TMJ
searchnav-menu
post-thumbnail

Outlook

എന്തുകൊണ്ട് ഇടതുപക്ഷം

23 Apr 2024   |   8 min Read
ദീപക് പച്ച

രുന്ന അഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ പാര്‍ലമെന്റില്‍ തങ്ങളെ പ്രതിനിധീകരിക്കേണ്ട എം.പി മാരെ നിര്‍ണ്ണയിക്കാന്‍ കേരളം ഏപ്രില്‍ 26 ന് ബൂത്തുകളിലേക്ക് പോവുകയാണ്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത ചില പ്രതീക്ഷകളുടെ പുറത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ 2019 ല്‍ കേരളത്തിലെ മതേതരവാദികളില്‍ നല്ലൊരു ശതമാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുകയും ഇടതുപക്ഷം കേരളത്തില്‍ ഒരു സീറ്റില്‍ ഒതുങ്ങുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞുവന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. എന്നാല്‍ നിലവിലെ കേരളത്തിലെ സാഹചര്യം 2019 ല്‍ നിന്നും ഏറെ വ്യത്യസ്തമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് കേരളത്തിലെ മതേതര വിശ്വാസികള്‍ക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം അങ്ങേയറ്റം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2004 ലേത് പോലെ കൂടുതല്‍ ഇടതുപക്ഷ എം.പി മാരെ പാര്‍ലമെന്റില്‍ എത്തിക്കണം എന്ന് മതേതര കേരളം ആഗ്രഹിക്കുന്നത്.

പാര്‍ലമെന്റിലെ നിലവിലെ അംഗങ്ങളുടെ എണ്ണമെടുത്ത് നോക്കിയാല്‍ അത്രമേല്‍ വലിപ്പമില്ലാത്ത ഇടതുപക്ഷത്തിന് വോട്ട് ചെയ്ത് കൂടുതല്‍ എം.പി മാരെ ഇക്കുറി പാര്‍ലമെന്റില്‍ എത്തിക്കാന്‍ മലയാളികള്‍ ആഗ്രഹിക്കുന്നതിന് പുറത്ത് വ്യക്തമായ കാരണങ്ങളുണ്ട്. 'എന്തുകൊണ്ട് ഇടതുപക്ഷ'' എന്ന ആ ചോദ്യത്തിനുള്ള വിശദീകരണമാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

ഉറപ്പുള്ള മതനിരപേക്ഷത

ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് ബി.ജെ.പി നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണത്തിലൂടെ ആര്‍.എസ്.എസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുള്ള ഏറ്റവും ശക്തമായ ചുവടുവയ്പാണ് പൗരത്വ ഭേദഗതി നിയമം. ഒരു മതരാഷ്ട്രത്തിന്റെ സങ്കുചിതമായ രാഷ്ട്രീയയുക്തി ഒടുങ്ങാത്ത അശാന്തി മാത്രമേ സമ്മാനിക്കൂ എന്ന അനുഭവം ഇന്ത്യ വിഭജിച്ചുണ്ടായ പാകിസ്ഥാന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് സമാധാനപൂര്‍ണമായ ജീവിതം ഇന്ത്യ മഹാരാജ്യത്ത് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഇന്ത്യയുടെ മതരാഷ്ട്രത്തിലേക്കുള്ള ചുവടുമാറ്റത്തെ തടഞ്ഞുനിര്‍ത്താനുള്ള ഉത്തരവാദിത്തമുണ്ട്. അതിനുള്ള ശേഷി അചഞ്ചലമായ മതനിരപേക്ഷ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമാണുള്ളത്. അത് ഇന്ത്യയിലെ ഇടതുപക്ഷമാണ്.

