'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്തിന് ?
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന അജണ്ട രാജ്യമാകെ ചര്‍ച്ചയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിഷ്പ്രയാസം കഴിഞ്ഞു. പ്രധാനമന്ത്രിക്കോ അത്ര തന്നെ പ്രാധാന്യമുള്ള മറ്റൊരു നേതാവിനോ ഒരു പ്രസ്താവന പോലും നടത്തേണ്ടി വന്നില്ല. ബാബറി പള്ളിക്ക് പകരം രാമക്ഷേത്രം എന്നത് പോലുള്ള അവരുടെ പ്രധാന അജണ്ട രാജ്യവ്യാപക ചര്‍ച്ചയാക്കാന്‍ ഇതിന്റെ നൂറിരട്ടി ശ്രമം വേണ്ടി വന്നിരുന്നു ബിജെപിക്ക്. അതിലും എത്രയോ അധികം ശ്രമം വേണ്ടി വന്നു ആ ആശയം നടപ്പിലാക്കിയെടുക്കാന്‍. എന്നാല്‍ ചര്‍ച്ചയാക്കിയ അത്ര എളുപ്പത്തിലല്ലെങ്കിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന അജണ്ട നടപ്പിലാക്കിയെടുക്കാനും അവര്‍ക്ക് പഴയത് പോലെ കഷ്ടപ്പെടേണ്ടി വരില്ല. അതാണ് കേവല ഭൂരിപക്ഷത്തോടെ ഭരിച്ച മുന്‍സര്‍ക്കാരുകളും ഇപ്പോഴത്തെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം.
പല തിരഞ്ഞെടുപ്പും പാഴ് ചിലവും
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അതില്‍ എന്താണ് തെറ്റ് എന്ന ചോദ്യമാകും പലരുടേയും മനസ്സിലുയരുക. എന്തിനാണ് പല സംസ്ഥാനങ്ങളില്‍ പല സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്. എന്തായാലും രാജ്യത്താകെ പൊതുതിരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ പിന്നെ അതിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കൂടി ആയാല്‍ എന്താണ്? സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ പലപ്പോഴായി തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെയുണ്ടാകുന്ന അധിക ചിലവ് ഒഴിവാക്കുകയുമാകാം.
അപകടകരമായ ചില തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിന് കുട പിടിക്കലാകും ഈ ആലോചന. അതില്‍ പ്രധാനം തിരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ ചിലവാണ് എന്ന് നമ്മള്‍ അറിയാതെ നമ്മുടെ ബോധമനസില്‍ എത്തിക്കുന്നു എന്നതാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് സ്വതന്ത്ര തിരഞ്ഞെടുപ്പ്. ആ അടിസ്ഥാനം ദുര്‍ബലപ്പെടുത്താനുളള ആദ്യ ചുവടുവയ്പാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത്. ഇന്ന് പലപ്പോഴായി തെരഞ്ഞെടുപ്പ് നടത്തുന്നതാണ് അധിക ബാധ്യതയുണ്ടാക്കുന്നതെങ്കില്‍ നാളുകള്‍ കഴിയുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് തന്നെ അധിക ചിലവും ബാധ്യതയുമാണെന്ന വാദം വരും. ഇതിലും എളുപ്പത്തില്‍ അന്ന് അതിന് അനുകൂല വാദങ്ങളുയര്‍ത്തും. നടപ്പിലാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. അത് സാധിച്ചാല്‍ പിന്നെ വേണ്ടത് പാര്‍ലമെന്റിനേയും ഭരണഘടനയേയും മറികടന്ന് തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരമാണ്. ചരിത്രം പറയുന്നത് അങ്ങനെയാണ്.
