാനുള്ള മാര്‍ഗമായി കാണപ്പെടുന്ന സര്‍ക്കാര്‍ ജോലിയിലും തങ്ങള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന ബോധ്യം വിദ്യാര്‍ത്ഥികള്‍ക്ക് തെരുവില്‍ ഇറങ്ങുന്നതിന് പ്രചോദനം നല്‍കും എന്നത് തീര്‍ച്ചയാണ്. ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു പ്രതിഷേധം ഈ സംവരണ വ്യവസ്ഥയ്ക്ക് എതിരെ ബംഗ്ലാദേശില്‍ ഉണ്ടാകുന്നത്. ഇതിനു മുന്നേ 2018 ലും സമാനമായ പ്രതിഷേധം ബംഗ്ലാദേശില്‍ ഉണ്ടായിട്ടുണ്ട്. അന്നും രാജ്യം ഭരിക്കുന്നത് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് തന്നെയാണ്. ഈ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഒരു സംവരണ വ്യവസ്ഥ ചില സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നും നിര്‍ത്തലാക്കുവാന്‍ തീരുമാനിക്കുന്നു.
കാര്യങ്ങള്‍ ഇന്ന് കാണുന്ന നിലയിലേക്ക് കൈവിട്ടു പോകുവാന്‍ ഉണ്ടായ കാരണം എന്നത് ഈ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബംഗ്ലാദേശിലെ ഉന്നത കോടതിയുടെ ഭാഗത്തുനിന്നും വന്ന നിര്‍ദ്ദേശമാണ്. അതായത് നിര്‍ത്തലാക്കപ്പെട്ട 30% സംവരണം വീണ്ടും പുനഃസ്ഥാപിക്കണം എന്നതായിരുന്നു ആ പരാമര്‍ശം. ഇത് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്നത് സര്‍ക്കാരിന് സ്വന്തം നിലയ്ക്കല്ല മറിച്ച് കോടതി നിര്‍ദേശപ്രകാരമാണ് ഈ സംവരണ സംവിധാനം പുനഃസ്ഥാപിക്കേണ്ടതായി വന്നത്. മാത്രമല്ല സ്വാതന്ത്ര്യ പോരാളികള്‍ക്കായുള്ള 30% സംവരണം പുനഃസ്ഥാപിക്കണം എന്ന കോടതി വിധിയ്‌ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ അപ്പീല്‍ പോകുവാനും തീരുമാനമെടുത്തിട്ടുണ്ട്.
BANGLADESH STUDENT PROTEST | PHOTO : WIKI COMMONS
സമരം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഈ സംവരണ സംവിധാനം നിര്‍ത്തലാക്കും എന്ന് ബംഗ്ലാദേശ് ഭരണകൂടം പറഞ്ഞുവെങ്കിലും സമരം വീണ്ടും തുടരുകയാണ്. ഇതില്‍ നിന്നും വ്യക്തമാകുന്നത് സംവരണം മാത്രമല്ല ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലുള്ള കാരണം എന്നതാണ്. സംവരണത്തിനെതിരെയുള്ള വികാരം ഇന്ന് രാജ്യത്ത് അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍ക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ്. 2024 ലോകത്തെ പല രാജ്യങ്ങളും തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഒരു വര്‍ഷമാണ്. ബംഗ്ലാദേശിലും ഇതേ വര്‍ഷം തന്നെയാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. അവിടെ ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് വലിയ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് ഈ തിരഞ്ഞെടുപ്പ് ന്യായമായി നടന്ന തിരഞ്ഞെടുപ്പ് അല്ല എന്നാണ്. ഇതില്‍ വസ്തുത ഉണ്ട്താനും. ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പ് 2024 ല്‍ ലോകത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. ആകെയുള്ള 300 സീറ്റുകളില്‍ 225 സീറ്റും നേടിയത് അവാമി ലീഗ് തന്നെയാണ്. പക്ഷെ വസ്തുത എന്നത് ഈ തിരഞ്ഞെടുപ്പിനെ ബംഗ്ലാദേശിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു എന്നതാണ്. 2009 ല്‍ അധികാരത്തില്‍ എത്തിയ ഹസീന തന്നെയാണ് തുടര്‍ച്ചയായി ബംഗ്ലാദേശ് എന്ന ഗ്ലോബല്‍ സൗത്ത് രാജ്യത്തെ ഭരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ രണ്ടരക്കോടി മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി എന്നതും 10 വര്‍ഷത്തിന് ഇടയില്‍ പ്രതിശീര്‍ഷ വരുമാനം മൂന്ന് ഇരട്ടി വര്‍ദ്ധിച്ചു എന്നതും എല്ലാം ലീഗിന്റെ ഭരണമികവായി കരുതാമെങ്കിലും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ വളരെ വെല്ലുവിളി നേരിടുന്നു എന്നത് ഒരു സത്യമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നിരയിലെ പല നേതാക്കളെയും ജയിലില്‍ അടച്ചതും ഇവിടെ പരിശോധിക്കപ്പെടേണ്ടതാണ്.