REPRESENTATIVE IMAGE | WIKI COMMONS
പൗരത്വ നിര്‍ണ്ണയത്തിന് മതം അടിസ്ഥാനമാകുന്ന പൗരത്വ ഭേദഗതി നിയമത്തിനും, മണിപ്പൂരിലെ ക്രിസ്ത്യന്‍ സമുദായ വേട്ടയ്ക്കും, മുത്തലാക്ക് ബില്ലിനും, ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച വിഷയത്തിലും, എന്‍.ഐ.എ നിയമഭേദഗതി ബില്ലിനും ഒക്കെ എതിരായി പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ നിലപാട് എടുത്തതും സമരം നയിച്ചതും ഇടതുപക്ഷമാണ്. അതിന് ഇടതുപക്ഷത്തിന് കഴിയുന്നത് ഒരു തരത്തിലും ആശങ്കയില്ലാത്തവിധം തെളിച്ചമുള്ള മതനിരപേക്ഷ രാഷ്ട്രീയ ബോധ്യങ്ങളാണ്.

അതേസമയം മേല്‍പ്പറഞ്ഞ വിഷയങ്ങളിലും ഒന്നും ശരിയായ മതനിരപേക്ഷ നിലപാട് കൈക്കൊള്ളാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. കോണ്‍ഗ്രസ്സിന് അതിനു കഴിയാത്തത് അതിന്റെ രാഷ്ട്രീയ ശരീരവും മനസ്സും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വര്‍ഗീയതയോട് ചേര്‍ന്നുനില്‍ക്കുന്നത് കൊണ്ടാണ്. ബിജെപി യുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യയില്‍ ബിജെപിയുടേതിന് സമാനമായ ഹിന്ദുത്വ സമീപനംകൊണ്ട് നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാം എന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. അതിനാലാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയില്‍ പോലും പൗരത്വ ഭേദഗതി നിയമത്തിന് എതിരായി ഒരു വാക്ക് പോലും പറയാന്‍ അവര്‍ തയ്യാറാകാത്തത്. അതിനര്‍ത്ഥം മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാനുള്ള സമരത്തില്‍ കോണ്‍ഗ്രസ്സ് ഇല്ല എന്ന് തന്നെയാണ്.

വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ പ്രകടനത്തില്‍ നിന്നും മുസ്ലിം ലീഗിന്റെ പച്ചക്കൊടി മാറ്റുന്നത് ലീഗിനോട് എന്തെങ്കിലും വിരോധം ഉള്ളത് കൊണ്ടല്ല. ആ നിറം ഒരു സമുദായത്തിന്റേതായി വ്യാഖാനിക്കപ്പെടുമ്പോള്‍ അവരോടു ഐക്യപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി അടയാളപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. അങ്ങനെ ഉണ്ടായാല്‍ അത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സ് നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദു പാര്‍ട്ടി ഇമേജിന് വല്ലാതെ പരുക്കേല്‍പ്പിക്കും. ആര്‍.എസ്.എസ് പ്രചാരണം ഭയന്ന് പച്ചക്കൊടി വിലക്കുന്ന കോണ്‍ഗ്രസ്സ് നിലപാടിലും ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലും പ്രതിഫലിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. അതിന് രണ്ടിനും ഇടതുപക്ഷം ശക്തമായ കേരളത്തില്‍ അനുവദിക്കുകയില്ല.