പാര്‍ലമെന്റ് | Image: PTI
അയോധ്യയില്‍ ബാബറി പള്ളി നിലനിന്ന സ്ഥലത്താണോ ശ്രീരാമന്‍ ജനിച്ചത് എന്ന ചോദ്യത്തിന് ഉത്തരമായി അവിടെ ക്ഷേത്രവും അല്പം മാറി പള്ളിയും പണിയണമെന്ന് ഉത്തരവിട്ടപ്പോള്‍ പരമോന്നത നീതിപീഠത്തിന് പോലും ഈ മാറ്റം ഉള്‍ക്കൊള്ളേണ്ടി വന്നു എന്ന അനുമാനത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്.
പല തിരഞ്ഞെടുപ്പ് പാഴ് ചിലവല്ല. ജനാധിപത്യം അതിന്റെ എല്ലാ സൗന്ദര്യത്തോടേയും നിലനില്‍ക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ അധികാരങ്ങളും അവകാശങ്ങളും നിലനിര്‍ത്താനാകണം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചുമലിലല്ല, അതിന്റെ പ്രചാരണ പ്രഭാവത്തിലല്ല സംസ്ഥാന നിയമസഭ തിരഞ്ഞടുപ്പുകള്‍ നടക്കേണ്ടത്. സംസ്ഥാനങ്ങളുടെ ആ സ്വാതന്ത്ര്യമാണ് കേന്ദ്രം ഭരിക്കുന്നവര്‍ ആദ്യം കവര്‍ന്നെടുത്തത്. കേരളവും തമിഴ്‌നാടും പോലെ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ താര പ്രചാരകനായി പ്രധാനമന്ത്രി പറന്നിറങ്ങി. തലങ്ങും വിലങ്ങും പ്രചാരണം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയും പ്രധാന ചര്‍ച്ചയാക്കി. സംസ്ഥാന നേതാക്കളില്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയില്‍ ബിജെപി സംസ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാഖാനം നല്‍കി. പക്ഷെ അതുമാത്രമായിരുന്നില്ല ഉദ്ദേശം. ഒരു രാജ്യം, ഒരു പാര്‍ട്ടി, ഒരു നേതാവ് എന്നത് കൂടിയുണ്ട് ആ തന്ത്രത്തിന് പിന്നില്‍. അതിന്റെ അടുത്ത ചുവടുവയ്പാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. സംസ്ഥാനങ്ങള്‍ അവരുടെ വിഷയങ്ങളിലൂന്നി അത് ചര്‍ച്ച ചെയ്ത് അവരെ ഭരിക്കുന്നവരെ തിരഞ്ഞെടുക്കേണ്ട തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണവും കേന്ദ്രനേതൃത്വവും മാത്രം ചര്‍ച്ചയാകുന്നതിലേക്ക് തിരഞ്ഞെടുപ്പുകളെ നയിക്കുന്നതാകും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. മാത്രവുമല്ല ഹിന്ദുത്വ വികാരം ഉണര്‍ത്താനാണെങ്കിലും രാജ്യസ്‌നേഹം തിരഞ്ഞെടുപ്പ് വികാരമാക്കാനാണെങ്കിലും രാജ്യവ്യാപകമായി ഒരു വിഷയം മതിയാകും. ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശ്രീരാമനേയും മഹാരാഷ്ട്രയില്‍ നിമയസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗണപതിയേയും സ്തുതിക്കേണ്ട ആവശ്യമില്ല.
