
യെച്ചൂരിയുടെ അഭാവം വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത് എന്തുകൊണ്ട്?
ഈ കെട്ടകാലത്ത്, ഇന്ത്യയുടെ പ്രതീക്ഷകളുടെ മേല്‍ കനത്ത ആഘാതമായി മാറുന്ന ഒന്നാണ് സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗം. നാട്യങ്ങളില്ലാത്ത നയകോവിദനായിരുന്നു യെച്ചൂരി. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മകളെ കൂട്ടിയിണക്കി അപസ്വരം ഒഴിവാക്കുന്നതില്‍ അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. ഈ പ്രയത്‌നങ്ങളുടെയൊന്നും ക്രെഡിറ്റ് ഏറ്റെടുക്കാനോ അതില്‍ അഭിരമിക്കാനോ തയ്യാറാകാതെ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് ജനാധിപത്യ മുന്നണി സംവിധാനം കെട്ടിപ്പടുക്കുന്നതിലും അതിനെ തകര്‍ന്നുപോകാതെ നിയന്ത്രിക്കുന്നതിലും അതീവ നൈപ്യുണ്യം കാണിച്ച സി പി എം നേതാവായിരുന്നു അദ്ദേഹം. അതായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പ്രതീക്ഷ നല്‍കിയിരുന്ന ഘടകം.
ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇതിനെ ഊട്ടിയുറപ്പിക്കുന്നതാണ്, യെച്ചൂരിയുടെ ഈ പ്രതിഭയ്ക്ക് നല്‍കുന്ന അംഗീകാരമാണ്. വളരെ വിശാലമായ അര്‍ത്ഥത്തിലാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞതെന്ന് കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ഇന്ത്യ എന്ന ആശയത്തെ, ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ മുന്നില്‍ കണ്ട് രാഷ്ട്രീയമായ അതിര്‍വരമ്പുകളെ മറികടന്ന് ഒന്നിച്ച് നില്‍ക്കാല്‍ വിവിധ കക്ഷികളെ പ്രേരിപ്പിച്ചതിലും അതിന് നയപരമായും സംഘടനാപരമായും രൂപമുണ്ടാക്കുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സീതാറാം യെച്ചൂരി , രാഹുല്‍ ഗാന്ധി | PHOTO : WIKI COMMONS
ഇന്ത്യ മുന്നണിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാക്കുകള്‍ ഇത് അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. 'ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവന ഇനിയുമേറെ പ്രതീക്ഷിച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യകരമായ ഈ വിടവാങ്ങല്‍. ബി ജെ പിയുടെ വര്‍ഗീയ, ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ യെച്ചൂരിയുടെ വേര്‍പാട് ഇന്ത്യ മുന്നണിക്ക് വലിയ ആഘാതമാണ്' എന്നുമായിരുന്നു യച്ചൂരിയെ അനുസ്മരിച്ചുകൊണ്ടുള്ള കെ.സി.വേണുഗോപാലിന്റെ വാക്കുകള്‍.
ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും നിലനിര്‍ത്താനും ഹിന്ദുത്വവാദം സൃഷ്ടിക്കുന്ന വിഭാഗീയതയും വേര്‍തിരിവും ജനവിരുദ്ധ നിലപാടുകളും ചെറുക്കാനും സി പി എം എന്ന പാര്‍ട്ടിയെ കൊണ്ട് തനിച്ചോ, ഇന്ത്യയിലെ പൊതുഇടതുപക്ഷത്തിന് ഒന്നിച്ച് നിന്നാലോ സാധ്യമാകില്ലെന്ന് തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സി പിഎം എന്ന സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള അതിശക്തമായ എതിര്‍പ്പ് നേരിട്ടുകൊണ്ടാണ് അദ്ദേഹം ഇത്തവണത്തെ തിരഞ്ഞെടുപ്പിലും നീക്കുപോക്കുകളും അടവുനയങ്ങളും പയറ്റിയത്. സഖ്യത്തിനപ്പുറം പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ക്കാതെ മുന്നണിയില്‍ ചേരാതെ മുന്നണിബന്ധം നിലനിര്‍ത്തിയുള്ള പോരാട്ടം. ശരിക്കും പറഞ്ഞാല്‍ നൂല്‍പ്പാലത്തിലൂടെയുള്ള നടത്തം. ആ നടത്തത്തില്‍ രാജ്യത്തെയും പാര്‍ട്ടിയെയും ഒരുകരയിലെത്തിക്കാന്‍ യെച്ചൂരിക്ക് സാധിച്ചു. കോണ്‍ഗ്രസിനെതിരെ പഴയ യു എഫ് ഏകോപനം സാധ്യമാക്കിയ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെ ഓര്‍മ്മിപ്പിക്കുന്ന കരുനീക്കങ്ങളായിരുന്നു രാജ്യസഭാ അംഗമായിരിക്കുമ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴും യെച്ചൂരിയില്‍ നിന്നുണ്ടായത്.