REPRESENTATIVE IMAGE | WIKI COMMONS
ഒരു രാത്രി വെളുക്കുമ്പോള്‍ യാതൊരു സങ്കോചവും ഇല്ലാതെ ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസ്സിന്റെ നേതാക്കളെ വിശ്വസിച്ച് എങ്ങനെ വോട്ട് ചെയ്യും എന്ന ചോദ്യവും പ്രസക്തമാണ്. പണവും, അധികാരവും കൊടുത്ത് ബിജെപി പ്രലോഭിപ്പിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പാകത്തിലുള്ള ആശയ ലോകമോ മതനിരപേക്ഷ രാഷ്ട്രീയ ബോധ്യങ്ങളോ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇല്ല. അതുകൊണ്ടാണ് ഈ പാര്‍ട്ടി മാറല്‍ അവര്‍ക്കെളുപ്പമാകുന്നത്. യോഗി ആദിത്യനാഥിനെ പോലെ തന്നെ നഗ്നമായ മുസ്ലിം വിരുദ്ധത പറയുന്ന ഒരു രാഷ്ട്രീയ നേതാവ് നിലവിലെ ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ്. മൂന്ന് തവണ കോണ്‍ഗ്രസ്സ് എം.എല്‍.എ യും രണ്ടു തവണ മന്ത്രിയും ആയിരുന്ന ഇയാള്‍ 2014 ലാണ്
ബിജെപി യില്‍ ചേര്‍ന്നത്. സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയുടെ പുതിയ പരീക്ഷണശാലയായ മണിപ്പൂരിലെ നിലവിലെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗും കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയില്‍ എത്തിയ നേതാവാണ്. 2017 മുതല്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയായ അദ്ദേഹം 2016 ലാണ് ബിജെപിയില്‍ ചേരുന്നത്. അതിന് മുന്‍പ് മൂന്ന് തവണ കോണ്‍ഗ്രസ്സ് എം.എല്‍.എ യും മന്ത്രിയും ആയിരുന്നു. ഈ രണ്ടു പേരുകള്‍ എടുത്തു പറയാന്‍ കാരണം ഇവരുടെ ന്യൂനപക്ഷ വിരുദ്ധ മതനിരപേക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ തീവ്രത നോക്കുമ്പോള്‍ അത് ബിജെപി യില്‍ ചേരുന്നതിനുശേഷം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രൂപീകരിക്കപ്പെട്ട ഒന്നാണ് എന്ന് കരുതാന്‍ നിര്‍വാഹമില്ല. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സ് അതിന്റെ നിലപാട് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഒരു മതേതര പാര്‍ട്ടിയല്ലാതായിട്ട് വര്‍ഷങ്ങളായി. ആ ജീര്‍ണ്ണതയാണ് അവരുടെ നേതാക്കളിലും
പ്രവര്‍ത്തകരിലും നിലപാടുകളിലും പ്രതിഫലിക്കുന്നത്.

സംഘപരിവാര്‍ നേതൃത്വത്തിലുള്ള ബി.ജെ.പി യുടെ വര്‍ഗീയതയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയതയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ സൈദ്ധാന്തികനായ ഐജാസ് അഹമ്മദ് പറയുന്നത് Programmatic Communalism Vs Pragmatic Communalism എന്നാണ്. അതായത് ബിജെപി യുടെ വര്‍ഗീയത അവരുടെ പാര്‍ട്ടി പരിപാടിയുടെ ഭാഗമാണ്, കോണ്‍ഗ്രസ്സിന്റെത് അവരുടെ പ്രായോഗിക പ്രവര്‍ത്തനത്തിന്റെയും. ഫലത്തില്‍ രണ്ടും ഒന്ന് തന്നെയാണ്. ബി.ജെ.പി ക്ക് എതിരെ മത നിരപേക്ഷ ഇന്ത്യന്‍ സമൂഹം നടത്തുന്ന സമരങ്ങള്‍ക്കൊപ്പം ആത്മാര്‍ത്ഥമായി അണിചേരാന്‍ കോണ്‍ഗ്രസ്സിനെ അവരുടെ വര്‍ഗ്ഗീയ സമീപനം അനുവദിക്കുകയില്ല എന്നതാണ് സത്യം.

ബാബറി പള്ളി പൊളിച്ചു നടത്തിയ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചപ്പോള്‍ ഉടനെ തന്നെ മതനിരപേക്ഷ രാഷ്ട്രത്തില്‍ ഇത് അനുവദനീയമല്ല എന്ന് പറഞ്ഞ് ആ ക്ഷണം നിരസിക്കാനും ശക്തമായ നിലപാട് എടുക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. തുടക്കം മുതല്‍ ആശങ്കയിലായിരുന്ന കോണ്‍ഗ്രസ്സിന് പക്ഷേ, ആ ഉദ്ഘാടന ചടങ്ങില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്ക്കാന്‍ പോലും ആയില്ല. 'രാമക്ഷേത്ര ഉദ്ഘാടനം ഒരു ബിജെപി പരിപാടിയായി മാറിയിരിക്കുന്നു' എന്ന കാരണം പറഞ്ഞാണ് ക്ഷണം ലഭിച്ച എ.ഐ.സി.സി
നേതാക്കള്‍ പ്രസ്തുത ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. അതായത് പള്ളി പൊളിച്ച് വര്‍ഗീയത ആളിക്കത്തിച്ച് ക്ഷേത്രം പണിതതിനെതിരെയല്ല അതിന്റെ ഉദ്ഘാടനത്തിലെ നടത്തിപ്പിനെതിരെ മാത്രമായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്. ആ നിലപാടിലേക്ക് തന്നെ കോണ്‍ഗ്രസ്സ് എത്തിയത് ആദ്യം പങ്കെടുക്കും എന്ന വാര്‍ത്ത പരന്നപ്പോള്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്. എന്നാല്‍ എന്നിട്ടും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രി വിക്രമാദിത്യ സിംഗ്, മുന്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി (യുപിസിസി) അധ്യക്ഷന്‍ നിര്‍മല്‍ ഖത്രി തുടങ്ങിയ കോണ്‍ഗ്രസ്സിന്റെ പല സംസ്ഥാന നേതാക്കളും രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ചെയ്തു. കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്താന്‍ മുന്‍കൈ എടുത്തപ്പോള്‍ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത്തിരികൂടി കടന്ന് അന്നേ ദിവസം സര്‍ക്കാര്‍ അവധി തന്നെ പ്രഖ്യാപിച്ചു.