ഗുണവും ദോഷവും
ദോഷം പ്രതിപക്ഷത്തിന് തന്നെ. ഗുണം ഭരിക്കുന്ന ബിജെപിക്കും. പ്രതിപക്ഷം ഐക്യപ്പെടുന്നുണ്ടെങ്കിലും ഒരു നേതാവിലേക്ക് എത്താന്‍ ഈ അടുത്തെങ്ങും കഴിയില്ല. ഒരുപക്ഷെ ഒരിക്കലും കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലായാല്‍ നിയമസഭ തിരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച തന്നെയുണ്ടാകില്ല. ആരാകും പ്രധാനമന്ത്രി എന്നതിലേക്കൊതുങ്ങും ചര്‍ച്ചകള്‍. അല്ലെങ്കില്‍ അതിലേക്ക് കൊണ്ട് വരും. ഒരു ഭാഗത്ത് നരേന്ദ്രമോദി. മറുഭാഗത്ത് ഒരു ഡസന്‍ നേതാക്കള്‍. അതുതന്നെ സംസ്ഥാന അതിര്‍ത്തികള്‍ കഴിയുമ്പോള്‍ മാറികൊണ്ടേയിരിക്കും. അതിലും രൂക്ഷമായ പ്രതിസന്ധികള്‍ വേറെയുണ്ട്. രാജ്യത്താകെ ഒരു തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായി നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാന്‍ പല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സാധിക്കില്ല. കേരളത്തില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും അത് സാധിക്കില്ല. ബംഗാളിലും, തെലങ്കാനയിലുമെല്ലാം അത് പ്രതിസന്ധിയുണ്ടാക്കും. ഈ ആശയ കുഴപ്പം ബിജെപിക്കുള്ള അധിക ലാഭമാകും. ' ഇന്ത്യ' സഖ്യത്തിന്റെ നിര്‍ണായക യോഗത്തിന് തൊട്ടു മുമ്പ് തന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കിയതിന് പിന്നിലും ഈ ലക്ഷ്യം തന്നെ.
പ്രതിപക്ഷ പാര്‍ടികളിലെ നേതാക്കന്മാര്‍ പങ്കെടുത്ത മീറ്റിംഗ് | Image: PTI
കടമ്പകള്‍ കടുപ്പമേറിയതോ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം തിടുക്കത്തില്‍ നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വരും ബിജെപിക്ക്. അത് എളുപ്പമല്ല. പക്ഷെ ഇന്നത്തെ നിലയില്‍ ബിജെപിക്ക് അപ്രാപ്യവുമല്ല. ഈ കടമ്പകളില്‍ പ്രധാനം ഭരണഘടന ഭേദഗതികളാണ്. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ലോക്‌സഭയും ഘടകകക്ഷികളെ വരുതിയില്‍ നിറുത്തിയാല്‍ മറികടക്കാന്‍ കഴിയുന്ന രാജ്യസഭയും അംഗീകരിച്ചാല്‍ മാത്രം പോര ഈ ഭരണഘടന ഭേദഗതികള്‍. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ബാധിക്കുന്നതാണ് ഈ ഭരണഘനട ഭേദഗതികള്‍. അതുകൊണ്ട് തന്നെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നിയമമാകണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതികള്‍ സംസ്ഥാന നിയമസഭകള്‍ ചേര്‍ന്ന് അംഗീകരിക്കുക കൂടി വേണം.
കേന്ദ്രഭരണ പ്രദേശങ്ങളടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ബിജെപി ഒറ്റയ്‌ക്കോ സഖ്യകക്ഷികളുമായി ചേര്‍ന്നോ ഭരിക്കുന്നത്. (എല്ലാ അധികാരവും ആയുധങ്ങളുമുപയോഗിച്ച് വടക്ക് കിഴക്കുള്ള ചെറിയ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ഇത്തരം ഭരണഘടന ഭേദഗതികളാണ് മറുപടി). എന്‍ഡിഎക്ക് പുറത്ത് നിന്ന് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഭരിക്കുന്ന ഒഡിഷ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ മാറ്റി നിറുത്തിയുള്ള കണക്കാണിത്. ഈ കണക്കുകള്‍ പ്രകാരമാണെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ പ്രയാസമാണ് പക്ഷെ അപ്രാപ്യമല്ല ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കാന്‍.