സീതാറാം യെച്ചൂരി | PHOTO : WIKI COMMONS
മൂപ്പിളമ പോരും താന്‍പോരിമയും കൊണ്ട് തമ്മില്‍ത്തല്ലി പിരിയുന്ന വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യയിലെ ദേശീയ, പ്രാദേശിക കക്ഷികളെ, തന്റെ രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ കൂട്ടിയിണക്കി കൊണ്ടുപോകുക എന്നത് അസാമാന്യമായ പ്രാഗത്ഭ്യം വേണ്ട ഒന്നാണ്. അങ്ങനെയൊരു സാഹചര്യത്തെയാണ് രാഷ്ട്രീയമായ താളംതെറ്റാതെ അനായാസമായി യെച്ചൂരി നിര്‍വ്വഹിച്ചിരുന്നത്. ഇത് ചരിത്രത്തിലേക്ക് പോയ ഒരു രാഷ്ട്രീയ നേതാവിനെ കുറിച്ചുള്ള പുകഴ്ത്തല്‍ വാചകമല്ലെന്ന് മനസ്സിലാക്കാന്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ആരവം ഉയര്‍ന്ന് തുടങ്ങുന്ന സമയത്ത് യെച്ചൂരിയും സിപിഎമ്മും എടുത്ത ഒറ്റ നിലപാട് പരിശോധിച്ചാല്‍ മതിയാകും.
ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനവും മുന്നണിയും സഖ്യവുമൊക്കെ ചര്‍ച്ചയായി വരുന്ന സമയം. ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റെയും അധികാരത്തിലേക്കുള്ള തുറുപ്പ് ചീട്ടായിരുന്നു അയോധ്യയിലെ ബാബറി മസ്ജിദ് - രാമക്ഷേത്ര വിഷയം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ കാലത്ത് ബാബറി മസ്ജിദ് വിഷയം ഉയര്‍ത്തി ബി ജെ പി ആരംഭിച്ച ഇറങ്ങിക്കളിയുടെ പുതിയൊരു ഘട്ടമായിരുന്നു ഇത്തവണ കണ്ടത്. വി പി സിങ് സര്‍ക്കാരിനെ മറിച്ചിട്ട കാലം മുതല്‍ ബി ജെ പിയുടെ രാഷ്ട്രീയ ആവനാഴിയിലെ ഏറ്റവും വലിയ ആയുധമായിരുന്നു ബാബറി മസ്ജിദ് വിഷയം. അത് ഈ തിരഞ്ഞെടുപ്പിലും അവര്‍ പുറത്തെടുത്തു. മറ്റൊരു രീതിയില്‍ എല്ലാ പാര്‍ട്ടികളെയും വെട്ടിലാക്കുന്നതായിരുന്നു ആ നീക്കം.