രാമക്ഷേത്രം | PHOTO: FACEBOOK
ഏതെങ്കിലും ദൈവത്തിന്റെ പേരില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരല്ല. എന്നാല്‍ മറ്റൊരു മതത്തിന്റെ ആരാധനാലയം പൊളിച്ച് അവിടെ ക്ഷേത്രം നിര്‍മ്മിക്കുക എന്ന ജോലി സര്‍ക്കാരും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുക്കുക എന്നത് ഒരു രാഷ്ട്രത്തെ മത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സ് ക്ഷേത്ര നിര്‍മ്മാണ രാഷ്ട്രീയത്തില്‍ പങ്കാളികളാവുകയാണ്. കാശി, മഥുര തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികള്‍ക്ക് നേരെ സംഘപരിവാര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അതിനെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുന്നതേ ഇല്ല. ഫലത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസ്സ് പ്രതിരോധിക്കുന്നതെ ഇല്ല. 

അതേസമയം ഒരു സംസ്ഥാനത്ത് മാത്രം ഭരണമുള്ളപ്പോഴും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കുന്ന മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നുണ്ട്. ഡല്‍ഹിയിലെ ന്യൂനപക്ഷ സമുദായക്കാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ കോടതി വിധിയുടെ സഹായത്തോടെ അതിനെ മുന്നില്‍ നിന്ന് തടഞ്ഞത് സിപിഎം പോളിറ്റ് ബ്യുറോ മെമ്പറായ ബൃന്ദ കാരാട്ടായിരുന്നു. ഗുജറാത്ത് കലാപവേളയില്‍ കൂട്ട ബലാത്സംഗത്തിനിരയായ ബില്‍കീസ് ബാനുവിന്റെ കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടപ്പോള്‍ ആ തീരുമാനം കോടതിയെക്കൊണ്ട് റദ്ദ് ചെയ്യിച്ച നിയപോരാട്ടത്തിന്റെ നേതൃത്വത്തില്‍ സിപിഎം നേതാവ് സുഭാഷിണി അലി ഉണ്ടായിരുന്നു. മത നിരപേക്ഷതയുമായി ബന്ധപെട്ട് ഇടതുപക്ഷം സ്വീകരിക്കുന്ന ശക്തമായ നിലപാടിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇപ്പറഞ്ഞത്. ഈ വിശ്വാസമാണ് മതേതര മലയാളികളെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.