നെല്ലും പതിരും
കേന്ദ്രസര്‍ക്കാരും ഒപ്പം നില്‍ക്കുന്നവരും അവകാശപ്പെടുന്നത് പോലെ പല തിരഞ്ഞെടുപ്പ് ചിലവേറിയതാണോ? അത് രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നതാണോ? തര്‍ക്കത്തിന് വേണ്ടിയുള്ള വാദങ്ങള്‍ മാത്രമാണിത്. പല ഘട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കുന്ന തിരഞ്ഞെടുപ്പുകളും ആകെ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. പല സംസ്ഥാനങ്ങളിലും ഏഴും എട്ടും ഘട്ടങ്ങളിലായി മാത്രം തിരഞ്ഞെടുപ്പ് നടത്താനാകുന്ന സംവിധാനവും സാഹചര്യവുമാണ് ഇന്ന് നമുക്കുള്ളത്. സുരക്ഷ മുതല്‍ സാങ്കേതിക സംവിധാനം ഒരുക്കുന്നതിന് വരെയുള്ള പ്രതിസന്ധികള്‍ ഇതിന് കാരണവുമാണ്.
ഒന്നിച്ച് തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ രാജ്യത്താകെ ഒരു ദിവസം തിരഞ്ഞെടുപ്പ് എന്നല്ല. നിലവില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്തുന്നത് പോലെ രണ്ടോ മൂന്നോ മാസം കൊണ്ട് തിരഞ്ഞെടുപ്പ് നടത്തും. അതായത് ഒന്നിച്ച് തിരഞ്ഞടുപ്പ് നടത്തിയാലും കുറഞ്ഞത് രണ്ടോ മൂന്നോ മാസം വേണ്ടി വരും ഇത് പൂര്‍ത്തിയാക്കാന്‍. ഒന്നുകൂടി വിശദീകരിച്ചാല്‍ ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്തുന്നത് പോലെ ഒരു സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തിയ ശേഷം അവിടെ നിന്ന് സുരക്ഷ സംവിധാനങ്ങള്‍ അടുത്ത സംസ്ഥാനത്തെത്തിച്ച് അവിടെ തിരഞ്ഞെടുപ്പ് നടത്തുന്നു. ആകെയുള്ള വ്യത്യാസം ഇതിനൊപ്പം സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ട് കൂടി രേഖപ്പെടുത്താം എന്നത് മാത്രമാണ്. പക്ഷെ അവകാശപ്പെടുന്നത് പോലെ അത്ര ചിലവ് കുറഞ്ഞതല്ല ഇത്. നിലവില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താനാവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ നമുക്കുണ്ട്. അതുപയോഗിച്ചാണ് പലപ്പോഴായി പല സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും നടത്തുന്നത്. ഒരേ സമയം രാജ്യത്താകെ ഈ രണ്ട് തിരഞ്ഞെടുപ്പുകളും നടന്നാല്‍ അതിനാവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ കൂടി കണ്ടെത്തണം. ഇത് വാങ്ങാനും തിരഞ്ഞെടുപ്പ് കഴിഞ്ഞ് സംരക്ഷിക്കാനുമുള്ള ചിലവ് കൂടി ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോഴുണ്ടാകുന്ന ലാഭത്തില്‍ കുറവ് വരുത്തണം.
ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ | Image: Election Commision of India
തിരഞ്ഞെടുപ്പുകള്‍ പലപ്പോഴായി നടത്തുന്നത് തന്നെയാണ് ആരു ഭരിച്ചാലും സാധാരണക്കാരന് നല്ലത്. മാസത്തില്‍ രണ്ട് തവണവച്ച് മുടങ്ങാതെ കൂടുന്ന പെട്രോള്‍ ഡീസല്‍ എല്‍പിജി വില വര്‍ധന ഏത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നില്‍ക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിന്നെ കൂടില്ല. ഒറ്റ തിരഞ്ഞെടുപ്പായാല്‍ തുടര്‍ച്ചയായി നാലു നാലര വര്‍ഷം ഈ വിലക്കയറ്റത്തില്‍ ശ്വാസം മുട്ടേണ്ടി വരും. അടുത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ എല്‍പിജിക്ക് ഇരുനൂറ് രൂപ കുറച്ചത് പോലുള്ള അല്‍പാശ്വാസങ്ങള്‍ ഇടയ്ക്ക് പ്രതീക്ഷിക്കാന്‍ പോലും കഴിയില്ല.