SHEIKH HASINA | PHOTO : WIKI COMMONS
ക്രിക്കറ്റില്‍ ആയാലും സാമ്പത്തിക രംഗത്തായാലും ബംഗ്ലാദേശ് ഇടയ്ക്ക് വലിയ ഒരു മുന്നേറ്റം നടത്തിയിരുന്നു. ഒരു ഘട്ടത്തില്‍ ക്രിക്കറ്റിലെ തന്നെ സൗത്താഫ്രിക്കയെയും ഇന്ത്യയെ പോലും പരാജയപ്പെടുത്തുകയും സീരിസുകള്‍ വിജയിക്കുകയും ചെയ്യുന്ന ഒരു ടീമായി ബംഗ്ലാദേശ് ടീം മാറുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. അതുപോലെ സാമ്പത്തിക രംഗത്ത്, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും കവച്ചുവെക്കുന്ന വളര്‍ച്ച ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ നേടിയിരുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ചില വണ്‍ ടൈം വണ്ടറുകള്‍ കൊണ്ട് കായികരംഗത്തായാലും സാമ്പത്തികരംഗത്തായാലും സാമൂഹിക രംഗത്തായാലും ഒരു ജനതയ്ക്ക് മുന്നേറുവാന്‍ സാധ്യമല്ല. അവിടെ വേണ്ടത് സ്ഥിരതയാണ്. എന്നാല്‍ ഈ സ്ഥിരത ബംഗ്ലാദേശില്‍ നമുക്ക് കാണുവാന്‍ സാധിക്കില്ല. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും എടുത്ത വായ്പയും ബംഗ്ലാദേശിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതും ജനങ്ങളെ പ്രത്യേകിച്ചും യുവജനങ്ങളെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. പോലീസും അര്‍ദ്ധസൈനിക വിഭാഗവും ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന രീതിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്റ്റേറ്റ് മാത്രമല്ല അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗം ആയിട്ടുള്ള ബംഗ്ലാദേശ് ഛത്ര ലീഗും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതായി പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇപ്പോള്‍ തന്നെ പതിനായിരത്തില്‍ അധികം ആളുകള്‍ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുനൂറിലധികം മനുഷ്യര്‍ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു. പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്ന രണ്ട് കാര്യങ്ങള്‍, ഒന്ന് അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും വിട്ടയക്കുക എന്നതാണ്. രണ്ട്, പ്രധാനമന്ത്രി ഹസീന പൊതുജനത്തോട് മാപ്പ് പറയണം എന്നതുമാണ്. ബംഗ്ലാദേശിലെ ഈ സംഭവവികാസങ്ങള്‍ ഇന്ത്യയെയും വളരെ ബാധിക്കുന്ന ഒരു കാര്യമാണ്.
ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് പ്രവര്‍ത്തിക്കുന്ന രാജ്യവുമാണ് ബംഗ്ലാദേശ്. മ്യാന്മറില്‍ നിന്നുള്ള രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലായും താമസിക്കുന്ന കുടുപാലോങ്ങ് അഭയാര്‍ത്ഥി ക്യാമ്പാണ് ഇത്. ബംഗ്ലാദേശില്‍ സര്‍ക്കാരിനാല്‍ നിയന്ത്രിക്കാന്‍ പറ്റുന്നതിലും വലിയ ആഭ്യന്തര വിഷയം ഉണ്ടായാല്‍ ഈ ക്യാമ്പില്‍ നിന്ന് ഉള്‍പ്പെടെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശിലെ സിവിലിയന്‍ ജനതയും ഒരുപക്ഷേ രാജ്യം വിട്ടേക്കാം. ഇത്ര വലിയ ഒരു അഭയാര്‍ത്ഥി പ്രവാഹത്തെ ഇന്ത്യ എങ്ങനെ ഉള്‍ക്കൊള്ളും എന്നത് വലിയൊരു ചോദ്യമാണ്. അതുപോലെ തന്നെ ഷെയ്ഖ് ഹസീന സര്‍ക്കാരും അവാമി ലീഗും ഇന്ത്യയുമായി വളരെ നല്ല ബന്ധം വച്ചുപുലര്‍ത്തുന്ന വിഭാഗമാണ്. പക്ഷെ ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടി ആയിട്ടുള്ള ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിക്ക് അത്തരം ഒരു നിലപാട് അല്ല ഉള്ളത്. അപ്പോള്‍ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തിയാല്‍ ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ ഏത് അയല്‍ രാജ്യമാണ് ഇന്ന് ശാന്തിയിലും സമാധാനത്തിലും കഴിയുന്നത് എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. മ്യാന്മറില്‍ പട്ടാള ഭരണം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം, പാക്കിസ്ഥാനിലും ശ്രീലങ്കയിലും സാമ്പത്തിക-സാമൂഹിക അസ്ഥിരത. ചൈനയുമായി അത്ര നല്ലതല്ലാത്ത ബന്ധം, ഇപ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്തായ ഷെയ്ഖ് ഹസീനയുടെ അധികാര നഷ്ട്ടവും. ചുരുക്കി പറഞ്ഞാല്‍ കലങ്ങി മറിയുന്ന ഒരു അയല്‍പക്കമാണ് ഇന്ന് നമ്മുടെ ചുറ്റുമുള്ളത്. ഇത് തീര്‍ത്തും ആശങ്ക ഉളവാക്കുന്ന ഒന്നാണ്.
KUTUPALONG REFUGEE CAMP | PHOTO : WIKI COMMONS
മേല്‍പറഞ്ഞ ഭവിഷത്തുകള്‍ മാത്രമല്ല. ജനത എന്ന നിലയില്‍ ബംഗ്ലാദേശ് ജനത സമാധാനം അര്‍ഹിക്കുന്നുണ്ട്. അന്തസ്സായി പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവസരം ആ ജനതയ്ക്ക് അവകാശപ്പെട്ടതുമാണ്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ലോക സംഘടനകളും ജനാധിപത്യ വിശ്വാസികളും ഈ ഒരു പ്രക്ഷോഭത്തിന് പരിഹാരം കണ്ടെത്തുവാന്‍ പരിശ്രമിക്കേണ്ടത് ആവശ്യമാണ്. ബംഗ്ലാദേശ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുവാന്‍ യാതൊരുവിധ സംശയവും ഒരു മതേതര ജനാധിപത്യ വിശ്വാസിക്കും, വിശ്വാസ സമൂഹത്തിനും ഉണ്ടാകുവാന്‍ പാടുള്ളതല്ല.
സമരത്തിന്റെ മെറിറ്റിന് പ്രാധാന്യം നല്‍കുമ്പോള്‍ തന്നെയും ഹസീനയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ സത്യം ഉണ്ടെന്നിരിക്കിലും, ഈ ഒരു അവസരം മുതലെടുക്കുന്ന ആളുകളെയും നമ്മള്‍ മറന്നുകൂടാ. ജമാഅത്തെ ഇസ്ലാമിയുടെ കണ്ണിലെ കരടായിരുന്നു ഷെയ്ഖ് ഹസീന എന്ന വനിതാ നേതാവ്. ആ സംഘടനയ്ക്ക് അതിന്റെ ആശയം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ബംഗ്ലാദേശില്‍ നടപ്പിലാക്കുന്നതിന് തടസ്സം നിന്ന ഒരു വ്യക്തി കൂടിയാണ് അവര്‍. അതോടൊപ്പം തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ ഉള്‍പ്പെടെ പിന്തുണ ഈ അട്ടിമറിയ്ക്ക് ലഭിച്ചിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് അമേരിക്ക ബംഗ്ലാദേശില്‍ ഒരു മിലിറ്ററി ബേസ് നിര്‍മ്മിക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ഷെയ്ഖ് ഹസീന ഭരണകൂടം ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മ്യാന്‍മറിനെയും ബംഗ്ലാദേശിനെയും വെട്ടിമുറിച്ച് ഒരു പുതിയ രാഷ്ട്രം നിര്‍മ്മിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു എന്നൊരു ആരോപണം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഷെയ്ഖ് ഹസീന ഉന്നയിച്ചിരുന്നു. പല ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും അവിടങ്ങളിലെ ഭരണാധികാരികള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടങ്ങളിലേക്ക് ജനാധിപത്യം കയറ്റി അയക്കപ്പെടുന്നതിന് ലോകം സാക്ഷ്യം വഹിക്കുന്നത് ഇത് ആദ്യമായിട്ടല്ലല്ലോ.