ഇടതിന്റെ ജനകീയ സമരനേതൃത്വം

സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെയും അതിന്റെ മറപറ്റി നടത്തുന്ന ജനവിരുദ്ധമായ സാമ്പത്തിക നയങ്ങളെയും ചെറുക്കാന്‍ നിയമ നിര്‍മ്മാണ സഭയ്ക്ക് അകത്തുള്ള സമരം മാത്രം മതിയാകില്ല. അതോടൊപ്പം പൊതുജനത്തെ അണിനിരത്തിയുള്ള ജനകീയ സമരങ്ങളും വേണം. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ രാജ്യം ശ്രദ്ധിക്കപ്പെട്ട ഏത് സമരമായാലും അതിന്റെ സംഘാടനത്തില്‍ മുന്‍നിരയില്‍ ഇടതുപക്ഷം ഉണ്ടായിരുന്നു എന്ന് കാണാം. രാജ്യത്തെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചപ്പോള്‍ ജെ.എന്‍.യു അടക്കമുള്ള സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം, രാജ്യത്തെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരം, പൗരത്വഭേദഗതി
നിയമത്തിന് എതിരെയുള്ള രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഇവയില്‍ എല്ലാം ഇടതുപക്ഷത്തിന്റെ സമര നേതൃത്വം ഉണ്ടായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
പത്ത് വര്‍ഷത്തെ മോദി ഭരണത്തില്‍ സംഘപരിവാറിനും അവരുടെ കോര്‍പറേറ്റ് കൂട്ടാളികള്‍ക്കും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ വിജയം വരെ നടത്തിയ ഐതിഹാസിക കര്‍ഷക സമരത്തിലായിരുന്നു. ഈ കര്‍ഷക സമരത്തില്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇടതുപക്ഷ നേതൃത്വം ഉണ്ടായിരുന്നു. 2020 ലെ കര്‍ഷക സമരം രാജ്യശ്രദ്ധ നേടുന്നതിനും മുന്നേ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ബിജെപി സര്‍ക്കാരിനെതിരെ പോരാട്ടം ആരംഭിച്ചിരുന്നു. 2017 ജൂണ്‍ മാസത്തില്‍ മധ്യപ്രദേശിലെ മണ്ട്സോറില്‍ സമരം നടത്തിയ കര്‍ഷകരില്‍ അഞ്ചുപേരെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വെടിവച്ചുകൊന്ന പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന All India Kisan Sangharsh Coordination Committee (AIKSCC) യുടെ രൂപീകരണമാണ് ഇതില്‍ എടുത്തുപറയേണ്ട ഒന്ന്. ഈ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സിക്കറില്‍ നിന്നും മത്സരിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭ മുന്‍ ദേശീയ അധ്യക്ഷന്‍ അമ്രാ റാമിന്റെ നേതൃത്വത്തില്‍ 2017 സെപ്തംബറില്‍ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ക്ക് എതിരെ നടത്തിയ 13 ദിവസം നീണ്ടുനിന്ന മഹാപടാവ് (കുത്തിയിരുപ്പ്) സമരത്തിന്റെ വിജയവും കര്‍ഷക സമരവഴിയിലെ നിര്‍ണ്ണായകമായ ഒരേടായിരുന്നു. ഇങ്ങനെ കര്‍ഷക ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സമരങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 2018 മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ കിസാന്‍ ലോങ്ങ് മാര്‍ച്ച് നടക്കുന്നത്. പതിനായിരക്കണക്കിന് ദരിദ്ര കര്‍ഷകര്‍ നാസിക്കില്‍ നിന്നും ദിവസങ്ങള്‍ എടുത്ത് 200 കിലോമീറ്റര്‍ കാല്‍ നടയായി മുംബൈ നഗരത്തിലേക്ക് മാര്‍ച്ച് നടത്തി സംസ്ഥാന സര്‍ക്കാരിനെ മുട്ടുകുത്തിച്ചത് ലോകശ്രദ്ധ നേടിയ സമരമായി മാറി. കിസാന്‍ ലോങ്ങ് മാര്‍ച്ചിന് ലഭിച്ച വമ്പിച്ച ജനകീയ പിന്തുണ ഇന്ത്യയിലെ കര്‍ഷക പ്രസ്ഥാനത്തിന് പുതിയ ഊര്‍ജ്ജം നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ ബില്ലായി അവതരിപ്പിച്ചത് മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിച്ചിരുന്നു. ആ സാഹചര്യത്തിലാണ് AIKSCC യുടെ നേതൃത്വത്തില്‍ ചെറുതും വലുതുമായ കൂടുതല്‍ കര്‍ഷക സംഘടനകളെ ഒരുമിപ്പിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച (SKM) രൂപീകരിക്കുന്നത്. അഞ്ഞൂറോളം സംഘടനകള്‍ ഒരുമിച്ചുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് 2020 നവംബര്‍ മുതല്‍ ഈ കര്‍ഷക സമരം നടക്കുന്നത്. ഇതിന്റെ നേതൃനിരയില്‍ ആറ് നേതാക്കളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തില്‍ ഉള്ള ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു, സിപിഎം പോളിറ്റ് ബ്യുറോ മെമ്പറും അന്ന് അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റുമായിരുന്ന ഹനാന്‍ മൊള്ള. ഹരിയാന, പശ്ചിമ യു.പി, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ
സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഒതുങ്ങുമായിരുന്ന കര്‍ഷക സമരത്തെ ഒരു പാന്‍ ഇന്ത്യന്‍ സമരമാക്കി വികസിപ്പിച്ചെടുത്തത് ഇടതുപക്ഷത്തിന്റെ രാജ്യം ഉടനീളമുള്ള സംഘടനാ സംവിധാനം വഴിയാണ്. കേരളത്തില്‍ നിന്നുപോലും ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ മാസങ്ങളോളം ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
ഇടതുപക്ഷത്തിന്റെ ഈ നേതൃസാന്നിധ്യം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും കാണാം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ സമരങ്ങളില്‍ ഇടതുപക്ഷം പങ്കാളികളായപ്പോ ഇന്നെത്തേതുപോലെ കൃത്യമായ നിലപാട് എടുക്കാന്‍ കഴിയാതെ ആര്‍.എസ്.എസ് തിട്ടൂരത്തിന് കീഴടങ്ങുന്ന കോണ്‍ഗ്രസ്സിനെയാണ് രാജ്യം കണ്ടത്. ഇതൊക്കെക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിമര്‍ശകന്‍ കൂടിയായ രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞത് ''രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രണ്ട് തരം ശക്തികളെയാണ് കാണുന്നത്. റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും റിപ്പബ്ലിക്കിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവരും. ഇടതുപക്ഷത്തിന്റെ അവശേഷിപ്പുകള്‍ രാജ്യത്തിന്റെ പ്രതിരോധ ശക്തികളുടെയും റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിന്റെയും വളരെ നിര്‍ണ്ണായകമായ ഭാഗമാണ്. ഞാന്‍ വീണ്ടും പറയുന്നു, വോട്ടുകളുടെയും സീറ്റുകളുടെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി വിലയിരുത്തരുത്. നമ്മുടെ റിപ്പബ്ലിക്കിനെ തിരിച്ചെടുക്കാന്‍ ഇടതുപക്ഷത്തിന് രാജ്യത്ത് വളരെ നിര്‍ണ്ണായകമായ റോള്‍ വഹിക്കാനുണ്ട്.'' ഈയൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ രാജ്യത്ത് ശക്തിപ്പെടേണ്ടത് ഇടതുപക്ഷമാണ് എന്ന് മതേതര മലയാളി സമൂഹം ഉറപ്പിക്കുന്നത്.