എങ്ങനെ നടപ്പിലാക്കും
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എങ്ങനെയാകും തുടങ്ങുക. പൊതു തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇതാണ് ആലോചനയിലുള്ളത്. പക്ഷെ അത് എങ്ങനെ നടത്തും. ബാക്കിയുള്ള കാലാവധി കണക്കിലെടുക്കാതെ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിക്കാം. ഇത് വര്‍ഷങ്ങളുടെ കാലാവധി ബാക്കിയുള്ള സംസ്ഥാനങ്ങളോടുള്ള അനീതിയാകും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മൂന്ന് മാസം മുമ്പ് മാത്രമാണ്. ഭരണഘടന ഭേദഗതി വരുത്തി ആ സര്‍ക്കാരിനെ പിരിച്ചു വിട്ട് ഒറ്റ തിരഞ്ഞെടുപ്പിന് ഇറങ്ങി തിരിച്ചാല്‍ രാഷ്ട്രീയമായും നിയമപരമായും അത് തിരിച്ചടിയുണ്ടാക്കും.
ഭരണഘടന ഭേദഗതിയിലൂടെ ഒറ്റ തിരഞ്ഞെടുപ്പ് എന്ന പുതിയ നിയമം കൊണ്ട് വന്ന് കാലാവധി പൂര്‍ത്തിയാക്കുന്നതും കാലാവധിയെത്തുന്നതുമായ സംസ്ഥാനങ്ങള്‍ക്കൊപ്പം പൊതു തിരഞ്ഞെടുപ്പ് നടത്തുക. അതിന് ശേഷം വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ കാലാവധി നല്‍കുക. പിന്നീട് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തി രാജ്യത്താകെ ഒറ്റ തിരഞ്ഞെടുപ്പ് നടക്കുന്നരീതിയില്‍ ക്രമീകരണം കൊണ്ട് വരുക. ഇതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് ഭരണത്തോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊന്ന് അംഗങ്ങള്‍ മാറി വരുന്നതിന് വേണ്ടി രാജ്യസഭയില്‍ തുടക്കത്തില്‍ ഇത്തരം ചില ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. നിയമസഭകളോ ലോക്‌സഭയോ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നാല്‍ ആ സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ മാത്രമേ തിരഞ്ഞെടുക്കുന്ന പുതിയ സര്‍ക്കാരിനും തുടരാനാകൂ എന്നണ് വിശദീകരണം. അങ്ങനെയാണെങ്കില്‍ ആ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ചിലവ് കൂടി ഒറ്റ തിരഞ്ഞെടുപ്പ് നടത്തുമ്പോഴുണ്ടാകുന്ന ലാഭത്തില്‍ നിന്ന് കുറയ്ക്കണം.
ലാഭ - നഷ്ട കച്ചവടം
ലാഭ- നഷ്ട കണക്ക് പറഞ്ഞ് തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തുന്നത് തീര്‍ത്തും ശരിയല്ല. ഇങ്ങനെ ലാഭം മാത്രം നോക്കി കോര്‍പ്പറേറ്റ് രീതിയില്‍ നടത്താനാകുന്നതല്ല ജനാധിപത്യം. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ ജനാധിപത്യത്തെ കോര്‍പ്പറേറ്റ് വത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇതൊരു തുടക്കമാണ്. തിരഞ്ഞെടുപ്പില്‍ മാത്രമല്ല ലാഭം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള കോര്‍പ്പറേറ്റ് ആലോചനകള്‍ പിന്നാലെ വരും. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്ന പണം നഷ്ടക്കച്ചവടമാണെന്ന് ഈ കോര്‍പ്പറേറ്റ് അധികാരികള്‍ ചിന്തിക്കില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കെടുപ്പിനെക്കാള്‍ പ്രധാനം ജനാധിപത്യത്തിന്റെ നിലനില്‍പ് തന്നെയാണ്. ജനാധിപത്യത്തിലുണ്ടാകുന്ന വിള്ളല്‍ ഒരു ലാഭകണക്കുകള്‍ക്കും വീട്ടാനാകില്ല.