വിലക്കയറ്റം, തൊഴിലില്ലായ്മ, വിഭാഗീയ പ്രശ്‌നങ്ങള്‍. കര്‍ഷക സമരം, കലാപങ്ങള്‍, തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന ഇന്ത്യയില്‍ ഏറ്റവും പെട്ടെന്ന് വോട്ടുകൂട്ടത്തെ ഏകോപിക്കാന്‍ പറ്റുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മന്ത്രമായിരുന്നു രാമക്ഷേത്രം. രാമക്ഷേത്ര നിര്‍മ്മാണം നടത്തി അതിലെ പ്രാണ പ്രതിഷ്ഠ എന്ന ചടങ്ങ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പ്രഖ്യാപിച്ചു. മതേതര, ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി അതില്‍ പ്രധാനി ആകുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കുന്നു. സി പി എം ഒഴികെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന നിലയിലായി. എന്നാല്‍, ക്ഷണം വന്നതിന് തൊട്ടുപിന്നാലെ അതില്‍ പങ്കെടുക്കില്ല എന്ന് അസന്നിഗ്ദ്ധമായി മറുപടി നല്‍കാന്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്ന് അണുവിട മാറാതെ നില്‍ക്കുന്ന ജനറല്‍ സെക്രട്ടറിയാണ് താനെന്ന് അദ്ദേഹം തെളിയിച്ച നിര്‍ണ്ണായക നിമിഷമായിരുന്നു അത്. ഈ നിലപാട് കാരണം തങ്ങളുടെ വോട്ട് നഷ്ടമാകുമോ എന്ന ഭയമോ ആശങ്കയോ ഒന്നും സി പി എമ്മിനോ അതിന്റെ ജനറല്‍സെക്രട്ടറിക്കോ ഇല്ലായിരുന്നുവെന്നും ഇന്ത്യ എന്ന ആശയത്തോട് എത്രത്തോളം ഒത്തുചേര്‍ന്നു നില്‍ക്കുന്നുവെന്നും വ്യക്തമാക്കുന്ന സംഭവമായിരുന്നു അത്. അതിന് ശേഷമാണ് അതിന് മുമ്പ് ക്ഷണം കിട്ടിയ കോണ്‍ഗ്രസ് അടക്കം അഴകൊഴമ്പനായെങ്കിലും രാമക്ഷേത്ര ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് പറഞ്ഞത്.
യെച്ചൂരിയും നരേന്ദ്ര മോദിയും | PHOTO : WIKI COMMONS
കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി ജനതാദളിനെ മുന്‍ നിര്‍ത്തി യുണൈറ്റ് ഫ്രണ്ട് എന്ന മുന്നണി അധികാരത്തിലെത്തുമ്പോഴും കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തി ബി ജെ പിക്കെതിരെ യു പി എ മുന്നണി അധികാരത്തിലെത്തുമ്പോഴും അതിലെ പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും സഖ്യത്തിലെ നീക്കുപോക്കുകള്‍ നടത്തുന്നതിലും അത് ഉലയാതെ കൊണ്ടുപോകാനുമൊക്കെ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചത് സീതാറാമായിരുന്നു.
മുന്‍ നിരയില്‍ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളോട് ഇടപെടുന്ന അതേ സൗഹാര്‍ദ്ദത്തോടെയും സ്‌നേഹത്തോടെയും തന്നെ പരിചിതരും അപരിചിതരുമായ സാധാരണ മനുഷ്യരോടും ഇടപെടാന്‍ യെച്ചൂരിക്ക് ഭാഷയോ പദവിയോ തടസ്സമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജനതയുടെ പള്‍സ് തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. രാഷ്ട്രീയ പാഠപുസ്തകങ്ങളിലെ കാര്‍ക്കശ്യങ്ങളെ, താഴെതട്ടില്‍ നിന്നുള്ള അനുഭവങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളെയും ഇന്ത്യ എന്ന ആശയത്തെയും മുന്‍നിര്‍ത്തി പ്രയോഗരൂപത്തിലേക്ക് അദ്ദേഹം വഴക്കി എടുത്തിരുന്നു. അങ്ങനെ ചെയ്യാന്‍ പറ്റുന്ന ഒരു നേതാവ് നിലവില്‍ സി പി എമ്മിലെ ഉന്നത ഘടകത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലോ ഉണ്ടോ എന്നത് സംശയമാണ്.
സൗമ്യമായും ഉറച്ച നിലപാടുകളോടെയും സമന്വയത്തിന്റെയും സമവായത്തിന്റെയും രാഷ്ട്രീയതന്ത്രം പയറ്റുന്ന നേതാവിന്റെ ശൂന്യതയാണ് സീതാറം ഓര്‍മ്മകളിലേക്ക് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം നേരിടേണ്ടി വരുന്നത്. ആ പ്രതിസന്ധി എങ്ങനെ മറികടക്കും എന്നതാണ് ഇനി ഇന്ത്യ എന്ന രാജ്യം നേരിടുന്ന വെല്ലുവിളി.