ഇടത് ബദല്‍ സാമ്പത്തിക നയം

2014 തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് പ്രകാശ് കാരാട്ട് എഴുതിയ 'The Rise of Narendra Modi: A Joint Enterprise of Hindutva and Big Business' എന്ന ലേഖനത്തില്‍ ആവര്‍ത്തിച്ചുപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഹിന്ദുത്വയുടെ രണ്ടാം വരവ് എന്നത്. അദ്വാനിയുടെ രഥയാത്രയ്ക്കും തുടര്‍ന്നുണ്ടായ ബാബറി പള്ളി പൊളിക്കലിനും ശേഷമുണ്ടായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായി 1998 ല്‍ വലിയ ഭൂരിപക്ഷത്തോടെ NDA അധികാരത്തില്‍ വന്നു. ഇതിനെയാണ് കാരാട്ട് ഹിന്ദുത്വയുടെ ഒന്നാം വരവ് എന്ന് വിളിക്കുന്നത്.

പിന്നീട് രണ്ട് യു.പി.എ സര്‍ക്കാര്‍ കഴിഞ്ഞുള്ള ബിജെപി യുടെ വരവിന് ആദ്യത്തേതില്‍ നിന്നുമുള്ള വലിയ വ്യത്യാസം അതിന് കിട്ടിയ ഏകപക്ഷീയമായ വന്‍കിട മൂലധനത്തിന്റെയും ബൂര്‍ഷ്വാസിയുടെയും പിന്തുണയാണ്. എണ്‍പതുകളുടെ അവസാനത്തോടെ തന്നെ കോര്‍പറേറ്റുകളുടെ പിന്തുണ ബി.ജെ.പിക്ക് ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് 1990-ലെ രഥയാത്രയ്ക്ക് ശേഷം ആദ്യമായി കൊല്‍ക്കത്തയില്‍ എത്തിയ എല്‍.കെ. അദ്വാനിയെ ബിര്‍ലയുടെ നേതൃത്വത്തില്‍ നിരവധി
വ്യവസായികള്‍ ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ആദരിച്ചത്.

1990-ലെ രഥയാത്ര | PHOTO: FACEBOOK
എന്നാല്‍ ഏതാണ്ട് എല്ലാ വന്‍കിട വ്യവസായികളും മോദിയെ തങ്ങളുടെ നേതാവായി പ്രഖ്യാപിക്കുന്നത് രണ്ടാം യു.പി.എ യുടെ കാലത്താണ്. 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ രണ്ട് വര്‍ഷങ്ങളിലും വ്യവസായികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'വൈബ്രന്റ് ഗുജറാത്ത്' സമ്മേളനങ്ങളും സാധാരണ ജനങ്ങളെ ദ്രോഹിച്ചും കോര്‍പറേറ്റുകള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിയ ഭൂമിയും വൈദ്യുതിയും നികുതിയിളവും എല്ലാമാണ് അതിസമ്പന്ന വ്യവസായികള്‍ക്ക് മോദിയെ പ്രിയങ്കരനാക്കിയത്. ഇതാണ് ഗുണപരമായി രണ്ടാം വരവില്‍ ഹിന്ദുത്വയ്ക്ക് സംഭവിച്ച മാറ്റം.

''2009 ജനുവരിയില്‍ നാലാമത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുമ്പോള്‍ കോര്‍പറേറ്റ് മേഖല ഈ പുതിയ രക്ഷകനു ചുറ്റും അണിനിരന്നു. ഈ ഉച്ചകോടിയിലാണ് അനില്‍ അംബാനി ഇങ്ങനെ പറഞ്ഞത് ''നരേന്ദ്രഭായ് ഗുജറാത്തിന് നല്ലത് ചെയ്തു, അദ്ദേഹം രാജ്യത്തെ നയിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കൂ. അദ്ദേഹത്തെ പോലെ ഒരാളായിരിക്കണം രാജ്യത്തിന്റെ അടുത്ത നേതാവ്.'' ഭാരതി ഗ്രൂപ്പ് മേധാവി സുനില്‍ മിത്തല്‍ പ്രഖ്യാപിച്ചു ''മുഖ്യമന്ത്രി മോദി സിഇഒ എന്നാണ് അറിയപ്പെടുന്നത്, എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സിഇഒ അല്ല കാരണം അദ്ദേഹം ഒരു കമ്പനിയോ സ്ഥാപനമോ നടത്തുന്നില്ല. അദ്ദേഹം ഒരു സംസ്ഥാനം ഭരിക്കുകയാണ്, അദ്ദേഹത്തിന് രാജ്യവും ഭരിക്കാന്‍ കഴിയും (പ്രകാശ് കാരാട്ട് 2014).  മോദിയുടെ അധികാര ആരോഹണത്തില്‍ കോര്‍പറേറ്റിനുള്ള പങ്ക് മുകളിലെ വാചകങ്ങളില്‍ നിന്നും വ്യക്തമാണ്.

ഇത്രയും വിശദീകരിച്ച് പറഞ്ഞത് ഇന്ത്യന്‍ രാജ്യം ഭരിക്കുന്നത് കേവലം ഹിന്ദുത്വ മാത്രമല്ല അവരും കോര്‍പറേറ്റുകളും തമ്മിലുള്ള സഖ്യമാണ്. 2014 മുതല്‍ ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍ ഹിന്ദുത്വ അവരുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പകരമായി ഇന്ത്യയിലെ സാധാരണ ജനങ്ങളെ ഇഷ്ടം പോലെ ചൂഷണം ചെയ്യുന്നതിനും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിനും മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളു വിലയ്ക്ക് വില്‍ക്കുന്നതും, വലിയ ചൂഷണത്തിന് കളമൊരുക്കി കൊണ്ടുള്ള തൊഴില്‍ നിയമങ്ങളുടെ ഭേദഗതിയും, കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കാന്‍ ശ്രമിച്ചതും എല്ലാം ഈ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്.



അതുകൊണ്ട് ഹിന്ദുത്വയ്ക്ക് എതിരായ ഏത് സമരവും കോര്‍പറേറ്റുകള്‍ക്കും കൂടി എതിരായാല്‍ മാത്രമേ നിലവില്‍ രാജ്യം
ഭരിക്കുന്ന ഹിന്ദുത്വ-കോര്‍പറേറ്റ്സഖ്യത്തെ പരാജയപ്പെടുത്താന്‍ കഴിയൂ. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് അത്തരമൊരു കോര്‍പ്പറേറ്റ് വിരുദ്ധ സാമ്പത്തിക നയം കൈമുതലായില്ല. ബിജെപി യുടെ അതെ സാമ്പത്തിക നയങ്ങളാണ് ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ്സും പിന്തുടരുന്നത്. അതുകൊണ്ടാണ് കര്‍ഷകസമരം രാജ്യമാകെ പടര്‍ന്നപ്പോഴും കോണ്‍ഗ്രസ്സ് അതില്‍ സജീവമായി പങ്കെടുക്കാതിരുന്നത്. ബിജെപി-കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്ന ഒന്നായിരുന്നു ഇലക്ട്രല്‍ ബോണ്ട് അഴിമതി. എന്നാല്‍ ബിജെപി ആറായിരം കോടി വാങ്ങിയപ്പോള്‍ കോണ്‍ഗ്രസ്സും വാങ്ങി 1,351 കോടി. റബ്ബര്‍ കര്‍ഷകരെ പറ്റിച്ച് കോടികള്‍ സമ്പാദിച്ച ടയര്‍ കമ്പനികളില്‍ നിന്നുപോലും വാങ്ങി രണ്ട് പാര്‍ട്ടികളും കോടിക്കണക്കിന് ബോണ്ടുകള്‍.

ഇലക്ട്രല്‍ ബോണ്ട് വാങ്ങാതിരുന്ന അതിനെതിരെ കോടതി വഴി നിയമയുദ്ധം നടത്തിയ ഇടതുപക്ഷത്തിന് മാത്രമാണ് കോര്‍പറേറ്റ് വിരുദ്ധമായ ഒരു ബദല്‍ സാമ്പത്തിക നയമുള്ളത്. നിയോലിബറല്‍ യുക്തിക്ക് പുറത്തുള്ള ഇടതുപക്ഷത്തിന്റെ സാമ്പത്തിക നയത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഇടതുപക്ഷത്തിന്റെ കോമണ്‍ മിനിമം പരിപാടിയുടെ സമ്മര്‍ദ്ദം കൊണ്ട് മാത്രമാണ് ആ പദ്ധതി നടപ്പിലായത്. ഉറപ്പുള്ള മതനിരപേക്ഷ മൂല്യത്തോടൊപ്പം ശരിയായ ബദല്‍ സാമ്പത്തിക വീക്ഷണവും കൂടിയാണ് ഇടതുപക്ഷത്തെ, സംഘപരിവാര്‍ ഈ രാജ്യത്ത് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുന്നത്. ഈ ബോധ്യം മലയാളികളെ സംബന്ധിച്ചുണ്ട്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പില്‍ 2004 ന് സമാനമായ ഫലമായിരിക്കും കേരളത്തില്‍ നിന്നുണ്ടാവുക എന്ന് മതേതര വിശ്വാസികള്‍ ഉറപ്പിച്ച് പറയുന്നത്.






#outlook
Leave a comment